Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ദെനഹാക്കാലം ഒന്നാം ഞായര്‍
Readings: Exodus 3:1-15; Isaiah 44:21-28; 2Timothy 3:1-9; Luke 4:14-22
കര്‍ത്താവ്‌ തന്റെ പരസ്യ ജീവിതത്തിന്റെ ആരംഭത്തില്‍ യോര്‍ദാനില്‍ നിന്ന്‌ സ്‌നാനം സ്വീകരിച്ചതിനുശേഷം മരുഭൂമിയിലേക്ക്‌ നയിക്കപ്പെടുകയും അവിടെവച്ച്‌ പിശാചിനാല്‍ പരീക്ഷിക്കപ്പെടുകയും ചെയ്‌തു. വി. ലൂക്കായുടെ സുവിശേഷമനുസരിച്ച്‌ മാമ്മോദീസായ്‌ക്ക്‌ശേഷം അവന്‍ തന്റെ ദേശമായ ഗലീലിയിലേയ്‌ക്ക്‌ പിന്‍വാങ്ങുകയും അവിടെയുള്ള സിനഗോഗുകളില്‍ പഠിപ്പിക്കുകയും ചെയ്‌തുകൊണ്‌ടിരുന്നു. അവന്റെ കീര്‍ത്തി ആ ദേശത്ത്‌ വ്യാപിച്ചുതുടങ്ങി.

അക്കാലത്ത്‌ ഈശോ താന്‍ മുപ്പത്‌ വര്‍ഷക്കാലം ജീവിച്ച നസ്രത്തിലെത്തിച്ചേര്‍ന്നു. ഒരു സാബത്തു ദിവസം അവന്‍ അവിടുത്തെ സിനഗോഗില്‍ പ്രവേശിച്ച്‌ അവന്‌ നല്‌കപ്പെട്ട ദൈവവചനം വായിച്ചു. അവന്റെ അധരങ്ങളില്‍ നിന്നും പുറപ്പെട്ട വചനം അവരില്‍ നൂതനമായ പ്രചോദനം ഉളവാക്കി. ആ വചനത്തെക്കുറിച്ച്‌ ആശ്ചര്യപ്പെട്ടുകൊണ്‌ടിരുന്ന അവരോട്‌ അവന്‍ ഇപ്രകാരം അരുള്‍ചെയ്‌തു: നിങ്ങള്‍ കേട്ട ഈ ദൈവവചനം, ദൈവത്തിന്റെ ഈ വാഗ്‌ദാനം എന്നില്‍ നിറവേറിയിരിക്കുന്നു. താന്‍ ദൈവത്തിന്റെ അഭിഷിക്തനാണെന്നര്‍ത്ഥം. നൂറ്റാണ്‌ടുകളായി തങ്ങള്‍ പ്രതീക്ഷിച്ചിരുന്ന അഭിഷിക്തനായ രാജാവിനെ ഈ ആശാരിയില്‍ ദര്‍ശിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടനുഭവപ്പെട്ടതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. തങ്ങളുടെ ആവശ്യാനുസരണം ഫര്‍ണിച്ചറുകള്‍ ഉണ്‌ടാക്കിക്കൊടുത്തിരുന്ന യേശുവിനെ തങ്ങളുടെ രക്ഷകനും രാജാവുമായിക്കാണാന്‍ വിശ്വാസത്തിന്‍ നേത്രങ്ങള്‍ തുറക്കപ്പെടേണ്‌ടിയിരുന്നു. സഭ പൗരോഹിത്യ വര്‍ഷം ആചരിക്കുന്ന ഈ വര്‍ഷത്തില്‍ ഈ വചനഭാഗത്തിന്‌ വലിയ പ്രാധാന്യമുണ്‌ട്‌.

പാപം വഴി തന്നില്‍ നിന്നകന്നുപോയ മാനവരാശിയെ തന്നോടടുപ്പിക്കാനുള്ള ദൈവത്തിന്റെ സ്‌നേഹത്തിന്റെ പദ്ധതിയുമായി ദൈവപുത്രന്‍ ഭൂമിയിലവതരിച്ചു. ദൈവത്തിനു സ്വീകാര്യമായ ഏകബലിയര്‍പ്പിച്ചുകൊണ്‌ട്‌ അവന്‍ ദൈവത്തിനും മനുഷ്യനുമിടയിലെ ഏകമദ്ധ്യസ്ഥനും ഏകപുരോഹിതനുമായിത്തീര്‍ന്നു. അവന്റെ പൗരോഹിത്യം പഴയ നിയമപൗരോഹിത്യത്തിന്റെ തുടര്‍ച്ചയാണെങ്കിലും അതില്‍നിന്നും വളരെ വ്യത്യസ്‌തമാണ്‌.

