Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ഉയിര്‍പ്പുകാലം ആറാം ഞായര്‍
Readings: Isaiah 52:7-12: Acts 10:9-16; Ephesus 2:11-22; John 17:21-26

ഇന്നു നാം വി. യോഹന്നാന്റെ സുവിശേഷത്തില്‍ കാണുന്ന ക്രിസ്‌തുവിന്റെ ചിത്രമിതാണ്‌. ഈ ലോകം വിട്ട്‌ പിതാവിന്റെ സന്നിധിയിലേയ്‌ക്ക്‌ പോകാനുള്ള സമയമായി എന്നറിയുന്ന ക്രിസ്‌തു തന്റെ പ്രിയ ശിഷ്യരെയെല്ലാം അവിടുത്തെ പെസഹാ ഭക്ഷണ മേശയ്‌ക്കുചുറ്റും ഒരുമിച്ചു കൂട്ടുന്നു. അവിടുന്ന്‌ അവരുടെ പാദങ്ങള്‍ കഴുകി തുടയ്‌ക്കുന്നു. അതിനുശേഷം ആ വത്സല ഗുരു തന്റെ പ്രിയ ശിഷ്യര്‍ക്ക്‌ തന്റെ അന്ത്യമൊഴികള്‍ ഉച്ചരിച്ചുകൊടുക്കുന്നു. അവര്‍ക്കുവേണ്‌ടി ഹൃദയമുരുകി തന്റെ പിതാവിനോട്‌ അപേക്ഷിക്കുന്നു. ആ സ്‌നേഹത്തിന്റെ കൂട്ടായ്‌മയുടെ ഊട്ടുമേശയില്‍ വച്ച്‌ അവിടുന്ന്‌ തന്റെ പ്രിയപ്പെട്ടവരെയെല്ലാം തന്റെ പിതാവിനോടുള്ള കൂട്ടായ്‌മയിലും പരസ്‌പര കൂട്ടായ്‌മയിലും ഒന്നിപ്പിക്കണമേയെന്ന്‌ ഈശോ തന്റെ പിതാവായ ദൈവത്തോട്‌ അപേക്ഷിക്കുന്ന ആ രംഗമാണ്‌ നാമിന്ന്‌ വിചിന്തന വിഷയമാക്കുന്നത്‌.

താന്‍ അനുഭവിക്കുവാനിരിക്കുന്ന പീഡകളെയും മരണത്തെയും കുറിച്ചറിയുന്ന ഈശോ, തന്നെ മഹത്വപ്പെടുത്തണമേയെന്ന്‌ തനിക്കുവേണ്‌ടിയും, തന്റെ ശിഷ്യന്‍മാര്‍ക്ക്‌ ശക്തി ലഭിക്കേണ്‌ടതിനുവേണ്‌ടിയും പ്രാര്‍ത്ഥിച്ചതിനുശേഷം സ്‌നേഹ സമ്പന്നനായ ഈശോയുടെ ഹൃദയം നിറഞ്ഞുതുളുമ്പുന്നു്‌. അങ്ങനെ അവന്റെ പ്രാര്‍ത്ഥനകള്‍ അന്ത്യഅത്താഴമുറിയുടെ ചുവരുകള്‍ക്കപ്പുറം വിസ്‌മൃതമാവുന്നു.

ഈശോയുടെ പ്രാര്‍ത്ഥനകളുടെയെല്ലാം സാരാംശം തന്റെ പിതാവിന്റെ ഇഷ്ടം, പദ്ധതികള്‍, പൂര്‍ത്തീകരിക്കുകയെന്നതായിരുന്നുവെന്ന്‌ നമുക്കറിയാം. എന്നാല്‍ എന്തായിരുന്നു പിതാവായ ദൈവത്തിന്റെ പദ്ധതി? എഫേസോസ്‌ 1:10-ല്‍ ഇതിനുത്തരം നാം കാണുന്നുണ്‌ട്‌? `കാലത്തിന്റെ പൂര്‍ണ്ണതയില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ളവയെല്ലാം ക്രിസ്‌തുവില്‍ ഒന്നിപ്പിക്കുവാനാ`യിരുന്നു അവിടുത്തെ പദ്ധതി. തന്റെ ശിഷ്യന്‍മാരുടെ വചന പ്രഘോഷണത്തിലൂടെ വിശ്വാസ കൂട്ടായ്‌മയിലേയ്‌ക്ക്‌ വന്നവരെ അവിടുന്നിലും പിതാവിലും ഒന്നിപ്പിക്കണമെയെന്ന്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ദര്‍ശിക്കുന്ന പ്രിയ പുത്രനായ ഈശോയെയാണ്‌.

