Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
കൈത്താക്കാലം ഒന്നാം ഞായര്‍
Readings: 1Kings 18:30-39; Acts 5:12-32; 1Corinthians 1:9-16; Luke 14:1-14

ആരാധനാക്രമവത്സരത്തില്‍ പുതിയകാലത്തിലേക്ക്‌, കൈത്താക്കാലത്തിലേക്ക്‌ നാം പ്രവേശിക്കുകയാണ്‌. അപ്പസ്‌തോലന്മാരുടെയും അവരുടെ പിന്‍ഗാമികളായ സഭാപിതാക്കന്മാരുടെയും രക്ഷസാക്ഷികളുടെയും പ്രേഷിതപ്രവര്‍ത്തനവും ജീവിതസാക്ഷ്യവും വഴിയായി ലോകത്തിന്റെ നാനാഭാഗങ്ങളിലേയ്‌ക്കും സഭ വളര്‍ന്നു വ്യാപിച്ചു. അങ്ങനെ ധാരാളം ഫലങ്ങള്‍ - ക്രൈസ്‌തവര്‍ ഉളവാക്കുകയും ചെയ്‌തു. സഭയുടെ വളര്‍ച്ചയാകുന്ന ഈ വലിയ രഹസ്യത്തെയാണ്‌ കൈത്താക്കാലത്ത്‌ നാം അനുസ്‌മരിക്കുന്നത്‌.

നിയമവും നിയമാനുഷ്‌ഠാനവും യഥാര്‍ത്ഥത്തില്‍ മനുഷ്യ നന്മയ്‌ക്കുള്ളതാകണമെന്നും, ഒപ്പം എളിമയുടെ പാഠങ്ങള്‍ പ്രാവര്‍ത്തിക്കുന്നവനു മാത്രമേ ജീവിതത്തില്‍ ഉയര്‍ച്ചയുണ്‌ടാകൂ എന്നും ഇന്നത്തെ സുവിശേഷത്തിലൂടെ സഭാമാതാവ്‌ നമ്മെ പഠിപ്പിക്കുന്നത്‌.

ഈശോ പ്രവര്‍ത്തിച്ച അത്ഭുതങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ ഉചിതമായിരിക്കും. ആരാണ്‌ ഈ മഹോദരരോഗി? ശരീര ഭാഗങ്ങള്‍ അസന്തുലിതമായി ചീര്‍ത്ത്‌ വീര്‍ത്ത്‌ വരുന്ന അസുഖമാണിത്‌. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ മഹാ ഉദരമുള്ളവനാണ്‌ മഹോദരരോഗി. ഇവിടെ ഈശോ തമ്പുരാന്റെ മനോഭാവമാണ്‌ നാം കണക്കിലെടുക്കേണ്‌ടത്‌. വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പിവച്ചിരിക്കുന്നു മേശയ്‌ക്ക്‌ ചാരെ നില്‍ക്കുമ്പോഴും തമ്പുരാന്‍ കാണുന്നത്‌ ഒരു മഹോദര രോഗിയെയാണ്‌. ഒരുപക്ഷെ മറ്റുള്ളവര്‍ മേശപ്പുറത്തെ വിഭവങ്ങളില്‍ ആകാംക്ഷയോടെ കണ്ണോടിക്കുമ്പോള്‍, ആതിഥേയന്റെ ഭവനത്തിലെ ഡൈനിംഗ്‌ഹാളിലെ സജ്ജീകരണങ്ങള്‍ വിലയിരുത്തുമ്പോള്‍ ഈശോയുടെ കണ്ണുകള്‍ പതിക്കുന്നത്‌ ആ മഹോദരരോഗിയിലാണ്‌. ആതിഥേയന്റെ അന്തസ്സും ആഭിജാത്യവും കൂടെയുണ്‌ടായിരുന്ന വി.ഐ.പി സീന്റെ നിലയും വിലയും സമ്പത്തിന്റെ സങ്കീര്‍ണ്ണമായ നിയമങ്ങളുമൊക്കെ അറിയാമായിരുന്നിട്ടും ഈശോ ഇതിനേക്കാളൊക്കെ വിലകൊടുക്കുന്നത്‌ മനുഷ്യന്റെ കണ്ണുനീരിനായിരുന്നു. സ്‌നേഹമുള്ളവരെ, ഈശോയില്‍ വിളങ്ങി നിന്നിരുന്ന ഈ ദൈവീകതയും മാനുഷീകതയുമൊക്കെ ഒരു പരിധിവരെയെങ്കിലും ഇന്നിന്റെ മനുഷ്യന്‌ കൈമോശം വന്നുകൊണ്‌ടിരിക്കുകയാണല്ലോ?