പഴയ നിയമത്തില്‍ പുരോഹിതര്‍ ദൈവത്തിനും മനുഷ്യനുമിടയിലെ മദ്ധ്യസ്‌തരായാണ്‌ കരുതപ്പെട്ടിരുന്നത്‌. അവര്‍ക്കുമാത്രമേ ബലിയര്‍പ്പിക്കാന്‍ അവകാശമുണ്‌ടായിരുന്നുള്ളു. എങ്കിലും തങ്ങളര്‍പ്പിച്ചിരുന്ന ബലി അപൂര്‍ണമായിരുന്നതിനാല്‍ അവ ആവര്‍ത്തിക്കേണ്‌ടതാവശ്യമായിരുന്നു (Heb 10:1). ഇതില്‍ നിന്നും വ്യത്യസ്‌തമായി യഥാര്‍ത്ഥ പുരോഹിതനായ ഈശോ പൂര്‍ണമായ തന്റെ ഏകബലി എന്നേയ്‌ക്കുമായി അര്‍പ്പിച്ചു. കാരണം അവന്‍തന്നെ പുരോഹിതനും ബലിവസ്‌തുവുമായിരുന്നു. ഈ ബലി പൂര്‍ണ്ണമായതാകയാല്‍ അത്‌ ഒരിക്കല്‍കൂടി അര്‍പ്പിക്കേണ്‌ട ആവശ്യമില്ല. അതുകൊണ്‌ടുതന്നെ പുതിയ നിയമ പൗരോഹിത്യം പഴയ നിയമ പൗരോഹിത്യത്തില്‍നിന്ന്‌ വ്യത്യസ്‌തമാണ്‌.

കര്‍ത്താവിന്റെ ഈ ഏകബലി ഓരോ തലമുറയിലും ഓരോ ദേശത്തുമുള്ള ജനങ്ങള്‍ക്ക്‌ അനുഭവവേദ്യമാക്കാന്‍ വിളിക്കപ്പെട്ടവനാണ്‌ വൈദികന്‍. (CCC 1545). തന്റെ ബലി ഓരോ ദിവസവും ജനത്തിന്‌ നല്‌കാന്‍ ദൈവം നല്‌കുന്ന വിളിയാണ്‌ പൗരോഹിത്യം. ഈ വര്‍ഷത്തെ തിരുപ്പട്ടം നല്‌കല്‍ ശുശ്രൂഷയില്‍ അഭിവന്ദ്യ വലിയമറ്റം പിതാവ്‌ ആവര്‍ത്തിച്ചുപറഞ്ഞിരുന്ന ഒരു ചിന്ത ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്‌: "പരി. അമ്മയുടെ ഉദരത്തില്‍ പരി. ആത്മാവ്‌ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ദൈവപുത്രന്‌ മനുഷ്യനായി ജന്മം ലഭിച്ചതുപോലെ, സഭയുടെ ഉദരത്തില്‍ പരി. ആത്മാവ്‌ പ്രവര്‍ത്തിക്കുന്നതുവഴിയായി തിരഞ്ഞെടുക്കപ്പെട്ട മനുഷ്യമക്കള്‍ക്ക്‌ മറ്റൊരു ക്രിസ്‌തുവായി ജന്മം ലഭിക്കുകയാണ്‌ പൗരോഹിത്യാഭിഷേകത്തിലൂടെ." ആദിമകാലം മുതല്‍ പിതാക്കന്മാര്‍ മറിയത്തെ സഭയുടെ പ്രതീകമായിക്കണ്‌ടിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. ഓരോ പുരോഹിതനും വിശ്വാസിയ്‌ക്ക്‌ പ്രാപ്യമായ മറ്റൊരു ക്രിസ്‌തുവാണ്‌. ഓരോ പുരോഹിതാഭിഷേകവും മറ്റൊരു ക്രിസ്‌തുമസ്സാണ്‌. കര്‍ത്താവിന്റെ സഭയെപ്പടുത്തുയര്‍ത്താന്‍ വിളിക്കപ്പെട്ടവനാണ്‌ ഓരോ പുരോഹിതനും. ഓരോ പുരോഹിതനും പ്രവര്‍ത്തിക്കുന്നത്‌ ക്രിസ്‌തുവിന്റെ സ്ഥാനത്തുനിന്നുകൊണ്‌ടാണ്‌. അതുകൊണ്‌ട്‌ ക്രിസ്‌തുവാകുന്ന തായ്‌ത്തണ്‌ടിനോട്‌ ചേര്‍ന്നു നില്‌ക്കാത്ത ശാഖ ദൈവികമായ ഫലം പുറപ്പെടുവിക്കുകയില്ല. വി. മര്‍ക്കോസിന്റെ സുവിശേഷം പതിനൊന്നാം അദ്ധ്യായം (വാ. 12-14) ഫലമില്ലാതിരുന്ന അത്തിവൃക്ഷത്തെ കര്‍ത്താവ്‌ ശപിക്കുന്നത്‌ വിവരിക്കുന്നുണ്‌ട്‌. ക്രിസ്‌തുവാകുന്ന തായ്‌ത്തണ്‌ടിനോട്‌ ചേര്‍ന്നു നില്‌ക്കാത്ത ശാഖകള്‍ എത്ര തളിര്‍ത്ത്‌ ജീവസ്സുറ്റതായി കാണപ്പെട്ടാലും, മുറിച്ച്‌ നീക്കപ്പെടുകയും നശിച്ചുപോവുകയും ചെയ്യും. ക്രിസ്‌തുവിന്റെ വികാര വിചാരങ്ങളോട്‌ ചേര്‍ന്നു നില്‌ക്കാത്ത പൗരോഹിത്യദര്‍ശനം അര്‍ത്ഥശൂന്യവും അസ്വീകാര്യവുമാണ്‌.