പ്രിയ സഹോദരങ്ങളെ, ഈശോയുടെ വചനത്താല്‍ വിളിക്കപ്പെടുകയും സ്‌നേഹവും വിശ്വാസവും പങ്കുവെച്ച്‌ കൂട്ടായ്‌മയില്‍ നിരന്തരം ജീവിക്കുവാന്‍ സന്നദ്ധരായവര്‍ക്കായി പ്രാര്‍ത്ഥിക്കുന്ന ഈശോയുടെ വലിയ സ്വപ്‌നമാണ്‌ ദൈവ ജനത്തിന്റെ, സഭയുടെ, നമ്മുടെ കൂട്ടായ്‌മ. അവിടുത്തെ പ്രാര്‍ത്ഥന, സ്വപ്‌നം പൂവണിഞ്ഞുവോയെന്ന്‌ നാം ഒരുപക്ഷേ സംശയിച്ചേക്കാം. എന്നാല്‍ അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 4:32 സാക്ഷ്യപ്പെടുത്തുന്നു: ജറുസലേമിന്‍ വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു എന്ന്‌. ഈശോയുടെ മരണത്താല്‍ ചിതറിക്കപ്പെട്ട്‌ അവിടുത്തെ ഉത്ഥാനത്തില്‍ വീണ്‌ടും ഒരു മനസ്സോടെയും ആത്മാവോടെയും ഒന്നുചേര്‍ക്കപ്പെട്ട ശിഷ്യസമൂഹം തന്നെ ഈശോയുടെ പ്രാര്‍ത്ഥനയുടെ ഫലസാക്ഷ്യമാണ്‌. ഈ ശിഷ്യസമൂഹത്തിന്റെ കൂട്ടായ്‌മയാണ്‌ പിന്നീട്‌ ആദിമ സഭയ്‌ക്ക്‌ മാതൃകയും പ്രചോദനവുമായിത്തീരുന്നത്‌. അവര്‍ ജീവിച്ച കൂട്ടായ്‌മയുടെ ജീവിതം ഈശോയുടെ സ്വപ്‌നസാക്ഷാത്‌കാരം തന്നെയുമാണ്‌.

ചരിത്രത്തിലെ ക്രിസ്‌തുവില്‍ നിന്ന്‌ രണ്‌ടു സഹസ്രാബ്ദങ്ങള്‍ നാം പിന്നിട്ടുകഴിഞ്ഞു. നമ്മുടെ ഈ കാലഘട്ടത്തില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ പലപ്പോഴും നാം തിരിച്ചറിയുന്ന നഗ്നസത്യമാണ്‌ എന്നോ നമുക്കു നഷ്ടപ്പെട്ട ഈ കൂട്ടായ്‌മയുടെ മനോഭാവം പലപ്പോഴും നമ്മെ ബന്ധിപ്പിക്കുന്ന ഒരുമിപ്പിക്കുന്ന സ്‌നേഹത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും കണ്ണികളേക്കാള്‍ നമ്മെ നമ്മുടെ സഹോദരങ്ങളില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും വേര്‍തിരിക്കുന്ന സ്വാര്‍ത്ഥ താല്‌പര്യങ്ങളോടാണ്‌ നമ്മുടെ പ്രതിപത്തിയെന്ന്‌ സമ്മതിക്കേണ്‌ടി വരും.

ക്രൈസ്‌തവ ജീവിതം കൂട്ടായ്‌മയുടെ ജീവിതമാണ്‌. ക്രിസ്‌തുവില്‍ ഉള്ള കൂട്ടായ്‌മയില്‍, സ്‌നേഹത്തിന്റെ ഐക്യത്തില്‍ വിശ്വസിച്ചുകൊണ്‌ടുമാത്രം നാം ദൈവിക, ത്രിതൈ്വക കൂട്ടായ്‌മയില്‍ ഭാഗഭാക്കുകളാവുന്നില്ല. കാരണം ജീവിത സാക്ഷ്യമില്ലാത്ത വിശ്വാസം നിര്‍ജ്ജീവമാണ്‌. വി. യാക്കോബിന്റെ ലേഖനം 2:14 ചോദിക്കുന്നു: `വിശ്വാസം ഉണ്‌ടെന്ന്‌ പറയുകയും പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നതില്‍ എന്തു മേന്മയാണുള്ളതാണ്‌! എന്ന്‌ ക്രിസ്‌തുവിന്റെ, സഭയുടെ കൂട്ടായ്‌മയില്‍ ജീവിക്കുന്നുവെന്ന്‌ അവകാശപ്പെടുകയും ജീവിതത്തില്‍ ഇത്‌ പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്യുകയെന്നതാണ്‌ ഒരുപക്ഷേ ക്രിസ്‌തുവിനെതിരേയുള്ള ഏറ്റവും വലിയ സാക്ഷ്യം.

ഗാന്ധിജി തന്റെ ആത്മകഥയില്‍ പറയുന്നുണ്‌ട്‌ തന്റെ പഠനകാലത്ത്‌ ബൈബിള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നുവെന്ന്‌. സുവിശേഷത്താല്‍, പ്രത്യേകിച്ച്‌, കര്‍ത്താവിന്റെ മലയിലെ പ്രസംഗത്താല്‍ ആകൃഷ്ടനായി അദ്ദേഹം ഒരു ക്രിസ്‌ത്യാനിയാകുന്നതിനെക്കുറിച്ച്‌ സഗൗരവം ചിന്തിച്ചുകൊണ്‌ടിരുന്നു. കാരണം ഇന്ത്യയിലെ ജാതി വ്യവസ്ഥയ്‌ക്കും വര്‍ണ്ണ വിവേചനത്തിനും ക്രിസ്‌തുമതം ഒരു പരിഹാരമാകുമെന്ന്‌ അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം ആഫ്രിക്കയില്‍ ആയിരുന്ന കാലത്ത്‌ ഒരു ദിവസം കുര്‍ബാനയില്‍ പങ്കുകൊള്ളുവാനും ക്രൈസ്‌തവ വിശ്വാസത്തെ സംബന്ധിച്ച്‌ ഉപദേശങ്ങള്‍ സ്വീകരിക്കുവാനുമായി അദ്ദേഹം അടുത്തുള്ള പള്ളിയില്‍ ചെന്നു. ദൈവാലയത്തില്‍ പ്രവേശിച്ച അദ്ദേഹത്തിന്‌ വെളുത്ത വര്‍ഗ്ഗക്കാരായ വിശ്വാസികള്‍ ഇരിപ്പിടം നിഷേധിച്ചു. അതുമല്ല കറുത്ത വര്‍ഗ്ഗക്കാര്‍ക്കുള്ള പള്ളിയില്‍ പോയി കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ അദ്ദേഹത്തെ നിര്‍ദ്ദേശിക്കുകയും ചെയ്‌തു. അന്ന്‌ അവിടെ നിന്നുപോയ ഗാന്ധിജി പിന്നീട്‌ ഒരിക്കലും തിരിച്ചു ചെന്നിട്ടില്ല. എത്ര ക്രിസ്‌തു വിശുദ്ധമായ വിശ്വാസ ജീവിതസാക്ഷ്യം!

