Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
മംഗലവാര്‍ത്തക്കാലം മൂന്നാം ഞായര്‍
Genesis 18:1-10; Judges 13:2-7; Ephesians 3:1-13; Luke 1:57-66

ദാമ്പത്യ ബന്ധത്തില്‍ ഫലരഹിതരായിരുന്ന രണ്‌ട്‌ ദമ്പതികളുടെ ജീവിതത്തെ ദൈവിക ഇടപെടലുകള്‍ ഫലം പുറപ്പെടുവിക്കുന്ന രക്ഷാകര സംഭവമാണ്‌ പഴയ നിയമ വായനകള്‍ നമുക്ക്‌ വിവരിച്ചു തരുന്നത്‌. മക്കളില്ലാതിരുന്ന അബ്രഹാത്തിന്റെയും സാറായുടെയും ജീവിതത്തില്‍ അവര്‍ സമര്‍പ്പിച്ച തങ്ങളുടെ ചെറു കാഴ്‌ചകള്‍ സ്വീകരിച്ച്‌ കടന്നുവന്ന കര്‍ത്താവിന്റെ ദൂതന്‍ അവര്‍ക്ക്‌ മക്കള്‍ ജനിക്കുമെന്ന സുവിശേഷം പകരുന്നു. മനോവയുടെ വന്ധ്യയായ ഭാര്യയില്‍ സാംസണ്‍ ജനിക്കുമെന്ന സദ്‌വാര്‍ത്തയോടൊപ്പം ജനിക്കാനിരിക്കുന്ന പുത്രന്‌ വേണ്‌ടി ഒരുങ്ങുവാന്‍ അവരോട്‌ നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്ന കര്‍ത്താവിന്റെ ദൂതനെ രണ്‌ടാം വായന അവതരിപ്പിക്കുന്നു.

അബ്രഹാം തന്റെ കൂടാര വാതിക്കല്‍ ഇരിക്കുന്നു. ഒരുപക്ഷെ തന്റെ ഫലരഹിതമായ ദാമ്പത്യ ജീവിതം തലയുയര്‍ത്തി നില്‍ക്കാനുള്ള സാധ്യത ഇല്ലാതാക്കി. അതിനാലാവണം അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്‌ടു എന്ന്‌ സൂചിപ്പിച്ചിരിക്കുന്നത്‌. തല ഉയര്‍ത്തിനോക്കിയപ്പോള്‍ മൂന്നാളുകളെ കണ്‌ടു. അവരെ ചിലയിടങ്ങളില്‍ കര്‍ത്താവ്‌ എന്ന ഏകവചനത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നു (18/0, 13, 17-18). അവര്‍ പരിശുദ്ധ സ്‌ത്രീത്വത്തിന്റെ പ്രതീകമാണ്‌. മനുഷ്യന്‍ ഭൂമിയില്‍ നിന്നും, ഭൗമീകമായവയില്‍ നിന്നും അവന്റെ സന്തോഷത്തിലും സന്താപത്തിലും ഒന്നുപോലെ ഉന്നതങ്ങളിലേക്ക്‌ ഉയരുമ്പോള്‍, കണ്ണുകള്‍ ഉയര്‍ത്തുമ്പോള്‍ ദൈവത്തെ ദര്‍ശിക്കുന്നു. താന്‍ ദര്‍ശിച്ച കര്‍ത്താവിന്റെ മുമ്പില്‍ അബ്രഹാം നിലംപറ്റെ താണുവണങ്ങി. അവന്‍ സാഷ്ടാംഗം പ്രണമിച്ചു. തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. അതിന്റെ പ്രതീകമായി അവര്‍ക്ക്‌ തന്റെ അദ്ധ്വാനഫലം ഭക്ഷണപാനീയങ്ങളായി പങ്കുവച്ചു. അത്‌ സ്വീകരിച്ച കര്‍ത്താവ്‌ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റി മറിച്ച പുത്രലബ്ധിയെക്കുറിച്ചുള്ള വാര്‍ത്ത അറിയിച്ചു. അബ്രഹാത്തെപോലെ ഉന്നതങ്ങളില്‍ ദൃഷ്ടികള്‍ ഉറപ്പിച്ച്‌ കര്‍ത്താവിന്റെ മുമ്പില്‍ പൂര്‍ണ്ണമായി അര്‍പ്പിക്കുന്നവര്‍, സമര്‍പ്പണത്തില്‍ ഏറ്റവും ഉന്നത വേദിയായ വി. കുര്‍ബാനയില്‍ ത്യാഗപൂര്‍ണ്ണമായി പങ്കുചേരുമ്പോള്‍ ദൈവദര്‍ശനം പ്രാപിക്കുകയും ജീവിതത്തിലെ സുവിശേഷം ശ്രദ്ധിക്കാനിടയാവുകയും ചെയ്യും.

