Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ഏലിയ - സ്ലീവാ - മൂശ‌ കാലങ്ങള്‍ രണ്ടാം ഞായര്‍
Readings: Deuteronomy 7:7-11; Isaiah 30:15-26; 2Thesselonians 2:15-3:5; Matthew 13:1-9, 18-23

Nineth Sunday

ഏലിയാസ്ലീവാ മൂശാക്കാലത്തില്‍ നാം പ്രത്യേകമായി അനുസ്‌മരിക്കുക നമ്മുടെ കര്‍ത്താവിന്റെ മഹത്വപൂര്‍ണ്ണമായ പ്രത്യാഗമനം, സ്ലീവായുടെ പുകഴ്‌ച, ലോകാവസാനം, അന്ത്യവിധി, സ്വര്‍ഗ്ഗീയ ജിവിതത്തിന്റെ മുന്നാസ്വാദനം തുടങ്ങിയസംഭവങ്ങളാണ്‌. നാം നമ്മെത്തന്നെ ദൈവത്തിനുസമര്‍പ്പിക്കാനും, നമ്മുടെ ജിവിതങ്ങളെ പൂര്‍ണ്ണമായി തുറന്ന്‌ പരിശോധിക്കുവാനുമുള്ള കാലഘട്ടം. ആരാധനാവത്സരത്തിലെ ഈ കാലഘട്ടത്തിന്റെ അവസാന ഞായറാഴ്‌ചയായ ഇന്ന്‌ നമ്മുടെ വിചിന്തത്തിനായി ലഭിച്ചിരിക്കുന്ന സുവിശേഷഭാഗം മത്തായി 8:23-9:8 വരെയുള്ള അത്ഭുതങ്ങളാണ്‌.

വി. മത്തായിയുടെ സുവിശേഷം 8,9 അധ്യായങ്ങള്‍ ഈശോയുടെ പത്ത്‌ അത്ഭുതങ്ങള്‍ വിവരിക്കുന്നത്‌ നമുക്ക്‌ കാണാം. ഇതിനെ ശ്ലീഹാമൂന്നൂരീതിയില്‍ ക്രമപ്പെടുത്തിയിരിക്കുന്നു. ആദ്യം മൂന്ന്‌ അത്ഭുതങ്ങള്‍ (8:1-17) തുടര്‍ന്ന്‌ ശിഷ്യത്വത്തെ കുറിച്ചുള്ള പ്രബോധനം (8:18-22) വീണ്‌ടും മൂന്ന്‌ അത്ഭുതങ്ങള്‍ (8:23-9:8) തുടര്‍ന്ന്‌ ശിഷ്യത്വത്തെക്കുറിച്ചുള്ള അദ്ധ്യാപനം, തുടര്‍ന്ന്‌ നാല്‌ അത്ഭുതങ്ങള്‍ (9:18-34). പഴയ നിയമത്തില്‍ പുറപ്പാടിന്‌ മുമ്പ്‌ പത്ത്‌ അത്ഭുതങ്ങള്‍ വിവരിക്കുന്നു. അത്‌ അടിമത്വത്തില്‍ നിന്നും വിമോചനത്തിന്‌ ഉതകുന്നവയായിരുന്നു (പുറ 7:8 - 11:10). പുതിയ നിയമത്തിലെ ഈ പത്ത്‌ അത്ഭുതങ്ങള്‍ പൈശിചിക ബന്ധനത്തില്‍ നിന്നും വിശുദ്ധിയുടെ വിഹായുസ്സിലേക്കുള്ള പ്രവേശനത്തിനുതകുന്നതാണ്‌.

നമുക്ക്‌ ഇന്നത്തെ ചിന്തക്കായി സഭാമാതാവു നല്‌കിയിരിക്കുന്നത്‌ മിശിഹായുടെ ശിഷ്യത്വത്തെക്കുറിച്ചുള്ള ബോധനം കഴിഞ്ഞു വരുന്ന മൂന്ന്‌ അത്ഭുതങ്ങളെക്കുറിച്ചാണ്‌. ഇവ മൂന്നിലും പ്രാപഞ്ചിക/പൈശാചിക ശക്തികളെ ബന്ധിച്ച്‌ ശാന്തതയും വിശുദ്ധീകരണവും രൂപപ്പെടുത്തുന്ന ഈശോയെ നാം കാണുന്നു. കൊടുങ്കാറ്റില്‍ കടല്‍ ക്ഷോഭിക്കുന്നത്‌, പിശാചുബാധിതരായ മനുഷ്യര്‍, പാപത്താല്‍ ബന്ധിതനായി തളര്‍വാതരോഗി. ഇവ മൂന്നും പൈശാചികതയുടെ പ്രതീകങ്ങളാണ്‌. ഈ പൈശാചികതയ്‌ക്കുമേല്‍ ഈശോ വിജയം നേടുന്നു. അവിടുന്നു തന്റെ ദൈവീകശക്തി പ്രകടമാക്കുന്നു.

കാറ്റിനെ ശാന്തമാക്കുന്ന അത്ഭുതത്തിലൂടെ ശിഷ്യത്വം/മിശിഹായുടെശിഷ്യനാവുക എന്നത്‌ ലൗകീകതയ്‌ക്കുമേലുള്ള മനുഷ്യാത്മാവിന്റെ വിജയമാണന്നു കാണാം. ലോകത്തിന്റെ ആസക്തികളും പ്രലോഭനങ്ങളും സുഖങ്ങളുമെല്ലാം കടലുപോലെ വിശാലവും ആഴമേറിയതും കൊടുങ്കാറ്റുപോലെ ശക്തവുമാണ്‌. ഇവ ദൈവീകതയ്‌ക്കെതിരായ ശക്തിയാണ്‌. അതിനാല്‍ നാം അന്ധകാരത്തിന്റെ ശക്തികളെ തകര്‍ത്ത്‌ വെളിച്ചത്തിന്റെ പുത്രീപുത്രന്‍മാരായിത്തീരാന്‍ പരിശ്രമിക്കണം. അവിടുത്തെ അനുഗമിക്കുന്നവന്‍ തന്നെത്തന്നെ പരിത്യജിക്കണം. ലൗകീകത വെടിയാത്തവനെ ഈശോയുടെ ശിഷ്യനാവുക സാധ്യമല്ല.

വീണ്ടും നമ്മുടെ ചിന്തകളെ ഈ അന്യൂനതകളിലേക്ക്‌ കടത്തിവിടുമ്പോള്‍ മത്തായി സുവിശേഷകന്റെ വീക്ഷണത്തില്‍ തോണി എന്ന പ്രതീക സഭയെ പ്രതിനിധാനം ചെയ്യുന്നു. സഭയുടെ അമരത്ത്‌ ഈശോ ഉറങ്ങുന്നു. മിശിഹാ നമ്മുടെ തോണിയുടെ അമരത്ത്‌ ഉണ്‌ടെങ്കില്‍ നാം ഒന്നിനെയും ഭയപ്പെടേണ്‌ട കാര്യമില്ല. കാരണം അവിടുന്ന്‌ എല്ലാം അറിയുന്നു. ഈശോ തോണിയുടെ അമരത്ത്‌ ഉറങ്ങുന്നതായി സുവിശേഷകന്‍ പറയുന്നു. ദൈവത്തിലുള്ള പൂര്‍ണ്ണമായ വിശ്വാസത്തിന്റെയും ആശ്രയത്തിന്റെയും പ്രതീകമാണ്‌ ശാന്തമായ ഈശോയുടെ ഈ ഉറക്കം.

