Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
നോമ്പുകാലം അഞ്ചാം ഞായര്‍
Readings: Genesis 16:1-16; Joshua 9:15-27; Romans 12:1-8; John 8:12-20
കൂടാരത്തിരുന്നാളിന്റെ ഏഴാം ദിവസം ഈശോ പ്രഖ്യാപിക്കുകയാണ്‌ `ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു`. ഇങ്ങനെ പറയുന്നതിന്റെ പശ്ചാത്തലം ഇപ്രകാരമാണ്‌: കൂടാരത്തിരുന്നാളിനോടനുബന്ധിച്ച്‌ പ്രകാശവുമായി ബന്ധപ്പെട്ട ഒരാഘോഷം ഉണ്‌ടായിരുന്നു. ജറുസലേം ദേവാലയത്തില്‍ 'Court of Women'-ല്‍ നാല്‌ വലിയ വിളക്കുകാലുകള്‍ ഉണ്‌ടായിരുന്നു. ഈ വിളക്കുകള്‍ കൂടാരത്തിനുള്ളില്‍ കത്തിക്കും. അപ്പോള്‍ ജറുസലേം മുഴുവന്‍ പ്രകാശമാനമാകും. ആളുകള്‍ കൈകളിലും ദീപങ്ങള്‍ വഹിച്ചുകൊണ്‌ട്‌ അവിടെ നൃത്തം ചെയ്യും. മരുഭൂമിയില്‍ അഗ്നിസ്‌തംഭമായി ദൈവം തങ്ങളുടെ പിതാക്കന്‍മാരെ നയിച്ചതിന്റെ ഓര്‍മ്മ അനുസ്‌മരിക്കുകയാണ്‌ ഇതിലൂടെ അവര്‍ ചെയ്‌തിരുന്നത്‌. ഈ ആഘോഷവേളയിലാണ്‌ ഈശോ ഇങ്ങനെ ഉദ്‌ഘോഷിക്കുന്നത്‌. `ഞാനാണ്‌ ലോകത്തിന്റെ പ്രകാശം` ഈശോ ജറുസലേമിന്റെ മാത്രം പ്രകാശമല്ല, യഹൂദരുടേതു മാത്രമല്ല ലോകം മുഴുവന്റെയും പ്രകാശമാണ്‌.
ഒരു സര്‍ക്കസ്സ്‌ സ്റ്റേഡിയം. ആയിരക്കണക്കിന്‌ ആളുകളെ അത്ഭുതപരിഭ്രാന്തരാക്കിക്കൊണ്‌ടുള്ള മികച്ച പ്രകടനങ്ങള്‍ നടക്കുകയാണവിടെ. എന്നാല്‍ എല്ലാവരേയും ഏറ്റവും ആകര്‍ഷിച്ച പ്രകടനം അവിടെ നടന്നു. ഒരു മാന്ത്രികന്‍ പ്രകാശിപ്പിച്ചുകൊണ്‌ടിരുന്ന ഒരു ഇലക്ട്രിക്‌ ട്യൂബ്‌ വിഴുങ്ങി. ആ നിമിഷത്തില്‍ ആ മനുഷ്യന്റെ ശരീരം മുഴുവനും ആ ട്യൂബു പോലെ പ്രകാശനമായിത്തീര്‍ന്നു. ഈ കാഴ്‌ച ഒരു യുവാവിനെ വളരെയധികം ആകര്‍ഷിക്കുകയും അയാള്‍ ആ മജീഷ്യനോടൊപ്പം കൂടി പില്‍ക്കാലത്ത്‌ അമേരിക്കയിലെ പ്രശസ്‌ത മജീഷ്യനാവുകയും ചെയ്‌തു.
ഈശോയാണ്‌ ലോകത്തിന്റെ പ്രകാശമെങ്കില്‍ നമ്മുടെ മുമ്പില്‍ രണ്‌ട്‌ വഴികളെയുള്ളൂ - ഒന്നുകില്‍ ഈ പ്രകാശത്തെ അനുഗമിച്ച്‌ പ്രകാശത്തില്‍ വ്യാപരിക്കുക. അല്ലെങ്കില്‍ അന്ധകാരത്തിന്റെ വഴികളിലൂടെ നടക്കുക.
നിരാശയുടെയും വെറുപ്പിന്റെയും സ്‌നേഹരാഹിത്യത്തിന്റെയും തൃഷ്‌ണകളുടെയും പാപാന്ധകാരത്തിലാണ്‌ നമ്മള്‍ കഴിയുന്നതെങ്കില്‍ ഈശോയാകുന്ന പ്രകാശത്തിലേയ്‌ക്ക്‌ കടന്നുവരാന്‍ നമ്മള്‍ തയ്യാറാകണം. ഏശയ്യാ പ്രവാചകനിലൂടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു `പകല്‍ സൂര്യനായിരിക്കുകയില്ല ഇനി നിനക്കു പ്രകാശം തരിക. നിനക്കു പ്രകാശം നല്‍കാന്‍ രാത്രിയില്‍ ചന്ദ്രനായിരിക്കുകയല്ല പ്രശോഭിക്കുന്നത്‌. കര്‍ത്താവായിരിക്കും നിന്റെ നിത്യമായ പ്രകാശം നിന്റെ സൂര്യന്‍ അസ്‌തമിക്കുകയില്ല. നിന്റെ ചന്ദ്രന്‍ മറയുകയുമില്ല. കര്‍ത്താവ്‌ നിന്റെ നിത്യപ്രകാശാമായിരിക്കും` (Is 60:19-20) അതുകൊണ്‌ട്‌ ഈശോയാകുന്ന പ്രകാശത്തിലേയ്‌ക്ക്‌ നമുക്ക്‌ കടന്നു വരാം. വി. പൗലോസ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു` രാത്രി കഴിയാറായി. പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍ നമുക്ക്‌്‌ അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച്‌ പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം. പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപനത്തിലോ മദ്യലഹരിയിലോ അവിഹിതവേഴ്‌ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ നിങ്ങള്‍ വ്യാപരിക്കരുത്‌` (ഞീാ 13:1213).

