Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
നോമ്പുകാലം രണ്ടാം ഞായര്‍
MARCH 1; Readings: Genesis 5:19-31; Joshua 4:15-24; Romans 6:1-14; Matthew 7:15-27
 എന്തിനും ഏതിനും വ്യാജന്മാരിറങ്ങുന്ന കാലമാണിത്‌. വ്യാജ നോട്ട്‌, വ്യാജ സി.ഡി., വ്യാജ ലോട്ടറി, വ്യാജ കള്ള്‌ എന്നിങ്ങനെ വ്യാജനില്ലാത്ത ഒരു സാധനവുമില്ല എന്ന നില വന്നിരിക്കുന്നു. ആദിമ സഭയിലും വ്യാജന്മാരുടെ ശല്യം ഉണ്‌ടായിരുന്നു (വ്യാജ പ്രവാചകരും, വ്യാജ ശിഷ്യരും). അതിനാല്‍ വ്യാജന്മാരെ സൂക്ഷിക്കാന്‍ യേശു മുന്നറിയിപ്പ്‌ തരുന്നു. എത്രത്തോളം പൊയ്‌മുഖം ധരിച്ചാലും സത്യം പുറത്തുവരുന്ന ഒരു കാലമുണ്‌ട്‌ എന്ന്‌ ഈശോ പഠിപ്പിക്കുന്നു.

മത്തായിയുടെ സുവിശേഷത്തില്‍ യേശുവിന്റെ മലയിലെ പ്രസംഗത്തിന്റെ അവസാന ഭാഗത്തായാണ്‌ ഈ ഭാഗം രേഖപ്പെടുത്തിയിരിക്കുന്നത്‌. അഷ്ടസൗഭാഗ്യങ്ങളില്‍ തുടങ്ങുന്ന ആ അധ്യയനം, പഴയ നിയമത്തിന്റെ പൂര്‍ത്തീകരണമായ മിശിഹാ പഴയ നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക്‌ തന്റേതായ വിശദീകരണങ്ങള്‍ നല്‍കുന്നു. അവസാനം നിന്റെ വലതു കൈ ചെയ്യുന്നത്‌ ഇടതു കൈ അറിയാതിരിക്കട്ടെ എന്ന പരോപകാരത്തിന്റെ ക്രിസ്‌തീയ മാനത്തിന്റെ ഉപസംഹാരമെന്നോണം ഈ വാക്കുകള്‍ അവിടുന്ന്‌ അരുളി ചെയ്യുന്നു.

ഒരിക്കല്‍ ഒരു സ്‌ത്രീ തനിക്കിഷ്ടപ്പെടാത്ത ഒരു പുരുഷനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതയായി. യാതൊരു നിവര്‍ത്തിയുമില്ലാതെ വിവാഹത്തിന്‌ സമ്മതം മൂളിയ അവള്‍ തന്റെ ഭര്‍ത്താവിനെ വകവരുത്തിയിട്ട്‌ തനിക്കിഷ്ടപ്പെട്ട ആളുടെ കൂടെ ഓടിപ്പോകാന്‍ തീരുമാനിച്ചു. വിവാഹം കഴിഞ്ഞ അന്ന്‌ മുറിയിലെത്തിയ ഭര്‍ത്താവിനെ സ്‌നേഹം നടിച്ച്‌ അവള്‍ സ്വീകരിച്ചു. അതിനുശേഷം ചോദിച്ചു. നിങ്ങള്‍ പുകവലിക്കുമോ! 'ഇല്ല' അയാള്‍ മറുപടി പറഞ്ഞു. ആ ഭാര്യ സ്‌നേഹത്തോടെ തന്നെ പറഞ്ഞു. പുരുഷന്മാരായാല്‍ ഒരു പുകയെങ്കിലും വലിക്കണ്‌ടെ. ആ സ്‌ത്രീയുടെ നിര്‍ബന്ധത്താല്‍ അയാള്‍ പുകവലി തുടങ്ങി. താമസിയാതെതന്നെ എല്ലാത്തരം ദു:ശ്ശീലങ്ങള്‍ക്കും തന്റെ 'സ്‌നേഹസമ്പന്നയായ' ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ അടിപ്പെട്ടു. ഒരു വര്‍ഷം തികയുന്നതിനു മുമ്പു തന്നെ ആ സ്‌ത്രീ തന്റെ ലക്ഷ്യം സാധിച്ച്‌ കാമുകനോടൊത്ത്‌ ഒളിച്ചോടി.

