Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ശ്ലീഹാക്കാലം മൂന്നാം ഞായര്‍
Readings: Deuteronomy 1:3-17; Isaiah 1:1-9; 1Corinthians 7:1-7: Luke 10:25-37

ശ്ലീഹാകാലം മൂന്നാം ഞായര്‍

നല്ല സമരിയാക്കാരന്റെ ഉപമയുടെ പശ്ചാത്തലം വി. ലൂക്കായുടെ സുവിശേഷം 10-ാം അധ്യായം 21-ാം വാക്യത്തില്‍ കാണാം. `സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടേയും കര്‍ത്താവായ പിതാവേ.... അങ്ങ്‌ ഇവ ജ്ഞാനികളില്‍ നിന്നും, ബൂദ്ധിമാന്‍മാരില്‍ നിന്നും മറച്ചുവയ്‌ക്കുകയും ശിശുക്കള്‍ക്ക്‌ വെളിപ്പെടുത്തുകയും ചെയ്‌തു......` ദൈവം തന്റെ തിരുമനസ്സ്‌ വെളിപ്പെടുത്തുന്നത്‌ എളിമയുള്ളവര്‍ക്കാണ്‌, വിവേകികള്‍ക്കല്ല. കര്‍ത്താവിന്റെ ഈ പ്രഖ്യാപനത്തെ തുടര്‍ന്ന്‌ അവന്റെ വീക്ഷണത്തിന്റെ അടിസ്ഥാനം എന്തെന്ന്‌ അവനെകൊണ്‌ട്‌തന്നെ പറയിക്കാനും, സാധിക്കുമെങ്കില്‍ അവനെ കുറ്റം വിധിക്കാനും ആഗ്രഹിച്ചുകൊണ്‌ട്‌ ഒരു നിയമപണ്ഡിതന്‍ ഇപ്രകാരം അവനോട്‌ ചോദിച്ചു. `നിത്യ ജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം?` നിത്യ ജീവന്‍ അവകാശമാക്കാന്‍ എന്തുചെയ്യണമെന്ന്‌ വാസ്‌തവത്തില്‍ അവന്‌ അറിയാം. കാരണം അവന്‍ ദൈവീക നിയമത്തെക്കുറിച്ച്‌ അറിവുള്ളവനാണ്‌. എന്നാല്‍ ഇക്കാര്യത്തില്‍ കര്‍ത്താവിന്റെ വീക്ഷണം എന്താണെന്നാണ്‌ അവനറിയേണ്‌ടത്‌. ഇപ്രകാരമുള്ള ചോദ്യങ്ങള്‍ യഹൂദര്‍ പലപ്പോഴും കര്‍ത്താവിനോട്‌ ചോദിച്ചിരുന്നു. അപ്പോഴെല്ലാം തെറിക്കുത്തരം മുറിപ്പത്തല്‍ എന്ന മനോഭാവം അവിടുന്ന്‌ സ്വീകരിക്കുന്നതും കാണാം. ഉദാഹരണമായി സീസറിനുള്ള നികുതിയെക്കുറിച്ചുള്ള ചോദ്യമോ (മത്താ 22:1718), വിവാഹ മോചനത്തെക്കുറിച്ചുള്ള ചോദ്യമോ (മത്താ 19:3) പുനരുദ്ധാനത്തെക്കുറിച്ചുള്ള ചോദ്യമോ (മത്താ 22:23-32) സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അടയാളത്തെ കുറിച്ചുള്ള ചോദ്യമോ (മത്താ. 16:1), പാപിനിയെ കല്ലെറിയുന്നതിനെക്കുറിച്ചുള്ള ചോദ്യമോ (യോഹ 8:6) കാണുക.

