Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
മംഗലവാര്‍ത്തക്കാലം നാലാം ഞായര്‍
Genesis 24:50-67; 1Samuel 1:1-8; Ephesus 5:6-15 (5-21); Matthew 1:18-25
യേശുവിന്റെ ജനനം
പുതിയ നിയമത്തിലെ ഏറ്റവും ആദ്യത്തെ അത്ഭുതം ഏതാണ്‌? കാനായിലെ കല്യാണ വിരുന്നില്‍ ഈശോ ചെയ്‌ത അത്ഭുതം എന്ന്‌ പലര്‍ക്കും ഉത്തരമുണ്‌ടാകും. എന്നാല്‍ സുവിശേഷത്തിലെ ആദ്യത്തെ അത്ഭുതമാണ്‌ നാം ഇന്നു വായിച്ചു കേട്ട സുവിശേഷഭാഗത്ത്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ (Mt 1:18-25). ഇത്‌ ഈശോ ചെയ്‌ത ഏതെങ്കിലും ഒരു അത്ഭുതമല്ല മറിച്ച്‌ ദൈവപുത്രനായ മിശിഹായുടെ ജനനമാണ്‌. ഇവിടെ ഈശോയല്ല ഈശോയിലൂടെ പിതാവായ ദൈവമാണ്‌ അത്ഭുതം പ്രവര്‍ത്തിച്ചത്‌ എന്നു നാം മന:സ്സിലാക്കണം. അതിനാല്‍ സുവിശേഷത്തിന്റെ ഉള്ളടക്കമെന്നു പറയുന്നത്‌ ഈശോ ചെയ്‌ത ഏതാനും അത്ഭുതങ്ങളുടെ സംഗ്രഹമല്ല പകരം മിശിഹാ സംഭവത്തിലൂടെ ദൈവം മനുഷ്യന്‌ എന്തു ചെയ്‌തുതന്നു എന്നതാണ്‌.

ദൈവം സര്‍വ്വവ്യാപിയാണ്‌, പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു, പുല്ലിലും, കല്ലിലും, തൂരുമ്പിലും ദൈവത്തിന്റെ സാന്നിദ്ധ്യമുണ്‌ട്‌. ഇവയിലൂടെയെല്ലാം ദൈവം നമ്മോട്‌ സംസാരിക്കുന്നുണ്‌ട്‌. ഇതെല്ലാം ഏതൊരു വിശ്വാസിയെ സംബന്ധിച്ചും സാര്‍വ്വത്രിക സത്യമാണ്‌. ഈ പ്രപഞ്ചം സര്‍വ്വചരാചരങ്ങളിലൂടെയും നമ്മോടു ദൈവത്തെക്കുറിച്ചു പറഞ്ഞു തരുന്നുണ്‌ട്‌ (അതുകൊണ്‌ടാണ്‌ നാം പ്രപഞ്ചത്തെ ദൈവത്തിന്റെ സുവിശേഷം എന്നു വിളിക്കുന്നത്‌).

പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്‌ട്‌. എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു. (Heb: 1/1-2). അതെ, നമ്മോടു സംസാരിക്കാന്‍ നമ്മെ രക്ഷി ക്കാന്‍, നമ്മോട്‌ സഹവസിക്കാന്‍ ദൈവം ഏറ്റവും അവസാനമായി തിരഞ്ഞെടുത്ത മാര്‍ഗ്ഗമാണ്‌ തന്റെ പുത്രന്‍. ഇതിന്റെ സാക്ഷാത്‌കാരമാണ്‌ പുത്രന്റെ മനുഷ്യാവതാരം. ഇവിടെ ഈശോയുടെ ജനനം സൂചിപ്പിക്കുന്നത്‌ ദൈവത്തിന്‌ മനുഷ്യനോടുള്ള അതിരറ്റ സ്‌നേഹമാണ്‌. ഈ വലിയ സന്തോഷത്തിന്റെ അനുഭവം സ്വന്തമാക്കാനാണ്‌ നാം നോമ്പെടുത്ത്‌/ഉപവസിച്ച്‌ ഒരുങ്ങിക്കൊണ്‌ടിരിക്കുന്നത്‌.

