Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ശ്ലീഹാക്കാലം ഏഴാം ഞായര്‍
Readings: Deuteronomy 4:10-24; 24 Isaiah 5:8-25; 1Corinthians 15:58-16:14; Luke 13:22-35
കര്‍ത്താവ്‌ തന്റെ പീഡാസഹനത്തെയും, കുരിശുമരണത്തെയും മുമ്പില്‍ കണ്‌ടുകൊണ്‌ട്‌ അതിനെ അഭിമുഖീകരിക്കാന്‍ ജറുസലേമിലേക്ക്‌ യാത്ര ചെയ്യുന്നതിനിടയിലാണ്‌ ഇന്നത്തെ സുവിശേഷത്തില്‍ വിവരിക്കുന്ന സംഭവം നടക്കുന്നത്‌. കുരിശിനെ ലക്ഷ്യമാക്കി യാത്ര ചെയ്യുന്നവന്‍ കുരിശിനെക്കുറിച്ച്‌ പഠിപ്പിക്കുകയായിരുന്നു. ജീവിതവും പ്രഘോഷണവും തമ്മിലുണ്‌ടായിരിക്കേണ്ട ബന്ധമാണ്‌ കര്‍ത്താവ്‌ തന്റെ ജീവിതത്തിലൂടെ വെളിവാക്കുന്നത്‌. കര്‍ത്താവിന്റെ വചനം കേട്ട ശിഷ്യന്മാരിലൊരുവന്‍ അസ്വസ്ഥനായി. അവനിപ്രകാരം ചോദിച്ചു `കര്‍ത്താവേ രക്ഷപ്രാപിക്കുന്നവന്‍ ചുരുക്കമാണോ`?

അയാളുടെ ചോദ്യം വ്യക്തിപരമാണെന്നും ആത്മാര്‍ത്ഥമാണെന്നും കണ്ടതിനാലാവാം കര്‍ത്താവ്‌ അവനോട്‌ 'ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍' എന്ന്‌ കല്‌പിക്കുന്നത്‌. അവന്റെ ചോദ്യം വെറും ജ്ഞാനാതൃഷ്‌ണയില്‍ നിന്നും ജനിച്ചതല്ല.

(ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍) പരിശ്രമിക്കുക എന്നുപറയാന്‍ കര്‍ത്താവ്‌ ഉപയോഗിക്കുന്ന ഗ്രീക്ക്‌ വാക്ക്‌ അഗൊണിത്‌സോ (agonizo = പരിശ്രമിക്കുക) എന്ന വാക്കാണ്‌. ഈ വാക്ക്‌ സൂചിപ്പിക്കുന്നത്‌ ഒരു മത്സരത്തില്‍ ജയിക്കാന്‍ ഒരുവന്‍ ചെയ്യുന്ന പരിശ്രമത്തെയാണ്‌. മത്സരത്തില്‍ പങ്കെടുക്കുന്നവന്‍ തീക്ഷണമായി പരിശ്രമിക്കണമെന്ന്‌ മാത്രമല്ല, നല്‍കപ്പെടുന്ന സമയത്ത്‌ പരിശ്രമിക്കുകയും വേണം. അപ്രകാരം ചെയ്യാത്തവന്‍ മത്സരത്തില്‍ നിന്നും പുറത്താകുമെന്നുറപ്പ്‌. ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കണമെങ്കില്‍ അതിനുവേണ്‌ടി മനുഷ്യന്‍ തീക്ഷണമായി പരിശ്രമിക്കുക മാത്രമല്ല അവന്‍ നല്‍കപ്പെടുന്ന സമയത്ത്‌ അദ്ധ്വാനിക്കുകകൂടി വേണം.

