Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ഉയിര്‍പ്പുകാലം ഏഴാം ഞായര്‍
Readings: Isaiah 6:1-13; Acts 1:15-26; Philippians 2:1-11; Mark 16:9-20
വി. മാര്‍ക്കോസിന്റെ സുവിശേഷം 15-ാം അദ്ധ്യായത്തിന്റെ അവസാനത്തില്‍, കര്‍ത്താവ്‌ കുരിശില്‍ മരിക്കുമ്പോള്‍ അവനെ അനുഗമിച്ചവരും കുരിശിനരികെ നിന്നവരുമായ ഭക്തസ്‌ത്രീകളുടെ പേരെടുത്തു പറയുന്നത്‌ കാണാം. കര്‍ത്താവിനെ സംസ്‌കരിച്ച സ്ഥലം അവര്‍ കണ്‌ടു എന്നുപറഞ്ഞുകൊണ്‌ടാണ്‌ ഈ വിവരണം അവസാനിക്കുന്നത്‌ (15:47). പിന്നീട്‌ അവര്‍ ദൈവകല്‌പനപ്രകാരമുള്ള സാബത്താചരണത്തിനായി പോയി. സാബത്തിനടുത്ത ദിവസം അതിരാവിലെ ഈ സ്‌ത്രീകള്‍ കര്‍ത്താവിന്റെ ശരീരം പൂശുന്നതിന്‌ സുഗന്ധദ്രവ്യങ്ങള്‍ വാങ്ങി. അതുമായി കല്ലറയിങ്കലേക്ക്‌ വ്യസനത്തോടെ പോയ അവര്‍ക്കുണ്‌ടായിരുന്ന അപ്പോഴുള്ള ദു:ഖം കല്ലറയുടെ വാതിലടച്ചിരുന്ന വലിയ കല്ല്‌ ആര്‌ അവര്‍ക്കുവേണ്‌ടി ഉരുട്ടിമാറ്റുമെന്നതായിരുന്നു. എന്നാല്‍ കല്ലറയുടെ വാതില്‍ക്കലെത്തിയ അവര്‍ അത്ഭുതപ്പെട്ടു. കാരണം ആ വലിയ കല്ല്‌ അവിടെനിന്നും മാറ്റപ്പെട്ടിരിക്കുന്നതായി അവര്‍ കണ്‌ടു. വിശ്വാസികളുടെ ജീവിതാനുഭവങ്ങള്‍ പലപ്പോഴും ഇതു തന്നെയാണ്‌. വലിയ പ്രശ്‌നങ്ങളുടെ തിരമാലകള്‍ ആഞ്ഞടിക്കുമ്പോള്‍ ഇതൊന്നു ശാന്തമാക്കാന്‍ ആര്‍ക്കാണ്‌ കഴിയുക എന്ന്‌ ചിന്തിക്കുമ്പോള്‍, തന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്‌ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവത്തെ നമുക്ക്‌ അനുഭവവേദ്യമാണ്‌. നമ്മുടെ മുമ്പിലുള്ള പ്രതിസന്ധികള്‍ എത്ര വലുതായിരുന്നാലും അത്‌ നീക്കിക്കളയാന്‍ കഴിവുള്ളവനാണ്‌ ദൈവം എന്ന്‌ മറക്കാതിരിക്കുക. കാരണം നാം അവനെ ഈ സ്‌ത്രീകളെപ്പോലെ സ്‌നേഹിക്കുന്നു എന്നതുതന്നെ.