ഒരു കൊച്ചു സംഭവം വിവരിക്കാം ഇടവകയില്‍ നിന്നും ബഹു. അച്ചനും കൂട്ടരും പിക്‌നിക്കിന്‌ മലമ്പുഴയില്‍ പോയ അവസരം. പാര്‍ക്കിലെല്ലാം കറങ്ങി ഉച്ചയായപ്പോള്‍ അടുത്തുള്ള ഒരു കോണ്‍വെന്റില്‍ ഭക്ഷണം കഴിക്കാനായി പോയി. അച്ചന്റെ കസിന്‍ അവിടെ സിസ്‌റ്ററാണ്‌. നഴ്‌സറി സ്‌കൂളും അനാഥകുട്ടികളെ നോക്കുന്ന ഒരു ബാലഭവനും എല്ലാം അവിടെയുണ്‌ട്‌. ഉച്ചഭക്ഷണമൊക്കെ കഴിച്ച്‌ അവരൊരുമിച്ച്‌ അവിടെയുണ്‌ടായിരുന്ന കുട്ടികളുടെ ആല്‍ബം പരിശോധിച്ചപ്പോള്‍ ഒരു 4-5 വയസ്സ്‌ പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ അവര്‍ ശ്രദ്ധിച്ചു. കാരണം മറ്റൊന്നുമല്ല, അവളുടെ മുഖം മുഴുവനും പൊള്ളി വികൃതപ്പെട്ടതായി കാണപ്പെട്ടു. മനുഷ്യന്‍ എന്തുമാത്രം ക്രൂരനാകാമെന്ന്‌ നാമൊക്കെ അറിയണം. ആ കുഞ്ഞിനെ ഗര്‍ഭത്തില്‍വെച്ചു തന്നെ നശിപ്പിച്ചുകളയുവാന്‍ അവളുടെ മാതാപിതാക്കള്‍ തീരുമാനിച്ചിരുന്നു. പക്ഷെ അവര്‍ക്ക്‌ അത്‌ സാധിച്ചില്ല. അങ്ങനെ മനസ്സില്ലാമനസ്സോടെ അവര്‍ ആ കുഞ്ഞിന്‌ ജന്മം നല്‌കി. തങ്ങളുടെ മുമ്പോട്ടുള്ള സുഖജീവിതത്തിന്‌ Life enjoy ചെയ്യുവാന്‍ ഈ കുഞ്ഞ്‌ തടസ്സമാകുമെന്ന്‌ കണ്‌ട മാതാപിതാക്കള്‍ ആ പിഞ്ചോമനയെ ഒഴിവാക്കാനായി ശ്രമിച്ചു. അങ്ങനെ ജനിച്ചിട്ട്‌ ഏതാനും ദിവസങ്ങള്‍ മാത്രമായ ആ ചോരക്കുഞ്ഞിനെ ആളുകള്‍ അധികമില്ലാതിരുന്ന ഒരു പൊന്തകാട്ടില്‍ ഉപേക്ഷിച്ചു. അതുകൊണ്‌ട്‌ തീരുന്നില്ല, കടയില്‍ നിന്നും വാങ്ങിക്കൊണ്‌ടുവച്ച പച്ചയിറച്ചി ആ കുഞ്ഞിന്‌ ചുറ്റും ഇട്ടു. അവരുടെ ഉദ്ദേശ്യം വ്യക്തമായിരുന്നു. ചോരയൊലിക്കുന്ന ഇറച്ചിക്കഷണങ്ങള്‍ക്കൊപ്പം ആ പിഞ്ചോമനയെയും പട്ടികള്‍ കടിച്ച്‌ തിന്നുമെന്ന്‌ അവര്‍ കരുതി. പക്ഷെ ആ കുഞ്ഞിന്റെ ഭാഗ്യമോ ദൗര്‍ഭാഗ്യമോ എന്നറിയില്ല പട്ടികള്‍ വരുന്നതിനുമുമ്പ്‌ മറ്റൊരു കൂട്ടര്‍ അവിടെയെത്തി. നീറ്‌ അഥവാ നീശര്‍ എന്ന ഒരുതരം ഉറുമ്പുകള്‍. ഇതിനുപിന്നില്‍ ഒരുതരം ആസിഡുണ്‌ട്‌. അത്‌ ദേഹത്ത്‌ വീണാല്‍ പൊള്ളും. പാവം കുഞ്ഞിന്‌ എന്തുചെയ്യാന്‍ കഴിയും. നീറ്‌ കുഞ്ഞിന്റെ ദേഹത്ത്‌ കയറി കടിക്കാന്‍ തുടങ്ങി. ഒന്നുറക്കെ കരയാനായി വാപൊളിച്ചപ്പോള്‍ അതിനുപോലും അനുവദിക്കാതെ വായില്‍ കയറി കടിച്ച്‌ പൊള്ളിച്ചു. ഈ അവസ്ഥയില്‍ അതിലേവന്ന ആരോ എടുത്തുകൊണ്‌ട്‌ വന്ന കുഞ്ഞാണിത്‌. അതേ, സ്‌നേഹമുള്ളവരേ, ഇവിടെ ദൈവീകതയും മാനുഷികതയുമൊക്കെ പണ്‌ടേ പോയ്‌മറഞ്ഞിരിക്കുന്നു. മൃഗീയത എന്നുപോലും വിളിക്കാന്‍ പാടില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ന്‌ സാധാരണമായിരിക്കുന്നു. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ ക്രിസ്‌തു നാഥനില്‍ വിളങ്ങി നിന്നിരുന്ന ദൈവീകതയും മാനുഷികതയും ഒക്കെ പ്രോജ്വലിപ്പിക്കേണ്‌ടവരല്ലെ നമ്മള്‍.

