Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
കൈത്താക്കാലം ആറാം ഞായര്‍
Readings: Leviticus 19:1-4, 9-14; Isaiah 29:13-24; 1Thesselonians 2:1-12; Luke 17:11-19

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണം

അമ്മയില്ലാത്തവരായി ആരുമില്ല. ജന്മംകൊണ്‌ടും കര്‍മ്മംകൊണ്‌ടും അമ്മയാകാം. ഇന്ന്‌ രണ്‌ട്‌ അമ്മമാരുടെ തിരുന്നാള്‍ ആഘോഷിക്കുന്ന സുദിനമാണ്‌. ഒന്ന്‌ വിശ്വാസികളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോഹണ തിരുന്നാള്‍. രണ്‌ട്‌ ജന്മനാടിനെ അടിമത്വത്തില്‍ നിന്ന്‌ സ്വാതന്ത്ര്യത്തിലേക്ക്‌ കൊണ്‌ടുവന്ന ഭാരതാമ്പയുടെ സ്വാതന്ത്ര്യദിനം.

അമ്മയുടെ സ്‌നേഹം അളക്കാനാവാത്തതാണ്‌. പ്രതിനന്ദി പ്രകാശിപ്പിക്കാനാവാത്തതാണ്‌. എത്ര നന്ദി പറഞ്ഞാലും കാത്തുപരിപാലിച്ചാലും മതിയാവാത്തതുമാണ്‌. അമ്മയെ കൊന്ന്‌ ഹൃദയമെടുത്ത്‌ ഹൃദയത്തിന്റെ ജീവന്‍ നിലയ്‌ക്കുന്നതിന്‌ മുമ്പ്‌ തന്റെ കൈകളില്‍ ഏല്‍പിക്കണമെന്ന കാമുകിയുടെ വാക്കുകേട്ട മകന്‍, തിടുക്കത്തില്‍ അമ്മയെകൊന്ന്‌ ഹൃദയമെടുത്ത്‌ ഓടുന്നു. ഓട്ടത്തിനിടയില്‍ കാല്‍തട്ടി വീഴുമ്പോള്‍ കൈയിലിരുന്ന ഹൃദയം ചോദിച്ചു. മകനേ നിനക്ക്‌ വേദനിച്ചോ? തന്റെ ജീവനെക്കാള്‍ മകന്റെ വേദന കാണുന്ന ഹൃദയമാണ്‌ ഓരോ അമ്മയുടേതും.

1950 നവംബര്‍ 1ന്‌ പോപ്പ്‌ 12-ാം പിയൂസ്‌ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. ഇത്‌ മാര്‍പാപ്പയുടെ പുതിയ കണ്‌ടുപിടുത്തമായിരുന്നില്ല. മറിച്ച്‌ കാലാകാലങ്ങളായി പാരമ്പര്യങ്ങളിലൂടെ വിശ്വസിച്ച്‌ പാലിച്ചുപോന്നത്‌ വ്യക്തമായി പ്രഖ്യാപിക്കുകയായിരുന്നു. സ്വര്‍ഗ്ഗാരോപണം എന്നാല്‍ മാതാവ്‌ ദൈവത്തിന്റെ ശക്തിയില്‍ സ്വര്‍ഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ടു എന്നര്‍ത്ഥം (Assumption). യേശുവാകട്ടെ സ്വര്‍ഗ്ഗാരോഹണമാണ്‌ നടത്തിയത്‌. ്‌അതായത്‌ സ്വന്തം ശക്തിയാല്‍ സ്വര്‍ഗ്ഗത്തില്‍ കരേറി. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച്‌ കത്തോലിക്കാ മതബോധനഗ്രന്ഥം പറയുന്നിതിപ്രകാരമാണ്‌. `ഭാഗ്യവതിയായ കന്യകയുടെ സ്വര്‍ഗ്ഗാരോപണം അവളുടെ പുത്രന്റെ പുനരുത്ഥാനത്തിലുള്ള മുന്നാസ്വാദനമാണ്‌. കൃപാവാരത്തിന്റെ ക്രമത്തില്‍ മറിയം വിശ്വാസികളുടെ അമ്മയുമാണ്‌`. ജന്മം മുതല്‍ പാപരഹിതയായി ജനിച്ചതിന്റെയും നിത്യകന്യകയായി ജിവിച്ചതിന്റെയും പ്രതിഫലമാണ്‌ മറിയത്തിന്റെ സ്വര്‍ഗ്ഗപ്രാപ്‌തി. രക്ഷിക്കപ്പെട്ട സമൂഹത്തിലെ ആദ്യഫലമായ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം സഭാപിതാക്കന്‍മാരുടെ പഠനത്തിലും, വി. ഗ്രന്ഥത്തിലും അധിഷ്‌ഠിതമാണ്‌. മറിയത്തിന്റെ ഉറക്കം, മറിയത്തിന്റെ കടന്നുപോകല്‍, മറിയത്തിന്റെ നിദ്രയുടെ തിരുനാള്‍, എന്നിങ്ങനെ മറ്റ്‌ പല പേരിലും സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ചരിത്രത്തില്‍ അറിയപ്പെട്ടിരുന്നു.

