Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
നോമ്പുകാലം ഒന്നാം ഞായര്‍
February 22, 2009. Readings: Exodus 34:5-9; Isaiah 58:1-10; Ephesus 4:17-32; Matthew 4:1-11
മലമുകളിലുള്ള നിശബ്ദ വനത്തില്‍ വിശുദ്ധനായ ഒരു മനുഷ്യനുണ്‌ടായിരുന്നു. മുടന്തി മുടന്തി ഒരു കൊള്ളക്കാരന്‍ മലമുകളിലെത്തി. വിശുദ്ധന്റെ കാല്‌ക്കല്‍ വീണ്‌ അയാള്‍ അപേക്ഷിച്ചു. `മഹാ വിശുദ്ധാ, എനിക്ക്‌ സ്വസ്ഥത തരൂ. എന്റെ പാപങ്ങള്‍ നിരന്തരം എന്നെ പീഡിപ്പിച്ചുകൊണ്‌ടിരിക്കുന്നു`. അപ്പോള്‍ വിശുദ്ധന്‍ പറഞ്ഞു: `എന്റെ പാപങ്ങള്‍ എന്നെയും പീഡിപ്പിച്ചുകൊണ്‌ടിരിക്കുന്നു`. കൊള്ളക്കാരന്‍: `ഞാനൊരു കൊള്ളക്കാരനും പിടിച്ചുപറിക്കാരനുമാണ്‌`. വിശുദ്ധന്‍: `ഞാനും ഒരു കൊള്ളക്കാരനും പിടിച്ചു പറിക്കാരനും ആണ്‌`. അപ്പോള്‍ കൊള്ളക്കാരന്‍: `ഞാനൊരു കൊലപാതകി കൂടിയാണ്‌, ഗുരോ. എണ്ണമറ്റ മനുഷ്യരുടെ രക്തവിലാപങ്ങള്‍ എന്റെ കാതില്‍ മുഴങ്ങുന്നുണ്‌ട്‌`. വിശുദ്ധന്റെ മറുപടി: `ഞാനും കൊലപാതകിയാണ്‌. എണ്ണമറ്റ മനുഷ്യരുടെ രക്തവിലാപങ്ങള്‍ എന്റെ കാതിലും മുഴങ്ങുന്നുണ്‌ട്‌. കൊള്ളക്കാരന്‍ വീണ്‌ടും പറഞ്ഞു: `എണ്ണമറ്റ കുറ്റകൃത്യങ്ങള്‍ ഞാന്‍ ചെയ്‌തിട്ടുണ്‌ട്‌`. വിശുദ്ധന്‍: `ഞാനും`.

വിശുദ്ധനെ തുറിച്ചൊന്നു നോക്കിയശേഷം അവന്‍ താഴേക്കിറങ്ങിപ്പോയി. ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ അങ്ങ്‌ ഒരു കുറ്റവാളിയെന്ന്‌ സ്വയം ആരോപിച്ചതെന്തിന്‌? ആ മനുഷ്യന്‍ അങ്ങിലുള്ള വിശ്വാസം നഷ്ടപ്പെട്ട്‌ ഇറങ്ങിപ്പോയത്‌ അങ്ങ്‌ കണ്‌ടില്ലേ? ശിഷ്യഗണം വിശുദ്ധനോടു ചോദിച്ചു. `അത്‌ സത്യമാണ്‌. അയാള്‍ ഇനി ഒരിക്കലും എന്നെ വിശ്വസിക്കില്ല. എങ്കിലും അവന്റെ മനസ്സില്‍ ഏറെ ശാന്തി ലഭിച്ചിരിക്കുന്നു`.
നാളെ മുതല്‍ നാം അമ്പതു നോമ്പ്‌ ആരംഭിക്കുകയാണ്‌. അപരന്‌ ആശ്വാസം ലഭിക്കാന്‍ ചെയ്യാത്ത കുറ്റങ്ങള്‍ ഏറ്റെടുത്ത ഒരു ദൈവപുത്രന്റെ ചിത്രമാണ്‌ നോമ്പുദിനങ്ങളില്‍ വിശ്വാസികളുടെ ഹൃദയത്തെ തൊടേണ്‌ടത്‌.

ഈ നോമ്പു ദിനങ്ങളില്‍ വിശ്വാസികളായ നാം എങ്ങനെയാണ്‌ ജീവിക്കേണ്‌ടതെന്നും പരിക്ഷണങ്ങളെ എങ്ങനെയാണ്‌ അതിജീവിക്കേണ്‌ടതെന്നും ഈശോ തന്നെ കാണിച്ചു തരുന്ന മാതൃകയാണ്‌ ഇന്നത്തെ സുവിശേഷത്തില്‍ നാം വായിച്ചു കേട്ടത്‌. ഒന്നാമത്തെ വാക്യത്തില്‍ നാം വായിക്കുന്നു, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന്‌ ഈശോയെ ആത്മാവ്‌ മരുഭൂമിയിലേക്ക്‌ നയിച്ചു. പഴയ നിയമത്തില്‍ മരുഭൂമി ദൈവസാന്നിദ്ധ്യം നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ്‌. ഇസ്രായേല്‍കാരുടെ 40 വര്‍ഷത്തെ മരുഭൂമി വാസത്തില്‍ ദൈവം പകല്‍ മേഘമായും രാത്രി അഗ്നിസ്‌തംഭവുമായും തന്റെ സാന്നിധ്യം അറിയിക്കുന്നു. മരുഭൂമിയില്‍ അവിടുന്ന്‌ തന്റെ ജനത്തെ കഴുകന്റെ ചിറകുകളില്‍ എന്നപോലെ സംരക്ഷിക്കുന്നു. എന്നാല്‍ ഇവിടെ ദൈവസാന്നിധ്യം നഷ്ടപ്പെട്ട്‌ പിശാചിന്റെ കേന്ദ്രമായി മരുഭൂമി മാറിയിരിക്കുന്നു. ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളൊക്കെയും പിശാചിന്റെ കേന്ദ്രങ്ങളാണ്‌.

