Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
നോമ്പുകാലം നാലാം ഞായര്‍
March 15; Readings: Genesis 11:1-32; Joshua 7:1-15; Romans 8:12-17; Matthew 21:33-46
പുരാണത്തിലെ ഭസ്‌മാസുരനെ കുറിച്ച്‌ ഒരു കഥയുണ്‌ട്‌. തന്നെ പ്രീണിപ്പിച്ച ഭസ്‌മാസുരനോട്‌ ഏത്‌ അനുഗ്രഹവും ചോദിച്ചു കൊള്ളുവാന്‍ ശിവന്‍ അനുവാദം നല്‌കി. `ഞാന്‍ ആരുടെ ശിരസ്സില്‍ കൈവയ്‌ക്കുമോ അവന്‍ ഭസ്‌മം ആയിപോകണം`. ഇതായിരുന്നു ഭസ്‌മാസുരന്റെ ആഗ്രഹം. വാക്ക്‌ പാലിക്കുവാന്‍ ശിവന്‍ ഭസ്‌മാസുരന്റെ ഇഷ്ടം സാധിച്ചു കൊടുത്തു. വരം ലഭിച്ചതോടെ ഭസ്‌മാസുരന്റെ ഭാവം മാറി. അഹങ്കാരത്താല്‍ തന്നെത്തന്നെ മറന്നു. ലോകത്തിനൊരു ഭീക്ഷണിയായി മാറി. വരം നല്‍കിയ ശിവന്‌ പോലും അയാള്‍ ഒരു ഭീക്ഷണിയായി മാറി. ദാതാവില്‍ തന്നെ ദാനത്തിന്റെ പ്രയോഗികത പരീക്ഷിച്ച്‌ നോക്കുകയായിരുന്നു. ഭസ്‌മാസുരന്റെ ലക്ഷ്യം. പ്രാണരക്ഷാര്‍ത്ഥം ഓടാന്‍ ശ്രമിച്ച ശിവനെ ശിക്ഷിക്കാനായി വിഷ്‌ണു വന്നണഞ്ഞു. അവസാനം വിഷ്‌ണു 'മായ' മൂലം ബോധം മറിഞ്ഞ ഭസ്‌മാസുരന്‍ സ്വന്തം ശിരസ്സില്‍ തന്നെ കൈവച്ച്‌ ചാമ്പലായി എരിഞ്ഞടങ്ങി.

ഈശോ മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരേ,

നോമ്പുകാലത്തിലേക്ക്‌ പ്രവേശിച്ചിരിക്കുന്ന നാം കര്‍ത്താവിനോടുള്ള നമ്മുടെ വിശ്വസ്‌തതയെ പരിശോധിക്കാന്‍ സഭാമാതാവ്‌ വിശുദ്ധ മത്തായി സുവിശേഷകനിലൂടെ `മുന്തിരത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ` നമുക്കായി തന്നിരിക്കുന്നു.

മനുഷ്യമക്കളോടുള്ള സ്‌നേഹത്തെപ്രതി തന്റെ ഏകജാതനെത്തന്നെ നല്‍കുവാന്‍ തിരുമനസായ ദൈവത്തെ ആരാധിച്ചു കൊണ്‌ട്‌ , നമ്മുടെ രക്ഷക്കായി ജീവന്‍ ഹോമിച്ച മിശിഹായെ സ്‌തുതിച്ചുകൊണ്‌ട്‌ , ദിവ്യനാഥന്റെ നമ്മുടെ മദ്ധ്യേയുള്ള സജീവസാന്നിദ്ധ്യത്തെ ഏറ്റുപറഞ്ഞുകൊണ്‌ട്‌ നമുക്ക്‌ ഇന്നത്തെ സുവിശേഷഭാഗത്തെകുറിച്ച്‌ ധ്യാനിക്കാം.

പഴയനിയമത്തില്‍ ദൈവം നട്ട മുന്തിരിത്തോട്ടമായിരുന്നു ഇസ്രായേല്‍ ജനം. ഇസ്രായേലിലെ പുരോഹിതരെയും മറ്റു മത നേതാക്കളെയും ഉദ്ദേശിച്ചാണ്‌ ഈശോ ഈ ഉപമ പറഞ്ഞത്‌. ദൈവജനത്തെ സംരക്ഷിച്ച്‌ ദൈവത്തെ ഏല്‍പ്പിക്കുകയെന്നതായിരുന്നു അവരുടെ കടമ. എന്നാല്‍ അവര്‍ ദൈവത്തെ നിഷേധിച്ചു. പിതാവായ ദൈവം താന്‍ നട്ടുപിടിപ്പിച്ച മുന്തിരിത്തോട്ടത്തിന്‌, അതിനാവശ്യമായവയെല്ലാം കാലാകാലങ്ങളില്‍ നല്‍കുകയും അപകട സന്ധികളില്‍ നിന്നും രക്ഷിക്കുകയും ചെയ്‌തു. ആ മുന്തിരിത്തോട്ടത്തെ അതിന്റെ പൂര്‍ണ്ണതയില്‍ വളര്‍ത്തി കൊണ്‌ടുവരുവാന്‍ ന്യായാധിപമ്മാരെയും, പ്രവാചകമ്മാരെയുമെല്ലാം അയച്ചു. എന്നാല്‍ അവരെ സ്വീകരിക്കുവാന്‍ അവര്‍ തയ്യാറായില്ല. എങ്കിലും കരുണാര്‍ദ്രനും ക്ഷമാശീലനുമായ പിതാവ്‌ തന്റെ ഏകജാതനെത്തന്നെ ലോകത്തിലേക്ക്‌ അയച്ചു. അങ്ങനെ മനുഷ്യരുടെയിടയില്‍ സ്ഥാപിതമായ ദൈവരാജ്യം അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കുവാന്‍ സ്‌നേഹത്തിന്റെ പൂതിയ സന്ദേശവുമായി മിശിഹാ ഭൂമിയില്‍ അവതരിച്ചു. എന്നാല്‍ അവിടുത്തെ മനസ്സിലാക്കുവാന്‍ സാധിക്കാത്ത ജനം അവിടുത്തെ നിഷ്‌കരുണം വധിച്ചു.