ഇന്നത്തെ സുവിശേഷത്തില്‍ ഈശോ കാപട്യക്കാരനായ പ്രവാചകന്മാര്‍ക്കും, ശിഷ്യന്മാര്‍ക്കുമെതിരെയാണ്‌ ആഞ്ഞടിക്കുന്നത്‌. പാലസ്‌തീനായില്‍ പരിചിതമായിരുന്ന ഒരു പശ്ചാത്തലത്തിന്റെ അകമ്പടിയോടെ തന്റെ പുതിയ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കുകയാണ്‌ ഈശോ. ആടുകളുടെ ഇടയില്‍ ആടുകളുടെ വേഷം ധരിച്ചെത്തുന്ന ചെന്നായ്‌ക്കളെ പോലെ, വ്യാജപ്രവാചകര്‍ നിങ്ങളുടെയിടയില്‍ എത്തിയേക്കാം. പഴയ നിയമത്തില്‍ (നിയ. 18, 15-22) ഇവരെ തിരിച്ചറിയുവാനുള്ള മാര്‍ഗ്ഗം 'അവരുടെ വാക്കുകള്‍ സഫലമാകില്ല എന്നതാണ്‌. എന്നാല്‍ ഈശോയുടേത്‌ ഇതില്‍നിന്നും തികച്ചും വ്യത്യസ്‌തമായ ഒരു ശൈലിയാണ്‌. ഫലത്തില്‍ നിന്നും വൃക്ഷത്തെ അറിയുക എന്നതാണത്‌.

വൃക്ഷത്തിന്റെ ആത്മസാക്ഷാത്‌കാരമാണ്‌ അതിന്റെ ഫലം. നല്ല വൃക്ഷങ്ങള്‍ നല്ല ഫലങ്ങളേ പ്രധാനം ചെയ്യുകയുള്ളൂ. സത്‌ഗുണ സമ്പന്നരായ ആളുകളില്‍ നിന്നും നാം തിന്മ പ്രതീക്ഷിക്കുകയില്ല. എന്നാല്‍ ഇതില്‍ നിന്നും മറിച്ചാണ്‌ സംഭവിക്കുന്നതെങ്കില്‍ അയാളുടെ പൊയ്‌മുഖം അഴിഞ്ഞു വീഴുകയും വിശ്വസ്‌ത നഷ്ടപ്പെടുകയും ചെയ്യും. ഒരു നല്ല പ്രവാചകന്റെ ലക്ഷനം അയാളുടെ ശരിയായ ജീവിതശൈലിയും ശരിയായ കാഴ്‌ചപ്പാടുകളും (ortho proxis and othodoxy) മാണ്‌. ഇത്‌ സഭാഗാത്രത്തെ പടുത്തുയര്‍ത്തുന്നതാകണം, വളര്‍ത്തുകയല്ല ചെയ്യേണ്‌ടത്‌. മറിച്ചുള്ളവര്‍ക്കുള്ള ശിക്ഷ അതികഠിനമായിരിക്കും എന്ന മുന്നറിയിപ്പാണ്‌ യേശു നല്‍കുന്നത്‌. ഇതിലൂടെ വ്യാജതയില്‍ നിന്നും കാപട്യത്തില്‍ നിന്നും പിന്‍മാറാന്‍ അവന്‍ ഉപദേശിക്കുന്നു. ചിലപ്പോള്‍ എല്ലാ വൃക്ഷങ്ങളും ഒരേപോലെ കാണപ്പെട്ടേക്കാം. എന്നാല്‍ ഒരു ദിനം വരും; അന്ന്‌ അവയുടെ ഫലത്തില്‍ നിന്നും നാം വൃക്ഷത്തെ അറിയും.

പരീക്ഷണങ്ങള്‍ എപ്പോഴും നല്ലതാണ്‌. കാരണം അതിലൂടെയാണ്‌ ഒരു ജീവിതങ്ങളും എത്രമാത്രം തിളക്കമുള്ളതാണ്‌ എന്ന്‌ തെളിയിക്കപ്പെടുന്നത്‌. ഓരോരുത്തരെ സംബന്ധിച്ചും തങ്ങളുടെ വിശ്വാസം വ്യാജമല്ല എന്നും താന്‍ നേടിയെടുത്ത വിശ്വാസ്യത വെറും പൊയ്‌മുഖമല്ലെന്നും തിരിച്ചറിയാന്‍ സാധിക്കുന്നത്‌ പരീക്ഷണങ്ങളിലൂടെയാണ്‌ (കഴിഞ്ഞ ഞായറാഴ്‌ച നാം യേശുവിന്റെ പരീക്ഷകളെക്കുറിച്ചും. ധ്യാനിച്ചു പരസ്യ ജിവിതത്തിലേയ്‌ക്ക്‌ പ്രവേശിക്കുന്നതിനുമുന്‍പ്‌ പരീക്ഷണത്തിലുടെ യേശുവിന്റെ സത്യസന്തത തെളിയിക്കാന്‍ യേശുവിന്‌ കഴിഞ്ഞു).