പ്രസിദ്ധ ധ്യാന ചിന്തകനായ ഫുള്‍ട്ടന്‍ ഷീന്‍ പറയുന്നതുപോലെ, ഓരോ ബലിയര്‍പ്പണത്തിലൂടെയും പുരോഹിതന്‍ കാല്‍വരിയിലെ ബലി ഓരോ സ്ഥലത്തും സമയത്തും സന്നിഹിതമാക്കുകയാണ്‌. പുരോഹിതന്‍ കാല്‍വരിയില്‍ നാട്ടപ്പെട്ട, ക്രൂശിതനെ വഹിച്ച്‌ നില്‌ക്കുന്ന, രക്തമൊഴുകുന്ന ആ കുരിശിനെ ന്യൂയോര്‍ക്കിലും ലണ്‌ടനിലും (കൊച്ചിയിലും, കോഴിക്കോട്ടും...) നാട്ടുകയാണ്‌ ചെയ്യുന്നത്‌. ക്രിസ്‌തുവിന്റെ ബലി ഇന്ന്‌ ഇവിടെ അനുഭവവേദ്യമാക്കുന്ന ദൈവിക ഉപകരണമായതിനാലാണ്‌ പുരോഹിതനെ മറ്റൊരു ക്രിസ്‌തുവെന്ന്‌ വിളിക്കുന്നത്‌. ബലിപോലെ തന്നെ, കര്‍ത്താവ്‌ സ്ഥാപിച്ച മറ്റ്‌ കൂദാശകളും മനുഷ്യന്‌ പ്രാപ്യമാക്കുന്നത്‌ പൗരോഹിത്യത്തിലൂടെയാണ്‌. പുരോഹിതന്‍ സ്‌നാനം നല്‌കുമ്പോള്‍ ക്രിസ്‌തുവാണ്‌ സ്‌നാനം നല്‌കുന്നത്‌, പുരോഹിതന്‍ ആശീര്‍വദിക്കുമ്പോള്‍ ക്രിസ്‌തുവാണ്‌ ആശീര്‍വദിക്കുന്നത്‌... (CCC 1120). തന്റെ ദൃശ്യമായ സാന്നിദ്ധ്യം ലോകത്തില്‍ സാധ്യമാക്കാനാണ്‌ ക്രിസ്‌തു പൗരോഹിത്യം സ്ഥാപിച്ചത്‌. പൗരോഹിത്യത്തിന്റെ അഭാവത്തില്‍ ദൈവജനരൂപീകരണവും ആത്മീയ സംരക്ഷണവും അസാധ്യമാകുമായിരുന്നു.

ഫ്രാന്‍സിലെ നോര്‍മഡി (Normady)എന്ന ഗ്രാമത്തില്‍ പറയപ്പെടുന്ന, നമുക്ക്‌ ഒരു പക്ഷെ സുപരിചിതമായ ഒരു കഥ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്‌. രണ്‌ടാം ലോകമഹായുദ്ധകാലത്ത്‌ ഈ ഗ്രാമത്തിന്‍ പുറത്ത,്‌ അവര്‍ വിശ്വാസത്തോടുകൂടി സ്ഥാപിച്ചിരുന്ന യേശുവിന്റെ മനോഹരമായ പ്രതിമയ്‌ക്ക്‌ കൈകളും പാദങ്ങളും നഷ്ടമാകുകയും, രൂപം വികൃതമാകുകയും ചെയ്‌തു. ശത്രുവിന്റെ ബോംബാക്രമണത്തില്‍ വികൃതമാക്കപ്പെട്ടെങ്കിലും രൂപം പൂര്‍ണ്ണമായി നശിച്ചിരുന്നില്ല. ഗ്രാമവാസികളുടെ അഭിമാനമായിരുന്ന ഈ രൂപം എന്തു ചെയ്യണമെന്ന്‌ യുദ്ധത്തിനുശേഷം ചൂടേറിയ ചര്‍ച്ച നടന്നു. ഒരു വിഭാഗം ആളുകള്‍, വിലയേറിയ ആ രൂപം അന്ന്‌ ലഭ്യമായ നല്ല കലാകാരന്മാരുടെ സഹായത്തോടെ പൂര്‍വ്വ മഹിമയോടെ ജീര്‍ണ്ണോദ്ധാരണം നടത്തി, പുനസ്ഥാപിക്കണമെന്നഭിപ്രായപ്പെട്ടു. രണ്‌ടാമതൊരു കൂട്ടര്‍, പ്രതിമയുടെ രൂപഭാവങ്ങള്‍ക്ക്‌ കാര്യമായ ക്ഷതം സംഭവിച്ചിരിക്കുകയാല്‍ അത്‌ എറിഞ്ഞു കളയുകയും പകരം മറ്റൊരു നല്ല രൂപം അവിടെ സ്ഥാപിക്കുകയും ചെയ്യുകയാണ്‌ യുക്തം എന്ന്‌ വാദിച്ചു. മൂന്നാമതൊരു വിഭാഗം ചിന്തിച്ചത്‌ മറ്റൊരു വിധത്തിലായിരുന്നു: യുദ്ധകാലത്തെ അനുസ്‌മരിപ്പിക്കുന്ന ആ പ്രതിമ അതായിരിക്കുന്ന വിധത്തില്‍ നിലനിര്‍ത്തണമെന്നും അതിനോട്‌ ചേര്‍ന്ന്‌ ഒരു പലകയില്‍ "നിങ്ങളല്ലാതെ എനിക്ക്‌ കൈകളോ പാദങ്ങളോ ഇല്ല" എന്നെഴുതണമെന്നും വാദിച്ചു. ഇവരുടെ ചിന്തയാണ്‌ അംഗീകാരം നേടിയത്‌. ഇന്ന്‌ ക്രിസ്‌തുവിന്റെ കരങ്ങളും പാദങ്ങളുമാണ്‌ പുരോഹിതര്‍.