കല്ലറയ്‌ക്കുള്ളില്‍ പ്രവേശിച്ച സ്‌ത്രീകള്‍ അവിടെ പ്രത്യക്ഷനായ ഒരു ദൈവദൂതനെയല്ലാതെ കര്‍ത്താവിന്റെ ശരീരം അവിടെ കണ്‌ടില്ല. അവര്‍ അത്യധികം ഭയപ്പെടുകയും അത്ഭുതപ്പെടുകയും ചെയ്‌തതിനാല്‍ തങ്ങള്‍ കണ്‌ടവയെപ്പറ്റി ശിഷ്യന്‍മാരെ അറിയിക്കാന്‍ ദൂതന്റെ നിര്‍ദ്ദേശം ഉണ്‌ടായിരുന്നെങ്കിലും അവര്‍ ആരോടും ഒന്നും പറഞ്ഞില്ല.

കര്‍ത്താവ്‌ ഉയര്‍ത്തിരിക്കുന്നുവെന്ന സന്ദേശം പ്രഖ്യാപിക്കപ്പെട്ടേ മതിയാവൂ. അതിനാല്‍ ഉത്ഥിതന്‍ വീണ്‌ടും മഗ്‌ദലന മറിയത്തിനും മറ്റ്‌ രണ്‌ട്‌ ശിഷ്യന്‍മാര്‍ക്കും പ്രത്യക്ഷപ്പെടുകയും അവര്‍ക്ക്‌ തന്നെത്തന്നെ വെളിപ്പെടുത്തുകയും ചെയ്‌തു. ഇവര്‍ കര്‍ത്താവിനെ വിശ്വസിച്ചെങ്കിലും അവന്‍ പറഞ്ഞ ഉത്ഥിതനെക്കുറിച്ചുള്ള സദ്‌വാര്‍ത്ത ശിഷ്യന്‍മാരില്‍ ആരും സ്വീകരിച്ചില്ല. അതിനാല്‍ കര്‍ത്താവ്‌ അപ്പോസ്‌തലന്‍മാര്‍ക്കെല്ലാവര്‍ക്കുമായി പ്രത്യക്ഷപ്പെടുകയും അവരുടെ ഹൃദയ കാഠിന്യത്തെ കുറ്റപ്പെടുത്തുകയും ചെയ്‌തു.

ഈ വചന ഭാഗങ്ങളിലെല്ലാം പ്രകടമാകുന്ന കാര്യമിതാണ്‌. പുനരുത്ഥാനത്തിനുശേഷം ഉത്ഥിതനെ നേരില്‍ കണ്‌ടവര്‍ മാത്രമേ അവനില്‍ വിശ്വസിച്ചിരുന്നുള്ളൂ. അവര്‍ മാത്രമേ അവനെ തിരിച്ചറിഞ്ഞുള്ളൂ എന്നതാണ്‌. കല്ലറയില്‍ പ്രവേശിച്ച സ്‌ത്രീകളോട്‌ ദൂതന്‍ സദ്‌വാര്‍ത്ത അറിയിച്ചെങ്കിലും അവര്‍ അത്‌ വിശ്വസിച്ചില്ല. ഉത്ഥിതനെ കണ്‌‌ട മഗ്‌ദലനയും മറ്റ്‌ ശിഷ്യരും പറഞ്ഞ വാക്കുകള്‍ അപ്പോസ്‌തലന്‍മാര്‍ വിശ്വസിച്ചില്ല. അതുകൊണ്‌ടാണ്‌ ഗലീലിയായില്‍ വച്ച്‌ കാണും എന്നു പറഞ്ഞിരുന്നിട്ടും (16:7), അവന്‍ ഉടനെ പ്രത്യക്ഷപ്പെടുന്നത്‌.

