Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
കൈത്താക്കാലം അഞ്ചാം ഞായര്‍
Readings: Leviticus 23:33-44; Isaiah 28:14-22; 2Corinthians 12:14-21; Luke 16:19-31
ഇന്നത്തെ സുവിശേഷം ധനവാന്റെയും ലാസറിന്റെയും ഉപമയാണ്‌ നമ്മുടെ വിചിന്തനത്തിന്‌ നല്‍കുന്നത്‌. എന്തുകൊണ്‌ടാണ്‌ മരണശേഷം ദൈവം ധനവാന്റെയും ലാസറിലന്റേയും ജീവിതസാഹചര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചത്‌? അതിന്‌ കാരണമായി വചനം നല്‍കുന്ന ഉത്തരം ധനവാന്‍ തനിക്കെല്ലാമുണ്‌ടായിരുന്നിട്ടും, ഒന്നുമില്ലാതിരിക്കുകയും, രോഗാവസ്ഥയില്‍ കഴിയുകയും ചെയ്‌തിരുന്ന ലാസറിനോട്‌ കരുണ കാണിച്ചില്ല എന്നതാണ്‌. ലാസര്‍ അവന്റെ പടിവാതിലിന്‌ പുറത്ത്‌ എന്നുമുണ്‌ടായിരുന്നു. ധനികന്‍ എല്ലാ സുഖവും ആസ്വദിച്ചപ്പോള്‍ അവന്റെ പടിവാതില്‍ക്കല്‍ അതെല്ലാം കണ്‌ടുകൊണ്‌ട്‌ ഒരു ദരിദ്രന്‍ തനിക്ക്‌ ലഭിക്കാതെപോയ, ധനികന്റെ സേവകര്‍ വലിച്ചെറിഞ്ഞ, മേശയില്‍ നിന്നും വീണുപോയ, അപ്പക്കഷണത്തെക്കുറിച്ച്‌ ആകുലപ്പെട്ടിരുന്നു. നമ്മുടെ സഹോദരസ്‌നേഹമില്ലായ്‌മയുടെ പേരില്‍ അന്യര്‍ ആകുലപ്പെടേണ്‌ടി വന്നാല്‍ വിധിദിവസത്തില്‍ അത്‌ നമുക്കെതിരെ ദൈവതിരുമുമ്പില്‍ സാക്ഷ്യം നല്‍കും.

മരണമാകുന്ന വാതിലിലൂടെ നാം പ്രവേശിക്കുന്നത്‌ അനന്തവും സമ്പന്നവുമായ ദൈവത്തിന്റെ രാജ്യത്തിലേക്കാണ്‌. അവിടുത്തെ ഏറ്റവും വലിയ ധനവാന്‍ ദൈവം തന്നെയാണ്‌. മനുഷ്യരെല്ലാവരും ആ വലിയ സമ്പന്നനുമുന്‍പില്‍ ദരിദ്രര്‍ മാത്രം. ഈ ലോകത്ത്‌ ദരിദ്രരെ പടിവാതിലിനകത്ത്‌ പ്രവേശിക്കാതിരുന്നവന്‍, ധനികനായ ദൈവത്തിന്റെ പടിവാതിലിനകത്ത്‌ പ്രവേശിക്കാന്‍ അയോഗ്യനായിത്തീരുന്നു എന്നതാണ്‌ വാസ്‌തവം. ഈ സത്യത്തിന്റെ മറ്റൊരു വശം ഈ ലോകത്ത്‌ കരുണ കാണിക്കുന്നവന്‍ ദൈവത്തിന്റെ കരുണയ്‌ക്കും അര്‍ഹനായിത്തീരും എന്നത്‌കൂടിയാണ്‌ (മത്താ 5:7). ധനികനും കാരുണികനുമായ ദൈവത്തിന്റെ മക്കളാണ്‌ നമെന്ന്‌ തെളിയിക്കുന്ന യാഥാര്‍ത്ഥ്യമാണ്‌ നമ്മിലെ കരുണയുടെ ഭാവം. ദൈവീകമായ ഈ കരുണ അഭ്യസിക്കാന്‍ കഴിയണമെങ്കില്‍ എബ്രഹാം ധനവാനോട്‌ പറയുന്നതുപോലെ നിയമവും പ്രവാചകന്‍മാരും (വചനം) ആത്മാര്‍ത്ഥതയോടെ പഠിക്കാന്‍ നമുക്ക്‌ കഴിയണം.