ലോകപ്രശസ്‌ത ഫുട്‌ബോള്‍ കളിക്കാരായ (അര്‍ജന്റീനയെ ഇപ്രാശ്യം നയിക്കുന്ന) ക്യാപ്‌റ്റന്‍ മെസ്സിയുടെ ജീവിതകഥ നമുക്ക്‌ പ്രചോദനം നല്‍കേണ്‌ടതാണ്‌. അര്‍ജന്റീനയിലെ ഒരു ഫാക്ടറി ജീവനക്കാരനായ അപ്പന്റെയും തൂപ്പുകാരിയായ അമ്മയുടെയൂം സാധാരണ കുടുംബത്തിലെ നാല്‌ മക്കളില്‍ ഏറ്റവും ഇളയവനായി മെസ്സി 1987-ല്‍ ജനിച്ചു. 5-ാം വയസ്സുമുതല്‍ തൊട്ടടുത്തുള്ള ഫുട്‌ബോള്‍ ക്ലബില്‍ ചേര്‍ന്ന്‌ കളിച്ചുതൂടങ്ങി. 8-ാം വയസ്സില്‍ തന്റെ കളിയിലൂടെ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മെസ്സിക്കു കഴിഞ്ഞു. എന്നാല്‍ 11-ാം വയസ്സില്‍ മെസ്സിക്ക്‌ ഹോര്‍മോണ്‍ കുറവുമൂലം അസ്ഥികള്‍ ചുരുങ്ങുന്ന രോഗമുണ്‌ടെന്ന്‌ ഡോക്ടര്‍മാര്‍ കണ്‌ടെത്തി. ഒരു മാസം 40,000 രൂപ ചിലവ്‌ വരുന്ന ചികിത്സാ രീതി മാത്രമേ ഫലപ്രദമാകൂ എന്ന്‌ വ്യക്തമായി. ആ തുക മെസ്സിയുടെ കുടുംബത്തിനോ അടുത്തുള്ള ക്ലബുകള്‍ക്കോ വഹിക്കാവുന്നതില്‍ അധികമായിരുന്നു. തത്‌ഫലമായി മെസ്സിയുടെ രോഗം എല്ലാവരും അവഗണിച്ചു. മെസ്സിയുടെ ഉജ്ജ്വലമായ കളിയെക്കുറിച്ച്‌ കേട്ട പോര്‍ച്ചുഗലിസിലെ ഫുട്‌ബോള്‍ ടീമായ ബാര്‍സിലോണയുടെ സ്‌പോര്‍ട്‌സ്‌ ഡയറക്ടര്‍ റെക്‌സാച്ചി മെസ്സിയുടെ കളി കാണാന്‍ എത്തുകയും, കളി കകണ്‌ട്‌ സന്തുഷ്ടനായ അദ്ദേഹം മെസ്സിയുടെ ചികിത്സാ ചിലവ്‌ ഏറ്റെടുക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ചികിത്സാ സമയത്ത്‌ കഠിനമായ വേദന അവഗണിച്ച്‌ മെസ്സി തന്റെ പരിശീലനം തുടര്‍ന്നുകൊണ്‌ടിരുന്നു. തന്നെ സഹായിച്ചതിന്‌ പ്രതിഫലമായി 16-ാം വയസ്സില്‍ മെസ്സി പോര്‍ച്ചുഗലിന്‌ വേണ്‌ടി കോര്‍ട്ടിലിറങ്ങി (2003-ല്‍). 2010-ല്‍ അര്‍ജന്റീനയെ വിജയത്തിലേക്ക്‌ നയിച്ചുകൊണ്‌ടിരുന്നത്‌ ദരിദ്രനും രോഗിയുമായ മെസ്സിയാണ്‌. നിരന്തരമായ പരിശ്രമത്തിലൂടെ വിജയം കണ്‌ടെത്താനാകൂമെന്ന്‌ മെസ്സിയുടെ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ദൈവരാജ്യ പ്രവേശനത്തിന്‌ നമുക്ക്‌ ഒരു വാതിലേ നല്‍കപ്പെട്ടിട്ടുള്ളൂ. ഇടുങ്ങിയ ആ വാതിലിലൂടെ കൊഴുത്തു തടിച്ച മനുഷ്യര്‍ക്കോ, ആഡംബര വസ്‌ത്രങ്ങള്‍ അണിഞ്ഞവര്‍ക്കോ പ്രവേശിക്കാന്‍ കഴിയുകയില്ലെന്നത്‌ കര്‍ത്താവ്‌ വ്യക്തമാക്കുന്നു. അഹങ്കാരവും, ദുശീലങ്ങളും, പരസ്‌നേഹമില്ലായ്‌മയുമാകുന്ന കൊഴുപ്പ്‌ നമ്മളില്‍ നിന്നകറ്റി കളഞ്ഞുകൊണ്‌ട്‌ൂം, മറ്റുള്ളവരുടെ മുമ്പില്‍ വലുതാകാന്‍ പ്രേരിപ്പിക്കുന്ന ആഡംബരങ്ങള്‍ ഉപേക്ഷിച്ചുകൊണ്‌ടും, എളിയവരായി തീര്‍ന്നുകൊണ്‌ടും മാത്രമേ നമുക്ക്‌ ഈ വാതിലിലൂടെ കടക്കാന്‍ കഴിയൂ. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ പ്രശസ്‌ത നടനായ ഷാരൂഖ്‌ ഖാനെ അദ്ദേഹത്തിന്റെ ഷിക്കാഗോ യാത്രയ്‌ക്കിടെ ന്യൂആര്‍ക്ക്‌ എയര്‍പോട്ടില്‍ വെച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ തടഞ്ഞുവെച്ച സംഭവം നമ്മുടെ ഓര്‍മ്മയില്‍ ഉണ്‌ടല്ലോ. അതുപോലെതന്നെ ഇന്ത്യയിലെ മുന്‍രാഷ്ട്രപതിയും, മഹാനുമായ A.P.J. അബ്ദുള്‍ കലാമിനെ കോണ്‌ടിനന്റല്‍ എയര്‍ലൈന്‍സില്‍ പ്രവേശിക്കുന്നതിന്‌ മുമ്പ്‌ ഇന്ത്യയുടെ തന്നെ മണ്ണിലുള്ള ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച വിവരം നാം വായിക്കുകയുണ്‌ടായി. ദൈവരാജ്യപ്രവേശനത്തിനു മുമ്പ്‌ `മെറ്റല്‍ ഡിറ്റക്ടര്‍` ഘടിപ്പിച്ചിട്ടുള്ള ഒരു കവാടത്തിലൂടെ നാമെല്ലാം കടന്നുപോകേണ്‌ടി വരും. അതിലൂടെ പ്രവേശിക്കാന്‍ കഴിയുമെങ്കില്‍ ക്രിസ്‌തുവുമായി ബാഹ്യമായ ഒരു ബന്ധം ഉണ്‌ടായാല്‍ പോര. `കര്‍ത്താവേ നിന്റെ നാമത്തില്‍ ഞങ്ങള്‍ പഠിപ്പിക്കുകയും, നിന്റെ സാന്നിദ്ധ്യത്തില്‍ ഭക്ഷിക്കുകയും പാനം ചെയ്‌തിട്ടുണ്‌ട്‌` എന്നൊന്നും പറഞ്ഞാല്‍ അവിടെ വിലപ്പോവില്ല. അതുകൊണ്‌ടാണ്‌ പലരും ശ്രമിക്കും എന്നാല്‍ പ്രവേശിക്കാന്‍ സാധിക്കുകയില്ല എന്ന്‌ കര്‍ത്താവ്‌ പറയുന്നത്‌. കാരണം അവര്‍ക്ക്‌ ക്രിസ്‌തുവുമായിട്ടുള്ളത്‌ ഒരു ബാഹ്യബന്ധം മാത്രമാണ്‌. അപ്രകാരമുള്ള ഒരു വിശ്വാസ ജീവിതത്തിലൂടെ രക്ഷ നേടാന്‍ കഴിയുമെന്ന്‌ വ്യാമോഹിച്ചവരാണവര്‍.