കര്‍ത്താവിന്റെ ബലി സമൂഹത്തിന്‌ സംലഭ്യമാക്കാനും അവന്റെ സാന്നിധ്യം അനുഭവവേദ്യമാക്കാനും പുരോഹിതന്റേതല്ലാതെ ക്രിസ്‌തുവിന്‌ മറ്റ്‌ കൈകളും പാദങ്ങളുമില്ല... മാധ്യമങ്ങളും ആധുനിക ജീവിത ശൈലിയും, രാഷ്ട്രീയ താല്‌പര്യങ്ങളും വികൃതമാക്കുന്ന ക്രിസ്‌തുവിന്റെ ശരീരമായ സഭയുടെ കൈകളും പാദങ്ങളും മനസ്സും ഹൃദയവുമാണ്‌ പുരോഹിതന്‍. ഈ കൈകളെ നമുക്ക്‌ ശക്തിപ്പെടുത്താം. അതിന്റെ കുറവുകളെ നമുക്ക്‌ സഹിഷ്‌ണതയോടെ കാണാം, പുരോഹിതനെ ദര്‍ശിക്കുമ്പോള്‍ കര്‍ത്താവിനെ തന്നെ ദര്‍ശിക്കാനും അവനിലൂടെ കര്‍ത്താവിന്റെ വചനം ശ്രവിക്കുവാനും നമുക്ക്‌ കഴിയട്ടെ.

ദൈവം തന്റെ ആത്മാവിനെ സമൃദ്ധമായി വര്‍ഷിച്ചുകൊണ്‌ട്‌ തന്റേതാക്കി മാറ്റിയിരിക്കുന്ന പുരോഹിതനെ കാണേണ്‌ടത്‌ പണം വായ്‌പ വാങ്ങാനുള്ള വ്യക്തിയായോ, കുറവുകള്‍ ധാരാളമുള്ള ഒരു മനുഷ്യനായോ, അനുകരണീയനായ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവായോ അല്ല... (അവന്‍ തച്ചന്റെ മകനല്ലേ?; ലൂക്ക 4:22). മറിച്ച്‌ ക്രിസ്‌തുവിന്റെ കരങ്ങളും, ഹൃദയവും അധരങ്ങളുമായാണ്‌. അതിന്‌ നമ്മുടെ വിശ്വാസത്തിന്റെ നേത്രങ്ങള്‍ തുറക്കപ്പെടേണ്‌ടിയിരിക്കുന്നു.

തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.