പുരാതനവും ആധികാരികവുമായ കൈയ്യെഴുത്തു പതിപ്പുകളില്‍ ഇല്ലാത്തതിനാല്‍ ഇന്നത്തെ സുവിശേഷ ഭാഗം വി. മാര്‍ക്കോസിന്റെ സുവിശേഷത്തിന്റെ ഭാഗമായിരുന്നില്ല എന്നാണ്‌ കരുതപ്പെടുന്നത്‌. എന്നാല്‍ പുതിയ നിയമത്തിലെ വിവിധ ഗ്രന്ഥങ്ങളില്‍ വിവരിക്കുന്ന സംഭവങ്ങള്‍ സംക്ഷിപ്‌തമായി വിവരിക്കുക മാത്രമാണ്‌ ഗ്രന്ഥകര്‍ത്താവ്‌ ഈ ഭാഗത്ത്‌ ചെയ്യുന്നത.‌ എന്നു പറഞ്ഞാല്‍ മാര്‍ക്കോ 16:9-10 = യോഹ 20:11-18; മര്‍ക്കോ 16:12-13 = ലൂക്ക, 23:13-15; മര്‍ക്കോ 16:14 = ലൂക്ക 24:36-49; + യോഹ 20:19-23; മര്‍ക്കോ 16:15 = മത്താ 28:16-20; മര്‍ക്കോ 16:16-18 = നടപടി പുസ്‌തകം; മര്‍ക്കോ 16:19 = ലൂക്ക 24:50-51; മര്‍ക്കോ 16:20 = നടപടി 5:12-16.

മറ്റ്‌ പുതിയ നിയമഗ്രന്ഥങ്ങളില്‍ കാണുന്നതും, വിശ്വാസികളുടെ സമൂഹത്തിന്‌ സുപരിചിതവുമായിരുന്ന ഈ സുവിശേഷ ഭാഗങ്ങള്‍ സംക്ഷിപ്‌തമായി വിവരിക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താവിന്റെ ലക്ഷ്യമെന്തായിരുന്നുവെന്ന്‌ അദ്ദേഹം ചേര്‍ക്കുന്ന സമാപന വാക്യങ്ങളില്‍നിന്ന്‌ വ്യക്തമാണ്‌. "അവര്‍ ആരോടും ഒന്നും പറഞ്ഞില്ല" (16:8). "അവന്‍ വിശ്വസിച്ചില്ല "(16:11), "അവര്‍ വിശ്വസിച്ചില്ല" (16:13), വിശ്വാസരാഹിത്യത്തെ അവന്‍ കുറ്റപ്പെടുത്തി" (16:14), "വിശ്വസിക്കുന്നവന്‍ രക്ഷപ്രാപിക്കും, വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും" (16:10), വിശ്വാസത്തിന്‌ സഹായകമായി കര്‍ത്താവ്‌ വചനം സ്ഥിരീകരിച്ചുകൊണ്‌ടിരുന്നു (16:20); ഇതായിരുന്നു മര്‍ക്കോസിന്റെ സുവിശേഷ വിവരണത്തിന്റെ ലക്ഷ്യം. കര്‍ത്താവ്‌ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നുവെന്ന വിശ്വാസം പ്രഘോഷിക്കുക.

ഇന്ന്‌ വചനം ശ്രവിക്കുന്നവര്‍ക്കുണ്‌ടാകേണ്‌ട അടിസ്ഥാനവിശ്വാസവും ഇതുതന്നെയാണ്‌. കര്‍ത്താവ്‌ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന്‌ വിശ്വസിക്കുക. കര്‍ത്താവിനെ സംസ്‌കരിച്ച കല്ലറയില്‍ അവനുണ്‌ടായിരുന്നില്ലെങ്കിലും അന്ന്‌ ലോകം മുഴുവന്‍ അവനുണ്‌ടായിരുന്നു. വ്യത്യസ്‌ത രൂപങ്ങളിലും ഭാവങ്ങളിലും അവന്‍ പ്രത്യക്ഷപ്പെട്ടു. കര്‍ത്താവ്‌ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന ഉള്‍ക്കാഴ്‌ച സ്വന്തമാക്കുകയും അവന്റെ സാന്നിധ്യത്തില്‍ ജീവിതത്തിലെ എല്ലാ പ്രവൃത്തികളും ക്രമീകരിക്കുകയും ജീവിക്കുന്ന കര്‍ത്താവിന്റെ സാന്നിധ്യത്തില്‍ നിരന്തരം വര്‍ത്തിക്കുകയും ചെയ്യേണ്‌ടവനാണ്‌ ക്രിസ്‌ത്യാനി. ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുദിനം നടക്കുന്ന അത്ഭുതങ്ങള്‍ ഈ സത്യത്തിന്‌ സാക്ഷ്യംവഹിക്കുന്നു.