ദൈവരാജ്യത്തിലേക്കുള്ള ഏക വാതില്‍ ക്രിസ്‌തു മാത്രമാണ്‌. തങ്ങളുടേതായ ചിന്താരീതികളും ജീവിത ശൈലിയും പുലര്‍ത്തിക്കൊണ്‌ട്‌ ഈ വാതില്‍ കടക്കാമെന്ന്‌ വ്യാമോഹിക്കുന്നവരുമുണ്‌ട്‌. `മനസ്സാക്ഷി` എന്ന വ്യാജ ലൈസന്‍സ്‌ അതിനുപകരിക്കുമെന്നവര്‍ കരുതുന്നു. ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ ആ ലൈസന്‍സ്‌ മതിയാവില്ല എന്ന്‌ സുവിശേഷം പറയുന്നു. ഏകവഴിയും സത്യവും ജീവനുമായ ക്രിസ്‌തുവിന്റെ മനോഭാവം സ്വന്തമാക്കിക്കൊണ്‌ട്‌ ക്രിസ്‌തു കാണിച്ച കുരിശിന്റെ വഴിയിലൂടെ മാത്രമേ നമുക്ക്‌ ദൈവരാജ്യ പ്രവേശനം സാധ്യമാകൂ.

ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.
കുട്ടികള്‍ക്കുള്ള സന്ദേശം:

കത്തോലിക്കാ സഭയിലെ പണ്ഡിതനും വാഗ്മിയും പ്രശസ്‌ത എഴുത്തുകാരനുമായിരുന്നു മെത്രാനായ ഫുള്‍ട്ടണ്‍ ജെ. ഷീന്‍. തന്റെ 'മണ്‍പാത്രത്തിലെ നിധി' എന്ന ആത്മകഥയില്‍ തന്റെ ദൈവവിളിയെക്കുറിച്ച്‌ അദ്ദേഹം ഇങ്ങനെ വിവരിച്ചിട്ടുണ്‌ട്‌.

തങ്ങളുടെ കോളേജ്‌ വിദ്യാഭ്യാസത്തിന്റെ അവസാനം നടക്കുന്ന ദേശീയ പരീക്ഷയില്‍ ഉന്നതമായ മാര്‍ക്ക്‌ ലഭിച്ചാല്‍ തുടര്‍ന്ന്‌ മൂന്ന്‌ വര്‍ഷത്തേക്ക്‌ പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പ്‌ ലഭിക്കും. പരീക്ഷ എഴുതിയ ഫുള്‍ട്ടണ്‍ ജെ. ഷീന്‌ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചു. തന്റെ ഗുരുനാഥനും കൂട്ടുകാരനുമായ ഫാ: വില്യം ജെ. ബര്‍ഗനെ കാണാനായി അദ്ദേഹം ഓടി. കളിക്കളത്തില്‍ ടെന്നീസ്‌ കളിച്ചുകൊണ്‌ടിരിക്കുകയായിരുന്ന അച്ചനോട്‌ ഷീന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. `അച്ചാ എനിക്ക്‌ സ്‌കോളര്‍ഷിപ്പ്‌ കിട്ടി`. ഷീന്റെ തോളത്ത്‌ കൈവെച്ച്‌ ഫാ: വില്യം ഷീന്റെ കണ്ണുകളിലേക്ക്‌ നോക്കി ചോദിച്ചു: നീ വിശ്വസിക്കുന്നുണ്‌ടോ? `ഞാന്‍ വിശ്വസിക്കുന്നുണ്‌ടെന്ന്‌ അങ്ങേക്കറിയാമല്ലോ`. ഫാ: വില്യം വീണ്‌ടും ചോദിച്ചു. നീ യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്‌ടോ?` ഷീന്‍ അത്ര ഉറപ്പില്ലാത്ത രീതിയില്‍ മറുപടി പറഞ്ഞു. `ഞാന്‍ അങ്ങനെ പ്രതീക്ഷിക്കുന്നു`. `എങ്കില്‍ നീ ആ സ്‌കോളര്‍ഷിപ്പ്‌ കീറിക്കളയുക` അദ്ദേഹം ആവര്‍ത്തിച്ചു. `നീ അത്‌ കീറിക്കളഞ്ഞിട്ട്‌ സെമിനാരിയില്‍ ചേരുക`. സംശയിച്ചു നിന്ന ഷീനെ ഫാ: വില്യം സ്‌കോളര്‍ഷിപ്പ്‌ കീറി കളയിപ്പിച്ചിട്ട്‌ സെമിനാരിയില്‍ പറഞ്ഞുവിട്ടു. ഷീന്‍ തന്റെ മുമ്പില്‍ വന്ന്‌ കിട്ടിയ വലിയ ഒരു അവസരത്തെ തള്ളിക്കളഞ്ഞിട്ടാണ്‌ ദൈവം ആഗ്രഹിക്കുന്ന വഴിയെ നടന്നത്‌.

ഇതുപോലെ ഇന്നു സുവിശേഷവും നമ്മോട്‌ ആവശ്യപ്പെടുന്നത്‌ ലോകം നമുക്ക്‌ കാണിച്ചുതരുന്ന വഴിയെ നടക്കാനല്ല. മറിച്ച്‌ ഇടുങ്ങിയ വഴിയിലൂടെ നടക്കാനാണ്‌. സ്വര്‍ഗ്ഗരാജ്യം നമ്മോടു ചില കാര്യങ്ങള്‍ ആവശ്യപ്പെടുന്നു.

