Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ഉയിര്‍പ്പുകാലം മൂന്നാം ഞായര്‍
Readings: Isaiah 56:1-7; Acts 5:34-42; Ephesians 1:1-14; John 14:7-14
തന്റെ ശിഷ്യന്‍മാരുടെ മനോഭാവമെന്തായിരിക്കണമെന്ന്‌ പഠിപ്പിക്കാന്‍ ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയതിനുശേഷം (യോഹ 13) കര്‍ത്താവ്‌ ശിഷ്യരോട്‌ പറഞ്ഞ വചനങ്ങളാണ്‌ ഇന്നത്തെ സുവിശേഷഭാഗം. അവന്‍ പറഞ്ഞു `എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്‌ട്‌.... ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം` (യോഹ: 14:1-4) കര്‍ത്താവ്‌ പിതാവിന്റെ ഒരു കൊട്ടാരത്തിന്റെ കാര്യം പറഞ്ഞു. എന്നാല്‍ അതെവിടെയാണെന്നോ എങ്ങനെയാണ്‌ അവിടെ എത്തുന്നതെന്നോ പറഞ്ഞില്ല. അതുകൊണ്‌ട്‌ തോമസ്‌ അവനോട്‌ `കര്‍ത്താവേ നീ എവിടേക്ക്‌ പോകുന്നുവെന്ന്‌ ഞങ്ങള്‍ക്കറിഞ്ഞുകൂടാ പിന്നെ വഴി ഞങ്ങളെങ്ങനെ അറിയും` എന്ന്‌ ചോദിക്കുന്നു (14:5). കര്‍ത്താവ്‌ പറയുന്നു 'വഴിയും സത്യവും ജീവനും എല്ലാം ഞാന്‍ തന്നെയാണ്‌.' ഇത്‌ തോമസിന്റെ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരമല്ല. പിതാവിന്റെ കൊട്ടാരത്തിലേക്കുള്ള വഴി അവര്‍ക്കിപ്പോഴും വ്യക്തമല്ല. എന്നാല്‍ പിതാവിനെ നിങ്ങക്കറിയാമെന്ന്‌ കര്‍ത്താവ്‌ ആവര്‍ത്തിച്ച്‌ പറയുന്നുണ്‌ട്‌ (യോഹ: 14:6-7). തങ്ങളുടെ അവ്യക്തത തീര്‍ത്തു തരാനാണ്‌ അപ്പോള്‍ പീലിപ്പോസ്‌ ആവശ്യപ്പെടുന്നത്‌. `കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്ക്‌ കാണിച്ചു തരിക...` 'ദൈവത്തെ ഞങ്ങള്‍ക്ക്‌ കാണിച്ച്‌ തരിക.' കര്‍ത്താവിന്റെ ഉത്തരം ശിഷ്യരെ അത്ഭുതപ്പെടുത്തി, `എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു` (14:9); അതായത്‌ എന്നെ കാണുന്നവന്‍ ദൈവത്തെ കാണുന്നു. കര്‍ത്താവിനെ അവര്‍ക്കറിയാമായിരുന്നു. അവന്‍ അവരിലൊരുവനായിരുന്നു. അവന്‍ തന്റെ സുഹൃത്തായ ലാസറിന്റെ മരണത്തില്‍ കരഞ്ഞ്‌ വിലപിക്കുന്നത്‌ അവര്‍ കണ്‌ടതാണ്‌. അവന്‍ തങ്ങളോടൊപ്പം ഉറങ്ങിയവനാണ്‌, ജോലി ചെയ്‌തവനാണ്‌, അന്ന്‌ പ്രഭാതഭക്ഷണം കഴിച്ചവനാണ്‌, അവന്റെ ശരീരത്തില്‍ കൊണ്‌ട മുള്ളുകള്‍ മറ്റേതൊരുവനേയുംപോലെ അവനെയും വേദനിപ്പിച്ചിട്ടുണ്‌ട്‌. അവന്‍ തങ്ങളെ പഠിപ്പിക്കുകയും ശകാരിക്കുകയും ചെയ്‌തിട്ടുണ്‌ട്‌, പത്രോസിനെ സാത്താനേ എന്ന്‌ വിളിച്ചിട്ടുണ്‌ട്‌. ഇത്‌ പ്രപഞ്ചസൃഷ്ടാവായ ദൈവമോ? അങ്ങനെയാകാന്‍ സാധ്യതയില്ല. ഇതായിരുന്നു യഹൂദരരെ സംബന്ധിച്ചിടത്തോളം ക്രിസ്‌തുവില്‍ വിശ്വസിക്കാന്‍ തടസ്സമായി നിന്ന ഏറ്റവും പ്രധാന കാര്യം. വാസ്‌തവത്തില്‍ മുന്‍പ്‌ തോമസ്‌ ചോദിച്ച ചോദ്യത്തിന്റെ കാതല്‍ ഇതുതന്നെയാണ്‌.
മാംസമായ വചനത്തില്‍ ദൈവത്തെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന ഈ ശിഷ്യര്‍ ഏതു കാലഘട്ടത്തിലേയും അവിശ്വാസികളായ ശിഷ്യരുടെ പ്രതിനിധികള്‍ മാത്രം. ദൈവത്തെ അവനായിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കാന്‍ പലര്‍ക്കും കഴിയാറില്ലെന്നുള്ളതാണ്‌ വസ്‌തുത.
