Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
പിറവിക്കാലം ഒന്നാം ഞായര്‍
Exodus 2:1-10; Isaiah 49:1-6; 2Timothy 2:16-26; Luke 2:21-35


ഇന്ന്‌ തിരുകുടുംബത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ദിവസം. നസ്രത്തിലെ കുടുംബത്തെക്കുറിച്ച്‌ ധ്യാനിച്ച്‌... ആ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും നന്മകള്‍ അനുസ്‌മരിച്ച്‌, ആ നന്മകള്‍ നമ്മുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കി ... നമ്മുടെ കുടുംബങ്ങളും തിരുക്കുടുംബമാക്കാന്‍ തുടങ്ങേണ്‌ട ദിനം...
ഏതാനും മാസങ്ങള്‍ക്കുമുന്‍പ്‌ സണ്‍ഡേ ദീപികയില്‍ വന്ന രണ്ടു അഭിമുഖങ്ങള്‍ നിങ്ങളാരെങ്കിലുമൊക്കെ ശ്രദ്ധിച്ചു കാണും. ഒന്നാമത്തെ അഭിമുഖം ബെനടിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പയുടെ സഹോദരനായ മോണ്‍. ജോര്‍ജ്ജുമായിട്ടുളളതായിരുന്നു. അദ്ദേഹം ഇപ്രകാരം പറഞ്ഞു വച്ചു: എന്റെ ദൈവവിളിയ്‌ക്കും ജീവിത വിശുദ്ധിയ്‌ക്കും കാരണം എന്റെ കുടുംബത്തില്‍നിന്നും കിട്ടിയ നല്ല പരിശീലനവുമായിരുന്നു... കാരണം എന്റെ കുടുംബം തിരുകുടുംബമായിരുന്നു... സ്‌നേഹസമ്പന്നനായ പിതാവും വാത്സല്യനിധിയായ അമ്മയും..... നിഷ്‌കളങ്കരായ മക്കളും... അതേ പേപ്പറിന്റെ മറുപുറത്ത്‌ മറ്റൊരു അഭിമുഖമുണ്‌ടായിരുന്നു. പ്രസിദ്ധ പോപ്പ്‌ സംഗീതജ്ഞനായ മൈക്കിള്‍ ജാക്‌സന്റെ ജീവിതത്തെക്കുറിച്ചുള്ള അഭിമുഖം. അതില്‍ ഇപ്രകാരം എഴുതപ്പെട്ടു. എന്റെ കുടുംബം തകര്‍ന്നു പോയത്‌, എന്റെ വിവാഹ ജീവിതത്തിലെ പാളിച്ചകള്‍ക്ക്‌ ഒക്കെ കാരണം ചെറുപ്പകാലത്ത്‌ എന്റെ കുടുംബത്തില്‍ നിന്നും കിട്ടിയ തിക്താനുഭവങ്ങളായിരുന്നു... എന്റെ അപ്പന്റെ ക്രൂരമര്‍ദ്ദനങ്ങള്‍... അതാണ്‌ എന്നെ ഇപ്രകാരം ആക്കിത്തീര്‍ത്തത്‌... എന്റെ കുടുംബം, അത്‌ നരകമായിരുന്നു.
കുടുംബമാണ്‌ ആദ്യത്തെ പരിശീലനക്കളരി. നമ്മുടെ വിശ്വാസത്തിന്റെ സ്വഭാവ രൂപീകരണത്തിന്റെ ഈറ്റില്ലം.
നസ്രത്തിലെ കുടുംബം എങ്ങനെയാണ്‌ തിരുകുടുംബമായത്‌: ആ കുടുംബത്തിലെ നന്മകള്‍ എന്തൊക്കെയായിരുന്നു.

1. സമ്പൂര്‍ണ്ണ സമര്‍പ്പണം
നസ്രത്തിലെ കുടുംബത്തിലും അസ്വസ്ഥതകള്‍ ഉണ്‌ടായിരുന്നു. (മത്താ 1/19). മറിയത്തെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്ന യൗസോപ്പ്‌... ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട്‌ ദൈവഹിതം അറിയിക്കുന്നു... അസ്വസ്ഥതകള്‍ മാറുന്നു... മറിയത്തെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു.
ദൈവകൃപ നിറഞ്ഞവളേ സ്വസ്‌തി! കര്‍ത്താവ്‌ നിന്നോടു കൂടെ... ഈ വചനം കേട്ട്‌ അവള്‍ അസ്വസ്ഥയായി... ദൂതന്‍ ദൈവഹിതം വെളിപ്പെടുത്തുന്നു. ഇതാ കര്‍ത്താവിന്റെ ദാസി! എന്ന താഴ്‌മയോടെ മറിയം ദൈവഹിതത്തിന്‌ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നു. ഈ സമര്‍പ്പണത്തിനുശേഷം മാതാവിന്റെയും യൗസോപ്പിതാവിന്റെയും ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്‌ടായതായി നാം സുവിശേഷത്തില്‍ വായിക്കുന്നില്ല. നമ്മുടെ കുടുംബത്തിലെ അസ്വസ്ഥതകള്‍ ദൈവമഹത്വത്തിനായി മാറാന്‍ പ്രാര്‍ത്ഥിക്കാം.