ക്രിസ്‌്‌തുവാകുന്ന പ്രകാശത്തെ സംവഹിക്കുന്നവരാണ്‌ നമ്മള്‍. കുടുംബത്തില്‍, സമൂഹത്തില്‍, ഓഫീസില്‍, സ്‌കൂളില്‍, അയല്‍പക്കബന്ധങ്ങളില്‍ ഈശോയുടെ പ്രകാശം, സ്‌നേഹത്തിന്റെ പ്രകാശം, നന്മയുടെ പ്രകാശം പരത്തുന്നവരായി നമുക്കുമാറാം. വി. യോഹന്നാന്‍ ശ്ലീഹാ തന്റെ ലേഖനത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു: `താന്‍ പ്രകാശത്തിലാണെന്ന്‌ പറയുകയും അതേസമയം തന്റെ സഹോദരങ്ങളെ ദ്വേഷിക്കുകയും ചെയ്യുന്നവര്‍ ഇപ്പോഴും അന്ധകാരത്തിലാണ്‌` (I യോഹ 2:8). മറ്റുള്ളവരെ സ്‌നേഹിക്കുമ്പോള്‍ അവര്‍ക്ക്‌ നന്മ ചെയ്യുമ്പോള്‍ ഈശോയുടെ പ്രകാശമാണ്‌ നമ്മള്‍ പരത്തുക. അങ്ങനെ ഈശോയുടെ പ്രകാശം നമ്മിലൂടെ പ്രതിഫലിക്കട്ടെ. `നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ` (മത്താ 5:11)

മാത്യു ചേന്നാട്ട്‌


പ്രിയകൂട്ടൂകാരെ,

മേയാകുള്‍പ്പാ, മേയാകുള്‍പ്പാ, മേയാമാക്‌സിമാ കുള്‍പ്പാ (എന്റെ പിഴ, എന്റെ പിഴ, എന്റ വലിയ പിഴ) റോമാസഭയുടെ മേലധ്യക്ഷനായ ഞാന്‍ സഭ അകത്തോലിക്കരോട്‌ ചെയ്‌ത സകല തെറ്റുകള്‍ക്കും, എല്ലാ കത്തോലിക്കാ വിശ്വാസികളുടെയും പേരില്‍ മാപ്പിരക്കുന്നു. ഒപ്പം സഭാമക്കള്‍ക്ക്‌ അനുഭവിക്കേണ്‌ടിവന്ന സഹനങ്ങള്‍ സഭ നിരുപാധികം ക്ഷമിക്കുന്നുവെന്ന്‌ ഉറപ്പുമേകുന്നു. ക്രൂശിതനെ സാക്ഷിയാക്കി, തൂങ്ങപ്പെട്ട രൂപത്തോടു ശിരസ്സു ചേര്‍ത്ത്‌, പൊറുതിയ്‌ക്കുവേണ്‌ടി വിലപിച്ചു ക്ഷമയാചിയ്‌ക്കുന്ന പാപ്പായുടെ ചിത്രം ചരിത്രം ഒരിയ്‌ക്കലും മറക്കില്ല. 1995 മെയ്‌ 21-ന്‌ ആണിത്‌ സംഭവിച്ചത്‌. സഭയ്‌ക്കു പറ്റിയ ഏകദേശം 95-ഓളം കുറ്റങ്ങള്‍ക്ക്‌ അന്നു മാര്‍പാപ്പ മാപ്പു ചോദിച്ചു.

ഇന്നത്തെ സുവിശേഷത്തില്‍ ഈശോ പറയുന്ന ഒരു വചന ഭാഗമുണ്‌ട്‌. ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിയ്‌ക്കലും അന്ധകാരത്തില്‍ നടക്കുകയില്ല, അവനു ജീവന്റെ പ്രകാശമുണ്‌ടായിരിക്കും എന്ന്‌ (യോഹ 8:12). ഈ വാചകം സാര്‍ത്ഥകമാക്കത്തക്കവിധത്തില്‍ ഈ ലോകത്തില്‍ ജീവിച്ചു നമുക്കു മാതൃക നല്‍കിയ വ്യക്തിയാണ്‌ ജോണ്‍ പോള്‍ രണ്‌ടാമന്‍ മാര്‍പാപ്പ. ചെയ്‌തുപോയ തെറ്റുകളെല്ലാം ഏറ്റുപറഞ്ഞ്‌ ഈശോയുടെ പ്രകാശത്തില്‍ സഞ്ചരിക്കാനും ക്ഷമിക്കാനും ക്ഷമ ചോദിക്കാനുമുള്ള ഒരു മനോഭാവം (മാതാപിതാക്കളോട്‌, അദ്ധ്യാപകരോട്‌, കൂട്ടുകാരോട്‌...) നമുക്ക്‌ വളര്‍ത്തിയെടുക്കാം. സ്വയം ചെറുതാകാനും എളിപ്പെടാനും ഈ നോമ്പുകാലം നമ്മെ പ്രാപ്‌തരാക്കട്ടെ. പ്രകാശമായ ഈശോയുടെ മാര്‍ഗ്ഗത്തില്‍ മറ്റുള്ളവര്‍ക്കും മാതൃകയായി നന്മയില്‍ ജീവിക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ നമുക്ക്‌ കൂടുതലായി പരിശ്രമിക്കാം.

Bro. ജെയ്‌സണ്‍ കള്ളിയാട്ട്‌
Sermon 2010 
നോമ്പ- 5th Sunday: Lk 8/12-20.

യഹൂദ ജനതയുടെ ഒരു പ്രധാന തിരുനാള്‍ ആയിരുന്നു കൂടാരത്തിരുന്നാള്‍. ഈ തിരുനാളാഘോഷത്തിലെ ഒരു പ്രധാന കര്‍മ്മമാണ്‌ ദീപപ്രദക്ഷിണം. ജറുസലേം ദേവാലയം മുഴുവന്‍ എണ്ണത്തിരികള്‍കൊണ്‌ടലങ്കരിക്കും. സ്‌ത്രീകളുടെ തളത്തില്‍ നാട്ടിയിരുന്ന നാലു കൂറ്റന്‍ തൂണുകളിലും ദീപം തെളിയ്‌ക്കും. ദൈവസാന്നിദ്ധ്യത്തിന്റെയും, തോറയാണ്‌ പ്രകാശം എന്നതിന്റെയും സൂചനയാണത്‌. ആ വിളക്കുകളില്‍ നിന്നും ചൊരിയപ്പെടുന്ന പ്രകാശം ഇസ്രായേലിലെ മുഴുവന്‍ ഭവനങ്ങളെയും പ്രകാശമാനമാക്കിയിരുന്നു എന്ന്‌ യഹൂദ ഗ്രന്ഥമായ മിഷ്‌ന സാക്ഷ്യപ്പെടുത്തുന്നു.

