Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
നോമ്പുകാലം ഏഴാം ഞായര്‍
Readings: Genesis 49:1-12, 22-26; Zechariah 8:12-19 + 9.9-10; Romans 11:13-24; Matthew 21:1-17
ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം അവരുടെ രക്ഷക്കുതകുന്ന ദൈവത്തിന്റെ രക്ഷാകര പ്രവര്‍ത്തികളെ അനുസ്‌മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ആഴ്‌ചയിലേക്ക്‌ നാം കടന്നിരിക്കുകയാണ.്‌ പ്രവചനങ്ങളുടെ പൂര്‍ത്തികരണം എന്ന നിലയില്‍ ഈശോയുടെ ജറുസലേമിലേക്ക്‌ രാജകീയമായി പ്രവേശിക്കുന്നു. വിനീതനായി കഴുതക്കുട്ടിയുടെ പുറത്ത്‌ കയറി സമാധാനം പ്രസംഗിച്ച്‌ ഈശോ ജറുസലേമിലേക്ക്‌ കയറിയതിന്റെയും അതിനുശേഷം മനുഷ്യരക്ഷക്ക്‌ ബലിയായി തിര്‍ന്നതിന്റെയും അനുസ്‌മരണമാണ്‌ നാം ഇന്നുമുതല്‍ ആഘോഷിക്കുന്നതും ധ്യാനിക്കുന്നതും.

ഈശോയുടെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെക്കുറിച്ച്‌ ചരിത്രപരമായി ചിന്തിക്കുമ്പോള്‍, ജറുസലേമിന്‌ ഈ രാജകിയ പ്രവേശനം ഒരു പുതുമയുള്ള കാര്യമല്ല. ദാവീദ്‌ രാജാവ്‌, സോളമന്‍ തുടങ്ങിയവര്‍ മുതല്‍ ഈശോവരെ ഏകദേശം 1000 വര്‍ഷങ്ങളോളം ചരിത്രത്തില്‍ പല വ്യതിയാനങ്ങളും വരുത്തി പലരും ഇതിലെ രാജകീയ രാഷ്ട്രീയ പ്രൗഢി വിളിച്ചോതുന്നതരത്തില്‍ കടന്നു പോയ നഗരമാണ്‌ ജറുസലേം. ദൈവമാകാന്‍ ശ്രമിച്ച ആദ്യമനുഷ്യന്റെ അഹങ്കാരത്തിന്റെ അംശങ്ങള്‍ നമ്മള്‍ ഇവിടെ കണ്‌ടുമുട്ടുന്നുവെങ്കില്‍ അതിന്‌ വിരുദ്ധമായി ദൈവം മനുഷ്യനായി, എളിമയില്‍ സമാധാനം പ്രസംഗിച്ച്‌ കയറിവരുന്ന ഈശോയെ നാം ഇവിടെ കണ്‌ടുമുട്ടുന്നു. ഇതാണ്‌ അവിടുത്തെ രാജകീയ പ്രവേശനത്തിന്റെ സവിശേഷതയും വ്യത്യസ്ഥതയും. ഭൗതികരാജാക്കന്‍മാര്‍ ദേവാലയത്തില്‍ തന്നെ ബാധിക്കാത്ത തരത്തില്‍ മറ്റ്‌ മൃഗങ്ങളെ അര്‍പ്പിച്ചെങ്കില്‍ ഇവിടെ നാം കണ്‌ടുമുട്ടുന്നത്‌ "ഓശാന-ഞങ്ങളെ രക്ഷിക്കണമേ" എന്ന ജനത്തിന്റെ നിലവിളിക്ക്‌ സ്വയം ബലിയായി സകല മനുഷ്യര്‍ക്കും രക്ഷക്ക്‌ സാധ്യത ഒരുക്കുന്ന ദൈവത്തെയാണ്‌.

ഓശാന എന്നുവിളിച്ച്‌ പ്രാര്‍ത്ഥിച്ച ജനത്തിന്‌ അവിടുന്ന്‌ തന്റെ ജീവിതത്തിലൂടെയും പീഢാസഹനമരണസംസ്‌കാഉദ്ധാനത്തിലൂടെയും രക്ഷ നേടിയെടുത്ത്‌ അത്‌ ഇന്ന്‌ അവിടുത്തെ ഭൗതീക ശരീരമായ സഭയില്‍ സൂക്ഷിക്കാനും പകര്‍ന്നു കൊടുക്കാനും ഏല്‍പ്പിച്ചിരിക്കുന്നു. പക്ഷേ ഈ രക്ഷ സ്വന്തമാകണമെങ്കില്‍ നമ്മുടെ ജീവിതത്തില്‍ നാം അത്‌ ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യേണ്‌ടതുമുണ്‌ട്‌. ഉദാഹരണത്തിലൂടെ സംസാരിച്ചാല്‍ ദൈവം രക്ഷ നല്‍കിയിരിക്കുന്നത്‌ രക്ഷയുടെ cheque form- ല്‍ ആണെങ്കില്‍ ജീവിതത്തിലൂടെ ഈ ചെക്ക്‌ cash ആക്കി മാറ്റിയാലെ എന്റെ ജീവിതത്തില്‍ അതിന്‌ സ്ഥാനവും ഉപയോഗവും ഉണ്‌ടാവുകയുള്ളു. ചെക്ക്‌ മാറുന്നതിന്‌ പലതും ചെയ്യേണ്‌ടതുപോലെ തന്നെ ദൈവത്തിന്റെ രക്ഷയുടെ ചെക്ക്‌ മാറി എന്റെ ജീവിതത്തില്‍ cash ആക്കി മാറ്റണം അല്ലെങ്കില്‍ ഈശോ നേടിത്തന്ന ഈ രക്ഷ ജീവിതത്തില്‍ സ്‌പര്‍ശിക്കാതെ ചരിത്രത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കും.