വി. ഗ്രന്ഥം, പ്രത്യേകിച്ച്‌ പഴയനിയമം, നമുക്കു നല്‌കുന്ന ചരിത്രം ഈ രക്ഷകനെ പ്രതീക്ഷിച്ചിരുന്ന അനേകം വിശുദ്ധാത്മാക്കളുടെ ചരിത്രമാണ്‌, പ്രതീക്ഷയാണ്‌. പാപംമൂലം പറുദീസ നഷ്ടപ്പെട്ട നിമിഷത്തില്‍ത്തന്നെ ദൈവം മനുഷ്യന്‌ ഒരു രക്ഷകനെ വാഗ്‌ദാനം ചെയ്‌തതാണ്‌. ഈ വാഗ്‌ദാനത്തിന്റെ അനേകം തലമുറകളുടെ കാത്തിരിപ്പിന്റെ പൂര്‍ത്തീകരണമാണ്‌ ഈശോയുടെ ജനനത്തിലൂടെ പൂര്‍ത്തിയാകുന്നത്‌. അങ്ങനെ ചിന്തിക്കുമ്പോള്‍ ഈ തിരുപിറവിക്കുള്ള നമ്മുടെ ഒരുക്കം എത്രമാത്രം പ്രാധാന്യത്തോടെ, താല്‌പര്യത്തോടെ പൂര്‍ത്തിയാക്കണം എന്നാണ്‌ നാം ചിന്തിക്കേണ്‌ടത്‌. കാരണം നമുക്കറിയാം ഇത്‌ ഏറ്റവും അടുത്ത ഒരുക്കത്തിന്റെ അവസരമാണ്‌. അടുത്ത ഒരുക്കത്തിന്റെയും അകന്ന ഒരുക്കത്തിന്റെയും അവസരം കഴിഞ്ഞുപോയി. ഈ ഏറ്റവും അടുത്ത ഒരുക്കത്തിനായി (finishing touch നായി) തയ്യാറാവുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ നമ്മുടെ തന്നെ കുടുബാന്തരീക്ഷം/പ്രപഞ്ചത്തെ നിരീക്ഷിച്ചാല്‍ മതി.

നമ്മുടെ വീട്ടിലേക്ക്‌ മാര്‍പ്പാപ്പയെപ്പോലെ ഒരു വലിയ വ്യക്തി കടന്നു വരാന്‍ ആഗ്രഹിക്കുന്നു എന്നു വിചാരിക്കുക. നമ്മളീ വാര്‍ത്ത അറിയുമ്പോള്‍ തൊട്ട്‌ ഒരുക്കങ്ങള്‍ തുടങ്ങും. വീടും പരിസരവുമൊക്കെ വൃത്തിയാക്കുക, വീടിനു പെയിന്റടിക്കുക... എന്നാല്‍ ഏറ്റവും ഒടുവിലത്തെ ആഴ്‌ചയില്‍/ദിവസങ്ങളില്‍ നാം നടത്തുന്ന ഒരുക്കം എപ്രകാരം ആയിരിക്കും ഒന്നു ചിന്തിച്ചു നോക്കുക, അപ്പോഴത്തെ നമ്മുടെ സന്തോഷം, ആകാംക്ഷ ഇതൊന്നും നമുക്ക്‌ പറഞ്ഞറിയിക്കാനാവില്ല. അതിനു സാമാനമായ ഒരു അവസരമാണിന്ന്‌ നാം അനുഭവിക്കുന്നത്‌.

നമ്മുടെ ചുറ്റുപാടിലേയ്‌ക്കു നോക്കിയാല്‍ നാം ഒരു റോസാച്ചെടി നടുന്നു. അതില്‍ മനോഹരങ്ങളായ റോസാപ്പൂക്കള്‍ ഉണ്‌ടാകും എന്നു പ്രതീക്ഷിച്ചാണ്‌ ഈ ചെടി നട്ടു വളര്‍ത്തുന്നത്‌. പെട്ടെന്നൊരു ദിവസം അതില്‍ പൂമൊട്ടുകള്‍ കാണുന്നു, നാളെ റോസാപ്പൂ വിരിയും എന്നും മനസ്സിലാക്കുന്നു. എന്തായിരിക്കും നമ്മുടെ സന്തോഷം!

വീട്ടിലെ മറ്റൊരുദാഹരണമെടുത്താല്‍ - വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്‌തുകൊണ്‌ടിരിക്കുന്ന - ഓര്‍മ്മ വച്ചതിനുശേഷം ഒരിക്കല്‍ പോലും നമുക്ക്‌ നേരില്‍ കാണാന്‍ സാധിക്കാത്ത - നമ്മുടെ പപ്പ/മമ്മി തിരിച്ചു വരുന്നു, വിമാനത്താവളത്തില്‍ എത്തിയെന്ന്‌ വീട്ടിലേക്ക്‌ ഫോണ്‍ വരുന്നു, അപ്പോള്‍ എങ്ങനെയായിരിക്കും നമ്മുടെ സന്തോഷം പ്രകടിപ്പിക്കുക. ഇതിലും വലിയ സന്തോഷമല്ലേ നാമിന്നനുഭവിക്കുന്നത്‌. ഇത്രയും അടുത്ത ഒരു ഒരുക്കമാണ്‌ നാം ഈ ദിവസങ്ങളില്‍ - ക്രിസ്‌തുമസ്‌ വരെയുള്ള ദിവസങ്ങളില്‍ നടത്തേണ്‌ടത്‌.

