Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ശ്ലീഹാക്കാലം ആറാം ഞായര്‍
Readings: Deuteronomy 4:1-10; Isaiah 2:1-19; 1Corinthians 10:23-31; Luke 12:57-13:9

മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും വലിയ പാപമായി പഴയനിയമ ഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുന്നത്‌ വിഗ്രഹാരാധനയാണ്‌. ഇസ്രായേല്‍ ജനത്തോടൊത്ത്‌ കാനാനില്‍ ജീവിച്ചിരുന്ന മറ്റ്‌ ജനതകള്‍ അവരവരുടെ ദൈവങ്ങളെ ആരാധിച്ചു വന്നു. അവരുടെ മധ്യേ ജീവിച്ചു വന്ന ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം പൊതുജനശ്രദ്ധ നേടിയ ഇത്തരം ദൈവങ്ങളുടെ പിന്നാലെ പോകാനുള്ള വലിയ പ്രലോഭനമുണ്‌ടായിരുന്നു (ഇന്നു നമുക്കിടയില്‍ ഉയര്‍ന്നുവരുന്ന സിദ്ധന്‍മാരെ തേടുന്ന ജനത്തെപ്പോലെ). ഈ പ്രലോഭനത്തെ അതിജീവിക്കാന്‍ ജനത്തെ പഠിപ്പിക്കുക എന്നതായിരുന്നു ഇസ്രയേലിലെ ആദ്യകാല മതനേതാക്കന്മാരുടെ ഏറ്റവും പ്രധാന ജോലി. ഈ ചരിത്ര യാഥാര്‍ത്ഥ്യം സീനായ്‌ മരുഭൂമിയില്‍ അനാവരണം ചെയ്യപ്പെടുന്നത്‌ കാണാം. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട മോശ മലമുകളില്‍ ദൈവസന്നിധിയില്‍ ഉപവാസമിരുന്ന്‌ `നിന്റെ ദൈവമമായ കര്‍ത്താവ്‌ ഞാനാണ്‌, ഞാനല്ലാതെ മറ്റൊരു ദൈവവും നിനക്കുണ്‌ടാവരുത`എന്ന കല്‌പന ദൈവത്തില്‍നിന്നും ഏറ്റുവാങ്ങുമ്പോള്‍, അതേ മലയുടെ ചുവട്ടില്‍ മോശയെയും ദൈവത്തെയും കാത്തിരുന്ന ജനം തങ്ങളുടെ വലിയ സമ്പാദ്യങ്ങളെല്ലാം ചിവലഴിച്ചുകൊണ്‌ട്‌ ഒരു കാളക്കുട്ടിയെ ഉണ്‌ടാക്കി, അതിനെ നോക്കി `ഇസ്രായേലേ, ഇതാ നിങ്ങളുടെ ഈജിപ്‌തില്‍ നിന്നുകൊണ്‌ടുവന്ന ദേവന്മാര്‍` എന്നുപറയുന്നു (പുറ 32:4, 8). വിഗ്രഹാരാധകരായിത്തീര്‍ന്ന ഈ ജനത്തെ പൂര്‍ണ്ണമായും നശിപ്പിച്ചു കഴയാനാണ്‌ ദൈവം ആഗ്രഹിച്ചത്‌ (32:10). വിഗ്രഹാരാധനയോടുള്ള ദൈവത്തിന്റെ ഈ മനോഭാവം പഴയ നിയമത്തിലുടയോളം കാണാം. അതിനോടുള്ള പ്രതികരണമാണ്‌ ആദ്യത്തെ മൂന്ന്‌ പ്രമാണങ്ങള്‍: കര്‍ത്താവല്ലാതെ മറ്റൊരു ദൈവമില്ല; ആരാധനയ്‌ക്കായി ഒരു പ്രതിമയും ഉണ്‌ടാക്കിക്കൂടാ; കര്‍ത്താവ്‌ കല്‌പിച്ച സാമ്പത്ത്‌ ആചരിക്കപ്പെടണം.