2-ാം വാക്യത്തില്‍ നാം കാണുന്നു: ഈശോ 40 ദിനരാത്രങ്ങള്‍ ഉപവസിച്ചു. പഴയ നിയമത്തില്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനകള്‍ക്കുശേഷമാണ്‌ മോശ നിയമങ്ങള്‍ സ്വീകരിച്ചത്‌. 40 ദിവസത്തിലെ ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും തന്റെ പുണ്യജീവിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ശക്തി സംഭരിക്കുന്ന മനുഷ്യപുത്രന്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ 40 ദിനരാത്രങ്ങള്‍ പ്രലോഭനത്തിന്റെ കാലഘട്ടമായിരുന്നു. എന്നാല്‍ തന്റെ ഉപവാസ പ്രാര്‍ത്ഥനയിലൂടെ പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ശക്തി നേടുന്ന ഈശോ തനിക്ക്‌ ആത്മീയ ശക്തി ലഭിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി ഉപവാസത്തെ കാണുന്നു. തന്റെ മുന്നോട്ടുള്ള യാത്രയില്‍ തനിക്ക്‌ ഉണ്‌ടാകാന്‍ സാധ്യതയുള്ള പ്രലോഭനങ്ങളെ തരണം ചെയ്യാനുള്ള ശക്തി തന്റെ ഉപവാസത്തിലൂടെ ഈശോ നേടിയെടുക്കുന്നു.

ഉപവാസത്തിലൂടെ ദൈവം തന്റെ കാരുണ്യം വര്‍ഷിക്കുന്നു. നമ്മുടെ നിരവധിയായ പാപങ്ങള്‍ക്ക്‌ അവിടുന്ന്‌ മോചനം നല്‍കുന്നു. എന്നാല്‍ ഉപവാസത്തിന്റെ യാഥാര്‍ത്ഥ അര്‍ത്ഥം ഏശയ്യാ 58:1 മുതല്‍ 10 വരെയുള്ള വാക്യങ്ങളില്‍ നമുക്ക്‌ കാണുവാന്‍ സാധിക്കും. തങ്ങള്‍ ഉപവസിച്ച്‌ പ്രാര്‍ത്ഥിച്ചിട്ടും എന്തുകൊണ്‌ടാണ്‌ ദൈവം തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്ന്‌ പരാതി പറയുന്ന ജനം. എന്നാല്‍ പ്രവാചകന്‍ പറയുന്നു: ഉപവസിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം സുഖമാണ്‌ തേടിയത്‌. കലഹിക്കുന്നതിനും ശണ്‌ഠകൂടുന്നതിനും വേണ്‌ടി മാത്രമാണ്‌ നിങ്ങള്‍ ഉപവസിക്കുന്നത്‌. എന്നാല്‍ ഇതല്ല യഥാര്‍ത്ഥ ഉപവാസം. ഒരുവനെ എളിമപ്പെടുത്തുന്നതായിരിക്കണം ഉപവാസം. അന്യനെ സഹായിക്കുകയും അവനെ സ്‌നേഹിക്കുകയും ചെയ്യുന്നതാണ്‌ യഥാര്‍ത്ഥ ഉപവാസം. മറ്റുള്ളവരുടെ ദു:ഖത്തില്‍ സ്‌നേഹത്തിന്റെ ചൈതന്യം നല്‍കുമ്പോഴാണ്‌ ഉപവാസം നന്മയായി മാറുന്നത്‌. ഇഷ്ടഭോജ്യങ്ങള്‍ വെടിഞ്ഞാല്‍ മാത്രം പോരാ നമ്മുടെ തഴക്കദോഷങ്ങളും നാം വെടിയണം. തന്റെ ഉപവാസത്തിലൂടെ ഈശോ പ്രലോഭനത്തെ പരാജയപ്പെടുത്തി നമുക്ക്‌ ഒരു മാതൃക നല്‍കുന്നു. സ്‌നേഹംകൊണ്‌ട്‌ നമ്മുടെ ഹൃദയങ്ങളെ നിറയ്‌ക്കുവാന്‍ ഈ ഉപവാസം നമ്മെ സഹായിക്കണം.

പ്രലോഭകന്‍ ഈശോയെ സമീപിച്ചു പറയുന്നു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക: ഈശോയ്‌ക്കുണ്‌ടാകുന്ന പ്രലോഭനങ്ങള്‍ എല്ലാംതന്നെ ദൈവപുത്രന്‍ എന്ന നിലയിലാണ്‌. എന്നാല്‍ മനുഷ്യപുത്രനാണ്‌ പ്രലോഭനത്തിനു വിധേയമാകുന്നത്‌. മനുഷ്യനെന്ന നിലയ്‌ക്കാണ്‌ അവിടുത്തേക്കു വിശക്കുന്നത്‌. മനുഷ്യനെന്ന നിലയില്‍ പ്രലോഭിക്കപ്പെടുന്നു. എന്നാല്‍ ഈശോ പരാജിതനാകുന്നില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം അപ്പത്തേക്കാള്‍ പ്രധാനം ദൈവവചനവും അതിനോടുള്ള അനുസരണവുമാണെന്ന്‌ ഈശോ പഠിപ്പിക്കുന്നു. പഴയ നിയമത്തില്‍ ദൈവത്തിന്റെ വചനത്തെ ധിക്കരിക്കുന്ന ഇസ്രായേല്‍ ജനത്തെ, തന്റെ അനുസരണം വഴി ഈശോ പരാജയപ്പെടുത്തുന്നു.

ആദ്യത്തെ പ്രലോഭനത്തില്‍ പിശാച്‌ ഈശോയെ സമീപിക്കുകയാണെങ്കില്‍ അടുത്ത രണ്‌ട്‌ പ്രലോഭനങ്ങളിലും അവന്‍ ഈശോയെ കൂട്ടിക്കൊണ്‌ടു പോകുന്നു. വിശുദ്ധര്‍ക്കും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പരിപാലനയെ ഇല്ലാതാക്കാനുള്ള പ്രലോഭനമാണ്‌ ഈശോയ്‌ക്കുണ്‌ടാകുന്നത്‌. താന്‍ ആശ്രയം വച്ചിരിക്കുന്ന ദൈവത്തിന്‌ തന്നെ രക്ഷിക്കാന്‍ സാധിക്കുമോ എന്ന സംശയം. ദൈവത്തിന്റെ പരിപാലനയില്‍ വിശ്വസിക്കാതിരിക്കുന്നത്‌ പരീക്ഷയാണ്‌. 1 കൊറി. 10:9-ല്‍ പറയുന്നു `അവരില്‍ ചിലര്‍ ചെയ്‌തതുപോലെ നാം കര്‍ത്താവിനെ പരീക്ഷിക്കരുത്‌`.

