Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
കൈത്താക്കാലം രണ്ടാം ഞായര്‍
Readings: Deuteronomy 4:32-40; Isaiah 3:16-4:6; 2Corinthians 3:4-18; Luke 15:11-32

അമ്മയില്ലാത്ത വീടായിരുന്നു അത്‌. ഒരമ്മയുടെ സ്‌നേഹവും ഒരപ്പന്റെ കരുതലും ഒരുപോലെ നല്‍കുന്ന ഒരു പിതാവുണ്‌ടായിരുന്നു. എന്നാല്‍ ആ സ്‌നേഹത്തിന്റെ ഭാഷ മനസ്സിലാക്കാനാവാതെ ഇളയ മകന്‍ വീടു വിട്ടുപോകുന്നു. പിന്നെ കാത്തിരിപ്പിന്റെ ദിനങ്ങളായിരുന്നു. കണ്ണുനീരിന്റെ ചാലു വീണ മിഴികളുമായി ആ പിതാവ്‌ കാത്തിരുന്നു. മുറിവേറ്റ ഹൃദയത്തില്‍ നിന്നുയര്‍ന്ന അടങ്ങാത്ത പ്രാര്‍ത്ഥനയുടെ സുകൃതം കൊണ്‌ട്‌ ആ മകന്‍ തിരിച്ചെത്തുന്നു. ആ പിതാവിന്റെ മനസ്സിലെ സന്തോഷം കുടുംബത്തിന്റെ ആഘോഷമായി മാറി. പെട്ടെന്ന്‌ അതുനിലച്ചു. ഇത്തവണ കണക്കു പറച്ചിലുകളും പരാതികളുമായി മുത്തമകന്‍ പ്രത്യക്ഷപ്പെടുന്നു... ഇവരെ രണ്‌ടു പേരെയും നെഞ്ചോടു ചേര്‍ക്കാന്‍ കൊതിക്കുന്ന പിതാവ്‌...

യഹൂദപാരമ്പര്യം അനുസരിച്ച്‌ പിതാവിന്റെ കാലശേഷം മാത്രമേ മക്കള്‍ക്ക്‌ സ്വത്തില്‍ അവകാശമുള്ളൂ (പ്രഭാ 32/20-21). അതുപോലെ പിതാവിന്‌ അദ്ദേഹത്തിന്‌ ഇഷ്ടമുള്ളതുപോലെ ഓഹരി കൊടുക്കാനും അവകാശമില്ല. യഹൂദാചാരപ്രകാരം മൂത്ത മകന്‌ ഇരട്ടി ലഭിക്കാനുള്ള അവകാശമുണ്‌ട്‌ (നിയമ 21/17). ഇവിടെ പിതാവിനോട്‌ സ്വത്ത്‌ ചോദിക്കുന്ന ഇളയ മകന്‍ പിതാവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു. പിതാവിനെ മൃതനായി പരിഗണിക്കുന്നു. അവന്‍ ദൂരദേശത്തേക്ക്‌ യാത്രയാവുന്നു. `ദൂരത്തായിരിക്കുന്നവന്‍ ധൂര്‍ത്തനാണ്‌. അവന്‍ സ്വത്ത്‌ നശിപ്പിച്ചു കളയും, സ്വത്ത്‌ നശിപ്പിച്ചു കളയുന്നവന്‍ കഷ്ടത്തിലാവും, കഷ്ടത്തിലാവുന്നവന്‍ പന്നികളെ മേയ്‌ക്കും. പിതാവുമായുള്ള ബന്ധം മുറിച്ചവന്‍ സ്വന്തം നിലവാരം മറക്കേണ്‌ടി വന്നു. അവന്‍ യഹൂദനു നിഷിദ്ധമായ പന്നികളെ മേയ്‌ക്കേണ്‌ടി വന്നു.

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജീവിതത്തിലെ അനുഭവം ഓര്‍ക്കുകയാണ്‌. വീട്ടുകാര്‍ തന്നെ ആവശ്യത്തിന്‌ സ്‌നേഹിക്കുന്നില്ല എന്ന കാരണത്താല്‍ ബഷീര്‍ വീട്‌ വിട്ടിറങ്ങി. പല സ്ഥലങ്ങളില്‍ കറങ്ങി നടന്നു. കൈയില്‍ ഉണ്‌ടായിരുന്ന അല്‌പം തുട്ടുകള്‍ തീര്‍ന്നു. ഒന്നും കഴിക്കാതെ രണ്‌ട്‌ ദിവസം തള്ളിനീക്കി. ഇനിയും ഭക്ഷണം കഴിക്കാതെ കഴിയാന്‍ വയ്യ. വിശപ്പിനിടയില്‍ ബഷീര്‍ ചിന്തിച്ചു: എത്ര കഷ്ടപ്പെട്ടാണ്‌ ബാപ്പയും ഉമ്മയും എന്നെ നോക്കുന്നത്‌. എന്നോട്‌ സ്‌നേഹമുള്ളതുകൊണ്‌ടല്ലേ അവര്‍ കഷ്ടപ്പെട്ട്‌ അദ്ധ്വാനിച്ച്‌ എനിക്ക്‌ ഭക്ഷണം നല്‍കുന്നത്‌. അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. അവരെ ധിക്കരിച്ച്‌ ഇറങ്ങിപ്പോന്നത്‌ ശരിയായില്ല.. അന്നു രാത്രി ബഷീര്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി.. നേരം പാതിരയായി. അടുക്കളയുടെ വാതില്‍ മുട്ടി. ഉമ്മ വന്ന്‌ വാതില്‍ തുറന്നു... ഉമ്മാ എനിക്ക്‌ വിശക്കുന്നു.. നിനക്കുള്ള ഭക്ഷണം മേശപ്പുറത്തുണ്‌ട്‌. ഉമ്മയോട്‌ ചോദിച്ചു.. ഇന്ന്‌ ഞാന്‍ വരുമെന്ന്‌ ഉമ്മയ്‌ക്ക്‌ അറിയാമായിരുന്നോ... ഉമ്മ മറുപടി നല്‍കി. നീ വീട്‌ വിട്ടിറങ്ങിയ അന്നുമുതല്‍ നിന്റെ ഓഹരി മേശയില്‍ വിളമ്പി വച്ചിരുന്നു... പതിവുപോലെ ഇന്നും അത്‌ വിളമ്പി വച്ചിട്ടുണ്‌ട്‌.. ബഷീര്‍ ഉമ്മയെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു.. മനസ്സിലാക്കാതെ പോയ സ്‌നേഹത്തെയോര്‍ത്ത്‌..