വിഗ്രഹാരാധനയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ സംസാരിച്ചവരാണ്‌ പ്രധാന പ്രവാചകന്മാരെല്ലാം തന്നെ. അതില്‍ പ്രമുഖനാണ്‌ ഹോസിയ. ഇസ്രായേല്‍ എപ്രകാരം അന്യദേവന്മാരുടെ പുറകെ പോയി എന്ന്‌ ജനത്തെ പഠിപ്പിക്കാന്‍ അദ്ദേഹം സ്വന്തം ജീവിതം പൂര്‍ണ്ണമായി സമര്‍പ്പിച്ചു. വിഗ്രഹാരാധന വേശ്യാവൃത്തിയാണെന്ന്‌ പ്രഘോഷിച്ച ഹോസിയ തന്റെ ജീവിതത്തിലൂടെ ഇസ്രായേലിനെ സ്വന്തജനമായി കണക്കാക്കാന്‍ ആഗ്രഹിച്ച ദൈവത്തിന്റെ ചിത്രം വരച്ചു കാട്ടി. അതിനായിട്ടാണ്‌ പ്രവാചകന്‍ ഒരു വേശ്യയെ വിവാഹം കഴിച്ചതും (ഹോസി 1) വ്യഭിചാരിണിയെ സ്‌നേഹിച്ചതും (ഹോസി 3 - 4).

ജെറമിയായും എസക്കിയേലും രണ്‌ടാം എശയ്യായും പോലുള്ള പ്രവാചകന്മാരുടെ നിരന്തരപരിശ്രമഫലമായിട്ടാണ്‌ വിഗ്രഹാരാധനയെ ഇസ്രായേലില്‍നിന്ന്‌ സാവധാനം ഉത്മൂലനം ചെയ്യാന്‍ കഴിഞ്ഞത്‌. വിപ്രവാസകാലശേഷം ബാബിലോണില്‍ നിന്ന്‌ തിരികെ വന്ന ജനത്തെ വിഗ്രഹാരാധനയില്‍നിന്ന്‌ വിമോചിപ്പിക്കാന്‍ മാനുഷിക പരിഗണനപോലുമില്ലാത്ത നവീകരണകര്‍മ്മങ്ങള്‍ എസ്രായും നെഹാമിയായും നടത്തുന്നത്‌ കാണാം (എസ്ര 10; നെഹ 9). ഇപ്രകാരം വളരെ കാലത്തെ പരിശ്രമഫലമായാണ്‌ വിഗ്രഹാരാധന ഇസ്രയെലില്‍ നിന്നും ഉന്മുലനം ചെയ്യപ്പെട്ടത്‌. ആ മത പശ്ചാത്തലത്തിലാണ്‌ ദൈവരാജ്യത്തിന്റെ മാനവിക ഭാവമായ ക്രിസ്‌തു ജനിച്ചു വീണത്‌.

പഴയ നിയമത്തിലെ വിഗ്രഹാരാധനയ്‌ക്ക്‌ സമാനമായി പുതിയ നിയമം അവതരിപ്പിക്കുന്ന ഏറ്റവും വലിയ പാപമെന്നത്‌ മാനസാന്തരത്തിന്റെ അഭാവമാണ്‌. മറ്റ്‌ വാക്കുകളില്‍പ്പറഞ്ഞാല്‍ മനുഷ്യന്‍ ജീവിക്കുന്ന ദൈവവചനമാവശ്യപ്പെടുന്ന കാര്യങ്ങള്‍ക്ക്‌ ചെവികൊടുക്കുന്നതിന്‌ പകരം മറ്റ്‌ ആശയങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ഭക്താനുഷ്‌ഠാനങ്ങളുടെയും അരാധകരായി മാറുന്നു. ഇവയൊന്നും മനുഷ്യനെ ദൈവരാജ്യത്തിലേയ്‌ക്കെത്തിക്കുന്നില്ല. ആദ്യ സുവിശേഷമായ മാര്‍ക്കോസിന്റെ സന്ദേശം ആരംഭിക്കുന്നത്‌ സ്‌നാപക യോഹന്നാന്‍ നടത്തുന്ന മാനസാന്തരത്തിനുള്ള ആഹ്വാനത്തോടെയാണ്‌ (മാര്‍ക്കോ 1:4). ഈ സുവിശേഷത്തില്‍ കര്‍ത്താവിന്റെ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതും ജനത്തെ മാനസാന്തരത്തിനാഹ്വാനം ചെയ്‌തുകൊണ്‌ടാണ്‌ (1:15). കര്‍ത്താവ്‌ ശിഷ്യന്മാര്‍ക്ക്‌ നല്‌കിയ സന്ദേശവും അനുതാപവും മാനസാന്തരവും പ്രസംഗിക്കുക എന്നതായിരുന്നു (4:12).