ഇപ്രാവശ്യം, നിയമജ്ഞന്‌ അറിയാവുന്ന നിയമത്തില്‍ എന്തുപറയുന്നു എന്ന്‌ കര്‍ത്താവ്‌ അവനെക്കൊണ്‌ട്‌ തന്നെ പറയിച്ചു. `അവന്‍ പറഞ്ഞു, നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും.... സ്‌നേഹിക്കുക, നിന്റെ അയല്‍ക്കാരനെ നിന്നെ പോലെയും`. ഇപ്രകാരം ദൈവത്തിനെയും മനുഷ്യനെയും സ്‌നേഹിക്കുക നിത്യജീവിതത്തിന്‌ ആവശ്യമാണെന്ന്‌ അവന്‍ കര്‍ത്താവിനെ അറിയിച്ചു. അവനോട്‌ കര്‍ത്താവ്‌ `നീയും പോയി അതുപോലെ ചെയ്യുക` എന്നല്ലാതെ മറ്റൊന്നും പറഞ്ഞില്ല. കര്‍ത്താവിനെ ഉത്തരം മുട്ടിക്കുക എന്ന തന്റെ ലക്ഷ്യം നടക്കാതെ പോയ നിയമജ്ഞന്‍ നിയമത്തെക്കുറിച്ച്‌ മറ്റൊരു വിശദീകരണമാണ്‌ അടുത്തതായി ചോദിക്കുന്നത്‌. `ആരാണ്‌ എന്റെ അയല്‍ക്കാരന്‍:. നിയമം പഠിപ്പിക്കുന്നതനുസരിച്ച്‌ യഹൂദന്‌ യഹൂദന്‍ മാത്രമാണ്‌ അയല്‍ക്കാരന്‍. ഈ ചോദ്യത്തിനുത്തരം ഒരു കഥയാണ്‌. കഥ പറഞ്ഞതിനുശേഷം അവന്റെ ചോദ്യത്തിനുള്ള ഉത്തരം അവനെകൊണ്‌ട്‌ തന്നെ കര്‍ത്താവ്‌ പറയിക്കും.

ജറുസലേമില്‍ നിന്ന്‌ ജറിക്കോയിലേക്ക്‌ പോയ മനുഷ്യന്‍ ആരായിരുന്നു എന്ന്‌ വചനം പറയുന്നില്ല. അത്‌ ആരും ആകാം. അവന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യം മാത്രമെ കര്‍ത്താവ്‌ കണക്കിലെടുക്കുന്നുള്ളൂ. അവന്റെ അവിവേകത്തിന്റെ പേരില്‍ കുറ്റം വിധിക്കുന്നുമില്ല. ആവശ്യക്കാരനായിത്തീര്‍ന്ന അവനില്‍ ക്രിസ്‌തുവിന്റെ മുഖം കാണണമെന്നു മാത്രമെ അവിടുന്ന്‌ ആഗ്രഹിക്കുന്നുള്ളു (മത്താ. 25:31-46).

ആ വഴിയെ വന്ന പുരോഹിതന്‍ നിയമങ്ങള്‍ എല്ലാം പഠിച്ചവനാണ്‌. അര്‍ദ്ധ നഗ്നനും, അവശനുമായ ആ മനുഷ്യനെ കണ്‌ടപ്പോള്‍ പെട്ടെന്ന്‌ തനിക്ക്‌ രക്ഷപ്പെടാന്‍ കഴിയുന്ന നിയമമാണ്‌ അയാള്‍ക്ക്‌ ഓര്‍മ്മ വന്നത്‌. പുരോഹിതന്‌ മൃതശരീരം സ്‌പര്‍ശിക്കാന്‍ അനുവാദം ഇല്ല (ലേവ്യ 21:11, എസക്കി 44:25). അവന്‌ ഈ പ്രശ്‌നത്തില്‍ ഇടപെടാതിരിക്കാന്‍ മാത്രം ന്യായമുണ്‌ട്‌. മാത്രമല്ല ഈ കള്ളന്‍മാര്‍ ഒരു വസ്‌ത്രത്തിനുവേണ്‌ടിപോലും കൊള്ളയടിക്കുന്നവരാണ്‌. അവര്‍ അവിടെ പതിയിരിക്കുന്നുണ്‌ടെങ്കില്‍ തന്റെ ഭവനം അനാഥമാകും. ഇങ്ങനെയെല്ലാം ചിന്തിച്ചതുകൊണ്‌ടായിരിക്കാം ഈ സംഭവം കണ്‌ടില്ലെന്ന മട്ടില്‍ അയാള്‍ മറുവഴിയെ കടന്നുപോയത്‌. നിയമം പഠിച്ച പുരോഹിതനും അതുപോലെതന്നെ ലേവായനും അത്‌ നല്‌കുന്ന ആനുകൂല്യമാണ്‌ മന:പാഠമാക്കിയിരുന്നത്‌.