ഇന്നത്തെ തിരുവചനത്തിന്റെ പശ്ചാത്തലവും കൂടാരത്തിരുനാള്‍ തന്നെയാണ്‌. കൂടാരത്തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ 'ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെയടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന്‌ ജീവജലത്തിന്റെ അരുവികള്‍ ഒഴുകും' (Jn 7/37) എന്ന്‌ പ്രഖ്യാപിച്ച ഈശോ തുടര്‍ന്നും ലോകത്തിന്റെ മുമ്പില്‍ പ്രഖ്യാപിക്കുകയാണ്‌, "ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌". ഈ രണ്‌ടു പ്രഖ്യാപനങ്ങളിലൂടെ കൂടാരത്തിരുനാളിലെ രണ്‌ടു പ്രധാന കര്‍മ്മങ്ങള്‍: മഴയ്‌ക്കായി പ്രാര്‍ത്ഥിക്കുന്ന കര്‍മ്മവും, ദീപം തെളിയിക്കല്‍ കര്‍മ്മവും ഈശോയില്‍ പൂര്‍ത്തിയാവുകയാണ്‌. കൂടാരത്തിരുനാളില്‍ തെളിയിക്കപ്പെട്ടിരുന്ന പ്രകാശം ഇസ്രായേലിലെ സകല വീട്ടുമുറ്റങ്ങളെയും പ്രകാശമാനമാക്കിയിരുന്നെങ്കില്‍ ഈശോയാകുന്ന പ്രകാശം ലോകത്തിനു മുഴുവന്‍ പ്രദാനം ചെയ്യുന്നു. ഇവിടെ ദിവ്യശിശുവിനെ കൈകളില്‍ വഹിച്ചുകൊണ്‌ട്‌ ദൈവത്തിന്റെ കരുണയ്‌ക്കുമുമ്പില്‍ പ്രത്യുത്തരിച്ച ശിമയോന്റെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നു. "സകല ജനതകള്‍ക്കും വേണ്‌ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കണ്‌ടു കഴിഞ്ഞു. അത്‌ വിജാതീയര്‍ക്ക്‌ വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയുമാണ്‌" (Lk 2/31-32).

താന്‍ തിരഞ്ഞെടുത്ത തന്റെ ജനമായ ഇസ്രായേലിനെ വിശുദ്ധീകരിക്കുവാന്‍ അവരെ എന്നേക്കും തന്റെ ജനമായി നിലനിര്‍ത്തുവാന്‍ മോശ വഴി ദൈവം നല്‌കിയവയാണ്‌ നിയമങ്ങള്‍. എന്നാല്‍ ആ നിയമങ്ങള്‍ വളച്ചൊടിക്കപ്പെട്ടപ്പോള്‍ വെറും അനുഷ്‌ഠാനം മാത്രമായി. അവ പരിണമിച്ചപ്പോള്‍ അവയുടെ ദൈവികാംശം നഷ്ടപ്പെട്ടു. അവയെ വെറും അനുഷ്‌ഠാനമാക്കിത്തീര്‍ത്തവരുടെ ഹൃദയത്തില്‍ നിന്നും മനുഷ്യത്വമാകുന്ന (നന്മ) പ്രകാശമണഞ്ഞുപോയി. അങ്ങനെ പാപാന്ധകാരത്തില്‍പെട്ട്‌ നട്ടംതിരിയുന്ന ജനത്തെ ദൈവത്തിങ്കലേയ്‌ക്ക്‌ പുനരാനയിക്കാന്‍ വഴിവെളിച്ചമായി വര്‍ത്തിക്കേണ്‌ടവര്‍ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കി. അന്ധകാരത്തിലാണ്‌ട മനുഷ്യവംശത്തെ രക്ഷയിലേക്ക്‌ നയിക്കാന്‍ ദൈവപുത്രന്‍ ഭൂജാതനായപ്പോള്‍ യഹൂദമതപശ്ചാത്തലം ഇതായിരുന്നു. നിയമത്തിന്റെ കാഠിന്യത്തില്‍പ്പെട്ട്‌ നട്ടം തിരിഞ്ഞവര്‍ക്ക്‌ ഈശോ ഒരു നവ്യപ്രകാശമായിത്തീരുന്നു. "ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌" എന്നു പ്രഖ്യാപിച്ച അവിടുന്ന്‌ തന്റെ ജീവിതത്തിലൂടെ ലോകത്തിനു മുഴുവന്‍ പ്രകാശമായിത്തീരുന്നതെങ്ങനെയെന്ന്‌ കാണിച്ചുതന്നു. എന്തായിരുന്നു ഈശോയിലെ പ്രകാശം? അത്‌ അവിടുന്നിലെ നന്മയായിരുന്നു. ഈശോ സ്‌നേഹമായി, കരുണയായി, സേവനസന്നദ്ധനായി, സഹനദാസനായി, എളിമയോടെ അധ:സ്ഥിതരുടെയും ആലംബഹീനരുടെയും ഇടയിലേയ്‌ക്ക്‌ കടന്നു ചെന്നു. അവരുടെ ഹൃദയങ്ങള്‍ പ്രകാശിതമായി. അതേ പ്രകാശം ഒരുവനില്‍ കുടികൊള്ളുന്ന നന്മയാണ്‌. ലോകത്തിനാല്‍ പ്രകാശമായിത്തീരുന്നതോ അവന്റെ നന്മ പ്രവര്‍ത്തികളിലൂടെയും.