ഈ സന്ദേശം തന്നെയാണ്‌ സമാന്തര സുവിശേഷങ്ങളിലും നാം കാണുന്നത്‌. `അക്കാലത്ത്‌ സ്‌നാപക യോഹന്നാന്‍ യൂദയായിലെ മരുഭൂമിയില്‍ വന്ന്‌ പ്രസംഗിച്ചു; മാനസാന്തരപ്പെടുവിന്‍ സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു` (മത്ത 3:1-2). `അപ്പോള്‍മുതല്‍ യേശു പ്രസംഗിക്കുവാന്‍ തുടങ്ങി... കര്‍ത്താവ്‌ പ്രസംഗിച്ചവ പഠിക്കാനുള്ള കല്‌പന മത്തായി ശിഷ്യന്മാരുടെ ദൗത്യമായി അവതരിപ്പിക്കുന്നുണ്‌ട്‌ (28:20). മാനസാന്തരത്തിന്റേത്‌ തന്നെയാണ്‌ ലൂക്കായും നല്‌കുന്ന സന്ദേശം. `അവന്‍ (യോഹന്നാന്‍) പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്‌ട്‌ യോര്‍ദാനിന്റെ സമീപപ്രദേശത്ത്‌ വന്നു` (ലൂക്ക 3:3). മാനസാന്തരം പ്രസംഗിച്ച കര്‍ത്താവിനെ സ്വന്തം ജനങ്ങള്‍ തിരസ്‌കരിക്കുന്നത്‌ ലൂക്കാ വിശദീകരിക്കുന്നുണ്‌ട്‌ (ലൂക്ക 4:16-30). തന്റെ സുവിശേഷത്തില്‍ ലൂക്ക മാനസാന്തരത്തിന്‌ കൊടുത്ത പ്രാധാന്യമാണ്‌ ഇന്നത്തെ വചനഭാഗം നമ്മോടു പറയുന്നത്‌. `മാനസാന്തരപ്പെടുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും....` (ലൂക്ക 12:59; 13:3, 5). സുവിശേഷകന്‍ കര്‍ത്താവിന്റെ സന്ദേശമായി ശിഷ്യന്മാര്‍ക്ക്‌ നല്‌കുന്നത്‌ മാനസാന്തരം പ്രസംഗിക്കാനുള്ള ആഹ്വാനമാണ്‌. `പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തില്‍ ജറുസലേമില്‍ ആരംഭിച്ച്‌ എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്‌ടിയിരിക്കുന്നു` (24:47). `ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കപ്പെടണമെന്ന്‌ അവിടുന്ന്‌ ആജ്ഞാപിക്കുന്നു` (അപ്പ 17:30).

എന്താണ്‌ അനുതാപത്തിലുള്ള ഈ ആഹ്വാനത്തിന്റെ പശ്ചാത്തലം? `കൂടെയിരുന്ന്‌ ചൂടുപിടിക്കുക` എന്നതാണ്‌ അനുതാപത്തിന്റെ അര്‍ത്ഥം (അനു+തപിക്കുക). പ്രവാചകന്മാരുടെ നിരന്തരമായ പരിശ്രമഫലമായി അനുതപിച്ച പഴയ നിയമ ജനത ദൈവത്തോടൊത്തിരുന്ന്‌ ചുടുപിടിച്ച്‌ ദൈവത്തിന്റെ സ്വന്തമായിത്തീര്‍ന്നു. അതിനുശേഷം തങ്ങളുടെ വിശ്വാസത്തിനെതിരെ ആഞ്ഞടിച്ച പല കൊടുങ്കാറ്റുകളും അതിജീവിക്കാന്‍ അവര്‍ പ്രാപ്‌തരായിത്തീര്‍ന്നു. അപ്രകാരമുള്ള വിശ്വാസ പോരട്ടത്തിന്റെ ചരിത്രമാണ്‌ പഴയനിയമകാലഘത്തിനവസാനം രചിക്കപ്പെട്ട മക്കബായരുടെയും ദാനിയേലിന്റെയും പുസ്‌തകങ്ങള്‍ നമുക്ക്‌ നല്‌കുന്നത്‌.