2. ദൈവമനുഷ്യരുടെ സമാഗമമാണ്‌ നസ്രത്തിലെ കുടുംബത്തെ തിരുകുടുംബമാക്കിയത്‌... ദൈവമായ ഈശോയുടെ സാന്നിദ്ധ്യമാണ്‌ ആ കുടുംബത്തെ തിരുകുടുംബമാക്കുന്നത്‌. മാതാവും യൗസോപ്പിതാവും ആദി മാതാപിതാക്കന്മാരുടെ തിന്മയ്‌ക്ക്‌ പ്രായശ്ചിത്തം ചെയ്യുന്നു... അവിടെ ഏദനില്‍ അവര്‍ പാപം ചെയ്‌ത്‌ ദൈവത്തെ അകറ്റി നിര്‍ത്തി. ദൈവപ്രമാണങ്ങളെ നിരാകരിച്ചു. അവരെ ദൈവം ഏദനില്‍ നിന്നും (പറുദീസായില്‍ നിന്നും പുറത്താക്കി) (ഉന്‍ 3/23). ഇവിടെ ദൈവപുത്രന്‌ ജന്മം നല്‌കി മാതാവും... ദൈവ വചനത്തെ സ്വീകരിച്ച യൗസേപ്പിതാവും നസ്രത്തിലെ കുടുംബത്തെ പുതിയൊരു പറുദീസയാക്കുകയായിരുന്നു... നമ്മുടെ കുടുംബവും തിരുകുടുംബമാകാന്‍ നമ്മുടെ കുടുംബത്തില്‍ ദൈവത്തെ കുടി പാര്‍പിക്കുക... ദൈവമില്ലാത്തിടത്ത്‌ പിശാച്‌ കയറിക്കൂടുമെന്ന്‌ ആദിമ കുടുംബം വരച്ചു കാട്ടുന്നു.

3. ഉത്തരവാദിത്വം നിറവേറ്റുന്നവര്‍
പിതാവായ ദൈവത്തിന്റെ പ്രിയ പുത്രനെ (മത്താ: 3/17) വളര്‍ത്തുകയെന്നതായിരുന്നു മറിയത്തിന്റെയും യൗസേപ്പിന്റെയും ഉത്തരവാദിത്വം. കുടുംബത്തില്‍ മാതാപിതാക്കന്മാരുടെ കടമ... ദൈവത്തിന്റെ ദാനമായ മക്കളെ ദൈവത്തിനായി വളര്‍ത്തുകയെന്നതാണ്‌. മക്കള്‍ ദൈവത്തിന്റെ ദാനമാണെന്നറിയുക. ഈശോ മറിയത്തിന്റെയും ഔസേപ്പിന്റെയും അല്ല, പിതാവായ ദൈവത്തിന്റേതാണ്‌. അവന്‍ പൂര്‍ത്തിയാക്കേണ്‌ടത്‌ ഇവരുടെ ഇഷ്ടങ്ങള്‍ അല്ല. അവനെ അയച്ചവന്റെ ഹിതമാണ്‌. ആ നിയോഗങ്ങളിലേക്കും നിര്‍ദ്ദേശത്തിലേക്കും മകനെ വളര്‍ത്തിയെടുക്കുക മാത്രമാണ്‌ ഈ മാതാപിതാക്കന്മാരുടെ കടമ. ഓര്‍ക്കുക നിങ്ങളുടെ മകന്‍/മകള്‍ നിന്റേതല്ല ദൈവത്തിന്റേതാണ്‌... കുറേ കാലത്തേക്ക്‌ നിന്റെ കൈയില്‍ സൂക്ഷിക്കാന്‍ ഏല്‌പിച്ചുവെന്നു മാത്രം. സത്യമായും നീ അല്ല അവനെ/അവളെ ജനിപ്പിച്ചത്‌. നിന്നിലൂടെ പുറത്തു വന്നുവെന്നു മാത്രം. എങ്കില്‍, അവനു വേണ്‌ടിയുള്ള നിന്റെ സ്വപ്‌നങ്ങളെക്കാള്‍ പ്രഥമവും, പ്രധാനവും അവനെ ജനിപ്പിച്ച ദൈവത്തിന്റേതല്ലേ..?
ഈശോയ്‌ക്കുമുണ്‌ടായിരുന്നു നിറവേറ്റാന്‍ ഒത്തിരി ഉത്തരവാദിത്വങ്ങള്‍. അവന്‍ അവര്‍ക്കു വിധേയരായി ജീവിച്ചു (ലൂക്കാ 2/51). തിരുകുടുംബത്തില്‍ പിറന്നവന്‍ കുടുംബത്തില്‍ ജീവിക്കേണ്‌ടതെങ്ങനെയെന്ന്‌ കാട്ടിത്തരുന്നു. ്‌അത്‌ വിധേയപ്പെട്ടുതന്നെയാണ്‌. വചനത്തിന്‌, ദൈവത്തിന്‌, മാതാപിതാക്കള്‍ക്ക്‌, നിയമങ്ങള്‍ക്ക്‌, അച്ചടക്ക ശൈലികള്‍ക്ക്‌... ഒക്കെ നമ്മുടെ മാതാപിതാക്കള്‍ക്ക്‌ എന്തൊക്കെ കുറവുണ്‌ടെന്നിരിക്കിലും നമുക്ക്‌ ജന്മം തന്നു എന്ന ഒറ്റക്കാരണത്താല്‍ നാം നമ്മുടെ ജീവിതം മുഴുവന്‍ അവരോട്‌ കടപ്പെട്ടിരിക്കുന്നു.