ഈശോ കരുണയാകുന്ന പ്രകാശം: തന്റെ മുമ്പില്‍ മുട്ടുകുത്തി "അങ്ങേയ്‌ക്ക്‌ മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും" Mk 1/40 എന്ന യാചനയുമായി നിന്ന കുഷ്‌ഠരോഗിയോട്‌ 'ഈശോയ്‌ക്ക്‌ കരുണ തോന്നി' എന്ന്‌ സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തുന്നു Mk 1/41. ഫലമോ "കുഷ്‌ഠം മാറി അവന്‌ ശുദ്ധി വന്നു" Mk 1/42. കുഷ്‌ഠം എന്ന രോഗം അവന്റെ ജീവിതത്തെ അന്ധകാരമയമാക്കി. എവിടെയും അവജ്ഞയും അവഹേളനവും മാത്രം. ആശ്വാസം പ്രധാനം ചെയ്യുന്ന ഒരു വാക്കോ, കരുണാപൂര്‍ണ്ണമായ ഒരു നോട്ടമോ ആരില്‍ നിന്നും ലഭിക്കുന്നില്ല. അവജ്ഞയുടെയും അവഹേളനത്തിന്റെയും അന്ധകാരവും പേറി നടക്കുന്ന അവന്റെ ജീവിതത്തിലേയ്‌ക്ക്‌ ഈശോ കരുണയാര്‍ന്ന പ്രകാശവും പേറി കടന്നുചെന്നപ്പോള്‍ അവന്റെ ജീവിതത്തെ അനാവരണം ചെയ്‌തിരുന്ന അന്ധകാരം അപ്രത്യക്ഷമായി, ജീവിതത്തില്‍ പ്രകാശം കൈവന്നു. കുഷ്‌ഠം മാറി അവന്റെ ശരീരം പ്രഭാപൂര്‍ണ്ണമായതുപോലെ അവന്റെ ഹൃദയവും പ്രകാശിതമായി. ഒരുവന്റെ കരുണ അപരന്റെ ജീവിതത്തിലെ ഇരുള്‍ മാറാന്‍ എത്രത്തോളം പര്യാപ്‌തമാണെന്ന്‌ ഈശോ നമുക്ക്‌ കാണിച്ചുതന്നു. നമ്മുടെ സമൂഹത്തിലും കുഷ്‌ഠം ബാധിച്ചവരുണ്‌ട്‌ - അപമാനമാകുന്ന, ഭാരമാകുന്ന, പരാജയമാകുന്ന കുഷ്‌ഠം ബാധിച്ചവര്‍ തത്‌ഫലമായി ജീവിതം അന്ധകാരാവൃതമായവര്‍. അവരുടെയൊക്കെ ജീവിതത്തിലേക്ക്‌ കരുണയായി, പ്രകാശമായി കടന്നുചെല്ലാന്‍ നമുക്ക്‌ സാധിക്കുന്നുണ്‌ടോ? ഉണ്‌ടെങ്കില്‍ നാമും ഈശോയാകുന്ന പ്രകാശത്തില്‍ പങ്ക്‌ പറ്റുന്നവരാണ്‌.

ഈശോ സ്‌നേഹമാകുന്ന പ്രകാശമായിരുന്നു - " ലോകത്തില്‍ തനിക്ക്‌ സ്വന്തമായവരെ അവന്‍ സ്‌നേഹിച്ചു: അവസാനം വരെ സ്‌നേഹിച്ചു" (Jn 13/1). അവിടുന്ന്‌ എല്ലാവരേയും സ്‌നേഹിച്ചു. അവിടുത്തെ സ്‌നേഹം പാപത്തിന്റെ വഴിയില്‍ ചരിച്ച സക്കേവൂസിനെയും - "സക്കേവൂസ്‌ വേഗം ഇറങ്ങിവരിക, ഇന്ന്‌ എനിക്ക്‌ നിന്റെ വീട്ടില്‍ താമസിക്കേണ്‌ടിയിരിക്കുന്നു" (Lk 19/5). തള്ളിപ്പറഞ്ഞ പത്രോസിനെയും പ്രകാശത്തിന്റെ വഴിയിലേക്ക്‌ തിരികെ കൊണ്ടുവരാന്‍ പര്യാപ്‌തമായി. എനിക്കും, സ്‌നേഹത്തിന്റെ പ്രകാശമായിത്തീര്‍ന്ന്‌ അനേകരെ - നിരാശയില്‍ അടിപ്പെടാതെ പ്രത്യാശയിലേയ്‌ക്ക്‌ നയിക്കുവാന്‍ സാധിക്കുന്നുണ്‌ടോ? സ്‌നേഹത്തിന്റെ പ്രകാശമായി മദര്‍ തെരേസ കൊല്‍ക്കത്തയിലെ തെരുവുകളിലേയ്‌ക്ക്‌ കടന്നു ചെന്നു. മദര്‍ സ്‌നേഹപ്രകാശം നിരാശയില്‍ ജീവിച്ച മനുഷ്യമക്കളില്‍ പ്രത്യാശയാകുന്ന പ്രകാശം നിറച്ചു. അനേകരെ കര്‍ത്താവിനായി വീണ്‌ടെടുത്തു.

ഈശോ എളിമയാകുന്ന പ്രകാശമായിരുന്നു - എളിമയുടെ പ്രകാശമായി വന്ന്‌ അഹങ്കാരമാകുന്ന അന്ധകാരം ബാധിച്ച മനസ്സുകളെ അവിടുന്ന്‌ പ്രകാശപൂരിതമാക്കി. "തങ്ങള്‍ വലിയവന്‍ ആരാണ്‌ (Lk 22/24) എന്ന ചോദ്യവുമായി പരസ്‌പരം മത്സരിച്ച, സ്വയം ഒന്ന്‌ താഴ്‌ന്നു കൊടുക്കാന്‍ മനസ്സ്‌ കാണിക്കാതിരുന്ന തന്റെ ശിഷ്യന്‍മാരുടെ പാതങ്ങള്‍ കഴുകിക്കൊണ്‌ട്‌ (Jn 13/4-5) അവിടുന്ന്‌ തന്റെ എളിമയാല്‍, 'അന്ധകാരം' ബാധിച്ചവരുടെ ഹൃദയങ്ങളെ കഴുകി പ്രഭാപൂര്‍ണ്ണമാക്കി. അനേകര്‍ക്ക്‌ നന്മ ചെയ്യാന്‍ പര്യാപ്‌തമാക്കി. എളിമയുണ്‌ടെങ്കിലേ അപരന്‌ പ്രകാശമായിത്തീരാന്‍ എനിക്ക്‌ സാധിക്കുകയുളളു.