ദൈവത്തെ ഉപേക്ഷിക്കാനുള്ള പ്രലോഭനമാണ്‌ മൂന്നാമത്തേത്‌. തനിക്ക്‌ അവകാശമായി കിട്ടിയ എല്ലാ വസ്‌തുക്കളും ഈശോയ്‌ക്ക്‌ സ്വന്തമായി കൊടുക്കുമെന്ന്‌ പറയുന്ന പ്രലോഭകന്‍. എന്നാല്‍ ഒരു വ്യവസ്ഥ മാത്രം: `നീ എന്നെ ആരാധിക്കണം`. എന്നാല്‍ താന്‍ ആശ്രയം വച്ചിരിക്കുന്ന, തന്നെ അയച്ച പിതാവില്‍ മാത്രം രക്ഷ കണ്‌ടെത്തിയ ഈശോ. ദൈവത്തേക്കാളുപരി മറ്റെന്തെങ്കിനെയെങ്കിലും എന്റെ മനസ്സില്‍ ഞാന്‍ ആരാധിക്കുന്നുണ്‌ടോ എന്ന്‌ ഞാന്‍ പരിശോധിക്കണം. എന്റെ ആശ്രയം എന്തിലാണ്‌.

സ്‌നേഹമുള്ളവരെ, തനിക്കു നേരിടേണ്‌ടിവന്ന മൂന്ന്‌ പ്രലോഭനങ്ങളെയും ഈശോ നേരിട്ടത്‌ വചനത്തിന്റെ ശക്തി ഉപയോഗിച്ചാണ്‌. വചനത്തിന്റെ ശക്തിയെക്കുറിച്ച്‌ ഹെബ്രായര്‍ 4:12-ല്‍ പറയുന്നു: `ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്‌: ഇരുതല വാളിനേക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌`. ഈ നോമ്പുകാലത്തില്‍ നമുക്കു നേരിടേണ്‌ടി വരുന്ന പ്രലോഭനങ്ങളെക്കുറിച്ചും അവയെ നേരിടേണ്‌ട വിധത്തെക്കുറിച്ചും ഈശോ ഇന്നത്തെ സുവിശേഷത്തിലൂടെ നമുക്കു വിവരിച്ചു തന്നിരിക്കുന്നു. പാപികള്‍ക്ക്‌ അഭയം നില്‍ക്കുന്ന കര്‍ത്താവില്‍ ആഗ്രഹിക്കുന്നവനും അനുതാപത്തിന്റെ കണ്ണീരുകൊണ്‌ട്‌ പാപപൊറുതി ലഭിക്കാനും ഈ നോമ്പുകാലം നമുക്ക്‌ സഹായകമാകട്ടെ. അനീതിയുടെ ബന്ധങ്ങള്‍ക്ക്‌ അയവു വരുത്തിയും, വിശക്കുന്നവരുമായി അഹാരം പങ്കുവെച്ചും, ദരിദ്രനെ സഹായിച്ചും ഈ നോമ്പുകാലം നമുക്കു ഫലപ്രദമാക്കാം. നമ്മുടെ പഴയ ജീവിത രീതിയില്‍ നിന്നും രൂപംകൊണ്‌ട വഞ്ചന നിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ്‌ യഥാര്‍ത്ഥ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നമുക്കു ധരിക്കാം. പൗലോസ്‌ശ്ലീഹാ എഫേനോസുകാരെ ഉപദേശിച്ചതു പോലെ എല്ലാ വിദ്വേഷവും ക്ഷോഭവും ക്രോധവും ദൂഷണവും സകലവിധ തിന്മകളും ഉപേക്ഷിച്ച്‌ പരസ്‌പരം ക്ഷമിച്ചും കരുണ കാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവാന്‍ നമുക്കു പരിശ്രമിക്കാം.
Br. John Paul Poovathani



പ്രിയമുള്ള കൂട്ടുകാരേ,

പ്രസിദ്ധനായ രാജ്യതന്ത്രജ്ഞനായിരുന്നു സര്‍ റിച്ചാര്‍ഡ്‌ സെസി. ഒരിക്കല്‍ തന്റെ മടിയിലിരിക്കുന്ന കുഞ്ഞുമകളെ ഒന്നു പരീക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. കുഞ്ഞിന്റെ കഴുത്തില്‍ മനോഹരമായ ഒരു പളുങ്കു മാലയുണ്‌ടായിരുന്നു. റിച്ചാര്‍ഡ്‌ കുഞ്ഞുമകളോട്‌ ചോദിച്ചു "നിന്റെ കഴുത്തില്‍ കിടക്കുന്ന ഈ പളുങ്കുമാല, അതു പപ്പ ചോദിക്കുകയാണെങ്കില്‍ നിനക്ക്‌ ഉപേക്ഷിക്കാന്‍ കഴിയില്ലേ?" പപ്പയെ ഏറെ സ്‌നേഹിച്ചിരുന്ന ആ പെണ്‍കുട്ടി ചിരിച്ചുകൊണ്‌ട്‌ പറഞ്ഞു: "ഉവ്വ്‌ പപ്പാ, പപ്പാ പറയുന്നതുപോലെ ഞാന്‍ ചെയ്യും". അവളുടെ മുഖത്തേയ്‌ക്ക്‌ നോക്കിക്കൊണ്‌ട്‌ സെസി പറഞ്ഞു "എങ്കില്‍ എന്റെ പൊന്നുമോള്‍ ഈ മാല ജനലിലൂടെ പുറത്തേയ്‌ക്ക്‌, കുളത്തിലേയ്‌ക്‌്‌ വലിച്ചെറിയുക". വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന മാല ഉപേക്ഷിക്കുക എന്നത്‌ അവള്‍ക്ക്‌ പ്രയാസമായിരുന്നു. എന്നാല്‍ പപ്പായോടുള്ള ഇഷ്ടം കൊണ്‌ട്‌ അവള്‍ അക്കാര്യം ഉടനെ തന്നെയനുസരിച്ചു. തന്റെ പിതാവിനെ ഒരിയ്‌ക്കല്‍കൂടി നോക്കിയശേഷം, പെണ്‍കുട്ടി മാല കുളത്തിലേയ്‌ക്കു വലിച്ചെറിഞ്ഞു. വീടിനോടു ചേര്‍ന്നുള്ള കുളത്തിലെ വെള്ളത്തില്‍ മാല താഴ്‌ന്നുപോകുന്നതുകണ്‌ടപ്പോള്‍ അവള്‍ വിതുമ്പിക്കരഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുശേഷം റിച്ചാര്‍ഡ്‌ അവളുടെ ജന്മദിനത്തില്‍ ഉപേക്ഷിച്ച പളുങ്കുമാലയേക്കാള്‍ മനോഹരമായ അമൂല്യമായ ഒരു മാല സമ്മാനിച്ചു.

