Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
മംഗലവാര്‍ത്തക്കാലം ഒന്നാം ഞായര്‍
READINGS: Genesis 17:15-22 (17:1-27); Isaiah 42:18-25 (42:18-43:13); Ephesians 5:21-6:4; Luke 1:5-25 (1:1-25).
1. Zachariah and Elisabeth were just = they were observing all the divine laws? 2. Still they had no child which apparently meant that they were under divine punishment. 3. Still, they tried to hold on to their faith. 4. God is often silent. This does not mean that God has forgotten or has cursed someone (cf. Job). Once believer has shown his strength in faith, they God will reward him. 5. God chooses whom he loves to teach this behaviour of God (Silence). 6. When God came with a consoling message, Zechariah was incapable of believing this. This is often the case with many believers: unable to believe in God that he is able to do wonders. 7. To love God means to commit o his will undergoing the discipline that he gives. In all the trials that we face, our love of God is tested. പ്രിയകൂട്ടുകാരെ, ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ അതിക്രൂരമായി യഹൂദരെ പീഡിപ്പിക്കുന്ന കാലം. നാസിപ്പട്ടാളം യഹൂദര്‍ ഒരു തരത്തിലും രക്ഷപ്പെടുവാന്‍ അനുവദിക്കുന്നില്ല. ഇത്തരം അവസ്ഥയിലാണ്‌ ആന്‍ ഫ്രാങ്ക്‌ എന്ന പെണ്‍കുട്ടിയുടെ കുടുംബം മറ്റൊരു കുടുംബത്തിന്റെ കാരുണ്യം തേടിയത്‌. ദയാവായ്‌പുള്ള ആ കുടുംബം അവര്‍ക്ക്‌ അഭയം നല്‍കി. അവരുടെ വീടിന്റെ താഴത്തെ മുറിയിലുള്ള സ്‌റ്റോര്‍ റൂം ആയിരുന്നു അവരുടെ താല്‍ക്കാലിക വസതി. ദിവസവും ലഭിക്കുന്ന ഉരുളക്കിഴങ്ങും റൊട്ടിയും മാത്രമായിരുന്നു അവരുടെ ഭക്ഷണം. മുറിയുടെ ജനല്‍പാളികളിലൂടെ നോക്കുമ്പോള്‍ കാണുന്ന ദൃശ്യങ്ങളും സ്വന്തം ഭാവനയും അനുഭവവും ചേര്‍ത്ത്‌ അവള്‍ ദിവസവും ഡയറി എഴുതുമായിരുന്നു. തൊട്ടടുത്ത വഴിയില്‍ കൂടി പോകുന്ന നാസിപട്ടാളത്തിന്റെ ടാങ്കറിന്റെ ഒച്ചപോലും അവരെ ഭയപ്പെടുത്തിയിരുന്നു. പീഡനത്തിന്റെ കാലഘട്ടത്തിലും ഒളിവിലാണ്‌ കഴിയുന്നതെങ്കിലും ആന്‍ ഫ്രാങ്ക്‌ എന്ന ജൂത പെണ്‍കുട്ടി പ്രതീക്ഷയുള്ളവളായിരുന്നു. തങ്ങളെ നാസിപട്ടാളം കണ്‌ടുപിടിക്കുന്നതിന്‌ തൊട്ടു മുമ്പുള്ള ദിവസവും അവള്‍ ഡയറി എഴുതി. അതില്‍ അവള്‍ പറഞ്ഞ്‌ വച്ചത്‌ അവള്‍ ഇനിയും മനുഷ്യനില്‍ വിശ്വസിക്കുന്നില്ല എന്നാണ്‌. ലോകമെങ്ങുമുള്ള