ഈശോ ക്ഷമയാകുന്ന പ്രകാശമായിരുന്നു - പാപത്തില്‍ ജീവച്ചവളായിരുന്നു വ്യഭിചാര കുറ്റത്തിന്‌ പിടിക്കപ്പെട്ട ആ സ്‌ത്രീ. സകലരും അവളെ വധിക്കുവാന്‍ കല്ലോങ്ങി നിന്നപ്പോഴും നാഥന്‍ അവളുടെ പാപങ്ങള്‍ ക്ഷമിച്ചു, അവളെ വീണ്‌ടെടുത്തു. കുറ്റപ്പെടുത്തല്‍ ഒരുവന്റെ ജീവിതത്തെ കൂടുതല്‍ അന്ധകാരവൃതമാക്കുന്നു. എന്നാല്‍ ഒരുവന്റെ ക്ഷമ അപരനില്‍ പ്രകാശം നിറയ്‌ക്കുന്നു. കൂടുതല്‍ നാശത്തിലേയ്‌ക്ക്‌ വീഴാതെ കാക്കുന്നു.

ഈശോ സഹനമാകുന്ന പ്രകാശമായിരുന്നു - മുറിയില്‍ അന്ധകാരം നിറയുമ്പോള്‍ നാം മെഴുകുതിരി കത്തിച്ചുവയ്‌ക്കും. അത്‌ ആ മുറി മുഴുവന്‍ പ്രകാശം നിറയ്‌ക്കുന്നു. നമുക്ക്‌ പ്രകാശം തരുവാന്‍ തെളിഞ്ഞു കത്തുമ്പോള്‍ അത്‌ സ്വയം ഉരുകി തീരുകയാണ്‌. ഈശോ പാപികളായ നമുക്ക്‌ രക്ഷ പ്രദാനം ചെയ്യുവാന്‍ സ്വയം ബലിത്തീര്‍ന്നവനാണ്‌. പൗലോശ്ലീഹാ Rm 5/7-8 വാക്യങ്ങളില്‍ പറയുന്ന "നീതിമാനു വേണ്‌ടി പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്‌ എന്നാല്‍ നാം പാപികളായിരിക്കെ ക്രിസ്‌തു നമുക്കും വേണ്‌ടി മരിച്ചു". സ്വന്തം ജീവിതത്തില്‍ പോലും സഹനങ്ങള്‍ ഉണ്‌ടാകരുതേ എന്ന്‌ ആഗ്രഹിക്കുന്നവനാണ്‌ മനുഷ്യന്‍. അപ്പോള്‍ അവനെങ്ങനെയാണ്‌ അപരന്റെ സഹനങ്ങള്‍ ഏറ്റെടുക്കുവാന്‍ തയ്യാറാവുക. സഹോദരന്റെ സഹനങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുവാനാണ്‌ പലപ്പോഴും നമ്മുടെ സാമീപ്യം ഇടയാക്കുക. സഹോദരന്റെ സഹനങ്ങള്‍ പങ്കുവെച്ചുകൊണ്‌ട്‌ നിരാശയില്‍ നിപതിക്കാവുന്ന അവന്റെ ജീവിതത്തില്‍ പ്രത്യാശയുടെ തിരിനാളം തെളിക്കുവാന്‍ നമുക്ക്‌ സാധിക്കണം. eg. മൊളൊക്കോ ദ്വീപില്‍ ദുരിതത്തിലും നിരാശയിലും കഴിഞ്ഞിരുന്ന കുഷ്‌ഠ രോഗികളുടെ ഇടയിലേയ്‌ക്ക്‌ കടന്നു ചെന്ന്‌ അവരുടെ സഹനങ്ങളെ നെഞ്ചോടു ചേര്‍ത്ത്‌ ആശ്വാസമായി, പ്രകാശമായി അവസാനം കുഷ്‌ഠരോഗവും ഏറ്റുവാങ്ങി മരണത്തിന്‌ വിധേയനായ വി. ഡാമിയന്‍ ഈശോയെപ്പോലെ സഹനത്തിന്റെ ത്യാഗത്തിന്റെ പ്രകാശമായിത്തീര്‍ന്നവന്‍.

പ്രിയപ്പെട്ടവരെ നോമ്പുകാലത്തെ 5-ാമത്തെ ഞായറാഴ്‌ച ഇന്ന്‌ തിരുസഭാ മാതാവ്‌ നമ്മോട്‌ ആവശ്യപ്പെടുക പ്രകാശമായ, ശിരസ്സായ ക്രിസ്‌തുവിനെപ്പോലെ ലോകത്തിന്‌ മുഴുവന്‍ പ്രകാശമായിത്തീരുവാനാണ്‌. ഓരോ ക്രിസ്‌താനിയും വിളിക്കപ്പെട്ടിരിക്കുന്നത്‌ തന്നെ "ലോകത്തിന്‌ പ്രകാശവും ഭൂമിക്ക്‌ ഉപ്പു"മായിത്തീരുവാനുമാണ്‌. നോമ്പുകാല ചൈതന്യവും ഈ പ്രകാശമായിത്തീരലല്ലാതെ മറ്റൊന്നല്ല. നോമ്പുകാല റംശാ പ്രാര്‍ത്ഥന നമ്മെ ഉദ്‌ബോധിപ്പിക്കുന്നു "നോമ്പിന്‍ സാരം ഭോജ്യങ്ങള്‍ വര്‍ജിപ്പത്‌ മാത്രമല്ലല്ലോ...? പിന്നെ എന്താണെന്ന്‌ ഏശയ്യ പ്രവാചകന്റെ പുസ്‌തകം 58/6-7 വരെയുള്ള വചനങ്ങള്‍ നമുക്ക്‌ പറഞ്ഞുതരും. 'ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്‌ക്കുകയും ഭവന രഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന്‌ ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്‌'? ഇപ്രകാരം നാം ഓരോരുരുത്തരും നമ്മുടെ സഹോദരങ്ങളുടെ ജീവിതത്തില്‍ നന്മ പ്രവര്‍ത്തിക്കുമ്പോള്‍, നന്മയായി നമ്മുടെ ജീവിതം തന്നെ മാറുമ്പോള്‍ "നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും" 58/10. അതെ നാമോരുരുത്തരും ഈശോയെപ്പോലെ ലോകത്തിന്‌ പ്രകാശമായി തീരും. ആയതിനാല്‍ നന്മയുടെ വിളനിലമായ തമ്പുരാനില്‍ നിന്നും നന്മയുടെ ഗുണങ്ങള്‍ സ്വീകരിച്ച്‌ ലോകത്തിന്റെ പ്രകാശമായിത്തീരുവാന്‍ ക്രിസ്‌തുവിന്‌ യോജിച്ച സന്താനങ്ങളായി വര്‍ത്തിക്കുവാന്‍ സര്‍വ്വശക്തനായ ദൈവം നമ്മള്‍ ഓരോരുത്തരേയും അനുഗ്രഹിക്കട്ടെ.
തയ്യാറാക്കിയത്‌