മറിയം എന്ന പേരിനര്‍ത്ഥം ശക്തയായവള്‍ എന്നാണ്‌. ദൈവപുത്രനെ ഉദരത്തില്‍ സംവഹിക്കാന്‍ ലോകരക്ഷയ്‌ക്ക്‌ സഹരക്ഷകയായി പ്രവര്‍ത്തിക്കാന്‍ ശക്തയായവളായിരുന്നു മറിയം എന്ന്‌ നമുക്ക്‌ കാണാന്‍ കഴിയും. കാലിത്തൊഴുത്ത്‌ മുതല്‍ കാല്‍വരിവരെ ദൈവപുത്രന്റെ സഹനത്തില്‍ ഒപ്പം ശക്തി നല്‍കി പുത്രനെ ലോകരക്ഷയ്‌ക്കായി ഒരുക്കിയവളാണ്‌ മറിയം.

ഈശോയുടെ അമ്മ, വിശ്വാസികളുടെ അമ്മ

വൈക്കം മുഹമ്മദ്‌ ബഷീര്‍ അമ്മയെക്കുറിച്ചുള്ള ഓര്‍മ്മ വിവരിക്കുന്നതിപ്രകാരമാണ്‌. ബഷീര്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യസമരത്തിനായി വേദിവിട്ടിറങ്ങി. ജയില്‍ വാസമനുഭവിച്ചു. ആഴ്‌ചകളും മാസങ്ങളും കടന്നുപോയി. അവസാനം ഒരുനാള്‍ രാത്രി എല്ലാവരും ഉറങ്ങി എന്നുകരുതി അടുക്കള പുറത്തെ വാതിലിലൂടെ അകത്തുകടക്കാനായി ശ്രമിച്ചപ്പോള്‍ ബഷീര്‍ കണ്‌ട കാഴ്‌ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. മകനുവേണ്‌ടി ചോറുവിളമ്പി വിളക്ക്‌ കത്തിച്ച്‌ രാത്രിയിലും കാത്തിരിക്കുന്ന ഉമ്മയെയാണ്‌ ബഷീര്‍ കണ്‌ടത്‌. തനിക്കുവേണ്‌ടി ഇത്‌ ദിവസവും ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. അമ്മയുടെ സ്‌നേഹം എത്ര ആഴമുള്ളതാണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു.

കാല്‍വരികുരിശിന്‍ ചുവട്ടില്‍വച്ച്‌ ഈശോ യോഹന്നാന്‌ മറിയത്തെ ഏല്‍പിച്ചുകൊടുത്തുകൊണ്‌ട്‌ വിശ്വാസികളുടെ മാതാവായി മറിയത്തെ ഉയര്‍ത്തി (യോഹ 18:1-19). ഇക്കാരണത്താല്‍ പില്‍ക്കാലത്ത്‌ ശിഷ്യന്‍മാരുടെ അമ്മയുടെ സെഹിയോന്‍ മാളികയിലും, സുവിശേഷ പ്രഘോഷനരംഗത്തും, സഭാസമൂഹത്തിന്റെ ആത്മീയ മാതാവായി അമ്മയായി കന്യാമറിയത്തെ ശിഷ്യസമൂഹം സ്വീകരിച്ചു. യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന്‌ശേഷം ശിഷ്യരോടൊപ്പം മാളിക മുറിയില്‍ പ്രാര്‍ത്ഥിക്കുന്നതും (അപ്പ 1:14) മാതൃമാധ്യസ്‌തമായി നിലകൊള്ളുന്നതും മറിയത്തില്‍ കാണാം. ക്രിസ്‌തു എന്ന ഏക മാധ്യസ്‌തന്റെ (1തിമോ 2:5-6) യോഗ്യതകളാണ്‌ മറിയത്തിന്റെ സ്വാധീനത്തിന്റെ ഉത്ഭവസ്ഥാനമെന്ന്‌ സഭ പഠിപ്പിക്കുന്നു. ചുരുക്കത്തില്‍ ഈശോ തലവനായിട്ടുള്ള സമൂഹത്തിന്റെ അമ്മയാണ്‌ മറിയം. വി. ആഗസ്‌തിനോസ്‌ പഠിപ്പിക്കുന്നു `ക്രിസ്‌തുവിന്റെ അവയവങ്ങളായ സഭാസമൂഹത്തിന്റെ അമ്മയാണ്‌ മറിയം`.