മിശിഹായുടെ മൗതീക ശരീരമായ സഭ കൂട്ടായ്‌മയുടെ ഉദാത്ത ഭാവമാണ്‌. ക്രിസ്‌തുവിലുള്ള ഐക്യമാണ്‌ സഭയുടെ മുഖമുദ്ര. സഭയുടെ ആരാധനയായ വി. കുര്‍ബാനയുടെ അനുരജ്ഞന ശുശ്രൂഷയില്‍ സഭയെയും രാഷ്ട്രത്തെയും ഐക്യത്തില്‍ സംരക്ഷിക്കണമെന്നും യുദ്ധപ്രിയരായി നില്‌ക്കുന്ന ജനതകളെ ചിതറിക്കണമേയെന്നും വൈദികന്‍ പ്രാര്‍ത്ഥിക്കുന്നത്‌ കൂട്ടായ്‌മയില്‍ സഭയെ ഒന്നിപ്പിക്കുവാനും നിലനിര്‍ത്തുവാനുമുള്ള ക്രിസ്‌തുവിന്റെ തന്നെ നിയോഗത്തോടെയാണ്‌.

ക്രൈസ്‌തവ ജീവിതം പടര്‍ന്നു പന്തലിക്കുന്നത്‌ ക്രൈസ്‌ത ജീവിത മൂല്യങ്ങളും പുണ്യങ്ങളും അഭ്യസിക്കാന്‍ അനുയോജ്യമായ കൂട്ടായ്‌മയുടെ അരൂപിയിലാണ്‌. എന്നാല്‍ നാം ആഗ്രഹിക്കുന്ന, ക്രിസ്‌തു ആഗ്രഹിക്കുന്ന, ഈ കൂട്ടായ്‌മയെ ചിതറിക്കുന്ന ഘടകങ്ങള്‍ പലതാണ്‌. അതു നമ്മുടെയിടയിലുള്ള സ്വാര്‍ത്ഥതയോ, തെറ്റിദ്ധാരണകളോ, ദുഷ്‌പ്രേരണയോ, ലൗകികതയോ എന്തുമാകട്ടെ സ്വര്‍ഗ്ഗീയ ജീവിത കൂട്ടായ്‌മയുടെ മുന്നാസ്വാദനമായ ക്രിസ്‌തീയ കൂട്ടായ്‌മയില്‍ നിന്ന്‌ നാം ചിതറിക്കപ്പെട്ടു എന്നറിയുന്ന നിമിഷം തന്നെ അനുതപിച്ച്‌ തിരിച്ചു വരുവാന്‍ മടിക്കരുത്‌.

കാലങ്ങളായുള്ള സഭയുടെ പ്രാര്‍ത്ഥയുടെയും, സഭൈക്യ പ്രസ്ഥാനങ്ങളുടെ പരിശ്രമത്തിന്റെയും സര്‍വ്വോപരി ദൈവനിയോഗ ഫലമായി 2000ത്തില്‍ ക്രിസ്‌തുവിന്റെ മഹാ ജൂബിലി ആഘോഷിക്കുവാനായി വിവിധ ക്രൈസ്‌തവ വിഭാഗങ്ങള്‍ ഒന്നിച്ചു വന്നത്‌ മറ്റൊന്നുകൊണ്‌ടുമല്ല പിന്നെയോ ക്രിസ്‌തീയ കൂട്ടായ്‌മയുടെ ആഴവും അവിഭാജ്യതയും തിരിച്ചറിഞ്ഞതുകൊണ്‌ടാണ്‌.

ഇന്ന്‌ ക്രിസ്‌തു നമ്മെ ക്ഷണിക്കുന്നതും ഈ ദൗത്യത്തിലേയ്‌ക്കാണ്‌: ദൈവജനത്തിന്റെ കൂട്ടായ്‌മയില്‍ ജീവിക്കുവാനും ഈ കൂട്ടായ്‌മയുടെ പ്രവാചകരും പ്രചാരകരുമാകുവാന്‍. അബദ്ധ വിശ്വാസങ്ങളുടെയും ചിന്തകളുടെയും ഫലമായി നമുക്കുചുറ്റും മുളച്ചുപൊന്തുന്ന ക്രിസ്‌ത്യന്‍ സെക്‌ട്ടുകളില്‍ നിന്നും നാം ഗ്രഹിക്കേണ്‌ട അപകട സൂചനയുമിതാണ്‌. ക്രിസ്‌തുവിനോടും അവിടുന്നു രൂപം നല്‌കിയ ശ്ലൈഹിക കൂട്ടായ്‌മയുടെ തുടര്‍ച്ചയായ സഭയോടു ചേര്‍ന്നു നിന്നുകൊണ്‌ട്‌ എല്ലാ വിഘടന പ്രവണതകളെയും പ്രതിരോധിക്കുവാനും ഈ കൂട്ടായ്‌മയില്‍ നിന്നും നമ്മെ അകറ്റുന്ന പ്രലോഭനങ്ങളെയും വ്യാജ പ്രവാചകന്‍മാരെയും തിരിച്ചറിഞ്ഞ്‌ തരണം ചെയ്യുവാനും അങ്ങനെ ക്രിസ്‌തുവിന്റെ പ്രാര്‍ത്ഥനയാല്‍ നാം അവനില്‍ ഒന്നായിത്തീരട്ടെ. ആമേന്‍