പിന്നാലെ വന്നത്‌ ഒരു സമരിയാക്കാരനായിരുന്നു. നിയമജ്ഞനെ സംബന്ധിച്ചിടത്തോളം അവന്‍ താഴ്‌ന്ന ജാതിക്കാരനും അജ്ഞനുമാണ്‌ (2രാജാ 17:24-28). അപകടത്തില്‍പ്പെട്ട മനുഷ്യന്റെ സമീപത്തുവന്ന സമറിയാക്കാരന്റെ മന:സ്സലിഞ്ഞു. അജ്ഞനം ബലഹീനനും നിയമത്തെ സംബന്ധിച്ച്‌ ശിശുവായ അവന്‌ ദൈവം തന്റെ ഹിതം വെളിപ്പെടുത്തി. അവനാണ്‌ അപകടത്തില്‍പെട്ടവന്‌ അയല്‍ക്കാരനായിത്തീര്‍ന്നുവെന്ന്‌ നിയമജ്ഞന്‌ കര്‍ത്താവിനോട്‌ ഏറ്റുപറയേണ്‌ടി വന്നു. അവന്റെ അറിവിന്റെ അഹങ്കാരം ഉരുകിപ്പോയിരിക്കണം.

ദൈവത്തിന്റെ ഹിതമറിഞ്ഞ സമരിയാക്കാരന്റെ സ്‌നേഹത്തിന്‌ മൂന്ന്‌ സവിശേഷതകളാണുള്ളത്‌:

(1) അത്‌ കരുണയും സഹാനുഭൂതിയുള്ളതാണ്‌. കരുണ തോന്നിയതുകൊണ്‌ടാണ്‌ അയാള്‍ അപകടത്തില്‍പ്പെട്ട മനുഷ്യനെ സഹായിക്കാന്‍ തയ്യാറായത്‌. ക്രിസ്‌തീയ സ്‌നേഹം വെറും വികാര പ്രകടനത്തിലോ ആശയപ്രഘോഷണത്തിലോ ഒതുങ്ങി നില്‌ക്കുന്നതല്ല. ഒരു ഉപമ പറയാം:

ഒരു ദിവസം ഒരു പുരോഹിതന്‍ ജോറീക്കോറോഡ്‌്‌ കാണാന്‍ പോയി മരിക്കാറായിക്കിടക്കുന്ന ആ മനുഷ്യനെക്കണ്ട ഭക്തനായ ആ പുരോഹിതന്‍ അവന്‌ അന്ത്യകൂദാശ കൊടുക്കുകയും സമാധാനത്തോടെ തിരികെപ്പോവുകയും ചെയ്‌തു. തുടര്‍ന്ന്‌ ജെറിക്കോ റോഡ്‌ സന്ദര്‍ശിച്ച പ്രോട്ടസ്‌റ്റന്റ്‌ പാസ്റ്റര്‍ മരിക്കാറായിക്കിടക്കുന്ന മനുഷ്യനെക്കണ്‌ട്‌ ഭയപ്പെട്ടുപോയി. അയാള്‍ തിരികെവന്ന്‌ അടുത്ത ഞായറാഴ്‌ച സഹനത്തെക്കുറിച്ചുള്ള ബൈബിളിന്റെ കാഴ്‌ചപ്പാടിനെക്കുറിച്ച്‌ ഒരുങ്ങി ഒരു ക്ലാസ്സെടുത്തു. ഈ ക്ലാസ്സില്‍ പാവപ്പെട്ടവര്‍ സഹിക്കുന്ന ക്ലേശങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു. ജെറിക്കോ സംഭവത്തെക്കുറിച്ച്‌ കേട്ട ഒരു പുതുസെക്ട്‌കാരന്‍ സ്ഥലം കാണാന്‍ പോയില്ല. അയാള്‍ കുറച്ച്‌ പേരെ സംഘടിപ്പിച്ച്‌ ജറീക്കോ റോസിനെക്കുറിച്ച്‌ ഒരു ഗാനശുശ്രൂഷ നടത്തി, സന്തുഷ്ടനായി. ജെറീക്കോ റോസിനെക്കുറിച്ച്‌ കേട്ട വിപ്ലവകാരനും സ്ഥലം സന്ദര്‍ശിക്കാന്‍ പോയില്ല. അവന്‍ ആളുകളെ സംഘടിപ്പിച്ച്‌ മെയിന്‍ റോഡിലൂടെ ഒരു ജാഥ നടത്തി പ്രതിഷേധിച്ചു. എല്ലാവരും തങ്ങളുടെ പഠനം വേണ്‌ടെന്നു വയ്‌ക്കണമെന്നും സ്‌കൂളുകള്‍ അടയ്‌ക്കണമെന്നും അയാള്‍ കുട്ടികളെ ഉപദേശിച്ചു.
ജെറിക്കോ സംഭവത്തെക്കുറിച്ച്‌ കേട്ട ഒരു രാഷ്‌ട്രീയക്കാരന്‍ തിരിച്ച്‌ വന്ന്‌ മനുഷ്യന്‌ ജീവിക്കാന്‍ പറ്റാത്ത ഇന്നത്തെ അവസ്ഥയെക്കുറിച്ച്‌ പ്രസംഗിക്കുകയും എല്ലാവരുടെയും ജീവിത നിലവാരമുയര്‍ത്തി അക്രമം അവസാനിപ്പിക്കാമെന്നു പറഞ്ഞുകൊണ്‌ട്‌ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. ധനവാന്മാരുടെ നികുതി കുറച്ചാല്‍ കൂടുതല്‍ മൂലധന നിക്ഷേപമുണ്‌ടാകുമെന്നും, അപ്പോള്‍ കൂടുതല്‍ ജോലി സാധ്യതകള്‍ ഉയരുമെന്നും, അങ്ങനെ എല്ലാവരുടെയും നില മെച്ചപ്പെടുമെന്നുമായിരുന്നു അയാളുടെ വാദം. ഇപ്രകാരം എല്ലാവരും ജറിക്കോ റോസിനെക്കുറിച്ച്‌ സംസാരിച്ചിരിക്കെ ആരുടെയും പരിചരണം ലഭിക്കാതെ ജറീക്കോ റോസില്‍ക്കിടന്ന മനുഷ്യന്‍ മരിച്ചു.

(2) സമരിയാക്കാരനിലൂടെ വെളിവാകുന്ന ക്രിസ്‌തീയ സ്‌നേഹം സഹോദരനെ സംരക്ഷിക്കുന്നതിന്‌ ഒരുവനെ പ്രേരിപ്പിക്കുന്നതാണ്‌ (34-ാം വാക്യം). സമരിയാക്കാരന്‍ അയാളെ വച്ചുകെട്ടി, തന്റെ കഴുതയുടെ പുറത്ത്‌ കയറ്റി, തനിക്ക്‌ പരിചയമുള്ള ഒരു സത്രത്തില്‍ കൊണ്‌ടു വരികയും ആ ദിവസം തന്റെ ജോലികളെല്ലാം മാറ്റിവച്ചുകൊണ്‌ട്‌ അയാളെ പരിചരിക്കുകയും ചെയ്‌തു. സഹാനുഭൂതി സംരക്ഷണ മനോഭാവത്തിലേയ്‌ക്ക്‌ നയിക്കും. കഴിഞ്ഞ മെയ്‌ പതിനൊന്നാം തീയ്യതി നമ്മുടെ ദിന പത്രങ്ങളില്‍ വന്ന ഗോവക്കാരനായ ഫാ. തോമസ്‌ ഫെര്‍ണാഡസിന്റെ ധീരകഥ നാമെല്ലാം വായിച്ചതാണ്‌. ജലത്തില്‍ മുങ്ങിത്താണ തന്റെ സഹോദരങ്ങളെ രക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതിനുവേണ്‌ടി സ്വന്തം ജീവന്‍ വിലയായി നല്‌കേണ്‌ടിവന്നുവെന്നുമാത്രം.