ഞാനൊരിക്കല്‍ അടുത്തുള്ള പള്ളിയില്‍ ഒരു തിരുന്നാളിന്‌ പോയപ്പോള്‍ തിരുന്നാള്‍ക്കച്ചവടങ്ങളിലൊന്ന്‌ പാവകളുടേതായിരുന്നു. പലവിധത്തിലുള്ള മനോഹരമായ പാവകള്‍. അതിലൊരെണ്ണം കര്‍ത്താവിന്റെ രൂപമായിരുന്നു. എന്നാല്‍ ഈ രൂപത്തിന്‌ ഒരു പ്രത്യേകതയുണ്‌ടായിരുന്നു. അത്‌ നാം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌‌ (ശബ്ദം കേള്‍പ്പിച്ചാല്‍) ഒന്നുകില്‍ 'ശരി' എന്നോ അല്ലെങ്കില്‍ 'വേണ്ട' എന്നോ മറുപടു പറയുമായിരുന്നു. 250/- രൂപ വില പറഞ്ഞു. അത്രയും തുക കൂടുതലായതിനാല്‍ ഞാന്‍ വാങ്ങിയില്ല. എന്നാല്‍ പിന്നീടത്‌ വാങ്ങാതിരുന്നതിനെക്കുറിച്ച്‌ ഞാന്‍ മനസ്‌തപിച്ചു. അത്‌ എന്റെ മേശപ്പുറത്തുണ്‌ടായിരുന്നെങ്കില്‍ എനിക്ക്‌ യേശുവിനോട്‌ ചോദ്യങ്ങള്‍ ചോദിക്കുകയും വ്യക്തമായ മറുപടി ലഭിക്കുകയും ചെയ്യുമായിരുന്നെന്ന്‌ ഞാന്‍ ചിന്തിച്ചുപോയി.
പലപ്പോഴും നമ്മുടെ ചിന്താഗതികള്‍ ഇത്തരത്തിലുള്ളതാണ്‌. നമുക്കാവശ്യമുള്ളപ്പോള്‍ ദൈവം നമുക്ക്‌ സ്വീകാര്യമായ വിധത്തില്‍ സംസാരിക്കുന്നവനും പെരുമാറുന്നവനുമാണെന്നാണ്‌ നമ്മുടെ വിശ്വാസം. ദൈവം യഥാര്‍ത്ഥത്തില്‍ ആരാണെന്നോ, അവന്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്തന്നോ നാം അധികം ചിന്തിക്കാറില്ല. നമുക്കാവശ്യം നമ്മുടെ ചിന്താഗതികള്‍ക്കനുസൃതമായ ഒരു ദൈവത്തെയാണ്‌. ശിഷ്യന്‍മാരായ തോമസിനും ഫിലിപ്പിനും കര്‍ത്താവില്‍ സൃഷ്ടാവിനെ തിരിച്ചറിയാന്‍ കഴിയാതിരുന്നതും ഇതുകൊണ്‌ടുതന്നെയാണ്‌.
പഴയനിയമ ജനതയുടെ സീനായ്‌ അനുഭവം മനുഷ്യന്റെ ഈ ബലഹീനതയിലേക്ക്‌ തന്നെയാണ്‌ വിരല്‍ ചൂണ്‌ടുന്നത്‌. ദൈവത്തിന്റെ ജനമായി തീരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്റെ പ്രമാണം സ്വീകരിച്ച്‌ പാലിക്കണമെന്ന്‌ ദൈവം ഇസ്രായേല്‍ ജനത്തോട്‌ പറഞ്ഞു. അതനുസരിച്ച്‌ പ്രമാണം വാങ്ങാന്‍ മോശ മലയിലേക്ക്‌ കയറുകയും 40 ദിവസം അവിടെ ഉപവാസത്തില്‍ ചിലവഴിക്കുകയും ചെയ്‌തു. ജനം അസ്വസ്ഥമായി. അവര്‍ക്ക്‌ കാര്യങ്ങള്‍ വ്യക്തമല്ല. രൂപരഹിതനായ ദൈവത്തില്‍ അവര്‍ അസ്വസ്ഥരായിത്തീര്‍ന്നു. അവര്‍ക്ക്‌ കാണാനും കേള്‍ക്കാനും സ്‌പര്‍ശിക്കാനും കഴിയുന്ന, അവരുടെ ഇന്നുവരെയുള്ള പാരമ്പര്യത്തിന്‌ നിരക്കുന്ന ഒരു ദൈവത്തെ വേണമെന്ന്‌ അവര്‍ അഹറോനോട്‌ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ അവരുടെ സമ്പത്ത്‌ ഉപയോഗിച്ചു തന്നെ അഹറോന്‍ അവര്‍ക്ക്‌ കാളകുട്ടിയെ ഉണ്‌ടാക്കി കൊടുത്തു. അഗ്രാഹ്യനായ ഒരു ദൈവത്തിനേക്കാളധികം ജനം (വേണമെന്ന്‌) ആഗ്രഹിക്കുന്നത്‌ തങ്ങളുടെ ഇച്ഛക്കനുസരിച്ച്‌ എവിടെയും പ്രതിഷ്‌ഠിക്കാവുന്ന ഒരു ദൈവത്തെയാണ്‌.