1. തിരഞ്ഞെടുക്കുക: നമ്മുടെ മുന്നില്‍ ഇടുങ്ങിയതും വിശാലവുമായ രണ്‌ട്‌ വഴികളുണ്‌ട്‌. വിശാലമായ വഴിയെ നടക്കുന്നത്‌ എളുപ്പമാണ്‌. ഒത്തരിപേര്‍ അതിലെ സഞ്ചരിയ്‌ക്കുന്നു. ഇടുങ്ങിയ വഴിയിലൂടെയുള്ള യാത്ര അത്ര സുഖകരമല്ല. അതില്‍ ഏത്‌ വേണമെന്ന്‌ നമുക്ക്‌ തീരുമാനിക്കാം.

2. മാറി നടക്കുക: ദൈവം എനിക്ക്‌ എന്റേതായ വ്യക്തിത്വം നല്‌കിയിട്ടുണ്‌ട്‌. ഈ വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്‌ട്‌ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തമായി ഈശോ കാണിച്ചുതരുന്ന വഴിയിലൂടെയാണ,്‌ ഈശോ കാണിച്ചുതരുന്ന വഴിയിലൂടെയാണ്‌ ഞാന്‍ സഞ്ചരിക്കേണ്‌ടത്‌.

3. അദ്ധ്വാനിക്കുക: ഇടുങ്ങിയ വഴിയിലൂടെ യാത്രചെയ്യുമ്പോള്‍ പലപ്പോഴും ഞാന്‍ ഒറ്റയ്‌ക്കായിരിക്കും. യാത്രയ്‌ക്കുള്ള വസ്‌തുവകകള്‍ ഞാന്‍ തന്നെത്താനെ കരുതണം. ഞാന്‍ എന്റെ ജീവിതത്തെക്കുറിച്ച്‌ കര്‍ത്താവിന്റെ ഹിതമനുസരിച്ച്‌ വ്യക്തമായ തീരുമാനം എടുക്കുകയും അത്‌ നടപ്പിലാക്കുകയും വേണം. എന്റെ ജീവിതത്തിന്റെ ഉത്തരവാദിത്വം എനിക്കാണ്‌.

4. ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക: ഇടുങ്ങിയ വഴിയിലൂടെയുള്ള യാത്ര ബൂദ്ധിമുട്ടേറിയതാണെങ്കിലും ഒരിക്കലും ലക്ഷ്യത്തില്‍ നിന്ന്‌ വ്യതിചലിക്കാന്‍ സാധ്യത കുറവാണ്‌. വ്യക്തമായ ലക്ഷ്യം മുന്നില്‍ വെച്ച്‌ കൊണ്‌ട്‌ നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ നമ്മുടെ ഏകാഗ്രത വര്‍ദ്ധിക്കുകയും വിജയം നമുക്ക്‌ സുനിശ്ചിതമായിത്തീരുകയും ചെയ്യുന്നു.

ഇന്നത്തെ സുവിശേഷത്തില്‍ നാം കാണുന്ന ഈശോയും തന്റെ ജീവന്‍ ബലിയേകാനും അതിലൂടെ മനുഷ്യരെ വീണ്‌ടെടുക്കാനുമുള്ള യാത്രയിലാണ്‌. കൂടെ നടന്നതുകൊണ്‌ടോ ഒന്നിച്ചു ജീവിച്ചതുകൊണ്‌ടോ ആരും ഈശോയെ പൂര്‍ണ്ണമായി അനുഗമിക്കുന്നില്ല. മറിച്ച്‌ ഈശോ പറഞ്ഞ വഴിയെ ഈശോയെപ്പോലെ സ്വജീവിതം സമര്‍പ്പിച്ച്‌ അദ്ധ്വാനിക്കുന്നവര്‍ക്കുള്ളവനാണ്‌ സ്വര്‍ഗ്ഗരാജ്യവും വിജയവും. നമുക്ക്‌ ജീവിതത്തിലും പൂര്‍ണ്ണമായ സമര്‍പ്പണത്തിന്‌ അതിലൂടെ ലഭിക്കുന്ന വിജയത്തിനുമായി പ്രാര്‍ത്ഥിക്കാം.

ദേവസ്യ കളളിയാട്ട്‌
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.
 