ഈശോയെ വിളിച്ചപേക്ഷിക്കുന്ന ശ്ലീഹാന്‍മാരുടെ വിശ്വാസക്കുറവിനെ അവിടുന്ന്‌ കുറ്റപ്പെടുത്തുന്നു. അല്‌പവിശ്വാസികളെ എന്നു വിളിച്ച്‌ അവിടുന്ന്‌ ശാസിക്കുന്നു. കാരണം അല്‌പ വിശ്വാസം എന്നത്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തവിധം തളര്‍ന്നു കിടക്കുന്നതാണ്‌. പക്ഷെ ഇതില്‍ മാനസാന്തരത്തിനുള്ള സാധ്യതയുണ്‌ട്‌. അതിനാല്‍ നമ്മിലെ വിശ്വാസത്തിന്റെ കനലിനെ ഊതി ജ്വലിപ്പിക്കുവാന്‍ സന്നദ്ധരാകുമ്പോള്‍ നമ്മിലെ അല്‍പ വിശ്വാസം ആളിക്കത്തി അതിന്റെ പൂര്‍ണ്ണതയില്‍ എത്തുവാന്‍ സഹായകമാകും. ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വിഷമതകളുമെല്ലാം ഈശോയെ വിളിച്ചപേക്ഷിക്കാന്‍ ്‌അവിടുന്ന്‌ തരുന്ന കൊടുംങ്കാറ്റുകളാണ്‌ എന്ന വസ്‌തുത നാം മനസ്സിലാക്കണം. സാധകന്റെ സഞ്ചാരം എന്ന ഗ്രന്ഥത്തില്‍ ഗ്രന്ഥകര്‍ത്താവ്‌ പറയുന്നു. `ഈശ്വരന്‍ ഓരോ സംഗതിയും സംഭവിക്കാന്‍ ആജ്ഞാപിക്കുന്നത്‌ മനുഷ്യന്റെ തുണയ്‌ക്കും മോചനത്തിനും വേണ്‌ടിയാകുന്നു. ജീവിത യാത്രയിലെ സമ്മര്‍ദ്ദങ്ങള്‍ ദൈവത്തിന്‌ നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യങ്ങളായി നാം മനസ്സിലാക്കണം. യാഥാര്‍ത്ഥ്യത്തെ അല്ലാതെ നിഴലിനെയാണോ നാം പിന്‍തുടര്‍ന്നത്‌ എന്ന ചിന്ത നമ്മെ അലട്ടരുത്‌. കര്‍ത്താവേ അങ്ങിലുള്ള എന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ എന്ന്‌ നമുക്ക്‌ നിരന്തരം പ്രാര്‍ത്ഥിക്കാം.

പിശാചുബാധിതരെ സുഖപ്പെടുത്തുന്ന അത്ഭുതത്തിന്റെ സാരാംശം പൈശാചികതയില്‍നിന്നുള്ള മോചനം എന്ന വസ്‌തുത തന്നെയാണ്‌ വിവക്ഷിക്കുന്നത്‌. മാനസിക വിഭ്രാന്തിയാണ്‌ ഇവിടെ പ്രകയമാകുന്നത്‌. പിശാചുബാധിതര്‍ രണ്‌ടു കാര്യങ്ങള്‍ ഏറ്റുപറയുന്നു. ഈശോ ദൈവപുത്രരാണെന്നും തങ്ങള്‍ അശുദ്ധരാണ്‌ (പന്നികളെപ്പോലെ) എന്നും. കാക്കകളോട്‌ കൂട്ടുകൂടുന്നവനെ കാക്ക എച്ചില്‍ കൂനയില്‍ എത്തിക്കും. അരയന്നത്തോടു കൂടുന്നവനെ അതു സദസ്സിലേക്കാനയിക്കുന്നു. പിശാചിനെ വെടിഞ്ഞ്‌ ദൈവത്തോട്‌ കൂട്ടുകൂടാന്‍ പരിശ്രമിക്കാം. കാരണം ചീത്ത വൃക്ഷത്തിന്‌ നല്ല ഫലമോ, നല്ല വൃക്ഷത്തിന്‌ ചീത്ത ഫലമോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. ഇന്നത്തെ ലേഖനത്തില്‍ വായിച്ചു കേട്ടതുപോലെ `സ്വന്തം ജഡത്തിനായി വിതയ്‌ക്കുന്നവന്‍ ജഡത്തില്‍ നിന്നും നാശം കൊയ്‌തെടുക്കും. ആത്മാവിനായ്‌ വിതയ്‌ക്കുന്നവനാകട്ടെ ആത്മാവില്‍ നിന്ന്‌ നിത്യജീവന്‍ കൊയ്‌തെടുക്കും (ഗലാ 6:8).

തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്ന അത്ഭുതത്തിലും നാം കാണുന്നത്‌ ഈശോ അവന്‌ ആന്തരീകവും ബാഹ്യവുമായ സൗഖ്യം നല്‍കുന്നതാണ്‌. പാപങ്ങള്‍ മോചിക്കുവാനുള്ള മനുഷ്യപുത്രന്റെ അധികാരത്തെ ദൈവദൂഷണം എന്നുപറഞ്ഞ്‌ യഹൂദര്‍ വിമര്‍ശിച്ചപ്പോള്‍ ഈശോ തന്റെ അധികാരത്തെ ദൃഢപ്പെടുത്തുന്നു. ജനങ്ങള്‍ പ്രതീക്ഷിച്ചത ്‌ ശാരീരികമായ രോഗശാന്തിയാണ്‌. പക്ഷെ ഈശോ തളര്‍വാത രോഗിക്ക്‌ നല്‍കിയത്‌ പാപമോചനമാണ്‌. കാരണം അവിടുത്തേക്കറിയാം ആത്മാവിന്റെ രോഗത്തിന്‌ ശരീരത്തില്‍ ചികിത്സിച്ചാല്‍ പോര എന്ന്‌. മിശിഹാ തന്റെ പാപമോചനാധികാരം സഭയ്‌ക്ക്‌ കൈമാറി. അത്‌ ഇന്ന്‌ വൈദികരിലൂടെ തുടരുന്നു.

നമ്മുടെ ബാഹ്യമായ പല രോഗങ്ങള്‍ക്കും കാരണം ആത്മാവിന്റെ രോഗാവസ്ഥയാണ്‌. മനസ്സ്‌ ശാന്തമാകുമ്പോള്‍ ശരീരം ആരോഗ്യകരമായിത്തീരും. അതിനാല്‍ ഒരു കാര്യം നാം ഓര്‍മ്മയില്‍ സൂക്ഷിക്കുക. പാപം ക്ഷമിക്കപ്പെടുന്നതുവരെ രോഗം സുഖമാക്കപ്പെടുകയില്ല.