ക്രിസ്‌തുവില്‍ ദൈവം തന്നെത്തന്നെ പൂര്‍ണ്ണമായി വെളിപ്പെടുത്തിയിരിക്കുന്നു. ക്രിസ്‌തു ജീവിക്കുന്ന ദൈവമാണ്‌. അവനുമാത്രമേ ദൈവമാരെന്നറിയൂ (യോഹ 1:18). ആ പുത്രനിലൂടെയാണ്‌ പിതാവ്‌ ലോകത്തവതരിച്ചത്‌. കര്‍ത്താവിന്റെ മരണോത്ഥാനങ്ങള്‍ക്ക്‌ ശേഷം പിതാവായ ദൈവം ഇന്ന്‌ ജീവിക്കുന്നത്‌ കര്‍ത്താവിന്റെ ശിഷ്യരിലൂടെയാണ്‌. വി.യോഹന്നാന്റെ സുവിശേഷമനുസരിച്ച്‌ കര്‍ത്താവ്‌ കുരിശില്‍വച്ച്‌ തന്റെ ആത്മാവിനെ പിതാവിന്‌ സമര്‍പ്പിക്കുകയും പിന്നീട്‌ ശിഷ്യര്‍ക്ക്‌ പ്രത്യക്ഷപ്പെട്ടപ്പോള്‍ അവരുടെമേല്‍ ഊതിക്കൊണ്‌ട്‌ അവര്‍ക്ക്‌ ദൈവാത്മാവിനെ നല്‍കുകയും ചെയ്‌തു. അവിടുന്ന്‌ തന്റെ ജീവിതകാലത്ത്‌ ഇപ്രകാരം വാഗ്‌ദാനം ചെയ്‌തിരുന്നു: `എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ്‌ അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്ത്‌ വന്ന്‌ അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും` (യോഹ 14:23). അതുകൊണ്‌ടാണ്‌ എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്യും എന്ന്‌ കര്‍ത്താവരുള്‍ ചെയ്‌തത്‌. താന്‍ പിതാവിന്റെ അടുത്തേക്ക്‌ പോകുന്നതുകൊണ്‌ട്‌ തന്റേതിനേക്കാള്‍ വലിയ പ്രവര്‍ത്തികള്‍ ശിഷ്യര്‍ ചെയ്യുമെന്നാണ്‌ കര്‍ത്താവ്‌ പറയുന്നത്‌. കാരണം ക്രിസ്‌തു ശിഷ്യര്‍ പ്രവര്‍ത്തിക്കുന്നത്‌ കര്‍ത്താവിന്റെ രക്ഷാകരപ്രവൃത്തികള്‍ പൂര്‍ത്തിയാക്കപ്പെട്ട സാഹചര്യത്തിലാണ്‌.
എന്താണ്‌ കര്‍ത്താവിന്റെ പുനരുത്ഥാനം? നാമതിന്‌ സാക്ഷികളായിരുന്നുവെന്ന്‌ കരുതുക. അവന്‍ കുരിശില്‍ തറയ്‌ക്കപ്പെട്ടു. മരിച്ചു. ക്രമപ്രകാരം കല്ലറയില്‍ സംസ്‌കരിക്കപ്പെട്ടു. ആ കല്ലറയില്‍ നിന്ന്‌ ഏതോ നിമിഷത്തില്‍ അവന്‍ നീരാവിപോലെ അപ്രത്യക്ഷനാവുകയായിരുന്നു. അവനു ജീവന്‍ വീണ്‌ടും നല്‍കപ്പെടുകയല്ല. അവന്‍ ഉയിര്‍ക്കുകയും രൂപാന്തരപ്പെടുകയുമാണ്‌ ചെയ്‌തത്‌. ഉത്ഥിതനായ ക്രിസ്‌തു ഇന്ന്‌ ജീവിക്കന്നത്‌ തന്റെ ശിഷ്യരിലൂടെയാണ്‌. ശിഷ്യത്വം എന്നത്‌ എന്നില്‍ ഉത്ഥിതന്‍ ജീവിക്കുന്നു എന്ന പ്രയോഗിക തിരിച്ചറിവാണ്‌. ക്രിസ്‌തുശിഷ്യനെ സംബന്ധിച്ചിടത്തോളം എല്ലാം ഈ ക്രിസ്‌തു തന്നെയാണ്‌. അവന്റെ ദേവാലയവും, അവന്റെ പാപപരിഹാരത്തിനുള്ള ബലിയും, അതര്‍പ്പിക്കുന്ന പുരോഹിതനും, അവനെ രക്ഷിക്കുന്ന രക്ഷകനും എല്ലാം ക്രിസ്‌തു മാത്രം.
കര്‍ത്താവ്‌ ചെയ്‌തുകൊണ്‌ടിരുന്നത്‌ പിതാവിന്റെ പ്രവര്‍ത്തികളാണ്‌ (യോഹ 5:20, 36, 10:37-38, 14:10, 4:34, 17:4). തന്റെ ജീവിതത്തില്‍ ഉത്ഥിതന്റെ വാസം തിരിച്ചറിയുന്ന ശിഷ്യന്‍ അവന്റെ പ്രവര്‍ത്തികള്‍ ചെയ്‌തു തുടങ്ങും. അവന്‍ പിതാവിന്റെ പ്രവര്‍ത്തികള്‍ ചെയ്യുമെന്നര്‍ത്ഥം.