നോമ്പുകാലവും നമ്മളെ കീഴടക്കിയിരിക്കുന്ന, നമ്മള്‍ വിലപ്പെട്ടതെന്നു കരുതിയിരിയ്‌ക്കുന്ന ചിലതൊക്കെ ഉപേക്ഷിക്കാന്‍ നമ്മോട്‌ ആവശ്യപ്പെടുന്നു. അധികാരവും, സമ്പത്തും, കഴിവുമൊക്കെ ഇതിനു കാരണങ്ങളാകാം. സുവിശേഷത്തിലെ ഈശോയും ഇന്ന്‌ നമുക്ക്‌ കാണിച്ചു തരുന്നത്‌ ദൈവേഷ്ടത്തിന്‌ വിരുദ്ധമായ കാര്യങ്ങള്‍ ഉപേക്ഷിക്കാനാണ്‌. ചില നിഷേധങ്ങളും, പരിത്യാഗങ്ങളും മനുഷ്യനെ നന്മയിലേക്ക്‌ നയിക്കും. വിലപ്പെട്ടതും ആഹ്‌ളാദകരമായതും സന്തോഷം ജനിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ദൈവസ്‌നേഹത്തിനു വേണ്‌ടി പരിത്യജിക്കുക. അവിടെ ദൈവം നമ്മെ അനുഗ്രഹിക്കുകയും പുതിയ വ്യക്തികളാക്കി മാറ്റുകയും ചെയ്യും.
Bro. ജെയ്‌സണ്‍ കള്ളിയാട്ട്‌

 
 
Sermon 2010
രക്ഷാകരരഹസ്യത്തിന്റെ കേന്ദ്രം ദൈവപുത്രന്റെ മനുഷ്യാവതാരമാണ്‌. മനുഷ്യാവതാരമെന്നാല്‍ മനുഷ്യനായിരിക്കുന്ന അവസ്ഥയിലേയ്‌ക്ക്‌ ദൈവം ഇറങ്ങിവരികയും മനുഷ്യന്റെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്നുവെന്നര്‍ത്ഥം. മനുഷ്യാവതാരത്തില്‍ ദൈവപുത്രന്‍ ലോകത്തില്‍ അഭിമുഖീകരിക്കേണ്‌ടിവന്ന അനുഭവങ്ങളെയും പരീക്ഷകളെയുമാണ്‌ ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുമ്പില്‍ പ്രതീകാത്മകമായി അവതരിപ്പിക്കുന്നത്‌. പാപം നിറഞ്ഞതും സാത്താന്റെ സാന്നിദ്ധ്യത്താല്‍ പങ്കിലവുമായ ഈ ലോകത്തിലെ ക്രിസ്‌തുവിന്റെ അനുഭവത്തെ വി.മാര്‍ക്കോസ്‌ ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുന്നത്‌ താഴെ പറയുന്ന വിധത്തിലാണ്‌. `ആത്മാവ്‌ അവനെ മരുഭൂമിയിലേക്ക്‌ നയിച്ചു. സാത്താനാല്‍ പരീക്ഷിക്കപ്പെട്ട്‌ നാല്‌പത്‌ ദിവസം അവന്‍ മരുഭൂമിയില്‍ വസിച്ചു. അവന്‍ വന്യമൃഗങ്ങളോടുകൂടെയായിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു (മാര്‍ക്കോസ്‌ 1:12, 13).

കര്‍ത്താവിന്റെ ഈ പരീക്ഷകളെ കൂടുതല്‍ വിശദമായി വിവരിക്കുകയാണ്‌ വി. മത്തായി ഇന്നത്തെ സുവിശേഷഭാഗത്ത്‌. കര്‍ത്താവിന്റെ ഈ പരീക്ഷകളെ അനുസ്‌മരിച്ചുകൊണ്‌ടാണ്‌ നാം നോമ്പിലേക്ക്‌ പ്രവേശിക്കുക. കര്‍ത്താവ്‌ പരീക്ഷിക്കപ്പെടുന്നത്‌ അവന്‍ ഉപവസിച്ചു കഴിയുമ്പോഴാണ്‌. പഴയനിയമകാലം മുതല്‍ നോമ്പും ഉപവാസവും ആത്മീയ വളര്‍ച്ചയ്‌ക്കുള്ള ഉപാധികളായി വിശ്വാസികള്‍ കണക്കാക്കിയിരുന്നു. അതു ദൈവകോപം ശമിപ്പിക്കാനുള്ള വഴിയായും (1 സാമു 7:6, 1 രാജാ. 21:20, 21, 27), വലിയ ദുരന്തങ്ങളുടെ അവസരത്തിലുള്ള പ്രാര്‍ത്ഥനയായും (1 സാമു 31:1-13, 2 സാമു 3:35) വലിയ അപകടങ്ങളുടെ മുമ്പിലും (യൂദി. 4:8, 12, 8:10-16, എസ്‌തേര്‍ 3:15, 4:1) ദൈവത്തില്‍ നിന്ന്‌ അനുഗ്രഹം ലഭിക്കണമെന്നാഗ്രഹിച്ചപ്പോഴും (1 സാമു.14:24, 2 സാമു.12:16,22) സാധാരണയായി ഉപയോഗിച്ചിരുന്നതെങ്കിലും ബാഹ്യമായ അനുഷ്‌ഠാനങ്ങള്‍ക്കു സമാനമായ ആന്തരിക പരിവര്‍ത്തനം ആവശ്യപ്പെട്ടിരുന്നതിനാല്‍, അതു ദൈവത്തിലേക്കു തിരിയാനുളള മനുഷ്യന്റെ ആഗ്രഹത്തെയും അതിനുവേണ്‌ടിയുള്ള പരിശ്രമത്തെയുമാണ്‌ സൂചിപ്പിച്ചിരുന്നത്‌ (യോഹ.3:8, സക്ക.8 9,21, യൂദി. 8:16-17). അതുകൊണ്‌ടുതന്നെ നോമ്പും ഉപവാസവും ദൈവസ്‌നേഹത്തിന്റെയും ദൈവത്തിനുള്ള പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും ദൈവാശ്രയബോധത്തിന്റെയും അടയാളമായിരുന്നു. വിശ്വാസികള്‍ ഒത്തൊരുമിച്ച്‌ നോമ്പാചരിക്കുന്നതുകൊണ്‌ട്‌ അവര്‍ ഒരു സമൂഹമാണെന്നും ദൈവത്തിന്റെ സ്വന്തം ജന്മമാണെന്നുമുള്ള ബോധ്യം അവര്‍ക്കു നല്‍കിയിരുന്നു ( ലേവ്യ. 23:29). കൂടാതെ ആത്മീയ ജീവിതത്തില്‍ വളര്‍ന്നവരെ സംബന്ധിച്ചിടത്തോളം നോമ്പ്‌ പൂര്‍ണ്ണതയുടെയും വിശുദ്ധിയുടെയും അടയാളമാണ്‌ (യൂദി.6:8, ദാനി. 10:13).