നാം ധ്യാനിച്ച മൂന്ന്‌ അത്ഭുതങ്ങളിലും നമുക്ക്‌ ദര്‍ശിക്കാന്‍ സാധിക്കുന്നത്‌ ലൗകീക/പൈശാചിക കടന്നാക്രമണത്തെ വിജയിക്കുന്ന ദൈവീകശക്തിയെയാണ്‌. കൊടുംങ്കാറ്റിന്റെ രൂപത്തില്‍ ബാഹ്യമായും, പിശാചുബാധിതരില്‍ മാനസികമായും തളര്‍വാത രോഗിയില്‍ ബാഹ്യവും, ആന്തരീകമായും പിശാച്‌ ആധിപത്യം നടത്തുന്നു. നമ്മുടെ ജീവിതത്തിന്റെ ഓരോ സാഹചര്യങ്ങളിലും ഈശോ ഓരോ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. സഹായകനായി, ആശ്വാസദായകനായി, ഈവിടെ നാം ചിന്തിക്കേണ്‌ടത്‌ ഈ സഹായത്തിലും, ആശ്വാസത്തിലുമൊക്കെയുള്ള എന്റെ വിശ്വാസം എത്രമാത്രം ആഴപ്പെട്ടതാണ്‌ എന്നാണ്‌. നമ്മുടെ ജീവിതത്തെ സന്തോഷപ്രദവും, ദു:ഖപൂര്‍ണ്ണവുമൊക്കെയാക്കുന്നത്‌ നാം തന്നെയാണ്‌. അത്‌ നമ്മുടെ സമീപനരീതിയെ ആശ്രയിച്ചിരിക്കും.

ബൈബിളിലെ അത്ഭുതങ്ങള്‍ക്ക്‌ വിസ്‌മയത്തിന്റെ അംശമല്ല ഉള്ളത്‌ മറിച്ച്‌ അടയാളത്തിന്റെ അംശമാണ്‌. കാരണം അവ മറ്റൊരു യാഥാര്‍ത്ഥ്യത്തിലേക്ക്‌ വിരല്‍ ചൂണ്‌ടുന്നു. ദൈവീകശക്തിയുടെ പ്രവര്‍ത്തനമാണ്‌ ഓരോ അത്ഭുതവും. ഇവയെല്ലാം ദൈവരാജ്യ ആഗമനത്തെ സ്ഥിരീകരിക്കുക, പൈശാചികതയെ ബന്ധിക്കുക തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.

പ്രിയ സഹോദരങ്ങളെ നമുക്ക്‌ ദൈവത്തോട്‌ പ്രാര്‍ത്ഥിക്കാം, നല്ല തീരുമാനങ്ങള്‍ എടുക്കാം. 'ലൗകീകത വെടിഞ്ഞ്‌ ദൈവീകതയിലേക്ക്‌ തിരിയുവാന്‍ എന്നെ ശക്തിപ്പെടുത്തണമേ. അതിനായി എന്നിലെ ദൈവവിശ്വാസത്തിന്റെ തീക്കനലിനെ ജ്വലിപ്പിക്കണമേ.' ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തില്‍ നിന്ന്‌ ശ്രവിച്ച വചനംപോലെ ഭയപ്പെടേണ്‌ട ഞാന്‍ നിന്നോടുകൂടെയുണ്‌ട്‌, സംഭ്രമിക്കേണ്‌ട ഞാനാണ്‌ നിന്റെ ദൈവം (41:10) എന്ന വചനത്തില്‍ അടിയുറച്ച്‌ വിശ്വസിച്ചുകൊണ്‌ട്‌ പൈശാചികത നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞു കളഞ്ഞ്‌ വിശുദ്ധിയുടെ പുതിയ മനുഷ്യനെ ധരിക്കുവാന്‍ എന്നെ ശക്തിപ്പെടുത്തണമേ. എന്റെ പാപങ്ങള്‍ മോചിച്ച്‌ എന്നെ ആരോഗ്യവാനാക്കിത്തീര്‍ക്കേണമേ.'

ബ്ര. ചെറിയാന്‍ കക്കുഴി
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌

മിഷന്‍ ഞായര്‍ (മത്തായി 20:10-20)
കൂട്ടുകാരെ,
മതപീഡനങ്ങള്‍ക്കിടയിലും റഷ്യക്കാര്‍ക്കിടയില്‍ ദൈവവചനം എത്തിക്കുന്നതിന്‌ ആവിടുത്തെ ക്രൈസ്‌തവസഭ ഒരു മാര്‍ഗ്ഗം ഉപയോഗിച്ചു. റഷ്യക്കാര്‍ക്ക്‌ കുട്ടികളെ വളരെ പ്രിയമാണ്‌. കുഞ്ഞുകുട്ടികളുടെ പോക്കറ്റില്‍ ചെറിയ സുവിശേഷങ്ങള്‍ നിറച്ച്‌ അവരെ പട്ടാളക്കാരുടെ പക്കലേക്കയക്കും. കുട്ടികളെ കാണുമ്പോള്‍ സ്‌നേഹത്തോടെ സമീപിക്കുന്ന പട്ടാളക്കാര്‍ അവര്‍ക്ക്‌ മധുരം സമ്മാനിക്കും. അതിനുപകരമായി കുട്ടികള്‍ അവര്‍ക്ക്‌ വേദപുസ്‌തകം കൊടുക്കും. അവരത്‌ നിരസിക്കാതെ സ്വീകരിക്കും. കൊച്ചു മിഷനറിമാര്‍ എന്നാണ്‌ ഈ കുട്ടികള്‍ അറിയപ്പെടുന്നത്‌.

കൂട്ടുകാരെ, ഇതാ മറ്റൊരു മിഷന്‍ ഞായര്‍ കൂടി. നാമോരുരുത്തരും ക്രിസ്‌തുവിന്റെ സുവിശേഷം ലോകത്തിനുമുന്നില്‍ ജീവിതംകൊണ്‌ട്‌ പ്രഘോഷിക്കേണ്‌ട പ്രേക്ഷിതരാണെന്ന്‌ നമ്മെ ഓര്‍മ്മപ്പെടുത്തുന്ന പുണ്യദിനം. ഒപ്പം സ്വജീവന്‍ പണയപ്പെടുത്തി ശത്രുക്കളുടെ മധ്യേ ആയിരുന്നുകൊണ്‌ട്‌ എതിര്‍പ്പുകള്‍ക്കിടയിലും പ്രതിസന്ധികള്‍ക്കിടയിലും ക്രിസ്‌തുവിന്റെ സുവിശേഷം പാവപ്പെട്ടവര്‍ക്ക്‌ പങ്കുവെച്ചു നല്‍കുന്ന മിഷനറിമാരെ ഓര്‍ക്കുവാനും പ്രാര്‍ത്ഥിക്കുവാനും ചെറിയ സംഭാവന നല്‍കി സഹായിക്കുവാനുമുള്ള ദിനം.