തന്നിലുള്ള ക്രിസ്‌തുവിനെ കണ്‌ടെത്തുകയും തിരിച്ചറിയുകയുമാണ്‌ ശിഷ്യന്റെ ഉത്തരവാദിത്വം. അതാണ്‌ അവന്റെ സമ്പത്ത്‌. പണ്‌ടൊരിക്കല്‍ ഒരു മനുഷ്യന്‍ ഒരു തടാകത്തിന്റെ കരയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന്‌ തിരകള്‍ ഒരു കുപ്പി കരക്കടുപ്പിച്ചത്‌ അവന്‍ കണ്‌ടു. അയാള്‍ അത്‌ തുറന്നു നോക്കിയപ്പോള്‍ അതില്‍ ഒരു ചെറിയ കടലാസില്‍ തടാകത്തിലെവിടെയോ ഒരു നിധി ഒളിപ്പിച്ചിട്ടുണ്‌ടെന്നും അതിലേക്കുള്ള വഴിയുടെ മാപ്പും രേഖപ്പെടുത്തിയിരിക്കുന്നു. ഇതൊരു നുണയാണെന്ന ഭാവത്തില്‍ അയാള്‍ അത്‌ കുപ്പിയിലാക്കി തടാകത്തിലേക്ക്‌ വലിച്ചെറിഞ്ഞു. ആ വഴിയെ വന്ന മറ്റൊരുവന്‍ ഈ കുപ്പിയും അതിലെ രഹസ്യവും അറിഞ്ഞു. ഇത്‌ സത്യമാണെന്ന്‌ തോന്നി. അയാള്‍ ആ നിര്‍ദ്ദേശമനുസരിച്ച്‌ വെള്ളത്തിലേക്കിറങ്ങി. കുറേ മുമ്പോട്ടു പോയപ്പോള്‍ ദേഹവും വസ്‌ത്രവും നനഞ്ഞു തുടങ്ങി. അയാള്‍ കുപ്പി പഴയ പടി മുദ്ര വച്ച്‌ വെള്ളത്തിലുപേക്ഷിച്ച്‌ തിരിച്ചുപോയി. മൂന്നാമതൊരാള്‍ വീണ്‌ടും കരക്കടുത്ത കുപ്പിയും മാപ്പും കണ്‌ടെത്തി അത്‌ സത്യമാണെന്ന്‌ ഗ്രഹിച്ച്‌ അത്‌ സമ്പാദിക്കാന്‍ തീരുമാനിച്ചു. അയാള്‍ ഒരു ചെറിയ വള്ളം സംഘടിപ്പിച്ച്‌ മാപ്പിലുള്ള നിര്‍ദ്ദേശമനുസരിച്ച്‌ കടലിലേക്ക്‌ നീങ്ങി. നിധിയുടെ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്ന X ചിഹ്നം കാണിക്കുന്നുവെന്നു കരുതുന്ന സ്ഥലത്തിന്‌ മുകളില്‍ എത്തി. താഴെ നിധിയുടെ പേടകം സൂര്യപ്രകാശത്തില്‍ തിളങ്ങുന്നുണ്‌ടായിരുന്നു. അയാള്‍ വെള്ളത്തിലേക്ക്‌ ചാടി നിധിയെ ലക്ഷ്യമാക്കി ഊളിയിട്ട്‌ നീന്തി. എന്നാല്‍ അതികഠിനമായ തണുപ്പും ജലത്തിന്റെ ആഴവും കണ്‌ട്‌ അയാള്‍ ഭയന്നു. ശ്വാസം നിലയ്‌ക്കുമെന്നായപ്പോള്‍ നിധിയുപേക്ഷിച്ച്‌ തിര്‌ിച്ച്‌ നീന്തി രക്ഷപ്പെട്ടു. നാലാമതൊരാള്‍ വന്നപ്പോള്‍ എല്ലാം ആവര്‍ത്തിക്കപ്പെട്ടു. അവിടെ കിടന്ന വഞ്ചി അയാള്‍ക്ക്‌ സഹായകമായി. അയാള്‍ നിധിയെ ലക്ഷ്യമാക്കി നീന്തി. പ്രയാസങ്ങള്‍ അതിജീവിച്ച്‌ വെള്ളത്തിനടിയില്‍ നിധി സൂക്ഷിച്ചിരുന്ന പെട്ടിയുടെ കൊളുത്തുകളില്‍ പിടിച്ചു. അതു വഞ്ചിയിലേക്കു കൊണ്‌ടു വന്നു. അന്നുമുതല്‍ അവന്റെ ജീവിതം മറ്റൊന്നായി.
നമ്മില്‍ ഒളിഞ്ഞിരിക്കുന്ന നിധിയാണ്‌ ദൈവരാജ്യം. അത്‌ ഉത്ഥിതന്റെ സാന്നിദ്ധ്യമാണ്‌. അതിനെ തിരിച്ചറിയാന്‍ അത്ര എളുപ്പമല്ല. എന്നാല്‍ കര്‍ത്താവാകുന്ന വഴിയിലൂടെ അതിലടയാളപ്പെടുത്തിയ 'X' ചിഹ്നത്തെ (കുരിശ്‌) പിന്‍തുടര്‍ന്നുകൊണ്‌ട്‌ നമുക്ക്‌ ഈ വലിയ നിധി കണ്‌ടെത്താനാകും. ആ നിധിക്കു മാത്രമേ നമ്മുടെ ജീവിതം ധന്യമാക്കാനാവുകയുള്ളൂ.

തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.