1. പ്രഥമസ്ഥാനത്തിനു വേണ്‌ടിയുള്ള മത്സരം ഇന്ന്‌ ഭക്ഷണശാലകളില്‍ മാത്രമല്ല എല്ലാ മേഖലകളിലും നമുക്ക്‌ കാണാം.
2. ആദരവും ബഹുമാനവും ചോദിച്ചു വാങ്ങേണ്‌ടതല്ല. അര്‍ഹതയുണ്‌ടെങ്കില്‍ അവ നമ്മെ തേടിയെത്തിക്കൊള്ളും (ഇന്നത്തെ പഴയനിയമവാ യന - ഏലിയായുടെ ബലി).
3. അഹാബ്‌ രാജാവിനും പട്ടമഹിഷി ജെസബെല്ലിനും 100 കണക്കിന്‌ ബാലിന്റെ പുരോഹിതര്‍ക്കും അധികാരവും ആള്‍ബലവും സമ്പത്തുമുണ്‌ടായി രുന്നു. പക്ഷെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയത്‌ ആദരവ്‌ നേടിയത്‌ ഏലിയാ മാത്രം - കാരണം ഏലിയയോടൊപ്പമുള്ള നിരന്തര ദൈവസാന്നിധ്യം.
4. നാമും ഈ നിരന്തര ദൈവസാന്നിധ്യഅവബോധത്തില്‍ ജീവിക്കുക, ആദരവ്‌ നമ്മെത്തേടിയെത്തും.


മാത്യു ആ നകുത്തിയില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.