കുട്ടികളായ നമുക്ക്‌ എങ്ങനെ ഈ സുവിശേഷ പ്രവര്‍ത്തനത്തില്‍ പങ്കുകാരാകാം? മിഷന്‍ പ്രവര്‍ത്തിക്ക്‌ ധാരാളം ദൈവവിളിയുണ്‌ടാകാനായി പ്രാര്‍ത്ഥിക്കാം. മദര്‍ തെരേസയെപ്പോലെ, വി. കൊച്ചുത്രേസ്യയെപ്പോലെ ചെറിയ ചെറിയ പുണ്യ പ്രവര്‍ത്തികളിലൂടെ മിഷനറിമാരാകാം; മാമോദീസായിലൂടെ സഭാമക്കളായ നാം പ്രേക്ഷിതരായി മാറുന്നു. ഈ പ്രേക്ഷിത മനോഭാവം മിഷന്‍ ഞായറില്‍ മാത്രമല്ല ജീവിതത്തിലെ എല്ലാ ദിവസവും പ്രേക്ഷിതനായി ജീവിക്കുവാനുള്ള ഒരാഹ്വാനമാണ്‌. ഉത്തരേന്ത്യയില്‍ പോയി പ്രേക്ഷിത പ്രവര്‍ത്തനം നടത്താനായിട്ടില്ലെങ്കിലും ഉത്തരത്തിന്‍കീഴിലിരുന്നുകൊണ്‌ട്‌ നല്ലൊരു പ്രേക്ഷിതനാകാന്‍ നമുക്ക്‌ സാധിക്കട്ടെ. നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ ജനങ്ങളെയും ശിഷ്യപ്പെടുത്തുവിന്‍ എന്ന വചനം നമ്മുടെ ഹൃദയത്തില്‍ മുഴങ്ങിക്കൊണ്‌ടിരിക്കട്ടെ.

ജിന്‍സണ്‍ കൊട്ടിയാനിക്കല്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌

Download Sermon 2010

 

Sermon Second Sunday 2010

വിതയ്‌ക്കപ്പെട്ട വിത്തും വിളവും


അന്ത്യവിധിക്കായുള്ള ഈശോയുടെ രണ്‌ടാമത്തെ വരവിനെ അനുസ്‌മരിപ്പിക്കുന്ന ഏലിയാശ്ലീഹാ കാലത്തിലെ രണ്‌ടാമത്തെ ആഴ്‌ചയിലാണ്‌ നാം. ദൈവം നമ്മില്‍ വിളയാന്‍ നല്‌കിയിരിക്കുന്ന വിത്തുകള്‍ ശരിയായ ഒരുക്കപ്പെട്ട നിലത്താണോ വീണിരിക്കുന്നത്‌ എന്ന്‌ പരിശോധിക്കുവാന്‍ ഇന്നത്തെ സുവിശേഷത്തിലൂടെ സഭാമാതാവ്‌ നമ്മോടാഹ്വാനം ചെയ്യുന്നു. നമ്മുടെ ഹൃദയത്തില്‍ ദൈവം വിതച്ചിരിക്കുന്ന ദൈവവചനമാകുന്ന വിത്ത്‌ ഏതു രീതിയിലാണ്‌ ഫലം നല്‍കാന്‍ ഒരുക്കിക്കൊണ്‌ടിരിക്കുന്നത്‌ എന്ന്‌ നാം വിചിന്തനം ചെയ്യണം എന്ന്‌ ഈശോ ആവശ്യപ്പെടുന്നു.

വിളവ്‌ പുതുജീവനാണ്‌. അതിന്‌ വിത്തില്‍ നിന്നും ഫലത്തിലേയ്‌ക്കുള്ള വളര്‍ച്ച ആവശ്യമാണ്‌. അതായത്‌ വിത്തില്‍ തന്നെ ജീവന്‍ നിലനില്‍ക്കുന്നുണ്‌ട്‌. ജീവന്‍ നിലനില്‍ക്കാത്ത വിത്ത്‌, വളരാനും ഫലം നല്‍കാനും ലക്ഷ്യം വയ്‌ക്കാത്ത വിത്തുകള്‍ സ്വയം നഷ്ടപ്പെടുത്തിക്കളയുന്നു അഥവാ മരിച്ചതിനു തുല്യമാണ്‌. നമ്മെ സംബന്ധിച്ച്‌ ഈ മരണം പാപത്തിലൂടെയുള്ള ആത്മീയ മരണമാണ്‌. ആത്മാവില്ലാത്ത മനുഷ്യന്‍ ജീവന്‍ ഉള്‍ച്ചേര്‍ന്നിട്ടില്ലാത്ത വിത്തിന്‌ തുല്യമാണ്‌. അത്‌ ഫലം നല്‍കില്ല. പാപംമൂലം ആത്മാവിനെ മൃതരാക്കിയവരെ ഞായറാഴ്‌ചത്തെ രാത്രി ജപത്തില്‍ ഇപ്രകാരം വര്‍ണ്ണിക്കുന്നുണ്‌ട്‌.

`... പാപികളോ മരണത്തിനുമുമ്പും
മൃതരാണീശ്വര ദൃഷ്ടിയിലെന്നും`.

വിളവിന്റെ പൂര്‍ണ്ണഫലം നല്‍കുമ്പോഴാണ്‌ ജീവന്‍ സംജാതമാകുന്നത്‌ എന്ന്‌ നാം ചിന്തിക്കേണ്‌ടിയിരിക്കുന്നു. പാലസ്‌തീനിയില്‍ കൃഷി സമ്പ്രദായത്തില്‍ പത്ത്‌ മേനി വിളവ്‌ സാധാരണ വിളവാണ്‌. പതിനഞ്ചുമേനി വളരെ നല്ല വിളവും, അവിടെ നൂറുമേനി വിളവ്‌ അസാധാരണവുമാണ്‌. അമേരിക്കന്‍ കൃഷിരീതിയില്‍ 20-30 മേനിയാണ്‌ സാധാരണ വിളവ്‌. 30-40 നല്ല വിളവും അതുകൊണ്‌ട്‌, എന്തുകൊണ്‌ട്‌ എല്ലാ വിത്തും നൂറുമേനി തന്നില്ല എന്ന്‌ നാം ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. നമുക്ക്‌ സാധിക്കുന്ന വിളവ്‌ നല്‍കാനേ ദൈവം നമ്മോട്‌ ആവശ്യപ്പെടൂ. യേശുദാസിനെപോലെ പാടാനോ, സച്ചിനെപ്പോലെ ക്രിക്കറ്റ്‌ കളിക്കാനോ, മദര്‍ തെരേസയെപ്പോലെ സേവനം ചെയ്യാനോ, മൈക്കില്‍ ജാക്‌സനെപ്പോലെ ഡാന്‍സ്‌ ചെയ്യാനോ നമുക്കാവില്ല. അതുകൊണ്‌ട്‌ എല്ലാത്തിലും നൂറുമേനി അവിടുന്ന്‌ ആവശ്യപ്പെടുകയുമില്ല. ആര്‍ക്കാണ്‌ വിശ്വാസത്തിന്റെ പ്രവൃത്തികളില്‍ നൂറുമേനി വിളയിക്കാനാവുക. അത്‌ ഒരുവനേ സാധിക്കൂ - ഈശോയ്‌ക്ക്‌. വിശുദ്ധത്മാക്കള്‍ അത്‌ അറുപതിമേനി വിളയിക്കുമ്പോള്‍ വിശ്വാസികളായ നമ്മില്‍ നിന്നും 3o- മേനിയെങ്കിലും ദൈവം ആവശ്യപ്പെടും എന്ന്‌ നാം മറക്കരുത്‌. എല്ലാറ്റിലും നൂറുമേനിയെന്നത്‌ ദൈവം നമ്മില്‍ നിന്നാവശ്യപ്പെടുന്നതിനതീതമാണ്‌, ആഗ്രഹിക്കുന്നതിനെതിരാണ്‌. എന്നാല്‍ ദൈവം അലസരായിരിക്കുവാന്‍ നമ്മെ അനുവദിക്കുന്നുമില്ല. നമുക്കു സാധ്യമാകുന്നതിന്റെ പരമാവധി ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നുണ്‌ട്‌. നന്നായിട്ട്‌ പ്രാര്‍ത്ഥിക്കാന്‍, നന്നായിട്ട്‌ പഠിക്കാന്‍, നന്നായിട്ട്‌ കളിക്കാന്‍, പ്രസംഗിക്കാന്‍, പാട്ടു പാടാന്‍ എല്ലാം. ദൈവം കഴിവുകള്‍ തരുന്ന അതിന്റെ സാധ്യമായത്രയും വിളവ്‌ നാം നല്‌കണമെന്ന്‌ നാം തിരിച്ചറിയണം.