ദൈവാനുഗ്രഹത്തിന്റെ സദ്‌ഫലങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ അത്‌ വളര്‍ത്തുവാല്‍ നാം ഏറെ ശ്രദ്ധിക്കേണ്‌ടതുണ്‌ട്‌. മനോവയുടെ ഭാര്യയോട്‌ കര്‍ത്താവ്‌ പറയുന്നു: നീ പുത്രനെ പ്രസവിക്കും, അതുകൊണ്‌ട്‌ നീ സൂക്ഷിക്കണം. ലഹരി ഉപയോഗിക്കരുത്‌, അശുദ്ധമായത്‌ ഭക്ഷിക്കരുത്‌. ദൈവത്തിന്റെ ആത്മാവ്‌ കൂദാശകളിലൂടെ നമുക്ക്‌ കൃപയായി നല്‍കപ്പെടും. ആത്മാവിന്റെ ഫലങ്ങള്‍ നമ്മില്‍ വളര്‍ന്നു സമൂഹത്തിലവതരിക്കുവാന്‍ നാം ലോക ലഹരിയില്‍ നിന്നും അശുദ്ധിയില്‍ നിന്നും അകന്നിരിക്കണം. അപ്പോഴാണ്‌ എഫേസൂനിലെ സഭക്കുള്ള കത്തില്‍ നിന്നും നാം വായിച്ചു കേട്ടതുപോലെ "അവിടുന്ന്‌ തന്റെ ആത്മാവിലൂടെ നമ്മുടെ ആന്തരീക മനുഷ്യനെ ശക്തിപ്പെടുത്തുകയും മിശിഹാ നമ്മുടെ ഹൃദയത്തില്‍ വസിക്കുവാനും സ്‌നേഹത്തിന്‍ വേരുപാകി അടിയുറക്കാനുമുള്ള" പൗലോസിന്റെ പ്രര്‍ത്ഥന (എഫേ 3/16-17) ഫലമണിയുക.

സുവിശേഷം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്‌ വന്ധ്യ എന്നു വിളിക്കപ്പെട്ടിരുന്ന എലിസബത്തില്‍ നിന്നും കര്‍ത്താവിന്‌ വഴിയൊരുക്കുവാനുള്ള സ്‌നാപക യോഹന്നാന്‍ ജനിക്കുന്ന വാര്‍ത്തയാണ്‌. പഴയ നിയമ വായനകളുടെ തുടര്‍ച്ചയാണ്‌ നാമിവിടെ കാണുക. നീതി നിഷ്‌ഠരായി കര്‍ത്താവിന്റെ കല്‌പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിച്ചിരുന്നവരുമായ (ലൂക്കാ 1/6) സക്കറിയാക്കും എലിസബത്തിനും മകനെ ലഭിക്കുന്നത്‌ "കര്‍ത്താവ്‌ അവരോട്‌ കാണിച്ച വലിയ കാരുണ്യത്തിന്റെ ഫലമാണ്‌. ഈ വചന ഭാഗങ്ങളിലെല്ലാം നാം കാണുന്നത്‌ ദൈവീക ലഭിക്കുന്നതിന്‌ ഈ ദമ്പതികളുടെയെല്ലാം ജീവിത വിശുദ്ധി കാരണമായി തീരുന്നു എന്നാണ്‌.

യോഹന്നാന്റെ ജനനത്തില്‍ അയല്‍ക്കാരും ബന്ധുക്കളും സന്തോഷിക്കുകയും അതില്‍ ദൈവത്തിന്റെ കാരുണ്യം ദര്‍ശിക്കുകയും ചെയ്‌തു. സമൂഹത്തിന്‌ കുടുംബങ്ങളോടുള്ള ബന്ധത്തെ ഇതു വ്യക്തമാക്കുന്നു. ഇന്നു കേരളത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കുന്നതിനുള്ള നിയമ നിര്‍മ്മാണത്തിനായി ന്യായാധിപന്മാര്‍ ശ്രമിക്കുന്നു. കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ തങ്ങള്‍ അനുഭവിക്കുന്ന സൗകര്യങ്ങള്‍ അവരുമായി പങ്കുവയ്‌ക്കെണ്‌ടി വരുമെന്ന ഭയം ജനസംഖ്യാ നിയന്ത്രണത്തിന്‌ പ്രേരിപ്പിക്കുന്നു.

ഇവിടെ നാം കാണുന്ന മറ്റൊരു അത്ഭുതം വചനമാകുന്ന ഈശോയ്‌ക്ക്‌ വഴിയൊരുക്കുന്ന ശബ്ദമായിത്തീരുവാനുള്ള യോഹന്നാന്റെ ജനനത്തില്‍ അവന്റെ പിതാവിനു നഷ്ടപ്പെട്ട ശബ്ദം തിരികെ ലഭിക്കുന്നു എന്നതാണ്‌. ദൈവ വചനത്തെ അവിശ്വസിച്ചപ്പോള്‍ നഷ്ടപ്പെട്ട സംസാരശേഷി ദൈവവചനം പൂര്‍ത്തിയായപ്പോള്‍ തിരികെ ലഭിച്ചു. സക്കറിയാ ദൈവകാരുണ്യത്തിലുള്ള വിശ്വാസത്തില്‍ മൗനിയായിരുന്ന്‌ വളര്‍ന്നു. അയാളുടെ സംസാരശേഷി തിരികെ നല്‌കിക്കൊണ്‌ട്‌ ദൈവം അയാളുടെ വിശ്വാസത്തെ അംഗീകരിച്ചു.