മറ്റ്‌ മൂന്നു കാര്യങ്ങള്‍കൂടി ഈ സുവിശേഷഭാഗം നമ്മെ പഠിപ്പിക്കുന്നുണ്‌ട്‌.

(1) കര്‍ത്താവിന്റെ കുരിശിനരികെ നില്‌ക്കുകയും, അവനെ സ്‌നേഹപൂര്‍വ്വം അന്വേഷിക്കുകയും ചെയ്‌ത ഭക്തസ്‌ത്രീകള്‍ക്കാണ്‌ ഉത്ഥാനത്തിന്റെ സദ്‌വാര്‍ത്ത ആദ്യം ലഭിക്കുന്നത്‌. അവര്‍ ദൈവീക നിയമമായ സാബത്താചരിക്കാന്‍ തത്‌പരരുമായിരുന്നു എന്നു നാം വിസ്‌മരിക്കരുത്‌. ഉത്ഥാനത്തെക്കുറിച്ചുള്ള വാര്‍ത്തയ്‌ക്കുമുമ്പില്‍ അവര്‍ നിശ്ശബ്ദരായിത്തീര്‍ന്നു. കാരണം അതവര്‍ക്ക്‌ ചിന്തിക്കാവുന്നതിലധികമായിരുന്നു. കര്‍ത്താവിന്റെ കാലത്തും മരിച്ചവര്‍ക്ക്‌ പുനരുത്ഥാനം ഉണ്‌ടോ ഇല്ലയോ എന്ന്‌ യഹൂദര്‍ സംശയിച്ചിരുന്നു (മത്താ 12:18-27, 22:23-33 ലൂക്ക 20:27-40, അപ്പ 23:6-10). ക്രിസ്‌തുവിനു മുമ്പ്‌ രണ്‌ടാം നൂറ്റാണ്‌ടില്‍ എഴുതപ്പെട്ട ദാനിയേലിന്റെ പുസ്‌തകത്തിലും മക്കബായരുടെ പുസ്‌തകത്തിലുമാണ്‌ മരിച്ചവര്‍ക്ക്‌ പുനരുത്ഥാനമുണ്‌ടെന്നുള്ള വിശ്വാസം ആദ്യമായി പ്രത്യക്ഷപ്പെടുന്നതുതന്നെ. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച്‌ ചിന്തിച്ചിരുന്നവര്‍പോലും ശരീരത്തോടുകൂടിയ ഒരു പുനരുത്ഥാനത്തെക്കുറിച്ച്‌ വിഭാവനം ചെയ്‌തിരുന്നില്ല.

(2) ഇന്നത്തെ വചനം നല്‌കുന്ന മറ്റൊരു സന്ദേശം കര്‍ത്താവിന്റെ പുനരുത്ഥാനത്തിലുള്ള വിശ്വാസം വെറും കേട്ട്‌ കേഴ്‌വിയില്‍ നിന്നും ഉരുത്തിരിഞ്ഞതല്ലെന്നുള്ളതാണ്‌. ക്രിസ്‌തുശിഷ്യന്മാരെല്ലാം ഈ വാര്‍ത്ത അവിശ്വസിച്ചുവെന്ന്‌ മര്‍ക്കോസ്‌ പറയുന്നു. വ്യക്തമായ അനുഭവം ഉണ്‌ടാകുന്നതുവരെ അവര്‍ ആ വാര്‍ത്ത വിശ്വസിച്ചില്ല. കര്‍ത്താവുതന്നെ പ്രത്യക്ഷപ്പെടുകയും അവരുടെ വിശ്വാസക്കുറവിനെ കുറ്റപ്പെടൂുത്തുകയും ചെയ്യുന്നതുവരെ അവര്‍ അവിശ്വാസികളായിത്തന്നെ തുടര്‍ന്നു. എന്നാല്‍ തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്‌ട്‌ കര്‍ത്താവ്‌ അവരെ ഈ വാര്‍ത്തയുടെ അപ്പസ്‌തോലന്മാരായി മാറ്റി.