രണ്‌ടാമതായി വ്യാജ ശിഷ്യരെയാണ്‌ യേശു ശാസിക്കുന്നത്‌. കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിച്ചതു കൊണ്‌ട്‌ മാത്രം സ്വര്‍ഗ്ഗരാജ്യത്തില്‍ ഇടം നേടാമെന്ന്‌ ഇവര്‍ ധരിക്കുന്നു. എന്നാല്‍ സ്വന്തം ശിഷ്യരെ തിരഞ്ഞെടുത്തവന്‍ പറയും 'നിങ്ങളെ ഞാന്‍ അറിയുകയില്ല'. യേശുവിനെ കര്‍ത്താവായി കാണുന്ന അവര്‍ക്ക്‌ ഉന്നതമായ ദൈവശാസ്‌ത്ര (Sound theology) വീക്ഷണങ്ങള്‍ ഉണ്‌ട്‌. ജീവിതത്തില്‍ പലകാര്യങ്ങളും സമ്പത്തായുള്ളവരാണ്‌. പിശാചുക്കളെ പുറത്താക്കിയിട്ടുണ്‌ടാകാം, സുവിശേഷം പ്രസംഗിച്ചിട്ടുണ്‌ടാകാം, എല്ലാ ദിവസവും പള്ളിയില്‍ കുര്‍ബാനയ്‌ക്ക്‌ പോയിട്ടുണ്‌ടാകാം, ദാനധര്‍മ്മങ്ങള്‍ നടത്തിയിട്ടുള്ളവരാണ്‌. പക്ഷെ യേശുവിന്റെ ശിഷ്യരില്‍ അംഗമായിട്ടില്ല. 'ഞാന്‍ പിശാചിനെ പുറത്താക്കി' എന്നത്‌ സ്വര്‍ഗ്ഗരാജ്യത്തില്‍ ഇടം നേടിത്തരില്ല. ഇത്തവണ കഴിഞ്ഞതവണത്തെതില്‍ നിന്നും ഒന്നുകൂടി കൂട്ടിയാണ്‌ പറയുന്നത്‌.

ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നവന്‍ ദൈവത്തിന്റെ ഹിതം നിറവേറ്റുന്നവനാണ്‌ എന്നാണവിടുന്ന്‌ പറയുന്നത്‌. ദൈവഹിതം എന്നത്‌ അവിടുന്ന്‌ അയച്ചവനില്‍ വിശ്വസിക്കുക എന്നതാണ്‌. ജീവിതത്തില്‍ പ്രഘോഷണം മാത്രമേയുള്ളു പ്രവര്‍ത്തനമില്ല എന്നതായിരുന്നു വ്യാജപ്രവാചകരുടെ പ്രശ്‌നം. എന്നാല്‍ വ്യാജശിഷ്യന്റെ കാര്യത്തില്‍ പ്രഘോഷണവും പ്രവര്‍ത്തനവുമുണ്‌ട്‌. എന്നാല്‍ വിശ്വാസമില്ല എന്നതാണ്‌ പ്രശ്‌നം.

യേശുവിന്റെ വചനത്തില്‍ വിശ്വസിച്ച്‌ പ്രവര്‍ത്തിക്കുന്നവനെ പാറമേല്‍ ഭവനം പണിത വിവേകിയായ മനുഷ്യനോടാണ്‌ യേശു ഉപമിക്കുന്നത്‌. ഇസ്രായേലിലെ ശീതകാല മഴ വളരെ നാശം വിതയ്‌ക്കാറുണ്‌ടായിരുന്നു. വറ്റിവരണ്‌ടു കിടക്കുന്ന സമതലങ്ങളും നദീതീരങ്ങളുമൊക്കെ വലീയ നീരൊഴുക്കില്‍ കരകവിഞ്ഞ്‌ കൃഷികളും പാര്‍പ്പിടങ്ങളും നശിപ്പിക്കാറുണ്‌ട്‌. അതിനാല്‍ സാധാരണ വേനല്‌ക്കാലത്ത്‌ വീടുപണിയുന്ന അവര്‍ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കാറുണ്‌ടായിരുന്നു. ഇതാണ്‌ ഈശോ ഇവിടെ പ്രതിപാദിക്കുന്നത്‌. യുഗാന്ത്യോമ്മുഖമായ ജീവിതശൈലിയുടെ ആവശ്യകത ഇവിടെ വ്യക്തമാണ്‌.