മറിയത്തോട്‌ പ്രാര്‍ത്ഥിക്കുകയല്ല മറിയത്തിന്റെ പ്രാര്‍ത്ഥനാ സഹായം അഥവാ മദ്ധ്യസ്ഥം തേടുകയാണ്‌ ചെയ്യുന്നത്‌. ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നേടുന്നതിനുവേണ്‌ടി പരി. അമ്മയുടെ പ്രാര്‍ത്ഥനാ സഹായം നമ്മള്‍ തേടുന്നു. ഇത്‌ വ്യക്തമാക്കുന്ന വചനഭാഗമാണ്‌ യോഹ 2:3-ല്‍ കാനായിലെ മറിയത്തിന്റെ അഭ്യര്‍ത്ഥന. കുറവുകള്‍ കണ്‌ടെത്തുന്ന മാതാവ്‌ അത്‌ ഈശോയെ അറിയിക്കുന്നു; ഈശോ ഇടപെടണമെന്ന്‌ മറിയം ആഗ്രഹിക്കുന്നു; മറിയം ഒരു വിവരം അറിയിക്കുന്നു എന്നതല്ല പിന്നെയോ പ്രവര്‍ത്തിക്കുവാന്‍ അവള്‍ ആദരപൂര്‍വ്വം ആവശ്യപ്പെടുകയായിരുന്നു. ഈശോ ഉടനെ മറിയത്തിന്റെ അപേക്ഷ മാനിച്ച്‌ അത്ഭുതം പ്രവര്‍ത്തിക്കുന്നു. യാമപ്രാര്‍ത്ഥനയില്‍ എല്ലാ കാലത്തേയും ബുധനാഴ്‌ച മാതാവിന്റെ വണക്കത്തിനായി പ്രത്യേക സ്ഥാനം ഉണ്‌ട്‌. അതില്‍ ദെനഹക്കാലത്തെ ലെലിയ പ്രാര്‍ത്ഥനയിലെ ഒരു ഗാനം ഈ ഭാഗത്തെ സൂചിപ്പിക്കുന്നു.

നാഥന്‍ കാനാ നഗരത്തില്‍
കല്യാണത്തിന്‍ സുദിനത്തില്‍
കരുണാപൂര്‍വ്വമെഴുന്നള്ളി
ക്ഷണിതാക്കള്‍ക്ക്‌ പകര്‍ന്നേകാന്‍
വീഞ്ഞു തികഞ്ഞില്ലെന്നേവം
മറിയംതന്‍ പ്രിയസുതനെയ-
ന്നവന്‍ പോടറിയിച്ചിടുകയാല്‍
മിശിഹാ വെള്ളം വീഞ്ഞാക്കി
ഗ്രഹനാഥനുള്‍ക്കുളിരേകി
നാഥാ, ഞങ്ങളുമിതുപോല്‍ നിന്‍
കൃപ നുകരാനിടയാക്കട്ടെ.

പ. മറിയത്തിലെ ഏഴു പുണ്യങ്ങള്‍

1. വിശ്വാസം: ഈശോയുടെ ജനനം, മരണം, കുരിശിന്‍ ചുവട്ടില്‍.
2. ദൃഡമായ പ്രതീക്ഷ: യസേപ്പിനോടുള്ള മനോഭാവം, കാലിതൊഴുത്ത്‌, പലായനം, കാനായിലെ കല്യാണം.
3. ഉപവി: മ) ദൈവസ്‌നേഹം - പ്രാര്‍ത്ഥന
യ) പരസ്‌നേഹം - എലിസബത്ത്‌
4. എളിമ: ഇതാ കര്‍ത്താവിന്റെ ഭാവി.
5. അനുസരണ: ഗബ്രിയേല്‍ ദൂതന്റെ വാക്ക്‌, പലായനം.
6. ദാരിദ്ര മനോഭാവം: ചങ്ങാലികളെ സമര്‍പ്പിക്കുന്നു.
7. വിശിഷ്‌ഠമായ പ്രാര്‍ത്ഥന: സ്‌തോത്ര ഗീതം.

മറിയത്തിന്റെ വിശേഷണങ്ങള്‍

1. ദൈവകൃപ നിറഞ്ഞവള്‍ (ലൂക്കാ 1:28)
2. കര്‍ത്താവ്‌ കൂടെയുള്ളവള്‍ (ലൂക്കാ 1:29)
3. വിധേയത്വമുള്ളവള്‍ (ലൂക്കാ 1:38)
4. വിശ്വാസമുള്ളവള്‍ (ലൂക്കാ 1:45)
5. ആരാധിക്കുന്നവള്‍ (ലൂക്കാ 1:46-56)
6. യഹൂദ പാരമ്പര്യം അനുസരിക്കുന്നവള്‍ (ലൂക്കാ 2:22-31)
7. പൂര്‍ണ്ണമായ സമര്‍പ്പണം (ലൂക്കാ 1:38)
8. സ്‌നേഹത്തിന്റെ പുത്രി (ലൂക്കാ 2:35)
9. മനുഷ്യ സ്‌നേഹിയായ മറിയം (ലൂക്കാ 1:39, യോഹ 2:1-10)
10. ആദ്യ സക്രാരിയാണ്‌ മറിയം
11. സ്വര്‍ഗ്ഗത്തിന്റെ വാതിലാണ്‌ മറിയം (മാര്‍ അപ്രേം)
12. മറിയം ദിവ്യകാരുണ്യത്തിന്റെ നാഥ (ജോണ്‍ പോള്‍ കക)
13. രണ്‌ടാമത്തെ ജീവന്‍ നല്‍കുന്ന ഹവ്വ (രക്തസാക്ഷിയായ വി. ജസ്‌റ്റിന്‍)
14. അമലോത്ഭവ (വിശ്വാസസത്യം, മാര്‍ അപ്രേം)

ബ്ര. ജോസഫ്‌ കളമ്പുകാട്ട്‌
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.പ്രിയമുള്ള കൂട്ടുകാരെ,
ലൂക്കാ 17:11-19