(3) തന്റെ ശിഷ്യന്‍മാര്‍ തന്നെക്കുറിച്ചുള്ള വാര്‍ത്ത അവിശ്വസിച്ചതുകൊണ്‌ട്‌ കര്‍ത്താവ്‌ അവരെ പരിത്യജിച്ചില്ല. മറിച്ച്‌ അവന്‍ അവരുടെ വിശ്വാസക്കുറവിനെ പരിഹരിക്കുകയും സത്യവിശ്വാസത്തിലേയ്‌ക്ക്‌ അവരെ നയിക്കുകയും ചെയ്‌തു. ഇപ്രകാരം ശിഷ്യന്മാരുടെ വിശ്വാസക്കുറവിനെ പരിഹരിക്കുന്ന കര്‍ത്താവിനെക്കുറിച്ച്‌ മറ്റ്‌ സുവിശേഷകന്മാരും വിവരിക്കുന്നുണ്‌ട്‌. ഉദാ: തോമാശ്ലീഹാ (യോഹ 21). കുറവുകളുടെ പേരില്‍ നമ്മെ പരിത്യജിക്കുന്നവനല്ല ദൈവം.
കര്‍ത്താവ്‌ ശിഷ്യന്മാരെ പഠിപ്പിച്ച വിശ്വാസമാണ്‌ സഭയുടെ അടിസ്ഥാനമായിത്തീര്‍ന്നത്‌. ഇതിനെത്തകര്‍ക്കാന്‍ ഒരു മാനുഷിക തത്വശാസ്‌ത്രത്തിനും കഴിയുകയില്ലന്നതാണ്‌ സത്യം. ദൈവദാനമായ വിശ്വാസം ദൈവം ആഗ്രഹിക്കുന്നിടത്ത്‌ ദൈവം വര്‍ഷിച്ചുകൊള്ളും. അതിനെക്കുറിച്ച്‌ അഹങ്കരിക്കാനും ആര്‍ക്കും സാധ്യമല്ലെന്നതും വ്യക്തം.


ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Sermon 2009
മരണത്തെ വിജയിച്ച മിശിഹാനാഥന്റെ മരണാനന്തരമുളള പ്രത്യക്ഷപ്പെടലുകളും താന്‍ തുടങ്ങിവെച്ച ദൗത്യം തുടരുന്നതിനായ്‌ ശിഷ്യരെ അയ്‌ക്കുന്നതുമാണ്‌ ഇന്നത്തെ വചനഭാഗം നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്‌.