കുട്ടികള്‍ക്കുള്ള സന്ദേശം:

ഈശോ ഏറെ ഇഷ്ടപ്പെടുന്ന കുഞ്ഞുമക്കളെ,

ഒന്നാമനായി തീരാന്‍ നാം നമ്മോടുതന്നെ മത്സരിക്കുന്ന കാലമാണിത്‌. മറ്റുള്ളവരേക്കാള്‍ മിടുക്കനാണെന്ന്‌ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. നമ്മുടെ ഈ സ്വാര്‍ത്ഥ മോഹത്തിന്റെ ലക്ഷ്യം മറ്റുള്ളവരേക്കാള്‍ കേമനായിത്തീരുക എന്നതാണ്‌. ഈ അഹങ്കാരചിന്ത ജന്മം എടുക്കുന്നത്‌ നമ്മുടെ അഹംഭാവം/ഞാനെന്ന ഭാവത്തില്‍ നിന്നാണ്‌. എന്നാല്‍ ദൈവമക്കളായ നാം തിരിച്ചറിയേണ്‌ട സത്യം മറ്റുള്ളവര്‍ക്ക്‌ മുമ്പില്‍ വലിയവനാകാതെ ദൈവത്തിന്‌ മുന്നില്‍ വലിയവനാകുക എന്നതാണ്‌ കാരണം പ്രഭാഷകന്റെ പുസ്‌തകം 1:27 ല്‍ നാം വായിക്കുന്നു: ദൈവം വിശ്വസ്‌തതയിലും വിനയത്തിലും പ്രസാദിക്കുന്നു എന്ന്‌. അങ്ങനെ സ്വയം എളിമപ്പെടുത്തിക്കൊണ്‌ട്‌ ദൈവസന്നിധിയില്‍ ഒന്നാമനാകാനുള്ള ആഹ്വാനമാണ്‌ ഇന്നത്തെ വചനഭാഗം നമ്മോടാഹ്വാനം ചെയ്യുന്നത്‌.

ഒരു സ്‌കൂളില്‍ സ്‌പോര്‍ട്‌സ്‌ ഡേ നടക്കുന്നു. ട്രാക്കിനു മുന്നില്‍ ഓടാനായി തയ്യാറായി നില്‍ക്കുന്ന ഒരു കൊച്ചുമിടുക്കി. അവള്‍ കണ്ണടച്ചു പ്രാര്‍ത്ഥിക്കുന്നത്‌ ഒരദ്ധ്യാപിക ശ്രദ്ധിച്ചു. വിസിലടിച്ചു... ഓട്ടം തുടങ്ങി... പക്ഷേ അവള്‍ ഏറ്റവും ഒടുവിലാണ്‌ എത്തിച്ചേര്‍ന്നത്‌. പുഞ്ചിരിച്ചുകൊണ്‌ട്‌ കൂട്ടുകാര്‍ക്കടുത്തേക്ക്‌ ഓടിയ അവളോട്‌ ടീച്ചര്‍ ചോദിച്ചു. പ്രാര്‍ത്ഥിച്ചിട്ടും തോറ്റുപോയില്ലേ! സാരമില്ല: ആ മിടുക്കി പറഞ്ഞു; ഞാന്‍ ജയിക്കാന്‍ വേണ്‌ടിയല്ല പ്രാര്‍ത്ഥിച്ചത്‌. തോറ്റാല്‍ സങ്കടപ്പെടാതിരിക്കാനാണ്‌. പ്രിയമുള്ളവരെ പലപ്പോഴും സ്വന്തം നേട്ടങ്ങള്‍ക്കുവേണ്‌ടിയാണ്‌ നാം പ്രാര്‍ത്ഥിക്കുന്നത്‌. എന്നാല്‍ വിനയവും എളിമയും ഉള്ള ഒരു ഹൃദയത്തില്‍ നിന്നേ ഈ കൊച്ചു മിടുക്കിയൂടേതുപോലെയുള്ള പ്രാര്‍ത്ഥനകള്‍ ജന്മംകൊള്ളുകയുള്ളൂ. അഹങ്കാരഭാവമായിരുന്നെങ്കില്‍ എനിക്ക്‌ ഒന്നാം സ്ഥാനം കിട്ടിണേ എന്നവള്‍ പ്രാര്‍ത്ഥിച്ചേനെ. പ്രഭാഷകന്‍ 10:28 ല്‍ കാണുന്നതുപോലെ അവളുടെ എളിമയാര്‍ന്ന പ്രാര്‍ത്ഥന കൂട്ടുകാര്‍ക്കും അദ്ധ്യാപകര്‍ക്കുമിടയില്‍ അവളെ മഹത്വമുള്ളതാക്കി.