റവ. ജോര്‍ജ്‌ നെല്ലിക്കല്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി
കുന്നോത്ത്‌
 
Sermon 2009 
ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന ദാനങ്ങളെകുറിച്ച്‌ ബോധവാന്മാരാവുകയും, ഓരോരുത്തര്‍ക്കും കിട്ടിയിരിക്കുന്ന ദാനങ്ങളെകുറിച്ച്‌ ദൈവത്തെ സ്‌തുതിക്കുകയും മറ്റുളളവരില്‍ ദൃശ്യമാകുന്ന ദാനങ്ങളെ അംഗീകരിക്കുകയും ചെയ്‌തുകൊണ്‌ട്‌ ഒരു ശരീരത്തിലെ പല അവയവങ്ങളെപ്പോലെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുകയാണ്‌ വി. പൗലോസ്‌ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിലൂടെ. മറ്റുളളവര്‍ക്ക്‌ ദൈവം നല്‍കിയിരിക്കുന്ന ദാനങ്ങളെ അംഗീകരിക്കാത്തവന്‌ ദൈവം നല്‍കുന്ന വെളിപാടുകളും നഷ്ടമാകും (റോമ 12.1-8). ദൈവം വാര്‍ദ്ധിക്യത്തില്‍ ഒരു ശിശുവിനെ വാഗ്‌ദാനം ചെയ്‌തപ്പോള്‍ അത്‌ വിശ്വസിച്ചെങ്കിലും വൃദ്ധനായ തന്നെപ്പോലെതന്നെ വൃദ്ധയായ സാറായെയും ദൈവം അനുഗ്രഹിക്കാന്‍ സാധ്യതയുണ്‌ടെന്ന്‌ ചിന്തിക്കാന്‍ കഴിയാതെപോയ അബ്രാഹം സാറായുടെ ദാസിയെ പ്രവിച്ചതിന്റെ ഫലമായി അബ്രാഹമിന്റെ ജീവിതത്തിലുണ്‌ടായ പ്രശ്‌നങ്ങളിലേയ്‌ക്ക്‌ വിരല്‍ ചൂണ്ടുകയാണ്‌ ഉല്‍പ്പത്തി പുസ്‌തകം (16.1-16). ഹാഗാറിനെ പ്രാവിക്കുന്നതിനുമുമ്പ്‌ അബ്രാഹം ദൈവത്തോട്‌ ഒന്നുകൂടി ചോദിക്കേണ്‌ടതായിരുന്നു. കര്‍ത്താവിന്റെ നിര്‍ദേശം ആരായാതെ (ജോഷ്വ 9.13) സ്ഥലവാസികളുമായി ഉടമ്പടി ചെയ്യാന്‍ മുതിര്‍ന്നതിനാല്‍ ഗിബേയക്കാരാല്‍ കബളിപ്പിക്കപ്പെട്ട ജോഷ്വയുടെയും, ഇസ്രായേല്‍ ശ്രേഷ്‌ഠന്മാരുടെയും കഥയാണ്‌ ജോഷ്വായുടെ പുസ്‌തകം വിവരിക്കുന്നത്‌. ദൈവത്തില്‍ നിന്ന്‌ വരുന്ന വചനം ശ്രവിക്കാത്തവന്‍ കബിളിപ്പിക്കപ്പെടും. ദൈവത്തില്‍ നിന്ന്‌ വരുന്ന സത്യവചനത്തെ ശ്രവിക്കാതെ സ്വന്തം തത്വങ്ങളെ അടിസ്ഥാനമാക്കി ജീവിച്ച യഹൂദപ്രമാണികള്‍ ആ തത്വങ്ങളാല്‍തന്നെ കബിളിപ്പിക്കപ്പെടുന്നതും ദൈവത്തെയോ അവന്റെ വചനത്തെയോ തിരിച്ചറിയാന്‍കഴിയാതെ പോവുകയും ചെയ്യുന്നതിനെകുറിച്ചാണ്‌ യോഹന്നാന്റെ സുവിശേഷം പഠിപ്പിക്കുന്നത്‌.
ഇന്നതെ സുവിശേഷം മനഃസ്സിലാക്കാന്‍ അതിന്റെ പശ്ചാത്തലമായി നില്‌ക്കുന്ന രണ്‌ട്‌ പ്രധാന സംഗതികള്‍ അറിഞ്ഞിരിക്കണം.

1) കര്‍ത്താവ്‌ സംസാരിക്കുന്നത്‌ യഹൂദരുടെ കൂടാരതിരുന്നാളിന്റെ പശ്ചാത്തലത്തിലാണ്‌ (ലേവ്യര്‍ 23.33-36).
2) കര്‍ത്താവ്‌ യഹൂദമതവുമായി നടത്തുന്ന വാഗ്‌വാദത്തിന്റെ ഭാഗമാണ്‌ ഈ സന്ദേശം.