ഈശോയുടെ ഉത്ഥാനം ക്രൈസ്‌തവ ജീവിതത്തിന്റെ അടിസ്ഥാനമാണ്‌. കാരണം തന്റെ ഉത്ഥാനംവഴി പാപത്തിന്‍മേലും മരണത്തിന്‍മേലും വിജയം വരിച്ച ഈശോനാഥന്‍ മനുഷ്യവംശത്തെ മുഴുവന്‍ പാപമാകുന്ന മരണത്തില്‍ നിന്നും രക്ഷയിലേക്കും ജീവനിലേക്കും ആനയിച്ചു. തത്‌ഫലമായി അവര്‍ പ്രകാശത്തിന്റെ മക്കളായിതീര്‍ന്നു. തന്റെ പരസ്യജീവിത്തിലൂടനീളം പാപികളോടും പീഡിതരോടും അകൈതവമായ കാരുണയും വാത്സല്യവും പുലര്‍ത്തുന്ന ദിവ്യനാഥന്‍ ഉത്ഥാനാനന്തരം ആദ്യമായി പ്രത്യക്ഷപ്പെടുന്നതും ഒരു പാപിക്കാണ്‌. ഇതിനവളെ യോഗ്യയാക്കിയത്‌ ഈശോനാഥന്‍ അവളില്‍ ദര്‍ശിച്ച ഒരു പ്രത്യകതയായിരുന്നു. എന്തായിരുന്നു ആ പ്രത്യേകത? അവള്‍ ഇരുള്‍വീണ വഴികളെ വിട്ടുപേഷിച്ച്‌ പ്രകാശത്തെ, ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ചവളായിരുന്നു. നാമും നമ്മിലെ ഇരുള്‍വീണ വഴികളെ ഉപേഷിച്ച്‌ പ്രകാശത്തിലേക്ക്‌ കടന്നുവരുമ്പോള്‍ ഉത്ഥിതന്റെ ദര്‍ശനഭാഗ്യം നമുക്കും സാധിതമാകും.
എന്നാല്‍ തനിക്കുണ്‌ടായ ദര്‍ശനഭാഗ്യത്തില്‍ മതിമറന്നിരിക്കാതെ ഈശോ മരണത്തെ വിജയിച്ചു എന്ന സത്യം മറ്റുളളവര്‍ക്ക്‌ പകര്‍ന്നുനല്‌കുന്നതില്‍ വ്യഗ്രതപുലര്‍ത്തുന്ന മഗ്‌ദലനാമറിയത്തെ 10-ാം വാക്യത്തില്‍ നാം കാണുന്നു. എന്നാല്‍ കര്‍ത്താവിന്റെ പ്രഷിത അവിടെ തിരസ്‌കരിക്കപ്പെടുന്നു. ആരാലെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്‌: '' ദുഃഖത്തിലാണ്‌ട്‌ വിലപിച്ചുകഴിഞ്ഞിരുന്ന ക്രിസ്‌തു ശിഷ്യരാല്‍''. ഓര്‍ക്കുക മൂന്നുവര്‍ഷം കൂടെകൊണ്ടുനടന്ന്‌ സ്വന്തമാക്കിതീര്‍ത്ത തന്റെ പീഡാനുഭവമരണോത്ഥാനങ്ങള്‍ക്ക്‌ സാക്ഷികളായി തീര്‍ന്ന ക്രിസ്‌തു ശിഷ്യരാല്‍ത്തന്നെ. ജീവിതത്തില്‍ വേദനകളും പ്രതിസന്ധികളും കടന്നുവരുമ്പോഴും തല്‍ഫലമായി ജീവിതം നമ്മോട്‌ ത്യാഗം ആവശ്യപ്പെടുമ്പോഴും തമ്പുരാനിലുളള വിശ്വാസം നഷ്ടപ്പെട്ട്‌ നിരാശയുടെ പടുകുഴിയിലമര്‍ന്ന്‌ വിലപിച്ച്‌ കഴിയുന്ന നാം ഉള്‍പ്പെടുന്ന ക്രിസ്‌ത്യനാനികളുടെ മുഴുവന്‍ പ്രതീകമാണ്‌ ഈ ക്രിസ്‌തുശിഷ്യര്‍.
കര്‍ത്താവിനായി ഇറങ്ങിതിരിക്കുന്ന ഏതൊരു പ്രഷിതനും തന്റെ ദൗത്യനിര്‍വ്വഹണത്തില്‍ അനുഭവിക്കേണ്‌ടിവരുന്ന ഒരു സഹനമാണ്‌ മറിയത്തിനുണ്‌ ടായതുപോലുളള തിരസ്‌കരണം. എന്നാല്‍ ഈ തിരസ്‌കരണത്തില്‍ തളരാതെ, മനമിടറാതെ ധീരോദാത്തം വേലചെയ്യുമ്പോള്‍ കര്‍ത്താവിന്റെ വചനം അത്‌ കേള്‍ക്കുന്നവരുടെ ഹൃദയത്തില്‍ പ്രവര്‍ത്തന നിരതമാകുന്നു. അത്‌ അവരെ വിശ്വാസത്തിലേക്ക്‌ ആനയിക്കും.