ഇന്നത്തെ വചനഭാഗം കത്തോലിക്കാ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. കാരണം നമ്മുടെ മരണശേഷം എന്തുസംഭവിക്കുമെന്ന്‌ കര്‍ത്താവ്‌തന്നെ ഒരു ഉപമയിലൂടെ നമ്മോടു പറയുകയാണ്‌. മരണശേഷം ഓരോരുത്തരും ദൈവത്തിനു മുന്‍പില്‍ വിധിക്കപ്പെടുമെന്നും നീതിമാന്‍മാര്‍ നിത്യരക്ഷയുടെ സ്ഥലമായ സ്വര്‍ഗ്ഗത്തിലേക്കും നീതിരഹിതര്‍ നിത്യശിക്ഷയുടെ സ്ഥലമായ നരകത്തിലേക്കും പോകുമെന്നും ഈ വചനഭാഗം പഠിപ്പിക്കുന്നു. ഇത്‌ ദൈവവചനത്തിന്റെ പലഭാഗത്തും വെളിവാക്കപ്പെടുന്നതും, സഭ ആദികാലംമുതല്‍ പഠിപ്പിച്ചുവന്നതുമാണ്‌ (മത്താ. 5:29, 8:12, 10:28, 13:42, 25:41, 46, 2തെസ:1:8, വെളി 21:8). ഇതാണ്‌ വിശ്വാസ പ്രമാണത്തിലൂടെ (പാപമോചനത്തിനുള്ള ഏക മാമോദീസായും ശരീരത്തിന്റെ ഉയിര്‍പ്പിലും ...... ജീവിതത്തിലും വിശ്വസിക്കുന്നു) നാം ഏറ്റുപറയുന്നത്‌. ലെയോണ്‍സിലെ രണ്‌ടാം സഭാ സുനഹദോസിലും (N 464) ഫ്‌ളോറന്‍സിലെ സഭാകൗണ്‍സിലിലും (N. 693) ദുഷ്ടരുടെ ആത്മാക്കള്‍ നിത്യമായ ശിക്ഷയ്‌ക്ക്‌ വിധിക്കപ്പെടുമെന്ന്‌ സഭ അസന്നിഗ്‌ദമായി പഠിപ്പിച്ചു. നരകമെന്നത്‌ തിരുച്ചുവരാന്‍ കഴിയാത്ത ശിക്ഷയുടെ സ്ഥലമാണ്‌.

മനുഷ്യയുക്തിയും നരകത്തിന്റെ അസ്ഥിത്വത്തെക്കുറിച്ച്‌ ഗ്രഹിക്കാന്‍ കഴിവുള്ളതാണ്‌. ദൈവം സ്ഥാപിച്ച പ്രപഞ്ചത്തില്‍ ധാര്‍മ്മികമായ അരാജകത്വം വിതയ്‌ക്കുന്ന നശ്വരനായ മനുഷ്യന്‍ ശിക്ഷിക്കപ്പെടണം. ആ ശിക്ഷ പലപ്പോഴും ഈ ലോകത്ത്‌ നടന്ന്‌ കാണാറില്ല. അങ്ങനെയെങ്കില്‍ മരണശേഷം അത്‌ നടപ്പാക്കപ്പെടണം. നീതി പ്രവര്‍ത്തിക്കുന്നതുകൊണ്ട്‌ പ്രയോജനമൊന്നുമില്ലെന്ന്‌ ലോകവാസികളെല്ലാവരും കരുതിയിരുന്നെങ്കില്‍ ലോകത്തിലെ ധാര്‍മ്മിക നിലവാരം എന്താകുമായിരുന്നു. ഇവിടെ നടക്കുന്ന അനീതികളെ ശിക്ഷിക്കാത്തവനാണ്‌ ദൈവമെങ്കില്‍, ദൈവം ലോകത്തിലെ നീതിയെയും അനീതിയെയും കുറിച്ച്‌ നിസ്സംഗത പാലിക്കുന്നവനാണ്‌ എന്നുപറയേണ്‌ടിവരും. അപ്പോള്‍ ദൈവത്തിന്റെ വിശുദ്ധിയും നീതിബോധവും ചോദ്യംചെയ്യപ്പെടും. മരണശേഷം നീതിമാന്‍മാര്‍ക്ക്‌ പ്രതിഭലമുണ്‌ടെങ്കില്‍ ദുഷ്ടന്‍മാര്‍ക്ക്‌ ശിക്ഷയുണ്‌ടെന്നതും ഒരു യാഥാര്‍ത്ഥ്യം മാത്രം.

