Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ഏലിയ - സ്ലീവാ - മൂശ‌ കാലങ്ങള്‍ മൂന്നാം ഞായര്‍
Readings: Deuteronomy 8:11-20; Isaiah 33:13-24; Philippians 2:1-11; Matthew 5:1-12
സുവിശേഷ ഭാഗങ്ങള്‍

ഏലിയാ ശ്ലീഹാ മൂശാക്കാലത്തിലെ മൂന്നാം ആഴ്‌ചയിലേക്കു നമ്മള്‍ പ്രവേശിക്കുകയാണല്ലോ. ഈശോയുടെ മഹത്വ പൂര്‍ണ്ണമായ രണ്‌ടാമത്തെ ആഗമനത്തെയും ഈശോയിലൂടെ നമുക്ക്‌ കരഗതമാകുന്ന നിത്യജീവനെപ്പറ്റിയുമെല്ലാം നമ്മള്‍ ഈ കാലത്തില്‍ ധ്യാനിക്കുന്നു. നമ്മുടെ വിചിന്തനത്തിനായി സഭാമാതാവ്‌ നമുക്ക്‌ ഇന്ന്‌ നല്‍കിയിരിക്കുന്ന വായനകള്‍ ഈ ചിന്തകളെ കൂടുതല്‍ ജ്വലിപ്പിക്കാന്‍ സഹായിക്കുന്നവയാണ്‌. നമ്മള്‍ ഇപ്പോള്‍ വായിച്ചു കേട്ടത്‌ വി. മത്തായി 5:1-8 വരെയുള്ള വാക്യങ്ങളാണല്ലോ. സുവിശേഷ ഭാഗങ്ങളാണ്‌ ഈ ഭാഗത്ത്‌ പ്രതിപാദിച്ചിരിക്കുന്നത്‌.

വി. മത്തായി ഗിരിപ്രഭാഷണം ആരംഭിക്കുന്നത്‌ 'അഷ്ടഭാഗ്യങ്ങള്‍' എന്നുകൂടി അറിയപ്പെടുന്ന സുവിശേഷ ഭാഗ്യങ്ങളോടുകൂടിയാണ്‌. `ജനക്കൂട്ടത്തെ കണ്‌ടപ്പോള്‍ ഈശോ മലയിലേക്ക്‌ കയറി` (Mt 5:1). ഇവിടെ ഈശോയെ പഴയ നിയമത്തിലെ മോശയോട്‌ ബൈബിള്‍ പണ്ഡിതര്‍ ഉപമിക്കാറുണ്‌ട്‌. മോശ സിനായ്‌ മലയിലേക്ക്‌ കയറി. അവിടെ മോശ ദൈവത്തില്‍ നിന്നും പത്ത്‌ കല്‌പനകള്‍ സ്വീകരിച്ച്‌ ജനങ്ങള്‍ക്ക്‌ നല്‍കി. ഈ കല്‌പനകള്‍ അംഗീകരിച്ചതുവഴിയാണ്‌ അവര്‍ ദൈവത്തിന്റെ ജനമായ്‌ തീര്‍ന്നതും വാഗ്‌ദത്ത ഭൂമിയിലേക്ക്‌ പ്രവേശിച്ചതും. അതുപോലെ ജനക്കൂട്ടത്തെ കണ്‌ടപ്പോള്‍ പുതിയ മോശയായി ഈശോ മലയിലേക്ക്‌ കയറി, അവിടെ നിന്നുകൊണ്‌ട്‌ പുതിയ സന്ദേശങ്ങള്‍ നല്‍കുകയാണ്‌, പുതിയ വാഗ്‌ദത്ത നാട്ടിലേക്ക്‌ (സ്വര്‍ഗ്ഗരാജ്യം) പ്രവേശിക്കാന്‍.

സുവിശേഷ ഭാഗ്യങ്ങളില്‍ വിവരിക്കുന്നത്‌ ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുന്നതിനുള്ള അടിസ്ഥാന മനോഭാവങ്ങളും പ്രവൃത്തികളുമാണ്‌. ഈ വാക്ക്‌ നമ്മുടെ ശ്രദ്ധ ദൈവത്തിലേക്ക്‌ തിരിക്കുന്നു, കാരണം ദൈവമാണ്‌ എല്ലാ അനുഗ്രഹത്തിന്റേയും (blessings) ഉറവിടം. `കര്‍ത്താവില്‍ ശരണം വയ്‌ക്കുന്നവര്‍ ഭാഗ്യവാനാര്‍ (അനുഗ്രഹിതര്‍) എന്നു സങ്കീര്‍ത്തകന്‍ പറയുന്നുണ്‌ടല്ലോ. ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവരാകാന്‍ അങ്ങനെ ദൈവത്തിന്റെ മഹത്വത്തില്‍ പങ്കുകാരാകാന്‍ നമുക്കുണ്‌ടായിരിക്കേണ്‌ട എട്ടു കാര്യങ്ങളെക്കുറിച്ചാണ്‌ ഈശോ പഠിപ്പിക്കുന്നത്‌. ദൈവരാജ്യത്തെപ്പറ്റിയുള്ള സുവിശേഷത്തിന്റെ സത്ത നമുക്ക്‌ സുവിശേഷ ഭാഗങ്ങളില്‍ നിന്ന്‌ സംഗ്രഹിക്കാവുന്നതാണ്‌.