ജനങ്ങളെ ഇന്നും അവളുടെ ഡയറിക്കുറിപ്പുകള്‍ ഉത്തേജിപ്പിക്കുന്നു. കാലങ്ങളായി അടിമത്വത്തില്‍ കഴിയുന്ന ഇസ്രായേല്‍ ജനത്തിനും ഒരു രക്ഷകന്‍ വരുമെന്ന്‌ പ്രതീക്ഷയുണ്‌ടായിരുന്നു. റോമന്‍ ആധിപത്യത്തില്‍ നിന്നും തങ്ങളെ മോചിപ്പിച്ച്‌ പുതിയൊരു രാജ്യം സൃഷ്ടിച്ച്‌ അതില്‍ സന്തോഷത്തോടെ ജീവിക്കുന്ന ഒരു കാലഘട്ടമാണ്‌ അവള്‍ സ്വപ്‌നം കണ്‌ടിരുന്നത്‌. ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ ആദ്യ പടിയാണ്‌ സ്‌നാപക യോഹന്നാന്റെ ജനത്തെക്കുറിച്ചുള്ള അറിവ്‌. ദൈവം സ്വന്തം ജനത്തെ സ്‌നേഹിക്കുന്നു എന്നതിന്റെയും ജനം തങ്ങളുടെ പ്രതീക്ഷ ദൈവത്തില്‍ കാത്തു സൂക്ഷിക്കുന്നതിന്റെയും തെളിവാണിത്‌. യോഹന്നാന്റെ കടന്നുവരവ്‌ അവന്റെ കുടുംബത്തിനും സമൂഹത്തിനും അനുഗ്രഹമായി തീരുന്നു. ഓരോ കുഞ്ഞും ജനിക്കുന്നത്‌ ജനത്തിന്റെ സന്തോഷത്തിന്‌ കാരണമായി തീരുന്നു. പ്രതീക്ഷ നിറഞ്ഞ കാത്തിരിപ്പ്‌ സഫലമാകുമ്പോള്‍ എല്ലാവരും ആത്മാര്‍ത്ഥമായി സന്തോഷിക്കും. മനുഷ്യനെ ഹൃദയം നിറഞ്ഞ്‌ സ്‌നേഹിക്കുന്ന ദൈവപുത്രന്റെ ആഗമനത്തിനായി നമുക്കും നിറഞ്ഞ പ്രതീക്ഷയോടെ പ്രാര്‍ത്ഥിച്ചൊരുങ്ങാം. മനുഷ്യന്റെ നന്മയിലും ദൈവത്തിന്റെ സ്‌നേഹത്തിലും നമുക്കു നല്ല ഒരു നാളയെ സ്വപ്‌നം കാണാം ബ്ര. ജെയ്‌സണ്‍ കള്ളിയാട്ട്‌ Download Sermon 2010 Sermon 2009 നീതിമാനായിരുന്നെങ്കിലും വൃദ്ധനായിരുന്നതിനാല്‍ ദൈവം പുത്രനെ വാഗ്‌ദാനം ചെയ്‌തപ്പോള്‍ അത്‌ വിശ്വസിക്കാന്‍ കഴിയാതെ പോവുകയും അതുമൂലം മൂകനായിത്തീരുകയും ചെയ്‌ത സക്കറിയയായുടെ കഥയാണ്‌ സുവിശേഷകന്‍ വിവരിക്കുന്നത്‌. സക്കറിയ നീതിമാനായിരുന്നു: പുരോഹിതനെന്ന നിലയില്‍ ദൈവവചനം പഠിപ്പിക്കാന്‍ അവന്‍ ബാധ്യസ്ഥനുമായിരുന്നു. കര്‍ത്താവിന്റെ കാലത്ത്‌, ഇസ്രായേലിലെ പുരോഹിതരെ 24 ഗണങ്ങളായിത്തിരിച്ചിരുന്നു. ഓരോ ഗണത്തിനും വര്‍ഷത്തില്‍ രണ്‌ട്‌ പ്രാവശ്യം ദേവാലയത്തില്‍ ശുശ്രൂഷ നടത്താന്‍ കഴിയുമായിരുന്നു. ദേവാലയത്തില്‍ ഒരോ ദിവസവും രാവിലെയും വൈകുന്നേരവുമായി രണ്‌ട്‌ ബലികള്‍ നടക്കുക പതിവായിരുന്നു. ഇതിനുപുറമേ വ്യക്തിപരമായ മറ്റ്‌ ബലികളും. വിശുദ്ധസ്ഥലത്ത്‌ പ്രവേശിക്കാന്‍ സാധാരണയായി ഒരു പുരോഹിതന്‌ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. അതിനുള്ള ആളെ നിശ്ചയിക്കാന്‍ ഇതുവരെ പ്രവേശിച്ചിട്ടില്ലാത്തവരുടെ പേരുകളില്‍ നിന്ന്‌ നറുക്കിട്ട്‌ ആളെ തിരഞ്ഞെടുത്തിരുന്നു. ദേവാലയത്തില്‍ പ്രവേശിച്ച്‌ ധൂപമര്‍പ്പിച്ചശേഷം പുരോഹിതന്‍ പുറത്തു വന്ന്‌്‌ ജനങ്ങളെ ആശീര്‍വ്വദിക്കുമായിരുന്നു.

തനിക്ക്‌ നറുക്കുവീഴുകയും അങ്ങനെ വലിയ ഭാഗ്യം ലഭിക്കുകയും ചെയ്‌്‌ത സക്കറിയ ദേവാലയത്തില്‍ പ്രവേശിച്ച്‌ ധൂപമര്‍പ്പിച്ചു. അപ്പോള്‍ അവന്‌ ദൈവദര്‍ശനമുണ്‌ടായി. വൃദ്ധനായ സഖറിയാ യഥാര്‍ത്ഥത്തില്‍ രക്ഷകനെക്കാത്തിരുന്നു തളര്‍ന്ന ഇസ്രായേലിന്റെ പ്രതീകമാണ്‌. അവന്റെ വാര്‍ദ്ധക്യവും വന്ധ്യതയും ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ്‌ വിരല്‍ ചൂണ്‌ടുന്നത്‌. കര്‍ത്താവിന്‍ കാലത്ത്‌ പോലും യഹൂദ മതത്തില്‍ മരണാനന്തര ജീവിതത്തെക്കുറിച്ച്‌ കൃത്യമായ ധാരണകളുണ്‌ടായിരുന്നില്ല. ഫരിസേയര്‍ പുനരുത്ഥാനം ഉണ്‌ടെന്നും സദുക്കായര്‍ പുനരുത്ഥാനം ഇല്ലെന്നും കരുതി. അതുകൊണ്‌ടുതന്നെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വിശ്വാസം മതത്തിന്റെ അടിസ്ഥാന പ്രമാണമൊന്നുമായിരുന്നില്ല. ഒരുവന്‍ മരിച്ചശേഷം ജീവിക്കുന്നത്‌ അവന്റെ സന്തതികളിലൂടെയാണെന്നവര്‍ കരുതി (പ്രഭാ 30:1-5). അതുകൊണ്‌ട്‌ മക്കളില്ലാത്തവന്‍ ജീവിതം നഷ്ടമായവനാണ്‌. അവനെ ദൈവം എന്നേയ്‌ക്കും ജീവിക്കാന്‍ അനുവദിക്കുന്നില്ല, എന്ന ധാരണ പൊതുവെ ഉണ്‌ടായിരുന്നു. അവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്‌. നീതിമാനായിരുന്നെങ്കിലും മക്കളില്ലാതെ ജീവിച്ച സഖറിയാ സമൂഹത്തിന്റെ മുഴുവന്‍ അനജ്ഞയ്‌ക്കും പാത്രമായി (ലൂക്കാ 1:25 കാണുക). എങ്കിലും സഖറിയ അവസാനംവരെ നീതിമാനായി ജീവിച്ചു. ഇസ്രായേലിന്റെ രക്ഷകനുവേണ്‌ടിയുള്ള ദീര്‍ഘമായ കാത്തിരിപ്പിന്റയും സാവധാനം മങ്ങിക്കൊണ്‌ടിരുന്ന പ്രത്യാശയുടെയും പ്രതീകമായിരുന്നു സഖറിയ. ജീവിതാവസാനംവരെ ഒരു കുഞ്ഞിനുവേണ്‌ടി കാത്തിരിന്നിട്ടും അയാള്‍ തന്റെ പ്രതീക്ഷയ്‌്‌ക്ക്‌ ഫലം കണ്‌ടില്ല.

