Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
കൈത്താക്കാലം ഏഴാം ഞായര്‍
Readings: Leviticus 19:15-19; Isaiah 33:1-15; 1Thesselonians 2:14-20; Luke 18:1-8

ഒരിക്കല്‍ ഒരു ആര്‍മേനിയന്‍ കച്ചവടസംഘം ചരക്കുകള്‍ വാഹനമൃഗങ്ങളുടെ പുറത്ത്‌ കയറ്റി, വിജനമായ ഒരു സ്ഥലത്ത്‌ കൂടി യാത്ര ചെയ്യുകയായിരുന്നു. കൊള്ളക്കാര്‍ പതിയിരുന്ന്‌ യാത്രക്കാരെ കവര്‍ച്ച ചെയ്യുന്നത്‌ അക്കാലത്ത്‌ സാധാരണമായിരുന്നു. ഈ കച്ചവടക്കാര്‍ പകല്‍ മുഴുവന്‍ യാത്ര ചെയ്‌തശേഷം രാത്രിയില്‍ എവിടെയെങ്കിലും കൂടാരമടിച്ച്‌ താമസിക്കും. രാവിലെ യാത്ര തുടരും. ഏതാനും കൊള്ളക്കാര്‍ അവരെ അനുഗമിക്കുന്നുണ്‌ടായിരുന്നു. എന്നാല്‍ അവരുടെ കൂടാരത്തിനു ചുറ്റും ഒരു ആഗ്നേയകോട്ടയുള്ളതായി കൊള്ളക്കാര്‍ക്ക്‌ തോന്നിയതുകൊണ്‌ട്‌ കൂടാരത്തിനകത്ത്‌ പ്രവേശിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല; ഒരു ദിവസം, ആ കോട്ടയ്‌ക്കൊരു വിള്ളല്‍ ഉണ്‌ടായിരിക്കുന്നതായി അവര്‍ കണ്‌ടു. ആ വിള്ളലിലൂടെ അവര്‍ അകത്തു കടന്നു. കച്ചവടക്കാര്‍ പരിഭ്രാന്തരായി. എന്നാല്‍ കൊള്ളക്കാര്‍ കൊള്ള നടത്തിയില്ല. അതുവരെ ആ കൂടാരത്തില്‍ പ്രവേശിക്കാന്‍ തങ്ങള്‍ക്ക്‌ കഴിയാതെ പോയത്‌ എന്തുകൊണ്‌ടാണ്‌ എന്ന്‌ അവര്‍ ചോദിച്ചു. തങ്ങളുടെ ഇടമുറിയാത്ത നിരന്തരമായ പ്രാര്‍ത്ഥനയായിരുന്നു, ആ ആഗ്നേയകോട്ട എന്നും, യാത്രാക്ഷീണം കൊണ്‌ട്‌ അന്ന്‌ തങ്ങള്‍ക്ക്‌ പ്രാര്‍ത്ഥിക്കാന്‍ കഴിയാതെ പോയതാണ്‌ തങ്ങളുടെ കോട്ടയില്‍ വിള്ളലുണ്‌ടാകുവാനുള്ള കാരണമെന്നും, ആ കച്ചവടക്കാര്‍ പറഞ്ഞു. ഇടമുറിയാത്ത പ്രാര്‍ത്ഥന നമ്മെ സംരക്ഷിക്കുന്ന കോട്ടയാണ്‌. പ്രാര്‍ത്ഥന മുടങ്ങിയാല്‍ സാത്താന്‌ പ്രവേശിക്കുവാനുള്ള വിള്ളല്‍ അത്‌ നമ്മുടെ ജീവിതത്തില്‍ ഉണ്‌ടാക്കും.

തന്റെ എതിരാളിക്കെതിരെ നീതി നടത്തിക്കൊടുക്കണമെന്ന ആവശ്യവുമായി നിരന്തരം തന്നെ സമീപിച്ച വിധവയ്‌ക്ക്‌ ഒടുവില്‍ ന്യായാധിപന്‍ നീതിനടത്തിക്കൊടുക്കുന്ന ഉപമയിലൂടെ ഭഗ്‌നാശരാകാതെ നിരന്തരം പ്രാര്‍ത്ഥിക്കണമെന്ന്‌ ഈശോ നമ്മെ പഠിപ്പിക്കുന്നു. ഇടമുറിയാത്ത പ്രാര്‍ത്ഥന നമ്മെ സംരക്ഷിക്കുന്ന കോട്ടയാണ്‌. പ്രാര്‍ത്ഥന മുടങ്ങിയാല്‍ എതിരാളിയായ പിശാചിന്‌, നമ്മുടെ ജീവിതത്തില്‍ പ്രവേശിക്കാന്‍ ഒരു വിള്ളല്‍ - അവസരം - നല്‍കുകയായിരിക്കും നാം ചെയ്യുക.