ബിബിന്‍ മാത്യു പഴേപറമ്പില്‍

പ്രിയ കൂട്ടുകാരേ,
പൗലോ കൊയ്‌ലോ എന്ന പ്രസിന്ധ എഴുത്തുകാരന്റെ പ്രസിദ്ധമായ നോവലാണ്‌ 'ദ ആല്‍ക്കെമിസ്‌റ്റ'്‌ ഇതില്‍ അന്വേഷണ കുതുകിയായ ഒരു ബാലന്റെ കഥ പറയുന്നുണ്‌ട്‌. ബാലന്‍ അറിവുനേടി സന്യാസിയുടെ അടുത്തെത്തി. സന്യാസി അവന്‌ ഒരു സ്വൂണ്‍ നിറയെ എണ്ണനല്‍കിയിട്ട്‌ ഒരുതുള്ളി പോലും നഷ്ടപ്പെടാതെ അവിടെയുള്ള മ്യൂസിയത്തിലെ കാഴ്‌ചകള്‍ കണ്‌ടുവരാന്‍ പറഞ്ഞു. എണ്ണ പോകാതിരിക്കാനുള്ള വ്യഗ്രതയില്‍ ചുറ്റി നടന്ന ബാലന്‍ സന്യാസിയുടെ പക്കല്‍ തിരികെയെത്തി. സന്യാസി ചോദിച്ചു നീ എന്തൊക്കെയാണ്‌ കണ്‌ടത്‌? അവന്‍ ഒന്നും കണ്‌ടിരുന്നില്ല രണ്‌ടാമതും സന്യാസി അവനെ പറഞ്ഞയച്ചു. ഇപ്രാവശ്യം അവന്‍ മനോഹരമായ കാഴ്‌ചകള്‍ ഒക്കെക്കണ്‌ട്‌ തിരികെയെത്തി സ്വൂണിലെ എണ്ണയും നഷ്ടപ്പെട്ടിരുന്നില്ല.

ഈ കഥ പറയുമ്പോള്‍ യോഹന്നാന്റെ സുവിശേഷത്തില്‍ ഇന്ന്‌ ക്രിസ്‌തുശിഷ്യരുടെ ഐക്യത്തെക്കുറിച്ചാണ്‌ പറയുന്നത്‌. നമ്മുടെ വിശ്വാസത്തെ മുറുകെപ്പിടിച്ച്‌ നാം ഒന്നായിരിക്കണമെന്ന്‌. ദൈവത്തെ പിതാവ്‌ എന്ന്‌ വിളിക്കാന്‍ പറ്റണമെന്ന്‌ വചനം പറയുന്നു. എന്നാല്‍ ഞാന്‍ പറയുക രണ്‌ടുകാര്യങ്ങളാണ്‌. പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ ആരംഭത്തിലാണു നാം. പുത്തനുടുപ്പും കുടയും പുസ്‌തകവും ആയി നാം വിദ്യാലയങ്ങളിലേയ്‌ക്ക്‌ യാത്രയാകുന്നു. പഠനത്തില്‍ നമ്മുടെ മനസ്സും ശരീരവും ഏകാഗ്രമാക്കുകയാണ്‌ ഒന്നാമത്തെ ഐക്യത്തിന്റെ തലം. രണ്‌ടാമതായി സ്‌കൂളിലെ പഠനത്തിനു കൊടുക്കുന്ന പ്രാധാന്യം മതബോധനത്തിനു നാം കൊടുക്കാതെ പലപ്പോഴും അതൊരു ചടങ്ങായി മാറ്റുന്നു. ഇതിനു മാറ്റം വരുത്തി മത പഠനവും വിശ്വാസജീവിതവും വിദ്യാലയത്തിലെ പഠനവും നമുക്കു ഒരുമിച്ചു കൊണ്‌ടു പോകാനാകണം. എല്ലാവര്‍ക്കും അറിവു പകര്‍ന്നു നല്‍കുന്ന ഈശോയുടെ കരം പിടിച്ച്‌. വിശ്വാസ ജീവിതത്തില്‍ വളരുന്നതിനും കൂടുതല്‍ അറിവുസ്വന്തമാക്കുന്നതിനും ഈ പുതിയ അദ്ധ്യായന വര്‍ഷത്തില്‍ നമുക്ക്‌ ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. ഈ അദ്ധ്യായനവര്‍ഷം ദൈവാനുഗ്രഹത്താല്‍ എല്ലാവര്‍ക്കും സമ്പുഷ്ടമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.


Bro. ജെയ്‌സണ്‍ കള്ളിയാട്ട്‌

Download Sermon 2011 

Sermon 2010 

കര്‍ത്താവിന്റെ വിടവാങ്ങല്‍ സന്ദേശത്തിന്റെ അവസാനം അവന്‍ തന്റെ ശിഷ്യര്‍ക്ക്‌വേണ്‌ടി നടത്തുന്ന പ്രാര്‍ത്ഥനയുടെ ഏറ്റവും അവസാനത്തില്‍, ഭാവിയില്‍ തന്നില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക്‌വേണ്‌ടി അവിടുന്ന്‌ പ്രാര്‍ത്ഥിക്കുന്നതാണ്‌ ഇന്നത്തെ സുവിശേഷ ഭാഗം (യോഗ 17:21-26). ഈ പ്രാര്‍ത്ഥനയുടെ അന്ത:സത്ത വിശ്വാസികളുടെ ഐക്യമാണ്‌. `അവര്‍ പൂര്‍ണ്ണമായി ഒന്നാകേണ്‌ടതിന്‌, ഞാന്‍ അവരിലും അവിടുന്ന്‌ എന്നിലും ആയിരിക്കുന്നു...` (വാക്യം 23) ക്രിസ്‌തു പിതാവിനോടൊന്നായിരിക്കുന്നതുപോലെ വിശ്വാസികളും ക്രിസ്‌തുവില്‍ ഒന്നായിരിക്കണം.