ശ്ലീഹാക്കാലം ഏഴാമത്തെ ആഴ്‌ചയിലേയ്‌ക്ക്‌ നാം കടക്കുകയാണ്‌. ഇന്നേദിവസം തിരുസഭാമാതാവ്‌ നല്‌കുന്ന സന്ദേശം രക്ഷപ്രാവിക്കുന്നതിനുളള വ്യവസ്ഥകളും അവിടെ എത്തിചേരുന്നവരുടെ വിരളതയുമാണ്‌. ദീര്‍ഘകാലം ജനമദ്ധ്യത്തില്‍ പഠിപ്പിച്ചുനടന്നിട്ടും തന്റെ സുവിശേഷം സ്വീകരിക്കുകയോ അതില്‍ വിശ്വസിക്കുകയോ ചെയ്യാത്ത യഹൂദജനതയെ മുന്നില്‍ കണ്ടുകൊണ്ടാണ്‌ ഈ പ്രതിപാദ്യം. മത്തായിയുടെ സുവിശേഷത്തിലുളള ഇടുങ്ങിയതും വിശാലവുമായ വഴിയെകുറിച്ചുളള ഉപമയ്‌ക്ക്‌ സമാന്തരമാണ്‌ ഇത്‌. നന്മതിന്മകളുടെ വഴികളിലെ വൈരുദ്ധ്യളെ ഇടുങ്ങിയതും വിശാലവുമായ വഴികളായി ചിത്രികരിക്കുന്ന പതിവ്‌ യഹൂദപാരമ്പര്യത്തിലുളളതാണ്‌.
അവസാനദിവസം എന്തായിരിക്കുമെന്നോ അവിടെ ആരൊക്കെ രക്ഷകണ്ടെത്തുമെന്നോ ഒന്നും ഈശോ ഇവിടെ വ്യക്തമായി പറയുന്നില്ല. എന്നാല്‍ ഒരുകാര്യം അവിടുന്ന്‌ ഉറപ്പിച്ച്‌ പറയുന്നു. ദൈവരാജ്യത്തിലേക്ക്‌ പ്രവേശിക്കാന്‍ ഒരൊറ്റ വാതിലെ ഉളളു. അത്‌ ഇടുങ്ങിയതാണെന്ന്‌ പഠിപ്പിക്കുന്നു. അതുകൊണ്ട്‌ ദൈവരാജ്യത്തിലേക്ക്‌ പ്രവേശിക്കാന്‍ ഒരൊറ്റ വഴിയെ ഉളളു. ദൈവരാജ്യത്തിന്റെ വാതിലിനനുസരിച്ച്‌ നമ്മളെ തന്നെ ഒന്നു ചെറുതാക്കണം. വലിയവര്‍ക്കും, വലുപ്പം ഭാവിക്കുന്നവര്‍ക്കും സ്വന്തം വലിപ്പം വിടാന്‍ മനസ്സില്ലാത്തവര്‍ക്കും കടന്നുപോകാന്‍ പറ്റാത്തവിധം അത്ര ചെറുതാണ്‌ ആ വാതില്‍.
ചെറുതാകുന്നവര്‍ക്ക്‌, ശിശുക്കളെപോലെ ആകുന്നവര്‍ക്ക്‌ മാത്രമാണ്‌ സ്വര്‍ഗ്ഗരാജ്യം എന്ന്‌ ഈശോ പഠിപ്പിക്കുന്നുണ്‌ട്‌ സുവിശേഷങ്ങളില്‍ 'ചെറുത്‌' എന്നവാക്കിന്‌ ഒത്തിരി അര്‍ത്ഥങ്ങള്‍ ഉണ്‌ട്‌. സ്വര്‍ഗ്ഗരാജ്യത്തെപോലും ഉപമിക്കുന്നത്‌ കടുകുമണിയോടാണ്‌. ഈശോയുടെ ജീവിതം മുഴുവന്‍ ഇത്തരത്തില്‍ ഇടുങ്ങിയ വഴികളിലൂടെ, ചെറുതാകലിന്റെ വഴികളിലൂടെ ഉളള യാത്രയായിരുന്നു. പിറക്കാന്‍ ഇടമില്ല, കുറുനരികള്‍ക്കുപോലും മാളങ്ങളുളള ഈ ഭൂമിയില്‍ സ്വന്തമായിട്ടൊരു വീടില്ല. അവസാനം പിറക്കാന്‍ പുല്‍കൂടാണ്‌ കിട്ടിയത്‌. അവന്റെ ജീവിതം അവസാനിക്കുന്നതും കടമെടുത്ത ഒരു കല്ലറയിലാണ്‌.
പോകുന്നവഴി ഉപേക്ഷിച്ച്‌, പോകേണ്‌ട വഴിയിലൂടെ സഞ്ചരിച്ചു വ്യക്തികളെ സുവിശേഷത്തില്‍ കാണാന്‍ കഴിയും. മിശിഹായെ തിരിച്ചറിഞ്ഞ്‌ ഇടുങ്ങിയവഴിയിലൂടെ സഞ്ചരിച്ചവര്‍ ആണ്‌ അവര്‍. സക്കേവൂസും സമറിയാക്കാരി സ്‌ത്രീയും പാപിനിയായ സ്‌ത്രീയും ഇതിന്‌ ഉദാഹരണങ്ങളാണ്‌. സക്കേവൂസിന്‌ മൂന്ന്‌ ആഗ്രഹം മാത്രം ഉണ്‌ ടായിരുന്നൊളളു. ഒന്ന്‌ ഈശോയെ കാണണം, രണ്‌ട്‌ തിരിച്ചുപോകണം മൂന്ന്‌ പഴയതുപോലെ ജീവിക്കണം. പക്ഷേ ഇടുങ്ങിയ വഴിയിലൂടെ കടന്നപ്പോള്‍ മാനസാന്തരത്തിന്റെ പാതയിലേക്ക്‌ കടന്നപ്പോള്‍ ജീവിതത്തിനുമാറ്റം വരുകയാണ്‌.