Sermon 2009
രക്ഷാകരചരിത്രം വിമോചനത്തിന്റെ ചരിത്രമാണ്‌. മനുഷ്യനെ ബന്ധിതമാക്കുന്ന എല്ലാ മേഖലകളെയും പരാജയപ്പെടുത്തി മാനവചരിത്രം സൃഷ്ടാവിനെ പൂര്‍ണ്ണമായും മനസ്സിലാക്കുന്ന സമാഗമത്തിന്റെ, സന്തോഷത്തിന്റെ, സമാധാനത്തിന്റെ സന്തേശമാണ്‌. സഹനങ്ങളിലുടെ കടന്നുപോകുന്ന മനുഷ്യനെ നോക്കി അവന്റെ നിലവിളികേട്ട്‌ അരികിലേക്ക്‌ ദൈവം ഓടിയെത്തുകയാണ്‌. ലോകത്തിന്റെ ക്രമത്തിന്‌, ഘടനക്ക്‌ മനുഷ്യമഹത്വത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിഞ്ഞ്‌ അവനെ അനുയോജ്യമാക്കുന്ന `കര്‍ത്താവിന്‌ സ്വീകാര്യമായ വത്സരം` മനുഷ്യനെ കാത്തിരിക്കുന്ന സമയം. ഈ സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കാന്‍ ദൈവം പ്രവാചകന്‍മാരെ അയ്‌ച്ചു. മാനസികവും ശാരിരികവുമായ അടിമത്വത്തില്‍ നിന്ന്‌ എന്നേക്കുമായി രക്ഷിക്കാന്‍ വെളിപാടിന്റെ പൂര്‍ത്തികരണമായി .... കത്തിത്തിരുന്ന മുള്‍പ്പര്‍പ്പിന്റെ പ്രതീകമായി... ഈശോയും നസ്രറത്തിലെ കൊച്ചുസിനഗോഗില്‍... ഏശയ്യാ പ്രവാചകന്റെ പുസ്‌തകം തുറന്ന്‌ വായിക്കുന്നതിനോടുകുടി രക്ഷാകര ചരിത്രം നമുക്ക്‌ സമീപസ്ഥമാകുകയാണ്‌.
പുറപ്പാട്‌ 3.1-15 വരെയുളള തിരുവചനം നമ്മെ പഠിപ്പിക്കുന്നത്‌ പുറപ്പാടിന്റെ അനുഭവമാണ്‌. കത്തിച്ചാമ്പലാകുന്ന മുള്‍പ്പടര്‍പ്പിനു മുമ്പില്‍ നിന്ന്‌ മോശക്ക്‌ വലിയ ദൗത്യത്തിനുളള വെളിപാട്‌ ലഭിക്കുന്നു. പുറപ്പാട്‌ എന്നും... എന്തില്‍ നിന്നോ... എവിടെ നിന്നോ ഉളള പുറപ്പാടാണ്‌ പുറപ്പാടിന്റെ ലക്ഷ്യവും, അതിനെ നയിക്കുന്നതും ദൈവമാണെങ്കില്‍ യാത്ര തികച്ചും വിജയകരം. കത്തിത്തിരുന്ന മുള്‍പ്പടര്‍പ്പ്‌ എന്ന മഹാദൃശ്യം അടുത്തുകാണുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന മോശയോട്‌ ദൈവം വിളിച്ചവന്റെ മഹത്വംവും പരിശുദ്ധിയും കാണിച്ച്‌ കൊടുക്കുന്നു. മുള്‍പ്പര്‍പ്പ്‌ കത്തിത്തിരുന്നില്ല. കാരണം ദൈവത്തിന്റെ വെളിപാടുകള്‍ പഴയനിയമത്തില്‍ ഉടനീളം തുടരുകയാണ്‌. പുതിയ നിയമത്തിലേക്ക്‌. വിമോചനത്തിലേക്ക്‌ വിളിക്കുന്ന ദൈവം ഇന്നലെ ഉണ്ടായ ദിവ്യജോതിയോ. കാലഘട്ടത്തിന്റെ ഏതോ നിമിഷത്തില്‍ ഉദം ചെയ്‌തവനോ അല്ല. അവിടുന്ന്‌ തലമുറകളുടെ ദൈവം. ഞാന്‍ നിന്റെ പിതാക്കന്‍മാരുടെ ദൈവമാണ്‌. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവം പുറപ്പാട്‌ 3. 6-7.