ഒന്നാമത്തെ സുവിശേഷഭാഗം ആത്മാവിലെ ദാരിദ്രത്തെക്കുറിച്ചാണ്‌ 'അത്മാവ്‌' ദൈവത്തോടുള്ള നമ്മുടെ ബന്ധത്തെയാണല്ലോ സൂചിപ്പിക്കുക. ആത്മാവില്‍ എന്നാല്‍ നമ്മളെല്ലാം ദൈവത്തോടു കടപ്പെട്ടിരിക്കുന്നു എന്ന അടിസ്ഥാന മനോഭാവമാണ്‌. 'ദാനമായി ലഭിച്ചതല്ലാതെ സ്വന്തമായി ഒന്നുമില്ല' എന്ന തിരിച്ചറിവാണിത്‌. സ്വന്തം പദ്ധതികളില്‍, കണക്കു കൂട്ടലുകളില്‍, ആശ്രയിക്കാതെ ദൈവത്തില്‍ ആശ്രയിക്കാന്‍ ഈ മനോഭാവം നമ്മെ സഹായിക്കും. വിലപിക്കുന്നവര്‍ അനുഗ്രഹീതരാണ്‌. വിലപിക്കുന്നവര്‍ സ്വന്തം പാപങ്ങളെക്കുറിച്ചാണ്‌ വിലപിക്കേണ്‌ടത്‌. നിത്യജീവിതത്തില്‍ വിലപിക്കുന്നവരാകാതെ ഈ ജീവിതത്തില്‍ പാപങ്ങളെ കുറിച്ചോര്‍ത്ത്‌ കരയുവാന്‍ നമുക്കാവണം. അപ്പോള്‍ ദൈവീക ആശ്വാസം നമുക്ക്‌ ലഭിക്കും. ശാന്തശീലര്‍ ദൈവരാജ്യത്തിന്റെ സാക്ഷാത്‌കാരത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നവരാണ്‌. പ്രതിസന്ധികളുണ്‌ടായാലും ശാന്തശീലര്‍ പതറുകയില്ല. കാരണം അവരുടെ വിശ്വാസം ഭൂമിയിലല്ല ദൈവത്തിലാണ്‌. നീതിക്കുവേണ്‌ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരാണ്‌ തൃപ്‌തരാക്കപ്പെടുന്നത്‌. ദൈവീക ഉടമ്പടിയുടെ ചട്ടങ്ങളും നിയമങ്ങളും പാലിക്കുകയും പാലിക്കുന്നതിന്‌ മുന്‍കൈയെടുക്കുകയും ചെയ്യുന്നവരാണ്‌ ഇത്തരക്കാര്‍. ദൈവത്തിന്റെ സവിശേഷമായ മനോഭാവമാണല്ലോ കാരുണ്യം. ഈ ദൈവിക മനോഭാവം സ്വന്തമാക്കിയവരാണ്‌ കരുണയുള്ളവര്‍. ഹൃദയമാകുന്ന കണ്ണ്‌ ശുദ്ധിയുള്ളതായാലേ നമുക്ക്‌ ദൈവത്തെ കാണാന്‍ സാധിക്കൂ. `കണ്ണ്‌ ദുഷ്ടമാണെങ്കില്‍ ശരീരം മുഴുവന്‍ ഇരുണ്‌ടുപോകും` (Mt 6:23). ഹൃദയമാകുന്ന കണ്ണ്‌ ശുദ്ധിയായി സൂക്ഷിക്കുന്നവര്‍ക്ക്‌ ദൈവദര്‍ശനം സാധ്യമാകും. സമാധാനം സ്ഥാപിക്കുന്നവര്‍ ക്രിസ്‌തു നമുക്കു തരുന്ന സമാധാനത്തിന്റെ സന്ദേശവാഹകരാണ്‌. `ഞാന്‍ നിങ്ങള്‍ക്ക്‌ സമാധാനം നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്‌` (കി 14:27). ദൈവരാജ്യത്തിനായി ക്രിസ്‌തുവിന്റെ സമാധാന സന്ദേശവാഹരകരായി നമ്മള്‍ മാറണം. ക്രിസ്‌തു സ്ഥാപിച്ച നീതിക്കുവേണ്‌ടി പീഡനം ഏല്‍ക്കുന്നവര്‍ യഥാര്‍ത്ഥ ക്രിസ്‌തുസാക്ഷ്യമാണ്‌ നല്‍കുന്നത്‌.