4. തിരുകുടുംബത്തിലെ അംഗങ്ങളുടെ പ്രത്യേകതകള്‍... ഈ പുണ്യദിനത്തില്‍ നമുക്ക്‌ പ്രചോദനമേകട്ടെ. യൗസേപ്പ്‌ നീതിമാനായിരുന്നു (മത്താ: 1/9). യൗസേപ്പിനെ വേണമെങ്കില്‍ നീതി നിഷേധിയായ നീതിമാന്‍ എന്നു വിശേഷിപ്പിക്കാം. കാരണം വിവാഹ നിശ്ചയം കഴിഞ്ഞവര്‍ വിവാഹിതരെപ്പോലെ പരിഗണിക്കപ്പെടും. എന്നതിനാല്‍ അവരുടെ വിവാഹേതര ബന്ധങ്ങളെയും വ്യഭിചാരമായി കണക്കാക്കപ്പെടും എന്നതായിരുന്നു യഹൂദനിയമം. വിവാഹ നിശ്ചയം ചെയ്യപ്പെട്ട യൗസേപ്പില്‍ നിന്നല്ലാതെ ഗര്‍ഭം ധരിച്ച മറിയം സ്വഭാവികമായും വധശിക്ഷയ്‌ക്ക്‌ അര്‍ഹയാണെന്ന്‌ നിയമം അനുശാസിക്കുന്നു. മറിയത്തെ നിയമത്തിന്‌ മുന്നിലെത്തിക്കേണ്‌ട യൗസേപ്പാകട്ടെ നിയമാനുഷ്‌ഠാനത്തിന്‌ കൂട്ടുനില്‍ക്കാതെ മറിയത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ തീരുമാനിക്കുന്നു. മനുഷ്യമഹത്വത്തിന്‌ പ്രാധാന്യം നല്‌കി മനുഷ്യനെ സ്‌നേഹിക്കുന്നതാണ്‌ നിയമാനുഷ്‌ഠാനത്തേക്കാള്‍ ശ്രേഷ്‌ഠമെന്ന്‌ യൗസേപ്പിനെ നീതിമാനായി ചിത്രീകരിക്കുന്നതിലൂടെ മത്തായി സുവിശേഷകന്‍ വ്യക്തമാക്കുന്നു... മറിയം ദൈവകൃപ നിറഞ്ഞവളായിരുന്നു (ലൂക്കാ 1/28). മറിയം ദൈവകൃപ നിറഞ്ഞവള്‍ എന്നു നമുക്ക്‌ നിര്‍വചിക്കാം... കാരണം ദൈവകൃപ നിറഞ്ഞവള്‍ക്കേ തിരുകുമാരന്‌ ജന്മം നല്‌കാന്‍ കഴിയൂ... ഈശോ ജ്ഞാനത്തിലും പ്രായത്തിലും... ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നു വന്നു... പ്രായത്തിനനുസരിച്ചുള്ള ഒരാളുടെ പെരുമാറ്റമാണ്‌ പക്വത... ജ്ഞാനവും പ്രായവും തമ്മിലുള്ള നീതീകരണവും ഏകാഗ്രതയുമാണത്‌... ബുദ്ധിയോടൊപ്പം ഹൃദയവും വളരുന്ന വളര്‍ച്ചയുടെ സമഗ്രത. ശരീരത്തോടൊപ്പം മനസ്സും വളരുന്ന വളര്‍ച്ചയുടെ ഏകാഗ്രത...
അവസാനമായി, നമ്മുടെ കുടുംബങ്ങളും തിരുകുടുംബമാകാന്‍ തിരുകുടുംബത്തിലെ മാതാപിതാക്കളുടെയും മകന്റെയും ജീവിതത്തെ ധ്യാനവിഷയമാക്കാം... നമ്മുടെ കുടുംബങ്ങള്‍ തിരുകുടുംബമാകാന്‍ നമ്മുടെ കുടുംബത്തിലും ദൈവം വസിക്കണം. പലപ്പോഴും നമ്മുടെ കുടുംബങ്ങള്‍ തിരുകുടുംബമായി തുടങ്ങി "നരക"മായി അവസാനിക്കുന്നു... അതിനുള്ള എത്രയെത്ര തെളിവുകള്‍... എത്രയെത്ര വിവാഹ കേസുകള്‍... "കാണ്‍മാനില്ല" എന്ന വാര്‍ത്തകള്‍...
ഓര്‍ക്കുക മറിയത്തിനും, യൗസേപ്പിനുംപോലും ഈശോയെ കൈവിട്ടുപോയ മണ്ണാണിത്‌ (ലൂക്ക 2/45). ജീവിതത്തിലെ തിരക്കുകളില്‍ നമുക്കും അവനെ നഷ്ടമാകുമെന്നുറപ്പ്‌... പക്ഷെ ആദ്യം നാം ആ നഷ്ടത്തെ തിരിച്ചറിയണം... അതിന്റെ മൂല്യത്തെ ... മറ്റൊന്നിനെക്കൊണ്‌ടും പകരം വയ്‌ക്കാനാവാത്ത അതിന്റെ അനശ്വരതയെ... പിന്നെ നാം തിരയണം... നഷ്ടപ്പെട്ട ഇടങ്ങളില്‍... ഒടുവില്‍ നീ കണ്‌ടെത്തും ഒരു ദേവാലയം... അതിന്റെ പടികളില്‍ നിന്നെ കാത്ത്‌ നിന്റെ ക്രിസ്‌തു...