യോഹന്നാന്‍ എന്ന പേരിന്റെ അര്‍ത്ഥം ദൈവം കാരുണ്യം കാണിച്ചു എന്നതാണ്‌. യോഹന്നാന്റെ ജനന പശ്ചാത്തലം അതു വ്യക്തമാക്കുന്നു. മക്കളില്ലാതിരുന്ന അവര്‍ക്ക്‌ ജനിച്ച യോഹന്നാന്‍ അവര്‍ക്ക്‌ ദൈവത്തിന്റെ കാരുണ്യത്തിന്റെ അടയാളമാണ്‌. അവിശ്വാസിയായ സക്കറിയായെ വിശ്വാസത്തിലേയ്‌ക്ക്‌ ആഴപ്പെടുത്തുവാന്‍ യോഹന്നാന്റെ ജനനത്തോടനുബന്ധിച്ച്‌ ദൈവം നല്‌കിയ അടയാളങ്ങളും മനുഷ്യനെ തന്റെ വിശ്വാസത്തിലാഴപ്പെടുത്തുവാന്‍ ദൈവം കാട്ടുന്ന കരുണയുടെ പ്രകാശമാണ്‌. രക്ഷകനു വഴിയൊരുക്കുവാനായി സ്‌നാപകനെ നല്‌കുന്ന ദൈവം മനുഷ്യകുലത്തോട്‌ കരുണ കാട്ടുന്നു. ഓരോ മനുഷ്യവ്യക്തിയും അവന്റെ ജീവിതവും ദൈവകാരുണ്യത്തിന്റെ ഫലമാണ്‌. അത്‌ തിരിച്ചറിയണം. മക്കള്‍ കുടുംബത്തിന്‌ ദൈവം നല്‌കുന്ന മംഗള വാര്‍ത്തയാണെന്നും അവര്‍ക്കായി മാതാപിതാക്കന്മാര്‍ സ്വജീവിതത്തെ വിശുദ്ധമാക്കണമെന്നും ഇന്നത്തെ വായനകള്‍ വ്യക്തമാക്കുന്നു. ലേഖനത്തില്‍ സൂചിപ്പിക്കുന്നതുപോലെ ഈ ദിവ്യമായ രക്ഷാകര രഹസ്യങ്ങള്‍ നമ്മുടെ ബുദ്ധികൊണ്‌ടു മനസ്സിലാക്കാനാവുന്നവയല്ല, അവ ദൈവം വെളിപ്പെടുത്തിത്തരുന്നതാണ്‌. ദൈവീകമായ സന്ദേശങ്ങളെ സന്ദേഹം കൂടാതെ സ്വീകരിക്കുവാന്‍ നമുക്ക്‌ കഴിയട്ടെ. അവിടുന്ന്‌ നമുക്ക്‌ വചനത്തിലൂടെയും സഭയിലൂടെയും വ്യക്തികളിലൂടെയും രഹസ്യങ്ങള്‍ വെളിപ്പെടുത്തിത്തരുന്നത്‌ നാം തിരിച്ചറിയണം.

ഫാ. തോമസ്‌ പൂവത്താനികുന്നേല്‍.
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌
 
   