വി. അഗസ്‌തിനോസ്‌ അഷ്ടഭാഗ്യങ്ങളെ ധ്യാനിച്ചുകൊണ്‌ട്‌ ഇങ്ങനെ പറയും - 'അഷ്ടഭാഗ്യങ്ങള്‍ പ്രതിഫലങ്ങളാണ്‌ മത്സരത്തിനുശേഷം ലഭിക്കുന്ന പ്രതിഫലങ്ങളാണിവ. ക്രൈസ്‌തവരായ നാമെല്ലാം ഈ മത്സരത്തില്‍ പങ്കെടുക്കുന്നവരാണ്‌. അതിനാല്‍ സമ്മാനം നേടാനായി നമ്മള്‍ പ്രയത്‌നിക്കേണ്‌ടതുണ്‌ട്‌. സമ്മാനത്തിന്റെ മഹത്വമെത്രയോ വലുതാണ്‌ - സ്വര്‍ഗ്ഗരാജ്യം, ഭൂമി, ദൈവപുത്രസ്ഥാനം, ദൈവദര്‍ശനം, കരുണ, സംതൃപ്‌തി: അതിനനുസരിച്ചുള്ള പ്രയത്‌നം നമ്മുടെ ഭാഗത്തുണ്‌ടാകണം'. അഷ്ടഭാഗ്യങ്ങള്‍ വിവരിക്കുന്നത്‌ ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുന്നതിനുള്ള അടിസ്ഥാന പ്രവൃത്തികളാണ്‌. യഥാര്‍ത്ഥത്തില്‍ ഇത്‌ നമ്മുടെ വിശ്വാസത്തില്‍ നിന്നും ഉടലെടുക്കുന്ന പ്രവൃത്തികള്‍ തന്നെയാണ്‌. നമ്മുടെ വിശ്വാസം എന്തിലാണ്‌, ആരിലാണ്‌ എന്ന്‌ നമ്മുടെ പ്രവൃത്തികള്‍ വ്യക്തമാക്കുന്നു. സ്വര്‍ഗ്ഗമാണ്‌ നമ്മുടെ ലക്ഷ്യമെങ്കില്‍, ഈശോയുടെ മഹത്വപുര്‍ണ്ണമായ ആഗമനമാണ്‌ നമ്മള്‍ കാത്തിരിക്കുന്നതെങ്കില്‍, നമ്മുടെ ജീവിതശൈലി എപ്രകാരമായിരിക്കണമെന്ന്‌ ഈ വചനങ്ങളിലൂടെ കര്‍ത്താവ്‌ വ്യക്തമാക്കുന്നു.

സ്വര്‍ഗ്ഗമാണ്‌ നമ്മുടെ ലക്ഷ്യമെങ്കില്‍ ഈ ലോക ജീവിതത്തില്‍ നമ്മള്‍ സഹായിക്കേണ്‌ടതുണ്‌ട്‌. കാനാല്‍ ദേശം ലക്ഷ്യമാക്കിയിറങ്ങിയ പഴയനിയമ ജനത സഹിച്ചതുപോലെ നമ്മളും സഹിക്കാന്‍ തയ്യാറാവണം. ഇന്നത്തെ വായനയില്‍ (നിയമം 8:11-18) ഈ ലോകജീവിതത്തിലെ കഷ്ടപ്പാടുകളുടെ അര്‍ത്ഥം ഇസ്രയേല്‍ ജനതയുടെ പശ്ചാത്തലത്തില്‍ വിവരിച്ചിരിക്കുന്നു. അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍ കഴിയുകയും പിന്നീട്‌ അവിടെനിന്ന്‌ പുറപ്പെട്ട്‌ ആഗ്നേയ സര്‍പ്പങ്ങളും തേളുകളും വിശാലവും ഭയാനകവുമായ മണലാരണ്യത്തിലൂടെ അനേകം വര്‍ഷങ്ങള്‍ അവര്‍ക്ക്‌ അലയേണ്‌ടിയുംവന്നു (8:15മ). ആ മണലാരണ്യം വെള്ളമില്ലാത്തം ഉണങ്ങിവരണ്ടതുമായിരുന്നു (8:15യ). എന്നാല്‍ കഷ്ടപ്പാടുകളല്ല അവര്‍ ജീവിച്ചത്‌, കാനാല്‍ ദേശം കണ്ണില്‍ കണ്‌ടുകൊണ്‌ടായിരുന്നു. ജനത്തെ ഇങ്ങനെ അഗ്നിപരീക്ഷയിലൂടെ നയിച്ചത്‌ എന്തിനായിരുന്നെന്ന്‌ വിശുദ്ധഗ്രന്ഥം പറയുന്നു. എളിമപ്പെടുത്താനും പരീക്ഷിക്കാനും അവസാനം നന്മക്കൊണ്‌ട്‌ അനുഗ്രഹിക്കാനുമായിരുന്നു (8:16). അതിനാല്‍ നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകളെയും സഹനങ്ങളെയും സ്വര്‍ഗ്ഗരാജ്യത്തെപ്രതി സ്വീകരിക്കാന്‍ നമുക്ക്‌ കഴിയണം.