രക്ഷകനെ ലോകത്തിന്‌ നല്‌കാന്‍ തിരഞ്ഞെടുക്കപ്പെട്ട മറിയം പ്രതീക്ഷകളുടെ പൂര്‍ത്തീകരണമായ മിശിഹാ ഉടനെ ലോകത്തില്‍ അവതീര്‍ണ്ണനാകും എന്നു മനസ്സിലാക്കിയപ്പോള്‍ എന്താണ്‌ ചെയ്‌തത്‌ എന്ന്‌ നമുക്കറിയാം. തന്റെ ഉദരത്തിലെ ദൈവകുമാരനെയും വഹിച്ചുകൊണ്‌ട്‌ മറിയം ഗര്‍ഭിണിയായ തന്റെ ഇളയമ്മയെ/എലീശ്വായെ ശുശ്രൂഷിക്കാന്‍ പോയി. നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്‌പരം പാദങ്ങള്‍ കഴുകണം (Jn 13:14) എന്നു പഠിപ്പിച്ചവന്റെ അമ്മ അവനെ ഉദരത്തില്‍ വഹിച്ചനാള്‍ മുതല്‍ സേവനതല്‌പരയായി കാണപ്പെട്ടു എന്നത്‌ നാം സുവിശേഷത്തില്‍ വായിക്കുമ്പോള്‍ നാം തിരിച്ചറിയുന്നു, അവനിലൂടെ രക്ഷയുടെ അനുഭവത്തിലേക്ക്‌ കടന്നു വരുന്ന നാമും സ്വീകരിക്കേണ്‌ട ജീവിതരീതി സേവനത്തിന്റേതായിരിക്കണം എന്ന്‌. അതിനാല്‍ നമ്മുടെ ചുറ്റുപാടും നമ്മുടെ സേവനം ആവശ്യമുള്ളവരെ കണ്‌ടെത്തി അവര്‍ക്ക്‌ നമ്മാലാവുന്ന സേവനം എത്ര ത്യാഗം സഹിച്ചും നിര്‍വഹിച്ചുകൊണ്‌ട്‌ അവരിലും രക്ഷയുടെ അനുഭവം അതിന്റെ സമൃദ്ധിയില്‍ അനുഭവിക്കാനുള്ള അവസരം ഒരുക്കാം. എന്റെ മക്കളെ ക്രിസ്‌തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്‌ടും ഞാന്‍ നിങ്ങള്‍ക്കു വേണ്‌ടി ഈറ്റുനോവനുഭവിക്കുന്നു (Gal 4:19) എന്നു പറഞ്ഞ വി. പൗലോശ്ലീഹായുടെ തീക്ഷണതയും മനോഭാവവും നാം സ്വന്തമാക്കണം.

യഹൂദ പാരമ്പര്യമനുസരിച്ച്‌ സ്‌ത്രീ പുരുഷന്മാര്‍ പരസ്‌പരം വിവാഹ വാഗ്‌ദാനം നല്‍കിക്കഴിഞ്ഞ്‌ ഒന്നോ ഒന്നരയോ വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ വിവാഹിതരായിത്തീരുന്നത്‌. വിവാഹ നിശ്ചയം കഴിഞ്ഞവരെ ഭാര്യാഭര്‍ത്താക്കന്മാരായി യഹൂദസമൂഹം അംഗീകരിച്ചിരുന്നു. എന്നാല്‍, വിവാഹ സഹവാസം അവര്‍ ആരംഭിച്ചിരുന്നത്‌ വരന്‍ വധുവിനെ സ്വഭവനത്തിലേയ്‌ക്ക്‌ സ്വീകരിക്കുന്നതിനുശേഷം മാത്രമാണ്‌. പരസംഗംപോലുള്ള കാരണങ്ങളുണ്‌ടെങ്കില്‍ വിവാഹ കരാറില്‍ നിന്ന്‌ ഒഴിഞ്ഞു മാറുവാന്‍ പുരുഷന്‌ അവകാശമുണ്‌ടായിരുന്നു. ഈ സാഹചര്യത്തിലാണ്‌ തന്റെ പ്രതിശ്രുത വധു ഗര്‍ഭിണിയായിരിക്കുന്നു എന്ന വാര്‍ത്ത യൗസോപ്പിന്റെ ചെവികളിലെത്തുന്നത്‌. വിവാഹിതരായവര്‍ക്കറിയാം തങ്ങള്‍ വിവാഹ സമയമടുത്തപ്പോഴേക്ക്‌, പ്രത്യേകിച്ച്‌ നിശ്ചയശേഷം തങ്ങളുടെ ജീവിത പങ്കാളിയെക്കുറിച്ച്‌ പല സ്വപ്‌നങ്ങളും കണ്‌ടിരിക്കുന്ന സമയമാണ്‌. വിവാഹ ജീവിതം നയിക്കാനാഗ്രഹിക്കുന്ന യുവതീയുവാക്കളും ഇതുപോലെ സ്വപ്‌നം കണ്‌ടുകൊണ്‌ടിരിക്കുന്നവരാകാം - ഈ അവസ്ഥയില്‍ ഇരിക്കുന്ന യൗസോപിതാവാണ്‌ മറിയത്തിന്റെ "അവിഹിത" ഗര്‍ഭത്തെക്കുറിച്ചറിയുന്നത്‌. ഈ സന്നിഗ്‌ദാവസ്ഥയിലാണ്‌ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട്‌ മറിയത്തിന്റെ ഗര്‍ഭധാരണം ദൈവത്തിന്റെ പ്രവൃത്തിയാണ്‌ എന്ന ശുഭവാര്‍ത്തയറിയിക്കുന്നത്‌. ഈ ദൈവസ്വരമാണ്‌ യൗസോപിതാവിന്റെ മുമ്പോട്ടുള്ള ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്‌ വലിയ പ്രചോദനവും ശക്തിയുമായി തീരുന്നത്‌. നമ്മുടെ പല സന്നിഗ്‌ദാവസ്ഥയിലും ദൈവം തന്റെ ദൂതരിലൂടെയും നേരിട്ടും അവിടുത്തെ സ്വരം നമ്മോടറിയിക്കുന്നുണ്‌ട്‌. പക്ഷെ നാം പലപ്പോഴും ഈ സ്വരത്തിന്‌ ചെവിക്കൊടുക്കാറില്ല. കാരണം പലതും നമുക്ക്‌ അഗ്രാഹ്യമായിരിക്കും. എന്നാല്‍ ഈ സ്വരത്തിന്‌ ക്രിയാത്മകമായി പ്രത്യുത്തരം കൊടുക്കുമ്പോഴാണ്‌ യൗസോപിതാവിനെപ്പോലെ നമ്മളും പ്രതിസന്ധികളെ തരണം ചെയ്‌ത്‌ ജീവിക്കാനും അതുവഴി രക്ഷകനെ ലോകത്തിനു നല്‌കുന്നതില്‍ സഹകരിക്കുവാനും ഇടയാക്കുന്നത്‌. അതിനാല്‍ ഈ ദിവസങ്ങളില്‍ ദൈവത്തിന്റെ സ്വരത്തിന്‌ ചെവികൊടുക്കാനും അതിനോട്‌ ക്രിയാത്മകമായി പ്രതികരിക്കാനും നമുക്ക്‌ തീരുമാനമെടുക്കാം.

1സാമുവേല്‍ 3:4- മുതലുള്ള വാക്യങ്ങളില്‍ സാമൂവല്‍ പ്രവാചകന്‌ ദൈവത്തില്‍നിന്നുള്ള വിളി ലഭിക്കുന്നത്‌ നാം കാണുന്നുണ്‌ട്‌. ആദ്യമൊക്കെ പ്രവാചകന്‌ ദൈവത്തിന്റെ സ്വരം തിരിച്ചറിയാനോ അതിനോട്‌ പ്രതികരിക്കാനോ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട്‌ ദൈവത്തിന്റെ സ്വരം തിരിച്ചറിഞ്ഞ നേരം മുതല്‍ സാമുവല്‍ ദൈവഹിതത്തിന്‌ കാതോര്‍ത്ത്‌ അതനുസരിച്ച്‌ തന്റെ ജീവിതം മുന്നോട്ട്‌ നയിച്ചു. ഇതുപോലെ നാം ഓരോരുത്തരും പ. അമ്മയെപ്പോലെ, വി. യൗസേപിനെപ്പോലെ ദൈവത്തിന്റെ സ്വരത്തോട്‌ ക്രിയാത്മകമായി പ്രതികരിക്കുമ്പോള്‍ നാം ഓരോരുത്തരും രക്ഷകനെ ലോകത്തിനു നല്‌കുന്നവരും മറ്റുള്ളവര്‍ രക്ഷ സ്വീകരിക്കുന്നതില്‍ സഹകരിക്കുന്നവരുമാകും.