ചിലരുടെ വാദം നരകമുണ്‌ട്‌ എങ്കിലും അത്‌ നിത്യമല്ല എന്നാണ്‌. ഇത്‌ ദൈവവചനത്തിലോ പാരമ്പര്യത്തിലോ അടിസ്ഥാനമില്ലാത്ത ഒരു വാദമാണ്‌. (വെളി 14:11, 19:3, 20:10). സ്വര്‍ഗ്ഗം നിത്യമാണ്‌ എന്നതുപോലെ തന്നെ നരകവും നിത്യമാണ്‌ (മത്താ. 25:46). യൂദാസിനെക്കുറിച്ച്‌ കര്‍ത്താവ്‌ പറഞ്ഞത്‌ "അവന്‍ ജനിക്കാതിരുന്നെങ്കില്‍ അവന്‌ നന്നായിരുന്നു" എന്നാണ്‌ (മത്താ. 25:24). യൂദാസെന്നെങ്കിലും നരകത്തില്‍നിന്നും രക്ഷനേടുമെന്ന്‌ കരുതിയിരുന്നെങ്കില്‍ ദൈവമായ കര്‍ത്താവ്‌ അവനെക്കുറിച്ച്‌ ഇപ്രകാരം പറയുമായിരുന്നോ? ഒരിക്കലും ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലാത്ത മനുഷ്യരെക്കുറിച്ച്‌ പൗലോസ്‌ശ്ലീഹാ പറയുന്നുണ്‌ട്‌ (1കൊറി 6:10, ഗലാ 5:21). നരകം നിത്യമാണെന്ന്‌ സഭാപിതാക്കന്‍മാര്‍ അസന്നിഗ്‌ദമായി പഠിപ്പിച്ചിട്ടുണ്‌ട്‌. നരകമെന്നത്‌ മനുഷ്യന്‍ സുബോധത്തോടെ സഹനത്തിന്‌ ഏല്‍പ്പിച്ച്‌ കൊടുക്കപ്പെടുന്ന അവസ്ഥയാണെന്ന്‌ ഇന്നത്തെ വചനഭാഗവും മറ്റ്‌ വചനഭാഗങ്ങളും പാരമ്പര്യവും സാക്ഷ്യപ്പെടുത്തുന്നു (മത്താ 13:50, മാര്‍ക്കോ 9:48, വെളി. 14:10).

മനുഷ്യന്‍ നിത്യനും എന്നേക്കും ജീവിക്കുന്നതിനുമായി സൃഷ്ടിക്കപ്പെട്ടവനാണ്‌ (ഡാനിയേല്‍ 12:2; മത്താ 25:44; യോഹ 5:28; വെളി 20:14-15). തനിക്ക്‌ നല്‍കപ്പെടുന്ന സ്വതന്ത്രജീവിതത്തില്‍ ഒരുവനെടുക്കുന്ന തീരുമാനമാണ്‌ അവനെ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എത്തിക്കുന്നത്‌. ക്രിസ്‌തുവിന്റെ ജീവവചസ്സുകള്‍ വിശ്വസിച്ചോ ഇല്ലയോ എന്നുള്ളതാണ്‌ അവന്റെ അന്ത്യം തീരുമാനിക്കുന്നത്‌. മരണശേഷം എല്ലാവരും നശിച്ചുപോവുകയാണ്‌ എന്നോ എല്ലാവരും രക്ഷിക്കപ്പെടുമെന്നോ വാദിക്കുന്നവര്‍ ദൈവപുത്രന്റെ രക്ഷാകരകര്‍മ്മത്തെ നിരാകരിക്കുകയാണ്‌.