രണ്‌ടാമത്തെ വായനയില്‍ (ഏശയ്യ 33:13-24) കര്‍ത്താവിന്റെ വചനമനുസരിച്ച്‌ ജീവിച്ചില്ലെങ്കില്‍ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച്‌ പറയുന്നുണ്‌ട്‌ `നമ്മളില്‍ ആര്‍ക്ക്‌ ദഹിപ്പിക്കുന്ന അഗ്നിനിയോടൊപ്പം വസിക്കുവാനാവും? നിത്യജ്വാലയില്‍ നമ്മില്‍ ആര്‍ക്ക്‌ ജീവിക്കാന്‍ കഴിയും (33:14) തുടര്‍ന്ന്‌ പ്രവചനത്തിലൂടെ ആരൊക്കെയാണ്‌ ഉന്നതങ്ങളില്‍ (സ്വര്‍ഗ്ഗത്തില്‍) വസിക്കുന്നതെന്ന്‌ വ്യക്തമാക്കുന്നു.`നീതിയുടെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവന്‍, മര്‍ദ്ദനം വഴിയുള്ള നേട്ടം വെറുക്കുന്നവന്‍, കൈക്കൂലി വാങ്ങാതിരിക്കുന്നവന്‍, രക്തചൊരിച്ചിലെപ്പറ്റി കേള്‍ക്കാനിരിക്കാന്‍ ചെവിപൊത്തുന്നവന്‍, തിന്മ ദര്‍ശിക്കാതിരിക്കാന്‍ ക്‌ണ്ണുകളടയ്‌ക്കുന്നവന്‍(33:15). വാസ്‌‌തവത്തില്‍ ഇവയുടെ മറുരൂപമാണ്‌ സ്വര്‍ഗ്ഗഭാഗ്യങള്‍- നിതി പ്രവൃത്തിക്കുക സമാധാനം സ്ഥാപിക്കുക, കരുണകാണിക്കുക, ഹൃദയശുദ്ധി പാലിക്കുക മുതലായവ.
ഇങ്ങനെ ഇന്നത്തെ വായനകള്‍ അനുദിന കൃസ്‌തീയ ജിവിത ശൈലി എങ്ങനെയായിരിക്കണമെന്നു അതിനുള്ള പ്രതിഫലം എന്തായിരിക്കുമെന്നും നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു. ഈ വായനകളോടൊപ്പം, ഇന്നത്തെ മൂന്നാം വായനയില്‍ (ഫിലിപ്പി 2:111) വി.പൗലോസ്‌ശ്ലിഹാ സുവിശേഷ ഭാഗ്യങ്ങളുടെ ചൈതന്യം അനുസരിച്ച്‌ ജിവിച്ച ഈശോയുടെ മാതൃക അവതരിപ്പിക്കുന്നു' ഓരോരുത്തരും താഴ്‌‌മയോടെ മറ്റുളളവരെ തങ്ങളേക്കാള്‍ ശേൃഷ്ടരായി കരുതണം... യേശുകൃസ്‌്‌തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലുണ്ടാകട്ടെ. ദൈവത്തിന്റെ രുപത്തിലായിരുന്നെങ്കിലും... ശൂന്‌യനാക്കി... കുരിശുമരണത്തോളം അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്‌ത്തി. ആകയാല്‍ ദൈവം അങ്ങനെ അത്യധികം ഉയര്‍ത്തി.` (2:4-9) അവന്‍ സര്‍വ്വരോടും കരുണകാണിച്ചവനാണ്‌, നീതിക്കേവേണ്‌ടി പോരാടിയവനാണ്‌. മനുഷ്യഹൃദയങ്ങളില്‍ സമാധാനം സ്ഥാപിച്ചവനാണ്‌. അവന്‍ ആത്മാവില്‍ സദാ ദാരിദ്രനുമായിരുന്നു. ഈശോയുടെ മാതൃക പിന്‍തുടര്‍ന്ന്‌, പഴയ നിയമ ജനതയുടെ മാതൃക പിന്‍തുടര്‍ന്ന, ദൈവരാജ്യത്തിനായി ഈ ലോകത്തിന്റെ പ്രവൃത്തികളെ വെറുക്കുവാനും സ്വര്‍ഗ്ഗരാജ്യത്തിനായി, ദൈവം നല്‍കുന്ന സമ്മാനത്തിനായി, അ്‌ദ്ധ്വാനിക്കുവാനും ദൈവം നമ്മെ സഹായിക്കട്ടെ. ആദിമ ക്രൈസ്‌തവ സഭയിലെ ക്രസിതീയി തൊഴിലാളികള്‍ വിജാതീയ ക്ഷേത്രങ്ങള്‍ പണിയുവാന്‍ പോകുന്നതിനേക്കാള്‍ ക്രിസ്‌തുവിനെപ്രതി ക്‌ളേശിച്ചു ജീവിക്കുന്നതിന്‌ നിഷ്‌ഠയുള്ളവരായിരുന്നു. ഒരു കോണ്‍ട്രാക്‌റ്റര്‍ സഭാപിതാവായ തെര്‍ത്തുല്യന്റെ അടുത്തു വന്ന്‌ തന്റെ ബുദ്ധിമുട്ടുകളെല്ലാം പറഞ്ഞു. എന്നിട്ട്‌ കൂട്ടിച്ചേര്‍ത്തു `എന്ത്‌ ചെയ്യാം എനിക്ക്‌ ജീവിക്കണം`. തെര്‍ത്തുല്യന്‍ ചോദിച്ചു `നിനക്ക്‌ ജീവിക്കണമോ? എങ്കില്‍ നിനക്ക്‌ ക്രിസ്‌തുവിനെ നഷ്ടപ്പെടും`.

ഈശോയെ നേടാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ നിത്യജീവന്‍ അനുഭവിക്കാന്‍ നമ്മുടെ ജീവിതങ്ങളെ നമുക്ക്‌ സുവിശേഷ ഭാഗ്യങ്ങളുടെ വെളിച്ചത്തില്‍ ക്രമീകരിക്കാം.

മാത്യു ചേന്നാട്ട്‌
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.