ബ്ര: ചക്യാരത്ത്‌ മാത്യു
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌
 
 
Piravikkalam I sermon 2008-09 
യേശുവിന്റെ ദേവാലയ സമര്‍പ്പണം (ലൂക്ക 2.21 55)

വിജാതീയനായ ലൂക്കാ എഴുതിയ സുവിശേഷമായിരുന്നിട്ടും യഹൂദമതവും യഹൂദാചാരങ്ങളും അനുഷ്‌ഠിക്കുന്നതില്‍ തിരുകുടുംബം പുലര്‍ത്തുന്ന നിഷ്‌ഠ സമ്യക്കായി മൂന്നാമത്തെ സുവിശേഷത്തില്‍ വിവരിക്കുന്നു. ആത്മീയതക്ക്‌ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അനിവാര്യമാണ്‌. പുരോഗമനാശയങ്ങളുടെ പേരില്‍ ആചാരനുഷ്‌ഠാനങ്ങളെ അവഗണിക്കുന്നവരുണ്ട്‌. ആചാരാനുഷ്‌ഠാനങ്ങളെ തളളികളയുന്ന ആധ്യാത്മികത വൈയക്കികതയുടെ തുരുത്തില്‍പെട്ടതാണ്‌. ആത്മീയതക്ക്‌ സാമൂഹികമാനം നല്‌കാന്‍ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ആനിവാര്യമാണ്‌. ആചാരാനുഷ്‌ഠാനങ്ങളുടെ ദൈവികതയിലേക്കാണ്‌ സുവിശേഷകന്‍ വിരല്‍ ചൂണ്ടുന്നത്‌. മോശയിലുടെ വെളിപ്പെടുത്തപ്പെട്ട ദൈവഹിതമാണ്‌ തിരുകുടംബം അനുഷ്‌ഠിച്ച ആചാരങ്ങളുടെ പ്രചോദനം. സാമൂവേലിന്റെ ദേവാലയ സമര്‍പ്പണ ഘടനയിലാണ്‌ (1സാമു 1.24-28, 2.20-22). ലുക്കാ ഈ വിവരണം ക്രമീകരിച്ചിരിക്കുന്നത്‌.
ഈ വചനഭാഗത്ത്‌ മൂന്ന്‌ അനുഷ്‌ഠാനങ്ങളുടെ വിവരണമുണ്ട്‌. ഒന്നാമതായി യേശുവിന്റെ ഛേദനാചാരം (2.21). രണ്ടാമതായി ശുദ്ധീകരണ പ്രക്രിയ (2.23-24). മൂന്നാമതായി ശിമയോന്റെ പ്രവചനം (25.35). എട്ടാം ദിവസം നല്‌കുന്ന പരിഛേദനത്തിലൂടയാണ്‌ ആണ്‍കുട്ടികള്‍ യഹൂദമതത്തിലെ ഔദ്യോഗിക അംഗങ്ങളാകുന്നത്‌ (ഉല്‍പ 17.12). മതാചാരപ്രകാരമുളള പേരിടല്‍ കര്‍മ്മവും എട്ടാം ദിവസമാണ്‌ നടത്തിയിരുന്നത്‌. ദൈവം വെളിപ്പെടുത്തിയ യേശു എന്ന നാമമാണ്‌ ശിശുവിന്‌ നല്‍കപ്പെട്ടത്‌. ദൈവം വെളിപ്പെടുത്തിയതും മാതൃകപരമായ ക്രിസ്‌തീയ ജീവിതം നയിച്ചവരുമായ വിശുദ്ധരുടെ പേരുകളില്‍ കുഞ്ഞുങ്ങളെ വിളിക്കേണ്ടതിന്റെ അനിവാര്യതയാണ്‌ ഇവിടുത്തെ സൂചന. കുഞ്ഞുങ്ങള്‍ ക്രൈസ്‌തവരാണെന്ന സാക്ഷ്യത്തോടെപ്പം പേരിന്‌ കാരണഭൂതരായ വിശുദ്ധരുടെ മാധ്യസ്ഥ്യവും ക്രൈസ്‌തവ നാമത്തില്‍ അറിയപ്പെടുന്നതിലൂടെ ലഭിക്കുന്നു.
യേശു ആദ്യജാതനാകയാല്‍ അവനെ വീണ്ടെടുക്കാന്‍ പരിഹാരം അര്‍പ്പിക്കുന്നതാണ്‌ അടുത്ത ചടങ്ങ്‌ (പുറ 13.2, 11.16). ദൈവത്തിനര്‍പ്പിക്കപ്പെട്ട ആദ്യജാതനെ തിരികെ നേടാന്‍ അഞ്ചുവെളളിഷെക്കല്‍ പകരം നല്‍കണം (സംഖ്യ 18.15-16 ). ആദ്യജാതന്‍ ദൈവസന്നിധിയില്‍ ജീവിതകാലമത്രെയും നടത്താന്‍ കടപ്പെട്ട ശശ്രൂഷകള്‍ ലേവിഗോത്രക്കാര്‍ നിര്‍വ്വഹിക്കുന്നതിനു പ്രതിഫലമായാണ്‌ ഈ തുക നല്‍കിയിരുന്നത്‌.
ആണ്‍കുഞ്ഞിന്‌ ജന്മം നല്‍കുന്ന അമ്മ ഏഴുദിവസത്തെക്കും പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കുന്ന അമ്മ 14 ദിവസത്തേക്കും ആശുദ്ധയായി പരിഗണിക്കപ്പെട്ടിരുന്നു (ലേവ്യ 12.1-5). ആശുദ്ധിയുടെ പരിഹാരമായി ഒരു കുഞ്ഞാടിനെയോ രണ്ടു പ്രാവുകളെയോ ബലിയര്‍പ്പിക്കേണ്ടതുണ്ടായിരുന്നു (ലേവ്യ 12. യളള). നീതിമാനും ഭക്തനുമായ ശീമയോന്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി യേശുവിനെ ലോകത്തിന്‌ വെളിപ്പെടുത്തുന്നു. യേശുവിന്റെ ജനനവിവരണത്തിലുടനീളമുളള പരിശുദ്ധാത്മ വെളിപാടാണ്‌ ശെമയോന്റെ പ്രവചനത്തിന്റെയും പ്രചോദനം.

തയാറാക്കിയത്‌
ഫാ. ജോസഫ്‌ പാംപ്‌ളാനി
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home