ബലിയര്‍പ്പണവേളയില്‍ മാലാഖ പ്രത്യക്ഷപ്പെട്ട്‌ ഒരു ശിശുവിനെ വാഗ്‌ദാനം ചെയ്‌തു. സക്കറിയ ഇത്‌ വിശ്വസിച്ചില്ല. നിന്റെ പ്രാര്‍ത്ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതിന്റെ അര്‍ത്ഥം അവന്‍ അതിനായി പ്രാര്‍ത്ഥിച്ചുകൊണ്‌ടിരുന്നു എന്നാണ്‌. അവിശ്വസിച്ച സഖറിയ പല വിശ്വാസികളുടെയും പ്രതിനിധിയാണ്‌. തീവ്രമായി പ്രാര്‍ത്ഥിക്കുമെങ്കിലും പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങള്‍ സാധിച്ചുകിട്ടുമെന്ന്‌ വിശ്വസിക്കാന്‍ കഴിയാത്ത വിശ്വാസികളുടെ പ്രതീകം. ഇങ്ങനെയുള്ളവരെ സഭയുടെ ആരംഭം മുതല്‍തന്നെ കാണാന്‍ കഴിയും. ഉദാ:- പത്രോസിനെ ഹേറോദേസ്‌ ബന്ധസ്ഥനാക്കിയശേഷം അവനെ കൊന്നു കളയുമെന്നു മനസ്സിലാക്കിയ ജറുസലേമിലെ സഭാസമൂഹം രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന്‌ പ്രാര്‍ത്ഥിച്ചു (അപ്പ 12). ദൈവം പ്രാര്‍ത്ഥന കേട്ടു. തന്റെ ദൂതനെ അയച്ച്‌ പത്രോസിനെ അത്ഭുതകരമായി രക്ഷിച്ച്‌ ബന്ധനത്തില്‍ നിന്ന്‌ വിമുക്തനാക്കി. എന്നാല്‍ തനിക്കുവേണ്‌ടി പ്രാര്‍ത്ഥിച്ചുകൊണ്‌ടിരുന്നു സമൂഹത്തിലേയ്‌ക്ക്‌ പത്രോസ്‌ വന്നു മുട്ടി വിളിച്ചപ്പോള്‍ അകത്തുള്ള ആരും അവനാണെന്ന്‌ വിശ്വസിച്ചില്ല (അവന്റെ ആത്മാവായിരിക്കും എന്നവര്‍ പറഞ്ഞു). തങ്ങള്‍ എന്തിനുവേണ്‌ടി പ്രാര്‍ത്ഥിച്ചിരുന്നുവോ അത്‌ സംഭവിക്കുമെന്നവര്‍ കരുതിയില്ല.