കര്‍ത്താവിന്റെ വചനത്തെ ഹൃദയത്തില്‍ സ്വീകരിച്ച്‌ അവിടുന്നിലുളള വിശ്വാസത്തിലേക്ക്‌ കടന്നുവരുന്ന ഏതൊരു ശിഷ്യന്റെയും ദൗത്യമെന്തെന്ന്‌ ഓര്‍മ്മിപ്പിക്കുന്നു 16-ാം വാക്യം: ''നിങ്ങള്‍ ലോകമെങ്ങുംപോയി ഏല്ലാസൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍''. സഭ പ്രേക്ഷിയാണ്‌, അവള്‍ ക്രിസ്‌തുവിന്റെ മണവാട്ടിയാണ്‌. കര്‍ത്താവായ ഈശോയില്‍ വിശ്വസിച്ച്‌ ആരൂപിയാലും ജലത്താലും ജ്ഞാനസ്‌നാനം സ്വീകരിക്കുകവഴി തന്നിലെ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ്‌, കര്‍ത്താവില്‍ പുതിയ വ്യക്തിയായി രൂപന്തരപ്പെടുന്ന ഏതൊരുവനും രക്ഷ കരഗതമാകുന്നു. അവന്‍ ക്രിസ്‌തുവിന്റെ സഭയില്‍ അംഗമാകുകയും അവളുടെ പ്രേക്ഷിയ ദൗത്യത്തില്‍ പങ്കാളിയായിതീരുകയും ചെയ്യുന്നു. ആ പ്രേക്ഷിത ദൗത്യമാണ്‌ സര്‍വ്വ ജനപഥങ്ങളോടും സുവിശേഷം പ്രസംഗിക്കുക എന്ന വചനംകൊണ്‌ട്‌ അര്‍ത്ഥമാക്കുന്നത്‌.
എന്നാല്‍ നമ്മുടെയൊക്കെ ഉളളിന്റെയുളളില്‍ ഉരുത്തിരിയുവാനിടയുളള ഒരു ചോദ്യമിതാണ്‌: ഞാന്‍ എന്തിന്‌ ലോകംമുഴുവനിലുമുളള ജനപഥങ്ങളോടും സുവിശേഷം പ്രസംഗിക്കണം? എന്റെ വിശ്വാസം ഞാന്‍ എന്റെ ജീവിതത്തില്‍ കാത്തുസുക്ഷിച്ചാല്‍പോരെ? ഇത്‌ നമ്മിലെ സ്വാര്‍ത്ഥതയില്‍ നിന്ന്‌ ഉടലെടുക്കുന്ന ചോദ്യമാണ്‌. ഞാന്‍ അനുഭവിച്ച രക്ഷയുടെ അനുഭവം എനിക്കുമാത്രംമതി, അപരനെ പാപമകുന്ന മരണത്തില്‍ നിന്നും രക്ഷയിലേക്കാനെയിക്കുവാന്‍ ''ഞാന്‍ അപരന്റെ കാവല്‍ക്കാരനല്ലല്ലോ'' എന്നുചിന്തിക്കുന്ന കായേലിന്റെതിനുസമാനമായ നമ്മുടെ സ്വാര്‍ത്ഥമനഃസ്സാക്ഷിയില്‍ നിന്ന്‌ ഉടലേടുക്കുന്നതാണത്‌.