തന്റെ ജ്ഞാനത്തിനുശേഷം മരുഭൂമിയിലേക്കുപോയി നാല്‌പതു ദിവസം ഉപവസിക്കുന്ന ക്രിസ്‌തു ദൈവഹിതത്തോടൊത്ത്‌ പ്രവര്‍ത്തിക്കാനുള്ള തന്റെ തീരുമാനത്തെയാണ്‌ കാണിക്കുന്നത്‌. ആത്മീയ ജീവിതത്തില്‍ ഒരാള്‍ വളരാന്‍ തുടങ്ങുമ്പോള്‍ അവനു പരീക്ഷകളെയും അഭിമുഖീകരിക്കേണ്ടിവരും. ആത്മീയതയില്‍ വളരാത്തവര്‍ക്ക്‌ പരീക്ഷകളുണ്‌ടാകുന്നില്ല, കാരണം അവര്‍ ലോകത്തിലാണ്‌. ലോകത്തിന്റെ കാര്യങ്ങളില്‍ മുഴുകി ജീവിക്കുന്നവര്‍ സാത്താനു സ്വന്തമാണ്‌. മറിച്ച്‌ ആത്മീയതയില്‍ വളരുന്നവരാണ്‌ സാത്താനെ സംബന്ധിച്ചിടത്തോളം ഇനിയും സ്വന്തമാകേണ്‌ടവര്‍. അതിനായി സാത്താന്‍ എപ്പോഴും `സന്തോഷവാനായിരിക്കുക` എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്‌ട്‌ വിശ്വാസിയെ സമീപിക്കുന്നു. പരീക്ഷകന്‍ ആശയങ്ങളും സൂചനകളും നല്‍കുന്നതേയുള്ളൂ, അല്ലാതെ പരീക്ഷ നമ്മില്‍ അടിച്ചേല്‍പ്പിക്കാറില്ല. സാത്താന്‍ ചങ്ങലയില്‍ ബന്ധിച്ചിരിക്കുന്ന ഒരു നായയെ പോലെയാണെന്ന്‌ പറയാം. അത്‌ നമ്മെ ഭയപ്പെടുത്തും, എന്നാല്‍ ഉപദ്രവിക്കാന്‍ കഴിയുകയില്ല.

ആത്മീയ ജീവിതം ആരംഭിക്കുന്നവന്‌ പരീക്ഷകളെയും നേരിടേണ്‌ടിവരുമെന്നതിന്‌ അനനിയാസിന്റെയും സഫീറയുടെയും കഥ ഉത്തമോദാഹരണമാണ്‌. അവര്‍ക്ക്‌ പ്രലോഭനമുണ്‌ടായത്‌ വിശ്വാസജീവിതത്തിനുവേണ്‌ടി അവര്‍ ലോകത്തെ ത്യജിക്കാന്‍ തയ്യാറായപ്പോള്‍ മാത്രമാണ്‌ (അപ്പ. 5). അതുകൊണ്‌ട്‌തന്നെ ആത്മീയജീവിത്തില്‍ വളരാന്‍ ആഗ്രഹിക്കുന്നവര്‍ കര്‍ത്താവിനെപ്പോലെ നോമ്പും ഉപവാസവും ജീവിതത്തിന്റെ ഭാഗമാക്കുകയും പരീക്ഷകളെ അഭിമുഖീകരിക്കാന്‍ തയ്യാറാവുകയും വേണം.

പരീക്ഷകളെ വിശ്വാസി അഭിമുഖീകരിക്കേണ്‌ടിവരുമെന്നത്‌ ശരിയാണെങ്കിലും പ്രലോഭനങ്ങളെ അന്വേഷിച്ചുപോകേണ്‌ട കാര്യമില്ല. കര്‍ത്താവ്‌ പരീക്ഷയെ അന്വേഷിച്ചല്ല മരുഭൂമിയിലേക്ക്‌ പോയത്‌. അവന്‍ ഉപവാസത്തിനും പ്രാര്‍ത്ഥനയ്‌ക്കും ദൈവത്തോടൊത്തുള്ള സഹവാസത്തിനുമാണവിടെ എത്തിയത്‌. അവനെ അവിടേക്ക്‌ നയിച്ചത്‌ പരിശുദ്ധാത്മാവിയിരുന്നു.

പരീക്ഷകളെ അന്വേഷിക്കുന്നവന്‍ അതില്‍ പതിക്കുമെന്നത്‌ തീര്‍ച്ചയാണ്‌. ദൈവം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ചെയ്യാതെ അലസരായിരിക്കുന്നവര്‍ പരീക്ഷകളെ അന്വേഷിക്കുന്നവരാകുന്നു. അവന്‍ തന്റെ നാശം കാണും. തന്റെ യോദ്ധാക്കള്‍ മുഴുവന്‍ രാജ്യത്തെ രക്ഷിക്കുന്നതിനുവേണ്‌ടി യുദ്ധം ചെയ്‌തുകൊണ്‌ടിരിക്കുമ്പോള്‍ അലസനായി മട്ടുപ്പാവില്‍ ഉലാത്തുന്ന ദാവീദ്‌ പ്രലോഭനം അന്വേഷിക്കുകയായിരുന്നു. അവന്‍ അതില്‍ പതിച്ചു (2സാമു. 11). എന്നാല്‍ ദൈവീക പദ്ധതി അനുസരിച്ച്‌ ഈജിപ്‌തിലേക്ക്‌ നാടുകടത്തപ്പെട്ട ജോസഫ്‌ ദാവീദിന്റേതിനു സമാനമായ സാഹചര്യത്തില്‍ പെട്ടെങ്കിലും തന്റെ ദൗത്യ നിര്‍വഹണത്തിനു പ്രാധാന്യം കൊടുത്ത അവന്‍ പരീക്ഷകളെ അതിജീവിക്കാന്‍ കഴിവുറ്റവനായി (ഉല്‍പ 39:7-20).