താന്‍ എല്ലാം നല്‍കി എല്ലാവിധ അനുഗ്രഹങ്ങളും നല്‍കി വളര്‍ത്തി കൊണ്‌ടുവന്ന ഇസ്രയേല്‍ ജനം അഹങ്കാരത്താല്‍ മതിമറന്ന്‌ ഭസ്‌മാസുരനെപ്പോലെ അനുഗ്രഹം നല്‍കിയ ദാതാവിനെ തന്നെ ധിക്കരിച്ച്‌, ലഭിച്ചവ സ്വന്തമാക്കുവാന്‍ അവകാശിയായ മകനെ വധിക്കുകയും ചെയ്യുന്ന അവസ്ഥ. അങ്ങനെ അവര്‍ തന്റെ തന്നെ തലയില്‍ കൈവെച്ച്‌ ചാമ്പലായി മാറിയ ആ ഭസ്‌മാസുരനെപോലെ യജമാനനാല്‍ ശിക്ഷിക്കപ്പെട്ടു.

മിശിഹായുടെ തുടര്‍ച്ചയയായ സഭയാണ്‌ ഇന്ന്‌ ദൈവത്തിന്റെ മുന്തിരിത്തോട്ടം. എന്നാല്‍ സഭാംഗങ്ങളായ നാമോരോരുത്തരും ദൈവത്തോട്‌ എത്രമാത്രം വിശ്വസ്‌തത പുലര്‍ത്തുന്നുണ്‌ട്‌ എന്ന്‌ ചിന്തിക്കേണ്‌ടിയിരിക്കുന്നു. ഇന്ന്‌ സഭാ ദൈവത്തിന്‌ വിശ്വസ്‌തരായ യഥാര്‍ത്ഥ ദൈവജനമായി മുന്നേറണമെങ്കില്‍ സഭാംഗങ്ങള്‍ സ്വാര്‍ത്ഥപൂരിതമായ പ്രവര്‍ത്തനങ്ങളും, അധികാര വടംവലിയും വെടിഞ്ഞ്‌ നിസ്വാര്‍ത്ഥമായി ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിച്ചുകൊണ്‌ട്‌ മിശിഹായ്‌ക്ക്‌ അനുരൂപരായി ജീവിക്കണം.

അതുപോലെതന്നെ നമ്മുടെ കുടുംബം ദൈവം നമ്മെ ഭാരമേല്‍പ്പിച്ചിരിക്കുന്ന ചെറിയ മുന്തിരിത്തോട്ടമാണ്‌. ക്രൈസ്‌തവ ചൈതന്യം നഷ്ടപ്പെടുത്താതെ, ഈശോ ആഗ്രഹിക്കുന്ന വിധത്തില്‍ ഫലം പുറപ്പെടുത്തുവാന്‍ കുടുംബാംഗങ്ങളെല്ലാവരും പ്രത്യേകിച്ച്‌ മാതാപിതാക്കള്‍ കടമപ്പെട്ടിരിക്കുന്നു. നമ്മെ ഓരോരുത്തരെയും അവിടുന്ന്‌ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വഹിച്ചുകൊണ്‌ട്‌ അവിടുത്തോട്‌ വിശ്വസ്‌തത പാലിക്കുക. നമ്മുടെ ഭവനങ്ങളില്‍ ദൈവത്തിനുള്ള സ്ഥാനത്തെ, നായകത്വത്തെ നാം അവഗണിക്കുമ്പോള്‍, അവിടെ അസ്വസ്ഥതയും ഭിന്നതയുമെല്ലാം ഉണ്‌ടായിരിക്കും. എന്നാല്‍ നമ്മുടെ ഭവനത്തിന്റെ അതിനാഥനായി നാം അവിടുത്തെ സ്വീകരിക്കുമ്പോള്‍ ശാന്തിയും സമാധാനവും കളിയാടുന്നു. നമ്മുടെ ദാരിദ്രത്തിലും ദു:ഖത്തിലും, ക്ലേശത്തിലും, അപകടസന്ധിയിലും എന്നുവേണ്‌ട ജീവിതത്തിലെ ഓരോ സാഹചര്യത്തിലും ദൈവത്തെ കണ്‌ടെത്തുവാനും അവിടുത്തെ സ്വീകരിക്കുവാനും നമുക്ക്‌ കഴിയണം. നമ്മെ ഓരോരുത്തരെയും സംബന്ധിച്ച്‌ ഏറ്റവും വിലപ്പെട്ടതാണ്‌ നമുക്ക്‌ ലഭിച്ചിരിക്കുന്നത്‌. ഫലഭൂയിഷ്‌ഠമായ മുന്തിരിത്തോട്ടമാണത്‌. എങ്കില്‍ നമ്മുടെ വ്യക്തി ജീവിതം എപ്പോഴും മിശിഹായില്‍ കേന്ദ്രീകൃതമായിരിക്കണം. നിരവധിയായ അനുഗ്രഹങ്ങള്‍കൊണ്‌ട്‌ നമ്മെ സമ്പന്നരാക്കിയിട്ടുണ്‌ട്‌. അവിടുന്ന്‌ നല്‍കിയിരിക്കുന്ന ഈ കഴിവുകളും ദാനങ്ങളും അവിടുത്തെ മഹത്വത്തിനും ദൈവമക്കളുടെ നന്മയ്‌ക്കുമായി വിനിയോഗിക്കുവാന്‍ ഓരോ ക്രൈസ്‌തവനും കടപ്പെട്ടിരിക്കുന്നു. നിസ്വാര്‍ത്ഥമായ ദൈവസ്‌നേഹത്തിനും പരസ്‌നേഹത്തിനും പകരം വിദ്വേഷവും പകയുമാണ്‌ നമ്മിലുള്ളതെങ്കില്‍ ആ ഏകദാതനെ നിഷ്‌കരുണം വധിച്ച കൃഷിക്കാരുടെ സ്ഥാനത്ത്‌ നിന്നുകൊണ്‌ടാണ്‌ നാം പ്രവര്‍ത്തിക്കുന്നത്‌ എന്നോര്‍ക്കണം. നമ്മുടെ ജീവിതത്തിന്റെ ഉടമസ്ഥാവകാശം ദൈവത്തിനാണ്‌. ഈ വസ്‌തുത നിഷേധിക്കുന്നതാണ്‌ എല്ലാ ദുരന്തങ്ങള്‍ക്കും കാരണം.