ഈ ഐക്യത്തിലൂടെ മാത്രമേ ക്രിസ്‌തുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ചും പിതാവിന്റെ രക്ഷാകര പദ്ധതിയെക്കുറിച്ചും ലോകമറിയുകയുള്ളൂ (വാക്യം 21). വിശ്വാസികളുടെ ഐക്യമാണ്‌ സര്‍വ്വപ്രധാനം. അതിന്‌ വിഘാതമായി സാധാരണയായി കാണപ്പെടുന്നത്‌ ആശയപരമായ സംഘട്ടനമാണ്‌. ഓരോ ആശയത്തിനും ഒരു ഉപജ്ഞാതാവുണ്‌ട്‌. ഈ ആശയങ്ങള്‍ ഗുരുക്കന്‍മാരായി വിശ്വാസികളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാറുമുണ്‌ട്‌. അത്തരം ഗുരുക്കന്‍മാരെ പരിത്യജിച്ചാല്‍ മാത്രമേ ക്രിസ്‌തു എന്ന ഏക ഗുരുവിനെ സ്വീകരിക്കുവാനും അവനില്‍ ഒന്നായിത്തീരുവാനും വിശ്വാസികള്‍ക്ക്‌ സാധിക്കുകയുള്ളു. ആശയപരമായ സംഘട്ടനങ്ങള്‍ ഒഴിവാക്കാന്‍ വേണ്‌ടിയാണ്‌ തന്റെ നൂതനവും ഏകവുമായ പ്രമാണം പഠിപ്പിക്കുന്നതിന്‌ മുമ്പ്‌ ക്രിസ്‌തു-ശിഷ്യര്‍ പരസ്‌പരം പാദങ്ങള്‍ കഴുകേണ്‌ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ കര്‍ത്താവ്‌ അവരെ ബോധവാന്‍മാരാക്കിയത്‌ (യോഹ 13-1-20, 31-35)

പാപം വഴി ദൈവത്തില്‍ നിന്നും സഹോദരനില്‍ നിന്നും അകന്നുപോയ മനുഷ്യമക്കളെ ദൈവത്തിലേയ്‌ക്കും സഹോദരനിലേയ്‌ക്കും വീണ്‌ടും ചേര്‍ക്കുന്നതിനുള്ള ദൈവീക പദ്ധതിയായിരുന്നു മനുഷ്യാവതാരം. അതിന്റെ ലക്ഷ്യം ഫലമണിയുന്നത്‌ വിശ്വാസികളുടെ ദൈവവുമായും പരസ്‌പരവുമുള്ള ഐക്യത്തിലൂടെ മാത്രമാണ്‌.

ക്രിസ്‌തീയ ഐക്യം എന്നത്‌ ഒരേ ആശയമുള്ള ആളുകള്‍ ഒന്നുചേരുക എന്നതല്ല. അപ്രകാരമുള്ള ഐക്യം ഏത്‌ സാമൂഹിക പ്രസ്ഥാനത്തിനും അനിവാര്യമായ ഒരു കാര്യം മാത്രം. ക്രിസ്‌തീയ ഐക്യം എന്നത്‌ വിശ്വാസി ക്രിസ്‌തുവാകുന്ന മുന്തിരിച്ചെടിയോട്‌ ചേര്‍ന്നു നില്‍ക്കുന്നതിന്റെ ഫലമായി ദൈവീക ജീവനായ പരിശുദ്ധാത്മാവ്‌ അവനിലേക്ക്‌ ഒഴുകാന്‍ സഹായിക്കുന്ന ദൈവീക പദ്ധതിയുടെ ആവിഷ്‌കാരമാണ്‌. ഇത്‌ നിരന്തരമായ വളര്‍ച്ചയിലൂടെ കൈവരിക്കുന്ന ഒരു ഒട്ടിച്ചേരലാണ്‌. ഒരു ശിശു ജനിക്കുമ്പോള്‍ അത്‌ നിസ്സഹായവസ്ഥയിലാണ്‌. പിന്നീടത്‌ വളര്‍ച്ചയുടെ വ്യത്യസ്ഥമായ കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്നു. അങ്ങനെയാണ്‌ അവന്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു മനുഷ്യനാകുന്നത്‌. ഈ കാലഘട്ടത്തില്‍ എവിടെയെങ്കിലും വളര്‍ച്ച നിന്നുപോയാല്‍ അത്‌ ഒരു വൈകല്യമായി പര്യവസാനിക്കും. 10 വയസ്സുള്ള കുട്ടി നിലത്ത്‌ കിടന്ന്‌ നീന്തുന്നത്‌ സ്വാഭാവികമല്ലല്ലോ. ക്രിസ്‌തീയ ജീവിതം നിരന്തരമായ വളര്‍ച്ചയുടെ ജീവിതമാണ്‌. കുഞ്ഞുങ്ങളെപ്പോലെ സ്വന്തം കാര്യം മാത്രം നടക്കണമെന്നാഗ്രഹിക്കുകയും, എല്ലാ സംരക്ഷണവും തനിക്ക്‌ ലഭിക്കണമെന്ന്‌ കരുതുകയും അതിന്‌ വേണ്‌ടി സ്വാര്‍ത്ഥതയോടെ മുറവിളി കൂട്ടുകയും ചെയ്യുന്ന വിശ്വാസി വളര്‍ച്ച പ്രാപിച്ചവനല്ല. വിശ്വാസത്തിന്റെ ആരംഭദശയില്‍ നിന്ന്‌ നിരന്തരമായി വളര്‍ന്ന്‌ ഗുരുവിനേപ്പോലെ പിതാവിന്റെ പക്വമതിയായ പുത്രനായിക്കൊണ്‌ട്‌ `എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം നിറവേറട്ടെ` എന്നു പറയാന്‍ കഴിയുന്ന ദൈവവുമായുള്ള മാനസ്സിക ഐക്യത്തിലേക്കുള്ള വളര്‍ച്ചയാണത്‌.