പ്രിയമുള്ളവരെ, പരാജയത്തിന്റെ പന്നിക്കുഴിയില്‍ വച്ചാണ്‌ തന്റെ കൂടെയുള്ള ദൈവത്തിന്റെ സാന്നിദ്ധ്യം ധൂര്‍ത്തപുത്രന്‍ തിരിച്ചറിയുന്നത്‌. ഈ സാന്നിദ്ധ്യം അവനില്‍ സൂബോധമായി മാറി. അവന്‍ പിതാവിന്റെ സന്നിധിയിലേക്ക്‌ തിരിച്ചുപോകുന്നു. ധൂര്‍ത്തപുത്രന്റെ മാനസാന്തരത്തില്‍ മൂന്ന്‌ തലങ്ങളുണ്‌ട്‌. (1) സുബോധമുണ്‌ടാകുന്നു. (2) പന്നിക്കുഴിയില്‍ നിന്നും എഴുന്നേല്‍ക്കുന്നു. (3) പിതാവിന്റെ അടുത്തേക്ക്‌ തിരിച്ചുപോകുന്നു. എല്ലാം നഷ്ടപ്പെട്ടവന്‌ അപ്പനിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ല. മകന്റെ തിരിച്ചുവരവ്‌ അപ്പന്റെ വിജയമാണ്‌. ധൂര്‍ത്ത പുത്രന്‍ തിരിച്ചെത്തിയതിനുശേഷമുള്ള അഘോഷം അപ്പന്റെ സ്‌നേഹത്തിന്റെ വിജയാഘോഷമാണ്‌.

വഴിതെറ്റിപ്പോയ മകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന സ്‌നേഹനിധിയായ പിതാവ്‌. മകനെ ദൂരത്തുവച്ചു കണ്‌ടപ്പോള്‍ പിതാവ്‌ മനസ്സലിഞ്ഞ്‌ ഓടിച്ചെന്ന്‌ കെട്ടിപ്പിടിച്ച്‌ അവനെ ചുംബിച്ചു. മനസ്സില്‍ കരുതിക്കൂട്ടി ആലോചിച്ചുറപ്പിച്ചത്‌ അവതരിപ്പിക്കുന്നതിനു മുന്‍പ്‌, ചോദ്യങ്ങളോ, പരിഭവങ്ങളോ ഒന്നുമില്ലാതെ അവനെ സ്വീകരിക്കുന്നു.

തിരിച്ചെത്തുന്ന മകന്‌ വിരലിലെ മോതിരം നല്‍കുന്നതും ചെരിപ്പ്‌ അണിയിക്കുന്നതും നാട്ടുനടപ്പിന്‌ വിരുദ്ധമായിരുന്നു. കാരണം ഇത്‌ മൂത്ത മകന്റെ അവകാശത്തില്‍പെട്ടതാണ്‌. എന്നാല്‍ ഇളയ മക്കളോട്‌ പ്രീതി കാട്ടുന്ന ദൈവത്തെയാണ്‌ നാം പഴയ നിയമത്തില്‍ കാണുക. ഈ ബൈബിള്‍ പാരമ്പര്യത്തിന്റെ വെളിച്ചത്തിലാണ്‌ ധൂര്‍ത്തപുത്രന്റെ കഥയും അവതരിപ്പിക്കുന്നത്‌. ഇവിടെയും അന്തിമമായി ദൈവപ്രീതി ഇളയവന്‍ നേടുന്നു. പിതാവ്‌ അവനെ ബഹുമാനത്തോടെ സ്വീകരിക്കുന്നു. മേലങ്കി ഈ ബഹുമാനത്തെ സൂചിപ്പിക്കുന്നു. മോതിരം - അധികാരത്തെ സൂചിപ്പിക്കുന്നു. ഒരാള്‍ തന്റെ മോതിരം മറ്റൊരാള്‍ക്ക്‌ നല്‍കുന്നത്‌ തന്റെ അധികാരം വിനിയോഗിക്കാനുള്ള അനുമതിയായാണ്‌ (Power of attorney). ചെരിപ്പ്‌ ധരിപ്പിക്കുന്നു - പുത്രന്‍മാര്‍ക്ക്‌ മാത്രമേ ചെരിപ്പ്‌ ധരിക്കാന്‍ അനുവാദമുണ്‌ടായിരുന്നുള്ളു. അടിമയ്‌ക്ക്‌ ഒരിക്കലും ചെരിപ്പ്‌ ധരിക്കാന്‍ അനുവാദമില്ലായിരുന്നു. അടിമയുടെ സ്വപ്‌നമായിരുന്നു ഇത്‌: `ഒരിക്കല്‍ ദൈവം തങ്ങളുടെ കാലുകളില്‍ ചെരിപ്പ്‌ അണിയിക്കും എന്നത്‌`. കാരണം ചെരിപ്പ്‌ സ്വാതന്ത്ര്യത്തിന്റെ ചിഹ്നമാണ്‌. എന്നെ ദാസനായി സ്വീകരിക്കണമെന്ന മകന്റെ ആഗ്രഹത്തിന്‌ വിരുദ്ധമായി നിറഞ്ഞ മനസ്സോടെ ആ പിതാവ്‌ മകന്റെ എല്ലാവിധ അധികാരങ്ങളോടും കൂടി അവനെ സ്വീകരിക്കുന്നു...