മണല്‍പ്പുറത്തോ, പാറപ്പുറത്തോ എന്നല്ല; പണിയപ്പെട്ടുകഴിയുമ്പോള്‍ എല്ലാ വീടുകളും ഒന്നുപോലെ കാണപ്പെടും. എന്നാല്‍ വെള്ളപ്പൊക്കവും കാറ്റുമൊക്കെ ഉണ്‌ടാകുമ്പോഴാണ്‌ എവിടെയാണ്‌ അത്‌ പണിയപ്പെട്ടിരിക്കുന്നതെന്നും, എത്രമാത്രം ബലവത്തായിരുന്നെന്നും വെളിവാകുന്നത്‌. നമ്മുടെ ആത്മീയതയുടെ ഭവനം പണിതുയര്‍ത്തപ്പെടേണ്‌ടത്‌ യേശുവാകുന്ന പാറമേലാണ്‌. അവിടുന്നാണ്‌ നമ്മുടെ ഭവനത്തിന്റെ മൂലക്കല്ല്‌. ഈ കല്ലിമ്മേല്‍ പണിതുയര്‍ത്തപ്പെടുന്നവ മാത്രമേ നിലനില്‌ക്കുകയുള്ളൂ.

ഉപവാസത്തിലൂടയും പ്രാര്‍ത്ഥനയിലൂടെയും പരിത്വാഗ പ്രവര്‍ത്തികളിലൂടെയും ജീവിതത്തിലുണ്‌ടായ തെറ്റുകളെ കഴുകിക്കളഞ്ഞ്‌ മിശിഹായോടൊത്ത്‌ മരിച്ച്‌ പുതിയൊരു ജീവിതത്തിലേയ്‌ക്കുള്ള തയ്യാറെടുപ്പു നടത്തുന്ന കാലഘട്ടമാണ്‌ നോമ്പുകാലം. നോമ്പുകാലത്തിലെ രണ്‌ടാം ഞായറാഴ്‌ചയായ ഇന്ന്‌ നമുക്ക്‌ നല്‌കപ്പെട്ടിരിക്കുന്ന കല്‌പനയും ഇതുതന്നെയാണ്‌. പരീക്ഷണങ്ങളുണ്‌ടാകുമ്പോള്‍ ഉപവാസത്തിന്റെയും പ്രാത്ഥനയുടെയും അകമ്പടിയോടെ അതിനെ അതിജീവിക്കാനും ജീവിതത്തിന്റെ സത്‌ഫലങ്ങളിലൂടെ യഥാര്‍ത്ഥ ശിഷ്യരാണെന്ന്‌ മറ്റുള്ളവര്‍ അറിയുവാനും നിങ്ങള്‍ക്കിടയാകട്ടെ.

ബിബിന്‍ വരമ്പകത്ത്‌
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download Sermon 2011
Sermon 2010
ആഴത്തില്‍ കുഴിച്ച്‌, ഉറച്ച അടിസ്ഥാനമിട്ട, വിശ്വാസസൗധം പണിയേണ്‌ടതിന്റെ ആവശ്യകത എടുത്തുകാണിക്കുകയാണ്‌ കര്‍ത്താവ്‌ വി. മത്തായുടെ സുവിശേഷത്തിലൂടെ. വിശ്വാസ ജീവിതം ഉറപ്പുളള അടിസ്ഥാനത്തിന്‍മേല്‍ പണിയാന്‍ ക്രിസ്‌തുവിനോടൊത്ത്‌ മരിക്കുകയും ഉയിര്‍ക്കുകയും ചെയ്യുക ആവശ്യമാണെന്ന്‌ പഠിപ്പിക്കുകയാണ്‌ വി. പൗലോസ്‌ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിലൂടെ. ഒരു തലമുറ മുഴുവന്‍ തിന്മയ്‌ക്ക്‌ അടിമകളാവുകയും ദൈവത്തില്‍ നിന്ന്‌ അകന്നുപോവുകയും ചെയ്‌തപ്പോള്‍, ദൈവപ്രമാണം നിഷ്‌ഠയോടുകൂടി പാലിച്ചുകൊണ്‌ട്‌ അനുസരണത്തിലൂടെ മാനവരാശിക്ക്‌ പുതുജീവന്‍ നല്‌കിയ നോഹയുടെ ജനനമാണ്‌ ഉല്‍പത്തി പുസ്‌തകം വിവരിക്കുന്നത്‌. പാപത്തിന്റെ ഫലമായ മരുഭൂമിയിലെ 40 വര്‍ഷത്തെ ചുറ്റിതിരിയലിനുശേഷം ജോര്‍ദ്ദാന്‍ നദികടന്ന്‌ പുതുജീവിതത്തിനായി വാഗ്‌ദത്ത ദേശത്ത്‌ പ്രവേശിക്കുന്ന ദൈവജനത്തിന്റെ ചിത്രമാണ്‌ ജോഷ്വയുടെ പുസ്‌തകത്തില്‍ നാം കാണുന്നത്‌.