ദൈവം ഇസ്രയേലിനെ ഈജിപ്‌തില്‍ നിന്ന്‌ രക്ഷിച്ചതിനുശേഷം നാല്‌പത്‌ വര്‍ഷക്കാലം മരഭൂമിയിലൂടെ സഞ്ചരിച്ച ജനം കുടാരങ്ങളിലാണ്‌ വസിച്ചിരുന്നത്‌. ഈ രക്ഷാകര സംഭവത്തെ അനുസ്‌മരിപ്പിക്കാന്‍ ഓരോ വര്‍ഷവും ഒരാഴ്‌ചക്കാലത്തേക്ക്‌ യഹൂദര്‍ കൂടാരതിരുനാള്‍ ആഘോഷിക്കാറുണ്‌ട്‌. കര്‍ത്താവിന്റെ കാലത്ത്‌ ജറുസലെമിലെ ദേവാലയത്തിന്റെ ഏറ്റവും മുന്‍ഭാഗത്തുളള സ്‌ത്രീകളുടെ മണ്ഡപത്തില്‍ വലിയ നാല്‌ ദീപങ്ങള്‍ തിരുനാളിന്റെ ഭാഗമായി തെളിക്കുക പതിവായിരുന്നു. ഈ ദീപങ്ങള്‍ മതിലുകളാല്‍ ചുറ്റപ്പെട്ട ജറുസലേം പട്ടണത്തിന്റെ ഓരോ മുക്കും മൂലയും പ്രകാശമാനമാക്കാന്‍ കഴിയുന്നത്ര വലുതായിരുന്നു. മരുഭൂമിയിലെ യാത്രവേളയില്‍ ദൈവം അഗ്നിസ്‌തംഭത്തിന്റെ രൂപത്തില്‍ ഇസ്രായേലിന്റെ രക്ഷകനായി അവരെ മരുഭൂമിയിലൂടെ വഴിനടത്തിയതിനെയാണ്‌ ഈ വലിയ ദീപ സ്‌തംഭങ്ങള്‍ അനുസ്‌മരിപ്പിച്ചത്‌ (പുറ 13.21-22). ദേവാലയ ഭണ്ഡാരം സ്‌ത്രീകളുടെ മണ്ഡപത്തിന്‌ അടുത്തായിരുന്നു. ആ വലിയ പ്രകാശത്തിലാണ്‌ കര്‍ത്താവ്‌ താന്‍ പ്രകാശമാണെന്നരുള്‍ ചെയ്യുന്നത്‌ (യോഹ 8.20). മരുഭൂമിയിലെ യാത്രാവേളയില്‍ ദൈവത്തിന്റെ അഗ്നിസ്‌തംഭമാണ്‌ അവരെ നയിക്കുകയും വാഗ്‌ദത്തദേശത്തെത്തിക്കുകയും ചെയ്‌തതെങ്കില്‍ ഇന്ന്‌ താനാണ്‌ ആ സ്ഥാനത്ത്‌ പ്രകാശമായി ജനത്തെ അപകടത്തില്‍പ്പെടാതെ വാഗ്‌ദത്ത ദേശമായ ദൈവരാജ്യത്തിലേക്ക്‌ നയിക്കുന്നതെന്നര്‍ത്ഥം.
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന കര്‍ത്താവിന്റെ പ്രഖ്യാപനം വി. യോഹന്നാന്റെ സുവിശേഷത്തിലെ മറ്റ്‌ പല പ്രഖ്യാപനങ്ങള്‍ക്കും തുല്യമാണ്‌. ഉദാ. മരുഭൂമിയിലെ യാത്രാവേളയിലെ മന്നായെയും അതെങ്ങനെ ഇസ്രായേലിനെ ജീവനില്‍ നിലനിര്‍ത്തിയെന്നും അനുസ്‌മരിപ്പിച്ചുകൊണ്‌ട്‌ അവിടുന്നു പറഞ്ഞു ഞാന്‍ ജീവന്റെ അപ്പമാകുന്നു (യോഹ 6.35-48; 51); തൊഴുത്തിലേക്ക്‌ വാതിലിലൂടെ പ്രവേശിക്കുന്ന ഇടയന്മാരെ അറിഞ്ഞിരുന്ന ജനത്തോട്‌ അവിടുന്ന്‌ പറഞ്ഞു `ഞാന്‍ ആടുകളുടെ വാതിലാണ്‌` (10.7-9); നല്ല ഇടയന്‍മാരെയും കൂലിക്കാരെയും നന്നായറിയാമായിരുന്നവരോട്‌ അവന്‍ പറഞ്ഞു ''ഞാന്‍ നല്ല ഇടയനാണ്‌'' (10.11-14); മരണത്തിന്റെ വേദനയും കൈപ്പുമറിഞ്ഞ ലാസറിന്റെ സഹോദരികളോട്‌ അവന്‍ പറഞ്ഞു ''ഞാന്‍ പുനരുദ്ധാനവും ജീവനുമാണ്‌'' (14.6). മുന്തിരി കര്‍ഷകരായ ജനത്തോടവന്‍പറഞ്ഞു ഞാന്‍ പിതാവ്‌ വെട്ടിയൊരുക്കുന്ന മുന്തിരിയും നിങ്ങള്‍ എന്റെ ശാഖകകളുമാണ്‌ എന്റെ പിതാവ്‌ കൃഷിക്കാരനുമാണ്‌ (15.1, 5).
അനുദിന ജീവിതത്തിലെയും ചരിത്രത്തിലെയും അനുഭവങ്ങളെടുത്തുകൊണ്‌ട്‌, തന്നെ കൂടാതെ ആര്‍ക്കും ജീവിക്കാന്‍ സാധ്യമല്ലെന്ന്‌ കര്‍ത്താവ്‌ അരുള്‍ചെയ്യുകയാണിവിടെ. മരുഭൂമിയില്‍ മന്നായും വെളിച്ചവുമില്ലാതിരുന്നെങ്കില്‍ ഇസ്രായേല്‍ അവിടെ നശിച്ച്‌പോയേനെ; കര്‍ത്താവ്‌ സന്ദര്‍ശിക്കുകയും ജീവന്‍ നല്‌കുകയും ചെയ്‌തില്ലെങ്കില്‍ ലാസര്‍ ജീര്‍ണ്ണിച്ചുപോകുമായിരുന്നു; വാതിലും സംരക്ഷണവുമില്ലാത്ത ആട്ടിന്‍കൂട്ടം ചിതറിക്കപ്പെടും; കൃഷിക്കാരനില്ലാത്ത മുന്തിരിത്തോട്ടം നശിച്ച്‌പോകും. അവനാണ്‌ ജീവന്‍ (11.25); അവനാണ്‌ അപ്പം (6.35); അവനാണ്‌ സത്യം (14.6); അവനാണ്‌ വെളിച്ചം. അപ്പവും വെളിച്ചവും സത്യവുമൊന്നുമില്ലാതെ ജീവിതം അസാധ്യമാണെന്ന്‌ തോന്നുന്നുവെങ്കില്‍ ക്രിസ്‌തുവിലാണ്‌ അനുദിന ജീവിതത്തിന്റെ ആവശ്യങ്ങളെല്ലാം പൂര്‍ത്തികരിക്കപ്പെടേണ്‌ടത്‌.