ക്രിസ്‌തീയ ഐക്യത്തിന്റെ അടിസ്ഥാനം എന്തായിരിക്കണമെന്ന്‌ വിശുദ്ധ പൗലോശ്ലീഹ ഏഫേസുകാര്‍ക്ക്‌ എഴുതുന്നുണ്‌ട്‌ (4:1-16). നാലുകാര്യങ്ങളാണ്‌ ഐക്യത്തിനടയാളമായി വി. പൗലോസ്‌ പറയുന്നത്‌.

1. വിളിക്ക്‌ അനുയോജ്യമായ ജീവിതം നയിക്കുക (4:1-3): `പൂര്‍ണ്ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘ ക്ഷമയോടും കൂടി നിങ്ങള്‍ സ്‌നേഹപൂര്‍വ്വം അന്യോന്യം സഹിഷ്‌ണുതയോടെ വര്‍ത്തിക്കുവിന്‍.

2. ശരിയായ വിശ്വാസസംഹിതയുണ്‌ടായിരിക്കുക (4:4-6): നമുക്ക്‌ ഒരു കര്‍ത്താവും ഒരു വിശ്വാസവും ഒരു ജ്ഞാനസ്‌നാനവും ഒരു പിതാവുമേ ഉള്ളൂ.

3. ശരിയായ ദൗത്യബോധം (4:7-12): ദൈവം ഓരോരുത്തര്‍ക്കും ദാനങ്ങള്‍ നല്‍കിയിരിക്കുന്നത്‌ ക്രിസ്‌തുവിന്റെ ഏക ശരീരത്തെ പടുത്തുയര്‍ത്തുന്നതിനുവേണ്‌ടിയാണ്‌.

4. ശരിയായ ലക്ഷ്യബോധം (4:13-16): ദൈവം ഏല്‍പ്പിച്ചു തരുന്ന ദൗത്യം പൂര്‍ണ്ണമായ വിശ്വസ്‌തതയോടെ നിര്‍വഹിച്ചുകൊണ്‌ട്‌ ദൈവപുത്രനിലേക്ക്‌ വളരുക. അപ്രകാരം വളരാന്‍ സഹോദരനെ സഹായിക്കുക. അതിനുവേണ്‌ ടി സ്‌നേഹത്തോടെ സ്വയം സമര്‍പ്പണം ചെയ്യാന്‍ കഴിയുക.

ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download Sermon 2010

Sermon 2009

ഐക്യം - ദൈവത്തോടും മനുഷ്യരോടും.