ഒരിക്കല്‍, നിശബ്ദമായ സെമിത്തേരിയില്‍ ഒരു യുവാവ്‌ കൈയ്യില്‍ ഒരു പൂമാലയുമായി ഓരോ കല്ലറയുടെയും അടുത്ത്‌ പോയി എന്തോ നോക്കിക്കൊണ്‌ടിരുന്നു. ഒരു കല്ലറയുടെ അടുത്തെത്തിയപ്പോള്‍ അതില്‍ പൂമാല ചാര്‍ത്തി പൊട്ടിക്കരയാന്‍ തുടങ്ങി. ഇതുകണ്‌ട ഒരു മനുഷ്യന്‍ ചോദിച്ചു. ഇവിടെക്കിടക്കുന്നതാരാണ്‌? ഭാര്യയാണോ? അയാള്‍ പറഞ്ഞു: അല്ല, മൂന്ന്‌ വര്‍ഷംമുമ്പ്‌ എനിക്ക്‌ നിര്‍ബന്ധിത സൈനീകസേവനത്തിന്‌ പോകേണ്‌ടിവന്നു. ഗര്‍ഭിണിയായ ഭാര്യയും മൂന്ന്‌ കുട്ടികളും. ഞാനാകെ വിഷമിച്ചു. എന്ത്‌ ചെയ്യണമെന്നറിയാതെ വലഞ്ഞപ്പോള്‍ ഒരു സുഹൃത്ത്‌ എനിക്കുപകരം സേവനത്തിനുപോയി. അവിടെ എനിക്ക്‌ വേണ്‌ടി അവന്‍ മരിച്ചു. ഇന്നവന്‍ മരിച്ച ദിനമാണ്‌. ഞാനായിരുന്നു മരിക്കേണ്‌ടിയിരുന്നത്‌... ഞാനയാള്‍ക്കുവേണ്‌ടി പ്രാര്‍ത്ഥിക്കുന്നു. തനിക്കായി ജീവന്‍ നല്‍കിയ സുഹൃത്തിനോടുള്ള നന്ദിയുടെ വാക്കുകളാണ്‌ ഈ യുവാവിന്റെത്‌.

പ്രിയമുള്ള കൂട്ടുകാരെ നാം പലപ്പോഴും അര്‍ത്ഥമറിയാതെ ഏറ്റവും അധികമായി ഉപയോഗിക്കുന്ന വാക്കാണ്‌ നന്ദി. നമ്മുടെ ജീവിതം പലരോടുമുള്ള നന്ദിയുടെ ഒരു സങ്കീര്‍ത്തനമാകണം. മനുഷ്യനാക്കാന്‍ മനസ്സാക്കിയ തമ്പുരാനോട്‌... ജീവനേകാന്‍ ജീവന്‍ നല്‍കിയ മാതാപിതാക്കളോട്‌... സ്‌നേഹം പകര്‍ന്നു തന്ന സഹോദരങ്ങളോട്‌... അറിവിന്റെ വെളിച്ചം പകര്‍ന്ന ഗുരുഭൂതരോട്‌...

ബൈബിളിലെ കുഷ്‌ഠരോഗികളുടെ സങ്കടങ്ങളുടെ കണ്ണുനീര്‍ കണ്‌ടതും അത്‌ തുടച്ചുമാറ്റിയതും കര്‍ത്താവ്‌ മാത്രമാണ്‌. എങ്കിലും കൈവന്ന സൗഖ്യങ്ങള്‍ക്കും നന്മകള്‍ക്കും മധ്യേ നാമും അവരെപ്പോലെ എല്ലാം ദാനമായി തന്നവനെ മറന്നുകൊണ്ട്‌ ജീവിക്കുന്നു. ദാനമായി ലഭിച്ചവക്ക്‌ നന്ദി പുലര്‍ത്തേണ്‌ടതിന്‌ വിനയം വേണം. വിനയത്തിലധിഷ്‌ഠിതമായ നന്ദിയുടെ ഒരു ഹൃദയം വളര്‍ത്തിയെടുക്കാം.

ഇന്ന്‌ ഭാരത ക്രൈസ്‌തവര്‍ക്ക്‌ ഏറെ പ്രാധാന്യമുള്ള ദിനം രണ്‌ട്‌ അമ്മമാരെ പ്രത്യേകമാംവിധം അനുസ്‌മരിക്കുന്നു. പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോഹണവും ഭാരതാംബയുടെ സ്വാതന്ത്ര്യദിനവും.

പരി. അമ്മ നന്ദി നിറഞ്ഞ ഹൃദയത്തോടെ ദൈവഹിതത്തിനു വിധേയപ്പെട്ട്‌ വിശുദ്ധമായ ജീവിതം നയിച്ചു. നന്ദിയുടെ സ്‌തോത്രഗീതം പൊഴിച്ച്‌ അമ്മ നമുക്ക്‌ വിനയത്തിന്റെ ഉദാത്ത മാതൃകയാണ്‌. ഈ മാതൃകയെ കാല്‍വരിയില്‍വച്ച്‌ നമുക്ക്‌ അമ്മയായി നല്‍കിയ ക്രിസ്‌തുവിനോട്‌ നമുക്ക്‌ നന്ദിയുള്ളവരായിരിക്കാം. ഭാരതാംബയുടെ സ്വാതന്ത്ര്യദിനവും നന്ദിയുടെ ഒരു ദിവസമാകട്ടെ. തങ്ങളുടെ ജീവനും ജീവിതവും സ്വന്തം നാടിനുവേണ്‌ടി ത്യജിച്ച മഹാത്മാക്കളുടെ സ്‌മരണയ്‌ക്കുമുന്നില്‍ നന്ദിയുടെ നറു മലരുകള്‍ അര്‍പ്പിക്കേണ്‌ട പുണ്യദിനം. മതതീവ്രവാദം കാര്‍ന്നുതിന്നുന്ന ഭാരതത്തില്‍ ഈ മഹാത്മാക്കളുടെ ജീവിതമാതൃക നന്ദിയോടെ ഓര്‍ത്ത്‌ പുത്തന്‍ നാളേക്കായി സമാധാനത്തിന്റെ പ്രവാചകരാകേണ്‌ട ഉത്തരവാദിത്വം ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