സഖറിയ മൂകനായിത്തീര്‍ന്നതിന്റെ കാരണമെന്തെന്നന്വേഷിക്കുമ്പോള്‍ കിട്ടുന്ന ഒരുത്തരം ഇതാണ്‌: ദൈവവചനം പഠിക്കുകയും പഠിപ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്‌തിരുന്ന അവന്‍ അത്‌ സ്വന്തം ജീവിത്തില്‍ ഫലവത്താണെന്ന്‌ വിശ്വസിച്ചില്ല. സഖറിയ വൃദ്ധനായിരുന്നു: അവന്റെ ഭാര്യ വന്ധ്യയുമായിരുന്നു. പക്ഷെ വചനം പഠിപ്പിച്ചിരുന്ന അവനറിയാമായിരുന്നു പൂര്‍വ്വപിതാക്കന്മാരായ അബ്രാഹാമും, ഇസഹാക്കും, യാക്കോബും, മനോവയും, എല്‍ക്കാനയുമെല്ലാം വാര്‍ദ്ധക്യത്തില്‍ സന്താനങ്ങളെ ദൈവീക ശക്തിയാല്‍ ജനിപ്പിക്കാന്‍ കഴിഞ്ഞവരാണെന്ന്‌. അവര്‍ക്കെല്ലാം കാത്തിരിക്കാനും സമയത്ത്‌ വിശ്വസിക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ ഈ വചന ഭാഗങ്ങള്‍ ജനങ്ങളെ പഠിപ്പിച്ചിരുന്ന സഖറിയ അപ്രകാരമൊരു അത്ഭുതം സ്വന്തം ജീവിതത്തില്‍ സാധ്യമാണെന്ന്‌ വിശ്വസിച്ചില്ല. പുരോഹിതന്റെ അവിശ്വാസം ശിക്ഷാര്‍ഹമാണെന്ന്‌ അഹറോന്റെ അനുഭവം ഇസ്രായേലിനെ പഠിപ്പിച്ചിരുന്നു. ദൈവത്തെ മറന്ന ജനത്തിന്‌ വിഗ്രഹം നിര്‍മ്മിച്ചുകൊടുത്ത അഹറോന്‍ വാഗ്‌ദത്ത ഭൂമിയില്‍ പ്രവേശിച്ചില്ല (സംഖ്യ 20 : 22-28). സഖറിയ ശിക്ഷിക്കപ്പെട്ടു. പക്ഷെ ശിശുവിന്റെ ജനനം വരെ മാത്രം.
ദൈവവചനത്തിലൂടെ കേള്‍ക്കുന്ന കാര്യങ്ങള്‍ക്ക്‌ സമാനമായ അത്ഭുതങ്ങള്‍ എന്റെ ജീവിതത്തിലും സാധ്യമാണെന്ന്‌ ഞാന്‍ വിശ്വസിക്കാറുണ്‌ടോ? കര്‍ത്താവിന്റെ ദിനത്തിനുമുമ്പ്‌ ഏലിയ വരുമെന്ന്‌ ഇസ്രായേല്‍ വിശ്വസിച്ചിരുന്നു. ഏലിയായായിപ്പിറന്ന യോഹന്നാന്റെ ജനത്തിനായി ദൈവം തിരഞ്ഞെടുത്ത കുടുംബത്തില്‍ നിന്ന്‌ ദൈവം വലിയ ത്യാഗവും വിശ്വാസവുമാണ്‌ ആവശ്യപ്പെട്ടത്‌. കര്‍ത്താവിന്റെ ദൂതരായ ശിശുക്കള്‍ നമ്മുടെ കുടുംബങ്ങളില്‍ ജനിക്കണമെങ്കില്‍, വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും ദൈവ സ്‌നേഹത്തിന്റെയു ഇരിപ്പിടങ്ങളായി നമ്മുടെ കുടുംബങ്ങള്‍ മാറേണ്‌ടിയിരിക്കുന്നു. വിശ്വാസമെന്നത്‌ സംശയങ്ങള്‍ക്കതീതമാണ്‌.
ദൈവത്തിന്റെ രക്ഷകരപദ്ധതിയുടെ പൂര്‍ത്തികരണമായ ദൈപുത്രന്റെ മനുഷ്യാവതാരത്തിന്‌ ഒരുങ്ങുകയാണ്‌ തിരുസഭ. കര്‍ത്താവിനെ ലോകത്തിനുമമ്പില്‍ അവതരിപ്പിച്ച യോഹന്നാന്റെ ജനനത്തെകുറിച്ചുളള അറിയിപ്പാണ്‌ നാം സുവിശേഷത്തില്‍ ശ്രവിച്ചത്‌. യോഹന്നന്റെ ദൗത്യം ക്രിസ്‌തുവിന്‌ വഴിയൊരുക്കുക എന്നതായിരുന്നു. അതിനായി 'മാനസാന്തരപ്പെടുവിന്‍ ദൈവരാജ്യം