ഈ ഉപമയില്‍ പ്രധാനമായും രണ്‌ട്‌ കഥാപാത്രങ്ങളാണ്‌ ഉള്ളത്‌; ന്യായാധിപനും, വിധവയും. യഹൂദരുടെ നിയമമനുസരിച്ച്‌ ഒരു ന്യായാധിപന്‍ ദൈവത്തിന്റെ നീതി നടപ്പാക്കേണ്‌ടവനാണ്‌ (ദിയ. 1:16-17). അതുപോലെതന്നെ ദൈവഭയം ഉള്ളവനും, പക്ഷപാതം കാണിക്കാത്തവനും, കൈക്കൂലി വാങ്ങാത്തവനും ആയിരിക്കണം (1ദിന 11:16-17). എന്നാല്‍ നാം വായിച്ചുകേട്ട വചനഭാഗത്തിലെ ന്യായാധിപന്‍ ദൈവത്തെ ഭയപ്പെടാത്തവനും, മനുഷ്യനെ മാനിക്കാത്തവനും, ആയിരുന്നു (18:2). ഒരു പക്ഷെ അയാള്‍ കൈക്കൂലിയും മറ്റും സ്വീകരിച്ചുകൊണ്‌ട്‌ പ്രവര്‍ത്തിച്ചിരുന്നതിനാലാവാം, നിര്‍ധനയും, ആലംബഹീനയുമായ ഈ വിധവയുടെ ആവശ്യങ്ങള്‍ക്ക്‌ ചെവികൊടുക്കാതിരുന്നത്‌. ചിലപ്പോള്‍ നാമോരോരുത്തരുടെയും ഉള്ളിലും, ഈ ന്യായാധിപന്റെതുപോലുള്ള മനോഭാവങ്ങളും ഉണ്‌ടായിരിക്കും. അതായത്‌, 'എന്നെ സമീപിക്കുന്നവരെ സഹായിച്ചാല്‍ എനിക്ക്‌ എന്ത്‌ കിട്ടും' എന്ന മനോഭാവം. ഇന്നത്തെ ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി അറിഞ്ഞോ അറിയാതെയോ നമ്മുടെയൊക്കെ ഉള്ളിലും, ഇത്തരം ഒരു മനോഭാവം വളരുന്നുണ്‌ട്‌. എന്നാല്‍ ക്രിസ്‌താനികളായ നാം ഒരോരുത്തര്‍ക്കും നമുക്ക്‌ എന്ത്‌ ലഭിക്കുമെന്ന്‌ ചിന്തിക്കാതെ അപരന്‌ എനിക്ക്‌ എന്ത്‌ നല്‍കാന്‍ കഴിയും എന്ന മനോഭാവത്തില്‍ ഉടമകളായിത്തീര്‍ന്നുകൊണ്‌ടിരിക്കുന്നു.

ഉപമയിലെ വിധവ, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ, ശുപാര്‍ശകള്‍ പറയാന്‍ ആളില്ലാത്തവരുടെ ഒക്കെ പ്രതിനിധിയാണ്‌. വിധവയുടെ എതിരാളി ഒരുപക്ഷെ ന്യായാധിപനെ സ്വാധീനിക്കാന്‍ കഴിവുള്ളവനും, കൈക്കൂലി കൊടുക്കാന്‍ ആസ്‌തിയുള്ളവനുമൊക്കെയായിരിക്കാം. ജീവിതത്തിലെ ഇത്തരത്തിലുള്ള ഉത്തരമില്ലാത്ത നിസഹായവസ്ഥകളെ നിരന്തരമായ പ്രര്‍ത്ഥനയുടെ ബലത്തില്‍ അതിജീവിക്കാനാകുമെന്ന്‌ ഈശോനാഥന്‍ ഈ ഉപമയിലൂടെ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. അര്‍ദ്ധരാത്രിയില്‍ അപ്പം വായ്‌പ ചോദിച്ചുവന്ന സുഹൃത്തിന്റെ ഉപമയിലേതുപോലെ (ലൂക്കാ 11:5-8). ഇവിടെയും നിരന്തരമായ അഭ്യര്‍ത്ഥനയാണ്‌ ന്യായം നടത്തിക്കിട്ടുവാന്‍ കാരണമായത്‌. അവന്‍ സ്‌നേഹിതനാണ്‌ എന്നതിന്റെ പേരില്‍ അവന്‍ ഒന്നും കൊടുക്കുകയില്ലെങ്കില്‍ തന്നെ, നിര്‍ബന്ധം നിമിത്തം, എഴുന്നേറ്റ്‌ വേണ്‌ടത്‌ നല്‍കും (ലൂക്കാ 11:8). ഇതുപോലെ നിര്‍ബന്ധപൂര്‍വ്വം ദൈവത്തില്‍ നിന്നും അനുഗ്രഹം പിടിച്ചുവാങ്ങുന്ന ഒരു വ്യക്തിയെ പഴയ നിയമത്തിന്റെ താളുകളില്‍ നാം കണ്‌ടുമുട്ടുന്നുണ്‌ട്‌, പൂര്‍വ്വ പിതാവായ യാക്കോബ്‌. ദൈവത്തിന്റെ ദൂതനുമായുള്ള മല്‍പിടുത്തത്തിനുശേഷം എന്നെ അനുഗ്രഹിച്ചാലല്ലാതെ വിടുകയില്ലെന്ന്‌ പറഞ്ഞുകൊണ്‌ട്‌ യാക്കോബ്‌ അനുഗ്രഹം നേടിയെടുക്കുന്നു (ഉല്‍പ 32:26). ഇതുപോലെ നമ്മെ സ്‌്‌നേഹിക്കുന്ന ദൈവപിതാവിന്റെ മുന്നില്‍ ഒരു കുഞ്ഞിനെപ്പോലെ നിരന്തരമായി, ഭഗ്‌നാശനാകാതെ പ്രാര്‍ത്ഥിച്ച്‌ അനുഗ്രഹം നേടിയെടുക്കാനുള്ള ഒരു സ്വാതന്ത്ര്യം - ദൈവമക്കളുടെ സ്വാതന്ത്ര്യം - നാം സ്വന്തമാക്കേണ്‌ടിയിരിക്കുന്നു.

ഉപമയിലെ വിധവയില്‍ കാണുന്ന ഒരു ഗുണമെന്നത്‌ അവളുടെ വിശ്വാസമാണ.്‌ അല്‌പം വൈകിയാലും ന്യായാധിപന്‍ തനിക്കായി നീതി നടത്തിത്തരും എന്ന വിശ്വാസമാണ്‌ ഭഗ്‌നാശയാകാതെ, നിരന്തരം, പ്രാര്‍ത്ഥിക്കുവാന്‍ അവള്‍ക്ക്‌ പ്രേരകമായിത്തീര്‍ന്നത്‌. ഒരു കഥകേട്ടിട്ടുണ്‌ട്‌. അതിപ്രകാരമാണ്‌. ഒരു ഗ്രാമത്തില്‍ കൊടും വേനലുണ്‌ടായി. പല പ്രതിവിധികളും ചെയ്‌തു എങ്കിലും, മഴയൊരു വിദൂര സ്വപ്‌നമായി അവശേഷിച്ച ആ ഗ്രാമത്തിലേക്കു ഒരു സന്യാസി കടന്നുവന്നു. വരള്‍ച്ചയ്‌ക്ക്‌ പ്രതിവിധിയായി ഗ്രാമത്തിലെ എല്ലാവരും മലമുകളില്‍ പോയി ദൈവത്തോട്‌ പ്രാര്‍ത്ഥിക്കണം, അപ്പോള്‍ തീര്‍ച്ചയായും ആ ഗ്രാമത്തെ കുളിര്‍പ്പിച്ചുകൊണ്‌ട്‌ അതിശക്തമായി മഴ പെയ്യുമെന്ന്‌ അദ്ദേഹം അറിയിച്ചു. ഇതുകേട്ടയുടനെ ജനമെല്ലാം കൂട്ടമായി മലമുകളിലേക്ക്‌ പോയിത്തുടങ്ങി. സന്ന്യാസി അവരുടെ യാത്ര ശ്രദ്ധിക്കുകയായിരുന്നു. ഒടുവില്‍ അവരില്‍ നിന്നും, ഒരു കുട്ടിയെ മാത്രം അദ്ദേഹം മലമുകളിലേക്ക്‌ കൂട്ടിക്കൊണ്‌ടുപോവുകയും, വൈകാതെ ശക്‌്‌തമായ മഴപെയ്യുകയും ചെയ്‌തു എന്നതാണ്‌ കഥ. സന്ന്യാസി ആ കുട്ടിയെമാത്രം തിരഞ്ഞെടുത്തത്‌ പ്രാര്‍ത്ഥിച്ചാല്‍ മഴ ലഭിക്കുമെന്ന അവന്റെ തീക്ഷണമായ വിശ്വാസം കണ്‌ടാണ്‌. കാരണം, ആ ഗ്രാമവാസികളില്‍ അവന്‍ മാത്രമാണ്‌, കൈയ്യില്‍ കുടയുമായി മലമുകളിലേക്ക്‌ നടന്നത്‌. വിശ്വാസമില്ലാതെയുള്ള പ്രാര്‍ത്ഥന എന്നത നമ്മുടെയൊക്കെ പ്രാര്‍ത്ഥനകളില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു അപചയമാണിത്‌. ഈ ഉപമയിലെ വിധവയുടെ വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന മാത്രം നമ്മുടെ മുന്നില്‍ മാതൃകയായി വിരചിക്കുന്നു.