ഈശോയുടെ രാജകീയ പ്രവേശനം ഇന്ന്‌ നടക്കുന്നത്‌ സഭയിലെ അംഗങ്ങളായ നമ്മുടെ ജീവിതത്തിലേക്കാണ്‌, നമ്മുടെ ഭവനങ്ങളിലേക്കാണ്‌. അവിടുത്തെ സ്വീകരിക്കാന്‍ നമ്മള്‍ നമ്മുടെ ജീവിതത്തില്‍ പൂമുഖം മാത്രം വെടിപ്പാക്കിയാല്‍ പോര. ഉദാഹരണത്തോടെ വീണ്‌ടും സംസാരിച്ചാല്‍ ഒരു വികാരിയച്ചന്‍ പിരിവിനായി ഭവനസന്ദര്‍ശനം നടത്തുന്നതിനേക്കാള്‍ ഒരുക്കം വീട്‌ വെഞ്ചിരിപ്പിനായി നടത്തണം കാരണം വെഞ്ചിരിപ്പിന്‌ അദ്ദേഹം ഭവനത്തിലെ എല്ലാ മുക്കിലും മൂലയിലും എത്തും. അപ്പോള്‍ ഉള്ളിലെ ജീര്‍ണ്ണിച്ചവ എടുത്തു മാറ്റുകയും പൊടിപടലങ്ങള്‍ തുടച്ച്‌ വൃത്തിയാക്കുകയും കറപിടിച്ചവ മനോഹര മാക്കുകയും ചെയ്‌തേ പറ്റു. ജറുസലേം ദേവാലയം ഈശോ മുന്‍കയ്യെടുത്ത്‌ ശുദ്ധീകരിച്ചെങ്കില്‍ നമ്മുടെ ജീവിതവും ശരീരവുമാകുന്ന ദേവാലയത്തില്‍ ഇന്ന്‌ അതിന്‌ അവിടുന്ന്‌ സ്വാതന്ത്യം നമുക്ക്‌ തന്നെ നല്‍കിയിരിക്കുന്നു. ഈ ഒരുക്കത്തിനനുസൃതമായാണ്‌ നമ്മിലേക്കുള്ള അവിടുത്തെ രാജകീയ പ്രവേശനവും.

മേല്‍ പറഞ്ഞ ഒരുക്കത്തിന്‌ അസ്സാധാരണമായി ഒന്നും നാം ചെന്നും ചെയ്യേണ്‌ടതില്ല. സാധാരണ കാര്യങ്ങള്‍ വ്യത്യസ്ഥമായ മനോഭാവ (Attitide) ത്തിലൂടെ ഈശോ അസ്സാധാരണമാക്കിയത്‌പോലെ നമ്മുടെയും സാധാരണ ജീവിതത്തിലെ പ്രവര്‍ത്തനങ്ങളും ചിന്തകളും ഈശോയുടെ മനോഭാവത്തില്‍ (Attitude) ചെയ്യുമ്പോള്‍ അത്‌ അസ്സാധാരണമാകും. നമ്മുടെ ഇത്തരത്തിലുള്ള ജീവിതം അവിടുത്തേക്ക്‌ സഞ്ചരിക്കുവാനുള്ള പുറംകുപ്പായങ്ങള്‍ ആയി മാറണം. അതുതന്നെയാണ്‌ ഈ കുരുത്തോലകളുടെയും അര്‍ത്ഥം. ഇത്തരത്തില്‍ ഒരു ജീവിത വീക്ഷണത്തിലേക്ക്‌ വളരാനും ജീവിതത്തെ അതിനനുസൃതമാക്കാനും ഈ ഓശാന തിരുനാളും ഈ ബലിയര്‍പ്പണവും നമ്മുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവ്‌ ആകട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. ഓശാനതിരുനാളിന്റെ മംഗളങ്ങള്‍ പരസ്‌പരം ആശംസിച്ചുകൊണ്‌ട്‌ നമുക്ക്‌ ഈ ബലി തുടരാം. ആമ്മേന്‍.

