Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
നോമ്പുകാലം മൂന്നാം ഞായര്‍
March 8, 2009: Readings: Genesis 7:1-24; Joshua 5:13-6:5; Romans 7:14-25; Matthew 20:17-28

നോമ്പ്‌ മൂന്നാം ഞായര്‍

ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്‌ കര്‍ത്താവിന്റെ പീഡനാനുഭവത്തെയും മരണത്തെയും കുറിച്ചുള്ള മൂന്നാമത്തെ പ്രവചനത്തോടുകൂടിയാണ്‌. ഇതിനുമുമ്പ്‌ നടത്തിയ രണ്‌ട്‌ പീഡാനുഭവപ്രവചനങ്ങളിലും നിന്നു വ്യത്യസ്‌തമായി ഇപ്പോള്‍ താനെന്തല്ലാം സഹിക്കേണ്‌ടി വരുമെന്നും, തന്റെ ലോകത്തിലെ അവസാന ദിനങ്ങള്‍ എത്ര ദയനീയമായിരിക്കുമെന്നും അവനറിയാം. അവന്‍ തന്റെ ജറുസലേമിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു; യഹൂദര്‍ അവനെ പിടികൂടും; അവനെ മരണത്തിനു വിധിയ്‌ക്കും; അവനെ വിജാതീയര്‍ക്ക്‌ ഏല്‍പ്പിച്ചുകൊടുക്കും; അവര്‍ അവനെ നിഷ്‌ഠൂരമായി പീഡിപ്പിയ്‌ക്കുകയും പരിഹസിക്കുകയും ചെയ്യും; അവന്‍ പരസ്യമായി കുരിശില്‍ തറയ്‌ക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യും; എങ്കിലും മൂന്നാം ദിവസം അവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. തന്റെ മുമ്പില്‍ വെള്ളിത്തിരയിലെന്നപോലെ, തനിക്ക്‌ സംഭവിക്കാന്‍ പോകുന്നതെല്ലാം കര്‍ത്താവ്‌ കാണുകയും തത്‌ഫലമായി അസ്വസ്ഥനും, ഭയചകിതനുമാവുകയും ചെയ്‌തു (മാര്‍ക്കോ 10:32).

ഇപ്രകാരം അസ്വസ്ഥനും ദു:ഖിതനുമായ കര്‍ത്താവ്‌ തന്റെ ശിഷ്യരെങ്കിലും തന്നെ മനസ്സിലാക്കണമെന്ന ചിന്തയാലാവാം തന്റെ അരുമ ശിഷ്യരോട്‌ തനിക്ക്‌ സംഭവിക്കാനിരിക്കുന്നതെന്തെന്ന്‌ വിശദമായി പറഞ്ഞത്‌. അവര്‍ അവന്‍ പറഞ്ഞത്‌ മനസ്സിലാക്കാന്‍ ശ്രമിച്ചില്ല എന്നു മാത്രമല്ല അപ്പോഴും അവരുടേതു മാത്രമായ താല്‍പര്യങ്ങളെക്കുറിച്ച്‌ അസ്വസ്ഥരുമായിരുന്നു.

തന്നെ കാത്തിരിക്കുന്ന പീഡകളെക്കുറിച്ചോര്‍ത്ത്‌ ദു:ഖിതനായ കര്‍ത്താവിനു മുമ്പില്‍ തന്റെ മക്കളായ യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്‌ട്‌ അവരുടെ അമ്മ വന്ന്‌ അവനോട്‌ തങ്ങളുടെ ഒരപേക്ഷ സാധിച്ചുതരണമെന്ന്‌ പറയുന്നു. തന്റെ രണ്‌ടു മക്കളും കര്‍ത്താവിന്റെ മഹത്വത്തില്‍ അവന്റെ ഇടത്തും വലത്തും ഇരിക്കാനനുവദിക്കണം. യാക്കോബും യോഹന്നാനും കര്‍ത്താവിന്റെ ഏറ്റവും അടുത്ത ശിഷ്യന്‍മാരാണ്‌. അവര്‍ താബോര്‍ മലയില്‍വച്ച്‌ അവന്റെ മഹത്വം ദര്‍ശിച്ചവരും പിന്നീട്‌ ഗദ്‌സമനില്‍ അവനോടൊത്തായിരിക്കാന്‍ വിളിക്കപ്പെട്ടവരുമാണ്‌ (മത്താ 26:36-38) കര്‍ത്താവിന്റെ ഭൗമിക ജീവിതത്തില്‍ അവന്റെ ഏറ്റവും അടുത്ത വ്യക്തികളായി വര്‍ത്തിച്ചവര്‍; കര്‍ത്താവിന്റെ മാനസികാവസ്ഥ ഏറ്റവും അറിയേണ്‌ടവര്‍; എന്നാല്‍ തങ്ങളുടെതായ താത്‌പര്യങ്ങളും ആശയങ്ങളും മുറുകെപ്പിടിച്ചിരുന്ന അവര്‍ ദൈവഹിതം മനസ്സിലാക്കാന്‍ കഴിയാത്തവരായിത്തീര്‍ന്നു. കര്‍ത്താവ്‌ തന്റെ പീഡാസഹനങ്ങളെക്കുറിച്ച്‌ ആകുലപ്പെട്ട്‌ സംസാരിക്കുമ്പോള്‍ അവന്റെ ഏറ്റവും അടുത്ത ഈ സുഹൃത്തുക്കള്‍ തങ്ങളുടെ സ്ഥാനമുറപ്പിക്കാനുള്ള തത്രപ്പാടിലാണ്‌.