ദൈവം പൂര്‍വ്വ പിതാക്കളിലൂടെ നല്‌കിയ വിശ്വാസം, പില്‍ക്കാലത്ത്‌ ഇസ്രായേല്‍ സ്വന്തമാണെന്ന്‌ അഭിമാനിക്കുകയും നിയമത്തിലെ അക്ഷരങ്ങള്‍ക്ക്‌ മാത്രം പ്രാധാന്യം നല്‌കുകയും ചെയ്‌തു. അപ്പോള്‍ ദൈവവചനത്തിനു പോലും ആ വിശ്വാസ സംഹിതയെ മാറ്റിയെഴുതാന്‍ കഴിയാത്ത മാനവിക ഭാവങ്ങള്‍ക്ക്‌ അത്‌ വഴിതെളിച്ചു. ഈ കഥയാണ്‌ വി. മ്‌ത്തായി മുന്തിരിത്തോട്ടത്തിലെ ജോലിക്കാരിലൂടെ അവതരിപ്പിക്കുന്നത്‌ (മത്താ 21:33-44). ദൈവം മോശയിലൂടെ വെളിപ്പെടുത്തിയ നിയമവും പഴയ നിയമ കാലഘട്ടത്തിലെ ദൈവീക വെളിപാടുകളും രക്ഷാകര ചരിത്രത്തിലെ ഒന്നാം ഭാഗമേ ആകുന്നുള്ളു. അത്‌ കര്‍ത്താവിന്റെ മുന്തിരിത്തോട്ടമാണ്‌ എന്നാല്‍ അതില്‍ യഥാര്‍ത്ഥ മുന്തിരി (ക്രിസ്‌തു) ഉണ്‌ടായിരിക്കണം. വചനമായ ക്രിസ്‌തു അവതരിച്ചപ്പോള്‍ മുന്തിരിത്തോട്ടം സ്വന്തമാണെന്ന്‌ അഭിമാനിച്ചിരുന്ന ഇസ്രായേല്യര്‍ യഥാര്‍ത്ഥ മുന്തിരിയെ ഉള്‍ക്കൊള്ളാന്‍ അയോഗ്യരായി. അവനെ സ്വീകരിക്കാന്‍ കഴിയണമെങ്കില്‍ അവരില്‍ യഥാര്‍ത്ഥ മാനസാന്തരം ഉണ്‌ടായേ മതിയാവൂ. അതുകൊണ്‌ടാണ്‌ സുവിശേഷകന്മാര്‍ മാനസാന്തരത്തെ ദൈവരാജ്യപ്രാപ്‌തിക്ക്‌ അത്യന്താപേക്ഷിതമായ കാര്യമായി അവതരിപ്പിക്കുന്നത്‌.

എന്താണ്‌ മാനസാന്തരമെന്നത്‌ മുകളില്‍ പറഞ്ഞതില്‍ നിന്നും മനസ്സിലാക്കാം. അത്‌ മനസ്സിന്റെ മാറ്റമാണ്‌. വൈകാരികമായതും, നിമിഷങ്ങളോ ദിവസങ്ങളോ മാത്രം നീണ്‌ടുനില്‍ക്കുന്നതോ ആയ മാറ്റമല്ലത്‌. മനുഷ്യന്റെ ചിന്തകളേയും പ്രവര്‍ത്തികളേയും അടിസ്ഥാനപരമായി മാറ്റിമറിക്കാന്‍ കഴിവുള്ള ഭൗതീകവും മാനസികവുമായ മാറ്റമാണത്‌. ഒരുവന്‌ മാനസാന്തരം സംഭവിച്ചിട്ടുണ്‌ടോ എന്നറിയുന്നത്‌ അവന്റെ പ്രവര്‍ത്തികളില്‍ നിന്നാണ്‌.

- പരമ്പരാഗത സത്യവിശ്വാസികളായ യഹൂദര്‍ക്ക്‌ അടിസ്ഥാനപരമായ ഈ മാറ്റം കൂടാതെ ക്രിസ്‌തുവിനെ അംഗീകരിക്കുവാനോ ദൈവരാജ്യത്തിന്റെ അംഗങ്ങളാകാനോ കഴിയുമായിരുന്നില്ല. അതുകൊണ്‌ട്‌ മാനസാന്തരത്തിനു ചേര്‍ന്ന ഫലം പുറപ്പെടുവിക്കുവിനെന്ന്‌ സ്‌നാപക യോഹന്നാന്‍ പഠിപ്പിച്ചത്‌.