നൂറുമേനി വിളവ്‌ ദൈവം ആഗ്രഹിക്കുന്നില്ലെങ്കലും നാം അതിനാഗ്രഹിക്കരുത്‌. കാരണം ഇന്നത്തെ കൃഷിരീതിപോലെ ഏറെ ലാഭത്തിനുവേണ്‌ടി കൃത്രിമമാര്‍ഗ്ഗങ്ങള്‍ നാം ഉപയോഗപ്പെടുത്തുമ്പോള്‍ അത്‌ ദൈവഹിതത്തിനും സത്യത്തിനും എതിരാകും. ഒരു കാലത്ത്‌ ഏറ്റവും നന്നായി എല്ലാ കാര്യങ്ങളും ചെയ്‌തത്‌ നമ്മളായിരിക്കാം. എന്നാല്‍ പിന്നീട്‌ നമ്മേക്കാള്‍ മിടുക്കരായ ആളുകള്‍ നമ്മുടെ സ്ഥാനം കീഴടക്കുമ്പോള്‍ നാം അസൂയപ്പെടുകയോ സ്ഥാനം പിടിച്ചടക്കാനായി അനുവദനീയമല്ലാത്ത രീതിയില്‍ സ്വീകരിക്കുകയോ അരുത്‌. കാരണം കുറുക്കു വഴികളിലൂടെയുള്ള വിജയം നിലനില്‍ക്കുകയില്ല. സമയത്തിന്റെ തികവില്‍ നാണംകെട്ട്‌ പടിയിറങ്ങേണ്‌ടിവരുമെന്ന്‌ ലോക പ്രശസ്‌ത സ്‌പോര്‍ട്‌സ്‌ താരം മരിയന്‍ ജോണ്‍സിന്റെ ജീവിതം നമുക്ക്‌ കാണിച്ചുതരുന്നു. 2000-ാമാണ്‌ടില്‍ 3 സ്വര്‍ണ്ണമുള്‍പ്പെടെ 5 മെഡലുകള്‍ സ്വന്തമാക്കിയ അമേരിക്കന്‍ താരത്തിന്‌ അഭിമാനത്തിന്റെയും അഭിനന്ദനത്തിന്റെയും നാളുകളായിരുന്നു തുടര്‍ന്നു വന്നത്‌. എന്നാല്‍ 2007 ഒക്ടോബര്‍ 6-ന്‌ താന്‍ മയക്കു മരുന്നുപയോഗിച്ചു എന്ന്‌ കുറ്റസമ്മതം ന്യൂയോര്‍ക്കില്‍ വച്ചു നടത്തുമ്പോള്‍ ആ പ്രശസ്‌ത താരത്തിനും രാജ്യത്തിനും നേരിടേണ്‌ടി വന്ന അപമാനം അനുഭവിച്ച അഭിമാനത്തേക്കാള്‍ എത്രയോ വലുതായിരുന്നു. ഇവിടെ നമുക്ക്‌ വിളയിക്കാന്‍ കഴിയുന്ന 60 മേനി വിളവുമായി ദൈവതിരുമുമ്പില്‍ നില്‍ക്കുമ്പോള്‍ നാം ഏവരാലും അംഗീകരിക്കപ്പെടുന്നവരാകും. പ്രത്യേകിച്ച്‌ ദൈവത്താലും. ഇതിന്‌ ഉത്തമ ഉദാരണമാണ്‌ സെക്കന്റിന്റെ നൂറില്‍ ഒന്ന്‌ സമയത്തിന്റെ വ്യത്യാസത്തില്‍ മാത്രം ഒരു മെഡല്‍ നഷ്ടമായ പി.ടി.ഉഷയെ ലോകവും, പ്രത്യേകിച്ച്‌ ഭാരതത്തിലെ കോടിക്കണക്കിനാളുകള്‍ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്‌തത്‌. വലിയ ഒരു നേട്ടത്തിന്‌ വേണ്‌ടി ഒരു ചെറിയ തെറ്റ്‌ ചെയ്യുന്നതിന്‌ കുഴപ്പമില്ല എന്ന്‌ ലോകഭാഷ നമ്മെ ഓര്‍മ്മിപ്പിക്കും എന്നാല്‍ അതല്ല ദൈവീക സംഖ്യ എന്നു നാം മറന്നുകൂടാ. ഒരു നല്ല കര്‍ഷന്‍ ഒരുക്കപ്പെടാത്ത സ്ഥലത്ത്‌ വിത്തു വിതയ്‌ക്കുകയില്ല. ദൈവം നല്ല കൃഷിക്കാരനാണ്‌. അതിനാല്‍ കൃഷിയിടങ്ങളായ നമ്മുടെ ഹൃദയങ്ങള്‍ ഒരുക്കപ്പെട്ടിട്ടില്ല എന്നു കണ്‌ടാല്‍ ദൈവം ഉഴുതുമറിച്ച്‌ വളവും നിറയ്‌ക്കലുമെല്ലാം ഒരു പക്ഷെ നമ്മെ വേദനപ്പെടുത്തുന്ന അനുഭവമായി നമുക്കു തോന്നിയേക്കാം. എന്നാല്‍ ഈ ഒരുക്കല്‍ നാം യഥാര്‍ത്ഥ വിളവു നല്‌കുന്ന കൃഷിയിടങ്ങളായി തീരുന്നതിനുള്ള ആദ്യ ചുവടായി തിരിച്ചറിഞ്ഞതുകൊണ്‌ട്‌ അതിനോടു സഹകരിക്കുക എന്നത്‌ നമ്മുടെ കടമയാണ്‌.