Download

Sermon 2008-2009

ദൈവം തന്റെ വാഗ്‌ദാനങ്ങളെല്ലാം പൂര്‍ത്തികരിക്കുന്നുവെന്നും ദൈവത്തിന്റെ വചനം ആശ്വാസദായകമാണെന്നും ഇന്നത്തെ വായനകളെല്ലാം നമ്മെ അനുസ്‌മരിപ്പിക്കുന്നു. ജീവജാലങ്ങളെല്ലാം നശിച്ചശേഷം വരണ്ടുണങ്ങിയ ഭൂമിക്കാശ്വാസമായാണ്‌ ജനതകള്‍ ഭൂമുഖത്ത്‌ നിറയുന്നത്‌ (1-ാം വായന ). ശത്രുവിന്റെ കരങ്ങളില്‍ നിന്ന്‌ പീഡകളേറ്റ ജനതക്ക്‌ ആശ്വാസമായാണ്‌ സാംസണ്‍ ജനിക്കുന്നത്‌ (2-ാംവായന). ലോകത്തിലെ ജനതകള്‍ക്കെല്ലാം ആശ്വാസം നല്‍കാന്‍വന്ന ക്രിസ്‌തുവിന്റെ വചനം വിജാതിയര്‍ക്ക്‌ സംലഭ്യമാക്കാനാണ്‌ ദൈവം വി. പൗലോസിനെ വിജാതിയരുടെ അപ്പസ്‌തോലനായി തിരഞ്ഞെടുത്തത്‌ (3-ാംവായന). രക്ഷകനെ കാത്തിരുന്ന്‌ തളര്‍ന്ന ഇസ്രായേലിനെപ്പോലെ കുഞ്ഞിനെ കാത്തിരുന്ന്‌ തളര്‍ന്ന എലിസമ്പത്തിനും സഖറിയായ്‌ക്കും ആശ്വാസം നല്‍കികൊണ്ടാണ്‌ യോഹന്നാന്‍ ജനിച്ചത്‌.
   കര്‍ത്താവ്‌ സഖറിയായ്‌ക്ക്‌ കൊടുത്ത തന്റെ വാഗ്‌ദാനം പാലിച്ച്‌ യോഹന്നാന്‍ ജനിച്ചു. ഇത്‌ സഖറിയായോടും എലിസമ്പത്തിനോടും ദൈവം കാണിച്ച കാരുണ്യം കൂടിയാണ്‌. എട്ടാം ദിവസം അവര്‍ കുഞ്ഞിന്റെ പരിച്‌ഛേദനത്തിനെത്തി. പരിച്‌ഛേദനത്തിലുടെയാണ്‌ ഒരുവന്‍ ഉടമ്പടിയുടെ സമൂഹത്തിലെ (ദൈവജനം) അംഗമായിത്തീരുക (ഉത്‌പ 17.11-12, 21.4, ലേവ്യര്‍12.3, ഗലാ 5.3,ഫിലി3.5). അഗ്രചര്‍മ്മം ഛേദിച്ച്‌ രക്തം ചിന്തുന്നതിലുടെയാണ്‌ ദൈവവുമായുളള ഉടമ്പടി ഉറപ്പിക്കപ്പെടുന്നത്‌. യഹൂദര്‍ ഇന്നും ഈ ദൈവകല്‌പന പൂര്‍ണ്ണ ഹൃദയത്തോടെ അനുസരിക്കാറുണ്ട്‌. അഗ്രചര്‍മ്മം ഛേദിക്കപ്പെട്ട്‌ രക്തം ചിന്തി തളര്‍ന്നുറങ്ങുന്നതുവരെയും (അതിനുശഷവും) വേദനയനുഭവിക്കുന്ന കുഞ്ഞിന്റെ സമീപത്ത്‌ നില്‍ക്കുക പല അമ്മമാര്‍ക്കും അസഹനീയമാണെങ്കിലും -- പലര്‍ക്കും അതിന്‌ കഴിയറില്ല-- ആ വേദനയിലുടെയാണ്‌ ആ കുഞ്ഞിന്‌ ഉടമ്പടിയുടെ ജനത്തിലേക്കുളള പ്രവേശനം ലഭ്യമാകുന്നത്‌. പരിച്‌ഛേദന സമയത്ത്‌ അവന്‌ പേര്‌ നല്‌കപ്പെടുകയും ചെയ്യുന്നു. പരമ്പരാഗതമായി വല്യയപ്പന്റെ പേരാണ്‌ നല്‍കപ്പെടുക. ചുരുക്കമായി അപ്പന്റെ പേരുംനല്‍കപ്പെടാറുണ്ട്‌. അങ്ങനെ തങ്ങളുടെ പാരമ്പര്യമനുസരിച്ച്‌ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ സഖറിയ എന്നു പേരു നല്‍കാന്‍ അവര്‍ തീരുമാനച്ചു. എന്നാല്‍ എലിസമ്പത്തും സഖറിയായും അതിനു സമ്മതിച്ചില്ല. ദൈവാനുഭവത്തിന്റെ ആഴം വിശദീകരക്കാന്‍ പാരമ്പര്യത്തില്‍ നിന്നൊരു വിടുതല്‍ ആവശ്യമായിരുന്നു.
   മനുഷ്യന്റെയും ലോകത്തിന്റെയും വന്ധ്യതയും ദാരിദ്രവും ഇല്ലായ്‌മയും ആ ഇല്ലായ്‌മയില്‍ തന്റെ മഹത്വം പ്രകടമാക്കുന്ന ദൈവത്തന്റെ ശക്തിയുമാണ്‌ യോഹന്നാന്റെ ജനനത്തിലുടെ ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്‌. ശിശുവിനുവേണ്ടി പ്രാര്‍ത്ഥിച്ച്‌ തളര്‍ന്ന എലിസമ്പത്തും സഖറിയായും രക്ഷകനെ കാത്തിരുന്ന്‌ തളര്‍ന്ന ഇസ്രായേലിന്റെയും മാനവകുലത്തിന്റെ തന്നെയും വന്ധ്യതയുടെ അടയാളമാണ്‌. യോഹന്നാന്റെ ജനനത്തില്‍ ഈ വന്ധ്യത്വം അവസാനിച്ചു. പാപവും മരണവും വഴി വന്ധ്യമാക്കപ്പെട്ട ലോകത്തിന്‌ ആശ്വാസമായിരുന്നു അവന്റെ ജനനം. പ്രവചനത്തിന്റെ പൂര്‍ത്തീകരണമായിപ്പിറന്ന അവന്‍ പഴയനിയമ-കാത്തിരിപ്പ്‌ കാലഘട്ടത്തിന്‌ അന്ത്യം കുറിക്കുകയും പുതിയനിയമത്തിലേക്ക്‌ വിരല്‍ ചൂണ്ടുകയും ചെയ്‌തു. ആ മാറ്റത്തിന്റെ പ്രതിധ്വനി പാരമ്പര്യത്തില്‍ നിന്ന്‌ വ്യത്യസ്ഥമായ, ദൈവവചനത്തിന്‌ അനുരൂപമായ, യോഹനെന്ന പേര്‌ നല്‍കുന്നതില്‍ ദര്‍ശിക്കാന്‍ കഴിയും.
   എലിസമ്പത്തിന്റെ മറ്റൊരു സവിശേഷത മറിയത്തിന്റെ സാന്നിദ്ധ്യത്തിലുളള അവളുടെ സന്തോഷമാണ്‌. തന്നെ ദൈവം അനുഗ്രഹിച്ചുവെന്ന്‌ കരുതുമ്പോഴും തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടവള്‍ തന്നെക്കാള്‍ മഹോന്നതയാണെന്ന്‌ പ്രഘോഷിക്കാന്‍ അവള്‍ വെമ്പല്‍കൊണ്ടു. അങ്ങനെ അവള്‍ എളിമയുടെ മാതൃകയായി. മറിയത്തിന്റെ സാന്നിദ്ധ്യത്തില്‍ സന്തോഷിക്കുന്നവളായി, ദൈവാത്മാവിനാല്‍ നിറഞ്ഞവളായി (ലുക്ക1.42-45).
   ജീവിതത്തില്‍ ഇല്ലായ്‌മ അനുഭവപ്പെടുന്ന മേഘലകളിലെല്ലാം ദൈവവചനം ഈ നോമ്പുകാലത്ത്‌ നമുക്ക്‌ ആശ്വാസദായകമായിത്തീരട്ടെ എന്ന്‌ ആഗ്രഹിക്കാം.