പ്രിയ കൂട്ടൂകാരേ,

രസതന്ത്രത്തിനു നോബല്‍ സമ്മാനം നേടിയ വിഖ്യാതനായ ശാസ്‌ത്രജ്ഞനായിരുന്നു ലെനഡ്‌ പൗളിങ്ങ്‌ (1901-1994). അമേരിക്കയുടെ ആറ്റംബോബ്‌ നിര്‍മ്മാണ പദ്ധതിയില്‍ ചേരാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ തികച്ചും സമാധാനപ്രേമിയായ ആ മനുഷ്യന്‌ ഹിറ്റലറുടെ പീഡനങ്ങള്‍ക്കെതിരെ ചെറുത്തു നില്‍പ്പിനുവേണ്‌ടി മറ്റ്‌ തരത്തിലുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കേണ്‌ടി വന്നു. തന്റെ സേവനങ്ങള്‍ക്ക്‌ പ്രതിഫലമായി പ്രസിഡണ്‌ടിന്റെ മെഡല്‍ സ്വീകരിച്ച അദ്ദേഹം അമേരിക്കയുടെ യുദ്ധക്കൊതിക്കെതിരെ ശബ്ദമുയര്‍ത്തി. രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ട അദ്ദേഹത്തിന്‌ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം വാങ്ങാന്‍ അനുവാദം ലഭിച്ചത്‌പോലും വളരെ ബുദ്ധിമുട്ടിയായിരുന്നു. പൗളിങ്ങ്‌ തന്റെ ശ്രമഫലമായി അണുവായുധ വ്യാപനത്തിനെതിരെ 11,000 ശാസ്‌ത്രജ്ഞന്‍മാരെ സംഘടിപ്പിച്ച്‌ അവരുടെ ഒപ്പ്‌ ശേഖരിച്ച്‌ U.N.O.യ്‌ക്കു കൈമാറി. തല്‍ഫലമായി 1963-ല്‍ അമേരിക്കയും സോവിയറ്റ്‌ യൂണിയനും ബ്രിട്ടനും അണവ പരീക്ഷണങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തി കരാര്‍ ഉണ്‌ടാക്കി. ലോകം ഇദ്ദേഹത്തെ ആദരിച്ചത്‌ വീണ്‌ടും ഒരു നോബല്‍ സമ്മാനം കൂടി നല്‍കിക്കൊണ്‌ടായിരുന്നു. ഇപ്രാശ്യം അത്‌ സമാധാനത്തിനുള്ളതായിരുന്നു. നോബല്‍ സമ്മാനം കരസ്ഥമാക്കിയ പൗളിങ്ങിനെ അഭിനന്ദിക്കാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്‌ട്‌ ഒരു വിരുന്ന്‌ നടത്തി. ആണവ പരീക്ഷണത്തിനെതിരെ വൈറ്റുഹൗസിനു മുന്നില്‍ പകല്‍ മുഴുവന്‍ സമരം ചെയ്‌തിട്ട്‌ വൈകുന്നേരം അദ്ദേഹം വിരുന്നില്‍ പങ്കെടുത്തു. ലോകം ഇന്നും അദ്ദേഹത്തെ ആദരിക്കുന്നു.

നാം ഇന്ന്‌ ജീവിയ്‌ക്കുന്ന ലോകവും മതത്തിന്റെ പേരിലും വര്‍ഗ്ഗത്തിന്റെ പേരിലും പരസ്‌പരം തമ്മിലടിക്കുകയും മനുഷ്യജീവനെ ഹനിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും സമാധാനത്തോടെ അന്തിയുറങ്ങാന്‍ ഇന്നു പേടിയാണ്‌.
ചെറുപ്പത്തില്‍ തന്നെ സമാധാനത്തെ സ്‌നേഹിക്കാനും, സമാധാനത്തിനു വേണ്‌ടി പ്രയത്‌നിക്കാനും നമുക്ക്‌ സാധിക്കണം. ലോക സമാധാനത്തിനു വേണ്‌ടി ജോണ്‍ പോള്‍ രണ്‌ടാമന്‍ മാര്‍പാപ്പ നമുക്ക്‌ മാതൃക നല്‍കുന്നു. മാര്‍പാപ്പയെപ്പോലെ സഹിഷ്‌ണുതയിലും സമാധാനത്തിനു മാതൃക നല്‍കിക്കൊണ്‌ട്‌ ഇന്നത്തെ സുവിശേഷത്തില്‍ പറയുന്നതുപോലെ (മത്താ. 5:9) നമുക്ക്‌ ദൈവത്തിന്റെ മക്കളായി ജീവിക്കാം. സമാധാനത്തിനു വേണ്‌ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിയ്‌ക്കുമെന്ന്‌ നമുക്കുറപ്പു വരുത്തുകയും ചെയ്യാം.

ബ്ര. ജെയ്‌സണ്‍ കള്ളിയാട്ട്‌
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download Sermon 2010