Sermon 2009
പതിവുപോലെ അന്നും അടിമച്ചന്ത ശബ്ദമുഖരിതമായിരുന്നു. മനുഷ്യനെ വാങ്ങാനും വില്‍ക്കാനും ആളുകള്‍ എത്തിതുടങ്ങി. അടിമകള്‍ അനുഭവിക്കുന്ന ക്രൂരതകളെകുറിച്ച്‌ കേട്ടറിഞ്ഞ ഒരു ചെറുപ്പക്കാരന്‍ സ്ഥിതികണ്‌ട്‌ മനസ്സിലാക്കാന്‍ അവിടെയെത്തി. കേട്ടതിലും ദാരുണമാണ്‌ അവിടുത്തെ രംഗങ്ങള്‍. വിശന്നുവലയുന്ന ഒരാളുടെ ദീനരോധനം കേട്ട്‌ അയാള്‍ പെട്ടന്ന്‌ തിരിഞ്ഞുനോക്കി. അനുകമ്പതോന്നിയ അയാള്‍ തന്റെ പക്കലുണ്‌ടായിരുന്ന റൊട്ടി അയാള്‍ക്കുനേരേ നീട്ടി. പക്ഷേ, അയാള്‍ ആ റൊട്ടികക്ഷണം തട്ടിതെറിപ്പിച്ചിട്ട്‌ ചങ്ങലയിട്ട കൈകളുയര്‍ത്തി ആക്രോശിച്ചു, ''ഞങ്ങള്‍ക്കുവേണ്‌ടത്‌ അടിമത്തത്തിന്റെ അപ്പകക്ഷണമല്ല. സ്വാതന്ത്രമാണ്‌!'' സ്വാതന്ത്രത്തിനുവേണ്‌ടി ദാഹിക്കുന്നവനാണ്‌ മനുഷ്യന്‍. സ്വാതന്ത്രത്തിനുവേണ്‌ ടി അനേകം യുദ്ധങ്ങളും സമരങ്ങളും വിപ്ലവങ്ങളും ലോകത്തില്‍ നടന്നിട്ടുണ്‌ട്‌. നമ്മുടെ രാജ്യവും ഇങ്ങനെ സമരം ചെയ്‌ത്‌ സ്വാതന്ത്രം നേടി. നമുക്കിന്ന്‌ സ്വാതന്ത്രമായി ജീവിക്കാം, ജോലിചെയ്യാം യാത്ര ചെയ്യാം എല്ലാം ചെയ്യാം. പക്ഷേ ഒരു ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. നാം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്രരാണോ? അല്ലെങ്കില്‍ എന്താണ്‌ യഥാര്‍ത്ഥ സ്വാതന്ത്രം?
1947 ഓഗസറ്റ്‌ 15-ന്‌ ഇന്ത്യ മുഴുവന്‍ സ്വാതന്ത്രദിനാഘോഷത്തിന്റെ ലഹരിയിലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിനു ചുക്കാന്‍ പിടിച്ച, തല്ലുകൊണ്‌ട, ദിവസങ്ങള്‍ പട്ടിണികിടന്ന, ഗാന്ധിജീമാത്രം ഈ ആഘോത്തിലൊന്നും പങ്കുചേര്‍ന്നില്ല. മറിച്ച്‌, അന്ന്‌ വര്‍ഗ്ഗീയ ലഹള നടന്ന തവഖാലി എന്ന ഗ്രാമത്തില്‍ ഉപവാസമനുഷ്‌ഠിക്കുകയായിരുന്നു ഗാന്ധിജി. കാരണം രാഷ്ടീയ സ്വാതന്ത്രം കിട്ടിയെങ്കിലും ഭാരതത്തിന്റെ ആത്മാവ്‌ ഇപ്പോഴും സ്വതന്ത്രമായിട്ടില്ല എന്നും വര്‍ഗ്ഗീയതയുടെയും മതവിദ്വേഷത്തിന്റെയും ചങ്ങലകള്‍ ഭാരതത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നുവെന്നും ഗാന്ധി തിരിച്ചറിഞ്ഞു.
നാം സ്വതന്ത്രരാണ്‌ എന്ന്‌ നാം വിചാരിക്കുന്നു. പക്ഷേ ചില ചങ്ങലകള്‍ നമ്മുടെ ആത്മാവിനെ വരിഞ്ഞുമുറുക്കുന്നുണ്‌ട്‌ എന്ന യാഥാര്‍ത്ഥ്യം പലപ്പോഴും നാം തിരിച്ചറിയുന്നില്ല എന്നതാണ്‌ സത്യം. ഈശോ പറഞ്ഞു: 'പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ്‌.' ഇന്ന്‌ നമുക്കുളളതും ഈ പാപത്തിന്റെ അടിമത്തമാണ്‌. ഈ അടിമത്തത്തില്‍ നിന്ന്‌ വിമോചിതരായാലേ നാം പൂര്‍ണ്ണമായും സ്വതന്ത്രരാണ്‌ എന്നു പറയാന്‍കഴിയൂ. എന്താണ്‌ വിമോചനം? വി. ഗ്രന്ഥത്തിന്റെ ഭാഷയില്‍ വിമോചത്തെ ''രക്ഷ'' എന്നുവിളിക്കാം. വി. ബൈബിളിലെ 7,73,692 വാക്കുകളെയും കൂടി ഒറ്റവാക്കില്‍ സംഗ്രഹിക്കാമെങ്കില്‍ അതിനെ ''രക്ഷാചരിത്രം'' എന്നവിളിക്കാന്‍ സാധിക്കും. ഈ രക്ഷാചരിത്രത്തിന്റെ കേന്ദ്രബിന്ദു ഈശോമിശിഹായാണ്‌. തന്റെ ഉത്ഥാനത്തിലൂടെയാണ്‌ ഈശോ പാപത്തെയും മരണത്തെയും പരാജയപ്പെടുത്തി നമുക്ക്‌ വിമോചനം നല്‍കിയത്‌. ഈ ഉത്ഥാനത്തിന്റെ ആഘോഷമാണ്‌ ഓരോ ഞായറാഴ്‌ചയും നാം കൊണ്‌ടാടുന്നത്‌.