പിതാക്കന്‍മാരുടെ ദൈവം മക്കളുടെ നിലവിളി കേള്‍ക്കുന്നവനാണ്‌. തന്റെ സുതരുടെ രോദനം കേള്‍ക്കുന്നവനാണ്‌. പിതാക്കന്‍മാരുടെകൂടെ നടന്ന ദൈവം മക്കളെ അടിമത്ത്വത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ മോശയെ വിശുദ്ധികരിച്ച്‌ നേതാവാക്കുന്നു പുറപ്പാട്‌ 3.9-11. മനുഷ്യന്റെ സമഗ്രവിമോചകന്‍ കര്‍ത്താവാണ്‌ എന്ന്‌ ഏശയ്യാ പ്രവാചകനും വിളിച്ച്‌ പറയുന്നു. ബാബിലോണിയന്‍ അടിമത്ത്വക്കാലത്ത്‌ പുതിയ പുറപ്പാടിന്‌ കാഹളം മുഴക്കികൊണ്ട്‌ പ്രവാസികള്‍ക്ക്‌ വിമോചനത്തിന്റെ സദ്‌വാര്‍ത്തയുമായി രണ്ടാം ഏശയ്യാ കടന്നുവരുന്നുണ്ട്‌. കാര്‍മേഘംപോലെ ഇസ്രായേലിന്റെ തിന്മകളം മൂടല്‍ മഞ്ഞുപോലെ പാപങ്ങളും തുടച്ചുമാറ്റാന്‍ കഴിവുളളവന്‍ കര്‍ത്താവാണ്‌ എന്ന്‌ പ്രവാചകന്‍ വിളിച്ച്‌ പറയുന്നു ഏശയ്യാ 22-25. ജറുസലേമിനോട്‌ അവള്‍ അധിവസിക്കപ്പെടുമെന്നും യൂദാനഗരങ്ങളോട്‌ അവര്‍ പുനര്‍നിര്‍മ്മിക്കപ്പെടുമെന്നും നാശത്തില്‍നിന്ന്‌ അവരെ ഞാന്‍ പുനരുദ്ധരിക്കുമെന്നും അവിടുന്ന്‌ അരുള്‍ ചെയ്യുന്നു. ദൈവം സമഗ്രവിമോചകന്‍ എന്ന ആശയത്തിന്‌ വി. ഗ്രന്ഥം അടിവരയിടുന്നു. പക്ഷെ വാഗ്‌ദാനങ്ങളിലെ പൂര്‍ത്തികരണം വിണ്ടും രക്ഷാകരചരിത്രത്തില്‍ നീളുകയാണ്‌. എമ്മാനുവേലിനെകുറിച്ചുളള പ്രവചനം ഈ പശ്ചാത്തലത്തില്‍ ചിന്തനിയമാണ്‌. കത്തിച്ചാമ്പലാകാത്ത വെളിപാടിന്റെ മുള്‍പ്പടര്‍പ്പ്‌ ഈശോമിശിഹായില്‍ പൂര്‍ത്തികരിക്കപ്പെടുന്നു. മുള്‍പ്പടര്‍പ്പിനെ ചാമ്പലാക്കാതെ ജ്വലിച്ചുകൊണ്ട്‌ ആരംഭിക്കുന്ന ദൈവീക വെളിപാട്‌ അതിന്റെ പൂര്‍ണ്ണത കണ്ടെത്തുന്നത്‌ കുരിശുമരത്തെ മഹ്വത്തികരിച്ചുകൊണ്ട്‌ സ്വയം എരിഞ്ഞടങ്ങുന്ന മഹ്വത്തികൃതനായ ക്രിസ്‌തുവിലാണ്‌ `എല്ലാം പൂര്‍ത്തിയായി`(യോഹന്നാന്‍ 19.30). വചനത്തിലുടെ കാലാകാലങ്ങളില്‍ അരുള്‍ചെയ്യപ്പെട്ട വിമോചനത്തിന്റെ ദൈവശാസ്‌ത്രങ്ങള്‍ സാധൂകരിക്കയാണ്‌. ഈശോ ഏശയ്യാ പ്രവാചകന്റെ പുസ്‌തകം തുറക്കുന്നു. പുതിയ വെളിപാടോ... മതത്തിന്റെ ധ്രൂവികരണമോ അല്ല... പിന്നയോ പ്രവചനങ്ങളുടെ തുടര്‍ച്ചക്ക്‌ അവിടുന്ന്‌ ഇസ്രായേല്‍ മുഴുവന്‍ രക്ഷപ്രാവിക്കും എന്ന്‌ പൗലോസ്‌ ശ്ലീഹാ റോമാക്കാര്‍ക്ക്‌ എഴുതിയിരിക്കുന്നു റോമാ 12.26.
വലിയ കാര്യങ്ങളുടെ തുടക്കങ്ങള്‍ പലപ്പോഴും നാം ശ്രദ്ധിക്കാത്തതായിരിക്കും. ലൂക്കാ സുവിശേഷകന്‍ ഇതോടെ ദൗത്യത്തിന്റെ പ്രഘോഷണം, എന്തൊക്കെയാണ്‌ അവിടുന്ന്‌ ചെയ്യാന്‍പോകുന്നതെന്ന്‌ തുടക്കത്തിലെ പ്രഖ്യാപിക്കുന്നു. നസറത്തിലെ ഈ സംഭവം ലൂക്കാസുവിശേഷകന്റെ വിവരണത്തെ മൊത്തമായിതന്നെ കേന്ദ്രികരിക്കുന്നു. ഈശോമിശിഹായുടെ നാവില്‍ നിന്ന്‌ പുറപ്പെട്ട കൃപാവചസുകള്‍ കേട്ട്‌ അത്ഭുതപ്പെടുകയും എന്നാല്‍ ഹൃദയം കഠിനമാക്കുകയും ചെയ്‌തവരുമുണ്ട്‌. ഇവര്‍ ഈശോ തന്റെ ജീവിതകാലത്ത്‌ കണ്ടുമട്ടിയ രണ്ടു വിഭാഗം ആളുകളെ പ്രതിനിധികരിക്കുന്നു.
ഈശോമിശിഹാ കര്‍ത്താവിന്റെ വത്സരം പ്രഖ്യാപിച്ചു. ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ താന്‍ ആര്‍ക്കാണ്‌ നല്‍കുന്നതെന്ന്‌ അവിടുന്ന്‌ വിശുദ്ധീകരിച്ചു.