നമ്മുടെ ജീവിതത്തില്‍ ഇപ്രകാരമൊരു സാഹചര്യമുണ്‌ടായാല്‍ എന്തായിരിക്കും നമ്മുടെ പ്രതികരണം? എന്റെ കച്ചവടം പരാജയപ്പെട്ടതിനെക്കുറിച്ച്‌ ഞാന്‍ വിഷമത്തോടെ പറയാനാരംഭിക്കുമ്പോള്‍ എന്റെ ഏറ്റവും അടുത്ത വ്യക്തി കാപ്പിയ്‌ക്ക്‌ മധുരം കുറവായതിനെക്കുറിച്ച്‌ അസ്വസ്ഥനായിരിക്കുന്നു... ഞാന്‍ കടം തിരിച്ചടക്കാന്‍ മാര്‍ഗ്ഗം കാണാതെ നട്ടം തിരിയുമ്പോള്‍ ഭാര്യ കറിയ്‌ക്ക്‌ കടുക്‌ മേടിക്കാന്‍ മറന്നുപോയതിനെക്കുറിച്ച്‌ വഴക്കുണ്‌ടാക്കുന്നു... ഏകാന്തതയില്‍ ദിവസം മുഴുവനും ഭര്‍ത്താവിനെ കാത്തിരുന്ന്‌ മടുത്തു കഴിഞ്ഞ്‌ അവസാനം അവരെത്തുമ്പോള്‍ നിസ്സാര കാര്യങ്ങളെച്ചൊല്ലി അവന്‍ വഴക്കിടുന്നു... ഇത്‌ നമ്മുടെ ജീവിതാനുഭവമാണ്‌.

കര്‍ത്താവിന്റെ അനുഭവം കഠിനമായിരുന്നുവെങ്കിലും അവന്‍ തന്റെ ശിഷ്യരെ വഴക്കു പറഞ്ഞില്ല (അവനായിരിക്കട്ടെ നമുക്ക്‌ മാതൃക!). എന്നു മാത്രമല്ല, സമചിത്തതയോടെ, തന്റെ ശിഷ്യരെ, തന്നെ മനസ്സിലാക്കാന്‍ സഹായിക്കാന്‍, അവരുടെ ജീവിതത്തിലെ ദൈവീക പദ്ധതിയിലേക്ക്‌ വിരല്‍ ചൂണ്‌ടാനും അവന്‍ പരിശ്രമിച്ചു.

വി. മാര്‍ക്കോസിന്റെ സുവിശേഷത്തിലും മത്തായിയുടെ സുവിശേഷത്തിലും മാത്രമാണ്‌ സെബദി പുത്രന്മാരുടെ കഥ നാം വായിക്കുന്നത്‌. മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ സെബദി പുത്രന്മാരുടെ മാതാവിനെക്കുറിച്ച്‌ ഒന്നും പറയുന്നില്ല. മത്തായി മാത്രമാണ്‌ ഈ സ്‌ത്രീയെ അവതരിപ്പിക്കുന്നത്‌. മത്തായിയുടെ വിവരണത്തിന്‌ മറ്റൊരു പ്രത്യേകത കൂടിയുണ്‌ട്‌. കര്‍ത്താവ്‌ കാല്‍വരിയില്‍ പിടഞ്ഞു മരിക്കുമ്പോള്‍ ഈ സ്‌ത്രീ ആ കുരിശുനു ചുവട്ടില്‍ നില്‍ക്കുന്നത്‌ കാണാം (മത്താ 27:56). ആ കുരിശിലാണ്‌ കര്‍ത്താവ്‌ മഹത്വീകരിക്കപ്പെട്ടത്‌. അപ്പോള്‍ അവന്റെ ഇടത്തും വലത്തും രണ്‌ടു പേരുണ്‌ടായിരുന്നു. ആ കുരിശിന്‍ ചുവട്ടില്‍ നിന്നപ്പോള്‍ മാത്രമാണ്‌ തന്റെ പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ അര്‍ത്ഥമെന്തായിരുന്നുവെന്ന്‌ ആ സ്‌ത്രീക്ക്‌ മനസ്സിലായത്‌.