ഈശോ, പാപത്തെയും,അവസാന ശത്രുവായ മരണത്തെയും പരാജയപ്പെടുത്തി ഉത്ഥാനം ചെയ്‌തതില്‍ സന്തോഷിക്കുന്ന കാലമാണ്‌ ഉയിര്‍പ്പുക്കാലം. ഈശോ നമുക്ക്‌ നേടിത്തന്ന രക്ഷയുടെ വിവധ മാനങ്ങളാണ്‌ ഓരോ ആഴ്‌ചയും നാം ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത്‌. ഇന്ന്‌ നാം കേട്ട നാലുവായനകളിലും ഈ രക്ഷയെകുറിച്ചാണ്‌ സൂചിപ്പിക്കുന്നത്‌.
ഒന്നാം വായനയില്‍ (സങ്കി 56.1-14). ഏശയ്യാ പ്രവാചകന്‍ ഇസ്രായേല്‍ ജനത്തോടു പറയുന്നു. ദൈവം എല്ലാവര്‍ക്കും രക്ഷ നല്‍കാന്‍പോകുന്നു എന്ന്‌. എന്താണ്‌ ഈ രക്ഷ എന്നതുകൊണ്‌ട്‌ പ്രവാചകന്‍ ഉദ്ദേശിക്കുന്നത്‌? ഏതു സാഹചര്യത്തിലാണ്‌ പ്രവാചകന്‍ ഈ വാഗ്‌ദാനം നല്‌കുന്നതെന്ന്‌ അറിഞ്ഞാലെ ഇതുമനസ്സിലാക്കാന്‍പറ്റു. ബി.സി 586 മുതല്‍ 539 വരെ ഇസ്രയേല്‍ ബാബിലോണിയയില്‍ അടിമകളായിരുന്നു. പേര്‍ഷ്യന്‍ രാജാവായ സൈറസ്‌ ബാബിലോണിയക്കാരെ പരാജയപ്പെടുത്തി ഇസ്രയേല്‍ക്കാരെ സ്വതന്ത്രരാക്കി. അങ്ങനെ അവര്‍ വര്‍ഷങ്ങള്‍ക്കുശേഷം ജന്മനാട്ടിലേക്ക്‌ തിരിച്ചു. എന്നാല്‍ അവിടെകണ്‌ടകാഴ്‌ച തീര്‍ത്തും നിരാശ ജനകമായിരുന്നു. യുദ്ധത്തില്‍ തകര്‍ന്ന്‌ തരിപ്പണമായ നഗരം. ഇസ്രയേലിന്റെ ജീവിതത്തിന്റെ കേന്ദ്രമായ ജറുസലേം ദേവാലയം അതാ തകര്‍ന്നുകിടക്കുന്നു. അതിലെ വിലപിടിപ്പുളളതെല്ലാം കൊളളയടിക്കപ്പെട്ടു. ചുറ്റും ഫലശൂന്യമായ മരുഭൂമി മാത്രം. പ്രതിക്ഷക്ക്‌ വക നല്‍കുന്ന ഒന്നുംതന്നെ അവിടെയില്ല. അപ്പോഴാണ്‌ പ്രവാചകന്‍, രക്ഷയുടെ വാഗ്‌ദാവുമായി വരുന്നത്‌. ഭൗതികമായതെന്തെങ്കിലും സുസ്ഥിരമായ ഭരണമോ ഒന്നുമല്ല ഈ രക്ഷ. സഭാപിതാക്കന്‍മാര്‍ ഈ രക്ഷക്ക്‌ ആത്മിയമായ ഒരു മാനമാണ്‌ നല്‍കുന്നത്‌. ഈ രക്ഷാവാഗ്‌ദാനം ഈശോയിലുടെയാണ്‌ പൂര്‍ത്തിയായത്‌ എന്നാണ്‌ സഭാപിതാക്കന്‍മാര്‍ വ്യഖ്യാനിക്കുന്നത്‌.
ഈ രക്ഷ എങ്ങനെ സ്വന്തമാക്കാന്‍ കഴിയും? വചനം പറയുന്നു എന്നോട്‌ ചേര്‍ന്ന്‌ നില്‍ക്കുകയും എന്റെ ഉടമ്പടിയോട്‌ വിശ്വസ്ഥത പുലര്‍ത്തുകയും ന്യായം പാലിക്കുകയും തിന്മ പ്രവര്‍ത്തിക്കാതിരിക്കുകയും സാബത്ത്‌ വിശുദ്ധമായി ആചരിക്കുകയും ചെയ്യുന്ന എല്ലാവരെയും എന്റെ വിശുദ്ധഗിരിയിലേക്ക്‌ കൊണ്‌ ടുപോകും. എന്റെ പ്രാര്‍ത്ഥനാലയത്തില്‍ അവര്‍ക്ക്‌ സന്തോഷം നല്‌കും. ഏതാണ്‌ വിശുദ്ധഗിരി, എന്താണ്‌ ഈ പ്രാര്‍ത്ഥനാലയം. സുവിശേഷത്തില്‍ നാം വായിച്ചുകേട്ടു, ഈശോ, പിതാവിന്റെ ഭവനത്തില്‍ നമുക്ക്‌ വാസസ്ഥലം ഒരുക്കിയെന്ന്‌. ഇതെല്ലാംതന്നെ രക്ഷപ്രാവിക്കുന്നവര്‍ എത്തിചേരുന്ന സ്ഥലമാണ്‌. ഇതിനെയാണ്‌ നാം സ്വര്‍ഗം എന്ന്‌ വിളിക്കുന്നത്‌. ഈശോ തന്റെ തിരുവുത്ഥാനത്തിലൂടെ നേടിയ ഈ രക്ഷ സ്വന്തമാക്കാന്‍, ചില കാര്യങ്ങള്‍ നാം ചെയ്യണമെന്നാണ്‌ പ്രവാചകന്‍ ആവശ്യപ്പെടുന്നത്‌- ന്യായം പാലിക്കുക, നീതി പ്രവര്‍ത്തിക്കുക, സാബത്ത്‌ വിശുദ്ധമായി ആചരിക്കുക, തിന്മ പ്രവര്‍ത്തിക്കാതിരിക്കുക.