ചെറുതാകുമ്പോള്‍ ആണ്‌ വലുതാകലിന്റെ മഹത്വം അറിയുന്നത്‌. ചെറുതായപ്പോള്‍ വലുതായ വ്യക്തിളാണ്‌ വIശുദ്ധര്‍. അവര്‍ ഇടുങ്ങിയ വഴിയിലൂടെ ചെറുതാകലിന്റെ വഴിയിലൂടെ സഞ്ചരിച്ചവരാണ്‌. ഫ്രാന്‍സിസ്‌ അസിസ്സി തന്റെ പിതാവിന്റെ ആഗ്രഹം മാനിക്കാതെ മിശിഹായെ അനുഗമിച്ചപ്പോള്‍ പിതാവ്‌ തന്റെ സ്വന്തം വസ്‌ത്രംവരെ ആവശ്യപ്പെട്ടു. അതെല്ലാം വിട്ടുകൊടുത്ത്‌, ഇടുങ്ങിയ പാതയിലൂടെ സഞ്ചരിച്ചപ്പോള്‍ വിശുദ്ധനായി. മദര്‍തെരേസാ തന്റെ സന്യാസ സമൂഹത്തില്‍ ഇന്നതുചെയ്യുവാന്‍ തനിക്ക്‌ ആജ്ഞാപിച്ചാല്‍ മതിയായിരുന്നു. സ്ഥാനമാനങ്ങളെല്ലാം മാറ്റിവെച്ചിട്ട്‌ കല്‍ക്കട്ടയിലെ തെരുവിലേക്ക്‌ ഇറങ്ങി, ദുരിതമനുഭവിക്കുന്നവരില്‍ ദൈത്തിന്റെ മുഖം കണ്‌ടപ്പോള്‍ ജീവിച്ചിരിക്കേ തന്നെ വിശുദ്ധയെന്ന്‌ അറിയപ്പെടാന്‍ ഇടയായി.
ഇടുങ്ങിയ വാതിലുകള്‍ക്കായി, ചെറുതാകലിന്റെ വഴികള്‍ക്കായ്‌ അസാധാരണമായ ത്യാഗങ്ങള്‍ തേടിപോകേണ്‌ട ആവശ്യമില്ല. കടന്നുപോകുന്ന വാതിലുകള്‍ ഇടുങ്ങിയതാകുന്ന എത്ര എത്ര സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്‌ ടാകാറുണ്‌ട്‌ അകാരണമായി കുറ്റാരോപിതരാകുമ്പോള്‍, പ്രതിക്ഷിക്കാത്ത പലതും ജീവിതത്തില്‍ സംഭവിക്കുമ്പോള്‍, ഞാന്‍ കടന്നുപോകേണ്‌ട ഇടുങ്ങിയ വാതിലുകളാണ്‌ എന്ന്‌ മനസ്സിലാക്കാന്‍ കഴിയണം.
പ്രശസ്‌ത എഴുത്തുകാരനായ Robert frost ഒരു സംഭവം വിവരിക്കുന്നുണ്‌ട്‌. ഒരു മഞ്ഞു കാലത്ത്‌ അപരിചിതമായ വഴിയിലൂടെ നടന്നുപോകേണ്‌ടി വന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ വഴി രണ്‌ ടായി പിരിഞ്ഞു. ഒന്ന്‌ വിശാലമായ വഴിയാണ്‌ മറ്റെത്‌ ചെറുതും ഇടുങ്ങിയതും ദുര്‍ഘടം പിടിച്ചതുമാണ്‌. കുറച്ചുനേരം ആലോചിച്ചതിനുശേഷം രണ്‌ടാമത്തെ വഴി തെരഞ്ഞെടുത്തു. പിന്നിട്‌ അദ്ദേഹം പറയുകയാണ്‌ ആ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ചതുകൊണ്‌ ടാണ്‌ തന്റെ ജീവിതത്തിലുണ്ടായ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്യാനും ജീവിതത്തിന്‌ അര്‍ത്ഥം കണ്‌ ടെത്താനും ഉന്നതനിലയില്‍ എത്തിചേരാനും കഴിഞ്ഞത്‌ എന്ന്‌.
ദൈവം ഇസ്രയേല്‍ ജനത്തിനു കാനാന്‍ ദേശം വാഗ്‌ദാനം ചെയ്‌തു. ദുര്‍ഘടം പിടിച്ച വഴിയിലൂടെ മരുഭൂമിയിലൂടെ, 40 വര്‍ഷം യാത്ര ചെയ്‌തതിനുശേഷം അവര്‍ തേനും പാലുമൊഴുകുന്ന കാനാന്‍ദേശത്ത്‌ എത്തി. ജീവിതമാകുന്ന മരുഭൂമികളെയും പര്‍വ്വതങ്ങളുമൊക്കെ കടന്ന്‌ തേനും പാലുമൊഴുകുന്ന ദേശം കൈവശമാക്കുവാന്‍ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കണം.