തയാറാക്കിയത്‌
ഫാ. ആന്റിണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.


 

 Another Sermon

ജനനം മുതല്‍ തന്നെ, വിമോചന ദൗത്യത്തിന്‌ തുടക്കമിട്ടവനാണ്‌ സ്‌നാപകയേഹന്നാന്‍. വന്ധ്യത ദൈവശാപമായി കരുതിയിരുന്ന സമൂഹത്തില്‍ എലിസമ്പത്തിന്റെ അപമാനം നീക്കി അഭിമാനമായവന്‍. ബന്ധങ്ങളെ തകര്‍ത്തെറിയാന്‍ പ്രഘോഷിച്ചവന്‍, തന്റെ പരിച്ഛേദന നാളില്‍തന്നെ അതിന്‌ തുടക്കമിട്ടു. അവിശ്വാസത്തിന്റെ ബന്ധങ്ങള്‍ സഖറിയായുടെ നാവില്‍ നിന്ന്‌ തകര്‍ത്തെറിഞ്ഞ്‌ തന്റെ വിമോചന സമരത്തിന്‌ ആരംഭം കുറിച്ചു.
   വെളിച്ചം ആയിരുന്നില്ല എങ്കിലും അവന്‍ വന്നത്‌ വെളിച്ചത്തിന്‌ സാക്ഷ്യം നല്‍കാനായിരുന്നു (ജെറ 1.18). ജീവന്റെ തുടിപ്പുകള്‍ ഉളളില്‍ സന്നിവേശിപ്പിച്ച സമയം മുതല്‍ അവന്‍ സാക്ഷ്യത്തിന്‌ തയാറായികൊണ്ടിരുന്നു. പ.കന്യാക മറിയം, എലിസമ്പത്തിനെ സന്ദര്‍ശച്ച്‌ ആഭിവാദനം ചെയ്‌തപ്പോള്‍ എലിസമ്പത്തിന്റെ ഉദരത്തില്‍കിടന്ന്‌ അവന്‍ കുതിച്ചുചാടിയത്‌, താന്‍ തന്റെ ദൗത്യത്തിന്‌ ഇപ്പോള്‍ തന്നെ ഒരുങ്ങികഴിഞ്ഞു എന്ന സന്ദേശം ഈശോയ്‌ക്കും, ലോകത്തിനും നല്‍കികൊണ്ടായിരിക്കണം (ലുക്ക 1.41) തന്റെ ജീവിതത്തിന്റെ, ജനനത്തിന്റെ അന്തസത്ത മനസിലാക്കി അതനുസരിച്ച്‌ സ്വരചേര്‍ച്ചയും, വേഷപ്പകര്‍പ്പും സ്വീകരിച്ചവനാണ്‌ യോഹന്നാന്‍. വിജനമായ മരുഭൂമിയില്‍ വിമോചനത്തിന്റെ ശബ്ദമായിത്തിരണം . എങ്കില്‍ ഉറച്ച ശബ്ദത്തിന്‌ ഉടമയാകേണ്ടിരുന്നു. ഉന്‍മത്തനാണ്‌ എന്ന്‌ പറയാതിരിക്കാന്‍, അവന്‍ പ്രത്യേകം ശ്രദ്ധിച്ചു. യോഹന്നാനെപറ്റി, ദൈവദൂതന്റെ പ്രവചനം ശരിവയ്‌ക്കുമാറ്‌ അവന്‍ തന്റെ ജീവിതത്തെ ക്രമീകരിച്ചു (ലുക്ക1.15). ഈശോ തന്നെ, താപസ ജീവിതത്തിന്റെ ഉത്തമ ഉദാഹരണമായി അവതരിപ്പിക്കുന്നത്‌ യോഹന്നാന്റെ ജീവിതം തന്നെയാണ്‌. തന്നെയും തന്റെ പ്രവചനങ്ങളെയും അംഗീകരിക്കാതിരുന്ന തലമുറയോട്‌ അവിടന്നു പറഞ്ഞു `യോഹന്നാന്‍ അപ്പം ഭക്ഷിക്കാത്തവനും വിഞ്ഞു കുടിക്കാത്തവനുമായിവന്നു. അവനെ പിശാച്‌ബാധിതനായി നിങ്ങള്‍ കണക്കാക്കി, മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായിവന്നു. അവനെ നിങ്ങള്‍ ചുങ്കകാരുടെയും പാപികളുടെയും സ്‌നേഹിനാക്കി (ലുക്ക 7.34).