വി. മത്തായി പറയുന്നതനുസരിച്ച്‌ കര്‍ത്താവിന്റെ ആദ്യ പ്രലോഭനം വിശപ്പും അപ്പവുമായിരുന്നു. കഠിനമായ വിശപ്പുമൂലം മരിച്ചുപോകുമെന്ന തോന്നല്‍. തനിക്ക്‌ കൂടുതലായി എന്തെങ്കിലും ചെയ്യാന്‍ കഴിയുകയില്ല എന്ന ചിന്ത. ദൈവം വലിയ വലിയ ലക്ഷ്യങ്ങള്‍ മുമ്പില്‍ വയ്‌ക്കുമ്പോള്‍ താനിതിനു കഴിവില്ലാത്തവനാണെന്ന നിരുത്സാഹപ്പെടുത്തുന്ന ചിന്ത. നമ്മുടെ കുടുംബസാഹചര്യങ്ങളില്‍ കൂടുതല്‍ മെച്ചമായ എന്തെങ്കിലും ചെയ്യുക അസാധ്യമാണെന്ന ഭയം. ദൈവത്തോടുകൂടി നില്‍ക്കുന്നവന്‌ എല്ലാം സാധ്യമാണ്‌.

രണ്‌ടാമത്തെ പ്രലോഭനം നോമ്പും ഉപവാസവുമായി ബന്ധപ്പെട്ടത്‌ തന്നെയാണ്‌. ആത്മീയതയുടെ ഉയര്‍ച്ചകള്‍ എടുത്തുകാണിച്ചുകൊണ്‌ട്‌ അത്ഭുത പ്രവര്‍ത്തകനായി മാറുക, അതിലൂടെ അനേകരെ ദൈവത്തിലേക്കാകര്‍ഷിക്കാന്‍ കഴിയുകയില്ലേ? കര്‍ത്താവ്‌ ദൈവരാജ്യ പ്രഘോഷണത്തിനായി തിരഞ്ഞെടുത്തത്‌ ഈ വഴിയും ആയിരുന്നില്ല. അവന്‍ ജനത്തിന്റെ ദുരിതങ്ങളകറ്റുന്നതിന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു എന്നത്‌ സത്യംതന്നെയെങ്കിലും തന്റെ ദൗത്യനിര്‍വഹണത്തിന്റെ പ്രധാന വഴി അതായിരുന്നില്ല.

മൂന്നാമത്തെ പരീക്ഷണം അധികാരം കരസ്ഥമാക്കാനുള്ളതാണ്‌. ലോകത്തിലെ സകല രാജ്യങ്ങളും അധീനതയിലുണ്‌ടായിരുന്നത്‌ അന്നത്തെ റോമ സാമ്രാജ്യത്തിലാണ്‌. റോമാ ചക്രവര്‍ത്തിയുടെ അധികാരം സ്വന്തമാക്കുകയാണെങ്കില്‍ ലോകം മുഴുവന്‍ ക്ഷണനേരം കൊണ്‌ട്‌ മതപരിവര്‍ത്തനം നടത്താന്‍ കഴിയും. എന്നാല്‍ കര്‍ത്താവ്‌ ഈ വഴികള്‍ തിരഞ്ഞെടുത്തില്ല. അവന്‍ കണ്‌ട വഴിയാകട്ടെ ലോകത്തിനഗ്രാഹ്യമായ കുരിശു മാത്രമായിരുന്നു.

യഹൂദ ജനതയുടെ പ്രതീക്ഷകളെ തകിയം മറിച്ചുകൊണ്‌ടാണ്‌ കര്‍ത്താവ്‌ തന്റെ ദൗത്യം നിര്‍വഹിച്ചതെന്ന്‌ പറയാം. മിശിഹാ വരുമ്പോള്‍ ഇസ്രായേലില്‍ ഭക്ഷ്യക്ഷാമമുണ്‌ടാകയില്ലെന്നും എല്ലായിടത്തും സുഭിക്ഷത കളിയാടുമെന്നും അവര്‍ കരുതിയിരുന്നു. കര്‍ത്താവ്‌ അത്‌ തിരസ്‌കരിച്ചു. മിശിഹാ വരുമ്പോള്‍ അവന്‍ ദാവീദിന്റെ രാജ്യം പുന:സ്ഥാപിക്കുമെന്ന്‌ അവര്‍ പ്രതീക്ഷിച്ചിരുന്നു. കര്‍ത്താവ്‌ അതിനെയും തിരസ്‌ക്കരിച്ചു. അവന്റെ വഴി കുരിശിന്റെ വഴി മാത്രമാണ്‌. ആ വഴിയിലെ പ്രധാന പടവുകളാണ്‌ നോമ്പും ഉപവാസവും.
തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.
Download sermon 2010
 