പ്രാര്‍ത്ഥനയ്‌ക്ക്‌ ഉത്തരം ലഭിക്കുന്നില്ല, എന്നത്‌ നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ ഉയരാറുള്ള ഒരു പരാതിയാണ്‌. ചിലപ്പോള്‍ നമുക്കും ഈ ഉപമയിലെ വിധവയുടേതുപോലെ തിരസ്‌കാരത്തിന്റെയും, വേദനയുടെയും, സഹനത്തിന്റെയുമൊക്കെ അനുഭവമായിരിക്കാം ലഭിച്ചിട്ടുള്ളത്‌. എന്നാല്‍ നാം മനസ്സിലാക്കേണ്‌ട ഒരു വസ്‌തുതയുണ്‌ട്‌. നമ്മെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ച ഗുരുവിന്റെ ഗെത്‌സെമനിയിലെ പ്രാര്‍ത്ഥനയ്‌ക്ക്‌ ലഭിച്ച മറുപടി ഒറ്റുകൊടുക്കലും, തള്ളിപ്പറയലും, കുരിശുമൊക്കെയായിരുന്നു, എന്നാല്‍ അതിനെത്തുടര്‍ന്ന്‌ ഉത്ഥാനത്തിന്റെ മഹത്വവും. തേനും, പാലും ഒഴുകുന്ന കാനാന്‍ ദേശത്തേക്കുള്ള യാത്രയില്‍ ഇസ്രയേല്‍കാര്‍ക്ക്‌ കടന്നുപോകേണ്‌ടിവന്നത്‌ മരുഭൂമിയുടെ ചുട്ടുപൊള്ളിക്കുന്ന അനുഭവങ്ങളിലൂടെയായിരുന്നു. എന്നാല്‍ അവിടെയും ഭഗ്‌നാശരാകാതെ മേഘത്തൂണിന്റെയും, അഗ്നിസ്‌തംഭത്തിന്റെയും രൂപത്തില്‍ തിരുസാന്നിധ്യമായി തങ്ങളോടൊപ്പമുള്ള ദൈവസാന്നിധ്യം തിരിച്ചറിയുന്നവര്‍ക്ക്‌, കാനാള്‍ ദേശം ആഗതമായി. ഇതുപോലെ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ദു:ഖവെള്ളിയുടെ ചുട്ടുപൊള്ളിക്കുന്ന മരുഭൂമി അനുഭവങ്ങളില്‍ ഭഗ്‌നാശരാകാതെ, സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്ന ദൈവത്തില്‍ നിരന്തരമായി പ്രത്യാശയര്‍പ്പിച്ച്‌ ജീവിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഉപയിലെ വിധവയുടേതുപോലെ ദൈവത്തിന്റെ മഹത്വവും അവിടുന്നില്‍ നിന്നുള്ള ആശ്വാസവും നമ്മുടെ ജീവിതത്തിലും അനുഭവവേദ്യമാകും.

ഉപമയിലെ വിധവയ്‌ക്ക്‌ നീതിനടത്തിക്കിട്ടിയതില്‍ ഒരു പ്രധാന കാരണം അവള്‍ നിരാശയാകാതെ ദൈവത്തിന്റെ സമയത്തിനായി കാത്തിരുന്നു, എന്നതാണ്‌. രക്ഷാകരചരിത്രം മുഴുവന്‍ വിചിന്തവിഷയമാക്കിയാല്‍, വൃദ്ധദമ്പതികളായ അബ്രാഹവും സാറയും മുതല്‍, സ്‌നാപകയോഹന്നാന്റെ മാതാപിതാക്കളായ സഖറിയായും, ഏലീശായും വരെയുള്ളവര്‍ തങ്ങളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പൂവണിയുന്നതിന്‌ കാലവിളംബം നേരിടപ്പോഴും, ഭഗ്‌നാശരാകാതെ ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച്‌ പ്രാര്‍ത്ഥിച്ചിരുന്നവരാണ്‌ എന്ന്‌ കാണുവാന്‍ കഴിയും. നമ്മുടെ ജീവിതത്തിലെ ഇഷ്ടങ്ങളും, സ്വപ്‌നങ്ങളും ദൈവഹിതവും അവിടുത്തെ സമയവുമായും സന്ധിക്കുന്നിടമാണ്‌ ജീവിതത്തിലെ അനുഗ്രഹങ്ങളായി പരിണമിക്കുന്നത്‌. ലൂക്കാ 11:9-ല്‍ ഈശോ പറയുന്നു ചോദിക്കുവിന്‍ നിങ്ങള്‍ക്ക്‌ ലഭിക്കും, അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്‌ടെത്തും, മുട്ടുവിന്‍ നിങ്ങള്‍ക്ക്‌ തുറന്നുകിട്ടും. അതിനാല്‍ നമ്മുടെ ജീവിതത്തിലെ ഉത്തരം കിട്ടാത്ത പ്രാര്‍ത്ഥനകളെ ഓര്‍ത്ത്‌ നിരാശരാകാതെ ദൈവത്തിന്റെ സമയത്തിനായി (യോഹ 2:4; 7:6, 8ര) നമുക്ക്‌ കാത്തിരിക്കുന്നവരാകാം.