ഇടുങ്ങിയ വഴിയും വിശാലമായ വഴിയും തിരഞ്ഞടുക്കുവാന്‍ അവകാശവും സ്വാതന്ത്രവും മനുഷ്യന്‌ ദൈവം നല്‌കിയിരിക്കുന്നു. ഈ സ്വതന്ത്രത്തില്‍ ദൈവം ഒരിക്കലും കൈകടത്തില്ല. ജീവനും മരണവും നിന്റെ മുമ്പിലുണ്ട്‌. ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം. യൂദാസ്‌ ഈശോയെ ഒറ്റികൊടുക്കുമെന്ന്‌ അറിയാമെങ്കിലും അവനെ ഈശോ വിലക്കിയില്ല.
എല്ലാ ദിക്കില്‍ നിന്നും ധാരാളംപേര്‍ വന്ന്‌ സ്വര്‍ഗ്ഗരാജ്യത്തില്‍ വിരുന്നിനിരിക്കുമ്പോള്‍ പുറംതളളപ്പെടാതിരിക്കേണ്‌ ടതിന്‌ നാം ചെയ്യേണ്‌ ടത്‌ മറ്റുളളവര്‍ക്ക്‌ സേവനം ചെയ്‌തും സ്വാര്‍ത്ഥത ത്യജിച്ചും ഇടുങ്ങിയ വാതില്‍ തിരഞ്ഞടുക്കുകയാണ്‌. സെബദി പുത്രന്‍മാരുടെ അമ്മ വന്ന്‌ ''എന്റെ ഈ രണ്‌ട്‌ പുത്രന്‍മാരില്‍ ഒരാള്‍ നിന്റെ വലതുവശത്തും ഒരാള്‍ ഇടത്തുവശത്തുമായി ഇരുത്തുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഈശോ പറയുന്നത്‌ അവിടുന്ന്‌ പാനം ചെയ്‌ത കാസ പാനം ചെയ്യുവാനും അവിടുന്ന്‌ മുങ്ങിയ മാമോദീസ മുങ്ങുവാനും ആണ്‌. അതായത്‌ രക്ഷയിലേക്കുളള ഇടുങ്ങിയ വാതില്‍ സഹനത്തിന്റെ പാത തന്നെയാണ്‌. തന്റെ പീഡാനുഭവവും, കുരിശുമരണവും വഴിയാണല്ലോ നിത്യപിതാവിന്റെ വലതുവശത്ത്‌ അവിടുന്ന്‌ ഇടം കണ്‌ടെത്തിയത്‌. മനുഷ്യരായ നമുക്കും ദൈവരാജ്യം നേടിയെടുക്കുവാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.
പഴയ പരിചയത്തിന്റെ പേരില്‍ അല്ലെങ്കില്‍ കര്‍ത്താവിനെ പ്രസാദിപ്പിച്ച്‌ ചുളുവില്‍ സ്വര്‍ഗ്ഗരാജ്യപ്രവേശനത്തിനുളള അവകാശം ആര്‍ക്കും ലഭിക്കില്ല, എന്നു സുവിശേഷം പഠിപ്പിക്കുന്നു. ''നിന്റെ സാന്നിദ്ധ്യത്തില്‍ ഞങ്ങല്‍ ഭക്ഷിക്കുകയും പനം ചെയ്യുക്കുകയും നീ ഞങ്ങളുടെ തെരുവുകളില്‍ പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്‌ട്‌ എന്നു പറയുന്നവരോട്‌ കര്‍ത്താവു പറയുന്നു'' നിങ്ങള്‍ എവിടെ നിന്ന്‌ വരുന്നുവെന്നു ഞാന്‍ അറിയുന്നില്ല. അധര്‍മ്മം പ്രവര്‍ത്തിക്കന്നവരേ, നിങ്ങള്‍ എന്നില്‍ നിന്ന്‌ അകന്നുപോകുവിന്‍'' പരിചയം അല്ല, ജീവിതം എപ്രകാരം ആണെന്നാണ്‌ കര്‍ത്താവ്‌ നോക്കുക. ബാഹ്യമായി ഞാന്‍ ഒത്തിരിയേറെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുന്നുണ്‌ ടെങ്കിലും ആന്തരികമായി ഞാന്‍ എത്രമാത്രം കര്‍ത്താവുമായി ചേര്‍ന്നാണ്‌ ഇടുങ്ങിയവഴിയിലൂടെ സഞ്ചരിക്കുന്നത്‌. എന്നതാണ്‌ പ്രധാനം. നമ്മുടെ മുമ്പില്‍ തുറന്നു കിടക്കുന്ന ഈ ഇടുങ്ങിയ വാതില്‍ നമ്മുടെ ജീവിതം തന്നെയാണ്‌.
ആകയാല്‍ സ്വര്‍ഗ്ഗരാജ്യത്തിലെ വലിയ മഹത്വം നേടിയെടുക്കുവാനുളള വഴികളെല്ലാം നമ്മുടെ മുമ്പില്‍ തുറന്നു കിടക്കുന്നു. ത്യാഗസന്നദ്ധതയും സന്മനസ്സും നമുക്കുണ ടെങ്കില്‍ കുഞ്ഞാടിന്റെ വിവാഹവിരുന്നില്‍ നാമും അതിഥികളാകും.