ദൈവപ്രമാണം ഇസ്രായേലിനു നല്‌കിയത്‌ ദൈവത്തിന്റെ പ്രവാചകനായ മോശയായിരുന്നു (പുറ 20.19). ദൈവം നല്‌കുന്നദേശത്ത്‌ ജീവിക്കാന്‍ ആവശ്യമായ പ്രമാണങ്ങളായിരുന്നു ഈ നിയമങ്ങള്‍. പഴയനിയമ ജനതയുടെ സ്ഥാനത്ത്‌ പുതിയ ജനത്തിനു രൂപം നല്‌കിയ ക്രിസ്‌തുവിനെ മോശയെപ്പോലെയുളള ഒരു നിയമദാതവായാണ്‌ വി. മത്തായി അവതരിപ്പിക്കുന്നത്‌. മോശ വാഗ്‌ദത്തദേശത്ത്‌ വസിക്കാനാവശ്യമായ നിയമമാണ്‌ നല്‌കിയതെങ്കില്‍, കര്‍ത്താവ്‌ നിത്യ സൗഭാഗ്യത്തിലെത്തിച്ചേരാനുളള നിയമമാണ്‌ നല്‌കുന്നത്‌ (മത്ത 5.3ff). മോശ നല്‌കിയ പത്ത്‌പ്രമാണങ്ങളുടെ സ്ഥാനത്ത്‌ മത്തായി കര്‍ത്താവിന്റെ മലയിലെ പ്രസംഗമാണ്‌ പ്രതിഷ്ടിക്കുന്നത്‌ (മത്ത 5-7) പഴയനിയമത്തെക്കാള്‍ വിശിഷ്ടമായ ഒരു നിയമം ജീവിച്ചുകൊണ്‌ടു മാത്രമേ ദൈവത്തിന്റെ ഭാഗമാകാന്‍ കഴിയൂ എന്ന്‌ വി. മത്തായി ഓര്‍മ്മിപ്പിക്കുന്നു (മത്ത 5.20). ഈ പുതിയ നിയമങ്ങളെ അവന്‍ അവതരിപ്പിച്ചത്‌ നിയമത്തിന്റെ പൂര്‍ത്തികരണമായിട്ടാണ്‌ (5.17). ക്രിസ്‌ത്യാനിക്ക്‌ ദൈവം നല്‌കുന്ന പുതിയ പ്രമാണമായ മലയിലെ പ്രസംഗത്തിന്റെ ഉപസംഹാരമായിട്ടാണ്‌ ഇന്നത്തെ സുവിശേഷം.
ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ ശ്രമിക്കണമെന്ന്‌ ഉദ്‌ബോധിപ്പിച്ചശേഷം കര്‍ത്താവിന്റെ സഭയില്‍, സമൂഹത്തില്‍, നാശം വിതയ്‌ക്കാന്‍ സാധ്യതയുളള ശത്രുക്കളെകുറിച്ചാണ്‌ കര്‍ത്താവ്‌ അരുള്‍ ചെയ്യുന്നത്‌. നന്നായി ജീവിക്കുകയും ക്രിസ്‌തുവിനെ അനുഗമിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ശിഷ്യരുടെ യഥാര്‍ഥ ശത്രുക്കള്‍ സഭായ്‌ക്ക്‌ പുറമേനിന്നുളള വിരോധികളയിരിക്കുകയില്ല; മറിച്ച്‌ സഭയുടെ ഉളളില്‍തന്നെയുളളവരായിരിക്കും. അജഗണത്തിനിടയിലേക്ക്‌ ശത്രു പ്രവേശിക്കുന്നത്‌ ചെന്നായിക്കളുടെ വേഷത്തിലല്ല; മറിച്ച്‌ ആടുകളുടെ വേഷത്തിലാണ്‌. അതുകൊണ്‌ട്‌ തന്നെ അവരെ തിരിച്ചറിയാന്‍ പ്രയാസവുമാണ്‌. അവരെ കണ്‌ടെത്താന്‍ ഒരു മാര്‍ഗ്ഗമേയുളളു; അവരുടെ പ്രവര്‍ത്തിയുടെ ഫലം എന്തെന്നു നോക്കുക. അവരുടെ ഫലങ്ങളില്‍ നിന്ന്‌ അവരെ അറിയാം എന്ന്‌ കര്‍ത്താവ്‌ പറയുന്നു. ആടുകളുടെ വേഷവും ശബ്ദവുമുളള ശത്രുവിനെ തിരിച്ചറിയാന്‍, അവന്റെ പ്രവര്‍ത്തിയുടെ ലക്ഷ്യമെന്തെന്ന്‌ കണ്‌ടു പിടിക്കുകയാണാവശ്യം. ആത്മീയ പരിവേഷമാകുന്ന ആട്ടിന്‍കുട്ടിയുടെ വേഷമോ, വിദ്വേഷം ഉളളിലൊതിക്കിയ ലാളിത്യമോ ഒന്നും ശിഷ്യത്വത്തിന്റെ അടയാളമായി തെറ്റിദ്ധരിക്കരുത്‌. കര്‍ത്താവ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു: `ഉളളില്‍ അവര്‍ കടിച്ചുകീറുന്ന ചെന്നായ്‌ക്കളാണ്‌`
എന്ന്‌. കര്‍ത്താവ്‌ നിരന്തരം നയിക്കുന്ന സഭയില്‍ത്തന്നെ രൂപംകൊളളാന്‍ ഇടയുളള ശത്രുക്കളെ തിരിച്ചറിയാന്‍ കഴിയാത്തവന്‌ നഷ്ടം സഹിക്കേണ്‌ടിവരും.
വീണ്‌ടും, കര്‍ത്താവ്‌ സഭയില്‍ സംഭവിച്ചേക്കാവുന്ന ഒരു മൂല്യത്തകര്‍ച്ചയിലേയ്‌ക്ക്‌ വിരല്‍ ചൂണ്‌ടുന്നു. മദ്ധ്യപൂര്‍വ്വദേശത്ത്‌ രാജക്കനമ്‌ാരെയാണ്‌ സാധാരണയായി `കര്‍ത്തവേ` (adonai) എന്നു ജനം വിളിച്ചിരുന്നത്‌. ഇസ്രായേല്‍ക്കാര്‍ തങ്ങളുടെ ദൈവത്തെ തങ്ങളുടെ രാജാവായിക്കണ്‌ടതുകൊണ്‌ട്‌ കര്‍ത്താവേ എന്നു അവനെ വിളിച്ചുവന്നു. ആദിമസഭ ഈ ശീര്‍ഷകം ക്രിസ്‌തുവിന്‌ നല്‍കി.
സഭ പ്രഘോഷിച്ച ഈ വിശ്വാസത്തിന്റെ അന്തഃസത്ത കുരിശില്‍ ദാരുണമായി മരണമടഞ്ഞ ക്രിസ്‌തു ലോകത്തിന്റെ മുഴുവന്‍ നാഥനും രാജാവും ദൈവവുമാണെന്നതായിരുന്നു (ഫിലി 2.5-11). യേശു ക്രിസ്‌തു കര്‍ത്താവാണെന്ന്‌ വിശ്വസിച്ചാല്‍ രക്ഷസാധ്യമാണെന്നവര്‍ കരുതി (റോമ 10.9). ഈ പശ്ചാത്തലത്തിലാണ്‌ മത്തായിയുടെ സുവിശേഷം അവതരിപ്പിക്കുന്ന ആന്തരികതയ്‌ക്കുളള പ്രാധാന്യം നാം മനസ്സിലാക്കേണ്‌ടത്‌. യേശുക്രിസ്‌തു കര്‍ത്താവാണെന്ന്‌ അധരംകൊണ്‌ട്‌ ഏറ്റുപറയുകമാത്രം ചെയ്യുന്നവന്‍ രക്ഷപെടണമെന്നില്ല. മറിച്ച്‌ ഈശോയെപോലെ ദൈവഹിതം നിറവേറ്റുന്നവനാണ്‌ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത്‌ (മത്ത 7.21). ആദിമ സഭയുടെ 'കര്‍ത്താവേ' എന്ന സംബോധനയുടെ സ്ഥാനത്താണ്‌ ഇന്ന്‌ നമ്മുടെ വിശ്വാസപ്രമാണം: കാതോലികമാകയാല്‍ നമ്മുടെ വിശ്വാസപ്രമാണം യഥാര്‍ത്ഥമായിരിക്കാം അതില്‍ പറയുന്നതെല്ലാം വലിയ ദൈവശാസ്‌ത്ര സത്യങ്ങളാണ്‌. എന്നാല്‍ ക്രിസ്‌തുവിന്റെ രാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയണമെങ്കില്‍ ശരിയായ വിശ്വാസപ്രമാണത്തിന്റെ പ്രഖ്യാപനം മാത്രം പോരാ; ദൈവഹിതം നിറേേവറ്റുന്നവന്‍ കൂടിയാകണം. ശരിയായ വിശ്വാസപ്രമാണം പ്രഘോഷിക്കുകയും ക്രിസ്‌തുവിന്റെ നാമത്തില്‍ അത്ഭുതങ്ങള്‍തന്നെ പ്രവര്‍ത്തിച്ചാലും അനുദിന ജീവിതത്തില്‍ ദൈവഹിതം നിറവേറ്റുന്നതില്‍ വീഴ്‌ചവരുത്തുന്നവന്‌ രക്ഷ സാധ്യമല്ല.