ദൈവം മനുഷ്യരിലര്‍പ്പിച്ചിരിക്കുന്ന വിശ്വാസവും അവിടുന്ന്‌ മനുഷ്യനോട്‌ കാണിക്കുന്ന ഉദാരതയും ക്ഷമയുമെല്ലാം ഈ ഉപമയിലൂടെ ഈശോ വ്യക്തമാക്കും. നമുക്ക്‌ ജീവിതത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും സാഹചര്യങ്ങളും ദാനം ചെയ്‌തിട്ട്‌ സ്വതന്ത്രമായ ഒരു ജീവിതം തിരഞ്ഞെടുക്കുവാന്‍ അവിടുന്ന്‌ അനുവദിക്കുന്നു. നാം വഴിതെറ്റിപ്പോയാലും അവിടുത്തെ അവഗണിച്ചാലും വീണ്‌ടും നമ്മെത്തേടി അവന്‍ വരുന്നു. അവിടുത്തെ ശ്രദ്ധിക്കാതെ നാം നഷ്ടമാക്കുന്ന അലസതയുടെ ഓരോ നിമിഷവും നമുക്കായി അയയ്‌ക്കപ്പെട്ട ഏകജാതനെ നാം തിരസ്‌കരിക്കുകയാണ.്‌ ഈ നിമിഷത്തില്‍ നാം ഓര്‍ക്കേണ്‌ട ഒരു കാര്യമാണ്‌ `പണിക്കാര്‍ ഉപേക്ഷിച്ച കല്ല്‌ മൂലക്കല്ലായി തീര്‍ന്നു`. മൂലക്കല്ല്‌ മിശിഹായാണ്‌. അവിടുത്തെ സ്‌നേഹത്തിന്റെ നിയമമാണ്‌

പിയപ്പെട്ടവരെ ജീവിതത്തില്‍ മിശിഹായുടെ ഈ സ്‌നേഹത്തിന്റെ നിയമം നാം പ്രാവര്‍ത്തികമാക്കാത്ത നിമിഷങ്ങളെ ഓര്‍ത്ത്‌ നമ്മുടെ ജീവിതത്തിലേക്ക്‌ കടന്നുവന്ന അവിടുത്തെ തിരസ്‌കരിച്ചതിനെയോര്‍ത്ത്‌ മന:സ്‌തപിക്കുകയും ഈ നോമ്പ്‌ കാലത്തില്‍ ഒരു പുതിയ ചൈതന്യം ഉള്‍ക്കൊള്ളുന്നതിന്‌ ശ്രമിക്കുകയും ചെയ്യാം. കാരുണ്യവാനായ സ്‌നേഹനാഥന്റെ മുമ്പില്‍ പശ്ചാത്താപം നിറഞ്ഞ നമ്മുടെ ഹൃദയങ്ങള്‍ നമുക്ക്‌ തുറന്നു കാട്ടാം.

റവ. സഫിന്‍ കണിത്തറ


ദാനമായി ലഭിച്ചതിന്‌ വില നഷ്ടപ്പെടുമ്പോള്‍...

പ്രിയമുള്ള കൂട്ടുകാരേ,
ഒരു മനുഷ്യന്‍ തന്റെ ജീവിത പ്രാരാബ്ദങ്ങളുടെയും വേദനയുടെയും സങ്കടവും പേറി അലഞ്ഞുതിരിഞ്ഞു. അല്‌പം പണം ലഭിച്ചിരുന്നു എങ്കില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാകുമായിരുന്നു. പക്ഷേ ആര്‌ തന്നെ സഹായിക്കും.... ഈ വ്യക്തിയുടെ വിഷമസ്ഥിതി മനസ്സിലാക്കിയ ദൈവം അവന്‌ ഒരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചു. അവനെ ഒരു നദിക്കരയിലേയ്‌ക്ക്‌ നയിച്ചു. അവിടെയിരുന്ന്‌ വിദൂരതയിലേക്ക്‌ കണ്ണുംനട്ട്‌ തന്റെ ജീവതത്തെ പഴിച്ച്‌ അയാളിരുന്നു. ഒപ്പം അവിടെകിടന്ന കല്ലുകള്‍ അശ്രദ്ധമായി പുഴയിലേക്കെറിഞ്ഞുകൊണ്‌ടിരുന്നു. പെട്ടെന്നാണയാള്‍ തിരിച്ചറിഞ്ഞത്‌. താന്‍ ഇത്രയും നേരം പുഴയിലെറിഞ്ഞത്‌ വെറും കല്ലുകള്‍ അല്ല; രത്‌നങ്ങളായിരുന്നു എന്ന്‌. താന്‍ ദാനമായി നല്‍കിയ സമ്മാനത്തിന്റെ വില മനസ്സിലാക്കാതെ നശിപ്പിച്ചുകളഞ്ഞ മനുഷ്യനെയോര്‍ത്ത്‌ ദൈവം നൊമ്പരപ്പെട്ടു.

വീട്ടുടമസ്ഥന്‍ (ദൈവം) മനോഹരമായ മുന്തിരത്തോട്ടം നമ്മെ ഏല്‍പിക്കുകയാണ്‌ ദാനമായിട്ട്‌. ഈ മുന്തിരിത്തോട്ടം എന്റെ ജീവിതമാണ്‌ - ഐശ്വര്യങ്ങളാണ്‌ - അനുഗ്രഹങ്ങളാണ്‌ - വിജയങ്ങളാണ്‌ - സമ്പത്താണ്‌ - അറിവാണ്‌

- പക്ഷെ അവയെല്ലാം ദാനമായി ലഭിച്ചതാണ്‌ എന്ന്‌ വിസ്‌മരിച്ച്‌ അവയെല്ലാം നാം ദൈവത്തിനെതിരെ ദുരുപയോഗിച്ച്‌ തിന്മയുടെ പടുകുഴിയില്‍ എത്തിച്ചേരുമ്പോള്‍ ദൈവം നമ്മോട്‌ അവസാന നാളില്‍ കണക്കു ചോദിക്കും.
- ജീവിതം ഒരു മൂല്യമുള്ള ദൈവദാനമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ വ്യത്യസ്‌തരായി നന്ദിയുള്ളവരായി ജീവിക്കുക.