- മാനസാന്തരമെന്നത്‌ പത്ത്‌ പ്രമാണങ്ങള്‍ അനുസരിക്കുന്നതോടൊപ്പം ഭാഗ്യങ്ങളും കര്‍ത്താവിന്റെ മലയിലെ പ്രസംഗവുമൊക്കെ പൂര്‍ണ്ണമായ തുറവിയോടുകൂടി സ്വീകരിക്കാനും (മത്ത 5 7). അവന്റെ സ്‌നേഹത്തിന്റെ പ്രമാണത്തെ (യോഹ 13:34-35) പ്രാവര്‍ത്തികമാക്കാനുമുള്ള സന്നദ്ധതയാണ്‌.

- മാനസാന്തരം കര്‍ത്താവിനോടുകൂടെയിരുന്ന്‌ അവന്റെ വചനത്താല്‍ ചൂടുപിടിക്കലാണ്‌.
- മാനസാന്തരമെന്നത്‌ കര്‍ത്താവിനെ മാത്രം ഗുരുവായി സ്വീകരിക്കാന്‍ എന്നെ പ്രാപ്‌തനാക്കുന്ന മാനസികവും ഭൗതീകവുമായ ചിന്താരീതിയാണ്‌. അതിനെതിരായ തത്വശാസ്‌ത്രങ്ങളും മാനുഷിക ചിന്താരീതികളും `ആത്മീയ` ഉപദേശങ്ങളും പഠനങ്ങളുമെല്ലാം വിഗ്രഹങ്ങള്‍ മാത്രം.
- മാനസാന്തരമെന്നത്‌ സഹോദരനോട്‌ നിങ്ങള്‍ ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ്‌ നിങ്ങളോടും ക്ഷമിക്കുകയില്ലെന്ന്‌ പറഞ്ഞ വചനം പൂര്‍ണ്ണ ഹൃദയത്തോടെ സ്വീകരിക്കുകയും അതനുസരിച്ച്‌ ജീവിത ക്രമീകരണം വരുത്തുകയും എന്നതാണ്‌.

ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download Sermon 2010

Sermon 2009
ജറൂസലേമിലേക്കുളള യാത്രയ്‌ക്കിടയില്‍ ഈശോ നല്‍കുന്ന പ്രബോധനമാണ്‌ ഇന്നത്തെ വചനത്തിലൂടെ നാം ശ്രവിച്ചത്‌. മനുഷ്യപുത്രന്റെ വരവിനായി നിരന്തരം ജാഗരുകരായിരിക്കണമെന്ന ആഹ്വാനത്തെ തുടര്‍ന്ന്‌ കാലത്തിന്റെ അടയാളങ്ങള്‍ വിവേചിച്ചറിയാനുളള പ്രബോധനം നല്‍കുകയാണവിടുന്ന്‌. ലൂക്കായുടെ സുവിശേഷം 12-13 അദ്ധ്യായങ്ങള്‍ ആസന്നമായ വിധിക്കൊരുങ്ങാനുളള ഓര്‍മ്മപ്പെടുത്തലാണ്‌. ഈ വിധിവാചകങ്ങളുടെ ഹൃദയം ദൈവപരിപാലനയിലുളള ആശ്രയവും, ശിരസ്‌ മാനസാന്തരത്തിനുളള ആഹ്വാനവുമാണ്‌. ദൈവസന്നിധിയില്‍ നില്‍ക്കുന്ന മനുഷ്യന്റെ സ്ഥിതി സ്‌പഷ്ടമാക്കാന്‍ പോരുന്നതാണ്‌ വിധിയാളന്റെ പക്കലേക്ക്‌ പോകുന്ന രണ്‌ട്‌ പേരുടെ ഉപമ. വിധിയില്‍നിന്ന്‌ ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ലന്നും ആകയാല്‍ കഴിവതും വേഗം ദൈവവുമായി രമ്യപ്പെടേണ്‌ടിയിരിക്കുന്നുവെന്നും ഈശോ ഓര്‍മ്മിപ്പിക്കുകയാണിവിടെ. ദൈവപരിപാലനയിലുളള ആശ്രയമാണ്‌ മനുഷ്യന്റെ ഏക ശരണമെന്ന്‌ തിരിച്ചറിഞ്ഞ്‌ ദൈത്തിലേക്ക്‌ തിരിച്ചുവരിക എന്നതാണ്‌ വിശ്വാസിയുടെ ധര്‍മ്മമെന്ന്‌ അനുസ്‌മരിപ്പിക്കുകയാണ്‌ വിധിയാളന്‍കൂടിയായ ഈശോ.
ശത്രുവിനോട്‌ വഴിയില്‍വച്ചുതന്നെ രമ്യതപ്പെടണമെന്നും ഇല്ലെങ്കില്‍ അവസാനത്തെ തുട്ട്‌ നല്‍കുന്നതുവരെ അഴിയെണ്ണെണ്‌ടിവരുമെന്നുളള ഗുരുമൊഴി കേട്ടപ്പോഴാണ്‌ പീലാത്തോസിന്റെ നീചകൃത്യങ്ങളെകുറിച്ച്‌ ശ്രോതാക്കളില്‍ ചിലര്‍ പ്രതികരിച്ചത്‌. യാഗമൃഗങ്ങളുമായി തിരുനാളിന്‌ ജറുസലെമിലേക്ക്‌ പോയ ഗലിലേയക്കാരെ പീലാത്തോസ്‌ കൊന്ന സംഭവവും, പുരാതനമായ സീലോഹക്കുളത്തിന്‌ സമീപമുളള പഴയ ഒരു ഗോപുരം ഇടിഞ്ഞ്‌ വീണ്‌ 18 ജറുസലേം നിവാസികള്‍ മരിച്ച സംഭവുമാണ്‌ ഇവിടെ പരാമര്‍ശിക്കുന്നത്‌. യഹൂദസങ്കല്‌പം അനുസരിച്ച്‌ ദുരന്തങ്ങള്‍ പാപത്തിനുളള ദൈവത്തിന്റെ ശിക്ഷയാണ. എന്നാല്‍ സഹനം പാപത്തിനുളള ശിക്ഷയാണെന്ന സങ്കല്‌പം ഈശോ തിരുത്തി. ചുറ്റും സംഭവിക്കുന്നതിലെല്ലാം ദൈവം നിനക്കായ്‌ ഒരു ദൂത്‌ ഒളിപ്പിച്ചു വെച്ചിരിക്കുന്നുവെന്നും അത്‌ 'തിരിച്ചറിഞ്ഞ്‌ മനസ്സുമാറ്റുക' എന്നത്‌ ദൈവിക സന്ദേശമാണെന്നും ഈശോ പ്രഖ്യാപിക്കുകയാണിവിടെ. ഉല്‍പ്പത്തി പുസ്‌തകം 10-ാം അദ്ധ്യായത്തില്‍ തിരിച്ചറിവിന്റെ പാഠം പഠിപ്പിക്കുന്ന ഒരു വ്യക്തിത്വമുണ്‌ട്‌. അബ്രാഹത്തിന്റെ ഭാര്യ സാറായിയുടെ ദാസിയായ ഹാഗാര്‍. തനിക്ക്‌ കുഞ്ഞുങ്ങളുണ്‌ടാകില്ലന്ന ചിന്തയില്‍ സാറ ഹാഗാറിനെ ഭര്‍ത്താവിന്റെ ആശ്ലേഷത്തിന്‌ വിട്ടുകൊടു?pIbpw, അവളില്‍ അബ്രാഹത്തിന്‌ ഇസ്‌മായേല്‍ എന്ന കുഞ്ഞ്‌ ജനിച്ചപ്പോള്‍ മുതല്‍ അവളോട്‌ ക്രൂരമായി പെരുമാറുകയും ചെയ്‌തു. യജമാനത്തിയുടെ പക്കല്‍നിന്നും കുഞ്ഞിനെയുംകൂട്ടി ഓടിപോകുന്ന ഹാഗാറിനെ മരുഭൂമിയില്‍ ഷൂറിലേക്കുളള വഴിയില്‍ തടഞ്ഞുനിര്‍ത്തി ദൈവദൂതന്‍ ചോദിക്കുന്ന രണ്ട്‌ ചോദ്യങ്ങളുണ്‌ട്‌.