ഇത്‌ നമ്മുടെ ജീവിതാനുഭവമാണ്‌. പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥനയുടെ അര്‍ത്ഥമെന്തെന്ന്‌ നമുക്ക്‌ തന്നെ മനസ്സിലാകുന്നില്ലെന്നതാണ്‌ സത്യം. പല വിശ്വാസികളും പലപ്പോഴും ആകുലപ്പെടുന്നത്‌ `ഞാന്‍ പ്രാര്‍ത്ഥിച്ചിട്ട്‌, ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടില്ല` എന്നു പറഞ്ഞുകൊണ്‌ടാണ്‌. `നിങ്ങള്‍ ചോദിക്കുന്നതെന്തും ലഭിക്കുമെന്ന്‌ കര്‍ത്താവ്‌ പറഞ്ഞതല്ലേ` എന്നവര്‍ ചോദിക്കുന്നു: `ഞാന്‍ വിശ്വാസത്തോടെതന്നെയാണ്‌ പ്രാര്‍ത്ഥിച്ചത്‌` എന്നവര്‍ പറയുന്നു. വാസ്‌തവത്തില്‍ നമ്മുടെ പല പ്രാര്‍ത്ഥനകളുടെയൂം അര്‍ത്ഥം നമുക്കറിയില്ല; അതറിയുന്നവന്‍ ദൈവം മാത്രമാണ്‌. സെബദിപുത്രന്മാരുടെ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം കര്‍ത്താവിനറിയാമായിരുന്നു. അവനതനുവദിച്ചില്ല. എന്നാല്‍ അവര്‍ തന്റെ കാസ കുടിക്കേണ്‌ടി വരുമെന്ന്‌ അവന്‍ പ്രവചിക്കുകയും ചെയ്‌തു.

വാസ്‌തവത്തില്‍ ഈ യാചന നടത്തുമ്പോള്‍ ദൈവരാജ്യമെന്ത്‌ എന്നതിനെക്കുറിച്ച്‌ സെബദി പുത്രന്മാര്‍ക്കുണ്‌ടായിരുന്ന ധാരണ പഴയ നിയമ ജനതയുടെ പ്രതീക്ഷയായിരുന്നു; അത്‌ വചനാധിഷ്‌ഠിതവുമായിരുന്നു. പിതാക്കന്മാര്‍ക്ക്‌ വാഗ്‌ദാനം ചെയ്‌തിരുന്ന ഭൂമി ദൈവം ഇസ്രായേലിന്‌ നല്‍കി. ആ ഭൂമിയില്‍ പിന്നീട്‌ ദാവീദിലൂടെ ഒരു രാജവംശത്തിനും രാജ്യത്തിനും ജന്മം നല്‌കുകയും, ആ രാജവംശം ശാശ്വതമായി നിലനില്‍ക്കുമെന്ന്‌ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു (2സാമു 7:12-16). എന്നാല്‍ ദാവീദിന്റെ രാജ്യം കാലക്രമത്തില്‍ അപ്രത്യക്ഷമായി. നിത്യനായ ദൈവം വാഗ്‌ദാനം ചെയ്‌ത രാജ്യം എന്നെങ്കിലും പുനസ്ഥാപിക്കപ്പെടുമെന്ന്‌ വിശ്വാസികളായ യഹൂദര്‍ വിശ്വസിച്ചുവന്നു. അതുകൊണ്‌ടുതന്നെ യഹൂദര്‍ പ്രതീക്ഷിച്ചിരുന്നത്‌ ദൈവസ്ഥാപിതമായ ഒരു ഭൗമീക രാജ്യം തന്നെയാണ്‌. ക്രിസ്‌തു രാജാവാണെന്ന്‌ വിശ്വസിച്ച സെബദി പുത്രന്‍മാര്‍, അവന്‍ സ്ഥാപിക്കുന്ന ഭൗമീക രാജ്യത്തിലെ സ്ഥാനമാനങ്ങണാണ്‌ ആഗ്രഹിച്ചത്‌; കാരണം അതായിരുന്നു അവരുടെ വിശ്വാസവും പ്രതീക്ഷയും.

വചനാധിഷ്‌ഠിതമായിരുന്നിട്ട്‌കൂടി (പഴയ നിയമം) അവരുടെ പ്രാര്‍ത്ഥന ദൈവഹിതത്തിനും അവന്റെ പദ്ധതികള്‍ക്കും ചേരാത്തതായിരുന്നു: `എന്റെ രാജ്യം ഐഹികമല്ല എന്ന്‌ കര്‍ത്താവിന്‌ വ്യക്തമായി പറയേണ്‌ടിവന്നിട്ടുണ്‌ട്‌` (യോഹ 18:36). ദൈവം യഹൂദരുടെ പ്രതീക്ഷയ്‌ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും അവരുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും അവരുടെ ചിന്തകള്‍ക്കനുസൃതമായി രാജ്യം സ്ഥാപിക്കുകയും ചെയ്‌തിരുന്നെങ്കില്‍ ലോകചരിത്രം മറ്റൊന്നാകുമായിരുന്നു. എന്നാല്‍ അവര്‍ ആഗ്രഹിച്ചതിനേക്കാള്‍ വലിയ പദ്ധതിയുമായാണ്‌ കര്‍ത്താവ്‌ ഭൂമിയിലവതരിച്ചത്‌. നമ്മുടെ പ്രതീക്ഷകളും പ്രാര്‍ത്ഥനകളും വചനാധിഷ്‌ഠിതമായിരുന്നാല്‍ തന്നെയും ദൈവത്തിനു നമ്മെക്കുറിച്ചുള്ള പദ്ധതികള്‍ക്ക്‌ ചേര്‍ന്നതാകണമെന്നില്ല. നമ്മുടെ പല പ്രാര്‍ത്ഥനകളും അംഗീകരിക്കപ്പെട്ടാല്‍ ഒരുപക്ഷെ നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികള്‍ അവതാളത്തിലാകും.