ജോസഫ്‌ കെളുത്താപ്പള്ളി

ഓശാന ഞായര്‍

പ്രിയ കൂട്ടുകാരേ,

ലോകത്ത്‌ ഇന്നും നിലനില്‍ക്കുന്ന കമ്മ്യുണിസ്‌റ്റുരാഷ്ട്രമാണ്‌ ക്യൂബ. ഫിഡല്‍ കാസ്‌ട്രോ എന്ന രാഷ്ട്രത്തലവനും വളരെ പ്രശസ്‌തനാണ്‌. ക്യൂബ സന്ദര്‍ശിക്കാനായി മരണ മടഞ്ഞ മാര്‍പ്പാപ്പ ജോണ്‍ പോള്‍ രണ്‌ടാമന്‌ അതിയായ ആഗ്രഹമുണ്‌ടായിരുന്നു. 1997- ഒക്‌ടോബറില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. വത്തിക്കാന്‍ പ്രതിനിധിയുടെ ആവശ്യങ്ങളെല്ലാം കാസ്‌ട്രോ നിരസിച്ചു. ചര്‍ച്ച രാത്രി ഒരുമണിവരെ നീണ്‌ടു. അവസാനം വത്തിക്കാന്‍ പ്രതിനിധി ഡോ: നവാറോയുടെ വെളിപ്പെടുത്തലും പൊട്ടിച്ചിരിയിലാണവസാനിച്ചത്‌. അതിപ്രകാരമായിരുന്നു. പാപ്പ കാസ്‌ട്രോയ്‌ക്കുവേണ്‌ടി പ്രാര്‍ത്ഥിയ്‌ക്കുന്നു എന്നായിരുന്നു അത്‌. ചിരിയടങ്ങിയപ്പോള്‍ കാസ്‌ട്രോ ചോദിച്ചു എന്തിനുവേണ്‌ടിയാണ്‌ പാപ്പാ തനിയ്‌ക്കു വേണ്‌ടി പ്രാര്‍ത്ഥിയ്‌ക്കുന്നത്‌. കഴിഞ്ഞ ഇരുപതു വര്‍ഷമായി ദിവ്യബലിയ്‌ക്കു ശേഷം എന്നും കാസ്‌ട്രോയും അദ്ദേഹത്തിന്റെ ദ്വീപു സമൂഹവും ദിവ്യകാരുണ്യത്തിനു മുന്നില്‍ സമര്‍പിയ്‌ക്കപ്പെടാറുണ്‌ടെന്നറിഞ്ഞ കാസ്‌ട്രോയുടെ ചിരി മാഞ്ഞു. എല്ലാ പ്രതിസന്ധികളും തരണം ചെയ്‌ത്‌- എല്ലാ ആവശ്യങ്ങളും അദ്ദേഹം അംഗീകരിച്ചു. 1998 ജനുവരി 21 ന്‌ പാപ്പാ ക്യൂബയിലെത്തി. പാപ്പയുടെ വാഹനം ജോസ്‌ വാള്‍ട്ടി വിമാനത്തില്‍ നിന്നും ചലിച്ചു തുടങ്ങി. പുതിയ വിപ്ലവം ആരംഭിച്ചു നാല്‌പതുവര്‍ഷത്തെ മതാന്ധതയും നിരീശ്വരത്വവും വഴിമാറി പാപ്പ ആശംസിച്ച സമാധാനവും സ്വാതന്ത്രവും ജനമനസ്സില്‍ നിറഞ്ഞു. സന്ദര്‍ശനത്തിന്റെ അവസാനദിനം ക്യൂബയിലെങ്ങും ചലനമുണ്‌ടാക്കിയ സന്ദര്‍ശനത്തിനുശേഷം കാസ്‌ട്രോ പാപ്പയ്‌ക്കു വിരുന്നു നല്‍കി. വിരുന്നിനു മദ്ധ്യേ കാസ്‌ട്രോ പിതാവിന്റെ കരം പിടിച്ച്‌ എന്നെ ആശീര്‍വദിക്കുക എന്നു പറഞ്ഞ്‌ പിതാവിന്റെ മുന്നില്‍ മുട്ടുകുത്തി....

ഇന്നു നാമും തീര്‍ത്ഥാടനത്തെ അനുസരിക്കുകയാണ്‌. ഓശാനപാടി ഈശോ ജറുസലെമിലേയ്‌ക്ക്‌ കടന്നുചെല്ലുന്നു. അധികാരത്തിന്റെയും മതാന്ധതയുടെയും ഇടനാഴിയിലേയ്‌ക്ക്‌ കടന്നു ചെല്ലുന്ന ഈശോ അവിടെ അസ്വസ്ഥത തീര്‍ക്കുന്നു. മനുഷ്യന്റെ പാപങ്ങള്‍ക്ക്‌ അറുതിയായെന്നും, ലോകത്തില്‍ സമാധാനത്തിനും, ശാന്തിയ്‌ക്കും, സ്വാതന്ത്യത്തിനും സ്വന്തം ജീവന്‍ തന്നെ നല്‍കേണ്‌ടി വരുമെന്നും, ഈശോയ്‌ക്ക്‌ ഈ അറിയാമായിരുന്നു. അതിനുള്ള സത്യസന്ധത അവിടുന്ന്‌ ഈ യാത്രയിലൂടെ അറിയിക്കുന്നു. പീഡാനുഭവ വിശുദ്ധ നാശത്തിലേക്കു ഇന്ന്‌ പ്രവേശിയ്‌ക്കുന്ന നാം അവസാനം ഈസ്റ്ററിന്റെ അന്നു തിരിച്ചറിയൂ ഈശോ സമാധാനവും സ്വാതന്ത്യവും സ്ഥാപിച്ചാണ്‌ ഉയിര്‍ത്തെഴുന്നേറ്റതെന്ന്‌. നമ്മുടെ ഹൃദയത്തിലും കുടുംബത്തിലും നിലനില്‍ക്കുന്ന തിന്മകള്‍ക്കെതിരെ ഈശോയെ കൂട്ടുപിടിച്ച്‌ പൊരുതാനും, ശാന്തിയും, സ്വാതന്ത്ര്യവും അനുഭിക്കാനുമുള്ള കൃപയ്‌ക്കായി നമുക്ക്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യാം.