ജിന്‍സണ്‍ കൊട്ടിയാനിക്കല്‍
 
sermon 2010 
മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ

Willaim Shakespear-ന്റെ വിശ്വപ്രസിദ്ധ നാടകമാണ്‌ "The Tempest". മിലാനിലെ പ്രഭുവായ പ്രോസ്‌പെരോ രാജ്യഭരണം സ്വസഹോദരനായ അന്റോണിയോയെ ഭാരമേല്‍പിച്ചിട്ട്‌ പുസ്‌തകപാരായണത്തില്‍ മുഴുകി. അന്റോണിയോ വിശ്വസ്‌തനാണെന്നായിരുന്നു പ്രോസ്‌പെരോയുടെ ധാരണ. എന്നാല്‍ കൈയടക്കുകയായിരുന്നു അനുജന്റെ ഉദ്ദേശ്യം. അയാള്‍ പ്രോസ്‌പെരോയുടെ വിശ്വസ്‌തരായ ഉദ്യോഗസ്ഥരെയെല്ലാം ഓരോരോ കാരണങ്ങള്‍ പറഞ്ഞ്‌ പിരിച്ചു വിട്ടിട്ട്‌ സ്വന്തം പാര്‍ശ്വവര്‍ത്തികളെ ഉന്നതസ്ഥാനങ്ങളില്‍ അവരോധിച്ചു. നേപ്പിള്‍സിലെ രാജാവിന്റെ സഹായത്തോടെ പ്രോസ്‌പെരോയെ നശിപ്പിക്കാനും അയാള്‍ പദ്ധതിയൊരുക്കി. എന്നാല്‍ സ്‌നേഹമുള്ള, വിശ്വസ്‌തരായ ഒന്നുരണ്‌ടു പേരുടെ രഹസ്യത്തിലുള്ള സഹായം നിമിത്തം പ്രോസ്‌പെരോയ്‌ക്ക്‌ ജീവന്‍ നഷ്ടമായില്ല. വിദൂരസ്ഥമായ ഒരു ദ്വീപില്‍ ഒരു വ്യാഴവട്ടക്കാലം ഏകാന്തവാസം അനുഭവിക്കേണ്‌ടി വന്നു എന്നുമാത്രം. അദ്ദേഹം സ്വയമായി പഠിച്ച വിദ്യകളുപയോഗിച്ച്‌ ശത്രുക്കളെയെല്ലാം മുട്ടുകുത്തിക്കുന്നതിന്റെ സുന്ദരമായ ആവിഷ്‌ക്കരണമാണ്‌ "The Tempest" എന്ന നാടകം.

നമ്മള്‍ ഇപ്പോള്‍ വായിച്ചു കേട്ട വചനഭാഗം, വി. മത്തായി 21:37-46 പറയുന്ന മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ ഇത്തരമൊരു കഥയാണ്‌ വിവരിക്കുന്നത്‌. ഒരു വീട്ടുടമസ്ഥന്‍ മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ച്‌, വേലികെട്ടി ആവശ്യമായതെല്ലാം ചെയ്‌തിട്ട്‌ അത്‌ കൃഷിക്കാരെ ഏല്‌പിച്ചിട്ട്‌ യാത്രയാവുന്നു. സമയമാകുമ്പോള്‍ ഫലങ്ങള്‍ സ്വീകരിക്കാന്‍ തന്റെ ഭൃത്യരെ അയക്കുകയും അവരെ കൃഷിക്കാര്‍ മര്‍ദ്ദിച്ച്‌ പുറത്താക്കുകയും ചെയ്യുന്നു. ഒടുവില്‍ തന്റെ പുത്രനെ അയയ്‌ക്കുന്ന ഉടമസ്ഥന്‍. ആ പുത്രനെയും അവര്‍ കൊന്നു കളഞ്ഞ്‌ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ ഉടമസ്ഥന്‍ വന്ന്‌ ഈ കൃഷിക്കാരെ നശിപ്പിക്കുകയും മുന്തിരിത്തോട്ടം മറ്റ്‌ കൃഷിക്കാരെ ഏല്‌പിക്കുകയും ചെയ്യുന്നു.

ഈ ഉപമ ബൈബിളിന്റെ, രക്ഷാകര ചരിത്രത്തിന്റെ, സാരസംഗ്രഹമാണ്‌. ദൈവം ഇസ്രായേലാകുന്ന മുന്തിരത്തോട്ടം നട്ടുപിടിപ്പിക്കുന്നു. നിയമങ്ങളും സംരക്ഷണവും രാജ്യവുമൊക്കെ നല്‍കി അവരെ കാത്ത്‌ പരിപാലിക്കുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ പക്കലേക്കയച്ച പ്രവാചകരേയും ഒടുവില്‍ അയച്ച പുത്രനായ ഈശോയേയും അവര്‍ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുന്നു. അതിനാല്‍ "ദൈവത്തിന്റെ സ്വന്തം ജനം" എന്ന പദവി മറ്റു ജനതകള്‍ക്കായി, ഫലം പുറപ്പെടുവിക്കുന്ന ജനതകള്‍ക്കായി, നല്‍കുന്നു (21:43). ഈ ഉപമ അവര്‍ക്കു മനസ്സിലായതുകൊണ്‌ടാണ്‌ അവര്‍ അവനെ പിടികൂടാന്‍ ശ്രമിച്ചത്‌ (21:45, 46).

ഈ വചനഭാഗവും ഇന്നത്തെ മറ്റു വായനകളും (ഉത്‌പത്തി 11:1- ജോഷ്വാ 7:1- , റോമ 8:12-17) രണ്‌ട്‌ പ്രധാന ചിന്തകള്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നുണ്‌ട്‌. ഒന്നാമതായി ദൈവത്തെ ഒഴിവാക്കാനുള്ള, (ഉടയവനെ ഒഴിവാക്കാനുള്ള), തിരസ്‌കരിക്കാനുള്ള, മനുഷ്യന്റെ പ്രവണതയാണ്‌. രണ്‌ടാമത്തെ ചിന്ത അര്‍ഹതപ്പെടാത്തത്‌ സ്വന്തമാക്കാനുള്ള മനുഷ്യന്റെ പരിശ്രമവും. ഈ രണ്‌ട്‌ ചിന്തകളും ഒറ്റ വാക്യത്തില്‍നിന്നും നമുക്ക്‌ ധ്യാനിക്കാം.

"ഇവനാണ്‌ അവകാശി: വരുവിന്‍ നമുക്കിവനെ കൊന്ന്‌ അവകാശം കരസ്ഥമാക്കാം".