സെബദി പുത്രന്മാരുടെ അമ്മ കര്‍ത്താവിന്റെ കുരിശിന്‍ ചുവട്ടില്‍ നില്‍ക്കാന്‍ കാരണം അവളുടെ വിശ്വാസം തന്നെയാണ്‌. എന്നാല്‍ അവളുടെ പുത്രന്മാര്‍ കുരിശിന്‍ ചുവട്ടില്‍ നിന്നും അപ്രത്യക്ഷരായിരുന്നു. ആ കുരിശിന്‍ ചുവട്ടില്‍ നിന്നപ്പോള്‍ മാത്രമാണ്‌ തന്റെ പ്രാര്‍ത്ഥനയുടെ ഭോഷത്തം അവള്‍ക്ക്‌ മനസ്സിലായത്‌. തന്റെ പ്രാര്‍ത്ഥന അന്ന്‌ കര്‍ത്താവ്‌ കേള്‍ക്കാതിരുന്നതിനെക്കുറിച്ച്‌ അന്നവള്‍ ദൈവത്തെ സ്‌തുതിച്ചിട്ടുണ്‌ടാകണം. നമ്മുടെ പ്രാര്‍ത്ഥനകളുമായി കര്‍ത്താവിന്റെ കുരിശിന്‍ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ്‌ അവയുടെ യഥാര്‍ത്ഥ അര്‍ത്ഥം നമുക്ക്‌ മനസ്സിലാവുക. ദൈവീക പദ്ധതികളോട്‌ ചേര്‍ന്നു പോകാത്ത്‌ പ്രാര്‍ത്ഥനകള്‍ എന്നും കര്‍ത്താവ്‌ തിരസ്‌കരിച്ചിരുന്നു: താബോര്‍മലയില്‍ വച്ച്‌ `നമുക്കിവിടെ ആയിരിക്കാം` എന്ന പത്രോസിന്റെ പ്രാര്‍ത്ഥന കര്‍ത്താവ്‌ കേട്ടില്ല (മത്താ 17:4); സമരിയാക്കാരെ നശിപ്പിക്കാനുള്ള യാക്കൂബിന്റെയും യോഹന്നാന്റെയും യാചന അവന്‍ ചെവിക്കൊണ്‌ടില്ല (യോഹ 9:51-55), അതുപോലെതന്നെ ഇന്നത്തെ സുവിശേഷ കഥയും.

മറ്റുള്ളവര്‍ക്കുവേണ്‌ടിയുള്ള നമ്മുടെ `നല്ല` പ്രാര്‍ത്ഥനകളില്‍പോലും പലപ്പോഴും നമ്മുടെ സ്വാര്‍ത്ഥതയാണടങ്ങിയിരിക്കുന്നതെന്നതാണ്‌ സത്യം. മറ്റുള്ളവര്‍ നന്നാവണമെന്ന്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ ജീവിതം കൂടുതല്‍ സന്തോഷകരമാവണമെന്നും, നമ്മുടെ അഭിമാനം കാത്തു സൂക്ഷിക്കണമെന്നും, നമ്മുടെ പ്രവൃത്തികള്‍ക്ക്‌ ചേര്‍ന്ന നല്ല പ്രതിഫലം ലഭിക്കണമെന്നുമൊക്കെയല്ലേ നാം ആഗ്രഹിക്കുന്നത്‌? നമ്മുടെ പ്രാര്‍ത്ഥനകളുമായി നമുക്ക്‌ സെബദി പുത്രന്മാരുടെ മാതാവിനെപ്പോലെ കര്‍ത്താവിന്റെ കുരിശിനരികിലേക്ക്‌ പോകാം. അവിടെ അവന്‍ പറയുന്നത്‌ കേള്‍ക്കാം!

ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download Sermon 2010

sermon 2009

ഇന്നത്തെ വചനങ്ങളെല്ലാം പുതിയ ഒരു രാജ്യത്തിനുവേണ്‌ടിയുളള പോരാട്ടങ്ങളുടെ ചരിത്രവും ആവശ്യകതയുമാണ്‌ വിവരിക്കുന്നത്‌ ആദിയില്‍ ദൈവം മനുഷ്യനെ സ്വതന്ത്രനായി സൃഷ്ടിച്ചു. ദൈവപ്രമാണം പാലിച്ചുകൊണ്‌ട്‌ ദൈവത്തെ മഹത്വപ്പെടുത്തണമെന്നതായിരുന്നു അവിടുത്തെ ആഗ്രഹം. എന്നാല്‍ മനുഷ്യന്‍ ദൈവപ്രമാണത്തെ അവഗണിക്കുകയും ഭൂമിയില്‍ അനീതി നിറച്ച്‌ ജീവിതം ദുസ്സഹമാക്കുകയും ചെയ്‌തു. തിന്മയ്‌ക്കിരയായ മനുഷ്യനെയും മറ്റ്‌ സൃഷ്ടികളെയും ഉന്മൂലനം ചെയ്യാന്‍ ദൈവം ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നു. ആ വലിയ അരാജകത്വത്തില്‍ ദൈവത്തോടുചേര്‍ന്ന്‌ പൂര്‍ണ്ണമായ അനുസരണത്തോടെ ദൈവം സൃഷ്ടിക്കാനിരുന്ന പുതിയ ലോകത്തിനുവേണ്ടി തന്നെത്തന്നെയും പ്രപഞ്ചത്തിലെ ജീവജാലങ്ങളെ മുഴുവന്‍ കാത്തുസുക്ഷിക്കുന്ന നോഹയുടെ ചിത്രമാണ്‌ ഒന്നാം വയനയില്‍ നാം കാണുന്നത്‌. ഈജിപ്‌തില്‍ അടിമകളായിരുന്ന ജനത്തെ സ്വതന്ത്രരാക്കിയശേഷം ദൈവം വാഗ്‌ദാനം ചെയ്‌ത ദേശത്തേക്ക്‌ അവരെ അവിടുന്ന്‌ നയിച്ചു. ദൈവം നല്‌കുന്ന ദേശവും രാജ്യവും കൈയ്യടക്കാനായി ദൈവകല്‌പന അനുസരിച്ച്‌ ജോഷ്വയുടെ നേതൃത്വത്തില്‍ പോരാടുന്ന ഈസ്രയേലിന്റെ ചിത്രമാണ്‌ ജോഷ്വയുടെ പുസ്‌തകം അനാവരണം ചെയ്യുന്നത്‌. ബാഹ്യാചരങ്ങളെക്കാള്‍ അന്തരികതയ്‌ക്ക്‌ പ്രധാന്യം നല്‌കുകയും ദൈവരാജ്യത്തെയും ക്രൈസ്‌തവ ജീവിതവും പുല്‍കിയ പൗലോസ്‌ ഐഹികമല്ലാത്ത ദൈവരാജ്യത്തിനെതിരെ പോരാടുന്ന ഒരു തിന്മയുടെ ശക്തി തന്റെ ശരിരത്തില്‍തന്നെയുണ്‌ടെന്ന്‌ തിരിച്ചറിയുന്നതും, അതിനെകുറിച്ച്‌ ആകുലപ്പടുന്നതും, എന്നാല്‍ ദൈവത്തില്‍ ശരണം വയ്‌ക്കുകയും ചെയ്യുന്ന ലേഖനഭാഗമാണ്‌ മൂന്നാം വായനയില്‍. പഴയ നിയമത്തില്‍ വാഗ്‌ദത്ത ദേശത്തിനുവേണ്‌ടി എന്നതപോലെ ദൈവരാജ്യത്തിന്റെ സന്തതികളാകുവാന്‍ പുതിയ നിയമ ജനനതയായ നാം നിരന്തരം പോരാട്ടം നടത്തണമെന്നര്‍ത്ഥം. മനുഷ്യപുത്രന്‍ എന്ന്‌ സ്വയം വിശേഷിപ്പിച്ചുകൊണ്‌ട്‌ താന്‍ വരാനിരിക്കുന്ന മിശിഹാ/ രാജാവാണെന്നുപറഞ്ഞ്‌ കര്‍ത്താവ്‌ തന്റെ രാജ്യത്തിലെ അംഗത്വത്തിനുളള പ്രത്യേകതയെന്തെന്നും, ഏതുവിധത്തില്‍ ആത്മീയ സമരം ചെയ്‌ത്‌ ആ രാജ്യത്തിലെ അംഗങ്ങളാകണമെന്നും പഠിപ്പിക്കുകയാണ്‌ സുവിശേഷത്തിലുടെ.