ഐക്യത്തെകുറിച്ച്‌ പ്രഭാഷണ രൂപത്തില്‍ യേശു പ്രാര്‍ത്ഥിക്കുന്ന ഭാഗമാണ്‌ ഇന്നത്തെ ചിന്താവിഷയം. എന്താണ്‌ ഐക്യമെന്നും എന്തിനോടാണ്‌ നാം യഥാര്‍ത്ഥത്തില്‍ ഐക്യപ്പെടേണ്‌ടതെന്നും യേശു പഠിപ്പിക്കുകയാണിവിടെ. 'ഈശോയുടെ പുരോഹിത പ്രാര്‍ത്ഥന' എന്നറിയപ്പെടുന്ന ഈഭാഗത്ത്‌ ഈശോ പ്രാര്‍ത്ഥിക്കുന്ന ത്‌ ഇപ്രകാരമാണ്‌'' നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുവാന്‍വേണ്‌ടി നീ എനിക്ക്‌ തന്ന മഹത്വം ഞാന്‍ അവര്‍ക്ക്‌ നല്‌കി''.
തേന്‍കഴിക്കാത്തവരും തേനിച്ചയെ കാണാത്തവരും ആരും തന്നെ ഉണ്‌ടാവില്ല. ആയിരത്തിലേറേ വരുന്ന ഈച്ചകളുടെ കുട്ടായ്‌മകളുടെ ഫലമാണ്‌ തേന്‍. യഥാര്‍ത്ഥത്തില്‍ എന്തതാണ്‌ അവരെ ഈ കുട്ടായ പ്രവര്‍ത്തനത്തിന്‌ പ്രേരിപ്പിക്കുന്നത്‌ എന്ന്‌ പരിശോധിച്ചാല്‍ ''റാണിയുമായുളള ഐക്യത്തിന്റെ ഫലമാണ്‌'' എന്ന്‌ കണ്‌ടെത്താന്‍ കഴിയും. റാണിയുടെ ഇഷ്ടം ഓരോ ഈച്ചയുടെയും ഇഷ്ടമാണ്‌, താത്‌പര്യമാണ്‌, ഒരുമയാണ്‌, ഐക്യമാണ്‌.
''മറ്റുളളവയില്‍ നിന്ന്‌ അകന്നു നില്‍ക്കുന്നതും സ്വയം ഭിന്നിക്കാത്തുമായ ഒരവസ്ഥയാണ്‌ താത്ത്വികമായി ഐക്യം'' എന്നു പറയുന്നത്‌. ദൈവീകമായ വെളിപാടുകള്‍ അനുസരിച്ച്‌ വിശ്വാസത്തില്‍ ജീവിക്കുന്ന സമൂഹത്തിന്റെ പ്രത്യേകതയാണ്‌ ഐക്യം. പിതാവും പുത്രനും പരിശുദ്ധാത്മാവുമായുളള ഏക ദൈവത്തിലുളള വിശ്വാസം ഈ ഐക്യത്തിന്‌ അടിസ്ഥാനമായി നിലകൊളളുന്നു. ദൈവത്തിലുളള ഈ ഐക്യം സ്‌നേഹത്തിന്റെ വെളിച്ചത്തില്‍ നാം തമ്മില്‍ തമ്മിലും, നാമും ദൈവവുമായുളള ഐക്യത്തിലും അടങ്ങിയിരിക്കുന്നു. ഒപ്പം എല്ലാ മനുഷ്യരേയും തന്നിലേയ്‌ക്കടുപ്പിക്കുന്ന ദൈവത്തിന്റെ അനന്യമായ രക്ഷകര പദ്ധതിവഴി നാമെല്ലാം മിശിഹായില്‍ ഒന്നായിതീര്‍ന്നു.
പഴയനിയമത്തിലെ തെരെഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത ശൈലിയും വിശ്വാസ പ്രകടനങ്ങളും ദൈവവുമായുളള ഐക്യത്തില്‍ നിന്ന്‌ രൂപപ്പെട്ടവയാണ്‌. തങ്ങളുടെ സ്രഷ്ടവും പരിപാലകനും ദൈവമാണെന്നുളള അടിയുറച്ച വിശ്വാസം അവരെ ദൈവവുമായി ഒന്നാക്കിതീര്‍ത്തു. ഈ ഐക്യം പൂര്‍ണ്ണമായി പ്രകടമാകുന്നത്‌ ഈശോയിലാണ്‌. ഈ മിശിഹാ എല്ലാവരെയും ഒന്നിപ്പിക്കുന്ന രക്ഷകനായി ഭൂമിയില്‍ അവതരിച്ചു. മിശിഹായുടെ ജീവിതം മുഴുവന്‍ ദൈവവും മനുഷ്യനുമായുളള ഐക്യത്തില്‍ കേന്ദ്രികരിച്ചാണ്‌ മുമ്പോട്ട്‌ പോകുന്നതും. ഈശോയുടെ ജീവിത വിജയത്തിനടിസ്ഥാനം പിതാവുമായുളള ഐക്യമാണ്‌. അതാണ്‌ ഈശോയുടെ മഹത്വവും. ഈ മഹത്വത്തിലേക്കാണ്‌ യേശു തന്റെ ശിഷ്യരെ ഓരോരുത്തരെയും ക്ഷണിക്കുന്നത്‌.
യേശു പ്രാര്‍ത്ഥിക്കുന്നത്‌ യേശുവില്‍ വിശ്വസിക്കുന്നവരുടെ ഒരുമയ്‌ക്കുവേണ്‌ ടിയാണ്‌: ''അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്‌ടി ... ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'' (17.21). യേശുവിന്റെ ലക്ഷ്യം അനുയായികളുടെ ഒരുമയാണ്‌. എന്തിനേറെ യേശുവിലുളള വിശ്വാസത്തിന്റെ അയാളം തന്നെയാണ്‌ ഈ ഒരിമ. കാരണം യേശുവിന്റെ മൗലിക സ്വഭാവംതന്നെ യേശുവും പിതാവും തമ്മിലുളള ഒരുമയും ഐക്യവുമാണ്‌ (17.21-22). ചുരുക്കത്തില്‍ നിന്റെ വിശ്വാസത്തിന്റെ അളവുകോല്‍ നിന്റെ മനുഷ്യ സ്‌നേഹമാണെന്നു വരുന്നു. നീ എത്രമാത്രം നിന്റെ സ്വന്തപ്പെട്ടവരുമായി ഒന്നായിരിക്കുന്നു. നിന്റെ പ്രിയപ്പട്ടവനും പ്രിയപ്പട്ടവളുമായി നീ എത്രമാത്രം ഒരുമയിലായിരുക്കുന്നവോ അത്രമാത്രമേ നീ യേശുവുമായി ഒരുമയിലായിരിക്കുന്നുളളു. അതിനാല്‍ ഒന്നായി തീരലിന്റെ ഔന്നത്യത്തിലേക്ക്‌ വളരുക എന്നതാണ്‌ ഓരോ ക്രിസ്‌തു വിശ്വാസിയുടെയും ലക്ഷ്യം.