പ്രിയമുള്ള കൂട്ടുകാരെ, നമ്മുക്കും തീരുമാനമെടുക്കാം. ഇനിയുള്ള എന്റെ കൊച്ചുജീവിതം നന്ദി നിറഞ്ഞതായിരിക്കും. യേശുവിന്റെ സ്‌നേഹത്തിന്‌ നിരന്തരം നന്ദിയര്‍പ്പിച്ച്‌ ഞാന്‍ പ്രാര്‍ത്ഥിക്കും. പരി. അമ്മയെപ്പോലെ വിനയത്തോടെ നന്ദിയുടെ സ്‌തോത്രഗീതം പാടും. മഹാത്മാക്കളുടെ ജീവിതങ്ങള്‍ക്ക്‌ നന്ദിയര്‍പ്പിച്ച്‌ അവരുടെ ജീവിത സന്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കും. അതിനായി ദൈവത്തോട്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.

ഏവര്‍ക്കും എല്ലാവര്‍ക്കും സ്വര്‍ഗ്ഗാരോപണ തിരുന്നാളിന്റെയും സ്വാതന്ത്ര്യദിനത്തിന്റെയും ആശംസകള്‍.

ജേക്കബ്‌ കൊട്ടിയാനിക്കല്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download Sermon 2010