മറിയവുമായുള്ള വിവാഹത്തിന്‌ സമ്മതം കൊടുത്ത യൗസോപിതാവ്‌ മറിയം ഗര്‍ഭിണിയാണെന്നറിഞ്ഞ്‌ ഏറെ അസ്വസ്ഥനാകുന്നുണ്‌ട്‌, തുടര്‍ന്ന്‌ ഒരു തീരുമാനമെടുക്കുന്നു വിവാഹബന്ധം റദ്ദാക്കിയേക്കാം എന്ന്‌. എന്നാല്‍ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ആണ്‌ (Lk 1:26) മറിയം ഒരു ശിശുവിന്‌ ജന്മം നല്‌കിയിരിക്കുന്നതെന്നും മറിയം ഇപ്പോഴും കന്യകയാണെന്നും (Is 7:14) ഇത്‌ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണെന്നും ദൂതന്‍ വഴി അറിയുന്ന ഔസേപിതാവിനോട്‌ ദൂതന്‍ തുടര്‍ന്നു പറഞ്ഞത്‌ നീ അവന്‌ യേശു എന്ന്‌ പേരിടണം എന്നാണ്‌. യേശു എന്ന പേരിന്റെ അത്ഥം ദൈവം രക്ഷിക്കുന്നു എന്നാണ്‌ - ഈ പേര്‌ നല്‍കാന്‍ കാരണം അവന്‍ ജനങ്ങളെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കുന്നവനായതുകൊണ്‌ടാണ്‌ - ഇവിടെ ഈ ദിവ്യ ശിശുവിന്‌ യേശു എന്നു പേര്‌ നല്‍കാന്‍ ദൂതന്‍ (Mt 1:25) അവകാശം കൊടുത്തതുവഴി ഈ ശിശു ഔസേപിതാവിനു അന്യനല്ല എന്ന തിരിച്ചറിവാണ്‌ നല്‌കുന്നത്‌. കാരണം ബൈബിള്‍ പാരമ്പര്യമനുസരിച്ച്‌ നാമദാതാവിന്‌ നാമസ്വീകര്‍ത്താവിന്റെ മേല്‍ അധികാരമുണ്‌ട്‌. (പ്‌ശിത്ത - Gen 6:11, 21:6, 25:25-26, 29:32, 30:6, 1:31, 2:1) അങ്ങനെ വളര്‍ത്തു പിതാവായ ഔസേപ്പിതാവിനുള്ള ബന്ധവും വ്യക്തമാകുന്നു. അതായത്‌ ദൈവഹിതത്തോട്‌ പൂര്‍ണ്ണമായി സഹകരിച്ചുകൊണ്‌ട്‌ ദൈവസ്വരത്തിന്‌ പ്രവര്‍ത്തിച്ചുകൊണ്‌ട്‌ പ. അമ്മയെപ്പോലെ ദൈവത്തിനെ ലോകത്തിനു നല്‌കുന്നവരും വി. ഔസേപ്പിനെപ്പോലെ ദൈവവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കുന്നവരുമായി തീരാന്‍ പ്രയത്‌നിക്കാം. അതിനുള്ള അനുഗ്രഹത്തിനായി ദൈവത്തോട്‌ വ്യക്തിപരമായി പ്രാര്‍ത്ഥിച്ചു അനുഗ്രഹം നേടാം. ആമേന്‍

റവ. സെബ്‌സ്റ്റ്യന്‍ മുരിങ്ങയില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌

Sermon 2008-9
പ്രത്യേകം ദൗത്യം നിര്‍വ്വഹിക്കാനായി ദൈവം വിളിക്കുന്നവര്‍ സാധാരണയായ ജീവിതാനുഭവത്തിന്‌ വ്യത്യസ്‌തമായ അനുഭവങ്ങളെ നേരിടെണ്ടിവരുമെന്ന്‌ ഓര്‍മ്മിപ്പിക്കുകയാണ്‌ ഇന്നത്തെ വായനകളെല്ലാം. അബ്രാഹത്തിന്റെ പുത്രന്‍ ഇസഹാക്കിന്‌ വിവാഹപ്രായമായപ്പോള്‍ മറ്റുളളവരെപ്പോലെ താന്‍ വസിക്കുന്ന ദേശത്തുനിന്ന്‌ ഭാര്യയെ സ്വീകരിക്കാന്‍ പാടില്ലന്ന്‌ അബ്രാഹം ഇസഹാക്കിനെ ധരിപ്പിക്കുകയും അവന്‌ വധുവിനെ അന്വേഷിച്ച്‌ പൂര്‍വ്വികരുടെ നഗരമായ മെസൊപ്പൊട്ടേമിയായിലേയ്‌ക്ക്‌ തന്റെ ദൂതനെ അയയ്‌ക്കുകയും ചെയ്‌തു. ഇസഹാക്കിനാകട്ടെ അവനോടൊത്ത്‌ പോകാനോ മെസൊപ്പൊട്ടേമിയ സന്ദര്‍ശിക്കുവാനോ അനുവാദമുണ്ടായിരുന്നുല്ല. അബ്രാഹത്തിന്റെ ദൂതന്‍ മെസോപ്പൊട്ടേമിയായിലെത്തി ഇസഹാക്കിന്‌ ഭാര്യയെ അന്വേഷിച്ചു. ദൈവത്തിന്റെ ഹിതമനുസരിച്ച്‌ അബ്രാഹവും അവന്റെ ദൂതനും പ്രവര്‍ത്തിച്ചതിനാല്‍ഇസഹാക്കിന്‌ ഭാര്യയെ കണ്ടെത്താന്‍ ദൈവം ദൂതനെ സഹായിച്ചു. അവന്‍ റബേക്കയെ കണ്ടെത്തുകയും അവളെ തന്റെ കൂടെ കൊണ്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്‌തു. റബേക്ക ദൈവഹിതം മനസിലാക്കിയപ്പോള്‍ തിടുക്കത്തില്‍ അബ്രാഹത്തിന്റെ ദൂതനോടുകുടെ പുറപ്പെട്ടു. ഈ സംഭവമാണ്‌ ഉല്‍പ്പത്തി പുസ്‌തകം വിവരിക്കുന്നത്‌. സാമുവേലിന്റെ മാതാവായ ഹന്നാ ദൈവത്താല്‍ തിരഞ്ഞുടുക്കപ്പെട്ടവളായിരുന്നെങ്കിലും ജീവിതത്തിന്റെ വലിയൊരു ഭാഗം മക്കളില്ലാത്തതിന്റെ പേരില്‍ അവഹേളനം ഏല്‌ക്കേണ്ടി വന്നെന്നും, അന്നെല്ലാം ദൈവത്തോട്‌ പൂര്‍ണ്ണ വിശ്വസ്‌തതയോടെ വര്‍ത്തിക്കേണ്ടിവന്നുവെന്നും പറയുകയാണ്‌ സാമുവേലിന്റെ പുസ്‌തകം. ഇരുളിന്റെ പ്രവര്‍ത്തികളെ ഉപേഷിക്കാനും, ക്രിസ്‌തുവിന്റെ തിരഞ്ഞടുക്കപ്പെട്ടവരെന്ന നിലയില്‍ വ്യത്യസ്‌തമായൊരു ജീവിതരീതി സ്വീകരിക്കുവാനും പൗലോസ്‌ എഫേസോസുകാരെ ഓര്‍മ്മിപ്പിക്കുന്നു. മറിയത്തില്‍ ഉരുവായിരിക്കുന്നത്‌ ദൈവപുത്രനാണെന്നും നാട്ടുനടപ്പിന്‌ വിപരീതമായി ജോസഫ്‌ ഗര്‍ഭിണിയായ അവളെ തന്റെ ഭാര്യയായി സ്വീകരിക്കണമെന്നും അവളില്‍ നിന്ന്‌ ജനിക്കുന്ന പുത്രന്‌ അവന്‍തന്നെ പേരിടണമെന്നും വി. മത്തായുടെ സുവിശേഷത്തില്‍ കര്‍ത്താവ്‌ ജോസഫിനോട്‌ അരുള്‍ചെയ്യുന്നു.
സന്ദശം- സാധാരണ യുവാക്കളെപ്പോലെ ജോസഫും മറിയവും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയായിരുന്നു. സാധാരണഗതിയില്‍ ഒരു വര്‍ഷത്തോളം സമയമുണ്ടായിരുന്നു വിവാഹ നിശ്ചയത്തിനും വിവാഹത്തിനുമിടയില്‍ വിവാഹം എന്ന കര്‍മ്മം നടന്നില്ലങ്കില്‍തന്നെ നിശ്ചയം കഴിഞ്ഞവരെ പരസ്‌പരം ബന്ധിക്കപ്പെട്ടവരായി കണക്കാക്കിയിരുന്നു. അതിനാല്‍ വിവാഹ വാഗ്‌ദാനശേഷം മറ്റാരെങ്കിലുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അതിനെ വ്യാഭിചാരമായിക്കണക്കുകയും അവരെ കല്ലെറിഞ്ഞുകൊല്ലുകയെന്ന ശിക്ഷയ്‌ക്ക്‌ വിധേയരാക്കുകയും ചെയ്യുമായിരുന്നു (നിയ 22.22-27).