Bro. Jaison Kalliyattu.

Sermon 2010
ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാജാവായ ദാവീദിനോട്‌ അവന്റെ പുത്രന്റെ രാജ്യം താന്‍ എന്നേക്കുമായി സ്ഥാപിക്കുമെന്നു ദൈവം വാഗ്‌ദാനം ചെയ്‌തു (2 സാമൂ 7:12-16). ഈ വാഗ്‌ദാനത്തിന്റെ പൂര്‍ത്തീകരണമായ സോളമന്‍ അധികാരത്തിലേറിയതെങ്ങനെയെന്ന്‌ രാജാക്കന്മാരുടെ ഒന്നാം പുസ്‌തകം വിവരിക്കുന്നുണ്‌ട്‌ (1 രാജോ 1). ദാവീദ്‌ രാജാവ്‌ വൃദ്ധനായി, രോഗശയ്യയിലായപ്പോള്‍ അവന്റെ പുത്രന്‍ അദോനിയാ താന്‍ രാജാവാകുമെന്ന്‌ കരുതി പുരോഹിതന്‍ അബിയാത്തറിനെയും സൈന്യാധിപനായ യോവാവിനേയും മറ്റ്‌ രാജസേവകരേയും വിളിച്ചുകൂട്ടി ഒരു വിരുന്ന്‌ നല്‌കി. അപ്പോള്‍ നാഥാന്‍ പ്രവാചകന്‍ ദാവീദിനെ സമീപിക്കുകയും അവന്റെ മകന്‍ സോളമനെ രാജാവാക്കാമെന്ന ദാവീദിന്റെ പഴയ പ്രതിജ്ഞയെ അനുസ്‌മരിപ്പിക്കുകയും ചെയ്‌തു. സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ദാവീദ്‌, പുരോഹിതന്‍ സദോക്കിനോടും നാഥാനോടും ബനായനോടും, കൊട്ടാരത്തിലെ രാജാവിന്റെ അംഗരക്ഷകരേയും കൂട്ടി, സോളമനെ സാക്ഷ്യകൂടാരം സ്ഥിതി ചെയ്‌തിരുന്ന ഗീഹോന്‍ അരുവിക്കടുത്തേക്ക്‌ കൊണ്‌ടുവരുവാനും അവിടെ വച്ച്‌ സോളമനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യുവാനും കല്‌പിച്ചു. അഭിഷേകത്തിനുശേഷം സോളമന്റെ കൂടെയുണ്‌ടായിരുന്നവര്‍ സോളമന്‍ രാജാവ്‌ നീണാല്‍ വാഴട്ടെ എന്നാര്‍ത്തു വിളിച്ചുകൊണ്‌ട്‌ ഒരു ഘോഷയാത്ര നടത്തുകയും ചെയ്‌തു. അദോനിയാ രാജാവാകുമെന്ന്‌ പ്രതീക്ഷിച്ചിരുന്നവരെല്ലാം സംഭീതരാവുകയും ചിതറിക്കപ്പെടുകയും ചെയ്‌തു. ദാവീദിന്റെ പുത്രനായ സോളമന്റെ അഭിഷേകത്തെയും തുടര്‍ന്നുള്ള ഘോഷയാത്രയേയും അനുസ്‌മരിച്ചുകൊണ്‌ടാണ്‌ തന്റെ കുരിശു മരണത്തിന്‌ ആറ്‌ ദിവസം മുമ്പ്‌ കര്‍ത്താവ്‌ കഴുതപ്പുറത്തു കയറി ഘോഷയാത്രയായി ജറുസലേമിന്റെ തെരുവുകളിലൂടെ ദേവാലയത്തിലേക്ക്‌ പ്രവേശിച്ചത്‌.

തന്നെ ഇസ്രായേലിന്റെ രാജാവായി യഹൂദ ജനത സ്വീകരിക്കണമെന്ന്‌ ആഗ്രഹിച്ചതിനാലാവാം കര്‍ത്താവ്‌ ഇപ്രകാരം ഒരു പ്രവൃത്തിക്ക്‌ വ്യക്തിപരമായ താത്‌പര്യം കാണിക്കുന്നത്‌. ഇതിനുമുമ്പൊരിക്കലും കര്‍ത്താവ്‌ കഴുതപ്പുറത്ത്‌ യാത്ര ചെയ്‌തതായി സുവിശേഷങ്ങള്‍ വിവരിക്കുന്നില്ല...... (അവന്‍ എപ്പോഴും (നടന്ന്‌) ചുറ്റിസഞ്ചരിക്കുകയായിരുന്നു).