പ്രിയപ്പെട്ടവരേ ഇവിടെ നാം കാല്‍വരിമലയുടെ വിരിമാറിലേക്ക്‌ കടന്നു ചെല്ലണം. അവിടെ നമ്മുടെയും ലോകംമുഴുവന്റെയും പാപങ്ങള്‍ക്കുവേണ്‌ടി തന്റെ ജീവന്‍ തന്നെ ഹോമിച്ച നമ്മുടെ ദിവ്യരക്ഷകന്റെ നിസ്വാര്‍ത്ഥ ഹൃദയത്തെ നാം കണ്‌ ടെത്തണം അപ്പോള്‍ നമ്മുടെ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റുവാന്‍ നമുക്കാവും. ദൈവശാസ്‌ത്രജ്ഞനായ കാള്‍ റാണറുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്‌: ''ഒരു വിശ്വാസി തന്റെ വിശ്വാസത്തില്‍ വളര്‍ച്ച പ്രാവിക്കുന്നത്‌ തന്റെ വിശ്വാസം അപരനുമായി പങ്കുവെയ്‌ക്കുവാന്‍ അവന്‌ എപ്പോള്‍ സാധിക്കുന്നവോ അപ്പോഴാണ്‌.
''നമ്മുടെ രക്ഷാകരാനുഭവം പങ്കുവെയ്‌ക്കേണ്‌ടുന്ന മേഘലകളെ രണ്‌ടായി നമുക്ക്‌ തിരിക്കാം: ഒന്നാമതായി നമുക്ക്‌ ലഭിച്ച രക്ഷാകരാനുഭവം വരുംതലമുറകളിലേക്ക്‌ പങ്കുവെയ്‌ക്കുക. കുടുംബജീവിതത്തിലെ ഏറ്റും വലിയ ഉത്തരവാദിത്വമാണിത്‌. മാതാപിതാക്കള്‍ തങ്ങളുടെ വിശ്വാസാധിഷ്ടിതവും മൂല്യാധിഷ്ടിതവുമായ ജീവിതംവഴി തങ്ങളുടെ മക്കളെ കര്‍ത്താവിലുളള അടിയുറച്ച വിശ്വാസത്തില്‍ വളര്‍ത്തിയെടുക്കുക. രണ്‌ടാമതായി കര്‍ത്താവായ ഈശോയെ അറിയാത്ത മനുഷ്യരുടെ ഹൃദയങ്ങളിലേക്ക്‌ അവിടുത്തെ രക്ഷാകരവചനത്തിന്റെ വെളിച്ചം വീശുക. അങ്ങനെ ഗുരുവിന്‌ പ്രിയപ്പെട്ട ശിഷ്യരായിത്തീരുക. ഒന്ന്‌ ശ്രദ്ധിക്കുക: നാം പ്രഘോഷിക്കേണ്‌ടത്‌ നമ്മുടെ സുവിശേഷമല്ല ദൈവത്തിന്റെ സുവിശേഷമാണ്‌, ഈശോയുടെ സുവിശേഷമാണ്‌. നമ്മുടെ മഹത്വമല്ല മറിച്ച്‌ ദൈവമഹത്വമാണ്‌ നാം കാംക്ഷിക്കേണ്‌ടത്‌. ആയതിനാല്‍ നമ്മുടെ പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ പിതാവിന്റെ ഹിതമനുസരിച്ച്‌ പുത്രനില്‍ വസിച്ചുകൊണ്‌ ട്‌ പരിശുദ്ധാത്മനിവേശനത്താല്‍ ചെയ്യപ്പെടുന്നവയായിരിക്കണം. ആയതിനാല്‍ ത്രിതൈ്വക ചൈതന്യം ഉള്‍കൊണ്‌ടുകൊണ്‌ട്‌ നല്ല പ്രക്ഷിതരായി പ്രശോഭിക്കുവാന്‍ സര്‍വ്വ ശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും ശക്തിപ്പെടുത്തട്ടെ.
തയാറാക്കീയത്‌
റവ. ജോര്‍ജ്ജ്‌ നെല്ലിക്കല്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home