ദൈവം മനുഷ്യനെ നരകത്തിലേക്കയച്ച്‌ ശിക്ഷിക്കുകയില്ലായെന്ന്‌ വാദിക്കുന്നവര്‍ ദൈവത്തിന്റെ നീതികൂടി പരിഗണിക്കണം (വെളി 2:11). ദൈവം ക്രിസ്‌തുവിലൂടെ മനുഷ്യര്‍ക്ക്‌ രക്ഷയ്‌ക്കുള്ള വഴി കാണിച്ചുതന്നിട്ടുണ്‌ട്‌ (യോഹ 3:16-17; കൊറി 5:14-15; 1തിമോ 2:6; 4:10; തിത്തോ 2:11; 2പത്രോ 3:9). ക്രിസ്‌തുവിനെക്കുറിച്ച്‌ കേട്ടിട്ടില്ലാത്തവര്‍ക്കുപോലും ദൈവം പ്രകൃതിയിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തുന്നുണ്‌ടെന്ന്‌ വചനം പറയുന്നു (റോമ 1:20; ജ്ഞാനം 13). തന്നെ അന്വേഷിക്കുന്നവര്‍ക്ക്‌ ദൈവം സ്വയം വെളിപ്പെടുത്തും (മത്താ. 7:7, ലൂക്കാ. 19:10). ദൈവം ഒരുവനെ നരകത്തിലേക്ക്‌ പറഞ്ഞയക്കുകയല്ല, മറിച്ച്‌ ദൈവകല്‌പനകള്‍ തിരസ്‌കരിച്ച്‌ അവിടുന്നില്‍ നിന്നകന്നുപോകുന്നവന്‍ നരകത്തിലെത്തിച്ചേരുകയാണ്‌ ചെയ്യുന്നത്‌. അത്‌ മനുഷ്യന്റെതന്നെ തിരഞ്ഞെടുപ്പാണ്‌ (റോമ. 1:18, 21:25).

മനുഷ്യന്‍ ചെയ്യുന്ന പാപത്തേക്കാള്‍ വലുതാണ്‌ നരകശിക്ഷയെന്ന്‌ വാദിക്കുന്നവരുണ്‌ട്‌. നമ്മുടെ പാപങ്ങളെക്കാള്‍ എത്രയോ വലുതായിരുന്നു ദൈവപുത്രന്‍ നമുക്കുവേണ്‌ടി സഹിച്ച കഷ്ടപ്പാടുകളും മരണവുമെന്ന്‌ ചിന്തിച്ചാല്‍ അതിനുത്തരം കിട്ടും.

വിശുദ്ധരായ മനുഷ്യര്‍ ചെറിയ തെറ്റുകള്‍ ചെയ്യാനിടവരികയും അതിന്‌ പരിഹാരം ചെയ്യാതെ മരിക്കാന്‍ ഇടയാവുകയും ചെയ്‌താല്‍ അവരെ വിശുദ്ധീകരിച്ച്‌ ദൈവത്തോട്‌ ചേര്‍ക്കാനുള്ള മാര്‍ഗ്ഗമായാണ്‌ ശുദ്ധീകരണസ്ഥലത്തെ വചനം വിഭാവനം ചെയ്യുന്നതും, സഭ പഠിപ്പിക്കുന്നതും (1കൊറി. 3:11-5). ഭവനം പണിയുകയും എന്നാലത്‌ ഉറപ്പില്ലാതായിരിക്കുകയും ചെയ്യുന്നവര്‍ അഗ്നിയിലൂടെയെന്നവണ്ണം രക്ഷപ്രാപിക്കുന്നുവെന്ന്‌ വി. പൗലോസ്‌ പഠിപ്പിക്കുന്നു. ശുദ്ധീകരണ സ്ഥലം എന്നത്‌ രക്ഷപ്പെടാനായി മനുഷ്യന്‌ നല്‍കപ്പെടുന്ന രണ്‌ടാമത്തെ അവസരമല്ല. അവര്‍ രക്ഷിക്കപ്പെട്ടവര്‍ തന്നെയാണ്‌. അവിടെ വസിക്കുന്നവര്‍ക്ക്‌ അവരുടെ രക്ഷയെക്കുറിച്ച്‌ ഈ ലോകത്തുള്ളവരുടേതിനേക്കാള്‍ ഉറപ്പുമുണ്‌ട്‌. അവിടെ വചനം പ്രസംഗിക്കാനോ അവരെ മാനസാന്തരപ്പെടുത്താനോ ഒന്നും സാധ്യമല്ല. ശുദ്ധീകരണ സ്ഥലം ഉണ്‌ടെന്നുള്ളതല്ലാതെ ഓരോരുത്തരുടെയും ശുദ്ധീകരണത്തിന്‌ എത്ര ദൈര്‍ഘ്യമുണ്‌ടെന്ന്‌ നമുക്കറിഞ്ഞുകൂട (ലൂക്കാ 12:58-59). പാപിക്ക്‌ ഒരിക്കലും ദൈവത്തെ ദര്‍ശിക്കുക സാധ്യമല്ല. വിശുദ്ധനായ ദൈവത്തെ ദര്‍ശിക്കാന്‍, അതിനാഗ്രഹിക്കുന്ന മനുഷ്യനെ വിശുദ്ധീകരിച്ച്‌ ഒരുക്കുകയാണ്‌ ഈ ശുദ്ധീകരണത്തിലൂടെ ദൈവം ചെയ്യുന്നത്‌ (സുഭാ 3:11-12; ഹെബ്ര 12:6-7). നാം ഈ ലോകത്ത്‌ ചെയ്‌തതും എന്നാല്‍ ഇവിടെ ശിക്ഷിക്കപ്പെടാത്തതുമായ തിന്മ പ്രവൃത്തികള്‍ക്ക്‌ ദൈവീകമായ വിധത്തില്‍ കരുണയുടെ ശിക്ഷ ലഭിക്കുന്ന സ്ഥലമാണ്‌ ശുദ്ധീകരണ സ്ഥലം എന്നുപറയാം. പരി. ആത്മാവിനെതിരെ തിന്മ ചെയ്യുന്നവരോട്‌ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ലെന്ന്‌ കര്‍ത്താവ്‌ നമ്മെ പഠിപ്പിച്ചിട്ടുണ്‌ട്‌ (മത്താ. 12:32).