പ്രാര്‍ത്ഥനയെന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള രക്ഷപെടലോ ഒഴിഞ്ഞു മാറലോ അല്ല, അവയെ പൊരുതി കീഴടക്കാനുള്ള മാര്‍ഗ്ഗമാകുന്നു എന്ന്‌ വില്യം ബര്‍ക്കളെ എന്ന ഗ്രന്ഥകാരന്‍ പറയുന്നു. `ഈ പാനപാത്രം എന്നില്‍നിന്ന്‌ നീക്കണമെ എന്നുള്ള` ഈശോയുടെ പ്രാര്‍ത്ഥന സഹനങ്ങള്‍ മാറ്റുകയല്ല മറിച്ച്‌ കുരിശിലേക്കും അതിനുപ്പുറത്തേക്കുമുള്ള മാഹാവിജയത്തിലേക്കും അവിടുത്തെ നയിക്കുന്നതിനാവശ്യമായ ശക്തി പ്രധാനം ചെയ്യുകയുമാണ്‌ ചെയ്‌തത്‌. ഇതുപോലെ ഏത്‌ പ്രതിസന്ധിയെയും നേരിടാനും, അതിജീവിക്കാനുമുള്ള ആത്മശക്തി, ദൈവം തന്റെ മക്കളായ നമുക്ക്‌ തരുന്നു. അതിനാല്‍, നാം വിചിന്തനവിഷയമാക്കിയ ഈ ഉപമയിലെ വിധവയെപ്പോലെ, ഭഗ്‌നാശരാകാതെ നിരന്തരം പ്രാര്‍ത്ഥിക്കാനും, ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാനും, അവിടുത്തെ ഹിതത്തോട്‌ നമ്മെത്തന്നെ അനുരൂപപ്പെടുത്താനുമുള്ള കൃപയ്‌ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യാം...

Bro. വിപിന്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.കുട്ടികളുടെ വചനവേദി

പ്രിയ കൂട്ടുകാരെ,

വളരെ പ്രശസ്‌തനായ ഒരു എഴുത്തുകാരനായിരുന്നു വില്യം ബര്‍ക്ക്‌ളെ. ഒരിയ്‌ക്കല്‍ തന്റെ കുടുംബത്തോടൊപ്പം സ്‌ക്കോട്ടലാന്‍ഡിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലൂടെ അദ്ദേഹം യാത്ര ചെയ്യുകയായിരുന്നു. വളരെ അപകടം നിറഞ്ഞതും മനുഷ്യവാസമില്ലാത്തതുമായ സ്ഥലങ്ങളിലൂടെയാണ്‌ അവര്‍ കടന്നുപോയ്‌ക്കൊണ്‌ടിരുന്നത്‌. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അവിടെ സഹായത്തിനാരുമില്ല. പക്ഷെ പെട്ടെന്ന്‌ വഴിയരുകില്‍ അവിടവിടെയായി സ്ഥാപിച്ചിരിക്കുന്ന ടെലിഫോണ്‍ പെട്ടികള്‍ അദ്ദേഹത്തിന്റെ കണ്ണില്‍പെട്ടു. ആര്‍ക്കെങ്കിലും അപകടം സംഭവിച്ചാല്‍ സഹായമഭ്യര്‍ത്ഥിക്കുന്നതിനുവേണ്‌ടി സ്ഥാപിച്ചിരിക്കുന്നവയാണ്‌ അവ. അതിന്റെ മറുതലയ്‌ക്കല്‍ 24 മണിക്കൂറും സഹായത്തിനു തയ്യാറായി നില്‍ക്കുന്ന വ്യക്തികളുണ്‌ട്‌. ഇത്‌ അദ്ദേഹത്തിന്റെ മനസ്സിലേക്ക്‌ കൊണ്‌ടുവന്നത്‌ ദൈവത്തേയും പ്രാര്‍ത്ഥനയേയും കുറിച്ചുള്ള ചിന്തകളായിരുന്നു. നമ്മെ സഹായിക്കാന്‍ എപ്പോഴും തയ്യാറായി നില്‍ക്കുന്ന ഒരു ടെലഫോണ്‍ എക്‌സ്‌ചേഞ്ച്‌ നമുക്കുണ്‌ട്‌, പ്രാര്‍ത്ഥനയാകുന്ന ടെലഫോണിലൂടെ നാം ഒന്ന്‌ സംസാരിച്ചാല്‍ മാത്രം മതി. നിരന്തരം ആശ്രയം വച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്‌ ഇതുപോലെ ദൈവം ഉത്തരം നല്‍കുമെന്ന വിധവയുടെയും ന്യായാധിപന്റേയും ഉപമ നമ്മെ പഠിപ്പിയ്‌ക്കുന്നു.