ധൂര്‍ത്തപുത്രന്‍ തന്റെ പുത്രസ്ഥാനം തിരിച്ചറിഞ്ഞ്‌ മടങ്ങിയെത്തുമ്പോള്‍ മൂത്തപുത്രന്‍ തന്റെ പുത്രസ്ഥാനം വെടിഞ്ഞ്‌ തന്നെത്തന്നെ ദാസനായി താഴ്‌ത്തുന്നു 'നിന്റെ പുത്രനെന്ന്‌ വിളിക്കപ്പെടാന്‍ ഞാന്‍ യോഗ്യനല്ല.' എന്ന്‌ ഇളയ പുത്രന്‍ യാചിക്കുമ്പോള്‍ ഞാന്‍ നിന്റെ ധാസ്യവേല ചെയ്യുന്നുവെന്നാണ്‌ മൂത്ത പുത്രന്റെ പ്രതികരണം. ഒരു പുത്രനായിരിക്കുന്നതിന്റെ സുഖം അവനെന്നെങ്കിലും അനുഭവിച്ചിരുന്നോ. സ്വന്തം വീട്ടില്‍ അവന്‍ അന്യനാകുന്നു. പിതാവിന്റെ കരുണയിലാണ്‌ അവന്‌ ദേഷ്യം. അനിയനെ ജ്യേഷ്‌ഠന്‍ സ്‌നേഹിച്ചിരുന്നില്ലെന്നതും അവന്റെ പെരുമാറ്റത്തില്‍ നിന്നും വ്യക്തമാണ്‌. കാരണം ഇവര്‍ രണ്‌ട്‌ പേരും ഒന്നും സംസാരിക്കുന്നതായി സുവിശേഷം സാക്ഷ്യപ്പെടുത്തുന്നില്ല. ഇളയ മകനെ സ്വീകരിക്കാന്‍ ഇറങ്ങിച്ചെല്ലുന്ന പിതാവ്‌ മൂത്ത മകനേയും സ്വീകരിക്കാന്‍ ഇറങ്ങിച്ചെല്ലുന്നുണ്‌ട്‌.. നഷ്ടപ്പെട്ടത്‌ തിരിച്ചെടുക്കാന്‍ മാത്രമല്ല... നഷ്ടപ്പെടാതിരിക്കാനും ശ്രമിക്കണമല്ലോ... മൂത്ത മകന്റെ വാക്ക്‌ ശ്രദ്ധിക്കണം. എത്ര വര്‍ഷം ഞാന്‍ നിനക്ക്‌ ദാസ്യവേല ചെയ്യുന്നു (15/29). സ്‌നേഹമില്ലാതെ ചെയ്യുന്ന പ്രവൃത്തി ദാസ്യവൃത്തിയാണ്‌. മൂത്ത പുത്രന്‍ അനേകം വര്‍ഷങ്ങളായി ചെയ്‌തുകൊണ്‌ടിരിക്കുന്നത്‌ അതാണ്‌. ഫരിസേയരുടെ മതജീവിതവും നിയമാനുഷ്‌ഠാനവും ദൈവശിക്ഷയെ പേടിച്ചുള്ള ദാസ്യവൃത്തിയാണ്‌. നമ്മുടെ മതാനുഷ്‌ഠാനുങ്ങളും ആചാരങ്ങളും സ്‌നേഹത്തിന്റെ പ്രവൃത്തിയായിട്ടല്ല നാം ചെയ്യുന്നതെങ്കില്‍, ആദ്ധ്യാത്മിക ജീവിതം നാം ആസ്വദിക്കുന്നില്ലെങ്കില്‍ അതും ദാസ്യവൃത്തിയാണ്‌...

ധൂര്‍ത്തപുത്രന്റെ പാപമല്ല ഈ ഉപമയിലെ പരാമര്‍ശം... മറിച്ച്‌ പിതാവിന്റെ സ്‌നേഹമാണ്‌. ദൈവസ്‌നേഹത്തിന്റെ സമ്പൂര്‍ണ്ണതയാണ്‌ പിതാവ്‌... ഇത്രയും നല്ല ഒരു ദൈവചിത്രം. മടങ്ങിയെത്തുന്നവനെ മാറോടു ചേര്‍ക്കുന്ന ചിത്രം... ദൈവസ്‌നേഹസമ്പൂര്‍ണ്ണത പ്രകാശിപ്പിക്കുന്നു. ദൈവത്തെ ശപിക്കുന്നവനും, ശിക്ഷകനും തലമുറകളെ തകര്‍ക്കുന്നവനുമൊക്കെയായി ചിത്രീകരിക്കുന്ന ആത്മീയപാലകരും, ധ്യാനഗുരുക്കന്‍മാരും ഈ ഉപമ മനസ്സിരുത്തി വായിക്കണം.