ഇസ്രായേല്‍ ജനത്തിന്റെ മനസ്സില്‍ രാജാവെന്നത്‌ രാഷ്ട്രീയ അധികാരിയായിരുന്നു. തങ്ങളുടെ രാജാവ്‌ വരുമ്പോള്‍ അവന്‍ തങ്ങളെ വിദേശാധിപത്യത്തില്‍ നിന്ന്‌ മോചിപ്പിക്കുമെന്നും ദാവീദിന്റെ നശിച്ചുപോയ രാജ്യം പുനരുദ്ധരിക്കുമെന്നും അവര്‍ കരുതി. ഈ പ്രതീക്ഷ ദൈവീകമായ പദ്ധതിയുടെ ഭാഗമല്ല എന്ന്‌ കാണിക്കുന്നതിനാവാം കര്‍ത്താവ്‌ ഒരു കഴുതയുടെ പുറത്ത്‌ യാത്ര ചെയ്‌തത്‌. വിജയശ്രീലാളിതരായ രാജാക്കന്മാര്‍ കുതിരപ്പുറത്തോ രഥങ്ങളിലോ ആണ്‌ യാത്ര ചെയ്‌തിരുന്നത്‌. എന്നാല്‍ ദൈവം പ്രവാചകനിലൂടെ വാഗ്‌ദാനം ചെയ്‌ത രാജാവ്‌ കഴുതപ്പുറത്താണ്‌ വരേണ്ടിയിരുന്നത്‌ (സക്ക 9:9).

കര്‍ത്താവ്‌ ഉപയോഗിച്ച കഴുതക്കുട്ടിയുടെ പ്രത്യേകത അത്‌ ഇന്നുവരെ ആരും ഉപയോഗിച്ചിട്ടില്ലാത്തതായിരുന്നു. അവന്റെ വിശുദ്ധമായ രാജത്വത്തെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. കര്‍ത്താവിന്‌ സമര്‍പ്പിതമായ കാര്യങ്ങള്‍, മൃഗങ്ങളും വസ്‌തുക്കളും, പുതിയതായിരിക്കണമെന്ന്‌ പഴയ നിയമത്തില്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്‌ടായിരുന്നു (സംവ്യ 19:2; സാമു 6:2). കര്‍ത്താവിന്റെ രാജ്യം ഐഹികമല്ല; അത്‌ ദൈവീകവും വിശുദ്ധവുമാെണമന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു.

മൃഗങ്ങളെ കൊണ്‌ടുവരുവാനും ജറുസലേമിലേക്ക്‌ ഘോഷയാത്ര നടത്തുവാനുമുള്ള കര്‍ത്താവിന്റെ നിര്‍ദ്ദേശം അവന്റെ ശിഷ്യന്‍മാര്‍ക്ക്‌ പെട്ടെന്ന്‌ മനസ്സിലായി. അവര്‍ ഒരു രാജാവിനെ എന്നപോലെയാണ്‌ കര്‍ത്താവിനെ പിന്നീട്‌ ജറുസലേമിലേക്ക്‌ കൊണ്‌ടുപോയത്‌. അതിനായി അവര്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ കഴുതപ്പുറത്തും, വഴിയിലും വിരിക്കുകയും, മരച്ചില്ലകളേന്തി അവന്‌ സ്‌തുതിഗീതം പാടുകയും ചെയ്‌തു. ദാവീദിന്റെ രാജവംശം അവസാനിക്കുകയും ഇസ്രായേല്‍ പ്രവാസത്തിലാവുകയും ചെയ്‌തശേഷം വാഗ്‌ദത്ത ദേശത്ത്‌ തിരിച്ചു വന്നെങ്കിലും (539 B.C) അവര്‍ക്കുടനെ ഒരു രാജ്യം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ഒരു രാജ്യം സ്ഥാപിക്കാന്‍ കഴിഞ്ഞത്‌ അന്ത്യോത്തസ്‌ എപ്പിഫാനസിന്റെ്‌ കീഴില്‍ മതമര്‍ദ്ദനത്തിന്‌ വിധേയരായപ്പോഴാണ്‌. തങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കാന്‍ ശ്രമിച്ച വിദേശ ശക്തികള്‍ക്കെതിരെ മക്കബായക്കാരുടെ നേതൃത്വത്തില്‍ ഇസ്രായേല്യര്‍ അണിനിരക്കുകയും തുടര്‍ന്ന്‌ ശത്രുക്കളെ പരാജയപ്പെടുത്തി മക്കബായ രാജ്യം സ്ഥാപിക്കുകയും ചെയ്‌തു. മക്കബായ രാജ്യത്തിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ചും തുടര്‍ന്നു നടന്ന ദേവാലയ ശുദ്ധീകരണ അവസരത്തിലും ജനം ഈ വിധത്തില്‍ തങ്ങളുടെ നേതാക്കളെ ജറുസലേമിന്റെ തെരുവുകളിലൂടെ ആനയിക്കുന്നത്‌ കാണാം. അതവരുടെ സ്വാതന്ത്ര്യത്തിന്റെ ദിവസമായിരുന്നു. കര്‍ത്താവിന്റെ മുമ്പില്‍ മരച്ചില്ലകള്‍ വഹിച്ചുകൊണ്‌ട്‌ നീങ്ങിയ ജനം ഇപ്രകാരം ഒരു ദിവസത്തെ വിഭാവനം ചെയ്‌തിരിക്കാം.