Sermon 2009

അധുനിക കാലത്ത്‌ ത്വക്ക്‌ രോഗങ്ങളായി പരിഗണിക്കുന്ന പലതും കുഷ്‌ഠമെന്ന പൊതുനാമത്തിലാണ്‌ പഴയനിയമ കാലത്ത്‌ അറിയപ്പെട്ടിരുന്നത്‌. അങ്ങനെ ഏതെങ്കിലും വിധത്തിലുളള രോഗം ബാധിച്ചാല്‍ രോഗമുളളവന്‍ പുരോഹിതനെ രോഗംബാധിച്ച തന്റെ ശരിരം കാണിക്കുകയും പുരോഹിതന്‍ അവനെ പരിക്ഷണ വിധേയമായി ഏഴ്‌ ദിവസത്തേക്ക്‌ സമൂഹത്തില്‍ നിന്ന്‌ മാറ്റി നിര്‍ത്തുകയും വേണം. സമൂഹത്തില്‍ നിന്ന്‌ മാറി നില്‍ക്കണമെന്ന്‌ പുരോഹിതന്‍ വിധിക്കുന്ന കാലശേഷം വീണ്‌ടും രോഗം പടരുന്നതായാണ്‌ കാണപ്പെടുന്നതെങ്കില്‍ പുരോഹിന്‍ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. ഇപ്രകാരം അശുദ്ധരായി മാറുന്നവര്‍ ചെയ്യേണ്‌ട്‌തെന്തെന്ന്‌ ലേവ്യരുടെ പുസ്‌തകം 13-14 വിവരിക്കുന്നുണ്‌ട്‌.
ശരിയായ കുഷ്‌ഠരോഗം ബാധിച്ചവന്‍ ശപിക്കപ്പെട്ടവനാണ്‌ (ലേവ്യര്‍13.45-46). അത്തരക്കാരുടെ രോഗവിമുക്തി സാധാരണഗതിയില്‍ അസാധ്യമാണ്‌. അതുകൊണ്‌ട്‌ കുഷ്‌ഠ ബാധിച്ചവന്‍ തന്റെ ഭവനത്തോട്‌ വിടപറഞ്ഞേ മതിയാവു. ഇത്‌ മനുഷ്യത്വത്തിന്‌ നിരക്കാത്ത ഒരു തിരുമാനമാണെങ്കിലും ആ കുടുംബത്തിലുളള മറ്റുളളവരുടെയും അവരുടെ അയല്‍ വാസികളുടെയും നന്മയ്‌ക്കായി അവന്‍ മാറിനിന്നേ മതിയാവു. അവന്‌ ഇനിയൊരിക്കലും തന്റെ ഭാര്യയെയോ ഭര്‍ത്താവിനെയോ മാതാപിതാക്കളെയോ മക്കളെയോ തൊടാനോ ആലിംഗനം ചെയ്യാനോ അവരുടെ അടുത്ത്‌ വരാനോ സംസാരിക്കാനോ കഴിയുകയില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവന്‍ ബന്ധുക്കളൊടെല്ലാം വിടപറയുന്നു. മനുഷ്യവാസമുളള സ്ഥലങ്ങളില്‍ നിന്ന്‌ അവന്‍ മാറിനടക്കണം മുടിവെട്ടാനോ ഉളളമുടി ചികാനോ അനുവാതമില്ല. കീറിയ വസ്‌ത്രങ്ങള്‍ മാത്രമേ ധരിക്കാവു. ഏതെങ്കിലും മനുഷ്യരൂപം അകലെ പ്രത്യക്ഷപ്പെടുന്നതു കാണുമ്പോള്‍ മുതല്‍ അശുദ്ധന്‍ അശുദ്ധന്‍ എന്ന്‌ തന്നെകുറിച്ചു തന്നെ വിളിച്ചുപറഞ്ഞുകൊണ്‌ടിരിക്കണം. എല്ലാം നഷ്ടപ്പെടുകയും രോഗവിമുക്തിക്ക്‌ സാധ്യതയില്ലാതിരിക്കുകയും ചെയ്യുന്ന ആ മനുഷ്യന്റെ ദയനീയ സ്ഥിതി മനസ്സിലാക്കാന്‍ അധുനിക തലമുറക്ക്‌ പ്രയാസമായിരിക്കും. ഇന്ന്‌ ഇത്രയൊന്നും കഠിനമല്ലാത്ത പന്നിപനി ബാധിച്ചപ്പോള്‍പോലും ലോകം എത്രമാത്രം ഭയന്നിരിക്കുന്നുവെന്ന്‌ വാര്‍ത്തകളില്‍ നിന്ന്‌ നാം മനസ്സിലാക്കുന്നുണ്‌ട്‌.
രോഗത്തിന്റെ ഫലമായി ഓരോ ദിവസവും കുടുതല്‍ കുടുതല്‍ ദ്രവിച്ചുതിരുന്ന തങ്ങളുടെ ശരിരവും സദൃശ്യരായ മനുഷ്യരുടെ സുഹൃത്‌ ബന്ധവുമല്ലാതെ കുഷ്‌ഠരോഗിക്ക്‌ ഈലോകത്തില്‍ മറ്റൊന്നുമില്ല. ഇത്തരത്തിലുളള ഒരു സാഹചര്യമാണ്‌ സുവിശേഷത്തിലെ യഹൂദരെയും അവരുടെ ശത്രുക്കളായി കഴിഞ്ഞിരുന്ന സമരിയാക്കാരെയും ഒരുമിച്ച്‌ ചേര്‍ത്തത്‌ എന്ന്‌ മനസ്സിലാക്കാന്‍കഴിയും. അവരെല്ലാം ദൈവത്താല്‍ ശപിക്കപ്പെട്ടവരാണ്‌.