`ആരുണ്‌ടീ ഉരുണ്‌ട ലോകത്ത്‌
ഉരുണ്‌ടു വീഴാത്തതായി`..
കുഞ്ഞുണ്ണി മാഷുടെ വാക്കുകള്‍... നാം പാപികളാണ്‌... പക്ഷെ ആ പാപത്തിന്റെ ചെളിക്കുഴികള്‍ കിടക്കേണ്‌ടവരല്ല നാം.. നമ്മെ കാത്തിരിക്കുന്ന ആ പിതാവിന്റെ സവിധത്തിലേക്ക്‌ തിരിച്ചു ചെല്ലാം... അവന്റെ അടുത്ത്‌ ചെന്ന്‌ ഒന്നു മനസ്സു തുറന്നു `കുമ്പസാരിക്കാം`.

Dn. മാത്യു ചാക്യാരത്ത്‌.
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.കുട്ടികള്‍ക്കുള്ള സന്ദേശം:

പ്രിയ കൂട്ടുകാരെ,

ക്രിസ്‌തുവിന്റെ ജീവിതം തന്റെ ജീവിതത്തില്‍ അപ്പാടെ പകര്‍ത്തിയ വിശുദ്ധനാണ്‌ രണ്‌ടാം ക്രിസ്‌തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ്‌ അസ്സീസി. അദ്ദേഹം ഒരിക്കല്‍ ഭിക്ഷയാചിക്കാന്‍ പോയ ശിഷ്യരെ കാത്ത്‌ വാതില്‍പ്പടിയില്‍ ഇരുന്നു. നല്ല മഞ്ഞുകാലമായിരുന്നതിനാല്‍ ഫ്രാന്‍സിസിനെ മഞ്ഞു വന്നുമൂടി. രാവിലെ തിരിച്ചെത്തിയ സന്ന്യാസികള്‍ വാതിക്കല്‍ കിടക്കുന്ന മഞ്ഞ്‌ കട്ടയാണ്‌ കണ്‌ടത്‌. അവര്‍ കൈയിലിരുന്ന തങ്ങളുടെ വടിയുപയോഗിച്ച്‌ അത്‌ തല്ലിയുടയ്‌ക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെ നിന്നും രക്തം കിനിയുന്നു. തങ്ങളെ കാത്തിരുന്ന ഫ്രാന്‍സിസാണ്‌ അതെന്ന്‌ അവര്‍ക്ക്‌ മനസ്സിലായി. ഇതുപോലെ ഹൃദയാദ്രതയോടെ നമ്മെ കാത്തിരിക്കുന്ന ഒരു ദൈവത്തെയാണ്‌ നാം ഇന്നത്തെ സുവിശേഷത്തില്‍ കാണുന്നത്‌. സുവിശേഷത്തിലൂടെ ദൈവം ചില കാര്യങ്ങള്‍ ഇന്നു നമുക്ക്‌ വ്യക്തമാക്കിത്തരുന്നു.

1) ദൈവം നമുക്ക്‌ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്‌ട്‌; നന്മയോ തിന്മയോ തിരഞ്ഞെടുക്കാന്‍. ഇളയ പുത്രന്‍ തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ്‌ വീതം മേടിക്കുന്നതും ദൂരെ നാട്ടിലേക്ക്‌ യാത്രയാവുന്നതും. നാമും ഇതുപോലെ സ്വന്തം പ്രവൃത്തികളുടെയും തെറ്റായ തീരുമാനങ്ങളുടെയും പ്രവൃത്തികളിലൂടെയാണ്‌ ദൈവത്തില്‍ നിന്നും അകലുന്നത്‌. അതുകൊണ്‌ട്‌ നമുക്ക്‌ എന്നും നന്മ തിരഞ്ഞെടുക്കാം.

2) നല്ല കൂട്ടുകാരുണ്‌ടാവുക; ധൂര്‍ത്ത പുത്രന്റെ ഉപമയില്‍ അവന്റെ സമ്പത്തിലും സന്തോഷത്തിലും അവനോട്‌കൂടെ ആനന്ദിക്കുവാന്‍ കൂട്ടുകാരുണ്‌ടായിരുന്നു. എന്നാല്‍, അവന്‍ പ്രതിസന്ധിയിലായപ്പോള്‍ ഒറ്റയ്‌ക്കായിരുന്നു. നല്ല സൗഹൃദങ്ങള്‍ നമ്മെ നന്മയിലേയ്‌ക്കും ദൈവത്തിലേയ്‌ക്കും നയിക്കും. അവ എന്നും നമ്മോടു കൂടെയുണ്‌ടായിരിക്കും. നമ്മളെ ഒറ്റപ്പെടുത്തുകയില്ല.

3) ദൈവത്തില്‍ നിന്നകലുമ്പോള്‍ സ്വയം തിരിച്ചു വരാന്‍ തീരുമാനിക്കുക. നമ്മുടെ സ്വന്തം ഇഷ്ടത്തിനനുസരിച്ച്‌ തിന്മ ചെയ്‌ത്‌ ദൈവത്തില്‍ നിന്ന്‌ നാം അകലുമ്പോള്‍ ദൈവം ഒരു നല്ല അപ്പനെപ്പോലെ, അമ്മയെപ്പോലെ തെറ്റേറ്റു പറഞ്ഞ്‌ തിരിച്ചു ചെല്ലുന്നതു കാത്തു നില്‍ക്കുന്നു. നമ്മളെ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല.