കര്‍ത്താവിനെ രാജാവായി കണ്‌ട ജനം ഒലിവിലകളും, ഈന്തപ്പന ഓലകളുമെല്ലാം വഹിച്ചുകൊണ്‌ട്‌ കര്‍ത്താവിന്റെ പിന്നാലെ പോയി. എന്നാല്‍ അവരില്‍ പലരും ദു:ഖവെള്ളിയാഴ്‌ച അപ്രത്യക്ഷമായതായി കാണാം. പലപ്പോഴും വിശ്വാസികള്‍ക്കാവശ്യം മഹത്വപൂര്‍ണ്ണനും അത്ഭുതപ്രവര്‍ത്തകനുമായ ദൈവത്തെയാണ്‌. കുരിശിലേറിയ കര്‍ത്താവിനെ സ്വീകരിക്കുവാന്‍ യോഹന്നാനേയും മറിയത്തേയും പോലെ അവനെ സ്‌നേഹിക്കുന്നവര്‍ക്കു മാത്രമേ കഴിയൂ.
ഇന്നത്തെ സുവിശേഷം (മത്താ 21-1:22) പരസ്‌പരം ബന്ധപ്പെട്ട മൂന്ന്‌ കാര്യങ്ങള്‍ നമ്മെ അനുസ്‌മരിപ്പിക്കുന്നുണ്‌ട്‌.
1. കര്‍ത്താവിന്റെ രാജത്വവും അതോടനുബന്ധിച്ചു ദൈവജനത്തിന്റെ സ്വാതന്ത്ര്യവും.
2. കര്‍ത്താവിന്റെ രാജത്വത്തിന്റെ പരിണിത ഫലമായ ദേവാലയ ശുദ്ധീകരണം (മത്താ 21:127). മതമര്‍ദ്ദകരില്‍ നിന്ന്‌ ഇസ്രയേലിനെ സ്വതന്ത്രരാക്കിയ മക്കമ്പായര്‍ ആദ്യം ചെയ്‌തത്‌ അശുദ്ധമാക്കപ്പെട്ട ദേവാലയത്തെ ശുദ്ധിചെയ്യുക എന്നതായിരുന്നു(1 മത 4:36-61, 2 മത 10:1-9). കര്‍ത്താവിനെ രാജാവായി സ്വീകരിക്കുന്ന ഓരോ വിശ്വാസിയും ആദ്യം ചെയ്യേണ്‌ടത്‌ അവന്റെ ആലയമായ ഹൃദയത്തെ വിഗ്രഹങ്ങളില്‍ നിന്ന്‌ ശുദ്ധിചെയ്യുക എന്നതാണ്‌. അത്‌ കര്‍ത്താവ്‌ നല്‍കുന്ന സ്വതന്ത്ര്യത്തിന്റെ അടയാളമാണ്‌. പെസഹാ കാലത്ത്‌ നല്ല കുമ്പസാരത്തിലൂടെ ഹൃദയങ്ങള്‍ ശുദ്ധമാക്കാത്തവന്‍ പാപത്തിന്റെ അടിമത്വത്തില്‍ തന്നെ ജീവിതം നയിക്കുന്നവനാണ്‌.
3. ദേവാലയ ശുദ്ധീകരണത്തിനു ശേഷം നടക്കുന്നത്‌ അത്തി വൃക്ഷത്തിന്‍മേലുള്ള ശാപമാണ്‌ (മത്താ 21:18-22). അത്തിവൃക്ഷവും ഫലങ്ങളും യഹൂദ ജനത്തെയും അവന്‌ ദൈവം പ്രതീക്ഷിച്ച സത്‌പ്രവര്‍ത്തികളെയും സൂചിപ്പിക്കുന്നു. കര്‍ത്താവിന്റെ രാജത്വസ്വീകരണത്തോടുകൂടി ഫലദായകമല്ലാതിരുന്ന ആ വൃക്ഷം ഉണങ്ങിപ്പോയി. അത്‌ വെട്ടിക്കളയുകയല്ല, തായി വേരുമുതല്‍ വൃക്ഷം മുഴുവനും വീണ്‌ടും തളിര്‍ക്കുവാന്‍ സാധ്യമാകാത്ത വിധത്തില്‍ ഉണങ്ങിപ്പോവുകയാണ്‌ ചെയ്‌തത്‌. കര്‍ത്താവിനെ രാജാവായി സ്വീകരിക്കാത്തവരുടെ ഈ ദുരന്തം നമുക്ക്‌ മറക്കാതിരിക്കാം.
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.
Sermon 2009 
പ്രവചനങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്‌ട്‌ ഈശോ ജറുസലേമിലേക്ക്‌ വിനയാന്വിതനായ രാജാവായി സാഘോഷം പ്രവേശിച്ചതിന്റെ ഓര്‍മ ഇന്നു സഭ ആചരിക്കുന്നു. വനയാന്വിതനെങ്കിലും അവിടുന്നു രാജാവാണ്‌ എന്ന്‌ മത്തായിശ്‌ളീഹായുടെ പ്രവചനം ഉദ്ധരിച്ചു സമര്‍ത്ഥിക്കുന്നു. പീലാത്തോസ്‌ അവിടുന്നു രാജാവാണോ എന്നു ചോദിച്ചതിന്‌ അല്ല എന്ന മറുപടി ഈശോ നല്‌കിയില്ലല്ലോ. രാജത്വം നീതിയുടെയും സമാധാനത്തിന്റെയും ശാന്തിയുടെയും കേന്ദ്രമാണ്‌. അവ പാലിക്കപ്പെടുന്നുവെന്ന്‌ ഉറപ്പു വരുത്തേണ്‌ടവനാണ്‌ രാജാവ്‌. ആകയാല്‍ ഈശോ ജറുസലേമില്‍ എത്തിയതിനുശേഷം അനീതിയും ക്രമരാഹിത്യവും നടമാടിയ ദൈവാലയത്തില്‍നിന്നും അവയെ പുറത്താക്കി ആലയം ശുദ്ധീകരിച്ച്‌ അതിന്റെ ആദിമലക്ഷ്യത്തില്‍ പുനപ്രതിഷ്‌ഠിക്കുന്ന സംഭവവും ഇന്ന്‌ പരിചിന്തന വിഷയമാണ്‌.