Sermon 2009

ചരിത്രത്തിന്‌ ഒരു ലക്ഷ്യമുണ്ട്‌ ചരിത്രത്തിന്റെ ഗതിവികതികളില്‍ വിവിധതത്വശാസ്‌ത്രങ്ങള്‍ ലോകത്തില്‍ ഉയിര്‍കൊണ്‌ടു. മനുഷ്യന്റെ ഭാവനകള്‍ക്കനുസരിച്ച്‌ ജീവിതപ്രമാണങ്ങള്‍ രൂപപ്പെട്ടു. മനുഷ്യന്‍ തനിക്കുവേണ്ടിത്തന്നെ ദൈവീകപദ്ധതി വഴിതിരിച്ചുവിട്ടപ്പോള്‍ അവന്‌ പറുദീസ നഷ്ടപ്പെട്ടു. സ്വന്തം അഹങ്കാരത്തിന്റെ തളളലാല്‍ സ്വര്‍ഗ്ഗത്തെപ്പോലും തോല്‍പ്പിക്കാന്‍ എന്നവിധത്തില്‍ ഉയര്‍ന്ന ബാബേല്‍ഗോപുരം വിഭജനത്തിന്‌ കാരണമായി. രക്ഷകരപദ്ധതിയിലെ ചുവടുവെയ്‌പ്പുകളാണ്‌ ഇസ്രയേലിന്റെ ഈജിപ്‌തില്‍നിന്നുളള വിമോചനം.... കാലത്തിന്റെ പൂര്‍ണ്ണതയാല്‍ ദൈവം മനുഷ്യനായി അവതരിച്ചു... സ്വര്‍ഗ്ഗവും ഭൂമിയും വീണ്ടും കണ്‌ടുമുട്ടി. മനുഷ്യനുവേണ്‌ടി ദൈവം ചരിത്രവും ധാര്‍മ്മികതയും തിരുത്തിക്കുറിച്ചു. നിയമാവര്‍ത്തനപുസ്‌തകം 8-ാം അദ്ധ്യായം 17-18 തിരുവചനങ്ങള്‍ ഇങ്ങനെ പറയുന്നു: "എന്റെ ശക്തിയും കരങ്ങളുടെ ബലവുമാണ്‌ എനിക്ക്‌ ഈ സമ്പത്തെല്ലാം നേടിത്തന്നത്‌ എന്ന്‌ ഹൃദയത്തില്‍ നിങ്ങള്‍ പറയരുത്‌. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ സ്‌മരിക്കണം."
രക്ഷകരസ്‌മരണ ജീവിതത്തില്‍ പുലര്‍ത്തിയാല്‍ മനുഷ്യന്‍ രക്ഷപ്രാവിക്കും എന്ന്‌ തീര്‍ച്ച. പുതിയ നിയമത്തിലേക്കുവരുമ്പോള്‍ മിശിഹാ അനുഭവം സ്വന്തമാക്കുക എന്നര്‍ത്ഥം. വി. കര്‍ബാനയില്‍ വചനമേശയില്‍ നിന്നും അപ്പത്തിന്റെ മേശയില്‍ നിന്നും നാം മിശിഹാനുഭവം സ്വന്തമാക്കി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ രക്ഷ നാം കണ്ണുകള്‍കൊണ്‌ട്‌ കാണും; കാതുകള്‍കൊണ്‌ട്‌ കേള്‍ക്കും.... വി.പൗലോസ്‌ ശ്ലീഹാ ഫിലിപ്പിയര്‍ക്ക്‌ എഴുതുന്നു: "ആകയാല്‍ മിശിഹായില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍ നിന്നുളള സാന്ത്വനമോ ആത്മാവിലുളള കുട്ടായ്‌മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്‌ടെങ്കില്‍ നിങ്ങള്‍ ഓരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്‌ട്‌, ഓരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്‌, ഓരേ ആത്മാവും ഓരേ അഭിപ്രായമുളളവരായി എന്റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍." അപ്പസ്‌തോലന്റെ സന്തോഷം പൂര്‍ണ്ണമാകണമെങ്കില്‍ സ്വയം ശൂന്യനാക്കിയ മിശിഹായെ ജനം മനസിലാക്കണം. അഷ്ടസൗഭാഗ്യങ്ങളുടെ മലയിലിരുന്നുകൊണ്‌ട്‌ ഈശോ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ഓരോ വിശ്വാസിയും മനപ്പാഠമാക്കി ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായിത്തീരണമെന്ന്‌ തിരുസഭാമാതാവ്‌ ആഗ്രഹിക്കുന്നു.
ആഷ്ടസൗഭാഗ്യങ്ങളുടെ മലയിലിരുന്ന്‌ പഠിപ്പിക്കുന്നവന്റെ മുമ്പില്‍ കാല്‍വരി മലയും ഉയര്‍ന്നുനില്‍ക്കുന്നുണടെന്ന്‌ നാം മനസിലാക്കുന്നു. മലയിലെ പ്രസംഗത്തിന്റെ പ്രസക്തി കാല്‍വരിയിലാണ്‌ പൂവണിയുന്നത്‌. സന്തുഷ്ടരാകാന്‍ നാം എല്ലാവരും ആഗ്രഹിക്കുന്നുണ്‌ട്‌... വിവേചിച്ചറിയാതെ, തിരിച്ചറിയാതെ നാം ചിലപ്പോള്‍ കിഴടങ്ങുന്ന യാഥാര്‍ത്ഥ്യങ്ങളോ, തത്വശാസ്‌ത്രങ്ങളോ ഉണ്‌ടായെക്കാം... പലരും ഇങ്ങനെ പറയാറുണ്‌ട്‌: "ജീവിതം ഒന്നേയുളളു; അതിനാല്‍ ആവുന്നത്ര ആസ്വദിക്കുക; ലോകം ഇഷ്ടപ്പടുന്ന എട്ട്‌ തത്വങ്ങള്‍ ഉണ്‌ട്‌: സുരക്ഷിതത്വം... പ്രതികാരം... ചിരി... ജനകീയത... ലൈംഗികത... ആയുധബലം... സുഖസൗകര്യങ്ങള്‍...