4) ചോദിക്കുന്നത്‌ മുഴുവന്‍ തന്നാലും പിന്നെയും കരുതലുള്ളവനാണ്‌ ദൈവം. ധൂര്‍ത്ത പുത്രന്‍ സ്വയം ബോധമുണ്‌ടായി തിരിച്ചു ചെല്ലുമ്പോള്‍ അവനെ ആശ്ലേപ്പിച്ച്‌ പുത്രവസ്‌ത്രങ്ങള്‍ നല്‍കി വിരുന്നൊരുക്കുന്നു ദൈവം. അവനു നല്‍കുവാനുള്ളതെല്ലാം നല്‍കിയതാണെങ്കിലും അനുതപിച്ച്‌ തിരിച്ചു ചെന്നപ്പോള്‍ ദൈവം വീണ്‌ടും അവനെ സമൃദ്ധിയിലേക്ക്‌ നയിക്കുന്നു.

5) ഒപ്പമായിരിക്കുന്നതില്‍ ആനന്ദിയ്‌ക്കുക; പിതാവില്‍ നിന്നും അകന്നു ജീവിച്ചകാലം ഇളയ പുത്രന്‍ തനിക്കിഷ്ടമുള്ളതുപോലെ സന്തോഷിച്ചു. പണം തീര്‍ന്നപ്പോള്‍ അവന്റെ സന്തോഷം നിലച്ചു. പക്ഷെ അവന്‍ ഒന്നുമില്ലാതെ പിതാവിന്റെ ഭവനത്തില്‍ തിരിച്ചു വന്നപ്പോള്‍ നഷ്ടപ്പെട്ടുപോയ യഥാര്‍ത്ഥ സന്തോഷം അവന്‌ വീണ്‌ടും ലഭിക്കുന്നു. ദൈവത്തോടും കുടുംബങ്ങളോടും കൂടെയായിരിക്കുന്നത്‌ നമുക്ക്‌ മറ്റുള്ളതിനേക്കാള്‍ സന്തോഷം നല്‍കും.

ഇന്നത്തെ സുവിശേഷം വളരെ പ്രത്യേകമായി നമ്മോട്‌ ദൈവസ്വാതന്ത്ര്യത്തില്‍ ജീവിക്കാന്‍ ആവശ്യപ്പെടുന്നു. ദൈവത്തില്‍ നിന്നും അകന്നുപോകുമ്പോള്‍ അനുതാപത്തോടെ ദൈവസന്നിധിയില്‍ നമുക്ക്‌ തിരിച്ചു വരാം. മറ്റുള്ളവരോട്‌ തെറ്റു ചെയ്യുമ്പോള്‍ അതേറ്റു പറഞ്ഞ്‌ ക്ഷമ ചോദിക്കാനും നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങള്‍ വീണ്‌ടെടുക്കാനും നമുക്ക്‌ സാധിക്കണം. സ്വഭവനത്തിലും നാം ജീവിക്കുന്ന സമൂഹത്തിലും എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്തുവാനുമുതകുന്ന തരത്തില്‍ തെറ്റുകള്‍ തിരുത്തുന്ന മക്കളായി നമുക്ക്‌ വളര്‍ന്നു വരാം.

Bro ജെയ്‌സണ്‍ കള്ളിയാട്ട്‌
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Sermon 2009