ഇന്നത്തെ വചനഭാഗത്ത്‌ ദൈവരാജ്യത്തിന്റെ പ്രതീകമായ വിരുന്നിന്റെ പശ്ചാത്തലത്തില്‍ ക്രിസ്‌തീയ ജീവിതത്തിലെ സുകൃതങ്ങളെക്കുറിച്ച്‌ ഈശോ പഠിപ്പിക്കുന്നു. ഒന്നാമതായി ദൈവരാജ്യത്തില്‍ വലിയവനാകാന്‍ ഈ ഭൂമിയിലായിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കു മുമ്പില്‍ നാം ചെറിയവരാകണം. വിശാലമായ, നന്മയുള്ള ഒരു ഹൃദയമുള്ളവര്‍ക്കേ മറ്റുള്ളവരുടെ മുമ്പില്‍ എളിമപ്പെടാന്‍ കഴിയൂ. കാരണം അവിടെ അഹങ്കാരമില്ല, സ്വാര്‍ത്ഥതയുമില്ല.

രണ്‌ടാമതായി, കുട്ടികളായ നമ്മുടെ ജീവിതത്തില്‍ എളിമപ്പെടാനുള്ള ധാരാളം അവസരങ്ങളുണ്‌ട്‌: എന്നെക്കാള്‍ പാവപ്പെട്ട ഒരു കുട്ടിക്ക്‌ സഹായം ചെയ്യുമ്പോള്‍, ഭക്ഷണം പങ്കുവയ്‌ക്കുമ്പോള്‍, സ്‌നേഹപൂര്‍വ്വം ആശ്വസിപ്പിക്കുമ്പോള്‍, പഠിക്കാന്‍ സഹായിക്കുമ്പോള്‍ കളിയാക്കുന്നവരോട്‌ ക്ഷമിക്കുമ്പോള്‍, അദ്ധ്യാപകരെ അനുസരിക്കുമ്പോള്‍, മാതാപിതാക്കളെ ബഹുമാനിക്കുമ്പോള്‍. ഇവിടെയെല്ലാം ഞാനെന്ന ഭാവം മാറ്റിവെച്ച്‌ മറ്റുള്ളവര്‍ക്കുമുമ്പില്‍ നാം നമ്മെത്തന്നെ താഴ്‌ത്തിക്കൊണ്‌ട്‌ നാം ദൈവതിരുമുമ്പില്‍ ഒന്നാമതാകണം. കാരണം ഈശോ നല്‍കുന്ന വാഗ്‌ദാനം ഇതാണ്‌: ലൂക്കാ 14/11 തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെ താഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.

എളിമയുടെ മാതൃക സ്വന്തം ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയവനാണ്‌ ഈശോ. ദൈവപുത്രന്‍ ഒരു പുല്‍ത്തൊഴുത്തില്‍ മനുഷ്യനായി ജനിച്ച്‌ കഷ്ടപ്പാടുകള്‍ക്കിടയില്‍ ജീവിച്ച്‌ വേദനകളേറ്റ്‌ മരിച്ചു. ആ ജീവിതം മുഴുവന്‍ എളിമയുടെ ഉദാഹരണമാണ്‌. സ്വാര്‍ത്ഥത മാറ്റി വെച്ച്‌ മറ്റുള്ളവര്‍ക്ക്‌വേണ്‌ടി ജീവന്‍ നല്‍കിയ ഈശോയെ പിതാവായ ദൈവം തന്റെ വലതുഭാഗത്തിരുത്തി. അവിടുത്തെ മഹത്വപ്പെടുത്തി.