ദൈവരാജ്യമെന്തെന്ന്‌ വ്യക്തമാക്കാന്‍ ഉപമകളിലൂടെ കര്‍ത്താവ്‌ സംസാരിക്കുന്നതാണ്‌ ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം. ദൈവരാജ്യമെന്നാല്‍ ഭൗമികമായതല്ലെന്നും അതിനെകുറിച്ചുളള യഹൂദ കാഴ്‌ചപ്പാടുകല്‍ മാറ്റേണ്‌ടതാണെന്നുമാണവന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. ദൈവരാജ്യം എന്നാല്‍ ജനനംമുതല്‍ നമ്മെ ദൈവഭവനത്തിലേക്ക്‌ നിരന്തരം നയിക്കുന്ന ദൈവീക ശക്തിയാണെന്ന്‌ പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍വ്വചിക്കാനാവും. ഈ ശക്തി എന്നില്‍ പ്രവര്‍ത്തിക്കുന്നണ്‌ടെങ്കില്‍ എന്നില്‍ ദൈവരാജ്യം ഉണ്‌ട്‌. യുദ്ധത്തിനുപകരം കുരിശിലൂടെയും മരണത്തിലൂടെയും നേടിയേടുക്കേണ്‌ടതാണത്‌. ദൈവരാജ്യത്തെകുറിച്ചുളള പഴയനിയമത്തില്‍ നിന്ന്‌ വിത്യസ്ഥമായ ഈ കാഴ്‌ചപാടിന്റെ പശ്ചാത്തലത്തിലാണ്‌ ഈശോ തന്നെത്തന്നെ `മനുഷ്യപുത്രന്‍` എന്നു വിശേഷിപ്പിച്ചിരിക്കുന്നത്‌. മനുഷ്യപുത്രന്‍ പീഡസഹിക്കുകയും മരിക്കുകയും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും.
മനുഷ്യപുത്രന്‍ എന്ന പ്രയോഗം പഴയനിയമത്തില്‍ പ്രധാനമായും കാണുന്നത്‌ പ്രവാചകന്മാരായ എസക്കിയേലിന്റെയും ദാനിയേലിന്റെയും പുസ്‌തകങ്ങളിലാണ്‌. കര്‍ത്താവ്‌ തന്റെ തന്നെ വിശേഷണമായി ഈ നാമം സ്വീകരിക്കാനുളള ഒരുകാരണം അവന്‍ താനൊരു പ്രവാചകനാണെന്ന്‌ കരുതിയതാവാം (മത്താ 5.17). എന്നാല്‍ ദാനിയേലിന്റെ പുസ്‌തകം 7.3-4 വാക്യങ്ങള്‍ വായിച്ചാല്‍ കര്‍ത്താവിന്റെ ഈ വിശേഷണത്തിന്‌ വലിയ അര്‍ത്ഥമുണ്‌ടെന്ന്‌ മനസിലാകും. അവിടെ കടലില്‍ നിന്ന്‌ കയറിവരുന്ന നാലുമൃഗങ്ങളെകുറിച്ച്‌ പറയുന്നുണ്‌ട.്‌ അവയ്‌ക്ക്‌ ആധിപത്യവും ശക്തിയും ഉണ്‌ടായിരുന്നു. തുടര്‍ന്ന്‌ പുരാതനായവന്‍ വരികയും മൃഗങ്ങളില്‍ നിന്ന്‌ ആധിപത്യം എടുത്തുമാറ്റുകയും ചെയ്‌തു. ഇതേതുടര്‍ന്ന്‌ വാനമേഘങ്ങളില്‍ മനുഷ്യപുത്രനെപ്പോലൊരുവന്‍ വരുന്നത്‌ പ്രവാചകന്‍ കണ്‌ടു. മനുഷ്യപുത്രന്‍ പുരാതനനായവന്റെ മുന്‍പില്‍ ആനയിക്കപ്പെടുകയും എല്ലാ ജനതകളും അവനെ ആദരിക്കേണ്‌ടതിന്‌ ആധിപത്യവും മഹത്വവും അവന്‌ നല്‌കപ്പെടുകയും ചെയ്‌തു. മനുഷ്യപുത്രന്റെ ഈ രാജത്വം ഒരിക്കലും ഇല്ലാതെയാകുന്നില്ല, അത്‌ നിത്യമാണ്‌. ഇത്‌ വരുവാനിരിക്കുന്ന മിശിഹായുടെ രാജ്യമായി വിശ്വാസികള്‍ കരുതിയിരുന്നു. വി. മത്തായിയുടെ സുവിശേഷം 26.64; 24.30, വാനമേഘങ്ങളില്‍ വരുന്ന മനുഷ്യപുത്ര (ദാനിയേല്‍ 7.13-14) നെക്കുറിച്ചുളള വിവരണത്തോട്‌ കൂട്ടിചേര്‍ത്ത്‌ വായിച്ചാല്‍ കര്‍ത്താവ്‌ മനുഷ്യപുത്രന്‍ എന്ന്‌ തന്നെത്തന്നെ വിളിച്ചതിന്റെ പൊരുള്‍ വ്യക്തമാകും. കര്‍ത്താവ്‌ താന്‍ വീണ്‌ടും വരുമെന്ന്‌ പറയുന്ന പലയിടത്തും മനുഷ്യപുത്രനെന്നാണ്‌ സ്വയം വിശേഷിപ്പിക്കുന്നത്‌. അതിലൂടെ താന്‍ വരാനിരിക്കുന്ന രക്ഷകനായ മിശിഹായാണെന്ന്‌ അവരോട്‌ പരോക്ഷമായി പറയുകയായിരുന്നു.