വിത്ത്‌ വിതയ്‌ക്കാനുള്ളതാണ്‌. വിതയ്‌ക്കാതെ വിളയില്ല. വിളയാന്‍ വിത്തിന്റെ പുറംതോട്‌ പൊട്ടണം, അഴുകണം. വിതയ്‌ക്കപ്പെടുന്നത്‌ വളരാനും വളര്‍ന്ന്‌ വിളയാനുമാണ്‌. എന്നാല്‍ ചിലപ്പോള്‍ വിത്തിന്റെ ലക്ഷ്യം മാറാം. വഴിയരികിലാണ്‌ വീഴുന്നതെങ്കിലോ! ലൂക്കാ സുവിശേഷകന്‍ പറയുന്നതനുസരിച്ചാണെങ്കില്‍ ചവിട്ടിക്കളയാം. അത്‌ ഒരു ഫലവും നല്‌കുന്നില്ല. പ്രയോജനരഹിതമായിത്തീരുന്നു. ചിലപ്പോള്‍ പക്ഷികള്‍ക്ക്‌ ഉപകാരപ്പെടാം (ഭക്ഷണത്തിന്‌), പാറപ്പുറത്തു വീഴുന്നത്‌ മുളച്ച്‌ വീണ്‌ടും വളമാകാം. മുള്‍ച്ചെടികള്‍ക്കിടയില്‍ വീഴുന്നത്‌ യഥാര്‍ത്ഥഫലം തരില്ല എങ്കിലും വളരും വളമാകും. യഥാര്‍ത്ഥ നിലത്തുവീണാല്‍ ഫലം വിളയും. അതായത്‌ വചനത്തോടുള്ള (വിത്തിനോടുള്ള) പ്രതികരണമനുസരിച്ചാണ്‌ ഫലം വിളയുക. വിത്തും വിതക്കാരനും ഒന്നു തന്നെയാണെങ്കിലും വിളനിലയത്തിന്റെ വൈവിധ്യം ഫലത്തെ സ്വാധീനിക്കും.

വിതയ്‌ക്കപ്പെടുന്ന ദൈവീക സാധ്യതയുടെ വിളഭൂമിയാണ്‌ നമ്മുടെ ജീവിതങ്ങള്‍. പ്രതികരണത്തിലെ വൈവിധ്യങ്ങള്‍ നമ്മെ വെല്ലുവിളിക്കുന്നു ഭാവാത്മകമായി വചനത്തോടു പ്രതികരിച്ച്‌ ഫലം പുറപ്പെടുവിക്കാന്‍. അതിനാല്‍ ദൈവം നമ്മില്‍ നിന്നാഗ്രഹിക്കുന്നതെന്തെന്നു തിരിച്ചറിയാന്‍ പരിശ്രമിക്കാം. അത്‌ എത്രമാത്രമെന്നും നാം തിരിച്ചറിയണം. അപ്പോള്‍ അതില്‍ കുറവുവരാതെയും അതില്‍ കൂടുതല്‍ നല്‍കാനായി കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടാതെയും യഥാര്‍ത്ഥഫലം നല്‌കുന്നവരായിത്തീരാന്‍ നമുക്കു പരിശ്രമിക്കാം. അതിനുള്ള ദൈവാനുഗ്രഹം ഈ വി. ബലിയില്‍ നിന്നും യാചിച്ച്‌ സ്വന്തമായി ഫലം പുറപ്പെടുവിക്കുന്നവരാകും.

Dr. Sebastian Muringayil
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.



പ്രിയ കൂട്ടുകാരേ,

1946 സെപ്‌തംബര്‍ മാസം 10-ാം തീയ്യതി ഒരു സന്യാസിനി തന്റെ വാര്‍ഷിക ധ്യാനത്തിനുള്ള ഒരുക്കത്തിലാണ്‌. മനോഹരമായ ഡാര്‍ജിലിങ്ങിയ്‌ക്കാണവരുടെ യാത്ര. ദൈവവിളി സ്വീകരിച്ച്‌ സംതൃപ്‌തിയോടെ ജീവിക്കുന്നതിനായി അവര്‍ക്ക്‌ ഇന്നുവരെയും സാധിച്ചതിലുള്ള സന്തോഷം അവരിലുണ്‌ട്‌. മനോഹരമായ ഈ യാത്രയിലാണ്‌ ഈ സന്യാസിനിയ്‌ക്ക്‌ വ്യക്തവും തീക്ഷണവുമായ ഒരു സന്ദേശം ലഭിച്ചത്‌. ഇതുവരെ താന്‍ സ്‌നേഹിച്ചവരേയും തന്നെ സ്‌നേഹിച്ചവരെയും ഉപേക്ഷിച്ച്‌ തെരുവിലേയ്‌ക്കിറങ്ങാനായിരുന്നു അവര്‍ക്ക്‌ ആ ഉള്‍വിളിയുണ്‌ടായത്‌. താന്‍ ജീവിതം സമര്‍പ്പിച്ച തന്റെ നാഥനും ഗുരുഭക്തനുമായ ആ നല്ലവിതക്കാരനായ ഈശോയായിരുന്നു അവര്‍ക്ക്‌ മഠവും അതുവരെ താന്‍ ജീവിച്ചിരുന്ന സന്യാസഭവനവും ഉപേക്ഷിക്കാന്‍ അവരോട്‌ ആവശ്യപ്പെട്ടത്‌. 1948 ഓഗസ്‌റ്റ്‌ 17ന്‌ കൈയ്യില്‍ വെറും 5 രൂപയുമായി മഠത്തിന്റെ പടിയിറങ്ങുമ്പോള്‍ സ്വന്തം അമ്മയോട്‌ വിടപറഞ്ഞപ്പോഴുണ്‌ടായ അതേ മനോവേദന അവര്‍ക്കും ഉണ്‌ടായി. പക്ഷെ പുതിയ ഒരു വടവൃക്ഷത്തിന്റെ വിത്ത്‌ പൊട്ടിമുളയ്‌ക്കുന്നതിന്റെ വേദനയായിരുന്നു അത്‌. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധയെന്നും പാവങ്ങളുടെ അമ്മയെന്നും അറിയപ്പെട്ടിരുന്ന കല്‍ക്കട്ടയിലെ വാഴ്‌ത്തപ്പെട്ട മദര്‍തെരേസ ആയിരുന്നു അവര്‍. 1949 മാര്‍ച്ച്‌ 19-ന്‌ തന്റെ പ്രിയശിഷ്യ ഡുറാഷിണിലാസ്‌ സി. ആഗ്നസ്‌ എന്നപേരില്‍ തന്റെ സന്യാസ സമൂഹത്തില്‍ച്ചേര്‍ന്നപ്പോള്‍ ആ പുതിയ മരം വളരാന്‍ ആരംഭിയ്‌ക്കുകയായിരുന്നു. സമൂഹത്തിന്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കും ഉപേക്ഷിയ്‌ക്കപ്പെട്ടവര്‍ക്കും തണലേകിയ ആ വടവൃക്ഷം 100% ഫലം പുറപ്പെടുവിച്ചു. അവരുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ അവരെപ്പോലെ വചനം ധ്യാനിയ്‌ക്കാനും അതിന്‌ പ്രത്യുത്തരം നല്‍കാനും ഫലം പുറപ്പെടുവിക്കാനും നമുക്ക്‌ സാധിയ്‌ക്കണം.