   സ്വയം പ്രകാശിക്കാന്‍ കഴിവില്ലാഞ്ഞിട്ടു സുര്യനില്‍ നിന്ന്‌ പ്രകാശം സ്വികരിച്ച്‌ വെളിച്ചത്തിന്‌ സാക്ഷ്യയം നല്‌കുന്ന ചന്ദ്രന്‌ തുല്ല്യമായിരുന്നു. യോഹന്നാന്റെ ജീവിതം പ്രകാശത്തിന്‌ അഭിമുഖമായി നിന്നാല്‍ പ്രകാശം പ്രതിഫലിപ്പിക്കാതെതരമില്ല. യഥാര്‍ത്ഥ പ്രകാശത്തിന്റെ നേര്‍രേഖയില്‍ നിന്ന്‌ ഒഴിഞ്ഞ്‌ മാറാതിരിക്കുക എന്നതാണ്‌ പ്രധാനം. യഥാര്‍ത്ഥ നീതിസൂര്യനായ ഈശോയ്‌ക്ക്‌ മുന്നില്‍ നിന്നുകൊണ്ട്‌ തന്റെ ആപൂര്‍ണ്ണതകള്‍ മനസിലാക്കി ആ ആപൂര്‍ണ്ണതകള്‍ സമൂഹത്തിന്റെ കൂടിയാണ്‌ എന്ന്‌ പ്രഘോഷിച്ചവനാണ്‌ യോഹന്നാന്‍. പകലില്‍ പൂര്‍ണ്ണമായി കരുതുന്ന പലതിന്റെയും അപൂര്‍ണ്ണതകള്‍ നിലാവെളിച്ചം എടുത്ത്‌ കാട്ടുന്നതുപോലെ അതായത്‌ നാളത്തെ പ്രകാശത്തെ അഭിമുഖരിക്കാന്‍ രാത്രിയുടെ നിശബ്ദയാമങ്ങളില്‍ വിയര്‍പ്പ്‌ചിന്തി അദ്ധ്വാനിക്കുന്നവന്‍ ഒരുനേരത്തേ ഭക്ഷണംപോലും കഴിക്കാതെ വഴിയരുകില്‍ തളര്‍ന്നുറങ്ങുന്ന ദരിദ്രന്‍.... ഉടുതുണിക്ക്‌ മറുതുണിയില്ലാതെ പകലിന്‍ നഗ്നത മറക്കാനും രാത്രിയില്‍ നിന്ന്‌ രക്ഷനേടാനുമായി ആകെയുളള വസ്‌ത്രശകലത്തില്‍ പരാതികളില്ലാതെ കിടന്നുറങ്ങുന്നവന്‍... പിടിച്ചടക്കിയ സമ്പാദ്യം നഷ്ടപ്പെടുമോ ആരെങ്കലും അപകരിക്കുമോ എന്നോര്‍ത്ത്‌ രാത്രിയേ പഴിച്ച്‌ പരക്കം പായുന്നവര്‍... ഇരുളിനെ സ്‌നേഹിച്ച്‌ നിലാവെളിച്ചംപോലും അസ്വസ്ഥമാകാതിരിക്കാന്‍ വാതിലുകളും ജനലുകളും കൊട്ടി അടയ്‌ക്കുന്നവര്‍... പകലില്‍ ശാന്തമായി വിശ്രമിച്ച്‌ ഇരുട്ടിന്റെ മറവില്‍ ഇരതേടുന്ന ക്രൂരജന്തുക്കളുടെ പരാക്രമങ്ങള്‍ എന്നിവയെല്ലാം... അതുപോലെ സത്യപ്രകാശത്തിന്‌ അഭിമുഖമായി സ്‌നാപകയോഹന്നാന്‍ നിന്നപ്പോള്‍ മനുഷ്യകുലത്തിന്റെ അപൂര്‍ണ്ണതകള്‍ അവനും വ്യക്തമായി വ്യര്‍ത്ഥാഭിമാനത്തിന്റെ അഹങ്കാരവുമായി നടന്നിരുന്നവര്‍... വാരികൂട്ടിയതും വെട്ടിപ്പിടിച്ചതും സ്വന്തം കാല്‍കിഴില്‍ ഒതുക്കി അന്യര്‍ക്ക്‌ പങ്കുവയ്‌ക്കാതിരുന്നവര്‍... അന്യായമായി ചുങ്കംപിരിച്ചിരുന്നവര്‍... ഭീക്ഷിണിപ്പെടുത്തി മറ്റുളളവന്റെ സമ്പാദ്യം അപഹരിച്ചിരുന്നവര്‍... വ്യാജമായികുറ്റാരോപണം നടത്തിയവര്‍... (ലുക്കാ 3.8-14). ഇന്നത്തെ സാഹചര്യങ്ങളും ഇതില്‍ നിന്നും ഒട്ടും വിഭിന്നമല്ല.