(3) സമരിയാക്കാരനിലൂടെ വെളിവാകുന്ന ക്രിസ്‌തീയ സ്‌നേഹം ചിലവേറിയതാണ്‌. സമരിയാക്കാരന്‍ തനിക്കുള്ള എണ്ണയും വീഞ്ഞുമൊഴിച്ചാണ്‌ അയാളെ വച്ചു കെട്ടിയത്‌. തന്റെ കഴുതപ്പുറത്താണയാളെ കൊണ്‌ടുപോയത്‌. അതിനുശേഷം സത്രത്തില്‍ അയാള്‍ക്കാവശ്യമായത്‌ നല്‌കിയെന്നുമാത്രമല്ല ബാക്കിയെന്തെങ്കിലും ആവശ്യമായി വന്നാല്‍ കൊടുക്കാനയാള്‍ തയ്യാറായിരുന്നു. ക്രിസ്‌തീയ സ്‌നേഹം പ്രവര്‍ത്തികമാക്കുന്നതിനുവേണ്‌ടി എന്തുമാത്രം ചിലവു ചെയ്യണമെന്ന്‌ തീരുമാനിക്കുന്നത്‌ ആവശ്യക്കാരന്റെ അവസ്ഥയും ആവശ്യവുമാണ്‌.

നല്ല സമരിയാക്കാരന്റെ ഉപമയെക്കുറിച്ച്‌ വായിക്കാനും, ചിന്തിക്കാനും ധ്യാനിക്കാനും ചര്‍ച്ച ചെയ്യാനും എളുപ്പമാണ്‌. എന്നാല്‍ ദൈവം കണ്‍മുന്‍പില്‍ കൊണ്‌ടുവരുന്ന പരസ്‌നേഹ പ്രവൃത്തി ആവശ്യമായ അവസരങ്ങളില്‍ നാമെങ്ങനെ പ്രതികരിക്കുന്നുവെന്നാണ്‌ ചിന്തിക്കേണ്‌ടത്‌. സഹോദരരില്‍ ക്രിസ്‌തുവിനെ ദര്‍ശിച്ചുകൊണ്‌ട്‌ അവര്‍ക്ക്‌ ശുശ്രൂഷ ചെയ്യുക ആവശ്യമായി വരുന്ന അവസരങ്ങളില്‍ നമുക്കാവശ്യമായ ദൈവീക ശക്തിയ്‌ക്കും ധൈര്യത്തിനും വേണ്‌ടി നമുക്ക്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.

ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Sermon 2010 Download 

Sermon 2009

നയ്യാമികമായി മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന യഹൂദ സമൂഹത്തിന്റെ പ്രതിനിധിയാണ്‌ ഇന്നത്തെ സുവിശേഷത്തില്‍ നാം കണ്‌ടുമുട്ടുന്ന നിയമജ്ഞന്‍. നിയമത്തിലുളള കടുംപിടുത്തങ്ങള്‍ സാഹോദര്യത്തിന്റെ ഭാവങ്ങളെ അവരില്‍ നിന്ന്‌ അകറ്റികളഞ്ഞു. ഞാനും എന്റെ ദൈവവും മാത്രം എന്ന അപൂര്‍ണ്ണവും അടിസ്ഥാനരഹിതവുമായ കാഴ്‌ചപാടിലേയ്‌ക്ക്‌ യഹൂദ സമൂഹം എത്തിചേര്‍ന്നു. അതുകൊണ്‌ടുതന്നെ ആരാണ്‌ എന്റെ ദൈവം എന്നതല്ല, മറിച്ച്‌ ആരാണ്‌ എന്റെ അയല്‍ക്കാരന്‍ എന്നതാണ്‌ അയാളുടെ സംശയം. നിന്റെ സഹോദരന്‍ എവിടെ എന്ന്‌ ചോദിക്കുന്ന ദൈവത്തെ പ്രസാദിപ്പിക്കുവാന്‍, സഹോരന്‍ ആരെന്ന്‌, അയല്‍ക്കാരന്‍ ആരെന്ന്‌ അറിയാത്തവന്‌ എങ്ങനെ കഴിയും
ഈശോയെ പരിക്ഷിക്കുവാനാണ്‌ നിയമജ്ഞന്‍ ഈ ചോദ്യം ചോദിച്ചത്‌- ആരാണ്‌ എന്റെ അയല്‍ക്കാര്‍? യഹൂദന്‌ യഹൂദന്‍മാത്രമായിരുന്നു അയല്‍ക്കാരന്‍. സമറിയാക്കാരെയും വിജാതിയരേയുമൊക്കെ അവര്‍ അയല്‍ക്കാരായി ഗണിച്ചിരുന്നില്ലെന്നുമാത്രമല്ല ശത്രുതയോടെ പെരുമാറുകയും ചെയ്‌തിരുന്നു. എല്ലാവരെയും സ്‌നേഹിക്കണം എന്ന്‌ പഠിപ്പിക്കുന്ന യഹൂദനായ ഈശോ ഈ നിയമത്തെ (യഹൂദ കാഴ്‌ചപ്പാടിനെ) എങ്ങനെ വ്യാഖ്യാനിക്കും എന്നറിയാനാണ്‌ അയാള്‍ ഇപ്രകാരം ഒരു ചോദ്യം ഉന്നയിച്ചത്‌. നല്ല സമറിയാക്കാരന്റെ ഉപമയായിരുന്നു ഈശോ നല്‌കിയ മറുപടി. എന്നിട്ട്‌ ഈശോ നിയമജ്ഞന്റെ ചോദ്യത്തിനുളള ഉത്തരം അയാളെക്കൊണ്‌ടുതന്നെ പറയിപ്പിച്ചു.
അയല്‍ക്കാരനെ സ്‌നേഹിക്കണം എന്ന ദൈവീക നിയമത്തോട്‌ യഹൂദര്‍ കൂട്ടിച്ചേര്‍ത്ത നിയമമാണ്‌ ആരൊക്കെയാണ്‌ അയല്‍ക്കാര്‍ എന്നുളളത്‌. ഈ മാനുഷിക നിയമത്തിന്റെ വൈകല്ല്യം ഈശോ കാട്ടികൊടുക്കുകയാണ്‌ ചെയ്യുന്നത്‌. അയല്‍ക്കാരനാരെന്നു നിയമംകൊണ്‌ടു നിര്‍വ്വചിക്കാനാവില്ലെന്നും ആവശ്യങ്ങളില്‍ അടുത്തെത്തുന്നവരാണ്‌ അയല്‍ക്കാരായി ഭവിക്കുന്നതെന്നും ഈശോ പഠിപ്പിക്കുന്നു.
നല്ല സമറിയാക്കാരന്റെ ഉപമ നമ്മുടെ ജീവിതത്തോടു ചേര്‍ത്തുവെച്ചു ധ്യാനിക്കപ്പെടണം.
നാം സ്വന്തമെന്നും പ്രിയപ്പെട്ടവരെന്നും കരുതുന്നവരായിരിക്കില്ല, മറിച്ച്‌ നാം കൊളളരുതാത്തവരെന്നും വെറുക്കപ്പെട്ടവരെന്നും കരുതി മാറ്റിനിര്‍ത്തിയവരായിരിക്കും ആവശ്യങ്ങളില്‍ നമുക്ക്‌ ഒരു കൈസഹായമായിത്തിരുക. അതുകൊണ്‌ടു എല്ലാവരെയും ഉള്‍കൊളളാന്‍ കഴിയുന്ന, എല്ലാവര്‍ക്കും ഇടമുളള, എല്ലാവരെയും അയല്‍ക്കാരായി ഗണിക്കുന്ന ഒരു ഹൃദയം നാം രൂപപ്പെടുത്തണം.