ഈശോയുടെ ജറുസലേം പ്രവേശനത്തെ വിവരിക്കുന്ന സുവിശേഷഭാഗത്തെ ചില പ്രതീകങ്ങള്‍ പ്രത്യേകം ധ്യാനവിഷയങ്ങളാണ്‌.
1. ഈശോ തന്നെയാണ്‌ ശിഷ്യരെ ഈ രാജകീയ പ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ക്കായി അയക്കുന്നത്‌. അവിടുന്ന്‌ നിസാരനായി പുല്‌ക്കൂട്ടില്‍ പിറന്നവനും തച്ചന്റെ മകനായി വളര്‍ന്നവനും ചുങ്കക്കാരുടെയും പാപികളുടെയും സമൂഹത്തിന്റെ വഴിയോരങ്ങഴിലേക്കു തള്ളിക്കളയപ്പെട്ടവരുടെയും സ്‌നേഹിതനുമായിരുന്നുവെങ്കിലും മഹത്വത്തോടെയുള്ള ജറുസലേം പ്രവേശനം അവിടുന്നു സജ്ജീകരിക്കുന്നു.
2. ശിഷ്യര്‍ കൊണ്‌ടുവന്ന കഴുത അവരുടെ സ്വന്തമല്ല. മറ്റാരുടേതോ ആണ്‌്‌്‌. പക്ഷേ കര്‍ത്താവിന്‌ അത്‌ ആവശ്യമുണ്ട്‌ എന്ന്‌ അറിയിച്ചപ്പോള്‍ ഉടനെ വിട്ടുകൊടുക്കുന്നഉടമസ്ഥനെ കാണുന്നു. കര്‍ത്താവിന്‌ ഇന്ന്‌ ജനമധ്യത്തിലേക്ക്‌ കടന്നു ചെല്ലുവാന്‍, ജനഹൃദയങ്ങളിലേക്കു കടന്നുചെല്ലുവാന്‍ കഴുതകളെ ആവശ്യപ്പെടുമ്പോള്‍ അവയെ വിട്ടുകൊടുക്കുവാന്‍ കഴിയണം.
3. പ്രവചന പൂര്‍ത്തീകരണമായിട്ടാണ്‌ ഈശോ ഇത്‌ നിര്‍വഹിക്കുന്നത്‌്‌. തന്റെ ഹിതമല്ല, തന്റെ ഇഷ്ടാനിഷ്‌‌ടങ്ങളല്ല, തന്റെ ജനകീയ മഹത്വമല്ല അവിടുന്ന്‌ തേടുന്നത്‌ ഏതു പ്രവൃത്തിയുടെയും അടിസ്ഥാനം, പ്രത്യേകിച്ചും സഭയുടെ പ്രതാപം പ്രത്യക്ഷമാകുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യക്തമായും വചനത്തിന്റെ സാക്ഷാത്‌ക്കാരമായിരിക്കണം ലക്ഷ്യം. അതില്ലാതുള്ളവയെല്ലാം സഭാവിരുദ്ധമെന്ന്‌ പറയേണ്‌ടിരിക്കുന്നു. വ്യക്തിജീവിതത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും വചനശക്തിയായിരിക്കണം, വചനപൂര്‍ത്തീകരണമായിരിക്കണം.
4. കൊണ്‌ടുവന്ന കഴുതപ്പുറത്ത്‌ കര്‍ത്താവ്‌ കയറി ഇരുക്കുന്നതിനു മുമ്പ്‌ അതിന്മേല്‍ വസ്‌ത്രം വിരിച്ചു. ദൈവത്തിന്റെ സംവാഹകരാകുവാന്‍, ദൈവത്തെ സ്വീകരിക്കുവാന്‍ ഒരുക്കം ആവശ്യമാണ്‌. കൃപാവരത്തിന്റെ അനശ്വര വസ്‌ത്രം വിരിച്ച മനുഷ്യാത്മാക്കളാണ്‌ ഈശ്വരസിംഹാസനം. പരിശുദ്ധിയുടെ നിര്‍മ്മല വിരിപ്പുള്ള വചന പ്രഘോഷണ വേദികളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തന ശൈലികളിലുമാണ്‌ ഈശോയുടെ സാന്നിധ്യം അവിടുന്നു പ്രദാനം ചെയ്യുക. അല്ലാത്ത മേഖലകളില്‍നിന്നും ജറുസലേം ദൈവാലയത്തില്‍ നിന്നെന്നപോലെ ദൈവമഹത്വം കുടിയൊഴിയും.