ഒരേസമയം സ്‌നേഹമയനായ ഒരു പിതാവിന്റെയും നല്ലവനാണ്‌ താനെന്ന്‌ കരുതിപോന്ന ഒരു പുത്രന്റെയും തന്റെ നൈമിഷികമായ താത്‌പര്യങ്ങള്‍ക്കനുസരിച്ച്‌ ജീവിച്ചതിന്റെ ഫലമായി സാധാരണ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ കണ്ടതിനുശേഷം മാനസാന്തരപ്പെട്ട്‌ തിരിച്ചുവന്ന മറ്റൊരു പുത്രന്റെയും വികാരവിചാരങ്ങള്‍ നമുക്ക്‌ പകര്‍ന്നു തന്നുകൊണ്ടാണ്‌ കര്‍ത്താവ്‌ ഇന്നത്തെ വചനസന്തേശം നമുക്ക്‌ നല്‌കുന്നത്‌.
ഒന്നാമതായി നമ്മുടെ ചിന്തക്ക്‌ വിഷയമാകുന്നത്‌ നല്ലവനായ പിതാവിന്റെ സ്‌നേഹം തന്നെയാണ.്‌ പിതാവിനോട്‌ അവന്റെ ഇളയമകന്‍ തന്റെ ഓഹരി ചോദിച്ചു. മകന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ പിതാവ്‌ ഓാഹരി കൊടുക്കാറുണ്‌ട്‌. അല്ലാതെ എന്തെങ്കിലും ഓഹരി ലഭിക്കുന്നത്‌ പിതാവിന്റെ മരണശേഷം മാത്രമാണ്‌. ഉപമയില്‍ വിവാഹത്തെകുറിച്ച്‌ പരാമര്‍ശങ്ങളൊന്നുമില്ല. അതിനാല്‍ അവന്‍ പിതാവിനെ ഒരു മൃതനെപ്പോലെ കണക്കാക്കിയെന്നുപറയാം. അവന്‍ പിതാവുമായുളള ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്‌. ഇവിടെ നമ്മിലുയരുന്ന ആദ്യത്തെ ചോദ്യമിതാണ്‌: തന്റെ പുത്രന്റെ ചിന്താഗതികളും വ്യര്‍ത്ഥസ്വാതന്ത്ര്യഭാവവും സ്വാര്‍ത്ഥതാത്‌പര്യങ്ങളുമെല്ലാം അറിയാമായിരുന്നിട്ടും എന്തുകൊണ്‌ ടാണ്‌ ആ പിതാവ്‌ തന്റെ സമ്പത്ത്‌ അവന്‌ നല്‌കിയത്‌? ഈ പുത്രന്‍ ഇന്ന്‌ ദുഷ്‌ചിന്തകള്‍ക്ക്‌ അടിമയാണെങ്കില്‍ത്തന്നെ അവന്‍ തന്റെ പുത്രനാണെന്നും തന്റെ സ്വത്ത്‌ പുത്രനുകൂടി അവകാശപ്പെട്ടതാണെന്നും കരുതിയതുകൊണ ടായിരിക്കാം അവന്‍ അങ്ങനെചെയ്‌തത്‌്‌. നമ്മുടെ പല പിതാക്കന്‍മാന്മാരും ചെയ്യാനിടയില്ലാത്ത ഒരു പ്രവൃത്തിയാണത്‌്‌. എല്ലാ പിതൃത്വങ്ങള്‍ക്കും മാതൃകയായ ദൈവപിതാവില്‍ ദൃശ്യമാകുന്ന പിതൃത്വഭാവമാണത്‌. ഈ പിതൃഭാവത്തിന്‌ സ്വര്‍ത്ഥമതിയായ ആ പുത്രനില്‍പ്പോലും മായത്ത മുദ്രപതിക്കാന്‍ കഴിഞ്ഞുവെന്ന്‌ പിന്നീടു വരുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ദൈവപിതാവിന്റെ പിതൃഭാവത്തിലേയ്‌ക്ക്‌ വളരുവാനുളള വിളിയാണ്‌ ഭൂമിയിലെ മാതാപിതാക്കള്‍ സ്വീകരിക്കുന്നത്‌. അതിലൂടെയാണ്‌ തങ്ങളെകുറിച്ചുതന്നെ ആഴമായ സ്‌നേഹഭാവങ്ങളും വിശ്വാസചൈതന്യവും വരും തലമുറകളിക്ക്‌ അവര്‍ പകര്‍ന്നുകൊടുക്കാന്‍ പോകുന്നത്‌.
പിതാവില്‍ നിന്നും ലഭിച്ചതെല്ലാം സ്വരുക്കൂട്ടി മകന്‍ പിതാവിന്റെ സന്നിധിവിട്ട്‌ ദൂരദേശത്തേക്ക്‌ യാത്രയായി. അതിരില്ലാത്ത തന്റെ സ്‌നേഹം തിരസ്‌കരിക്കുകയും സമ്പത്തെല്ലാം കൈക്കലാക്കുകയും നശിപ്പിക്കുകയും ചെയ്‌ത തന്റെ മകന്‍ തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന്‌ ആ പിതാവ്‌ ആഗ്രഹിച്ചിരുന്നു; എങ്കിലും പുത്രനെ അന്വേഷിച്ച്‌ അയാള്‍ പുറപ്പെട്ടില്ല. മാനസാന്തരമില്ലാത്ത മകനെ തിരിച്ചുകൊണ്ടുവരുന്നത്‌, അവന്റെ സ്വതന്ത്ര്യത്തില്‍ കൈകടത്തലും പ്രയോജനരഹിതവുമാണ്‌. പുത്രന്റെ വേര്‍പാടിന്റെ വേദന അയാള്‍ ഹൃദയത്തില്‍ സൂക്ഷിച്ചു.