നമ്മുടെ ഹൃദയത്തില്‍ വിതയ്‌ക്കുന്ന വിത്തുകള്‍ ഒരിയ്‌ക്കലും പാഴാവുകയില്ല. മാതാപിതാക്കളും ഗുരുഭൂതരും വിതയ്‌ക്കുന്ന നന്മയുടെ വിത്ത്‌ വളര്‍ത്തിയെടുക്കാന്‍ നമുക്ക്‌ സാധിക്കണം. നന്മചെയ്യാനും, മറ്റുള്ളവരെ സഹായിക്കാനും, അനുസരിക്കാനും അതിലൂടെ നൂറു ശതമാനം ഫലം പുറപ്പെടുവിക്കുന്ന ഈശോയ്‌ക്കിഷ്ടമുള്ള മക്കളായി വളരുവാന്‍ നമുക്ക്‌ പരിശ്രമിക്കാം. അതിനുള്ള അനുഗ്രഹത്തിനായി നമുക്ക്‌ ഈശോയോട്‌ പ്രാര്‍ത്ഥിക്കാം.

ബ്ര. ജെയ്‌സണ്‍ കള്ളിയാട്ട്‌
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download Sermon 2010

Sermon 2009

ഒരിക്കലും പരാജയപ്പെടാത്ത, തകര്‍ക്കപ്പെടാത്ത ദൈവരാജ്യത്തിന്റെ സുനിശ്ചിതമായ വിജയം പ്രഖ്യാപിക്കുകയാണ്‌ ഇന്നത്തെ സുവിശേഷം. ചെറുതില്‍ നിന്നും വലുതിലേയ്‌്‌ക്ക്‌ പടരുന്ന, പരാജയത്തില്‍ നിന്ന്‌ നൂറുമേനി വിജയത്തിലേയ്‌ക്ക്‌ കുതിക്കുന്ന ദൈവരാജ്യത്തിന്റെ ഉപമകളാണ്‌ വി. മത്തായിയുടെ സുവിശേഷം 13-ാം അദ്ധ്യായത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്‌ വിതക്കാരന്റെയും, പുളിമാവിന്റെയും, കടുകുമണിയുടെയും ഉപമകള്‍ ദൈവരാജ്യത്തിന്റെ അത്ഭുതാവഹമായ വളര്‍ച്ചയെയാണ്‌ കാണിക്കുന്നത്‌്‌.
വിതക്കാരന്റെ ഉപമയില്‍ ഈശോ ആദ്യം വ്യക്തമാക്കുക പ്രഘോഷിക്കപ്പെടുന്ന ദൈവവചനത്തോടുളള മനുഷ്യരുടെ വിവിധ പ്രതികരണങ്ങളാണ്‌.
വചനത്തോട്‌ തികച്ചും നിസംഗതയോടെ പെരുമാറുന്നവരുണ്‌ട്‌. വഴിയരുകുകള്‍ നിസംഗതയുടെ പ്രതീകമാണ്‌. ദിവസവും ഒരായിരം പേര്‍കടന്നുപോകുന്ന വഴിയില്‍ ആര്‍ക്കും ആരോടും ആത്മാര്‍ത്ഥമായ ബന്ധങ്ങളോന്നുമില്ല. ദൈവത്തിന്റെ വചനത്തോട്‌ ആത്മാര്‍ത്ഥതയില്ലാത്തവരില്‍ വചനം ആഴ്‌ന്നിറങ്ങുന്നില്ല. എത്രയും വേഗം അവ അവരില്‍നിന്ന്‌ കൊത്തിയകറ്റപ്പെടുകയാണ്‌.
ദൈവവചനത്തോട്‌ ഉപരിവിപ്ലവമായ വൈകാരികതയോടെ പെരുമാറുന്നവരുണ്‌ട.്‌ മണ്ണ്‌ അധികമില്ലാത്ത പാറപ്പുറങ്ങള്‍ ഇവരുടെ പ്രതീകമാണ്‌. പുറമേ വിശ്വാസിയെന്നുനടിച്ച്‌ ദൈവത്തേയും വിശ്വാസത്തേയും ആഭരണം മാത്രമായി അണിഞ്ഞുനടക്കാനാണ്‌ ഇവര്‍ക്ക്‌ താല്‌പര്യം. വചനത്തെ ഹൃദയത്തിന്റെ ഉളളറകളിലേക്ക്‌ കയറ്റിവിട്ട്‌ ജീവിത പരിവര്‍ത്തനത്തിലേയ്‌ക്ക്‌ കടന്നുവരാന്‍ ഇവര്‍ തയ്യാറാകുന്നില്ല.
ലൗകിക ആഗ്രഹങ്ങളും ആസക്തികളുമാകുന്ന മുള്‍ക്കാടുകള്‍ ഉളളില്‍ പേറുന്നവരിലും വചനം ഫലം ചൂടാറില്ല. ലോകത്തിന്റെ വ്യഗ്രതകളിലേയ്‌ക്കും നേട്ടങ്ങളിലേയ്‌്‌ക്കും മാത്രം തുറന്നിരിക്കുന്ന ഹൃദത്തിലും ദൈവവചനത്തിന്‌ വളരാനാവുകയില്ല.
എന്നില്‍ വചനം വളരണമെങ്കില്‍ എന്നിലെ വഴിയരുകുകള്‍ വയലുകളായി രൂപപ്പെടണം. പാറപോലുളള കഠിനഭാവങ്ങള്‍ നിരന്തരം ഉടഞ്ഞുപാകമാകണം. ആഗ്രഹങ്ങളുടെ മുള്‍കാടുകള്‍ പിഴുതുമാറ്റപ്പെടണം. ചുരുക്കത്തില്‍ ലോകം, പിശാച്‌, ശരീരം ഇവ മൂന്നിനോടും പടവെട്ടിയാല്‍ മാത്രമേ എന്നില്‍ വചനംവളര്‍ന്ന്‌ ഫലംചുടുകയുളളു.
ഹൃദത്തിന്‌ വഴിയരുകിന്റെ ഭാവമുളളവര്‍ നിരന്തരം പിശാചിന്റെ പ്രലോഭനത്തിലാണ്‌. നന്മയുടെ വിത്തുകളെ സാത്താന്‍ അവനില്‍ നിന്ന്‌ കൊത്തിയകറ്റികൊണ്‌ടിരിക്കും. മണ്ണിന്‌ ആഴമില്ലാത്ത പാറയുടെ സാദൃശ്യമുളളവര്‍ ശരീരത്തിന്റെ നിരന്തര പ്രലോഭനത്തിലാണ്‌. അതുകൊണ്‌ട്‌ വചനത്തെപ്രതി ക്ലേശമോ പീഡയോ ഉണ്‌ടാകുമ്പോള്‍ തല്‍ക്ഷണം അവര്‍ വീണുപോകുമെന്ന്‌ ഈശോ പറയുന്നു. ആസക്തികള്‍കൊണ്‌ട്‌ നിറഞ്ഞമനുഷ്യന്‍ ലോകത്തിന്റെ പ്രലോഭനത്തിലാണ.്‌ ലോകത്തിന്റെ മോഹങ്ങള്‍ വിശ്വാസത്തെ നിരന്തരം നശിപ്പിച്ചുകൊണ്‌ടിരിക്കും.