അര്‍നോള്‍ഡ്‌ ഒരു ഇന്‍ഷുറന്‍സ്‌ ഏജന്റായിരുന്നു. കടംകേറി തകര്‍ന്ന തന്റെ ജീവിതം അവസാനിപ്പിക്കുന്നതിന്‌ അദ്ദേഹം തീരുമാനിച്ചു. തന്റെ വീടിന്റെയടുത്തുകൂടി ഒഴുകുന്ന നദിയില്‍ ജീവന്‍ അവസാനിപ്പിക്കാനായിരുന്നു അവന്റെ തീരുമാനം. നദി തീരത്ത്‌ എത്തിയപ്പോള്‍ അവന്‍ കാറില്‍ നിന്നിറങ്ങി അല്‌പസമയം പുല്‍ത്തകിടിയിലിരുന്നു. അവിടെ ഇരുന്നവന്‍ പൊട്ടിക്കരഞ്ഞു. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ തന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും അവന്‍ ഓര്‍ത്തു. തനിയ്‌ക്കിനി ദൈവത്തിലല്ലാതെ ആരെയും ആശ്രയിക്കാനില്ല എന്ന തിരിച്ചറിവില്‍ അവന്‍ സ്വജീവിതത്തെ നന്നായി ഒന്നു വിലയിരുത്തി. ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. ഫലം അത്ഭുതകരമായിരുന്നു. അത്മഹത്യാചിന്ത അദ്ദേഹത്തെ വിട്ടുപോയി. കൂടാതെ വീണ്‌ടും അദ്ധ്വാനിക്കാനും തന്റെ പരാജയങ്ങളെ വിജയമാക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ഒരു ഇന്‍ഷുറന്‍സ്‌ കമ്പനിക്കും തരാനാകാത്ത ഉറപ്പ്‌ ദൈവത്തിന്‌ കഴിയുമെന്ന്‌ അദ്ദേഹത്തിന്‌ മനസ്സിലായി.

ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മോടു ചില കാര്യങ്ങള്‍ പറയാനാണ്‌.

1. നാം എപ്പോഴും പ്രാര്‍ത്ഥനയില്‍ താല്‌പര്യമുള്ളവരും ഉത്തരം ലഭിക്കാത്തപ്പോഴും പ്രാര്‍ത്ഥിക്കുന്നവരും ആയിരിക്കണം.
2. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കും, നിലവിളികള്‍ക്കും ദൈവം മറുപടി നല്‍കും.
3. മറ്റുള്ളവരുടെ കുറവുകളെ അടിസ്ഥാനമാക്കിയല്ല, എന്റെ ഹൃദയത്തിന്റെ എളിമയെയും, സ്വയം ചെറുതാകലിന്റേയും അവസ്ഥയിലാണ്‌ ദൈവം പ്രസാദിക്കുന്നത്‌ (ചുങ്കക്കാരന്റെ അനുഭവം നമുക്കു പറഞ്ഞുതരുന്നു).

സ്വയം ചെറുതായി, നമുക്കു പറ്റിയ തെറ്റുകളൊക്കെ ഏറ്റുപറഞ്ഞ്‌ നിരന്തരം പ്രാര്‍ത്ഥിച്ച്‌ നമുക്ക്‌ ഈശോയെ സ്‌നേഹിക്കുന്ന നല്ല മക്കളായി വളരാം.

Bro. ജെയ്‌സണ്‍ കള്ളിയാട്ട്‌.
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download Sermon 2010