കര്‍ത്താവ്‌ ഗലീലിയില്‍ നിന്ന്‌ സമറിയായിലൂടെ ജെറുസലേമിലേക്ക്‌ പോകുകയായിരുന്നു. അപ്പോള്‍ പത്ത്‌ കുഷ്‌ഠരോഗികള്‍ ഒരു ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍വെച്ച്‌ അവനെ കണ്‌ടുമുട്ടി അവനെകുറിച്ച്‌ അവര്‍ കേട്ടിരുന്നുവെന്നത്‌ സുവിശേഷത്തില്‍ നിന്ന്‌ വ്യക്തം. അവര്‍ ഈശോയോട്‌ ഭിക്ഷയല്ല ചോദിതച്ചത്‌ മറിച്ച്‌ കര്‍ത്താവേ എന്നുവിളിച്ചുകൊണ്‌ ട്‌ കരുണയാണ്‌ യാചിച്ചത്‌. കര്‍ത്താവ്‌ അവരോട്‌ പുരോഹിതന്റെ അടുത്തേക്ക്‌ പോകുവാനും രോഗവിമുക്തി ലഭിച്ചുവെന്നതിന്‌ തെളിവായി ശുദ്ധികരണ കാഴ്‌ച സമര്‍പ്പിക്കുവാനും കല്‌പ്പിച്ചു (ലേവ്യര്‍14). തങ്ങള്‍ തല്‍ക്ഷണം സുഖമാക്കപ്പെട്ടില്ലങ്കിലും കര്‍ത്താവ്‌ പറഞ്ഞവാക്കുകള്‍ അനുസരിച്ചുകൊണ്‌ടും അത്‌ പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്‌ടും അവര്‍ അവിടെ നിന്ന്‌ പോയി. ആ വിശ്വാസത്തിന്റെ ഫലമായി അവരുടെ യാത്രമധ്യേ അവരെല്ലാവരും സൗഖ്യമുളളവരായി തിര്‍ന്നു. കഥയുടെ ഇതുവരെയുളള ഭാഗങ്ങള്‍ മനോഹരമാണ്‌.
ശുദ്ധരാക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ അതിന്റെ ആഹ്ലാതത്തിലും തങ്ങളുടെ കുടുംബത്തെ ഈ സന്തോഷവാര്‍ത്ത അറിക്കാനുളള തിടുക്കത്തിലും കര്‍ത്താവിന്റെ വചനത്തോട്‌ വിധേയത്വം കാണിക്കാനുളല വ്യഗ്രതയിലും അവര്‍ സന്തോഷത്തോടെ മുമ്പോട്ട്‌ തന്നെപോയി എന്നാല്‍ അക്കുട്ടത്തിലുണ്‌ടായിരുന്ന ഒരു സമറിയാക്കാരന്‍ തന്നില്‍ സംഭവിച്ച അത്ഭുതം കണ്‌ടപ്പോള്‍ കര്‍ത്താവിങ്കലേക്ക്‌ തിരിഞ്ഞുനടന്നു. നന്ദിപറയാതെ ഒരടിപോലും മുമ്പോട്ടുപോകാന്‍ അവന്‌ കഴിയുമായിരുന്നില്ല (സമരിയാക്കാര്‍ക്കും, പുരോഹിതരും, വിശുദ്ധമലയും നിയമപുസ്‌തകവും ഉണ്‌ടായിരുന്നു).
തന്റെ അടുത്തേക്ക്‌ നന്ദിയുളള ഹൃദയവുമായി തിരിച്ചുവന്ന്‌ സമരിയാക്കരനെയാണ്‌ യഥാര്‍ത്ഥവിശ്വാസിയായി കര്‍ത്താവ്‌ കണ്‌ടത്‌. കര്‍ത്താവിന്റെ വചനങ്ങളെല്ലാം അക്ഷരംപ്രതി അനുസരിക്കുകയും അവന്റെ വാക്കുകള്‍ വിശ്വസിക്കുകയും രോഗവിമുക്തിക്ക്‌ ഉപകരിക്കതക്ക വിശ്വാസത്തിന്‌ ഉടമകളായിരിക്കുകയും ചെയ്‌തിട്ടും അവര്‍ക്ക്‌ രക്ഷാദായകമായ വിശ്വാസം ഉണ്‌ടായിരുന്നില്ല. കാരണം അവര്‍ക്ക്‌ നന്ദിപറയാന്‍ വെമ്പുന്നതോ നന്ദിപറഞ്ഞ്‌ ശീലമുളളതോ ആയ ഒരു ഹൃദയമുണ്‌ ടായിരുന്നില്ല. ബാക്കി ഒമ്പത്‌ പേര്‍ എവിടെ എന്നാണ്‌ കര്‍ത്താവ്‌ ചോദിക്കുന്നത്‌. അതിനുശേഷം തന്നോട്‌ നന്ദിപറഞ്ഞ സമറിയാക്കാരന്റെ വിശ്വാസം രക്ഷാദായകമാണെന്നവന്‍ പറഞ്ഞു. വിശ്വാസം എന്നത്‌ ദൈവത്തെ എല്ലാറ്റിന്റെയും നാഥനും കര്‍ത്താവുമായി എറ്റുപറയുന്നതും അവന്റെ വചനങ്ങള്‍ അനുസരിക്കുന്നതും മാത്രമല്ല, ദൈവസന്നിധിയില്‍ നന്ദിയുളള ഒരു ഹൃദയത്തോടുകൂടി നില്‍ക്കുന്നതുകൂടിയാണ്‌.
യഹൂദരുടെ വിശ്വാസം അനുസരിച്ച്‌ ദൈവം തിരഞ്ഞെടുത്ത ജനമായ യഹൂദര്‍ക്ക്‌ മാത്രമേ രക്ഷസാധ്യമാകുമായിരുന്നുളളു. കാരണം അവര്‍ക്കാണ്‌ ദൈവം മോശയിലൂടെ തന്റെ നിയമം വെളിപ്പടുത്തിയത്‌. അതിലൂടെ രക്ഷയ്‌ക്കുളള മാര്‍ഗ്ഗം ദൈവം തന്നെ കാണിച്ചുകൊടുക്കുകയായിരിന്നു. എന്നാല്‍ ക്രിസ്‌തുവിനെ നന്ദിനിറഞ്ഞ ഹൃദയത്തോടെ കണ്‌ടുമുട്ടുന്നവന്‌ നിയമംകൂടാതെതന്നെ രക്ഷ സാധ്യമാകുമെന്ന്‌ പഠിപ്പിക്കുകയാണ്‌ വി. ലൂക്കാ സുവിശേഷകന്‍ തന്റെ അരുകില്‍ നന്ദിയോടെ വന്ന സമറിയാക്കാരനെ ശുദ്ധനും രക്ഷിക്കപ്പെട്ടവനുമായി പ്രഖ്യാപിക്കുകവഴി കര്‍ത്താവ്‌ ഒരു പുരോഹിതന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയൂടിയായിരുന്നു.