ദൈവത്തെ തിരസ്‌കരിക്കല്‍
ദൈവത്തെ ജീവിതത്തില്‍ നിന്ന്‌ മാറ്റി നിര്‍ത്തുവാനും അവനെ കൂടാതെ അദ്ധ്വാനിക്കാനും അവന്റെ നിരുപാധിക സ്‌നേഹത്തെ തിരസ്‌ക്കരിക്കാനുമുള്ള പ്രവണത ചരിത്രത്തിന്റെ ആരംഭം മുതല്‍ ഉള്ളതായി ബൈബിള്‍ നമുക്ക്‌ പറഞ്ഞു തരുന്നുണ്‌ട്‌. ഇന്നത്തെ ആദ്യ വായനയില്‍ നമ്മള്‍ ശ്രവിച്ച (ഉത്‌പ 11:1-32) ബാബേല്‍ഗോപുര നിര്‍മ്മാണത്തില്‍ നമ്മള്‍ ധ്യാനിക്കുന്നത്‌ അതാണ്‌. ദൈവത്തെ കൂടാതെ അഹങ്കാരത്തിന്റെ, പ്രതാപത്തിന്റെ ഗോപുരം നിര്‍മ്മിക്കുന്ന മനുഷ്യരെ അവിടുന്ന്‌ ചിതറിച്ചു കളയുന്നു. കാരണം അവരുടെ അദ്ധ്വാനത്തില്‍ കര്‍ത്താവ്‌ ഉണ്‌ടായിരുന്നില്ല. "മനുഷ്യര്‍ നിര്‍മ്മിച്ച നഗരവും ഗോപുരവും കാണാന്‍ കര്‍ത്താവ്‌ ഇറങ്ങിവന്നു" (11:5). "കര്‍ത്താവ്‌ വീടുപണിയന്നില്ലെങ്കില്‍ പണിക്കാരുടെ അദ്ധ്വാനം വ്യര്‍ത്ഥമാണ്‌. കര്‍ത്താവ്‌ നഗരം കാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ത്ഥം" എന്ന സങ്കീര്‍ത്തന വചനമാണ്‌ ഇവിടെ നമ്മള്‍ ഓര്‍ക്കേണ്‌ടത്‌ (സങ്കീ 127:1). മുന്തിരിത്തോട്ടത്തിന്റെ ഉപമയിലൂടെ ദൈവത്തെയും അവിടുത്തെ പുത്രനേയും തിരസ്‌കരിക്കുകയും അവന്റെ വചനങ്ങള്‍ പറഞ്ഞ പ്രവാചകരെ പീഡിപ്പിക്കുകയും ചെയ്‌തവരെ നശിപ്പിക്കുന്നതായി നമ്മള്‍ വായിക്കുന്നു (മത്താ 11:41). നമ്മുടെ ജീവിതത്തില്‍, അദ്ധ്വാനത്തില്‍, എല്ലാം ദൈവത്തിന്റെ കൂടെയായിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്‌ടതുണ്‌ട്‌. ഒപ്പം അവന്റെ വചനങ്ങള്‍ക്കും നമ്മുടെ ജീവിതത്തില്‍ സ്വീകാര്യത ഉണ്‌ടാകണം.

അര്‍ഹതപ്പെടാത്തത്‌ സ്വന്തമാക്കല്‍
ജീവിതത്തില്‍ പലതും നേടിയെടുത്തിട്ടുള്ളവരാണ്‌, നേടാന്‍ പരിശ്രമിക്കുന്നവരാണ്‌, നമ്മള്‍. എന്നാല്‍ അവ അര്‍ഹതപ്പെട്ടതാണോ, ശരിയായ വഴിയിലൂടെയാണോ നമ്മള്‍ നേട്ടങ്ങള്‍ കൊയ്യുന്നത്‌ എന്ന്‌ പരിശോധിക്കേണ്‌ടതുണ്‌ട്‌. കൃഷിക്കാരുടെ ഉദ്യമം അര്‍ഹതപ്പെടാത്തത്‌ സ്വന്തമാക്കാനായിരുന്നു. "വരുവിന്‍, ഇവനാണ്‌ അവകാശി. ഇവനെ കൊന്ന്‌ അവകാശം പിടിച്ചെടുക്കാം". ശ്രദ്ധിക്കുക അവനാണ്‌ അവകാശി എന്ന്‌ അവര്‍ക്ക്‌ അറിയാം. അറിവിന്റെ അഭാവമല്ല മറിച്ച്‌ അഹങ്കാരമാണ്‌, അത്യാഗ്രഹമാണ്‌ ആ അവകാശിയെ കൊല്ലാന്‍ അവരെ പ്രേരിപ്പിക്കുന്നത്‌. അര്‍ഹതപ്പെടാത്തത്‌ സ്വന്തമാക്കുന്നവരുടെ അനിവാര്യമായ ദുരന്തവും തുടര്‍ന്ന്‌ നമ്മള്‍ കാണുന്നുണ്‌ട്‌. ഇതിനു സമാനമായ സന്ദേശമാണ്‌ ഇന്നത്തെ രണ്‌ടാമത്തെ വായനയിലൂടെ (ജോഷ്വാ 7:1) നമ്മുടെ മുമ്പില്‍ തിരുസഭാ മാതാവ്‌ പങ്കുവയ്‌ക്കുന്നത്‌. ഇസ്രായേല്‍ കീഴടക്കിയ പട്ടണമായിരുന്നു ജറിക്കോ. എന്നാല്‍ ആ "ജറിക്കോയില്‍ നിന്ന്‌ ഒന്നും എടുക്കരുതെന്ന്‌ കര്‍ത്താവ്‌ നല്‍കിയ കല്‌പന" (ജോഷ്വാ 7:1) ആഖാന്‍ എന്ന വ്യക്തി ലംഘിക്കുന്നു. അയാള്‍ ചില വസ്‌തുക്കള്‍ കൈവശപ്പെടുത്തുകയാണ്‌. ഈ ആഖാന്‍ ദൈവകോപത്തിന്‌ ഇരയാവുകയും ജോഷ്വായുടെ നേതൃത്വത്തില്‍ ജനം അവനെയും കുടുംബത്തെയും കല്ലെറിഞ്ഞ്‌ കൊല്ലുകയും ചെയ്യുന്നു. അന്യായമായി (അര്‍ഹതയില്ലാത്തത്‌) ഒന്നും എടുക്കരുതെന്ന,്‌ എടുത്താല്‍ ദുരന്തം അനിവാര്യമെന്ന്‌, കര്‍ത്താവ്‌ ഇവിടെ കാണിച്ചുതരികയാണ്‌.

'ഇവനാണ്‌ അവകാശി'
ദുഷ്ടരായ കൃഷിക്കാര്‍ പറഞ്ഞതാണിത്‌. എന്നാല്‍ ഇത്‌ വലിയ ഒരു സത്യം നമ്മുടെ മുന്‍പില്‍ തുറന്നു കാണിക്കുന്നു. 'പുത്രനാണ്‌ അവകാശി' - ഈശോയാണ്‌ അവകാശി. അതിനാല്‍ നമ്മുടെ മനോഭാവം ദുഷ്ടരായ കൃഷിക്കാരുടെ മനോഭാവം ആയിരിക്കരുത്‌ - 'ഇവരെ കൊന്നു കളയാം'. മറിച്ച്‌ ഈ അവകാശിയെ സ്വീകരിക്കുന്നതാകണം നമ്മുടെ മനോഭാവം. കാരണം നമ്മള്‍ ഫലം പുറപ്പെടുവുക്കേണ്‌ട ജനതയാണ്‌. നമ്മുടെ മനോഭാവം തിരസ്‌കാരത്തിന്റേതാവരുത്‌ മറിച്ച്‌ ഈശോയെ സ്വീകരിക്കലിന്റേതാകണം. ഈ സന്ദേശമാണ്‌ ഇന്നത്തെ ലേഖനത്തിലുടെ (റോമ 8:12-17) വി. പൗലോശ്ലീഹാ നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്‌. "പുത്ര സ്വീകാര്യത്തിന്റെ ആത്മാവിനെയാണ്‌ നിങ്ങള്‍ കൈക്കൊണ്‌ടിരിക്കുന്നത്‌"(8:15). നമ്മള്‍ പുത്ര സ്വീകാരത്തിന്റെ ആത്മാവിനെ സ്വീകരിക്കുന്നതിലൂടെ "ദൈവത്തിന്റെ അവകാശികളും കൂട്ടവകാശികളും" (8:17) ആയിത്തീരുകയാണ്‌ ചെയ്യുന്നത്‌. അതിനാല്‍ ഈശോയെ ജീവിതത്തില്‍ അംഗീകരിക്കുന്നവരായി, സ്വീകരിക്കുന്നവരായി നമുക്ക്‌ മാറാം. അങ്ങനെ ഫലം പുറപ്പെടുവിക്കുന്ന ജനതയാകാം. "A Death in the Desert" എന്ന കവിതയില്‍ Browning ഇങ്ങനെ കുറിച്ചു:

"I say the acknowledgement of God in Christ
Accepted by the reason, solves for thee
All questions in the earth and out of it"

- "ക്രിസ്‌തുവില്‍ ദൈവത്തെ അംഗീകരിക്കുക, നിന്റെ യുക്തിയില്‍ നീയത്‌ സ്വീകരിക്കുക: ഭൂമിയിലും പുറത്തുമുള്ള എല്ലാ പ്രശ്‌നങ്ങളും അതോടെ പരിഹരിക്കപ്പെടും".

നമ്മുടെ അവകാശമായ ഈശോയെ നമുക്ക്‌ സ്വീകരിക്കാം. 'ഇവനാണ്‌ അവകാശി' നമുക്കിവനെ സ്വീകരിക്കാം. അവനോടുകൂടി നമുക്ക്‌ അദ്ധ്വാനിക്കാം. ദൈവമാകുന്ന അവകാശം, നമുക്ക്‌ അര്‍ഹതപ്പെട്ട അവകാശം, നമുക്ക്‌ അങ്ങനെ നേടിയെടുക്കുകയും ഫലം പുറപ്പെടുവിക്കുന്ന വ്യക്തിയായി കുടുംബങ്ങളില്‍, സമൂഹത്തില്‍, മാറുകയും ചെയ്യാം.