Sermon 2009

കൈത്താക്കാലത്തിന്റെ അവസാന ആഴ്‌ചയിലേക്ക്‌ പ്രവേശിച്ചിരിക്കുകയാണ്‌ നാം. വിശ്വാസജീവിത ഫലങ്ങള്‍ പുറപ്പെടുവിക്കേണ്ട ഓരോ ക്രിസ്‌തുശിഷ്യനും ജീവിതത്തില്‍ പുലര്‍ത്തേണ്‌ട ചില പ്രാര്‍ത്ഥനാമനോഭാവങ്ങളെക്കുറിച്ചാണ്‌ ലൂക്കാസുവിശേഷകന്‍ ഇന്നത്തെ വചന ഭാഗത്തിലൂടെ സംസാരിക്കുന്നത്‌. നീതിരഹിതനായ ന്യായാധിപന്റെയും നീതിക്കുവേണ്‌ടി നിരന്തരം നിലവിളിച്ചപേക്ഷിക്കുന്ന വിധവയുടെയും ഉപമയിലൂടെ വിശ്വാസ തീഷ്‌ണതയില്‍ കുറവുവരുകയും തല്‍ഫലമായി പ്രാര്‍ത്ഥനാ ജീവിതത്തില്‍ മാന്ദ്യം സംഭവിക്കുകയും ചെയ്‌ത ഒരു സമൂഹത്തിന്‌ സൂവിശേഷകന്‍ നല്‍കുന്ന സന്ദേശമാണ്‌ ഈ വചനഭാഗത്തിന്റെ പശ്ചാത്തലം.
സ്വര്‍ഗ്ഗസ്ഥനായ പിതാവും നീതിരഹിതനായ ന്യായാധിപനും തമ്മിലുളള വൈരുദ്ധ്യത്തില്‍ നിന്ന്‌ ഈ ഉപമ നല്‍കുന്ന അര്‍ത്ഥതലങ്ങള്‍ നമുക്ക്‌ വായിച്ചെടുക്കാം. നിസ്സാഹായയായ വിധവയുടെ നിരന്തര പ്രാര്‍ത്ഥനകൊണ്‌ട്‌ ഈ ന്യായാധിപന്റെ മനസ്സ്‌ മാറിയെങ്കില്‍ നീതിമാനായ സ്വര്‍ഗ്ഗീയ പിതാവിനെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്‌ എന്തും ചെയ്‌തുകൊടുക്കാന്‍ അവിടുന്ന്‌ സന്നദ്ധനാവുകയില്ലേ?
പഴയനിയമഗ്രന്ഥങ്ങളിലും യഹൂദരുടെ സാമൂഹികജീവിതക്രമത്തിലും അനാഥര്‍ക്കും വിധവകള്‍ക്കും പ്രത്യേക പരിഗണനകള്‍ നല്‍കിയിരുന്നു. അതുപോലെതന്നെ യഹൂദരുടെ ഇടയിലെ തര്‍ക്കങ്ങള്‍ സമൂഹത്തിലെ ശ്രേഷ്‌ഠന്‍മാരുടെ മുമ്പില്‍ കൊണ്‌ടുവരുന്ന ഒരു പാരമ്പര്യമായിരുന്നു നിലവിലിരുന്നത്‌. അതുകൊണ്‌ടുതന്നെ ഈ ന്യായാധിപന്‍ റോമാക്കാരാല്‍ കൂലിക്കെടുക്കപ്പെട്ട ഒരു വിജാതിയനായിരുന്നു. ഇയാള്‍ക്ക്‌ വി. ഗ്രന്ഥം നല്‍കുന്ന വിശേഷണം ശ്രദ്ധയമാണ്‌: ''ദൈവത്തെ ഭയപ്പെടുകയോ മനുഷ്യനെ മാനിക്കുകയോ ചെയ്യാത്തവന്‍.'' മാനുഷിക മൂല്യങ്ങള്‍ക്കും ദൈവീക മൂല്യങ്ങള്‍ക്കും വിലകൊടുക്കുന്നവന്‍ ഒരാളുടെ നിസ്സാഹായവസ്ഥയില്‍ അലിവുതോന്നി നീതി നടത്തികൊടുത്തെന്നുവരാം. എന്നാല്‍ നീതിരഹിതനായ ന്യായാധിപന്റെ മുമ്പില്‍നിന്ന്‌ നീതി ലഭിക്കുന്നന്‌ യാതൊരു സാധ്യതയും ഇല്ലാതിരിക്കേ നിരന്തരമായ അപേഷിക്കാന്‍ അവളെ പ്രചോദിപ്പിച്ചത്‌ അവളുടെ ആഴമായ വിശ്വാസം തന്നെയാണ.്‌ അതാണ്‌ വിധവയ്‌ക്ക്‌ നീതി ലഭിക്കുന്നതിന്‌ കാരണമായി തീര്‍ന്നത്‌. ചോദിക്കുമ്പോള്‍തന്നെ ചോദിക്കുതെല്ലാം ലഭിച്ചില്ലങ്കിലും തമ്പുരാന്‍ കൈവിടുകയില്ലെന്നുളള വിശ്വാസവും ശരണവുമാണ്‌ ഓരോ ക്രിസ്‌തുശിഷ്യനെയും നയിക്കേണ്‌ടത്‌. ജീവിതത്തില്‍ പ്രതീക്ഷിച്ചതിനും ചോദിച്ചതിനും വിരുദ്ധമായ അനുഭവങ്ങളിലേക്ക്‌ നമ്മെ നയിക്കുന്ന, ഒരുപക്ഷേ ശത്രുപക്ഷത്ത്‌്‌ നില്‍ക്കുന്നതായി തോന്നിക്കുന്ന ദൈവത്തെ നിരന്തരം വിളിച്ചപേക്ഷിക്കുവാന്‍ നമുക്ക്‌ സാധിക്കുമോ?