ധൂര്‍ത്തനായിത്തീര്‍ന്നെങ്കിലും തന്റെ പിതാവിന്റെ സ്‌നേഹം തന്നില്‍പതിച്ച ആഴമായ മുദ്ര ഇളയമകനിലുണ്‌ ടായിരുന്നു. അത്‌ അവനെ പിന്നീട്‌ മാനസാന്തരത്തിലേക്ക്‌ നയിച്ചു. എല്ലാം നഷ്ടപ്പെട്ട്‌്‌്‌ തിരിച്ചു തന്റെ നേരെ സാവധാനം നടന്നടുക്കുന്ന ആ മകനെ ദൂരെ വെച്ചുതന്നെ കാണുകയും തിരിച്ചറിയുകയും അവന്റെ അടുക്കലേയ്‌ക്ക്‌ പിതാവ്‌ ഓടിയടുക്കുകയും ചെയ്യുന്നു. കാരണം ലോകമറിയാവുന്ന ആ പിതാവ്‌ ഇതുവരെയും തന്റെ മകന്റെ വരവും കാത്തിരുക്കുകയായിരുന്നു. അതിരില്ലാത്ത തന്റെ സ്‌നേഹം ഫലശൂന്യമാകില്ലെന്നയാള്‍ കരുതി. അയാള്‍ ഓടിചെന്ന്‌ തന്റെ മകനെ ആശ്ലേഷിച്ചു. ദൈവത്തിന്റെ സ്‌നേഹത്തെ തിരിച്ചറിഞ്ഞ്‌ മാനസാന്തരത്തിന്റെ ഒരു പാദം നാം വയ്‌ക്കുമ്പള്‍ നമ്മെ ദൂരത്തുവെച്ചുതന്നെ കാണുകയും നമ്മിലേക്ക്‌ അനുഞ്‌ജനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശവുമായി ഓടിയടുക്കുകയും ചെയ്യുന്നവനാണ്‌ ദൈവപിതാവ്‌.
തന്റെ മകന്റെ സ്‌നേഹനിഷേധമോ, നശിപ്പിച്ച സമ്പത്തിന്റെ വലിപ്പമോ കണക്കോ നോക്കാതെ അവന്റെ മുഴുവന്‍ സ്ഥാനവും തിരിച്ചു നല്‌കുന്നവനാണവന്‍. തന്റെ ഒരു മകന്‍പോലും നശിച്ചുപോകരുതെന്നവന്‍ ആഗ്രഹിക്കുന്നു. ഈ പിതാവിനെക്കുറിച്ച്‌ പഴയ നിയമത്തില്‍ത്തന്നെ എസക്കിയേല്‍ പ്രവാചകനിലൂടെ ദൈവം അരുള്‍ ചെയ്യുന്നുണ്‌ ട്‌ (എസ 10.11).
കഥയിലെ രണ്‌ ടാമത്തെ ശ്രദ്ധാകേന്ദ്രം ധൂര്‍ത്തപുത്രന്‍ തന്നെ. ധൂര്‍ത്തപുത്രനെന്നതിനെക്കാള്‍ മാനസാന്തരപ്പെട്ട പുത്രനെന്നു പറയുന്നതാവും കൂടുതല്‍ ശരി. പിതാവിന്റെ ഭവനവും തന്റെ ബന്ധങ്ങളും ബന്ധനങ്ങളായവന്‍ ആദ്യം കരുതി. പിതാവ്‌ നല്‌കിയ സമ്പത്തും സല്‌പേരും പിതാവ്‌ നല്‌കിയ സ്വാതന്ത്ര്യവും ദുരുപയോഗിച്ചുതന്നെ അവന്‍ നഷ്ടപ്പെടുത്തി. എങ്കിലും ജീവിതത്തിന്റെ കൈപ്പേറിയ അനുഭവങ്ങില്‍നിന്നവന്‍ പഠിച്ചു. എല്ലാം നഷ്ടപ്പെടുമ്പോള്‍ അവന്‍ കൂലിവേലയ്‌ക്കിറങ്ങി. അതും ഹീനമായിക്കരുതപ്പെട്ടിരുന്ന പന്നിമേയ്‌ക്കലിന്‌ അവന്‍ അപ്പോള്‍ തയ്യാറായിരുന്നു. അവന്റെ കൂലിപ്പണികൊണ്‌ ട്‌ നേടിയത്‌ ഭക്ഷണത്തിനുപോലും തികഞ്ഞിരുന്നില്ല എന്ന്‌ കഥയില്‍ നിന്ന്‌ വ്യക്തം. അവന്‍ മദ്യത്തിനോ, മയക്കുമരുന്നിനോ അടിമയായിത്തിര്‍ന്നുവെന്ന്‌ കരുതാം. പന്നികള്‍ക്ക്‌ കൊടുത്തിരുന്ന തവിടെങ്കിലും ഭക്ഷിക്കാന്‍ അവന്‍ ആഗ്രഹിച്ചെങ്കിലും ആരും അവനതുകൊടുത്തില്ല. അവന്‍ നികൃഷ്ടമായ പന്നികളുടെ വിലപോലുമില്ലാത്തവനായിത്തീര്‍ന്നു. നിരാശയിലാണ്‌ ട്‌ ജീവത്യാഗത്തിലെത്താന്‍ അവന്‌ കഴിയുമായിരുന്നു. എങ്കിലും തന്റെ പിതാവിന്റെ അതിരില്ലാത്ത സ്‌നേഹത്തിന്റെ അനുഭവം അവന്റെ മനസ്സില്‍ അപ്പോഴും തെളിഞ്ഞു നിന്നിരുന്നു. അതുകൊണ്‌ട്‌്‌ അവന്‍ തുടര്‍ന്ന്‌ തന്റെ ജീവിതത്തില്‍ ''യൂദാസിന്റെ'' വഴിയല്ല ''പത്രോസിന്റെ '' വഴിയാണ്‌ പിന്‍തുടര്‍ന്നതെന്ന്‌ വേണമെങ്കില്‍ പറയാം. തന്റെ സ്‌നേഹനിധിയും ധൂര്‍ത്തപുത്രന്റെ ഉപമ തന്നെ പഠിപ്പിച്ച ഗുരുവുമായ നാഥനെ ഒറ്റികൊടുത്തെങ്കിലും അവസാനം കാല്‍വരുക്കുരിശിന്റെ ചുവട്ടില്‍ ചെന്ന്‌ ''കര്‍ത്താവേ തെറ്റിപ്പോയി'' എന്ന്‌ യൂദാസ്‌ പറഞ്ഞിരുന്നെങ്കില്‍ യൂദാസിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.