സൊചഛമായ അവസ്ഥ. പക്ഷേ മലയിലെ പ്രസംഗത്തിലൂടെ ഈശോ ഇവ കിഴ്‌മേല്‍ മറിക്കുന്നു. സമ്പന്നനല്ലെങ്കില്‍ നിനക്ക്‌ എങ്ങനെ സന്തോഷം കണ്ടെത്താം എന്ന്‌ പറയുന്നവരോട്‌ ഈശോ പറയുന്നു. "ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്‌". കാരണം ദരിദ്രനായവനെ ദൈവം കൂടുതല്‍ സ്‌നേഹിക്കുന്നു. അവനോടൊപ്പം ദൈവം സഹിക്കുന്നു... അവന്‌ എന്നും യഥാര്‍ത്ഥ സന്തോഷമായ ദൈവത്തില്‍ വിശ്വസിക്കാന്‍ കഴിയുന്നു.
സന്തോഷത്തിനുവേണ്‌ടി ചിലര്‍ നട്ടോട്ടമോടുകയാണ്‌. ലോകത്തില്‍ എന്തൊക്കെ നടന്നാലും എനിക്ക്‌ സന്തോഷിക്കണം എന്ന്‌ പറയുന്നവനോട്‌ ഈശോ പറയുന്നു വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും. ആപത്തില്‍പെട്ട സഹോദരനുവണ്‌ടിയാണ്‌ അവന്‍ വിലപിക്കുന്നത്‌. ആപത്തില്‍പ്പെട്ട ഇസ്രായേല്‍ക്കാരനെ ശുശ്രൂഷിക്കുന്ന സമരിയാക്കരാന്റെ മനോഭാവത്തിലേക്ക്‌ അവന്റെ ചിന്തമാറുന്നു. അദ്ധ്വാനിക്കുന്നവരോടും ഭാരം വഹിക്കുന്നവരോടും ഈശോ കാരുണ്യം കാണിച്ചതുപോലെ സമൂഹത്തിനുവേണ്‌ടി വിലപിക്കുന്നവര്‍ ആശ്വസിപ്പിക്കപ്പെടും.
ദിവ്യഭിഷഗ്വരന്‍ എന്നോട്‌ വീണ്‌ടും പറയുന്നു ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍ അവര്‍ ഭൂമി കൈവശമാക്കും. കാരണം ശാന്തശീലരാണ്‌ എപ്പോഴും ദൈത്തിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാണ്‌. ദൈവീക ചിന്തകള്‍ മനസ്സില്‍ രൂപമെടുക്കുമ്പോഴാണ്‌ ശാന്തശീലര്‍ ഭൂമി കൈവശമാക്കുന്നത്‌. ലോകം നിത്യസത്യത്തെ ലംഘിക്കാന്‍ ആനുദിനം താല്‍പ്പര്യം കാട്ടുന്നു. കുരിശ്‌ ഭോഷത്തമാണെന്ന്‌ ലോകത്തോട്‌ അവര്‍ വിളിച്ചുപറയുന്നു. ദൈവവും മനുഷ്യനും തമ്മില്‍ വ്യത്യാസമില്ലെന്നും ബെറാബാസിനെപ്പോലെ വിപ്ലവ ചട്ടങ്ങളാണ്‌ ഉചിതമെന്ന്‌ ചിന്തിക്കുന്നവര്‍ക്ക്‌ മുമ്പില്‍ അഷ്ടസൗഭാഗ്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നു.
"നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍ അവര്‍ക്ക്‌ സംതൃപ്‌തി ലഭിക്കും". വിപ്ലവത്തില്‍ നിന്ന്‌ ഉണ്‌ടാകുന്ന കേവലമൂല്യങ്ങള്‍ മനുഷ്യന്‌ ആരാചകത്വം സമ്മാനിക്കുമ്പോള്‍.... യഥാര്‍ത്ഥ നീതിയായ ദൈവത്തിനുവേണ്‌ടി ദാഹിക്കുന്നവര്‍ക്ക്‌ സംതൃപതി ലഭിക്കും എന്നത്‌ തീര്‍ച്ച. എന്റെ അയല്‍ക്കാരന്‍ എനിക്ക്‌ നരകമാണ്‌... എതിരഭിപ്രായങ്ങള്‍ക്ക്‌ ഞാന്‍ സീറോ വിലമാത്രമേ കൊടുക്കു... എന്റെ തീരുമാനങ്ങള്‍ മാത്രം അംഗികരിക്കപ്പെടണം...ഞാന്‍ എല്ലാവരുടെയും മുമ്പില്‍ തിളങ്ങണം എന്ന്‌ ആഗ്രഹിക്കുന്നവരോട്‌ സഹോദരങ്ങളോട്‌ കരുണകാണിക്കാന്‍ ഈശോ ആവശ്യപ്പെടുന്നു. എല്ലാവരും ആഗ്രഹിക്കുന്നതും കരുണയാണ്‌.