രണ്ടാം വായനയില്‍ ശ്ലിഹന്‍മാരുടെ നടപടി പുസ്‌തകത്തില്‍, എതിര്‍പ്പുകളെ അവഗണിച്ചുകൊണ്‌ട്‌ മര്‍ദ്ദനങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചുകൊണ്‌ട്‌ തങ്ങള്‍ അനുഭവിച്ച രക്ഷയെകുറിച്ച്‌ തീഷ്‌ണതയോടെ പ്രസംഗിക്കുന്ന പത്രോസിനെയും കുട്ടരെയുമാണ്‌ നാം കാണുന്നത്‌. ഈശോയാണ്‌ യഥാര്‍ത്ഥ രക്ഷകനെന്ന്‌, വിമോചകനെന്ന്‌ അവന്‍ തന്റെ ഉത്ഥാനത്തിലൂടെ മരണത്തെ പരാജയപ്പെടുത്തി എന്ന്‌ അവര്‍ ഉറക്കെ പ്രഘോഷിച്ചു. ഓരോ ക്രിസ്‌ത്യാനിയും ഈ ഉത്ഥാനത്തിന്റെ, രക്ഷയുടെ സന്ദേശം ജീവിതത്തിലൂടെ പങ്ങുവെയ്‌ക്കണമെന്നാണ്‌ ഈ ഉയിര്‍പ്പുകാലത്ത്‌ സഭ നമ്മോട്‌ ആവശ്യപ്പെടുന്നത്‌. ഭരണാധികാരികള്‍ ശിഷ്യരെ വിലക്കുകയും, മര്‍ദ്ദിക്കുകയും ചെയ്യുന്നതായി നാം വായിക്കുന്നുണ്‌ട്‌. ഇന്നും സഭ പീഡിപ്പിക്കപ്പെട്ടുകൊണ്‌ടിരിക്കുകയാണ്‌ എന്ന്‌ നമുക്കറിയാം. ഒറീസയില്‍ ക്രിസ്‌ത്യാനികള്‍ ക്രൂരമായ പീഡനങ്ങളേറ്റ്‌, കാട്ടിലേക്ക്‌ ഓടി രക്ഷപ്പെടേണ്‌ടി വന്നു. നൂറുകണക്കിന്‌ അനാഥര്‍ക്ക്‌ അഭയംകൊടുത്ത സഭാ ശിശ്രൂഷകരെ,തല്ലിചതച്ചു, സന്യാസിനിയെ കൂട്ട ബലാല്‍സംഗം ചെയ്‌തു, പളളികളും വീടുകളും തകര്‍ക്കപ്പെട്ടു, തോമസ്‌ പാണ്‌ടിപ്പിളളിയച്ചന്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. ഇന്ന്‌ കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും മാധ്യമങ്ങളിലൂടെ സഭയെയും സഭാ ശുശ്രൂഷകരെയും ആക്ഷേപിക്കുന്നു. മതമേലദ്ധ്യക്ഷനെ നികൃഷ്ട ജീവിയായി ചിത്രീകരിക്കുന്നു. പ്രിയപ്പെട്ടവരേ, പീഡനം കത്തോലിക്കാ സഭയ്‌ക്ക്‌ പുത്തിരിയല്ല. സഭാ രക്തസാക്ഷികളുടെ ചുടുനിണത്തിലാണ്‌ വളര്‍ന്നത്‌. സഭയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. കാരണം സഭയെ വഴി നടത്തുന്നത്‌ ദൈവമാണ്‌. ഈശോ പറഞ്ഞു: ''ഭൂമിയില്‍ നിങ്ങള്‍ക്ക്‌ ഞെരുക്കങ്ങല്‍ ഉണ്‌ടാവും എങ്കിലും ധൈര്യമായിരിക്കുവിന്‍ ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു'' (യോഹ16.34). ഈശോയുടെ ഈ വാക്കുകളാണ്‌ ശ്ലീഹന്‍മാര്‍ക്ക്‌ ശക്തി പകര്‍ന്നത്‌. സീറോ മലബാര്‍സഭയുടെ സായാഹ്ന പ്രാര്‍ത്ഥനയില്‍ നാം ഇങ്ങനെ പാടുന്നുണ്‌ട്‌.
''ലോകത്തിന്നവര്‍ മൃതരായി
നാഥനിലെന്നും ജീവിച്ചു
ഭീകരപീഡകളണുപ്പോലും
ഭീതിയവര്‍ക്ക്‌ പകര്‍ന്നീലാ'' (ശ്ലീഹാക്കാലം- റംശ-ചൊവ്വ).