തനിക്കുണ്‌ ടായ പിതൃസ്‌നേഹത്തെകുറിച്ചുളള ഓര്‍മ്മയും തത്‌ഫലമായ തിരിച്ചറിവും ധൂര്‍ത്തപുത്രനെ അനുതാപത്തിലേയ്‌ക്കും, അതിനനുസൃതമായ പ്രവര്‍ത്തികളിലേക്കും നയിച്ചു. അവന്‍ പിതൃഭവനത്തിലേയ്‌ക്ക്‌ നടന്നുതുടങ്ങി. മാനസാന്തരത്തിന്റെ ആ മടക്കുയാത്രയില്‍ അവന്‍ പതൃഭവനത്തില്‍ എത്തിയെന്നുമാത്രമല്ല ആ ഭവനത്തിലെ ഒരുദാസനായെങ്കിലും കഴിയാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്‌ ആഗ്രഹിക്കുകയും അത്‌ ഏറ്റുപറയുകയും ചെയ്‌തു. പിതൃഭവനത്തില്‍നിന്നും പതൃസാന്നിധിയില്‍ നിന്നുമകലെയുളള ഒരു സ്വാതന്ത്ര്യവും അവനിനി ആവശ്യമില്ല. സ്‌നേഹവും ബന്ധനങ്ങളും ഇല്ലാതാകുന്നിടത്ത്‌ ഐശ്വര്യവും അപ്രത്യക്ഷമാകുമെന്നവനറിഞ്ഞു. മാനസാന്തരം ഈ തിരിച്ചറിവാണ്‌. ധൂര്‍ത്തപുത്രനെപ്പോലെതന്നെ നമ്മുടെ മാനസാന്തരവും മനോഭാവും ജീവിതത്തിലും വാക്കുകളിലും പ്രകടമല്ലെങ്കില്‍ അത്‌ മാനസാന്തരമല്ല. യഥാര്‍ത്ഥമായ മാനസാന്തരത്തിന്‌ തയ്യാറുളള ഏതൊരുവനും അവന്‍ എത്ര ഹീനമായ സാഹചര്യത്തിലായിരുനന്നാലും അവന്‌്‌ പുതിയൊരു ജീവന്‍ നല്‌കാന്‍ തയ്യാറുളളവനാണ്‌ ദൈവം.
മൂന്നാമത്‌ നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്‌ മൂത്തപുത്രനാണ്‌. പിതാവിന്റെ കല്‌പനകളെല്ലാം പാലിച്ച്‌ പിതൃഭവനത്തില്‍ കഴിഞ്ഞിരുന്നവനാണ്‌ അവന്‍, എങ്കിലും പിതാവിന്റെ ഹൃദയഭാവമെന്തെന്നോ മാനസാന്തരപ്പെട്ട തന്റെ സഹോദരന്റെ മാനസികാവസ്ഥയെന്തെന്നോ മനസിലാക്കാന്‍ കഴിയാതെപോയ ''വിശ്വാസി" സ്‌നേഹം ജീവിത പ്രമാണമല്ലാതിരുന്ന അവന്‍ നമ്മില്‍ പലരുടെയും പ്രതീകമാണ്‌. ദൈവത്തിന്റെ ഹൃദയമറിയാതെ അവന്റെ സഭയില്‍ ജീവിക്കുകയും നിയമം അനുസരിച്ചാല്‍ എല്ലാം ശരിയായിയെന്ന്‌ കരുതുകയും ചെയ്യുന്നവന്‍. സഹോദരന്റെ മാനസിക നിലയറിയാതെ തിന്മചെയ്‌തവന്‍ ശിക്ഷയനുഭവിക്കട്ടെ എന്നു കരുതുകയും സ്വയം നിതികരണത്തിന്റെ മനോഭാവം സ്വന്തമാക്കുകയും ചെയ്‌തവര്‍. നാം ചെയ്യരുതെന്നു പറയുന്ന കാര്യങ്ങള്‍ ചെയ്യുകയും നമുക്കുതന്നെ നഷ്ടവും അപമാനവും വരുത്തിവെച്ചവര്‍ ശിക്ഷിക്കപ്പെടട്ടെയെന്നും, നശിക്കട്ടെയെന്നുമൊക്കെ ചിന്തിക്കാറുളളവരുടെ പ്രതിനിധിയാണ്‌ മൂത്തമകന്‍. പിതാവിന്റെ ഭവനത്തില്‍ ആണെന്ന്‌ പറയാന്‍മാത്രമുളള പ്രമാണങ്ങള്‍ നാം അനുസരിക്കാറുണ്‌ട്‌, പിതാവിന്റെ ഹൃദയം സ്വന്തമാക്കാതെ തന്നെ. താനാരാണെന്ന്‌ അഹങ്കരിക്കുകയും അതേക്കുറിച്ച്‌ വാചാലനമായി സംസാരിക്കുകയും, ദൈവം തന്നോട്‌ കടപ്പെട്ടിരിക്കുന്നുവെന്ന്‌ വിചാരിക്കുകയും ചെയ്യുന്നവര്‍: വി.ലൂക്കയുടെ സുവിശേഷത്തിലെ പ്രാര്‍ത്ഥിക്കാന്‍പോയ ഫരിസേയനുസമം (ലൂക്ക 18. 9-14). എതെങ്കിലും സഹോദരനെതിരെ വിധി പ്രസ്‌താപിക്കുന്ന നമ്മില്‍ ഉപമയിലെ മൂത്തപുത്രന്‍ അവതരിക്കുന്നുവെന്ന്‌ നമുക്ക്‌ അനുസ്‌മരിക്കാം.


തയാറാക്കിയത്‌

ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി
കുന്നോത്ത്‌.

Download

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home