1) കടുത്ത നിരിശ്വരവാദിയായിരുന്ന ഇംഗ്ലണ്‌ടിലെ ഫ്രാങ്ക്‌ സളളിവന്‍ ഒരു ആശ്രമശ്രേഷ്ടനോട്‌ പറഞ്ഞു താങ്കള്‍ വിശ്വസിക്കുന്നതുപോലെ ഒരു ദൈവമില്ലെങ്കില്‍ നിങ്ങളുടെ ജീവിതം മുഴുവന്‍ ഒരു നഷ്ടമായി കലാശിക്കും. ആശ്രമശ്രേഷ്ടന്‍ പറഞ്ഞു എനിക്കാബന്ധം പറ്റിയെങ്കില്‍ നഷ്ടപ്പടുക വെറും 60 തോ 70 തോ വര്‍ഷങ്ങള്‍ മാത്രമാണ്‌. പക്ഷേ നിങ്ങള്‍ക്കാണ്‌ തെറ്റുപറ്റിയതെങ്കില്‍ നഷ്ടപ്പെടുക ' നിത്യത്വം' തന്നെയാണ്‌. ഈ വാക്കുകള്‍ അദ്ദേഹത്തെ വിശ്വാസിയാക്കിത്തിര്‍ത്തു എന്നാണ്‌ ചരിത്രം പറയുന്നത്‌. അതായത്‌ ദൈവത്തില്‍ നിന്നുളള ഐക്യം നഷ്ടപ്പെടുക എന്നാല്‍ നിത്യത്വം നഷ്ടപ്പെടുക എന്നാണ്‌.
2) ഹെന്റി എട്ടാമന്റെ ചാന്‍സലറാണ്‌ തോമസ്‌മൂര്‍. രാജാവിനെക്കാളധികമായി ദൈവത്തെ അനുസരിച്ചതിന്റെ പേരില്‍ അദ്ദേഹം ജയിലിലടയ്‌ക്കപ്പെട്ടു. തോമസ്‌മൂറിന്റെ ഭാര്യ സന്ദര്‍ശിച്ച്‌ അപേഷിച്ചു: 'മക്കളേ ഓര്‍ത്തെങ്കിലും രാജാവിനെ അനുസരിച്ച്‌ പുറത്തു വാ' എന്നിട്ട്‌ സുഖമായി ജീവിക്കാം. തോമസ്‌മൂര്‍ ചോദിച്ചു എത്രകാലം? ചുരുങ്ങിയതി 20 വര്‍ഷമെങ്കിലും. അത്‌ കഴിയുമ്പോഴോ? അവള്‍ക്കുത്തരമില്ലായിരുന്നു. തോമസ്‌ മൂര്‍ പറഞ്ഞു 1000 കൊല്ലംജീവിക്കാമെന്ന്‌ പറഞ്ഞാലും ഞാന്‍ ദൈവത്തെ തളളിപറയുകയില്ല. കാരണം എനിക്ക്‌ വേണ്ടത്‌ 'നിത്യ ജീവനാണ്‌'. ഈ രണ്‌ട്‌ സംഭവങ്ങളും ദൈവവുമായുളള നിത്യ ഐക്യത്തെ ചുണ്‌ടികാണിക്കുന്നതും ബലപ്പെടുത്തുന്നതുമാണ്‌. ഇത്‌ അള്‍ത്താരയിടെ ബലിയില്‍ ആരംഭിച്ച്‌ യേശുവിലൂടെ കടന്ന്‌ ദൈവത്തില്‍ എത്തിചേരുന്നതാകണം. ഇതിനെ പരസ്‌പരം ഒന്നാകലെന്നാണ്‌ യേശു വിശേഷിപ്പിക്കുന്നത്‌. ഇതു തന്നെയാണ്‌ സ്‌നേഹമെന്ന്‌ യേശു പറയുന്നത്‌. ഒരുമയിലേക്കും സ്‌നേഹത്തിലേക്കുമാണ്‌ നാം വിളിക്കപ്പെട്ടിരിക്കുന്നത്‌. അതിനാല്‍ വിഭജനത്തിന്റെയും വേര്‍തിരിവിന്റെയും വേലിക്കെട്ടുകള്‍ ഇല്ലാതാക്കാന്‍ നാം ശ്രമിക്കണം.
ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിലൂടെ ദൈവവുമായി ഐക്യമുളളവരുടെ പ്രത്യേകത എടുത്തു പറയുന്നു.''കര്‍ത്താവ്‌ നിങ്ങളുടെ മുമ്പില്‍ നടക്കും ഇസ്രയേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍ കാവല്‍ക്കാരന്‍''.
അപ്പസ്‌തോല പ്രവര്‍ത്തനത്തില്‍ കൊര്‍ണേലിയുസിന്റെ ജീവിതത്തിലൂടെ ദൈവഐക്യം എങ്ങനെ സാധ്യമാകും എന്നു പറഞ്ഞു തരുന്നുണ്‌ട്‌. ദൈവഭയവും ഭക്തിയും, ദാനധര്‍മ്മവും, ദൈവദര്‍ശനം സാധിക്കാന്‍ ഉപകരിക്കുന്നതാണ്‌. ഇപ്രകാരം ജീവിക്കുന്നവന്‍ എപ്പോഴും ദൈവസന്നിധിയില്‍ അനുസ്‌മരിക്കപ്പെടും എന്നു വചനം പറയുന്നു.
''ഐക്യമത്യം മഹാബലം'' എന്നു പറയുന്ന പഴഞ്ചൊല്ലിന്റെ പൊരുള്‍ ദൈവവുമായി നിരന്തരം ഐക്യത്തില്‍ ഉറച്ചവന്‌ കൃത്യമായി മനസ്സിലാക്കാന്‍ കഴിയും 'ൗിശീി ശ െേെൃലിവേ'' അതിനാല്‍ ദൈവവുമായി ഒന്നായി ശക്തി പ്രാപിക്കാം
ഐക്യം പലവിധത്തില്‍
സഹോദരന്‍മാരുടെ ഐക്യം- സങ്കീ. 133.1
ആദിമ ക്രൈസ്‌തവ ഐക്യം - അപ്പ 2. 42
ശരീരത്തിന്റെ ഐക്യം - 1കോറി 12.12
ദമ്പതിമാരുടെ ഐക്യം - 1 പത്രോ 3.1-7
എല്ലാവരുടെയും ഐക്യം - 1 പത്രോ 3.8

തയാറാക്കിയത്‌
റവ. ജോസഫ്‌ കളമ്പുകാട്ട്‌
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നാത്ത്‌.
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home