1) ഹാഗാര്‍ നീ എവിടെ നിന്ന്‌ വരുന്നു?
2) നീ എവിടേക്ക്‌ പോകുന്നു?
അതായത്‌ നീ കടന്നുപോന്ന വഴികളേതാണ്‌? ഈ പോക്ക്‌ പോയാല്‍ നീ എവിടെചെല്ലും...? ആത്യന്തികമായി മാനസാന്തരാനുഭവത്തിനായ്‌ പരിശ്രമിക്കുന്ന, അഗ്രഹിക്കുന്ന ഓരോ ക്രൈസ്‌തവനും തന്നോടുതന്നെ ചോദിക്കേണ്‌ട രണ്‌ട്‌ അടിസ്ഥാന ചോദ്യങ്ങളാണ്‌ ഇവ കാരണം എവിടെ നിന്ന്‌ വരുന്നുവെന്നും എവിടെയ്‌ക്ക്‌ പോകുന്നുവെന്നും ബോദ്ധ്യമുളളവന്‌ മാത്രമേ എവിടേക്കാണ്‌ പോകേണ്‌ ടതെന്ന തിരിച്ചറിവുണ്‌ ടാവു. തിരിച്ചറിവുകളാണ്‌ നമ്മെ തിരിച്ചുനടത്തുന്നത്‌. ഇങ്ങനെ തിരിച്ചുനടന്ന ഹാഗാറിന്റെ പുത്രന്‍ ഇസ്‌മായേലിനെ ദൈവം ഒരു ജനതയാക്കി വളര്‍ത്തുന്നതും ഉല്‍പ്പത്തി പുസ്‌തകത്തില്‍ കാണാം (ഉല്‍പ 25.12-18). അതുകൊണ്‌ ട്‌ തിരിച്ചടികളെ തിരിച്ചറിവുകളാക്കി മാറ്റാനും അതിലെ ദൈവീക ഇടപെടലിനെ തിരിച്ചറിഞ്ഞ്‌ തിരിഞ്ഞു നടക്കാനും അതുവഴി ആസന്നമായ വിധിയില്‍ ദൈവമഹത്വം പ്രാപിക്കാനുമാണ്‌ ഈശോ ഉദ്‌ബോധിപ്പിക്കുന്നത്‌. എന്തെന്നാല്‍ യഥാര്‍ത്ഥ മാനസാന്തരം അസ്‌തിത്വത്തെ ദൈവത്തിലേക്ക്‌ തിരിക്കുകയെന്നതാണ്‌. ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന്‌ ആയിരിക്കേണ്‌ട അവസ്ഥയിലേക്കുളള മാറ്റം കാലഘട്ടത്തിന്റെ അനിവാര്യതയുമാണ്‌.
ഇന്ന്‌ അറിവിന്റെ കുറവല്ല മറിച്ച്‌ തിരിച്ചറിവിന്റെ കുറവാണ്‌ നമ്മുടെ പ്രശ്‌നം. ബുദ്ധികൊണ്‌ട്‌ ഗ്രഹിക്കുന്ന കാര്യങ്ങള്‍ ജീവിതത്തിന്റെ പാഠശാലയില്‍ അനുഭവമാക്കണം. ഈ അനുഭവം തിരിച്ചറിവിലേക്ക്‌ നയിക്കണം. അപ്പോള്‍ ചുറ്റും നടക്കുന്ന ദുരിതങ്ങളെ, ദുരന്തങ്ങളോ പാപത്തിനുളള ശിക്ഷയായി കാണാതെ ദൈവസ്‌നേഹം അനുഭവിക്കുന്നതിനും അതുവഴി രക്ഷനേടുന്നതിനുമുളള മാര്‍ഗ്ഗമാക്കി മാറ്റാന്‍ സാധിക്കും. അതിന്‌ ജീവിതത്തിന്റെ പൂമുഖത്തേക്ക്‌ മാത്രമല്ല പിന്നാമ്പുറങ്ങളിലേക്കും ഈശോ നമ്മെ കൂട്ടികൊണ്‌ട്‌ പോകേണ്‌ടതുണ്‌ട്‌. അപ്പോഴാണ്‌ നിനക്ക്‌ മാത്രമറിയാവുന്ന രഹസ്യങ്ങളുടെ കലവറയായ പിന്നാമ്പുറങ്ങളില്‍ നിന്നും പലതിനേയും എടുത്തുമാറ്റേണ്ടതുണ്‌ടെന്നും പലതും വൃത്തിയാക്കേണ്‌ടതുണ്‌ടന്നും മനസിലാകുകയുളളു.
പ്രിയമുളളവരെ, ചെയ്‌ത തെറ്റുകള്‍ അളന്നു തൂക്കിനോക്കി അതിനാനുപാതികമായി ശിക്ഷിക്കുന്നവനല്ല ദൈവം. ചെയ്‌ത തെറ്റിന്‌ അനുപാതികമായി ശിക്ഷിക്കുകയായിരുന്നെങ്കില്‍ നാമിന്ന്‌ നിലനില്‍ക്കുമായിരുന്നില്ല. നമ്മുടെ മാനസാന്തരം ദൈവത്തിന്റെ പരിത്രാണ കര്‍മ്മത്തിന്റെ ലക്ഷ്യമാകയാല്‍ തല്ലാതിരിക്കാനുമാകില്ല. അതിനാല്‍ തല്ലുന്നതും തലോടുന്നതും ഒരേ ദൈവത്തിന്റെ കൈകൊണ്‌ടാണെന്നും അതെന്റെ രക്ഷയ്‌ക്കാണെന്നും തിരിച്ചറിഞ്ഞ്‌ അതിനെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നതാണ്‌ സാത്വികഭാവം. ഈ ലോകത്തില്‍ സംഭവിക്കുന്നതെന്തും യാദൃശ്ചികമായവപോലും ദൈവത്തിന്റെ പരിപാലനപ്രകാരമാണ്‌ എന്ന്‌ വി. അക്വീനാസ്‌ പറയുന്നതിന്റെ പൊരുളും മറ്റൊന്നല്ല.