വിശ്വാസി എന്ന നിലയില്‍ ഞാന്‍ ജാഗ്രതപുലര്‍ത്തേണ്‌ടത്‌ ഈ മൂന്ന്‌ തിന്മകള്‍ക്കെതിരെയാണ്‌. നല്ലനിലം ജാഗ്രതയുളള ഒരുക്കമുളള ഹൃദത്തിന്റെ പ്രതീകമാണ.്‌ അവിടെയാണ്‌ വചനവിത്ത്‌ തഴച്ചുവളരുന്നതും പ്രതീക്ഷകള്‍ക്കപ്പുറം ഫലം തരുന്നതും. സജീവവും ഊര്‍ജ്ജസ്വലവുമായ ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയ ദൈവവചനത്തിന്‌ എന്റെ ചേതനയിലേയ്‌ക്കും ആത്മാവിലേയ്‌ക്കും സന്ധിബന്ധങ്ങളിലേയ്‌ക്കും മജ്ജയിലേയ്‌ക്കും തുളച്ചുകയറാന്‍ എന്നിലെ തുറവിയും ഒരുക്കവും അനിവാര്യമാണ്‌.
ഈ ഉപമ ഈശോ തന്റെ ശിഷ്യന്‍മാര്‍ക്ക്‌ നല്‌കുന്ന ഉത്തേജന ഔഷധമാണ്‌ എന്നുപറയാം. ഈശോയുടെ പരസ്യജീവിതവും പ്രവര്‍ത്തനങ്ങളും ശിഷ്യന്റെ ഭൗമിക പ്രതീക്ഷകള്‍ക്കു വിപരീതമായി തകര്‍ന്നടിയുകയാണ്‌. യഹൂദരുടെ രാജാവാകേണ്‌ടവന്‍ ഓരോ ദിവസം കഴിയുമ്പോഴും അവര്‍ക്കിടയില്‍ അപ്രിയനാവുകയായിരുന്നു. ഓരോ പ്രസംഗം കഴിയുമ്പോഴും അവന്‍ സിനഗോഗില്‍ നിന്ന പുറത്താക്കപ്പെടുകയും ഓരോ അത്ഭുതപ്രവര്‍ത്തികഴിയുമ്പോഴും അവന്‌ ശത്രുക്കള്‍ വര്‍ദ്ധിച്ചുവരുകയും ചെയ്‌തത്‌ ശിഷ്യരെ നിരാശപ്പെടുത്തി. ഇവിടെ ഈശോ വിതക്കാരന്റെ താല്‍ക്കാലിക പരാജയങ്ങളെ അതിലംഘിക്കുന്ന നൂറുമേനി വിജയത്തിലൂടെ തന്റെ പരസ്യജീവിതത്തിന്റെ അന്ത്യവും താല്‌കാലിക പരാജയങ്ങളെ അതിലംഘിക്കുന്ന നൂറുമേനി വിജയം ആയിരിക്കും എന്നു പ്രഖ്യാപിക്കുകയാണ്‌. കാലിത്തോഴുത്തുമുതല്‍ കാല്‍വരിവരെ മാനുഷിക കാഴ്‌ചപ്പാടില്‍ പരാജയങ്ങളിലൂടെ കടന്നപോയ ജീവിതം കാല്‍വരിയിെല കുരിശില്‍ മുപ്പത്‌ മേനിയും അറുപത്‌ മേനിയും ഉത്ഥാനത്തില്‍ നൂറുമേനിയും വിജയംകൊഴ്‌തു. താന്‍ കുരിശില്‍ ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാവരെയും തന്നിലേയ്‌ക്ക്‌ ആകര്‍ഷിക്കും എന്ന തിരുവചനം അവിടുത്തെ വിജയപ്രഖ്യാപനമായിരുന്നു. ഇവന്‍ സത്യമായി ദൈവപുത്രനായിരുന്നു എന്ന ശതാധിപന്റെ പ്രഘോഷണം ഈ വിജയത്തിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു.
വിശ്വാസികള്‍ക്കിടയില്‍ - നമ്മില്‍ തന്നെയും - വഴിയരുകുകളും പാറപ്പുറങ്ങളും മുള്‍കാടുകളും ഏറുകയാണ്‌ എന്നയാഥര്‍ത്ഥത്തെകുറിച്ചുളള ആകുലത ഈ യുഗത്തിന്റെ അപ്പസ്‌തോലന്‍മാരായ, അപ്പസ്‌തോലന്‍മാരാകേണ്‌ട നമ്മെയും നിരാശപ്പെടുത്തുന്നുണ്‌ടാവാം. അവിശ്വാസികള്‍ നമ്മെ തിരസ്‌ക്കരിക്കുമ്പോഴും അവഹേളിക്കുമ്പോഴും ഭയപ്പെടുത്തുമ്പോഴും ഈശോയുടെ ഈ ഉപമ നമ്മെ ശക്തിപ്പെടുത്തുകയാണ്‌. ഒന്നുചിന്തിച്ചാല്‍ നമ്മുടെ സുവിശേഷത്തോളം വിജയിച്ചതും വിജയിക്കുന്നതുമായ മറ്റൊരു തത്വശാസ്‌ത്രവുമില്ലെന്ന്‌ നമുക്ക്‌ ബോധ്യമാകും. പാലസ്‌തീനായെന്ന കൊച്ചുപ്രദേശത്ത്‌ വെറും മൂപ്പത്തിമൂന്ന്‌ വയസ്സുളള ചെറുപ്പക്കാരന്‍ തുടങ്ങിവെച്ച ഈ സ്‌നേഹദൗത്യം പ്രതിസന്ധികളെയും പരാജയങ്ങളെയും കീഴടക്കി ഇന്നും പടരുകയാണ,്‌ ലോകത്തിന്റെ അതിര്‍ത്തികള്‍വരെയും. തകര്‍ന്നുപോയ എത്രയോ മനുഷ്യര്‍ക്കാണ്‌ ഈ ദിവ്യവചനങ്ങള്‍ ആശ്വാസമേകിയത്‌ എത്രയോപേരുടെ ജീവിതങ്ങള്‍ക്കാണ്‌ അവ വിജയമന്ത്രമായത്‌. ഈ തിരുവചനത്തിന്റെ പ്രഘോഷകരാകാന്‍ ഭാഗ്യം ലഭിച്ചതില്‍ നമുക്ക്‌ അഭിമാനിക്കാം. ക്രീസ്‌തീയ ജീവിതം ആവശ്യപ്പെടുന്ന ക്ലേശങ്ങളും ലൗകികപരാജയങ്ങളും അവസാനത്തെ സുനിശ്ചിത വിജയത്തിന്റെ പ്രത്യാശയില്‍ നമുക്ക്‌ വിസ്‌മരിക്കാം. കുടുതല്‍ തീഷ്‌ണതയോടെ വചനവിത്തിനായ്‌ നമ്മുടെ ഹൃദയനിലങ്ങളെ ഒരുക്കാം.

തയാറാക്കിയത്‌
റവ.ഡി. പോള്‍ പീടിയേക്കല്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ സെമിനാരി
കുന്നോത്ത്‌.

Download 

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home