യഹൂദരുടെ ചിന്താഗതിയനുസരിച്ച്‌ മിശിഹാ രാജാവാണ്‌. ദാവീദിന്‌ ദൈവം നിത്യമായി ഒരു ഭൗമിക രാജ്യം വാഗ്‌ദാനം ചെയ്‌തിരുന്നു. (2സാമു 7.12-16). ദാവീദിനും സോളമനും ശേഷം ഈ രാജ്യം വിഭജിക്കപ്പെടുകയും തുടര്‍ന്ന്‌ ഒന്നിനുപുറമേ മറ്റൊന്നായി വിദേശശക്തികളുടെ കരങ്ങളാല്‍ തകര്‍ക്കപ്പെടുകയും ചെയ്‌തു. ദൈവം വിശ്വസ്‌തനാകയാല്‍ തന്റെ വാഗ്‌ദാനം പാലിക്കുമെന്നും, ദാവീദിന്റെ ഒരു പുത്രന്‍ രാജാവായിവന്ന്‌ തകര്‍ക്കപ്പെട്ട രാജ്യം പനഃസ്ഥാപിക്കുമെന്നും യഹൂദര്‍ വിശ്വസിച്ചിരുന്നു. ഇതാണ്‌ മിശിഹായെകുറിച്ചുളള പഴയനിയമ പ്രതീക്ഷകളുടെ മുഴുവന്‍ കാതല്‍. ദൈവം നിത്യമായി വാഗദാനം ചെയ്‌ത ഭൂമിയില്‍ ദൈവത്തിന്റെ ആധിപത്യത്തിന്‍ കീഴില്‍ ഒരു ഭൗമിക രാജ്യം; അങ്ങനെ വാഗ്‌ദത്തഭൂമിയില്‍ പൂര്‍ണ്ണ അധികാരമുളള സ്വതന്ത്രമായ ഒരു ജനത. എന്നെങ്കലും ഈ രാജ്യത്തിന്റെ അവകാശി വരുമെന്ന്‌ കരുതിയിരുന്ന ജനത്തിന്‌ ഈ അവകാശിയെ ദാനിയേല്‍ പരിചയപ്പെടുത്തിയത്‌ `മനുഷ്യ പുത്രന്‍` എന്ന നാമത്തിലാണ്‌. പഴയ നിയമ വചനങ്ങള്‍ നന്നായറിയാമായിരുന്നവര്‍ക്ക്‌ മനുഷ്യപുത്രന്‍ എന്ന വിശേഷണത്തിന്റെ അര്‍ത്ഥം മനസ്സിലാകുമായിരുന്നു.
ക്രിസ്‌തു തന്നെതന്നെ മിശിഹായായി വളെരെ പരസ്യമായി പ്രഖ്യാപിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പല അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച ശേഷം `ഇത്‌ ആരോടും പറയരുത്‌` എന്ന്‌ അവരോട്‌ പറഞ്ഞയയ്‌ക്കുന്നത്‌ കാണാം. (ലുക്ക 5.14; 8.56; 9.21). എന്നാല്‍ തന്റെ ശിഷ്യര്‍ക്ക്‌ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കുറച്ചുകുടി അവസരം നല്‌കിയിരുന്നു. അതുകൊണ്‌ടാണ്‌ മനുഷ്യപുത്രന്‍ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നു പറഞ്ഞപ്പോള്‍ അവര്‍ നൂറ്റാണ്‌ടുകളായി കാത്തിരുന്ന മിശിഹായുടെ രാജ്യത്തെകുറിച്ച്‌ ശിഷ്യര്‍ ചിന്തിക്കാനിടവന്നത്‌. വരാനിരിക്കുന്ന രാജവാണ്‌ മനുഷ്യപുത്രനെന്ന്‌ സ്വയം വിളിക്കുന്ന ഈ യേശുവെങ്കില്‍, പീഢകളേല്‍ക്കേണ്‌ടിവന്നാലും നിത്യജീവിതത്തിന്‌ അവന്‍ അവകാശിയാണല്ലോ. എന്നായിരിക്കും ശിഷ്യര്‍ ചിന്തിച്ചത്‌.
ഈ അവസരത്തില്‍ കര്‍ത്താവ്‌ അവരുടെ ചിന്താശക്തികളെ ഒരിക്കല്‍കുടി തിരുത്തുകയാണ്‌. പലവിധ ഉപമകളിലൂടെ ദൈവരാജ്യമെന്നാല്‍ ഭൗമിക രാജ്യമല്ല എന്നവന്‍ പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കത്‌ മനസ്സിലായിട്ടില്ലെന്നവന്‍ ഗ്രഹിച്ചു. അവന്‍ ചോദിക്കുന്നു: `എന്നെപ്പോലെ ദൈവത്തിനുവേണ്‌ടി പീഢനമേല്‍ക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയുമോ.` എന്താണ്‌ ചോദ്യത്തിന്റെ അര്‍ത്ഥമെന്ന്‌ പൂര്‍ണ്ണമായി മനസ്സിലാക്കാതെ `കഴിയും` എന്നവര്‍ പറയുന്നു. അപ്പോള്‍ ദൈവരാജ്യത്തിന്റെ മുഴുവന്‍ ആധിപത്യവും പിതാവിന്റെതാണ്‌, അവന്റെ ഹിതം സ്വീകരിക്കുകയാണ്‌ രാജ്യത്തിന്റെ അന്തഃസത്തയെന്ന്‌ കര്‍ത്താവ്‌ അരുള്‍ ചെച്ചുന്നു.