സമീപിച്ചിരിക്കുന്നു'വെന്നാണ്‌ യോഹന്നാന്‍ ആഹ്വാനം ചെയ്‌തത്‌'. യോഹന്നന്റെ ഈ ആഹ്വാനം സ്വീകരിച്ചുകൊണ്ട്‌ സഭ കര്‍ത്താവിനെ സ്വീകരിക്കുന്നതിന്നതിനൊരുക്കമായി കര്‍ത്താവിന്റെ പ്രധാനതിരുനാളുകളൊടനുബന്ധിച്ച്‌ നോമ്പ്‌ ആചരിക്കാറുണ്‌ട്‌. കര്‍ത്താവിന്റെ മരണോത്ഥാനങ്ങള്‍ക്കുമുമ്പായി 50 ദിവസവും അവന്റെ ജനനത്തിനുമുമ്പ്‌ 25 ദിവസവും (അതിപോലെതന്നെ കര്‍ത്താവിന്‌ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായ മറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണത്തിന്റെ ഒരുക്കമായി 15 ദിസവും അവളുടെ ജനനത്തിന്‌ ഒരുക്കമായി 8 ദിവസവും) സഭ നോമ്പ്‌ ആചരിക്കുന്നു. മാര്‍ത്തോമാക്രിസ്‌ത്യാനികളുടെ പാരമ്പര്യമനുസരിച്ച്‌ വര്‍ഷത്തില്‍ 225 ദിവസങ്ങള്‍ പൂര്‍വ്വികര്‍ നോമ്പ്‌ ആചരിച്ചിരുന്നു(കൂടപ്പുഴ, തിരുസഭാചരിത്രം, 2008,189). ആഗമനകാലം എന്നപേരില്‍ 4 ആഴ്‌ചത്തെ ഒരുക്കപരിപാടികള്‍ ലത്തിന്‍ സഭയില്‍ നടത്തപ്പെടുമ്പോള്‍ പൗരസ്‌ത്യ സഭകളില്‍ പൊതുവെ ലത്തീന്‍ സഭയിലെ വലിയനോമ്പിനു സമാനമായി 40 ദിവസത്തെ നോമ്പാചരണമാണ്‌ നടക്കുക. ക്രിസ്‌തുമസ്സിന്‌ ഒരുക്കമായുളള നോമ്പാകയാല്‍ പിറവി നോമ്പെന്നും (Nativity Fast).അപ്പസ്‌തോലനായ വി. ഫീലിപ്പോസിന്റെ തിരുനാളോടുകൂടി (നവംമ്പര്‍ 14) ആരംഭിക്കുന്നതിനാല്‍ (നവംമ്പര്‍ 15 മുതല്‍) ഫിലിപ്പിന്റെ നോമ്പന്നും ഇതിനെ വിളിക്കാറുണ്ട്‌. മറ്റു പൗരസ്‌ത്യ സഭകളില്‍ നിന്നുംവ്യത്യസ്‌തമായി കേരളസഭയില്‍ ക്രിസ്‌തുമസ്സിനൊരുക്കമായി പരമ്പരാഗതമായി 25 ദിവസത്തെ നോമ്പാണ്‌ ആചരിക്കുന്നത്‌. ഇത്‌ ഇന്ത്യയില്‍ മാത്രം കാണുന്ന ഒരു പ്രത്യകതയാകയാല്‍ മാര്‍ത്തോമാ ക്രിസ്‌ത്യാനികളുടെ സ്വന്തമാകാനാണ്‌ സാധ്യത.
മനുഷ്യനെ പാപത്തിന്റെ ആധിപത്യത്തില്‍ നിന്ന്‌ രക്ഷിക്കുവാനും അവനു സമാധാനം നല്‌കുവാനുമായി മനുഷ്യാവതാരം ചെയ്‌ത ദൈവപുത്രനെ സ്വീകരിക്കുവാന്‍ നാം തീഷ്‌ണമായി ഒരുങ്ങേണ്‌ടിയിരിക്കുന്നു. അതിന്‌ നമ്മെ സഹായിക്കനാണ്‌ സഭ നോമ്പാചരണം പ്രോത്സാഹിപ്പിക്കുന്നത്‌. നോമ്പ്‌ ഭാഗിക ഉപവാസത്തിന്റെയും പരിപൂര്‍ണ്ണ പശ്ചാതാപത്തിന്റയും കാലമാണ്‌. ഭക്ഷണ പാനിയങ്ങളില്‍ നിന്നുംമാത്രമല്ല, എല്ലാവിധ തിന്മ പ്രവര്‍ത്തികളില്‍നിന്നും നാം വിരക്തി പാലിക്കേണ്‌ടിയിരിക്കുന്നു. സ്‌നേഹത്തിന്റെയും പുണ്യപ്രവര്‍ത്തികളുടെതുമായ ഒരു പുല്‍കൂട്‌ ഹൃദയത്തില്‍ നാഥനായി ഒരുക്കാന്‍ നമുക്ക്‌ സാധിക്കട്ടെ.


തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.

Download 2009-2010 

Sermon 2008-2009

ഇസ്രായേല്‍ ജനത നൂറ്റാണ്ടുകളോളം രക്ഷകന്റെ വരവിനുവേണ്ടി കാത്തിരുന്നു. പാപത്തിന്റെ അടിമത്തത്തില്‍ നിന്നും നൂറായിരം ബന്ധനങ്ങളില്‍നിന്നും തങ്ങളെ മോചിപ്പിക്കാന്‍ വരുന്ന രക്ഷകനെക്കുറിച്ചുള്ള സ്വപ്‌നം യഹുദജനതയുടെ മതജീവിതത്തിന്റെ ഹൃദയത്തുടിപ്പായിരുന്നു. രക്ഷകനുവേണ്ടിയുള്ള ഈ തീവ്രമായ കാത്തിരിപ്പ്‌ പഴയനിയമവചനങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്‌. രക്ഷകനുവേണ്ടിയുള്ള ദീര്‍ഘമായ കാത്തിരുപ്പിന്റെയും ഒരുക്കത്തിന്റെയും കാലഘട്ടത്തെ സൂചിപ്പിക്കുകയാണ്‌ മംഗലവാര്‍ത്തക്കാലം. നമ്മെ സംബന്ധിച്ചിടത്തോളം പാപങ്ങളില്‍നിന്നു പിന്തിരിഞ്ഞ്‌ വ്രതശുദ്ധിയുടെയും ആത്മനവീകരണത്തിന്റെയും ചൈതന്യത്തില്‍ ഈശോയുടെ വരവിനു വേണ്ടി കാത്തിരിക്കുവാനുള്ള ദിവസങ്ങളാണ്‌ ഈ നോമ്പുകാലം.

ഈശോയുടെ വരവിനു മുമ്പ്‌ അവിടത്തേക്ക്‌ വഴിയൊരുക്കുവാന്‍ വന്ന സ്‌നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പാണ്‌ ഇന്നത്തെ തിരുവചനങ്ങളിലൂടെ അവതരിപ്പിക്കുന്നത്‌.
അത്ഭുതകരമായിരുന്നു യോഹന്നാന്റെ ജനനം. കര്‍ത്താവിന്റെ കൃപാവരത്തില്‍ വ്യാപരിച്ചിരുന്ന വൃദ്ധരായ സഖറിയാസിനും എലിസബത്തിനും അസാധ്യമെന്നു തോന്നിയ സാഹചര്യത്തിലാണ്‌ യോഹന്നാന്റെ ജനനത്തെക്കുറിച്ച്‌ അറിയിപ്പ്‌ വരുന്നത്‌. അതിനാല്‍ത്തന്നെ അതു വിശ്വസിക്കാന്‍ സഖറിയായ്‌ക്കു വിഷമം നേരിടുന്നു. അത്ഭുതങ്ങള്‍ സംഭവിക്കുമ്പോള്‍ പലപ്പോഴും നമുക്ക്‌ അവിശ്വസനീയമായിത്തോന്നാം. മലബാറില്‍ കുളത്തുവയല്‍ എന്ന ഗ്രാമത്തിലെ ഒരു സ്‌ത്രീയുടെ അനുഭവം വിവരിക്കാം. വര്‍ഷങ്ങളായി കാലുകള്‍ക്ക്‌ ബലമില്ലാതെ കട്ടിലില്‍ കഴിഞ്ഞിരുന്ന ആ കുടുംബിനി അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യപിക്കുന്ന ചടങ്ങുകള്‍ നടന്ന ദിവസം തന്റെ കാലുകള്‍ക്കു ബലം നല്‌കണമേയെന്ന്‌ അതിതീക്ഷ്‌ണമായി പ്രാര്‍ത്ഥിച്ചു. ഇടവകപ്പള്ളിയില്‍ അന്ന്‌ നാമകരണത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളും പ്രാര്‍ത്ഥനകളും നടക്കുകയായിരുന്നു. ആഘോഷങ്ങളോടനുബന്ധിച്ച്‌ പള്ളിയില്‍ പടക്കം പൊട്ടിച്ചപ്പോള്‍ തന്റെ കട്ടിലിനടുത്ത്‌ ബോംബു പൊട്ടിയതുപോലുള്ള ഭയങ്കര ശബ്ദം കേട്ട്‌ പെട്ടെന്ന്‌ ചാടിയെഴുന്നേറ്റ്‌ അവര്‍ അടുത്ത മുറിയിലേക്ക്‌ ഓടി. നിമിഷങ്ങള്‍ക്കുശേഷമാണ്‌ അതുവരെ നടക്കാന്‍ കഴിയാതിരുന്ന തനിക്ക്‌ ഓടുവാന്‍ സാധിച്ചു എന്ന സത്യം അവര്‍ക്കു മനസ്സിലായത്‌. അവര്‍ക്ക്‌ അതു വിശ്വസിക്കുവാന്‍ സാധിച്ചില്ല. അവര്‍ മുറ്റത്തിറങ്ങി നടന്നു. കാലുകള്‍ക്ക്‌ ബലം ലഭിച്ചിരിക്കുന്നു. ഒരു കഴപ്പവുമില്ല. അല്‍ഫോന്‍സാമ്മയോട്‌ തീക്ഷ്‌ണമായി പ്രര്‍ത്ഥിച്ചിരുന്നെങ്കിലും കാലുകള്‍ക്ക്‌ ബലം കിട്ടുമെന്ന്‌ ഒരുപക്ഷേ വിശ്വാസം തോന്നിയിരുന്നില്ല. അവിശ്വസനീയമായ എത്രയോ കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ദൈവത്തിന്‌ അസാധ്യമെന്ന ഒരവസ്ഥയില്ല. ജീവിതപ്രതിസന്ധികളിലും പ്രതീക്ഷകള്‍ നഷ്ടപ്പെടുന്ന സാഹചര്യങ്ങളിലും പ്രാര്‍ത്ഥിക്കുകയും ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കുകയും ചെയ്യുന്ന മനുഷ്യന്‌ ദൈവത്തിന്റെ കൃപാവരത്താല്‍ എല്ലാം സാധ്യമാണ്‌ എന്ന ബോധ്യം നമ്മെ മുന്നോട്ടുനയിക്കുകയും ജീവിതപ്രതിസന്ധികളില്‍ നിന്ന്‌ കര കയറ്റുകയും ചെയ്യും.