അതുകൊണ്‌ട്‌ പ്രിയമുള്ളവരെ, നമുക്കും അഹങ്കാരത്തിന്റെ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി എളിമയുടെയും വിനയത്തിന്റെയും പുതിയ മനുഷ്യരാകാം. നമ്മുടെ ജീവിതം മറ്റുളളവരുടെ നന്മയ്‌ക്കായി വിനിയോഗിച്ച്‌ നമ്മുടെ ദൈവത്തിരുമുമ്പില്‍ വലിയവരാകാം. മത്സരങ്ങളുടെ ഈ ലോകത്തില്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി നെട്ടോട്ടമോടാതെ വഴിയരുകില്‍ വീണുകിടക്കുന്നവര്‍ക്ക്‌ ഒരു കൈത്താങ്ങു നല്‍കി അവരേയും നമ്മോടുകൂടെക്കൂട്ടി അവര്‍ക്ക്‌ ദൈവരാജ്യത്തിന്റെ സ്‌നേഹവിരുന്നൊരുക്കാം. മനുഷ്യനായി പിറന്ന്‌, ശിഷ്യരുടെ പാദം കഴുകി, ദിവ്യകാരുണ്യത്തോളം ചെറുതായ ഈശോയെപ്പോലെ സ്വയം എളിമപ്പെടുത്തി ഈശോയുടെ പ്രിയപ്പെട്ട മക്കളാവാം. ഈ കൈത്താക്കാലത്തില്‍ നമ്മുക്കും പ്രാര്‍ത്ഥിക്കാം: എളിമശാന്തവിനയമുള്ള തിരുഹൃദയമേ, എന്റെ ഹൃദയം തവഹൃദയം പോലെയാക്കണെ.

ജേക്കബ്‌ കൊട്ടിയാനിക്കല്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

 