Sermon 2009 
ഇന്ന്‌ നമ്മള്‍ പേത്തര്‍ത്താ ആചരിക്കുകയാണല്ലോ. ആഘോഷങ്ങളുടെ അവസാന നിമിഷമാണ്‌ പേത്തര്‍ത്ത. ഇന്ന്‌ നമ്മള്‍ ആഘോഷങ്ങളോട്‌ വിടപറയുന്നു. 'അവസാനിക്കല്‍' എന്നാണ്‌ പേത്തര്‍ത്ത എന്ന സുറിയാനിവാക്കിന്റെ മൂലര്‍ത്ഥം. ദനഹാക്കാലം തിരുനാളുകളുടെ കാലമാണ്‌ ; തിരുനാളാഘോഷങ്ങളുടെ അവസാനം പേത്തര്‍ത്തായും. സുഭിക്ഷമായ ഭക്ഷണം കഴിക്കുന്ന ദിവസമാണിത്‌. ആ ഭക്ഷണത്തോടുകുടി സുഭിക്ഷമായ ഭക്ഷണരീതി അസാനിപ്പിക്കുന്നു. അതുകൊണ്ട്‌ ഈ ദിവസത്തിന്‌ വിടപറയല്‍ പേരുന്നാള്‍ എന്നും പേരുണ്ട്‌.
പേത്തര്‍ത്താ ഞായറിന്റെ പിറ്റേന്ന്‌ ഉപവാസദിനമാണ്‌. വലിയനോമ്പിന്റെ ആരംഭദിനം. ആഘോഷങ്ങളോട്‌ വിടപറയുന്ന ഈ ദിനം മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ച്‌ നോമ്പുനോക്കുകയാണ്‌. ഉയര്‍പ്പുതിരുന്നാളാണ്‌ സഭയിലെ ഏറ്റവും വലിയ തിരുനാള്‍. ഈ തിരുനാളിന്‌ ഒരുക്കമായി സഭ ആചരിക്കുന്ന ഏറ്റവും തീവ്രമായ പരിഹാര ദിനങ്ങളാണ്‌ വലിയനോമ്പ്‌ അല്ലെങ്കില്‍ അമ്പതുനോമ്പ്‌. പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം എന്നിവ ചൈതന്യംനിറഞ്ഞ ക്രിസ്‌തീയ ജീവിതത്തിന്റെ അടയാളങ്ങളാണ്‌. വലിയനോമ്പില്‍ മേല്‍പ്പറഞ്ഞവ ഏറ്റവും തീവ്രമായി നിര്‍വ്വഹിച്ച്‌ സഭാംഗങ്ങള്‍ തങ്ങളുടെ ജീവിതം നവികരിക്കുകയാണ്‌. പേത്തര്‍ത്താ ഞായറിനെത്തുടര്‍ന്ന്‌ ഏഴ്‌ ആഴ്‌ചകള്‍ നീളുന്നതാണ്‌ നോമ്പുകാലം.
നോമ്പുകാലത്ത്‌ ബൈബിള്‍ വായിച്ച്‌ ധ്യാനിച്ചും പ്രാര്‍ത്ഥിച്ചും ആവുന്നത്ര സമയം ചെലവഴിക്കുന്ന നല്ല പാരമ്പര്യമാണ്‌ നമുക്കുളളത്‌. ദൈവവചനാധിഷ്‌ഠിതമായ ആദ്ധ്യാത്മിക ജീവിതശൈലി വിശ്വാസികളില്‍ സജീവമാക്കുവാന്‍ സഭ താല്‌പര്യപ്പെടുന്നു. പരിശുദ്ധകുര്‍ബാനയില്‍ താല്‌പര്യപൂര്‍വ്വം പങ്കുചേര്‍ന്നും യാമപ്രാര്‍ത്ഥനകള്‍ നടത്തിയും സഭയോടുചേര്‍ന്ന്‌ പ്രാര്‍ത്ഥിക്കണം. ഇതിനുപുറമേ കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്നും വ്യക്തിപരമായും പ്രാര്‍ത്ഥിച്ച്‌ നോമ്പിന്റെ യഥാര്‍ത്ഥ ചൈതന്യം സ്വന്തമാക്കണം.
ഇന്ന്‌ നമ്മള്‍ ശ്രവിച്ച വിശുദ്ധഗ്രന്ഥഭാഗങ്ങളില്‍ ജീവിതനവികരണത്തിനുളള ആഹ്വാനമാണ്‌ നമുക്ക്‌ ലഭിക്കുന്നത്‌. അനുതാപവും ഉപവാസവുംവഴി പാപപരിഹാരം സ്വന്തമാക്കുവാന്‍ ദൈവമായ കര്‍ത്താവ്‌ ദൈവജനത്തെ ക്ഷണിക്കുന്നതാണ്‌ ഒന്നാംവായന. ഏശയ്യ 58.1-10. വാക്യങ്ങള്‍ യഥാര്‍ത്ഥ ഉപവാസം എന്താണെന്ന്‌ വ്യക്തമാക്കുന്നു: വിശക്കുന്നവനുമായി ആഹാരം പങ്കുവെയ്‌ക്കുന്നതും നഗ്നനെ ഉടുപ്പിക്കുന്നതുമാണ്‌ തമ്പുരാന്‌ പ്രീതികരമായ ഉപവാസമെന്ന്‌ വചനം വ്യക്തമാക്കുന്നു. പ്രലോഭനങ്ങളെ ജയിക്കുന്ന ഈശോയെയാണ്‌ വി. സുവിശേഷം അവതരിപ്പിക്കുന്നത്‌. പ്രലോഭനങ്ങളെ നേരിടുന്ന ഈശോ സാത്താനെ പരാജയപ്പെടുത്തുന്നു. ഇങ്ങനെ അവിടുന്ന്‌ മനുഷ്യകുലത്തിന്‌ നിത്യജീവന്‍ നേടിക്കൊടുക്കുന്നു.
ഈശോ നേരിട്ട ഒന്നാമത്തെ പ്രലോഭനം കല്ലുകള്‍ അപ്പമാകാനുളളതാണ്‌. മനുഷ്യന്റെ ശാരീരികമായ സര്‍വ്വമോഹങ്ങളുമാണ്‌ ഈ പ്രലോഭനത്തിന്റെ ഉളളടക്കം. അതിശക്തമായ ഈ പ്രലോഭനത്തെ മനുഷ്യന്‍ ജയിക്കുകതന്നെവേണം വയറുനിറഞ്ഞാല്‍ സംതൃപ്‌തനാകുന്ന മൃഗമല്ല മനുഷ്യനെന്നും ദൈവവചനം കൊണ്‌ടുകൂടിയാണ്‌ അവന്‍ ജീവിക്കുകയെന്നും ഈശോ വ്യക്തമാക്കി. വിശപ്പിന്റെ വില ഈശോയ്‌ക്ക്‌ അറിയാം. നാല്‌പത്‌ ദിനരാത്രങ്ങള്‍ നീണ്‌ട ഉപവാസം വഴി വിശപ്പനുഭവിക്കുന്നവനാണ്‌ അവിടുന്ന്‌. വിശന്നുവലഞ്ഞ ജനക്കുട്ടത്തിന്‌ അപ്പം വര്‍ദ്ധിപ്പിച്ച്‌ കൊടുക്കുന്ന കരുണാമയനാണ്‌ ഈശോ. വിശന്നപ്പോള്‍ ധാന്യകതിര്‍ പറിച്ചുതിന്ന തന്റെ ശിഷ്യന്‍മാരെ ന്യായികരിക്കുവാനും അവിടുന്ന്‌ ശ്രദ്ധിച്ചു. പ്രലോഭകനെ ജയിച്ചുകൊണ്‌ട്‌ ശരിരത്തിന്റെ മോഹഭംഗങ്ങള്‍ക്കപ്പുറം മനുഷ്യന്‌ വിലയുണ്‌ടെന്ന്‌ ഈശോസ്ഥാപിച്ചു.