സഖറിയായ്‌ക്കു ലഭിക്കുന്നത്‌ സദ്‌ വാര്‍ത്തയാണ്‌. നിനക്ക്‌ ഒരു പുത്രന്‍ ജനിക്കും.യോഹന്നാന്‍ എന്ന്‌ അവനു പേരിടണം.നിനക്ക്‌ ആനന്ദവും സന്തോഷവും ഉണ്ടാകും. അനേകര്‍ അവന്റെ ജനനത്തില്‍ ആഹ്‌ളാദിക്കും. ഹീബ്രുവില്‍ യോഹന്നാന്‍ എന്ന പദത്തിന്‌ കൃപാപൂര്‍ണ്ണം എന്നാണ്‌ അര്‍ത്ഥം. ദൈവപ്രസാദത്തെ സൂചിപ്പിക്കുന്ന വാക്കാണ്‌ അത്‌. ദൈവപ്രസാദം സ്വന്തമാകുമ്പോള്‍ മാത്രമാണ്‌ യഥാര്‍ത്ഥമായ സന്തുഷ്ടിയും ആനന്ദവും നമുക്ക്‌ കണ്ടെത്താന്‍ സാധിക്കുക എന്ന കാര്യം നാം മറക്കരുത്‌.

വളരെപ്പേരെ കര്‍ത്താവിന്റെ പക്കലേക്കു തിരിയെ കൊണ്ടുവരുവാനും സജ്ജീകൃതമായ ഒരു ജനതയെ മിശിഹായ്‌ക്കുവേണ്ടി രൂപപ്പെടുത്തുവാനുമുള്ള വലിയ ദൗത്യമാണ്‌ യോഹന്നാന്‌ ഏല്‌പിക്കപ്പെടുക എന്ന സന്ദേശമാണ്‌ മാലാഖ നല്‌കുന്നത്‌. കര്‍ത്താവിന്റെ പക്കലേക്ക്‌ തിരികെ വരുവാനും മററുള്ളവരെ അവിടുത്തെ പക്കലേക്ക്‌ തിരികെ കൊണ്ടുവരുവാനുമുളള അനുസ്യൂതമായ പരിശ്രമമാണ്‌ മംഗലവാര്‍ത്തക്കാലത്തില്‍ നാം ചെയ്യേണ്ടത്‌. അതിനു സഹായിക്കുന്ന വിധം പശ്ചാത്താപത്തിന്റെയും പരിത്യാഗത്തിന്റെയും ജീവിതം നയിക്കണം. ഏലിയായുടെ ശക്തിയോടും ചൈതന്യത്തോടും കൂടെ വന്ന യോഹന്നാന്‍ അതിനു നമുക്കു മാതൃകയാവണം. വീഞ്ഞും ലഹരിപദാര്‍ത്ഥങ്ങളും ഉപേക്ഷിച്ച്‌ തപസ്സിന്റെയും ലാളിത്യത്തിന്റെയും ജീവിതമാണ്‌ യോഹന്നാന്‍ നയിച്ചത്‌. ലൗകികാസക്തികളെ പരിത്യജിച്ച്‌ ത്യാഗോജ്വലമായ ജീവിതം നയിച്ച്‌ പരിശുദ്ധാത്മാവിനാല്‍ നിറയുന്നവരായി നാം മാറുമ്പോള്‍ മാത്രമേ രക്ഷകനുവേണ്ടി വഴിയൊരുക്കുവാന്‍ നമുക്കു കഴിയൂ. പശ്ചാത്താപത്തിന്റെ അനിവാര്യതയെ പ്രഘോഷിക്കുകയും പാപത്തിന്റെ ദുഷ്ടതയ്‌ക്കെതിരേ കൊടങ്കാററുപോലെ ആഞ്ഞടിക്കുകയും രാജാവിനാലും രാജ്ഞിയാലും(ആഹാസ്‌, ജെസബേല്‍) പീഡിപ്പിക്കപ്പെടുകയും ചെയ്‌ത ഏലിയായുടെ ശക്തിയും ചൈതന്യവുമാണ്‌ സ്‌നാപകയോഹന്നാനിലും നിറഞ്ഞുനിന്നത്‌. ഈ ശക്തിചൈതന്യമാണ്‌ നാമും സ്വന്തമാക്കേണ്ടത്‌. ലൗകികസുഖഭോഗങ്ങളെ തിരസ്‌ക്കരിച്ച്‌, പാപത്തോട്‌ വിട്ടുവീഴ്‌ചയില്ലാതെ മല്ലടിച്ച്‌, ഏതു പീഡനത്തെയും ധീരമായി നേരിട്ട്‌, ആത്മാവിന്റെ ശക്തിയോടെ ജീവിതപന്ഥാവിലൂടെ മുന്നേറുമ്പോള്‍ മാത്രമേ രക്ഷകന്റെ വരവിനു വഴിയൊരുക്കുവാനും രക്ഷയുടെ സന്ദേശം അനേകര്‍ക്കു നല്‌കുവാനും നമുക്കു സാധിക്കുകയുളളൂ. അതിനാല്‍ ഈ നോമ്പുകാലം ഏററവും ഫലദായകമായി നമുക്കു ചെലവഴിക്കാം. യഥാര്‍ത്ഥമായ പശ്ചാത്താപത്തിന്റെ പാതയിലൂടെ സഞ്ചരിക്കാം. ഹൃദയവിശുദ്ധീകരണത്തിന്റെ നാളുകളായി മംഗലവാര്‍ത്തക്കാലത്തെ നമുക്കു മാറ്റിയെടുക്കാം. പരിശുദ്ധാത്മാവിന്റെ ചൈതന്യംകൊണ്ടു നമ്മുടെ ഹൃദയങ്ങളെ നിറയ്‌ക്കാം.

ദൈവാലയത്തിന്റെ ശ്രീകോവിലില്‍വച്ചാണ്‌ സഖറിയായ്‌ക്ക്‌ ദൈവത്തിന്റെ സന്ദേശം ലഭിച്ചത്‌. ബഹകാര്യപര്യാകുലതകളില്‍നിന്നും ബാഹ്യമായ ബഹളങ്ങളില്‍നിന്നും അകന്ന്‌ ഹൃദയത്തിന്റെ ശ്രീകോവിലില്‍, ദൈവസന്നിധിയില്‍, ഏകാന്തസുന്ദരമായ നിമിഷങ്ങളില്‍ ആയിരിക്കുമ്പോഴാണ്‌ ദൈവത്തിന്റെ സ്വരം നമ്മെ തേടിയെത്തുന്നത്‌. പ്രാര്‍ത്ഥനയുടെ പ്രശാന്തതയില്‍, ആത്മാവിന്റെ അന്തരാളങ്ങളില്‍ ദൈവവചനത്തിനു നമുക്കു കാതോര്‍ത്തിരിക്കാം. നമ്മുടെ ജീവിതഗതിയെത്തന്നെ രൂപന്തരപ്പെടുത്തുന്ന ദിവ്യസന്ദേശം നമുക്കു ലഭിച്ചെന്നു വരാം.

അതിനാല്‍ കൂടുതല്‍ വിശ്വാസതീക്ഷ്‌ണതോടെ, കൂടുതല്‍ ത്യാഗമനോഭാവത്തോടെ, പാപത്തെക്കുറിച്ചുള്ള പശ്ചാത്താപ വിവശതയോടെ ദൈവചൈതന്യം നിറഞ്ഞവരായി കൂടുതല്‍ പ്രസാദാത്മകമായ ജീവിതം നയിക്കുവാനും രക്ഷയുടെ തീരങ്ങളെ പുല്‌കുവാനും ഈ നോമ്പുകാലം നമ്മളെ സഹായിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

തയ്യാറാക്കിയത്‌

ഫാ. ജിയോ പുളിക്കല്‍

റെക്ടര്‍, ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി
കുന്നോത്ത്‌

Download 2009

(Those who like to get a PDF file of this sermon click on the Download icon)

You can send your comments about this sermon or the site in general in the following address:

Fr Antony Tharekadavil

Good Shepherd Major Seminary

Kunnoth, Kiliyanthara P.O.

Kannur, Kerala, India, 670706

e-mail: tharekadavil@gmail.com

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home