ലൈംഗിക വികാരങ്ങള്‍ക്ക്‌ കേവലമൂല്യം മാത്രം നല്‍കി എല്ലാം ലൈംഗികതയുടെ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ ലോകം ആഗ്രഹിക്കുന്നു. ശുദ്ധതയെന്നത്‌ ഒരു മന്ദോഷ്‌ണ അവസ്ഥയാണെന്നും ബ്രഹ്മചര്യം ഒരു നിരാശയുടെ ഘോഷയാത്രയാണെന്നും, ഒരു മാനസിക വിഭ്രാന്തിയാണെന്നും ഇവര്‍ വാദിക്കുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുളള ബന്ധം മടുപ്പിന്റെ തത്വശാസ്‌ത്രമാണെന്നും അവര്‍ വാദിക്കുന്നു. എന്നാല്‍ ഹൃദയശുദ്ധിയുളളവര്‍ ഭാഗ്യവാന്‍മാര്‍ അവര്‍ ദൈവത്തെ കാണും എന്ന്‌ ഈശോ അരുളിചെയ്യുന്നു. മനുഷ്യന്‍ ലോകത്തില്‍ ദൈവത്തെ കാണുന്നത്‌ ഈ സനാതന പൂണ്യങ്ങളിലൂടെയാണ്‌. സമാധാനം ഇഷ്ടപ്പെടാത്ത ഒരുപറ്റം ആളുകള്‍ സമൂഹത്തില്‍ ചിലപ്പോള്‍ പ്രത്യക്ഷപ്പെടാറുണ്‌ട്‌. അവര്‍ സമാധാനകാലത്ത്‌ യുദ്ധത്തിന്‌ തയാറാകുന്നു. അവര്‍ക്കുമുമ്പില്‍ മനുഷ്യ ജീവന്‌ യാതൊരു വിലയും കല്‍പ്പിക്കപ്പെടുന്നില്ല. അവരോട്‌ കുരിശിലൂടെ ലോകത്തെ സമാധനത്തിലേയ്‌ക്ക്‌ സമര്‍പ്പിക്കുന്ന ഈശോ പറയുന്നു.... സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍ അവര്‍ ദൈവപുത്രര്‍ എന്ന്‌ വിളിക്കപ്പെടും.
ലോകത്തില്‍ കൗശലത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ച്‌ കൈയടിവാങ്ങുന്നവരെ നാം കാണാറുണ്‌ട്‌... സമാധാന പ്രാവിന്റെ ചിറകുകളില്‍ സമാധാനവും, ഉദരത്തില്‍ ബോബും ആഗ്രഹിക്കുന്നവര്‍... ലോകത്തെ വിഭജനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുക എന്നതാണ്‌ അവരുടെ ആഗ്രഹം. ലോകത്തെ തരിപ്പണമാക്കാന്‍വേണ്‌ടി ഇറങ്ങി പുറപ്പെട്ടവര്‍... നീതിക്കുവേണ്ടി പീഡിപ്പിക്കെപ്പെടാന്‍, അവഹേളിക്കപ്പെടാന്‍ തയ്യാറാകുന്നുണ്ടെങ്കില്‍ ലോകത്തില്‍ സമാധാനത്തിന്റെ ഫലങ്ങള്‍ നിറയും... അവസാനമായി ദൈവത്തെ തിരസ്‌ക്കരിച്ചുകൊണ്‌ട്‌ ഉപയുക്ത തത്വശാസ്‌ത്രം (Utility theory) പ്രസംഗിച്ചുകൊണ്ട്‌ സ്വഭാവിക മൂല്യങ്ങള്‍ക്കുവേണ്ടി മാത്രം നിലകൊളളുന്നു... സ്വര്‍ഗ്ഗത്തേക്ക്‌ നോക്കുന്നതുപോലും തെറ്റാണെന്ന്‌ അവര്‍ വാദിക്കുന്നു... അവിടെയാണ്‌ ശിഷ്യന്റെ പ്രസക്തി...ലോകത്തിന്റെ രക്ഷകനായി ഭൂമിയില്‍ അവതരിച്ച്‌ ഉത്ഥിതനായ ഈശോയെപ്രതി മനുഷ്യര്‍ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധതിന്മകളും വ്യാചമായി പറയുകയും ചെയ്യുമ്പോള്‍ സന്തോഷിക്കുവിന്‍ എന്ന്‌ അവിടുന്ന്‌ നമ്മോട്‌ പറയുന്നു.
ആകയാല്‍ സഹോദരങ്ങളെ അഷ്ടസൗഭാഗ്യങ്ങള്‍ എതിരിന്റെ തത്വശാസ്‌ത്രമല്ല. അതില്‍ ക്രൂശിതനായ മിശിഹായുടെ രക്തത്തിന്റെ വിലയുണ്‌ട്‌ ഉത്ഥിതനായ മിശിഹാ സ്വര്‍ഗ്ഗത്തിലേക്ക്‌ ഉയരാന്‍ പറഞ്ഞുതന്ന സമര്‍പ്പണത്തിന്റെ ചവിട്ടുപടികളാണ്‌. അതിനാല്‍ ഏശയ്യാ പ്രവാചകന്റെ വാക്കുകള്‍ ആരാധന ക്രമവത്സരത്തില്‍ കര്‍ത്താവിന്റെ രണ്‌ടാം വരവിനെപറ്റി ധ്യാനിക്കുന്ന നമുക്ക്‌ വെളിച്ചമാകട്ടെ: "രാജാവിനെ അവന്റെ സൗന്ദര്യത്തോടുകൂടെ നിന്റെ കണ്ണുകള്‍ ദര്‍ശിക്കും. ഒരിക്കല്‍ നിന്നെ ഭയപ്പടുത്തിയിരുന്ന കാര്യങ്ങളെകുറിച്ച്‌ നീ ഓര്‍ക്കും. പ്രശാന്ത വസതിയും, ഇളക്കമില്ലാത്ത കൂടാരവുമായ ജെറുസലേമിനെ നിന്റെ കണ്ണുകള്‍ ദര്‍ശിക്കും" (എശയ്യ 33.17-20).


തയാറാക്കിയത്‌
റവ. ഡി. ജോസഫ്‌ പൊട്ടനാനിയില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍സെമിനാരി
കുന്നോത്ത്‌.

Download Eliah III 2009

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home