കര്‍ത്താവിന്റെ മലയിലെ പ്രസംഗം എല്ലാ നിയമ സംഹിതകളെയും മാറ്റി മറിക്കുന്നതാണ്‌. ക്രിസ്‌തു തന്റെ ദൈവസ്‌നേഹത്തിലും മനുഷ്യസ്‌നേഹത്തിലും അധിഷ്‌ഠിതമായ നിയമത്തെ പുതിയ സമൂഹത്തിന്റെ അടിസ്ഥാന പ്രമാണമായി പ്രഖ്യാപിക്കുകയാണ്‌ ഈ സുവിശേഷത്തിന്റെ അവസാന ഭാഗത്ത്‌: ` എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത...` (V.24ff). ഈ വചനം സ്വീകരിക്കുന്നവന്റെ അന്യരില്‍ നിന്നുളള വ്യതിരക്തത അറിയാന്‍ പോകുന്നത്‌ ജീവിതത്തിലെ വലിയ പ്രതിസന്ധികളിലാണ്‌. പാലസ്‌തീനായില്‍ സാധാരണ മഴ പെയ്യാറില്ല. വര്‍ഷം വിരലിലെണ്ണാവുന്ന മഴയേ ഉളളു. അതുകൊണ്‌ട്‌ തന്നെ മണല്‍പുറത്ത്‌ ഭവനം പണിയുന്നവനും പാറമേല്‍ അടിസ്ഥാനമിട്ട്‌ ഭവനം പണിയുന്നവനും തമ്മില്‍ ജീവിതാനുഭവങ്ങളുടെ കാര്യത്തില്‍ വ്യത്യാസമെന്തങ്കിലും സാധാരണയായി കാണാറില്ല. എന്നാല്‍ വലിയ മഴയുണ്‌ടാകുമ്പോള്‍ ശക്തമായ മലവെളള പ്രവാഹമുണ്‌ടാവുകയും അത്‌ ഭവനത്തെയും മറ്റും തകര്‍ത്ത്‌ കളയുകയും താഴ്‌വരകള്‍ നികത്തികളയുകയും ചെയ്യാറുണ്‌ട്‌. ആഴത്തില്‍ കുഴിക്കുന്നവന്‍ കുടുതല്‍ ഊര്‍ജ്ജവും സമയവും അതിനായ്‌ ചെലവഴിക്കണമെന്നുമാത്രം. വചനത്തില്‍ അധിഷ്‌ഠിതമായ ജീവിതവും അങ്ങനെതന്നെ. ആഴത്തില്‍ കുഴിക്കുക: ദൈവാനുഭവങ്ങളിലൂടെ ആഴമായ വിശ്വാസബോധ്യത്തിലേക്ക്‌ വളരുക. ഉദാ. കാനാന്‍കാരി സ്‌ത്രീ; ശതാധിപന്‍ തുടങ്ങി ദൈവമാകുന്ന പാറയേ കണ്‌ടെത്തിയവര്‍ ധാരളം. നീ മാത്രം അഭയം എന്ന്‌ ദൈവത്തോട്‌ പറയാന്‍ കഴിയുന്നവനാണ്‌ പാറയില്‍ അടിസ്ഥാനമിട്ടവന്‍. അവന്റെ സാധാരണ ജീവിതവും അനുഭവങ്ങളും മറ്റൊരു വിശ്വാസിയുടേതില്‍നിന്ന്‌ വ്യത്യസ്‌തമല്ലായിരിക്കാം. പക്ഷേ ശക്തമായ കാറ്റും കോളും ആഞ്ഞടിക്കുമ്പോഴും ക്രിസ്‌തുതന്നെയാണ്‌ എന്റെ കര്‍ത്താവെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചുകൊണ്‌ട്‌ ഇടുങ്ങിയ വഴിയിലൂടെ അവന്‍ ക്രിസ്‌തുവിന്റെ രാജ്യത്ത്‌ പ്രവേശിക്കും. മണല്‍ പുറത്ത്‌ ഭവനം പണുതവന്റെ വീഴ്‌ച വലിതായിരുന്നു എന്ന്‌ കര്‍ത്താവ്‌ അരുളിചെയ്യുന്നു. ഭവനം പണിയാന്‍ അധികം അധ്വാനിക്കേണ്‌ടി വന്നില്ല. ഒറ്റനോട്ടത്തില്‍ അവന്റെ ഭവനം പൂര്‍ണ്ണമായിരുന്നു, അത്‌ പുറമേ മനോഹരമായിരുന്നു. വിശ്വാസ പ്രമാണത്തിന്റെയും വ്യക്തതയും നിയമത്തോട്‌ ബാഹ്യമായി കാണിക്കുന്ന താല്‌പര്യയവുമാണ്‌അവന്റെ ഭവനം മോഹരമായി കാണപ്പെടാന്‍ കാരണമാകുന്നത്‌ (ഉദാ.പ്രാര്‍ത്ഥിക്കാന്‍പോയ ഫരിസയന്‍: ലുക്ക18.9-14). ജീവിതത്തിലെ പ്രതിസന്ധികളില്‍ അവന്റെ വിശ്വാസം അവനെ രക്ഷിക്കുകയില്ല. എന്നാല്‍ ഭവനം പണിയാന്‍ ആഴത്തില്‍ കുഴിക്കുന്നവന്‍ കര്‍ത്താവിന്റെ സ്‌നേഹത്തിലധിഷ്‌ഠിതമായി ആത്മീയ ജീവിതം പണിയാന്‍ സ്വന്തം ഈര്‍ജ്ജം വ്യയം ചെയ്യുന്നവനാണ്‌.
നാം നോമ്പാചരിക്കുകയാണ്‌. നൂറ്റാണ്‌ടുകളിലൂടെ നമ്മുടെ പൂര്‍വികര്‍ക്ക്‌ വിശ്വാസം കാത്തുസുക്ഷിക്കാന്‍ കഴിഞ്ഞതിന്റെ കാരണം നോമ്പിലൂടെയും ഉപവാസത്തിലൂടെയും സ്വയം പരിത്യാഗത്തിലൂടെയും ഒപ്പം വ്യക്തമായ വിശ്വാസ പ്രഖ്യാപനത്തിലൂടെയും അവര്‍ ആഴത്തില്‍ അടിസ്ഥാനമിട്ട്‌ ഭവനം പണിതു എന്നതാണ്‌. ഇതുവരെ ഉണ്‌ടായിരുന്ന കൊടുങ്കാറ്റുകളെ അങ്ങനെ സഭ അതിജീവിച്ചു. ഈ നോമ്പുകാലത്ത്‌ അവരുടെ ദൗത്യം നമുക്കും തുടരാം: നമുക്ക്‌ കര്‍ത്താവിനെ കുറിച്ചും അവന്റെ സഭയെകുറിച്ചും വ്യക്തമായ കാഴ്‌ചപ്പാടുകളുണ്‌ടായിരിക്കണം; അത്‌ ബൗദ്ധികതലത്തില്‍ മാത്രം തെളിഞ്ഞ്‌ നിന്നാല്‍ പോരാ - ദൈവഹിതം നിറവേറ്റുന്നതാണെന്ന്‌ ഉറപ്പുവരുത്തുന്നതായിരിക്കണം. കര്‍ത്താവിന്റെ വചനത്തില്‍ നമ്മുടെ ആത്മീയ ഭവനം പണിയാന്‍ നമ്മുടെ നോമ്പും, ഉപവാസവും, പരസ്‌പരസ്‌നേഹ പ്രവൃത്തികളും, പ്രര്‍ത്ഥനകളുമെല്ലാം നമ്മെ സഹായിക്കട്ടെ.തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.

 Download

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home