കര്‍ത്താവിന്റെ ആത്മാവ്‌ എന്റെമേല്‍ ഉണ്ട്‌.

ഈശോയുടെ ആധികാരികത്വം ആണ്‌ ഇവിടെ വെളിപ്പെടുന്നത്‌. അവന്‍ ദൈവത്തിന്റെ ആത്മാവിനാല്‍ നയിക്കപ്പെട്ടവനാണ്‌. മാമോദീസാവേളയിലും ലൂക്കാ 3.22. മരുഭൂമിയിലെ പരിക്ഷയിലും ലൂക്കാ 4-ാം അദ്ധ്യായത്തിലും നമുക്ക്‌ ഇത്‌ കാണാവുന്നതാണ്‌. ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവനാണ്‌ പ്രവാചകന്‍ എന്ന പഴയനിയമചിന്ത ക്രിസ്‌തുവില്‍ പൂര്‍ത്തികരിക്കപ്പെടുന്നു. ദരിദ്രരെ സുവിശേഷം അറിക്കാന്‍ അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ദരിദ്രര്‍ ആലംബമില്ലാത്തവരാണ്‌, ലോകത്തില്‍ അവകാശം ഇല്ലാത്തവര്‍ ആണ്‌. മനുഷ്യരുടെ തുണയില്ലാതെ, നാളെയെകുറിച്ച്‌ ചിന്തിക്കാതെ, ദൈവം മാത്രം ആശ്രയമായിട്ടുളളവരുടെ അടുത്തേയ്‌ക്കാണ്‌ താന്‍ ദൈവരാജ്യത്തിന്റെ സുവിശേഷവുമായി എത്തുന്നതെന്ന്‌ ഈശോ പ്രവചിക്കുകയായിരുന്നു. മത്തായിയുടെ സുവിശേഷം 4.23, 9.35 എന്നിവടങ്ങളില്‍ ഈശോയുടെ പ്രവചനത്തിന്റെ പ്രയോഗികതയാണ്‌ നാം കാണുന്നത്‌. സുവിശേഷം ആവര്‍ത്തിച്ച്‌ നമ്മോട്‌ പറയുന്നത്‌ അവന്‍ തന്നെ സമീപിച്ചവരെ സുഖപ്പെടുത്തി എന്നാണ്‌ മത്തായി 9.27;15.22, ലുക്കാ 7.11-17; 17.13, മര്‍ക്കോസ 10.48. ആരോഗ്യമുളളവര്‍ക്കല്ല രോഗികള്‍ക്കാണ്‌ വൈദ്യനെകൊണ്ട്‌ ആവശ്യം എന്ന്‌ അവിടുന്ന്‌ പറയുന്നു മത്തായി 9.12-13.

ബന്ധിതര്‍ക്ക്‌ മോചനം

ശാരിരികമായും മാനസികമായും ബന്ധനം അനുഭവിക്കുന്നവര്‍ക്ക്‌ അവിടുന്ന്‌ മോചനം നല്‌കുന്നു. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എന്റെ അടുക്കലേക്ക്‌ വരുവിന്‍ എന്ന്‌ അവിടുന്ന്‌ ആഹ്വാനം ചെയ്യുന്നുണ്ട്‌. പാപികളുടെ കൂട്ടുകാന്‍ എന്ന്‌ അവന്‍ അറിയപ്പെട്ടു (മത്തായി 11.19, ലൂക്കാ 7.30 മുതല്‍) യഹൂദമനസാക്ഷിയില്‍ പാപികളായി, ദൈവകോപം പെറുന്നവരായി മുദ്രകുത്തുന്ന സ്‌ത്രീകള്‍, വിധവകള്‍, ചുങ്കകാര്‍, എന്നിവരെയെല്ലാം അവന്‍ സ്വീകരിച്ചു. അവരുടെ ഒപ്പം വിരുന്നിനിരുന്നു, പാപങ്ങള്‍ മോചിച്ചു. മത്തായി 9.1-8

അന്ധര്‍ക്ക്‌ കാഴ്‌ച


ദൈവത്തെ കാണാന്‍ കാഴ്‌ചയില്ലാത്തവര്‍ക്കും ദൈവികവെളിപാട്‌ കാണാന്‍ ഉള്‍ക്കണ്ണുകള്‍ക്ക്‌ ശക്തിയില്ലാത്തവര്‍ക്കും അവന്‍ പ്രകാശം നല്‌കി. സമൂഹം അടിച്ചമര്‍ത്തിയ മനുഷ്യരേയും ശരിരികവും മാനസികവുമായി തളര്‍ന്നവരെയും അവന്‍ തന്റെ രാജ്യത്തിലേക്ക്‌ ചേര്‍ത്തു.