 Download Sermon 2010

വിരുന്ന്‌ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും വേദിയാണ്‌ എല്ലാം നന്നായി സൃഷ്ടിച്ചതിനുശേഷം സ്രഷ്ടാവ്‌ വിശ്രമിച്ച സാബത്ത്‌ ദിവസം വിരുന്നാഘോഷിക്കുന്നത്‌ ഏറെ ഉചിതവും. അത്തരമൊരുവിരുന്നിന്റെ വേദിയാണ്‌ ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ സന്ദര്‍ഭം. എന്നാല്‍ ഫരിസേയപ്രമാണി ഒരുക്കിയ ഈ വിരുന്നിന്‌ മറ്റൊരു നീച ലക്ഷ്യവും കൂടിയുണ്‌ ടായിരുന്നു എന്ന്‌ തുടര്‍ന്നുവരുന്ന വാക്യങ്ങളില്‍ നിന്ന്‌ വ്യക്തം. '' അവര്‍ അവനെ ശ്രദ്ധിച്ചുകൊണ്‌ടിരുന്നു; അവിടെ ഒരു മഹോദരരോഗി ഉണ്‌ടായിരുന്നു''. വിരുന്നവേളകളെ അസ്വദിക്കാനാവാത്തവനാണ്‌ മഹോദരരോഗി. രോഗം പാപത്തിന്റെ ഫലമാണെന്ന്‌ വിശ്വസ്‌ക്കുന്ന യഹൂദരെ സംബന്ധിച്ചിടത്തോളം വിരുന്നുശാലയില്‍ നിന്ന്‌ മാറ്റി നിര്‍ത്തപ്പെടേണ്‌ട അശുദ്ധന്‍. എന്നിട്ടും അവനെങ്ങനെ സാബത്ത്‌ വിരുന്നിലെത്തി? തങ്ങള്‍ ഭയപ്പെടേണ്‌ട ശക്തിയായി ഉയര്‍ന്നു വന്നവനെ നിയമത്തിന്റെ ഊരാക്കുടുക്കില്‍ തളച്ചിടാനുളള ഗൂഢതന്ത്രം ഇവിടെയാണ്‌ വെളിപ്പെടുന്നത്‌. എന്നാല്‍ എളിയവനെയും കുറവുളളവനെയും ദൈവരാജ്യത്തിലെ വലിയവരായികാണുന്ന കര്‍ത്താവിനെ നന്മചെയ്യുന്നതില്‍ നിന്ന്‌ ഒരു നിയമവും തടയുന്നില്ല. അവനെ ്‌അടുത്തു വിളിച്ചുകൊണ്‌ട്‌ സ്‌നേഹമാണ്‌ നിയമത്തിന്റെ ആത്മാവ്‌ എന്നവന്‍ പ്രഖ്യാപിച്ചു.
നിയമത്തെ പൂര്‍ത്തിയാക്കാനായി വന്നവന്‍തന്നെ എന്തുകൊണ്ട്‌ അതിപ്രധാനമായ സാബത്തുനിയമം ലംഘിക്കുന്നു എന്നു ചോദിച്ചാല്‍ അതിന്‌ ഒറ്റ ഉത്തരമേയുളളു. വേദനിക്കുന്നവന്റെ കണ്ണീരുകാണാത്ത നിയമാനുഷ്‌ഠാനങ്ങളില്‍ ദൈവം സന്തോഷവാനല്ല. എളിയവന്റെ സഹായത്തിനെത്താത്ത വേദനിക്കുന്നവന്റെ നേരെ കണ്ണടയ്‌ക്കുന്ന, കരയുന്നവന്റെ കണ്ണീരൊപ്പാത്ത ഒരു നിയമാനുഷ്‌ഠാനത്തിലും സാബത്താചരണത്തിലും ദൈവത്തിന്‌ താല്‌പര്യമില്ല. കാരണം എളിയവന്റെ, ദുഃഖമനുഭവിക്കുന്നവന്റെ സമീപത്താണവന്‍. ഫരിസേയപ്രമാണിയുടെ സമൃദ്ധമായ മേശയ്‌ക്കു മുമ്പിലിരുന്നപ്പോഴും അവന്റെ കണ്ണ്‌ പതിഞ്ഞത്‌ ഒരു മഹോദരരോഹിയിലാണ്‌ (മഹോദരരോഗി= വയറിനുളളില്‍ വേദനയനുഭവിക്കുന്നവന്‍). ആവശ്യക്കാരന്റെ നേരെ കണ്ണടയ്‌ക്കാന്‍ നിയമങ്ങളുടെ ആവൃതി നാമൊക്കെ ഉപയോഗിക്കുന്നുവെങ്കില്‍ എല്ലാ നിയമങ്ങള്‍ക്കുമുപരിയായി മനുഷ്യനെ സ്‌നേഹിക്കുന്ന ദൈവത്തില്‍ നിന്ന്‌ നാമൊക്കെ ഏറെ അകലെയാണ്‌. നിയമത്തിന്റെ ചട്ടക്കുടിനുളളിലായിരിക്കുമ്പോഴും ഇടറുന്ന പാദങ്ങളെയും പതറുന്ന ജീവിതങ്ങളെയും കാണാന്‍ കഴിയണമെങ്കില്‍ നമ്മിലും എളിയവനെ വലിയവനായി കാണുന്ന ദൈവീകഭാവം ഉണ്‌ടാകണം.