വി.ഗ്രന്ഥം ജോസഫിനെ നീതിമാനാണെന്നാണ്‌ വിളിക്കുന്നത്‌. നീതിമാനെന്നാല്‍ ദൈവത്തിന്റെ നിയമമനുസരിച്ച്‌ ജീവിക്കുന്നവനെന്നാണ്‌ ഒന്നാമത്തെ അര്‍ത്ഥം. അപ്രകാരം നീതിമാനാണെങ്കില്‍ ഗര്‍ഭിണിയായികാണപ്പെട്ട തന്റെ ഭാര്യയെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടവരുകയും അവളെ നിയമം അനുശാസിക്കുന്ന വിധത്തില്‍ ശിക്ഷിക്കുകയുമാണ്‌ വേണ്ടത്‌. ജോസഫ്‌ അതെപ്പറ്റി നന്നായി ചിന്തിച്ചു. നീതിമാന്‍ എന്നു പറഞ്ഞാല്‍ ദൈവതിരുമുമ്പില്‍ നന്നായി ചിന്തിച്ച്‌, ധ്യനിച്ച്‌ തിരുമാനങ്ങള്‍ ഉള്‍കൊളളുന്നവനാണ്‌. എന്നാല്‍ നിയമത്തിനുമപ്പുറം മറ്റുവ്യക്തികളുടെ അഭിമാനത്തിനും ജീവനും വില കല്‌പ്പിച്ച ജോസഫ്‌ അവളെ അപമാന വിധേയയാക്കാന്‍ ഇഷ്ടപ്പെട്ടില്ല. അപരനും തന്നെപ്പോലെ ഒരു മനുഷ്യനാണെന്ന കാഴ്‌ചപ്പാടാണ്‌ ജോസഫിനെ നീതിമാനെക്കാളും വലിയവനാക്കുന്നത്‌. (മത്ത5.20)
യഥാര്‍ത്ഥത്തില്‍ റബ്ബിമാര്‍ കര്‍ത്താവിന്റെ കാലമായപ്പോഴെക്കും ചില സന്ദര്‍ഭങ്ങളില്‍ നിയമാവര്‍ത്തനത്തിലെ നിയമത്തിന്‌ അയവു വരുത്തിയിരുന്നു (ലുക്ക 8). അതുകൊണ്ടാണ്‌ പാപിനിയെ അവര്‍ കര്‍ത്താവിനുമുമ്പില്‍ കൊണ്ടുവരുകയും അവസാനം വെറുതെവിടാന്‍ തയ്യാറാവുകയും ചെയ്‌തത്‌ .എന്തുചെയ്യണമെന്ന്‌ ആകുലപ്പെടുകയും ചിന്തിക്കുകയും ചെയ്‌തുകൊണ്ടിരുന്നപ്പോള്‍ ദൈവദൂതന്‍ മറിയത്തിന്റെ ഉദരത്തിലെ രഹസ്യം അവന്‌ വെളിപ്പെടുത്തികൊടുത്തു. മാത്രമല്ല ശിശുവിന്‌ നല്‌കേണ്ട പേരും ദൂതന്‍ ജോസഫിനെ അറിച്ചു, യേശു. ആ പേരിടാന്‍ കാരണവും ദൂതന്‍ വിശദീകരിച്ചുകൊടുത്തു. `അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന്‌ രക്ഷിയ്‌ക്കും ` (മത്ത1.21).
ഈ വിശദീകരണത്തിന്റെയും പേരിന്റെയും അര്‍ത്ഥമെന്താണ്‌ ? ഹെബ്രായ ഭാഷയില്‍ യഹോഷുവ അല്ലെങ്കില്‍ യേഷുവ (ജോഷ്വ)യാണ്‌ ഗ്രീക്ക്‌ഭാഷയില്‍ യേസുസ്‌ ആയും പിന്നീട്‌ യേശു അല്ലെങ്കില്‍ ഈശോ (സുറിയാനി) ആയും മാറുന്നത്‌. യേഷുവ എന്ന വാക്കിന്റെ അര്‍ത്ഥം ദൈവം രക്ഷകനാണ്‌ എന്നാണ്‌. ഇസ്രായേല്‍ ജനത്തിന്റെ ഈജിപ്‌തില്‍ നിന്നുളള യാത്രയില്‍ മോശയായിരുന്നു ആദ്യം അവരുടെ നേതാവ്‌. എന്നാല്‍ മോശയുടെ മരണശേഷം ജനത്തെ നയിച്ചതും വാഗ്‌ദത്തദേശത്തെത്തിച്ചതും, അവിടെയുളള ശത്രുക്കളെ കീഴടക്കി ജനത്തിന്‌ രക്ഷ നല്‍കിയതും മോശയുടെ പിന്‍ഗാമിയായ ജോഷ്വയായിരുന്നു (സംഖ്യ27.12, നിയ31.7-23, ജോഷ്വ1.5-9). ജോഷ്വ എപ്രകാരം യുദ്ധം ചെയ്‌ത്‌ ദൈവികശക്തിയുടെ സഹായത്തെടെ വാഗ്‌ദാന ദേശം പിടിച്ചെടുത്തെന്നും ജനത്തെ തങ്ങളുടെ ശത്രുക്കളില്‍ നിന്ന്‌ രക്ഷിച്ചെന്നും ജനത്തിന്‌ നന്നായറിയാമായിരുന്നു. ജോഷ്വയാണ്‌ മോശ തുടങ്ങിവെച്ച വിമോചന ദൗത്യം പൂര്‍ത്തിയാക്കിയത്‌. ജോഷ്വയാണ്‌ മോശ തുടങ്ങിവച്ച വിമോചന ദൗത്യം പൂര്‍ത്തിയാക്കിയത്‌. വി. മത്തായി ഈശോയെ പുതിയ മോശയായും മോശയുടെ നിയമത്തിന്റെ പൂര്‍ത്തീകരമണമായുമാണ്‌ ചിത്രീകരിക്കുന്നത്‌ (മത്താ5.21). ജോഷ്വയെപ്പോലെ ഈശോ ജനത്തെ ശത്രുക്കളില്‍ നിന്ന്‌ (പാപത്തില്‍ നിന്ന്‌) രക്ഷിക്കുകയും വാഗ്‌ദത്ത ദേശമായ സ്വര്‍ഗ്ഗരാജ്യത്ത്‌ എത്തിക്കുകയും ചെയ്യും. മോശയിലാരംഭിച്ച ദൈവികവെളിപാട്‌ യേശുവില്‍ പൂര്‍ണ്ണത കണ്ടത്തി. കര്‍ത്താവ്‌ ഇമ്മാനുവേല്‍ എന്ന്‌ വിളിക്കപ്പെടുമെന്നാണ്‌ ദൂതന്‍ പറഞ്ഞത്‌. എന്നാല്‍ ഈശോ ഒരിക്കലും ഇങ്ങനെ വിളിക്കപ്പെട്ടതായി പുതിയ നിയമം പറയുന്നില്ല. ഇമ്മാനുവേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം ദൈവം നമ്മോടുകൂടെ എന്നാണ്‌ (ഇംആനു+ഏല്‍). ഈശോയുടെ പേരല്ല മറിച്ച്‌ ഈശോ ഇമ്മാനുവേല്‍ തന്നെ ആയിരുന്നു.
ജോസഫ്‌ നിദ്രയില്‍ നിന്ന്‌ ഉണര്‍ന്ന്‌ ഒരു സാധാരണ യുവാവ്‌ ചെയ്യാന്‍ സാധ്യതയില്ലാത്ത കാര്യം ചെയ്‌തു. അവന്‍ ഗര്‍ഭിണിയായി കാണപ്പെട്ട തന്റെ ഭാര്യയെ സ്വീകരിച്ചു. അങ്ങനെ അവന്‍ യേശുവിനെ ദാവീദിന്റെ കുടുംബത്തിലേക്ക്‌ സ്വാഗതം ചെയ്‌തു; പ്രവചനത്തിന്‌ പൂര്‍ത്തീകരണം നല്‌കി നല്‌കി (2 സാമു 7.12-13). എങ്കിലും അവന്‍ അവളെ അറിയാന്‍ ശ്രമിച്ചില്ല. ജോസഫിന്‌ മാലാഖാ പറഞ്ഞത്‌ മുഴുവനും അതില്‍കൂടുതലും മനസ്സിലായിരുന്നു. മറിയത്തിന്റെ ഉദരത്തിലുളള ശിശു ദൈവപുത്രനാണെന്ന്‌ അറിഞ്ഞിരുന്നതുകൊണ്ടാണ്‌ അവന്‍ അവളെ അറിഞ്ഞില്ല എന്ന്‌ വചനം പറയുന്നത്‌. സാധാരണ മനുഷ്യര്‍ കാണുന്നതിനപ്പുറം കാണാന്‍ കഴിയേണ്ടവനും താന്‍ ശ്രവിക്കുന്ന വചനത്തിന്റെ അന്തസ്സത്ത ആഴത്തില്‍ ഗ്രഹിക്കാന്‍ കഴിയുന്നവനുമാണ്‌ നീതിമാന്‍. അതായിരുന്നു ജോസഫ്‌.
  കര്‍ത്താവ്‌ ആവശ്യപ്പെടുന്നതും നമ്മില്‍ നിന്ന്‌ അഗ്രഹിക്കുന്നതും മനസ്സിലാക്കാനും അത്‌ അതിന്റെ പൂര്‍ണതയില്‍ ചെയ്യാനും ഈ നോമ്പുകാലത്ത്‌ നമുക്ക്‌ സാധിക്കട്ടെ.


തയാറാക്കിയത്‌
ഫാ. ആന്റിണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home