റവ. ഡി. ഫിലിപ്പ്‌ ഇരുപ്പക്കാട്ട്‌
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി
കുന്നോത്ത്‌.

---------------------------------------------------------------

ലുക്ക: 13. 22-35

രക്ഷയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരന്നുകിടക്കുന്നത്‌ കഷ്ടതയുടെ കാല്‍വരിക്കപ്പുറത്താണ്‌. കാല്‍വരി കയറിയവനാണ്‌ ഉത്ഥാനം പ്രാവിച്ചത്‌. മിശിഹായുടെ ഈ ഉത്ഥാനത്തില്‍ പങ്കുകാരാകണമെങ്കില്‍ അവിടുത്തോടൊപ്പം സഹനവും, മരണവും കാത്തിരിക്കുന്ന ജറുസലേമിലേക്ക്‌ യാത്ര തിരിക്കുവാന്‍ നാം തയ്യാറാകണം വിശ്വാസത്തോടെ അനുധാപനം ചെയ്യുവാന്‍ നമുക്ക്‌ സാധിക്കണം. വിശ്വാസത്തോടും വിശ്വസ്ഥതയോടുമുളള അനുഗമനത്തിനുളള പ്രതിഫലമാണ്‌ സ്വര്‍ഗ്ഗീയ വിരുന്നിലുളള ഭാഗധേയം.
യഹൂദരായി പിറന്നവരൊക്കെയും അതിനാല്‍ തന്നെ വരുവാനുളള ദൈവരാജ്യത്തിന്റെ അവകാശികളാണെന്ന്‌ ഇസ്രായേല്‍ ജനത കരുതിയിരുന്നു. അവരുടെ ദൃഷ്ടിയില്‍ വിജാതിയര്‍ക്കും ചുങ്കക്കാര്‍ക്കും പാപികള്‍ക്കും മാത്രമേ ദൈവരാജ്യം ഭ്രഷ്ട്‌ കല്‌പിക്കപ്പെട്ടിരുന്നുളളു. ഇവിടെയാണ്‌ നാം ശ്രവിച്ച വചനഭാഗത്തെ ചോദ്യം പ്രസക്തമാകുന്നത്‌. രക്ഷ പ്രാവിക്കുന്നവര്‍ ചുരുക്കമാണോ? രക്ഷപ്രാവിക്കുന്നവര്‍ ചുരുക്കമാണ്‌ എന്ന ഉത്തരം ഈശോ നല്‍കുന്നില്ലെങ്കിലും അനേകര്‍ രക്ഷ പ്രാവിക്കുമെന്നും അവിടുന്ന്‌ പറയുന്നില്ല. എന്നാല്‍ സ്വര്‍ഗ്ഗത്തിലേക്കുളള വാതിലും അതിലേക്ക്‌ നയിക്കുന്ന പാതയും ഇടുങ്ങിയതാണെന്ന്‌ അവിടുന്ന്‌ പറയുന്നുണ്ട്‌. ഈ ഇടുങ്ങിയ വാതില്‍ തുറന്നുകിടക്കുന്നിടത്തോളംകാലം അകത്തുപ്രവേശിക്കുവാന്‍ പരിശ്രമിക്കാത്തവര്‍ക്കും അറിവിനുമപ്പുറത്ത്‌ മിശിഹായോടുളള ബന്ധത്തില്‍ വളരാത്തവര്‍ക്കും ദൈവജനത്തിലെ ഒരംഗമായിരിക്കുന്നതില്‍ മാത്രം താല്‌പര്യം പുലര്‍ത്തിയവര്‍ക്കും മുമ്പില്‍ ഇനിയുളളത്‌ ഇടുങ്ങിയ വാതിലല്ല. മറിച്ച്‌ അടയ്‌ക്കപ്പെട്ട വാതിലാണ്‌. തങ്ങളുടെ പൂര്‍വ്വികര്‍ മാത്രമല്ല മറിച്ച്‌ വിജാതിയര്‍പോലും അടക്കപ്പെട്ട വാതിലിനപ്പുറത്തെ ദൈവരാജ്യ വിരുന്നില്‍ പങ്കുചേരുമ്പോള്‍ വിരുന്നിനു പ്രവേശിക്കാന്‍ യോഗ്യതനേടാത്തവരായ തിരഞ്ഞടുക്കപ്പെട്ട ജനത്തിന്റെ തെറ്റിന്റെ ഗൗരവം ഇരട്ടിക്കുന്നു. നിത്യനായ ദൈവത്തിന്റെ പുത്രനെ തിരസ്‌കരിച്ചവരുടെ നിത്യനഗരത്തില്‍ നിത്യകാലം വസിക്കാമെന്ന സ്വപ്‌നകോട്ടയുടെമേല്‍ ഈശോ ആസന്നമായ ദുരിതം പ്രവചിക്കുന്നു. മാനസാന്തരപ്പെടുവാനുളള ആഹ്വാനം ശ്രവിക്കാത്ത ഏവര്‍ക്കുമുളള മുന്നറിപ്പാണത്‌.
പ്രിയപ്പെട്ടവരേ, പുതിയ ഇസ്രായേലായ സഭയിലെ അംഗങ്ങളാണ്‌ നാമോരോരുത്തരും എന്നാല്‍ ദൈവരാജ്യത്തില്‍ നിന്നും ഒഴിവാക്കപ്പെടുക എന്ന ദുരന്തം നമുക്കും വന്നുചേരാവുന്ന ഒന്നാണ്‌. മിശിഹായുടെ ശരിരം ഭക്ഷിക്കുകയും അവിടുത്തെ രക്തം പാനം ചെയ്യുകയും ചെയ്‌തവരെങ്കിലും അവനോടുളള ഗാഢബന്ധത്തില്‍ വളരാത്തവരും അവിടുത്തെ വചനങ്ങള്‍ ശ്രവിക്കുകയും എന്നാല്‍ അവയനുസരിച്ച്‌ ജീവിക്കാത്തവരും ഒക്കെ ഞങ്ങള്‍ അവിടുത്തെ അനുഗമിക്കുകയായിരുന്നു എന്ന മിഥ്യാധാരണയില്‍ കഴിയുന്നവരാണ്‌.
വിശ്വാസ ജീവിതത്തില്‍ നമ്മുടെ മാതൃക ഈശോതന്നെയാകട്ടെ. ഇസ്രായേല്‍ തിരസ്‌കരിക്കുകയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്‌ത ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ പ്രവാചകനും പരികര്‍മ്മിയും രക്തസാക്ഷിയുമാണ്‌ ഈശോ. തനിക്കുമുമ്പേ പോയ പ്രവാചകന്മാരെ കാത്തിരുന്ന ദാരുണമായ തിരസ്‌കരണവും പീഡകളും മരണവുമാണ്‌ ദൈവപുത്രനായ തന്നെയും കാത്തിരിക്കുന്നത്‌ എന്ന്‌ അറിഞ്ഞപ്പോഴും അവയ്‌ക്ക്‌ നടുവിലും ദൈവത്തോടുളള വിശ്വസ്ഥതയ്‌ക്ക്‌ അവന്‍ സാക്ഷ്യം നല്‌കി. എന്നാല്‍ ഈ സാക്ഷ്യവും അനുഗമനവും എളുപ്പമുളള ഒന്നല്ല. ഇത്‌ സാധ്യമാകണമെങ്കില്‍ വിശ്വാസത്തിന്റെ പിന്‍ബലം ആവശ്യമാണ്‌. വിശ്വാസം ജീവിക്കാത്തവന്‌ മിശിഹായുടെ ഉയിര്‍പ്പിന്റെ ജീവനിലും പങ്കുലഭിക്കില്ല.
എന്നെപ്പോലെ എന്റെ സഹോദരനെയും സ്‌നേഹിക്കുവാന്‍മാത്രം വളര്‍ന്ന്‌ സ്വയം ശൂന്യവത്‌കരണത്തിന്റെ ഇടുങ്ങിയ പാതയിലൂടെ നടക്കുവാന്‍ നമുക്ക്‌ പരിശീലിക്കാം. ജീവിത ക്ലേശങ്ങളുടെയും പ്രതിസന്ധികളുടെയും വിശ്വാസ പരിക്ഷണങ്ങളുടെയും ഇടുങ്ങിയ വഴിയിലൂടെ നടക്കുമ്പോള്‍ കാലിടറാതെ സ്വര്‍ഗ്ഗമാകുന്ന ലക്ഷ്യത്തിലേത്തില്‍ എത്തിചേരുവാനുളള കൃപയ്‌ക്കായ്‌ നമുക്ക്‌ അനുഗ്രഹം യാചിക്കാം.

റവ. ജേക്കബ്‌ അത്തിക്കളം
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി
കുന്നോത്ത്‌.
Download

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home