ഭൗമികമാണെന്ന്‌ കരുതിയിരുന്ന ദൈവരാജ്യത്തിന്റെ പ്രഥമ സ്ഥാനങ്ങള്‍ കരസ്ഥമാക്കാന്‍ ശ്രമിച്ചവരോട്‌ അസൂയയും വിദ്വേഷവും തോന്നുക സ്വാഭാവികം. ശിഷ്യന്‍മാരുടെ വികാരത്തെ മനസ്സിലാക്കിയ കര്‍ത്താവ്‌ അവരെ വീണ്‌ടും തിരുത്തുകയാണ്‌. ഐഹികമല്ലാത്ത ദൈവരാജ്യത്തിലെ വലുപ്പചെറുപ്പത്തിന്റെ മാനദണ്ഡങ്ങള്‍ മാനുഷികമല്ല. അത്‌ വ്യത്യസ്‌തമാണ്‌. അവിടെ വലിയവനാകാന്‍ പരസ്‌പരം മത്സരിക്കുയല്ല ശിഷ്യന്‍ ചെയ്യേണ്‌ടത്‌. മറിച്ച്‌ തന്റെതന്നെ സ്വാര്‍ത്ഥതാല്‍പര്യങ്ങളോട്‌ പോരാടുകയാണ്‌. വാഗ്‌ദത്തദേശം സ്വന്തമാക്കാന്‍ ജീവന്‍ മറന്ന്‌പോരാടിയ പഴയനിയമ ജനതയെപ്പോലെ ദൈവരാജ്യം സ്വന്തമാക്കാന്‍ ക്രിസ്‌ത്യാനി ആത്മീയ ശത്രുക്കളോട്‌ യുദ്ധംചെയ്യണം. അവന്റെ മാതൃക ദൈവഹിതത്തിനുവേണ്‌ടിയും സഹോദരന്മാര്‍ക്കുവേണ്‌ടിയും ജീവന്‍പോലും ത്യജീക്കാന്‍ തയ്യാറായ ഗുരുമാത്രമാണ്‌- ദൈവരാജ്യം സ്വന്തമാക്കാന്‍ ഒരുവന്‍ തന്നോടുതന്നെ പോരാടുകയാണ്‌ വേണ്‌ടത്‌. ദൈവരാജ്യം കെട്ടിപ്പടുക്കുന്ന പ്രകൃയയില്‍ ഏറ്റവും പ്രധാനപ്പെട്ടകാര്യം സ്‌നേഹസമൂഹം കെട്ടിപ്പടുക്കുന്നതിനായിരിക്കണം. കര്‍ത്താവിന്റെ സ്‌നേഹത്തിലധിഷ്‌ഠിതമായ സമൂഹമാണ്‌ ദൈവരാജ്യത്തിന്റെ ഭൗമിക ആവിഷ്‌കരണമെന്ന്‌ പറയാം. എല്ലാവരും സ്‌നേഹത്തിനും സേവനത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹം ഭൗമിക സ്ഥാനമാനങ്ങള്‍ക്ക്‌ വിലകല്‌പിക്കാന്‍ സാധ്യത കുറവായിരിക്കും.
ഇന്നത്തെ വായനകളെല്ലാം പോരാട്ടങ്ങളുടെ കഥകളാണ്‌ വിവരിക്കുന്നതെന്ന്‌ നാം കണ്‌ടു. നമ്മുടെ പോരാട്ടം ആത്മീയമാണ്‌. നമ്മുടെ ശരീരത്തില്‍ പോരാടുന്ന തിന്മയുടെ ശക്തിക്കെതിരെയാണ്‌. പഴയനിയമജനത രാജ്യത്തിനുവേണ്‌ടിയെന്നതുപോലെ, ഒരു തലമുറയിലെ ഒറ്റപ്പെട്ടുപോയ നീതിമാനായ നോഹയെപ്പോലെ നാം പോരാടേണ്‌ടിയിരിക്കുന്നു: നമ്മുടെ അഹങ്കാരത്തിനെതിരെ, മറ്റുളളവരെ അംഗികരിക്കാന്‍ കഴിയാത്ത നമ്മുടെ സ്വാഭാവ പ്രത്യേകതയ്‌ക്കെതിരെ, സേവന താത്‌പര്യമില്ലായ്‌മക്കെതിരെ... അങ്ങനെ കര്‍ത്താവാഗ്രഹിച്ച സ്‌നേഹസൂഹം (ഭൂമിയിലെ ദൈവരാജ്യം) നമ്മുടെ കുടുംബങ്ങളിലും ഇടവകകളിലും കെട്ടിപ്പടുക്കാന്‍ നമുക്ക്‌ ശ്രമിക്കാം.

തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

 Download

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home