നമ്മുടെ സംസ്‌കാരത്തില്‍ നന്ദിപറയുക എന്നത്‌ വളരെ വിരളമായിമാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്‌. മറ്റുപലസംസ്‌കാരങ്ങളിലും പ്രത്യേകിച്ച്‌ പാശ്ചാത്യ സംസ്‌കാരത്തില്‍ കുടുംബാംഗങ്ങള്‍പോലും എപ്പോഴും പരസ്‌പരം നന്ദിപറയുന്നത്‌ വളരെ സാധാരണമായ ഒരു കാര്യം മാത്രം. നന്ദിയുടെ ചിന്തകള്‍ മനസ്സിലുണ്‌ടായാല്‍ മാത്രംപോര മറിച്ച്‌ അത്‌ അന്യന്‌ മനസ്സിലാകുന്നവിധത്തില്‍ (സമറിയക്കാരനെപ്പോലെ) പ്രകടമാക്കാനും നാം തയ്യാറാകണം.
നന്ദിയുടെ വാക്കുകളും ചിന്തകളും പുറപ്പെടുന്നത്‌ സംതൃപ്‌തമായ ഒരു ഹൃദയത്തില്‍ നിന്നുമാത്രമാണ്‌. ശുഭാപ്‌തി വിശ്വാസമില്ലാത്തവര്‍ക്കും വിഷാദത്മക ഭാവമുളളവര്‍ക്കും സംതൃപ്‌തവും നന്ദിനിറഞ്ഞതുമായ ഒരു ഹൃദയം അന്യമാണ്‌. തനിക്കുളളതിനെകുറിച്ച്‌ അസംതൃപ്‌തനായവന്‍ പിറുപിറുക്കുകയെയുളളു. ദൈവം നല്‌കിയ ജീവിതസാഹചര്യങ്ങളുടെയും ബന്ധങ്ങളുടെയും കഴിവുകളുടെയുമെല്ലാം മഹത്വം കാണാന്‍ കഴിവുളളവനാണ്‌ നന്ദിനിറഞ്ഞ ഹൃദയമുളളവന്‍ അവന്‍ നന്ദി പറയുകയും ചെയ്യും. ജീവിതത്തില്‍ എല്ലാറ്റിലും അസംതൃപ്‌തി കണടെത്തുന്നവന്‍ തന്റെ ജീവിതവും തന്റെ സഹോദരങ്ങളുടെ ജീവിതവും ദുഷ്‌കരമാക്കും. അവന്‌ കര്‍ത്താവിന്റെ സ്‌നേഹത്തിന്റെ പ്രമാണം അന്യവുമായിരിക്കും.
മറ്റുളളവരോട്‌ നന്ദിപറയുന്നവന്‍ അപരനെ അവന്റെ നന്മകളോടുകുടി കാണുകയും അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നവനാണ്‌. ഒരുവന്‍ അവന്‍ ചെയ്യേണ്ട ജോലിതന്നെയാണ്‌ ചെയ്‌തതെങ്കിലും അവന്‌ നന്ദിപറയുകവഴി നാം ആ ജോലിയെ അംഗീകരിക്കുകയും അവനെ ബഹുമാനിക്കുകയും ചെയ്യുകയാണ്‌. സൗഖ്യമാക്കപ്പെട്ട ഒമ്പത്‌ കുഷ്‌ഠരോഗികളെപ്പോലെ ജീവിക്കാന്‍ ആര്‍ക്കും കഴിയും ദൈവം നമുക്ക്‌ നല്‌കിയിരിക്കുന്ന നിരവതിയായ നന്മകളൊന്നും കാണാതെ ഇതെല്ലാം നാം അര്‍ഹിക്കുന്നതാണെന്ന ഭാവത്തില്‍ നിഷ്‌ക്രിയരായി ജീവിക്കാന്‍ നമുക്ക്‌ കഴിയും. അങ്ങനെയുളളവരുടെ ജീവിതം ഒരരിപ്പപോലെയാണെന്ന്‌ പറയാം എത്രജലം അതിലൂടെ ഒഴുക്കിയലും അരിപ്പയ്‌ക്ക്‌ ഒരു ഭാവവിത്യാസവും വരുകയില്ല. മറിച്ച് ആ ജലത്തില്‍ എന്തെങ്കിലും കരടുണ്‌ടെങ്കില്‍ അതിനെ ഉയര്‍ത്തികാണിക്കുകയും ചെയ്യും. നന്ദിപറയുന്നവന്റെ ഹൃദയം ഒരു കാസയില്‍ ഒഴിച്ച തേന്‍പോലെയാണ്‌ അവന്‌ ജീവിതം ആസ്വാധ്യവും മനോഹരവുമാണ്‌.
നമ്മെക്കാള്‍ ഉയര്‍ന്നവരുമായി നാം നമ്മുടെ ജീവിതം താരതമ്യപ്പെടുത്തികൊണ്‌ട്‌ അസ്വസ്‌തരായിരുന്നാല്‍ നമുക്കൊരിക്കലും ദൈവത്തിന്‌ നന്ദിപറയാന്‍ ഒന്നും ഉണ്‌ടാവുകയില്ല. എന്നാല്‍ നമ്മെക്കാള്‍ കഷ്‌ടതയനുഭവിക്കുന്നവരെകൂടി ഹൃദയത്തില്‍ സൂക്ഷിച്ചാല്‍ സ്‌നേഹപിതാവായ ദൈവത്തിന്‌ എപ്പോഴും നന്ദിപറയാന്‍ സജ്ജമായ ഒരു വിശ്വാസ ചൈതന്യത്തിലേക്ക്‌ വളരാന്‍ നമുക്ക്‌ കഴിയും അപ്പോള്‍ നമ്മുടെ വിശ്വാസം രക്ഷാധായകമാകും. നാം അനുദിനം സ്വീകരിക്കുന്ന നന്മകള്‍ക്ക്‌ നമ്മുടെ ചുറ്റുമുളളവര്‍ക്ക്‌ നന്ദിപറയാന്‍ നമ്മുക്ക്‌ കഴിയട്ടെ അപ്പോള്‍ നാം കര്‍ത്താവിന്റെ സ്‌നേഹത്തിന്റെ പ്രമാണം ജീവിക്കുന്നവരാകും.


ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി
കുന്നോത്ത്‌.

Download

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home