5. ജനക്കൂട്ടം തങ്ങളുടെ വസ്‌ത്രം വഴിയില്‍ വിരിച്ചു. മനുഷ്യന്‍ ആദ്യം വസ്‌ത്രം ധരിച്ചത്‌്‌ ദൈവത്തില്‍നിന്ന്‌ അകലുവാനാണ്‌. പാപമാണ്‌ അവനെ വസ്‌ത്രത്തിലേക്ക്‌ വലിയുവാന്‍ ഇടയാക്കിയത്‌. ദൈവപുത്രന്റെ രക്ഷാകരപദ്ധതിയുടെ ആരംഭവും നാമിവിടെ കാണുന്നു. ഇവിടെ രക്ഷാകര പദ്ധതിയുടെ പൂര്‍ത്തീകണത്തേടടുക്കുമ്പോള്‍ കര്‍ത്താവിനെ സ്വീകരിക്കുവാന്‍, അവിടുന്ന്‌്‌്‌ തങ്ങളുടെ പക്കലേക്ക്‌ വരുവാന്‍ മനുഷ്യര്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ വഴിയില്‍ വിരിക്കുന്നു. ബര്‍തിമയോസിനെ കര്‍ത്താവ്‌ വിളിച്ചപ്പോള്‍ അവന്‍ പറം കുപ്പായം ദൂരത്തെറിഞ്ഞ്‌ ഓടി കര്‍ത്താവിന്റെ പക്കലണഞ്ഞു. കര്‍ത്താവ്‌ ദൈവപിതാവിന്റെ മഹത്വത്തിലേക്ക്‌ കടന്നപ്പോള്‍ അവിടുത്തെ വസ്‌ത്രം ഉരിഞ്ഞെടുക്കപ്പെട്ടു. കല്ലറയിങ്കല്‍ തിരശീല ഉപേക്ഷിക്കപ്പെട്ടു.
6. ചിലര്‍ വൃക്ഷച്ചില്ലകള്‍ മുറിച്ച്‌ വഴിയില്‍ വിതറി. ആദിമാതാപിതാക്കന്‍മാര്‍ പാപം ചെയ്‌്‌്‌തശേഷംമരച്ചില്ലകളുടെയും മരത്തിന്റെയും മറവില്‍ തങ്ങളെ ദൈവത്തില്‍നിന്ന്‌ അകറ്റിനിറുത്തി. ഇവിടെ അവയെല്ലാം ദൈവപുത്രന്റെ മുമ്പില്‍ വിതറി.
7. വിരിച്ച വസ്‌ത്രത്തിന്റെയും വിതറിയ മരച്ചില്ലകളുടെയും മുകളിലൂടെ കര്‍ത്താവ്‌ കടന്നുവന്നു. മനുഷ്യനെ ദൈവത്തില്‍നിന്നകറ്റിയ യാഥാര്‍ത്ഥ്യങ്ങളെ ദൈവത്തിന്റെ മുമ്പില്‍ വച്ചപ്പേള്‍ അവയെ ചവിട്ടിത്തകര്‍ത്ത്‌ അവിടുന്ന്‌ വിജയശ്രീലാളിതനായി മനുഷ്യനു രക്ഷനല്‌കി. അപ്പോള്‍ അവര്‍ ഹോസാന പാടി-കര്‍ത്താവ്‌ രക്ഷിക്കുന്നവനെന്ന്‌ അവര്‍ അംഗീകരിച്ച്‌ ഏറ്റുപറഞ്ഞു. അനുതാപത്തിന്റെയും പ്രയശ്ചിത്തത്തിന്റെയും വഴിയിലൂടെ ചെലവഴിച്ച നേമ്പുകാലത്തിനവസാനം അനുരഞ്‌ജനകൂദാശയാല്‍ നാമും നമ്മെ ദൈവത്തില്‍നിന്ന്‌ അകറ്റുന്ന യാഥാര്‍ത്ഥ്യങ്ങളെ അവിടുത്തെ മുമ്പിലര്‍പ്പിക്കുമ്പോള്‍ അവിടുന്ന്‌ അവയെ ഉന്മൂലനം ചെയ്‌ത്‌ നമ്മുടെ ഹൃദയമാകുന്നദൈവാലയത്തിലേക്ക്‌ മഹത്വപൂര്‍ണ്ണനായി കടന്നു വരും.
8. ഇപ്രകാരം നമ്മില്‍ കടന്നു വരുന്ന കര്‍ത്താവ്‌ പരി. ആത്മാവിന്റെ ആലയമായ നമ്മെ എല്ലാവിധ തിന്മകളില്‍നിന്നും സംരക്ഷിക്കും. അവിടന്നു കടന്നു വരുമ്പോള്‍ നാമും സക്കേവൂസിനെപ്പേലെ ദൈവാലയത്തിനു നിരക്കാത്തവയെ പുറത്തേക്കു എറിയണം. അതിനു തയ്യാറാകാതെ ക്രൈസ്‌തവനാമം പേറിക്കൊണ്‌ട്‌ ക്രസ്‌തു അനുയായി എന്നറിയപ്പെടുകയും കര്യസാധ്യത്തിനായി, സൗകര്യങ്ങള്‍ക്കായി ജറുസലേം ദൈവാലയത്തെ കച്ചവട സ്ഥലമാക്കിയവരെപ്പോലെ വര്‍ത്തിക്കുകയും ചെയ്‌താല്‍ അവിടുന്നു തന്നെ ചാട്ടവാര്‍ പ്രയോഗം നടത്തും. അത്‌ ഏറെ ഹൃദയഭേദകമായ അനുഭവമായിരിക്കും.
തയാറാക്കിയത്‌
ഫാ. തോമസ്‌ പൂവത്താനിക്കുന്നേല്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.  

 

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home