നീതിമാന്‍മാരുടെ വാസഗ്രഹമാണ്‌ സ്വര്‍ഗ്ഗം. അവിടെയാണ്‌ അബ്രഹാം വസിക്കുന്നത്‌. ദൈവത്തോടുകൂടിയിരിക്കാന്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ എത്തിച്ചേരേണ്‌ട ലക്ഷ്യസ്ഥാനമാണത്‌. അത്‌ ദൈവത്തിന്റെ വാസസ്ഥലമാണ്‌ (2കൊറി 5:11; 2കൊറി 5:1; മത്താ 5:3-12; എഫേ. 4:8ff.). സ്‌നേഹത്തിന്റെ ആത്മാവായ പരി. ആത്മാവിനോട്‌ ചേര്‍ന്നുനിന്നുകൊണ്‌ട്‌ കരുണയുടെ വക്താക്കളായി, സ്വര്‍ഗ്ഗത്തിലെത്തിച്ചേരാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.



കുട്ടികളുടെ വചനവേദി

പ്രിയ കൂട്ടുകാരേ,

2003 ആഗസ്‌ത്‌ മാസം 9, 10 തീയതികളിലെ മലയാള മനോരമ പത്രത്തില്‍ 'വിജയത്തിന്റെ പാതയില്‍ കരുണയുടെ പാഥേയം' എന്ന പേരില്‍ ഒരു വാര്‍ത്ത കൊടുത്തിട്ടുണ്‌ട്‌. ഒരു ദരിദ്ര ബാലനാണ്‌ അതിലെ കഥാപാത്രം. പഠനത്തില്‍ വലിയ കഴിവില്ലാതിരുന്ന അവന്റെ താല്‌പര്യം മുഴുവന്‍ ഗെയിംസിലായിരുന്നു. പലപ്പോഴും ഉച്ചയ്‌ക്ക്‌ എല്ലാവരും ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഇവന്‍ മാത്രം ക്ലാസ്സിലിരിക്കുന്നത്‌ ഒരു ടീച്ചറിന്റെ ശ്രദ്ധയില്‍പെട്ടു. കാരണമന്വേഷിച്ച ടീച്ചര്‍ക്ക്‌ മനസ്സിലായത്‌ ഭക്ഷണം നല്‌കി അവനെ സ്‌കൂളിലയക്കാന്‍ അവന്റെ മാതാപിതാക്കള്‍ക്ക്‌ കഴിവില്ല എന്നതായിരുന്നു. അന്ന്‌ മുതല്‍ എല്ലാ ദിവസവും പത്മാവതി എന്നുപേരുള്ള ആ ടീച്ചര്‍ ആ ബാലന്‌ ഉച്ച ഭക്ഷണം നല്‍കിവന്നു. അവന്‍ വളര്‍ന്നു, വലുതായി ഭാരതം മുഴുവന്‍ പ്രശസ്‌തനായി. ഫുട്‌ബോളില്‍ നാമെല്ലാം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഐ.എം. വിജയനായിരുന്നു ആ വിദ്യാര്‍ത്ഥിയായ ബാലന്‍. ഫെഡറേഷന്‍ കപ്പിലെ തന്റെ ടീമിന്റെ ആദ്യവിജയവും, പിന്നീട്‌ തനിക്ക്‌ ലഭിച്ച അര്‍ജ്ജുന അവാര്‍ഡും ഐ.എം.വിജയന്‍ സമ്മാനിച്ചത്‌ തന്റെ വഴിയില്‍ 'പാഥേയ'മായി നിന്ന പത്മാവതി ടീച്ചര്‍ക്കായിരുന്നു.