   സൂര്യനില്‍ നിന്ന്‌ നാനാദിശകളിലേയ്‌ക്കും പുറപ്പെടുന്ന സൂര്യപ്രകാശത്തിന്റെ ഒരംശം മാത്രം ചന്ദ്രന്‍ സ്വീകരിച്ച്‌ പ്രതിഫലിപ്പിച്ചപ്പോള്‍ അത്‌ ഭൂമിമുഴുവന്‍ പ്രകാശിപ്പിക്കുന്നു. ചന്ദ്രനെപ്പോലെ പ്രകാശം പ്രതിഫലിപ്പക്കാന്‍ ശൂന്യാകാശത്തിന്റെ മറ്റ്‌വശങ്ങളില്‍ ഗോളങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അതുവഴി ശൂന്യതയിലേക്ക്‌ പ്രവഹിക്കുന്ന വെളിച്ചവും ഭൂമിക്ക്‌ പ്രകാശം ചൊരിഞ്ഞ... ഇതിനു തുല്ല്യമായി...പഴയ സമൂഹത്തില്‍ ദൈവിക ഇടപെടലുകളും പ്രവാചകന്‍മാരും ധാരാളം ഉണ്ടായിരുന്ന അവസ്ഥയില്‍ യോഹന്നാന്‍ മാത്രമാണ്‌ യഥാര്‍ത്ഥ പ്രകാശത്തിനടുത്ത്‌ അതിന്‌ അഭിമുഖമായി നിന്നത്‌. ഒരുവന്‍ മാത്രം ഇതിന്‌ തുനിഞ്ഞപ്പോള്‍ ഇത്രയും കുറവുകള്‍ ചുണ്ടികാണിക്കാന്‍ കഴിഞ്ഞു. അതുപോലെ ഇന്നത്തെ സമൂഹത്തിന്റെ ആപൂര്‍ണ്ണതകള്‍ പ്രകാശിതമാക്കാന്‍ സ്‌നാപകയോഹന്നാന്‍മാര്‍ ഉയരേണ്ടിയിരിക്കുന്നു. ദൈവിക പ്രകാശത്തിനഭിമുഖമായിനിന്ന്‌ അവ്യക്തതകളെ വ്യക്തമാക്കാന്‍.
   രാത്രിയില്‍ ആകാശത്ത്‌ പ്രകാശിക്കുന്ന ചന്ദ്രന്‍ മറ്റോരു സത്യംകൂടി നമ്മെ പഠിപ്പിക്കുന്നു. യഥാര്‍ത്ഥപ്രകാശദാതാവായ സൂര്യന്റെ ഓര്‍മ്മ. യഥാര്‍ത്ഥ പ്രകാശത്തിന്റെ പ്രതിഫലനം മാത്രം കാണുമ്പോള്‍ അത്‌ വരാനിരിക്കുന്ന സത്യപ്രകാശത്തിന്റെ അടയാളമാണെന്ന്‌ മനസിലാക്കണം. യഥാര്‍ത്ഥ പ്രകാശവും പ്രതിഫലനവും തമ്മില്‍ ഒരു രാത്രിയുടെ അകലം മാത്രമേയുളളു എന്നത്‌ ചന്ദ്രന്‍ പഠിപ്പിക്കുമ്പോള്‍... ദൈവത്തില്‍ നിന്ന്‌ മുഖം തിരിച്ച്‌ ദൈവീക പ്രകാശത്തെ മനസിലാക്കാതെ ഇരുട്ടില്‍ തപ്പിതടയുന്ന ജനങ്ങളോട്‌ പ്രകാശത്തില്‍ വ്യപരിക്കാന്‍ ഒരു മാനസാന്തരത്തിന്റെ അകലം മാത്രമേയുളളു എന്ന്‌ ശക്തമായി പ്രഘോഷിച്ചവനായിരുന്നു യോഹന്നാന്‍. അതുപോലെ നമ്മുടെ ജീവിതത്തില്‍ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമ്പോള്‍ അവ സൂര്യനില്ലാത്ത രാത്രിക്ക്‌ തുല്ല്യമായി തോന്നിയേക്കാം. എന്നാല്‍ ഏതെങ്കിലും കോണില്‍ നിന്ന്‌ നമ്മെ മനസിലാക്കുന്ന നമ്മെ പ്രകാശിപ്പിക്കുന്ന ദൈവിക വെളിച്ചം തിരിച്ചറിയാന്‍ നാം പരിശ്രമിക്കണം.
   സദാ സൂര്യപ്രകാശം ചന്ദ്രനിലേക്ക്‌ പതിക്കുന്നു. എങ്കിലും ചിലപ്പോള്‍ സൂര്യനില്‍ നിന്ന്‌ ചന്ദ്രനിലേക്ക്‌ പ്രവഹിക്കുന്ന പ്രകാശം തടസപ്പെടാറുണ്ട്‌. അതായത്‌ ഗ്രഹണങ്ങള്‍ ചന്ദ്രനില്‍ സംഭവിക്കാറുണ്ട്‌ യോഹന്നാന്റെ ജീവിതത്തിലും യഥാര്‍ത്ഥ സാക്ഷ്യം നല്‍കലിനെ അന്നത്തെ രാഷ്‌ട്രിയ, സാമൂഹ്യ പശ്ചാത്തലം ജനക്കൂട്ടം എന്നിവ പരിമിതപ്പെടുത്തി അതുപോലെ നമ്മുടെ ജീവിതത്തിലും കടന്നുവരുന്ന യഥാര്‍ത്ഥ പ്രകാശത്തെ തടസ്സപ്പെടുത്തുന്ന അവസരങ്ങള്‍ നാം തിരിച്ചറിയണം (അഹങ്കാരം, അസുയ, കോപം).