അവസാനമായി ഫലം തരാത്ത അത്തിവൃക്ഷത്തിന്റെ ഉപമ അരുളിചെയ്‌തുകൊണ്‌ട്‌ അവിടുന്ന്‌ പശ്ചാത്താപത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്‌ട്‌. സ്‌നാപകനെയോ, ഈശോയെയോ ശ്രവിക്കുകയോ പശ്ചാത്തപച്ച്‌ ഫലം പുറപ്പെടുവിക്കുകയോ ചെയ്യാത്തവര്‍ക്ക്‌ കാരുണ്യം പ്രതീക്ഷിക്കാനാവില്ലന്ന്‌ അവിടുന്ന്‌ പ്രഖ്യാപിക്കന്നു. മൂന്നു വര്‍ഷമായിട്ടും ഫലംതരാത്ത അത്തിവൃഷം ക്രസ്‌തീയതയുടെ ഫലം പുറപ്പെടുവിക്കാതെ ജീവിക്കുന്ന ഓരോ ക്രൈസ്‌തവനെയുമാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. അതുകൊണ്‌ട്‌ നമ്മുടെ നിലയല്ല, നിലപാടാണ്‌ പ്രധാനമെന്ന്‌ നാം തിരിച്ചറിയണം. സംലഭ്യമായ സാഹചര്യങ്ങളില്‍ ഞാന്‍ എന്താണെന്നതിനെക്കാളുപരി ഞാന്‍ സ്വീകരിക്കുന്ന നിലപാടുകളും മനോഭാവങ്ങളുമാണ്‌ എന്നെ ഞാനാക്കിത്തിര്‍ക്കുന്നതെന്ന്‌ തരിച്ചറിഞ്ഞ്‌ മാനസാന്തരത്തിന്‌ യോജിച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ വിളിക്കപ്പെട്ടവരെന്ന നിലയില്‍ നമുക്ക്‌ കടമയുണ്‌ടെ്‌ന്ന്‌ ഈശോ നമ്മെ ഓര്‍മ്മിപ്പിക്കുകയാണിവിടെ.
അതിനാല്‍ പ്രിയ സഹോദരരേ, എന്റെ രക്ഷയ്‌ക്കും നവീകരണത്തിനും തിരിച്ചറിവിനും അത്മീയോത്‌കര്‍ഷത്തിനും കാരണമാകുന്നില്ലങ്കില്‍ ബലി എന്നെ സംബന്ധിച്ച്‌ നിരര്‍ത്ഥകമാണ്‌. നിരര്‍ത്ഥക ബലിയര്‍പ്പിക്കാന്‍ ഇടയാകാതിരിക്കാന്‍ തിരിച്ചറിവിന്റെ പാഠം ഉള്‍ക്കൊണ്‌ട്‌ നന്മയിലേക്കും രക്ഷാനുഭവത്തലേക്കും കടന്നുവരാനുളള സുവിശേഷ സന്ദേശം നമുക്ക്‌ സ്വീകരിക്കാം. അതോടൊപ്പം നല്ല കാലത്തിനായി കാത്തിരിക്കാതെ, കാലത്തെ നല്ലതായി കാണാനുളള അത്മീയ കണ്ണിനായ്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുകയും ചെയ്യാം.


റവ. ഡി. സെബാന്‍ ഇടയാടിയില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി
കുന്നോത്ത്‌.

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home