കര്‍ത്താവിന്‌ സ്വീകാര്യമായ വത്സരം

സമാധാനം, നീതി, കരുണ എന്നിമൂല്യങ്ങളാല്‍ വിളങ്ങുന്ന സമൂഹത്തെ ആണ്‌ ഈശോ വിഭാവനം ചെയ്യുന്നത്‌. ദൈവത്തെ ആബാ പിതാവേ എന്നു വിളിക്കുന്ന മനുഷ്യര്‍ എല്ലാവരും ശിശുക്കളെപ്പോലെ ആകുന്നു. ദൈവരാജ്യ അനുഭവം തന്റെ സഹജീവികളിലേക്കും പടരണം. വിദ്വേഷത്തിനോ, വര്‍ഗ്ഗവൈര്യത്തിനോ സമ്പത്ത്‌ സ്ഥാനമാനങ്ങള്‍ സൗന്തര്യം ലോകത്തിന്റെ മാനദ്‌ണ്ടങ്ങള്‍ എന്നിവ തീര്‍ക്കുന്ന അതിര്‍വരമ്പുകള്‍ക്കോ അവിടെ സ്ഥാനമില്ല. സമ്പത്തോ സ്ഥാമാനങ്ങളോ അല്ല പിന്നെയോ ദൈവത്തില്‍ ആശ്രയംവയ്‌ക്കുന്നവരാണ്‌ യഥാര്‍ത്ഥ സത്യത്തിലേക്ക്‌, യഥാര്‍ത്ഥ വിമോചകനെ കണ്ടെത്തിയെന്ന്‌ അവിടുന്ന്‌ നമുക്ക്‌ പറഞ്ഞുതരുന്നു. ദൈവം വാഗ്‌ദാനം ചെയ്‌ത രക്ഷകനെ കരള്‍കുളിര്‍ക്കെ കണ്ട ശിമയോന്റെയും അന്നയുടെയും ജീവിതം നമുക്ക്‌ മുമ്പില്‍ മാതൃകയായി ഉണ്ട്‌ ലുക്ക 2.25-38.
ഇനി ആരെല്ലാമാണ്‌ ഈ കര്‍ത്താവിന്‌ സ്വീകാര്യമായ വത്സരത്തെ തടയുന്നത്‌, അകറ്റപ്പെടുന്നത്‌. പൗലോസ്‌ ശ്ലീഹാ തിമോത്തിയോസിന്‌ എഴുതിയ രണ്ടാം ലേഖനം 3-ാം ആദ്ധ്യായം1-9 വരെയുളള തിരുവചനങ്ങള്‍ വരച്ചുകാണിക്കുന്നു. ഈശോമിശിഹാ പ്രവചിച്ച സ്വാതന്ത്രത്തിനെതിരായി, വിമോചനത്തനെതിരായി കാഹളം മുഴക്കുന്നവര്‍ ആരാണ്‌ - അവരുടെ നിരയില്‍ നാം നമ്മെതന്നെ കണ്ടത്തുന്നോ എന്ന്‌ നോക്കണം - സ്വര്‍ത്ഥമോഹികള്‍, ധനമോഹികള്‍, അഹങ്കാരികള്‍, ഗര്‍വ്വിഷ്‌ഠര്‍, ദൈവദൂഷകര്‍, അനുസരണമില്ലാത്തവര്‍, നന്മയില്ലാത്തവര്‍, വിശുദ്ധിയില്ലാത്തവര്‍... ഇങ്ങനെ അവരുടെ നിര നിണ്ടുപോകുകയാണ്‌. അവരില്‍നിന്ന്‌ ഒഴിഞ്ഞ്‌ നിന്ന്‌ സത്യത്തിന്റെ പൂര്‍ണ്ണതയെ സ്വന്തമാക്കാന്‍ പൗലോസ്‌ ശ്ലീഹാ നമ്മെ ഉപദേശിക്കുന്നു.

ഉപസംഹാരം

നാം ജീവിക്കുന്നത്‌ അസമാധാനത്തിന്റെയും ബന്ധനത്തിന്റെയും അരിഷിതാവസ്ഥയുടെയും നടുവിലാണ്‌. എല്ലാവരും ആഗ്രഹിക്കുന്നത്‌ ശാന്തിയുടെ, വിമോചനത്തിന്റെ കാലത്തിലേക്കാണ്‌. കുടുംബബന്ധങ്ങള്‍ അറ്റുവിഴുമ്പോള്‍, കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ പച്ചിചിന്തുമ്പോള്‍ ഓര്‍ക്കുക.. പത്രതാളുകളില്‍ ചോര ഒലിപ്പിച്ച്‌ മരിച്ച്‌കിടക്കുന്ന കുഞ്ഞിന്റെ മുഖംകാണുമ്പോള്‍ ഓര്‍ക്കുക ദൈവം മനുഷ്യന്‌ കാലാകലങ്ങളില്‍ വിമോചനത്തിന്റെ സ്വാതന്ത്രത്തിന്റെ സദ്വവാര്‍ത്ത പകര്‍ന്നുകൊടുക്കുമ്പോള്‍ മനുഷ്യന്‍ സ്വന്തം മഹത്വം അന്വേഷിച്ച്‌ കര്‍ത്താവിന്റെ സ്വീകാര്യമായ വത്സരത്തില്‍ നിന്ന്‌ അന്യമാകുന്നു. നമുക്ക്‌ മുമ്പില്‍ രണ്ട്‌ സാധ്യതകള്‍ ഉണ്ട്‌ കത്തിത്തിരുന്ന മുള്‍പ്പടര്‍പ്പായി വെളിപാടിന്റെ പ്രവചനങ്ങളുടെ പൂര്‍ത്തികരണമായ ഈശോമിശിഹായുടെ കൃപാവചസുകള്‍ കേള്‍ക്കാം അല്ലെങ്കില്‍ ഓര്‍ക്കുക നാം ഹൃദയം കഠിനമാക്കുമ്പോള്‍ സഹോദരന്‍ വേദനിക്കുന്നു.


തയാറാക്കിയത്‌
റവ. ജോസഫ്‌ പൊട്ടനാനിയില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home