റവ. മാത്യു ചേന്നാട്ട്‌
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.
Sermon 2009 
ദൈവമക്കളായതുകൊണ്‌ട്‌ നാം ദൈവകല്‌പനകള്‍ അനുസരിച്ച്‌ ജീവിക്കുകയും അങ്ങനെ ദൈവം ആഗ്രഹിക്കുന്ന ഫലം പുറപ്പെടുവിക്കുകയും ചെയ്യണമെന്ന്‌ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിലൂടെ വി. പൗലോസ്‌ നമ്മെ പഠിപ്പിക്കുന്നു. ക്രിസ്‌തുവിനോടുത്തുളള ബന്ധമാണ്‌ പരമപ്രധാനം. ജഢത്തിന്റെ താല്‌പര്യമനുസരിച്ച്‌ ജീവിക്കുന്നവന്‌ മരണമാണ്‌ പ്രതിഫലം. വിളിക്ക്‌ യോജിച്ചവിധം നാം ജീവിക്കേണ്ടിയിരിക്കുന്നു (റോമാ). ദൈവകല്‌പനയനുസരിച്ച്‌ ഇസ്രായേല്‍ ജറിക്കോ കീഴടക്കി. ആ പട്ടണത്തില്‍ നിന്ന്‌ ഒന്നും കൈവശമാക്കരുതെന്ന്‌ ദൈവം കല്‍പ്പിച്ചിരുന്നു. ഈ കല്‍പ്പന മാനിക്കാതെ ഇസ്രായേലിലൊരുവനായ ആഖാന്‍ തന്റെ സ്വാര്‍ത്ഥതയെ തൃപ്‌തിപ്പെടുത്തുന്നതിനുവേണ്ടി നിഷിദ്ധവസ്‌തുക്കളില്‍ ചിലതെടുക്കുകയും അങ്ങനെ ഇസ്രായേലില്‍ വലിയ തിന്മ വരുത്തിവെയ്‌ക്കുകയും ചെയ്‌ത സംഭവമാണ്‌ ജോഷ്വായുടെ പുസ്‌തകത്തില്‍ നാം വായിക്കുന്നത്‌. ദൈവജനത്തിലേക്കുളള വിളിക്ക്‌ ചേര്‍ന്നവിധം വ്യാപരിക്കാത്തവന്‍ തിന്മയുടെ കാരണമാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്‌തു (ജോഷ്വാ). മനുഷ്യന്‍, ദൈവം നല്‍കിയ ബുദ്ധിയുപയോഗിച്ച്‌, തങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിവുളളവരായി തീര്‍ന്നപ്പോള്‍ ദൈവത്തില്‍ ആശ്രയിക്കാതെതന്നെ സ്വന്തമായി ഒരു പേരും ശാശ്വതമായ ഒരു പട്ടണവും ചിതറിക്കപ്പെടാത്ത ഒരു ജനവുമായിതീരാന്‍ കഴിയുമെന്ന്‌ കരുതുകയും, തങ്ങളുടെ സ്വര്‍ത്ഥതയെ തൃപ്‌തിപ്പെടുത്തുവാന്‍ ഒരു പട്ടണവും ഗോപുരവും നിര്‍മ്മിക്കാനാഗ്രഹിക്കുകയും ചെയ്‌ത സംഭവമാണ്‌ ഉല്‍പത്തി പുസ്‌തകത്തില്‍ നാം വായിക്കുന്നത്‌. ദൈവത്തെ കൂടാതെ സ്വന്തം സ്വര്‍ത്ഥതക്കായി ജീവന്‍ സമര്‍പ്പിക്കുന്ന അവരെ ദൈവം ചിതറിച്ചു (ഉല്‍പത്തി). ദൈവം ഭരമേല്‍പ്പിച്ചേങ്കിലും സാവധാനം ദൈവത്തെ മറക്കുകയും അവന്റെ മുന്തിരിത്തോപ്പ്‌ സ്വന്തമാണെന്ന്‌കരുതി തങ്ങളുടെ സ്വര്‍ത്ഥ ലക്ഷ്യത്തിനുവേണ്‌ടി അവിടെ പ്രവര്‍ത്തിക്കുകയും ചെയ്‌ത കൃഷിക്കാര്‍ക്കുണ്‌ടായ ശിക്ഷയെ കുറിച്ചാണ്‌ ഇന്നത്തെസുവിശേഷം നമ്മെ പഠിപ്പിക്കുന്നത്‌.
കര്‍ത്താവ്‌ തന്റെ അവസാന ജറുസലേം യാത്രയുടെ അന്ത്യത്തില്‍ യഹൂദരുമായി നടത്തുന്ന വാഗ്‌വാദങ്ങളുടെ ഭാഗമാണ്‌ ഇന്നത്തെ സുവിശേഷം. ഈ വാഗ്‌വാദങ്ങള്‍ക്ക്‌ ഏറ്റവും അടുത്ത കാരണം അവന്‍ ജറുസലേമില്‍ നടത്തിയ ദേവാലയ ശുദ്ധീകരണമായിരുന്നു (മത്താ 21.1-22-40). ദേവാലയം ശുദ്ധിചെയ്‌തതിനുശേഷം കര്‍ത്താവ്‌ തന്റെ വചനം കേള്‍ക്കുന്ന ചുങ്കക്കാരും വേശികളുമായിരിക്കും എല്ലാ നിയമങ്ങളും അനുസരിക്കുന്നുവെന്ന്‌ കരുതി സ്വയം നീതികരിക്കുന്ന നിയമജ്ജന്‍മാര്‍ക്കും ഫരിസയര്‍ക്കും മുമ്പ്‌ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത്‌ എന്ന്‌ അരുള്‍ചെയ്യുന്നു. യഹൂദര്‍ക്ക്‌ ആഗ്രാഹ്യമായ ഈ വചനം വിശദീകരിക്കാനാണ്‌ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമ അവിടുന്ന്‌ അരുള്‍ ചെയ്യുന്നത്‌.
പുരാതനകാലം മുതല്‍ പലസ്‌തീനയില്‍ മുന്തിരി ഒരു പ്രധാന കൃഷിയായിരുന്നു. പാലസ്‌തീനായില്‍ ദൃശ്യമായ പുരാതന വിഞ്ഞുല്‍പ്പാദന കേന്ദ്രങ്ങള്‍ (Archarlogical evidence) ഇതാണ്‌ സുചിപ്പിക്കുന്നത്‌. മുന്തിരി വളര്‍ത്തലിന്റെ പ്രധാന ഉദ്ദേശ്യം പഞ്ചസാര നിര്‍മ്മാണമായിരുന്നു. മുന്തിരിചാറ്‌ ചൂടാക്കി മുന്തിരിത്തേനും അവര്‍ നിര്‍മ്മിച്ചിരുന്നു. ആദിമ കാലഘട്ടങ്ങളില്‍ പഞ്ചസാര ഉണ്‌ടാക്കിയിരുന്നത്‌ പ്രധാനമായും മുന്തിരിയില്‍ നിന്നായിരുന്നു. കൂടാതെ മനുഷ്യന്റെ ആനന്ദത്തിന്‌ ദൈവം നല്‌കിയ മഹാദാനമായി മുന്തിരിച്ചാറ്‌ കണക്കാക്കപ്പെട്ടിരുന്നു.
യൂദായിലെയും സമരിയായിലെയും മലനിരകള്‍ മുന്തിരികൃഷിക്ക്‌ യോജ്യമാക്കുന്നതിനായി ആദ്യം നിലം ഇളക്കുകയും കല്ലുകള്‍ മുഴുവന്‍ പെറുക്കിമാറ്റി അവകൊണ്‌ട്‌ ഒരു സംരക്ഷണമതില്‍ പണിയുകയും ചെയ്‌തിരുന്നു (ഏശ 5.2, മത്തായി 21. 33). എല്ലാ മുന്തിരിത്തോട്ടത്തിലും കാവലിനായി ഒരു ഗോപുരവും, കുഴിച്ചുണ്‌ടാക്കിയ ഒരു ചെക്കും ഉണ്ടായിരിക്കും. ഇതെല്ലാം വളരെയധികം അദ്ധ്വാനം ആവശ്യപ്പെടുന്ന കാര്യങ്ങളാണ്‌.