നീ എന്നെ അനുഗ്രഹിച്ചാലല്ലാതെ ഞാന്‍ നിന്നെ വിട്ടുപോകുകയില്ല എന്നുപറഞ്ഞ പഴയനിയമത്തിലെ യാക്കോബിനെപോലെ, ഇസ്രായേല്‍ ജനത്തിന്റെ വിജയത്തിനായി പ്രഭാതംമുതല്‍ പ്രദോഷംവരെ കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിച്ച മോശയെപ്പോലെ നീണ്‌ട മുപ്പതു വര്‍ഷങ്ങള്‍ തന്റെ മകന്റെ മാനസാന്തരത്തിനായി കണ്ണിരൊഴുക്കി പ്രാര്‍ത്ഥിച്ച വി. മോനിക്കയെപ്പോലെ, നിരന്തരമായി ദൈവത്തിലാശ്രയിച്ച്‌ വിശ്വാസതീഷ്‌ണതയോടെ പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ക്രിസ്‌തീയ ജീവിതത്തില്‍ വളരാന്‍ നമുക്ക്‌ സാധിക്കുന്നുണ്‌ടോ.
നമ്മുടെ പല പ്രാര്‍ത്ഥനകള്‍ക്കും എന്തുകൊണ്ടണ്‌ട്‌ ഉത്തരം ലഭിക്കുന്നില്ല എന്ന ചോദ്യത്തിനുളള മറുപടിയാണ്‌ ഇന്നത്തെ തിരുവചനം നല്‍കുന്നത്‌. വിശ്വാസിയായ ഒരുവന്റെ മനസ്സില്‍ നിരന്തമായി ഉയരുന്ന ഒരു ചോദ്യം ഇതാണ്‌. നീതിരഹിതനായ ന്യായാധിപനെപോലെ നമ്മുടെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ മനസ്സുമാറ്റുന്നവനാണോ ദൈവം, അല്ലെങ്കില്‍ ദൈവത്തിന്റെ മനസ്സുമാറ്റാനാണോ നമ്മുടെ പ്രാര്‍ത്ഥന? രാവും പകലും ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതുവഴി സംഭവിക്കേണ്‌ടതും സംഭവിക്കുന്നതും ദൈവതിരുമനസ്സിന്റെ മാറ്റമല്ല, മറിച്ച്‌ ആ പ്രാര്‍ത്ഥനയിലൂടെ ദൈവേഷ്ടം സ്വീകരിക്കാനും ദൈവീക നീതി ഉല്‍കൊളളാനും നമ്മുടെ മനസ്സ്‌ പ്രാപ്‌തമാക്കുകയാണ്‌. ദൈവഹിതത്തിനായി പ്രാര്‍ത്ഥിച്ചപ്പോഴാണ്‌ വിധവയുടെ പ്രാര്‍ത്ഥയും കേള്‍ക്കപ്പെടുന്നത്‌, കാരണം നീതിയോടെ പ്രവര്‍ത്തിക്കുക എന്നതാണ്‌ ദൈവഹിതം.
ഉപമയില്‍ വിധവ പ്രാര്‍ത്ഥിക്കുന്നത്‌ 'എതിരാളിയില്‍ നിന്നും നീതി നടത്തിതരണമേ' എന്നാണ്‌ അല്ലാതെ ശത്രുവിന്റെ നാശമല്ല. നീതി നടത്തുന്നതില്‍ കാലവിളമ്പം വരുത്താത്ത സ്‌നേഹസമ്പനായ പിതാവിനെകുറിച്ചാണ്‌ ഈശോ പറയുന്നത്‌. നമ്മുടെ പ്രാര്‍ത്ഥനാനിയോഗങ്ങളില്‍ നീതിയുക്തമായ കാര്യങ്ങള്‍ക്കാണോ അതോ സ്വാര്‍ത്ഥ താല്‌പര്യങ്ങള്‍ക്കാണോ നാം മുന്‍ഗണന നല്‍കുന്നത്‌ എന്ന്‌ നമ്മോടുതന്നെ ചോദിക്കേണ്‌ടതുണ്‌ട്‌.
പ്രിയപ്പെട്ടവരെ വചനഭാഗത്ത്‌ നാം കണ്‌ടെത്തിയ വിധവയെപ്പോലെ ആഴമായ വിശ്വാസവും തമ്പുരാന്റെ കരുതലിലുളള ആശ്രയത്വവും നമ്മുടെ ജീവിതത്തില്‍ ഉണ്‌ടാകുന്നതിനായി നമുക്ക്‌ പ്രാര്‍ത്ഥിക്കാം. നിരന്തരമായി ദൈവത്തില്‍ ശരണപ്പെട്ടുകൊണ്‌ടുളള നമ്മുടെ പ്രാര്‍ത്ഥനകള്‍വഴി ദൈവീകനീതി നമ്മില്‍ പൂര്‍ത്തിയാകുന്നതിനായി നമുക്ക്‌ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം.


തയാറാക്കിയത്‌.
റവ. ഡി. കുര്യന്‍ പന്തിചിറയ്‌ക്കല്‍
ഗുഡ്‌ഷെപ്പേര്‍ മേജര്‍ സെമിനാരി
കുന്നോത്ത്‌.

Download

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home