അളവില്ലാതെ സ്‌നേഹിക്കാനാവുന്ന അയല്‍ക്കാരനാവാനും നമുക്കാവണം. മററുളളവര്‍ക്കുവേണ്ടി സ്വയം നഷ്ടപ്പെടാനും സ്വന്തമായിട്ടുളളത്‌ നഷ്ടപ്പെടുത്താനും കഴിയുമ്പോഴാണ്‌ നമുക്ക്‌ നല്ല അയല്‍ക്കാരനാവാനാവുക. പരിതികളും പരിമിതികളും ഇല്ലാതെ സ്‌നേഹിക്കാനാവുമ്പോള്‍ നല്ല സമറിയാക്കാരന്‍ നമ്മില്‍ പുനര്‍ജീവിക്കും.
ജീവിതയാത്രയില്‍ പലകാരണങ്ങള്‍കൊണ്ടും നിസ്സഹായരായ, തളര്‍ന്നവശരായ അനേകമാളുകള്‍ നമുക്ക്‌ ചുറ്റിലും ഉണ്‌‌ടു‌ എന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. നമ്മുടെ സ്വാര്‍ത്ഥ മോഹങ്ങളും തന്നിഷ്ടങ്ങളുമൊക്കെ അവരെ കണ്ടില്ലെന്നു നടിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇങ്ങനെ നിസ്സഹായരായവര്‍ നമ്മുടെ അയല്‍പക്കങ്ങളിലുണ്ടാവും, ചിലപ്പോള്‍ നമ്മുടെ വിടുകളില്‍ തന്നെയുണ്ടാവും. സ്‌നേഹം ലഭിക്കാത്ത മക്കളും പരിഗണന ലഭിക്കാത്ത മാതാപിതാക്കളും ആശ്വാസം ലഭിക്കാത്ത ഭാര്യയും അംഗികാരം ലഭിക്കാത്ത ഭര്‍ത്താവുമൊക്കെ ഇവരില്‍പ്പെടും. അതിനാല്‍ ഇവര്‍ക്കുമന്‍പില്‍ ഇന്നുമുതല്‍ നല്ലശമറായനാകാന്‍ എനിക്കാവണം. മക്കള്‍ക്കുവേണ്ടുന്ന സ്‌നേഹം നല്‍കുമ്പോള്‍ മതാപിതാക്കളെ പരിഗണിക്കുമ്പോള്‍ ഭാര്യയെ ആശ്വസിപ്പിക്കുമ്പോള്‍ ഭര്‍ത്താവിനെ അംഗികരിക്കുമ്പോഴുമൊക്കെ നാം നല്ല സമറിയാക്കാരനാവുകയാണ്‌.
മനുഷ്യജീവിതത്തെ ജറുസലേമില്‍ നിന്നും ജറിക്കോയിലേക്കുളള യാത്രയോട്‌ നമുക്ക്‌ ഉപമിക്കാം. ഈ ജീവിതയാത്ര ഏകാകിയായി നടന്നുതിര്‍ക്കാമെന്ന വ്യാമോഹം നമുക്ക്‌ പാടില്ല. എത്രയോപേരുടെ താങ്ങും തണലുമാണ്‌ ഈ ജീവിതയാത്രയില്‍ നമുക്കാശ്വാസമായത്‌. അവരോടൊക്കെ ഹൃദയപൂര്‍വ്വം നന്ദിയുളളവരാകാം. ഒറ്റക്ക്‌ യാത്രപുറപ്പെട്ടു എന്നതാണ്‌ ഉപമയിലെ ദഹൂദര്‍ അപകടത്തില്‍പെടാനുണ്ടായ ഏക കാരണം. അതുകൊണ്ട്‌ സാഹോദര്യത്തിന്റെ കരം പിടിച്ച്‌ ഈ ജീവിതയാത്രയില്‍ മുന്നേറാം.
ഈ ജീവിതയാത്രയില്‍ നല്ല സമറിയാക്കാരനായി സഭയും നമ്മോടൊപ്പമുണ്ട്‌. അത്മീയവും ഭൗതികവുമായ മേഖലകളില്‍ നാം പരുതുമ്പോള്‍ സൗഖ്യമേകുന്ന ലേപനവും എണ്ണയും പേറി സഭാമാതാവ്‌ നമ്മുടെ ചാരത്തുണ്ട്‌. കൂദാശകളിലൂടെ ആത്മീയമായി നമ്മെ സഹായിക്കുകയും നന്മയിലും സത്യത്തിലും ധാര്‍മ്മിക മൂല്ല്യങ്ങളിലും അടിയുറച്ച്‌ വളരുവാന്‍ സഭാമാതാവാകുന്ന സമറായന്‍ നമ്മോടൊപ്പമുണ്ട്‌. അതിനാല്‍ സഭയോട്‌ ചേര്‍ന്ന്‌ സഹോദരോടൊപ്പം നമുക്ക്‌ ജീവിതയാത്ര തുടരാം ഒപ്പം അവശ്യങ്ങളില്‍ ഓടിയെത്തുന്ന നല്ല സമറായനുമാകാം.


തയാറാക്കിയത്‌
റവ. ഡി. പോള്‍ പിടിയേക്കല്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download Sleeha III Sunday 2009 

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home