കൂടാരത്തിരുന്നാളിലെ ഏറ്റവും പ്രധാന തിരുനാളുകളിലൊന്നായ പ്രകാശത്തിന്റെ തിരുന്നാളിനോടനുബന്ധിച്ചാണ്‌ കര്‍ത്താവ്‌ താന്‍ പ്രകാശമാണെന്നരുള്‍ ചെയ്യുന്നത്‌. തിരുന്നാളിലെ പ്രകാശസ്‌തംഭങ്ങള്‍ പട്ടണത്തിലെ ഇരുളിനെ പൂര്‍ണ്ണമായും അകറ്റുകയും ആ പ്രകാശത്തില്‍ ജനമെല്ലാം ആനന്ദഭരിതരാവുകയും ചെയ്യുന്ന അവസരത്തില്‍ കര്‍ത്താവ്‌ അവരോട്‌ പറയുന്നു: ''ഈ വലിയ പ്രകാശത്തില്‍ ഇരുട്ടുമുഴുവന്‍ തുടച്ചു നീക്കപ്പെട്ടതായി നിങ്ങള്‍ കാണുന്നു; അതുപോലെ നിങ്ങളുടെ ഹൃദയം സന്തോഷപൂരിതമായിരിക്കുന്നു. ഈ സന്തോഷം നിത്യമായി അനുഭവിക്കുവാന്‍ കഴിയണമെങ്കില്‍ നിങ്ങളിലെ ഇരുള്‍ എന്നേയ്‌ക്കുമായി നീക്കപ്പെടണമെങ്കില്‍, നിങ്ങള്‍ യഥാര്‍ത്ഥവെളിച്ചമായ എന്നെ അനുഗമിക്കണം''.
ഞാന്‍ പ്രകാശമാകുന്നു എന്ന വചനത്തിലൂടെ താന്‍ പഴയനിയമത്തിലെ വെളിപാടുകളുടെ മൂഴുവന്‍ പൂര്‍ത്തികരണമാണെന്ന്‌ കര്‍ത്താവ്‌ അരുള്‍ചെയ്യുകയാണ്‌. ദൈവത്തിന്റെ ആദ്യ സൃഷ്ടി പ്രകാശമായിരുന്നു (ഉല്‍പ 1.3-4). പുറപ്പാടില്‍ അഗ്നിസതംഭമായി ദൈവം അവരെ നയിച്ചു (പുറ 13.21); കത്തുന്ന മുള്‍പ്പടര്‍പ്പില്‍ ദൈവം മോശയ്‌ക്ക്‌ തന്നെതന്നെ വെളിപ്പെടുത്തി (പുറ 3.1-6); അഗ്നിയുടെ മദ്ധ്യേ പലപ്പോഴും കര്‍ത്താവ്‌ അവര്‍ക്ക്‌ വെളിപ്പെടുത്തിയിരുന്നു. (ഉല്‍പ 15.17; പുറ 19.18; സങ്കി 104. 2; എസ 1.4); ജ്ഞാനഗ്രന്ഥങ്ങളില്‍ പ്രകാശം നിയമത്തിന്റെയും (സങ്കി 119.105; സുഭാ 6.23;ജ്ഞാനം 18.4) അതുപോലെ തന്നെ ദൈവീക ജ്ഞാനത്തിന്റെയും പ്രതീകമാണ്‌ (സുഭാ8.22). ഈ ദൈവീക വെളിപാടുകളുടെയെല്ലാം പൂര്‍ത്തികരണമാണ്‌ ക്രിസ്‌തു (ഞാന്‍........). ക്രിസ്‌തുവാണ്‌ യഥാര്‍ത്ഥ പ്രകാശം; ക്രിസ്‌തുവാണ്‌ ജീവന്‍ അവനാണ്‌ സത്യം. ക്രിസ്‌തുവാകുന്ന പ്രകാശത്താല്‍ നയിക്കപ്പെടുകയും, അവനാകുന്ന വഴിയിലൂടെ നടക്കുകയും, അവനാകുന്ന വാതിലിലൂടെ പ്രവേശിക്കുകയും ചെയ്‌താല്‍ മാത്രമേ വാഗ്‌ദത്തദേശമായ ദൈവരാജ്യത്തില്‍ പ്രവേശിക്കുവാന്‍ മനുഷ്യന്‌ സാധിക്കുകയുളളു. കാരണം ദൈവം വസിക്കുന്ന രാജ്യത്തിലേക്കുളള വഴിയും, ദൈവമാകുന്ന സത്യത്തെകുറിച്ചുളള ജ്ഞാനവും ദൈവത്തെ കണ്‌ടിട്ടുളള ക്രിസ്‌തുവിന്‌ മാത്രമേ അറിയു.
ഈ വലിയ വെളിപാട്‌ സ്വീകരിക്കാന്‍ യഹൂദ പ്രമാണികള്‍ക്ക്‌ സാധിച്ചില്ല. കാരണം ക്രിസ്‌തുവാകുന്ന വെളിച്ചത്തില്‍ നിത്യ സത്യങ്ങളെകുറിച്ച്‌ ഗ്രഹിക്കുവാന്‍ അവന്‍ ശ്രമിച്ചില്ല. അവര്‍ അടിസ്ഥാന പ്രമാണമായെടുത്തിരിക്കുന്നത്‌ മാനുഷിക പ്രമാണങ്ങളാണ്‌ (8.13-18). സാക്ഷികളെ സംബന്ധിച്ച നിയമം നിയമാവര്‍ത്തന പുസ്‌തകത്തില്‍ (17.6; 19.15) കാണാം. ആരും ഒരിക്കലും കണ്‌ടിട്ടില്ലാത്ത ദൈവത്തെകുറിച്ച്‌ കൃത്യമായി വെളിപ്പെടുത്താന്‍ മനുഷ്യര്‍ക്ക്‌ സാധ്യമല്ല. ദൈവത്തെ ദര്‍ശിച്ച മനുഷ്യനുമാത്രമേ അതിന്‌ കഴിയു. അതുകൊണ്‌ടാണ്‌ ദൈവപുത്രനായ ക്രിസ്‌തുവിന്റെ വെളിപാട്‌ പ്രാധാന്യമര്‍ഹിക്കുന്നത്‌. ക്രിസ്‌തുവിനെ തിരസ്‌കരിക്കുന്നവന്‍ ദൈവത്തെ തിരസ്‌കരിക്കുന്നു.
ആത്മീയ ജീവിതത്തില്‍ കാര്‍ക്കശ്യത്തോടെ കാത്തുപാലിക്കുന്ന തത്വങ്ങള്‍ക്കൊപ്പം ദൈവവചനത്തോട്‌ തുറവിയുളളവരായിരിക്കാന്‍ നാഥന്‍ നമ്മെ പഠിപ്പിക്കുന്നു.
തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home