ധനവാന്റെ ഭക്ഷണമേശയ്‌ക്കുകീഴില്‍ അപ്പത്തിനായി നിന്ന ലാസറിന്റെ ഉപമയിലൂടെ ഈശോ നമ്മോടു പറയുന്നതും ഉള്ളവന്‍ ഇല്ലാത്തവനുമായി പങ്കുവയ്‌ക്കണം എന്നാണ്‌. കുട്ടികളായ നമുക്കും മറ്റുള്ളവരെ സഹായിക്കാന്‍ കഴിയും. നമ്മുടെ ചെറിയ ചെറിയ ത്യാഗങ്ങളിലൂടെ സ്വരൂപിക്കുന്ന പണം ഉപയോഗിച്ച്‌ സാമ്പത്തികമായി ക്ലേശിക്കുന്ന നമ്മുടെ കൂട്ടുകാര്‍ക്ക്‌ ആവശ്യമായ സാധനങ്ങള്‍ നമുക്ക്‌ വാങ്ങിക്കൊടുക്കാന്‍ സാധിക്കും. മദര്‍ തെരേസയെ സഹായിക്കാനായി വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക്‌ ലഭിച്ചിരുന്ന പോക്കറ്റ്‌ മണിയും, ഒരു നേരത്തെ പാലിന്റെ പൈസയുമൊക്കെ അയച്ചുകൊടുത്തിരുന്നതുപോലെ ഇടവകയിലുള്ള ചെറിയ ചെറിയ സംഘടനകളിലൂടെ നമുക്കുള്ളവ മറ്റുള്ളവരുമായി പങ്കുവയ്‌ക്കാന്‍ സാധിക്കും. അതുപോലെ തന്നെ സാമ്പത്തികമായി പുറകോട്ട്‌ നില്‍ക്കുന്നവരെയും നമുക്ക്‌ സഹായിക്കാന്‍ സാധിക്കും.

തന്റെ സ്വത്ത്‌ അത്യാവശ്യമുണ്‌ടായിരുന്ന ലാസറിന്‌ നല്‍കാത്തത്‌ മൂലം ധനവാന്‍ ശിക്ഷിക്കപ്പെട്ടു. ഒരു നേരത്തെ ഭക്ഷണം നല്‍കി തന്റെ ശിഷ്യനെക്കുറിച്ച്‌ കരുതലുണ്‌ടായിരുന്ന പത്മാവതി ടീച്ചറും, അനേകര്‍ക്ക്‌ സ്‌നേഹവും കരുണയും പകര്‍ന്നു കൊടുത്ത മദര്‍ തെരേസയും എല്ലാവരുടെയും ഹൃജയത്തില്‍ ഇടം നേടി. ഇതുപോലെ തങ്ങളുടെ കൂട്ടുകാരെ സഹായിക്കുന്നതിലൂടെ നമുക്കും പിതാവായ അബ്രഹാത്തിന്റെ മടിയില്‍ ഇടം കണ്‌ടെത്താം.

ജെയ്‌സണ്‍ കള്ളിയാട്ട്‌
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home