മുന്തിരികൃഷി വളരെയധികം ശ്രദ്ധ ആവശ്യമുളള ഒന്നാണ്‌. ശ്രദ്ധ ഇല്ലാതെപോയാല്‍ അതിന്റെ ഫലം പെട്ടെന്ന്‌ നശിച്ചുപോകും. മഴ കഴിയുമ്പോള്‍ സാധാരണ ഗതിയില്‍ മതിലുകള്‍ നന്നാക്കേണ്‌ടിവരാറുണ്‌ട്‌. നിലം കിളയ്‌ക്കണം, കളകള്‍ നീക്കണം... (സുഭ 30.3-4). വസന്തകാലത്ത്‌ മുന്തിരിയുടെ പഴയ ശാഖകള്‍നീക്കി കളയുകയും അവ കത്തിച്ചുകളയുകയും ചെയ്‌തു (ലേവ്യ 25.3-4: യോഹ 15.16). മുന്തിരി പകമാകുമ്പോള്‍ കാട്ടുപന്നിയും കുറുക്കന്മാരും മറ്റും തിന്ന്‌ നശിപ്പിക്കാതെ കാവലിരിക്കണം (മത്ത2.15;സങ്കി 80.13). ഇപ്രകാരം കാവലിരിക്കാനാണ്‌ ഗോപുരം പണിയുന്നത്‌. ഫലമെടുപ്പുകാലം വരുമ്പോള്‍ വീട്ടുടമസ്ഥന്‍ തന്റെ മുഴുവന്‍ കുടുംബങ്ങളോടുമൊപ്പം അവിടെപ്പോയി ഗോപുരങ്ങളോട്‌ചേര്‍ന്ന്‌ താല്‍ക്കാലികമായി കെട്ടിയുണ്‌ടാക്കിയിരിക്കുന്ന കൂടാരങ്ങളില്‍ വസിക്കുകയും വിളവെടുപ്പിന്‌ നേതൃത്വം നല്‍കുകയും ചെയ്യാറുണ്‌ട്‌. അത്‌ അവനെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ ദിനങ്ങളാണ്‌.
മുന്തിരിത്തോപ്പ്‌ പാട്ടത്തിന്‌ കൃഷിചെയ്യുന്നതായിരുന്നു പലസ്‌തീനയിലെ ജനങ്ങള്‍ അക്കാലത്ത്‌ ചെയ്‌തിരുന്ന പ്രധാന ജോലി. വളരെയധികം വിലമതിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു ആ തൊഴില്‍ (ഉല്‍ 9.20; 26.1214; 32.2). ഉല്‍പ്പത്തിപ്പുസ്‌തകത്തിലെ ഏദന്‍തോട്ടവും അവിടെ ആദാമിന്‌ നല്‍കുന്ന കൃഷിപ്പണിയും (2.15) ഈ പശ്ചാത്തലത്തിലാണ്‌ നാം മനസ്സിലാക്കേണ്‌ടത്‌.
പാലസ്‌തീനായിലെ ജനത്തിന്റെ സര്‍വ്വസാധാരണമായ ജീവിതാനുഭവങ്ങളുമെടുത്തുകൊണ്‌ടാണ്‌ കര്‍ത്താവ്‌ ഇവിടെ സംസാരിക്കുന്നത്‌. ദൈവം വാഗ്‌ദത്ത ഭൂമിയില്‍ തന്റെ മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു (ഏശ 5.1-11; ഉല്‍പ 2.8). അത്‌ മുഴുവന്‍ ഒരുക്കിയത്‌ അവന്‍ തന്നെയായിരുന്നു. അതിനു ശേഷം തോട്ടം നോക്കാന്‍ അവന്‍ തന്റെ ജനത്തില്‍ നിന്ന്‌ തിരഞ്ഞെടുത്ത കൃഷിക്കാരെ ഏല്‍പ്പിച്ചു. അവര്‍ ഇനി തോട്ടത്തിന്‌ കാവല്‍ നില്‍ക്കുകയും അത്‌ കാത്ത്‌ സൂക്ഷിക്കുകയും കാലാകാലങ്ങളില്‍ വിളവ്‌ അതിന്റെ നാഥനെ ഏല്‍പ്പിക്കുകയും ചെയ്യണം. പാട്ടാക്കരായി വന്നവര്‍ മുന്തിരിത്തോട്ടം പുറമെനിന്നുളള ശത്രുക്കളില്‍ നിന്ന്‌ കാത്തുസൂക്ഷിക്കുകയും നന്നായി കൃഷിചെയ്യുകയും ചെയ്‌തു. എന്നാല്‍ കാലാകാലങ്ങളില്‍ തോട്ടക്കരനയച്ച ഭൃത്യന്‍മാരുടെ സന്ദേശങ്ങള്‍ കേള്‍ക്കാനോ അതിന്‌ യോജ്യമായ മറുപടി നല്‍കാനോ പാട്ടകാര്‍ക്ക്‌ കഴിഞ്ഞില്ല.
സുവിശേഷത്തില്‍ രണ്‌ടുതരം ദാസന്മാരെ അയച്ചതായി യജമാനന്‍ പറയുന്നുണ്‌ട്‌. ഇത്‌ കര്‍ത്താവിന്റെ കാലത്തുതന്നെ നിലവിലിരുന്ന പ്രവാചകന്‍മാരുടെ ഗണങ്ങളെ ഉദ്ദേശിച്ചാവാം. (മുന്‍കാല പ്രവാചകന്‍മാരും -പിന്‍കാല പ്രവാചകന്‍മാരും). ദൈവത്തിന്റെ തോട്ടത്തില്‍ അവന്‍ നല്‍കിയ ജീവിതസാഹചര്യങ്ങളും സംരക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചു ജീവിച്ചിരുന്നപ്പോഴും ദൈവദൂന്മാരായ പ്രവാചകന്മാരുടെ വാക്കുകളെ ശ്രവിക്കാനോ ദൈവം ആഗ്രഹിക്കുന്ന മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കാനോ അവര്‍ക്ക്‌ കഴിയാതെപോയി. മാത്രമല്ല തങ്ങളുടെ സ്വാര്‍ത്ഥതാല്‍പ്പര്യത്തിനെതിരെ സംസാരിച്ചവരില്‍ ചിലരെ പാട്ടക്കാര്‍ കൊന്നുകളഞ്ഞു. അവസാനം യജമാനന്റെ പുത്രനും ഇതുതന്നെ സംഭവിച്ചു. പുത്രനെ കൊല്ലുന്നതിലൂടെ മുന്തിരിത്തോട്ടം തങ്ങളുടെതുമാത്രമാകുമെന്നവര്‍ കരുതി. പക്ഷേ സ്വാര്‍ത്ഥതയ്‌ക്കുവേണ്‌ടി ജീവിച്ച അവരെ ദൈവം ബാബേലിലെ ജനങ്ങളെപ്പോലെയും നോഹയുടെ കാലത്തെ ദൂഷിച്ച തലമുറയേപ്പോലെയും നശിപ്പിച്ചു. ദൈവത്തിന്റെ മുന്തിരിത്തോട്ടം മറ്റാളുകളെ ഏല്‍പ്പിച്ചു. അങ്ങനെ സഭ പുതിയ ഇസ്രയേലായി.
പഴയനിയമ ഘട്ടത്തിലെ ദൈവത്തിന്റെ പാട്ടനിയമങ്ങളനുസരിച്ച്‌ പാട്ടക്കാര്‍ വചനം ശ്രവിച്ച്‌ മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കേണ്‌ടിയിരുന്നു. പുതിയ പാട്ടക്കാരില്‍ നിന്നും ദൈവമാഗ്രഹിക്കുന്നതും മറ്റൊന്നല്ല. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ പൂര്‍ണ്ണമായി വെടിഞ്ഞ്‌ ദൈവമക്കളായി നോമ്പുകാലത്തിന്റെ (ഫലം പുറപ്പെടുവിക്കേണ്‌ട കാലം) ഓരോ ദിവസവും തമ്പുരാന്റെയും അവന്റെ ദൂതന്മാരുടെയും മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ നമുക്കിടവരട്ടെ. അതിനായി നമ്മുടെ നോമ്പും ഉപവാസവുമെല്ലാം നമ്മെ സഹായിക്കുകയും ചെയ്യട്ടെ. പഴയനിയമത്തിലൂടെ പത്തു പ്രമാണങ്ങളാണ്‌ ദൈവം നല്‍കിയതെങ്കില്‍ അതിന്റെ സ്ഥാനത്ത്‌ മിശിഹാ തന്റെ മുന്തിരിത്തോട്ടത്തിലെ ജോലിക്കാര്‍ക്ക്‌ നല്‍കുന്നത്‌ മലയിലെ പ്രസംഗങ്ങളിലെ സന്ദേശമാണ്‌ (മത്ത 5-7). അവന്റെ വചനമനുസരിച്ച്‌ ദൈവരാജ്യത്തിന്റെ ഫലം പുറപ്പെടുവിക്കാന്‍ നമുക്ക്‌ കഴിയട്ടെ.
തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home