ദേവാലയ ഗോപുരത്തിന്റെ മുകളില്‍നിന്നും താഴേക്ക്‌ ചാടാനുളള ക്ഷണമാണ്‌ രണ്‌ടാമത്തെ പ്രലോഭനം ഈശോ കുരിശിന്റെ മാര്‍ഗ്ഗം ഉപേഷിച്ച്‌, ജനപ്രിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്‌ അവവഴി മനുഷ്യരക്ഷ സാധിതക്കണമെന്നാണ്‌ സാത്താന്റെ നിര്‍ദ്ദേശം. പ്രകൃതി നിയമങ്ങളെ ഈശോ അവഗണിക്കണം. ദൈവത്തിന്റെ പ്രത്യേക സംരക്ഷണം തനിക്കുണ്‌ടെന്ന്‌ കാണിച്ച്‌ അണികളെ ആകര്‍ഷിക്കണം. നിന്റെ ദൈവമായ കര്‍ത്താവിനെ പരിക്ഷിക്കരുത്‌ എന്ന മറുപടിയുമായി ഈശോ പിശാചിനെ നേരിട്ടു. പ്രശസ്‌തിക്കും കൈയ്യടിക്കുംവേണ്‌ടിയുളള ഹീനശ്രമങ്ങള്‍ നാശകരമാണെന്ന്‌ ഈശോ സ്ഥാപിച്ചു.
മൂന്നാമത്തെ പ്രലോഭനം ഉയര്‍ന്ന മലയിലാണ്‌. ലോകത്തിലെ സര്‍വ്വസൗഭാഗ്യങ്ങളും ഈശോയ്‌ക്ക്‌ വാഗ്‌ദാനം ചെയ്‌തു. സാത്താനെ ഈശോ ആരാധിക്കണം; അത്രമാത്രം! പാപത്തിന്റെ സാര്‍വ്വത്രിക സ്വഭാവം പ്രകടമാക്കുന്നതാണ്‌ ഈ കാണുന്നതെല്ലാം ഏന്റേതാണ്‌ എന്ന സാത്താന്റെ പ്രസ്‌താവന ഭൗതികനേട്ടങ്ങള്‍ക്കുവേണ്‌ടി ദൈവത്തിനുമാത്രം കൊടുക്കേണ്‌ട ആരാധനയും മഹത്വവും മറ്റൊരുശക്തിക്കും നല്‌കരുത്‌ എന്ന്‌ ഈശോ പ്രഖ്യാപിച്ചു.`നിന്റെ ദൈവമായ കര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂ`. നമ്മുടെ ആത്മീയ ജീവിത വഴികളില്‍ ലൗകികതയുടെ വെല്ലുവിളികള്‍ ധാരളമുണ്‌ട്‌. സര്‍വ്വവും അധീനമാക്കണമെന്ന മോഹമാണ്‌ മനുഷ്യന്‌. എത്ര ഉണ്‌ടായാലും തൃപ്‌തിവരില്ല. ഏതു ഹീനമാര്‍ഗ്ഗവും ഉപയോഗിക്കുവാന്‍ മടിയില്ല. ഈ മനുഷ്യ പ്രകൃതിയെ ഈശോ വിശുദ്ധീകരിക്കുകയാണ്‌.
ഇന്ന്‌ ലേഖനത്തില്‍ വി. പൗലോസ്‌ ഉപദേശിക്കുന്നതുപോലെ നമ്മള്‍ വ്യര്‍ത്ഥചിന്ത വെടിയണം. ഭോഗാസക്തിക്ക്‌ നമ്മെത്തന്നെസമര്‍പ്പിക്കരുത്‌. എല്ലാവിധ അശുദ്ധിയില്‍ നിന്നും ഓടിയകലണം. വിശുദ്ധിയിലും നീതിയിലും നവീകരിക്കപ്പെട്ട പുതിയ മനുഷ്യരായി മാറണം. നോമ്പുകാലം ജീവിത നവീകരണത്തിന്‌ ഉതകണം.
പ്രാര്‍ത്ഥനയും ഉപവാസവും വഴിയല്ലാതെ തിന്മയുടെ സ്വാധീനത്തില്‍ നിന്നും സ്വതന്ത്രമാകുവാന്‍ നമുക്ക്‌ സാധിക്കില്ല. നമ്മുടെ കര്‍ത്താവ്‌ നമുക്കു തന്ന പ്രസ്‌തുതതാക്കീത്‌ (മര്‍ക്കോസ്‌ 9.24) ഇക്കാലത്ത്‌ കുടുതല്‍ പ്രസക്തമാണ്‌. കര്‍ശനമായ നിഷ്‌ഠയോടുകൂടി നമുക്ക്‌ നോമ്പാചരിക്കണം. മത്സ്യമാംസാദികളും ലഹരിവസ്‌തുക്കളും പൂര്‍ണ്ണമായി നിഷിദ്ധമാകണം. മുട്ട, പാല്‍, എന്നിവയും ഇവയില്‍നിന്നുളള ഉല്‌പന്നങ്ങളും വര്‍ജ്ജിച്ചുകൊണ്‌ടാണ്‌ നോമ്പാനുഷ്‌ഠാനം കുടുതല്‍ കര്‍ക്കശമാക്കുന്നത്‌. പരിഹാര ജീവിത ശൈലി സ്വീകരിച്ചാലെ ജീവിതനവീകരണം സാധ്യമാകു.
പങ്കുവയ്‌ക്കുന്ന ജീവിതശൈലിയിലാണ്‌ നോമ്പുഫലംചൂടുന്നത്‌. ഇല്ലാത്തവരുമായി ഉളളത്‌ പങ്കുവയ്‌ക്കണം. ഈ ജീവിതശൈലി പ്രായോഗികമാക്കുവാന്‍ തന്നോടുതന്നെയും സഹോദരങ്ങളോടും ദൈവത്തോടും രമ്യതപ്പെടണം. നമ്മള്‍ ആയിരിക്കുന്ന അവസ്ഥ അംഗീകരിക്കണം. പ്രതികാരമനോഭാവം പാടെ ഒഴിവാക്കാതെ നീതികരണം ഉണ്‌ടാവില്ല. ആഘോഷങ്ങളും ആഢംബരങ്ങളും ഒഴിവാക്കി പരസ്‌നേഹ പ്രവര്‍ത്തികളില്‍ പങ്കുചേരണം. തമ്പുരാന്‌ നിരക്കാത്തതും പരസ്‌നേഹത്തിന്‌ വിരുദ്ധവുമായ ചിന്ത, സംസാരം, പ്രവര്‍ത്തി എന്നിവ ഒഴിവാക്കണം. ഇങ്ങനെ നവീകരിക്കപ്പെട്ട മനുഷ്യനായി ഉയിര്‍പ്പുതിരുന്നാള്‍ ആഘോഷിക്കുവാന്‍ നമുക്കെല്ലാവര്‍ക്കും സാധിക്കട്ടെ.
തയാറാക്കിയത്‌
ഫാ. തോമസ്‌ ആനികുഴിക്കാട്ടില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.

Download

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home