ലോകം നല്‌കിയ പീഡനങ്ങള്‍ അവരെ ഭയപ്പെടുത്തിയില്ല. കാരണം മരണത്തെപ്പോലും പരാജയപ്പെടുത്തി ഉത്ഥാനം ചെയ്‌തവന്‍ തങ്ങളുടെ കൂടെയുണെ്‌ടന്ന വിശ്വാസം അവര്‍ക്കുണ്‌ടായിരുന്നു,
വി. പൗലോസ്‌ ശ്ലീഹാ എഫേസുസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിന്റെ ആദ്യഭാഗം മൂന്നാം വായനയില്‍ നാം കേട്ടു. ഈശോമിശിഹായുടെ രക്തം വഴിയാണ്‌ നമുക്ക്‌ രക്ഷ കൈവന്നതെന്നാണ്‌ പൗലോസ്‌ ശ്ലീഹാ ഇവിടെ വ്യക്തമാക്കുന്ന സത്യം. മൂന്നാഴ്‌ചമുമ്പ്‌ ദുഃഖവെളളിയാഴ്‌ച, നാം കേട്ടു എങ്ങനെയാണ്‌ ഈശോ സ്വന്തം രക്തം ചിന്തി നമ്മെ രക്ഷിച്ചതെന്ന്‌. നമുക്ക്‌ രക്ഷ നല്‍കാന്‍ ഈശോ സ്വയം പാപ പരിഹാര ബലിയര്‍പ്പിച്ചു. അങ്ങനെ തന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും പാപത്തെയും മരണത്തെയും ഇതിനു കാരണക്കാരനായ പിശാചിനെയും പരാജയപ്പെടുത്തി പാപത്തിന്റെ അടിമത്തത്തില്‍ നിന്ന്‌ ഈശോ തന്നെ മോചിപ്പിച്ചുവെന്നാണ്‌ പൗലോസ്‌ ശ്ലീഹാ പറയുന്നത്‌. ഈ രക്ഷ സ്വന്തമാക്കാന്‍ ദൈവം യുഗങ്ങള്‍ക്കു മുമ്പേ നമ്മെ ഈശോമിശിഹായില്‍ തിരഞ്ഞെടുത്തു എന്നാണ്‌ ശ്ലീഹാ പറഞ്ഞത്‌. എന്നാല്‍ ഇത്‌ നാം ഓരോരുത്തരും സ്വന്തമാക്കണമെന്നുമാത്രം. മഴപെയ്യുമ്പോള്‍ കുടം തുറന്നുവെയ്‌ക്കുന്നവനുമാത്രമേ വെളളം കിട്ടു. അതുകൊണ്‌ട്‌ ഈ തിരഞ്ഞടുപ്പിന്റെ ഫലം നഷ്ടപ്പെടാതിരിക്കാന്‍ നാം ഓരോരുത്തരും പരിശ്രമിക്കണം.
ഈശോമിശിഹായുടെ ഉയിര്‍പ്പില്‍ സന്തോഷിക്കുന്നകാലമാണ്‌ ഉയിര്‍പ്പുകാലം. അവിടെ നോമ്പിനും ഉപവാസത്തിനും പ്രായശ്ചിത്തത്തിനും സ്ഥാനമില്ല. ഉത്ഥിതനായ മിശിഹായുടെ സഹവാസത്തില്‍ സന്തോഷിക്കുന്ന കാലമാണിത്‌. പക്ഷേ പ്രായോഗിക ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നമ്മെ അസ്വസ്ഥരാക്കാം. അതുകൊണ്‌ട്‌ ഈശോ പറയുന്നു: ''നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്‌ട, ദൈവത്തില്‍ വിശ്വസിക്കുവിന്‍''. ആകുലതകളില്‍ ആശ്വാസം നല്‍കുന്ന, പ്രത്യശപകരുന്ന ഒരു വാഗദാനവും ഈശോ തരുന്നുണ്‌ട്‌. '' എന്റെ പിതാവിന്റെ ഭവനത്തില്‍ എല്ലാവര്‍ക്കും ഞാന്‍ സ്ഥലമൊരുക്കിയിട്ടുണ്‌ട്‌. ഇവിടെ അല്‌പം ബുദ്ധിമുട്ടുകളൊക്കെ ഉണ്‌ടാകാം. അത്‌ കുറച്ചുകാലത്തെയ്‌ക്ക്‌ മാത്രമേയുളളു. എന്നാല്‍ നിത്യകാലത്തേക്ക്‌ നിങ്ങള്‍ക്ക്‌ അല്ലലില്ലാതെ, ആനന്ദിക്കുവാന്‍ ദൈവം സ്ഥാലംഒരുക്കിയിരിക്കുന്നു. അതില്‍ പ്രത്യാശയുളളവരായി ജീവിക്കുക. ഈ ലക്ഷ്യത്തിലെത്താന്‍ ഉറപ്പുളള വഴിയും നമ്മുടെ മുമ്പിലുണ്‌ട്‌ ഈശോതന്നെയാണ്‌ ആ വഴി. ഇന്ന്‌ ലോകത്തില്‍ ഈശോ പ്രവര്‍ത്തിക്കുന്നത്‌ സഭയിലൂടെയാണ്‌. സഭയാണ്‌ ഇന്ന്‌ നമ്മുടെ വഴികാട്ടി. സഭയിലാണ്‌ നമുക്ക്‌ രക്ഷയുടെ അനുഭവം സ്വന്തമാക്കാന്‍ കഴിയുക. ഈശോ അര്‍പ്പിച്ച നിത്യബലിയുടെ ഫലങ്ങള്‍ ഓരോ വി. കുര്‍ബാനയിലൂടെയും നമുക്ക്‌ അവിടുന്ന്‌ പ്രദാനം ചെയ്യുന്നു. അങ്ങനെ ഈ ഭൂമിയില്‍ ജീവിക്കുമ്പോഴും ഉത്ഥാനത്തിന്റെ സന്തോഷവും സമാധാനവും ശാന്തിയും അനുഭവിക്കുവാന്‍ ജീവിതത്തിലൂടെ ഉത്ഥിതന്‌ സാക്ഷ്യം നല്‍കാന്‍ ഈ ഉയിര്‍പ്പുകാലത്തില്‍ നമുക്ക്‌ സാധിക്കട്ടെ

തയാറാക്കിയത്‌
റവ. ആന്റണി കൈനകരി
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home