   എല്ലാദിവസവും നാം പൂര്‍ണ്ണ ചന്ദ്രനെ ആകാശത്ത്‌ കാണാറില്ല. അത്‌ പ്രകാശം പൂര്‍ണ്ണമായി ചന്ദ്രന്‍ പ്രതിഫലിപ്പിക്കാഞ്ഞിട്ടല്ല നാം ചില പ്രത്യേക വീക്ഷണ കോണുകളില്‍ ആയരിക്കുമ്പോള്‍ പൂര്‍ണ്ണ ചന്ദ്രനെ കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. അതുപോലെ യോഹന്നാന്‍ യഥാര്‍ത്ഥമായിസത്യത്തിന്‌ സാക്ഷ്യം നല്‌കിയപ്പോള്‍ എല്ലാവര്‍ക്കും അവനെ പൂര്‍ണ്ണമായി മനസിലാക്കുവാന്‍ കഴിഞ്ഞില്ല അതിനാല്‍ അവനെ പിശാച്‌ബാധിതനും ഭ്രാന്തനുമായി ചിത്രീകരിക്കുന്നു. നമ്മുടെ പല പ്രവര്‍ത്തനങ്ങളും മറ്റുളളവര്‍ പൂര്‍ണ്ണമായി മനസിലാക്കാതെവരുമ്പോള്‍ നാം അതില്‍ ഒട്ടും ദുഃഖിക്കേണ്ട കാര്യമില്ല.
   ദൗത്യബോധത്തിന്റെ ഉന്നതമായ കാഴ്‌ചപ്പാട്‌ ഉണ്ടായിരുന്നവനാണ്‌ യോഹന്നാന്‍. വഴിയൊരുക്കാന്‍ വന്നവനും വഴിയായ്‌ വന്നവനും തമ്മിലുളള ഹൃദയബന്ധം അത്‌ വ്യതമാക്കുന്നു (ലുക്ക 1.41, 7.26-27). ഇടിമുഴക്കത്തിന്റെ വരവറിച്ചുകൊണ്ട്‌ അതിശക്തമായി ഭൂമിയിലേക്ക്‌ പാഞ്ഞിറങ്ങുന്ന മിന്നല്‍പോലെയായിരുന്നു യോഹന്നാന്റെ ജീവിതം എന്നു പറയാം. രാത്രികാലങ്ങളില്‍ നിലാവിന്റെ കുളിര്‍മ്മ പകരുന്ന ചന്ദ്രന്‍ പകല്‍ സമയത്ത്‌ കാണാറില്ല. യഥാര്‍ത്ഥ പ്രകാശം വന്നപ്പോള്‍ തന്റെ കടമപൂര്‍ത്തിയായി എന്ന്‌ മനസ്സിലാക്കിയവന്‍ എവിടയോ മറഞ്ഞു. അതുപോലെ യഥാര്‍ത്ഥ പ്രകാശത്തെ ജനത്തിന്‌ വെളിപ്പടുത്തിയ ശേഷം അരങ്ങോഴിയുന്ന തിരശീലക്ക്‌ പിന്നില്‍ മറയുന്ന യോഹന്നാനെ നമുക്ക്‌ കാണാന്‍ കഴിയും. ഭ്രമണപഥത്തിലേയ്‌ക്ക്‌ കുതിച്ചുപായുന്ന ബഹിരാകാശ പേടകത്തെ വഹിക്കുന്ന റോക്കറ്റിനെപോലെ സ്വയം ഇല്ലാതായി ക്രിസ്‌തുവിനെ മനുഷ്യവംശത്തിന്റെ ഭ്രമണപഥത്തില്‍ എത്തിച്ചവനാണ്‌ സ്‌നാപകയോഹന്നാന്‍.
യോഹന്നാനെപ്പോലെ എല്ലാ രീതിയിലും ജീവിത സാക്ഷ്യം നല്‌കുവാന്‍ വിളിക്കപ്പെട്ടവനാണ്‌ ഓരോ ക്രസ്‌തവനും ഒരു കടുംമ്പനാഥന്‍ യഥാര്‍ത്ഥ സത്യത്തെ തന്റെ മക്കള്‍ക്കും കുടുംബത്തിനും കലര്‍പ്പില്ലാതെ പകര്‍ന്ന്‌ നല്‍കുമ്പോള്‍ മക്കള്‍ ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും വളരുമ്പോളെല്ലാം സ്‌നാപകന്‍ന്മാരായിത്തിരുന്നു.

തയാറാക്കിയത്‌
അഗസറ്റിന്‍ ആലപ്പുരയ്‌ക്കല്‍
ഗുഡ്‌ഷേപ്പര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.

 

 

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home