തുടര്‍ന്ന്‌ നാം കാണുന്നത്‌ ഫരിസയപ്രമാണിയൊരുക്കിയ വിരുന്നില്‍ സ്വര്‍ഗ്ഗീയ വിരുന്നുവിളമ്പുന്ന ഈശോയെയാണ്‌. സ്വര്‍ഗ്ഗീയ വിരുന്നിലെ ഒന്നാമനാകണമോ? നീ ഏറ്റവും ചെറിയവനാകണം. സ്വര്‍ഗ്ഗരാജ്യത്തിലെ വിരുന്നിന്‌ ക്ഷണിക്കപ്പെടണമോ? നീ ദരിദ്രനാകണം, കുറവുളളവനാകണം.
സ്വര്‍ഗ്ഗീയ വിരുന്നില്‍ ഒന്നാമനാകാന്‍ എത്രയോളം ചെറുതാകണമെന്ന്‌ സ്വന്ത ജീവിതത്തിലൂടെ അവന്‍ കാണിച്ചുതന്നു. പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങള്‍ക്കും വാസസ്ഥലമൊരുക്കിയവന്‌ പിറക്കാന്‍ കാലിതൊഴുത്ത്‌. മുപ്പത്തിമൂന്നുവര്‍ഷം ഈലോകത്തില്‍ ജീവിച്ചിട്ട്‌ ഒരു ചെമ്പുനാണയം പോലും സ്വന്തമായില്ലാത്ത പൂര്‍ണ്ണ ദരിദ്രന്‍. ഏറ്റവും അവഹേളിക്കപ്പെട്ട്‌ കുരിശിലുളള മരണം കൊണ്‌ടും അവന്‍ ഏല്ലാവര്‍ക്കും പിന്നിലായി. എല്ലാവരെയും മുന്നിലാക്കി. അതിനാല്‍ ദൈവം അവനെ ഉയിര്‍ത്തി. മറ്റേതൊരു നാമത്തെയുംകാള്‍ ഉന്നതമായ നാമവും അവന്‌ നല്‍കി.
വിജയികളെ മാത്രം പൂവിട്ട്‌ പൂജിക്കുന്ന, ഒന്നാമനാകാന്‍ വേണ്‌ടി നെട്ടോട്ടമോടുന്ന നമുക്ക്‌മുമ്പില്‍ കര്‍ത്താവ്‌ വയ്‌ക്കുന്ന വെല്ലുവിളി ഇതാണ്‌്‌്‌ സ്വര്‍ഗ്ഗത്തിലെ വലിയവനാകാന്‍ നീ മറ്റുളളവരെ വലിയവരാക്കുക. തന്നോളം പോന്നവരെയും തന്നെക്കാള്‍ ഉയര്‍ന്നവരെയും മാത്രം ചേര്‍ത്തു നിര്‍ത്തുകയും താഴ്‌ന്നവരെ മാറ്റി നിര്‍ത്തുകയും ചെയ്യുന്ന നമ്മുടെയൊക്ക സ്വഭാവിക പ്രകൃതിയെയും ഈശോ തിരുത്തുന്നുണ്‌ട്‌: ''നീ വിരുന്നിന്‌ ക്ഷണിക്കുമ്പോള്‍ ദരിദ്രരെയും മുടന്തരെയും, വികലാംഗരെയും അന്ധരെയും ക്ഷണിക്കുവിന്‍, കാരണം തിരിച്ചുതരുവാന്‍ അവന്റെ കൈയില്‍ ഒന്നുമില്ല." പ്രതിഫലം നല്‍കാന്‍ കഴിയാത്തവനുവേണ്‌ടി പ്രതിഫലം നല്‍കുന്നതു കര്‍ത്താവാണ്‌. അതിനാല്‍ കഴിവില്ലാത്തവനെന്നോ, കൊളളരുതാത്തവനെന്നോ മുദ്രകുത്തപ്പെട്ട്‌ ഒരാള്‍പോലും നിന്റെ സ്‌നേഹവലയത്തിന്‌ പുറത്താകരുത്‌. കാരണം ഏല്ലാവരെക്കാള്‍ ചെറുതാവാനും ഒന്നുമല്ലാത്തവനെയും ഒന്നുമില്ലാത്തവനെയും ഇടറിപ്പോയവനെയും സ്‌നേഹിക്കുവാനും പരിഗണിക്കുവാനുമാണ്‌ ഈശോ നമ്മോട്‌ ആവശ്യപ്പെടുന്നത്‌.
അതിനാല്‍ ഏറ്റവും എളഇയവനെയും തന്നെക്കാള്‍ വലിയവനാക്കാന്‍ അപ്പമായി മാറിയവന്റെ മാതൃക നമുക്ക്‌ സ്വീകരിക്കാം. എളിയവരുടെ പക്ഷത്ത്‌ നില്‍ക്കുന്നവന്‌ നമ്മെയും ചേര്‍ത്തുനിര്‍ത്താന്‍ ഇടവരട്ടെ. ആരെയും മാറ്റിനിര്‍ത്താതെ ദൈവം നമ്മുക്ക്‌ നല്‍കിയ കഴിവുകള്‍കൊണ്ട്‌ വിരുന്നൊരുക്കി എല്ലാവരെയും നമ്മെക്കാള്‍ വലിയവരാക്കാം. അങ്ങനെ സ്വര്‍ഗ്ഗീയ വരുന്നിലെ ആദ്യപന്തിയിലിരിക്കാന്‍ മനുക്ക്‌ ഇടവരട്ടെ.


റവ. ഡി. ആന്റണി കാച്ചാംകോട്‌
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി
കുന്നോത്ത്‌

Download

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home