Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
പള്ളിക്കൂദാശക്കാലം രണ്ടാം ഞായര്‍
Readings: Exodus 40:1-16; 1Kings 8:10-29; Hebrews 8:1-13; Matthew 12:1-14

നവംബര്‍ 8: പള്ളിക്കൂദാശ ഒന്നാം ഞായര്‍

ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം പതിനൊന്നാം അദ്ധ്യായത്തില്‍ (11 : 26-27) കണ്‌ടെത്താനാവും. ക്രിസ്‌തുവിന്റെ സന്ദേശത്തിന്റെയും സുവിശേഷത്തിന്റെയും ദൈവീക പദ്ധതിയുടെയും അര്‍ത്ഥം ദൈവം ബുദ്ധിമാന്മാര്‍ക്കല്ല ശിശുക്കള്‍ക്കാണ്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌ എന്ന കര്‍ത്താവിന്റെ വലിയ പ്രഖ്യാപനമാണ്‌. ഇതെത്തുടര്‍ന്ന്‌ മത്തായി വിവരിക്കുന്ന ഭാഗമാണ്‌ സാബത്തുദിവസം കര്‍ത്താവും ശിഷ്യന്മാരും ഗോതമ്പു വയലിലൂടെ കടന്നുപോകുന്ന സംഭവവും അതെത്തുടര്‍ന്ന്‌ അവന്‍ നല്‍കുന്ന രോഗശാന്തിയും. വചന സന്ദേശത്തിന്റെ കേന്ദ്രമെന്താണെന്ന്‌ അനുസ്‌മരിപ്പിച്ചുകൊണ്‌ട്‌‌ സുവിശേഷകര്‍ ഇപ്രകാരം പറയുന്നു; "ഒരു സാബത്തില്‍ യേശു ഗോതമ്പുവയലിലൂടെ കടന്നുപോവുകയായിരുന്നു. അവര്‍ക്ക്‌ വിശന്നു" എന്ന്‌. വിശന്നു വലഞ്ഞ ഒരു ഗണത്തെ നയിക്കുകയാണ്‌ കര്‍ത്താവ്‌. സ്വന്തമായി ജോലിയും ജീവിതമാര്‍ഗ്ഗവും ഉണ്ടായിരുന്ന ശിഷ്യന്മാര്‍ കര്‍ത്താവിനെ അനുഗമിച്ചതാകാം അവരെ ദാരിദ്രത്തില്‍ കൊണ്‌ടെത്തിച്ചത്‌, കാരണം കര്‍ത്താവ്‌ ദരിദ്രനായിരുന്നു.

ദൈവം സീനായ്‌ മലയില്‍ വച്ച്‌ ഇസ്രായേലിന്‌ തന്റെ നിയമം വെളിപ്പെടുത്തി. സമൂഹത്തിലെ നല്ല ശതമാനം ആളുകള്‍ അടിമകളും ദാസന്മാരുമായിരുന്നപ്പോള്‍ അവര്‍ക്കെല്ലാം ആഴ്‌ചയില്‍ ഒരു ദിവസം വിശ്രമം ലഭിക്കണം എന്ന്‌ കണ്‌ട ദൈവം സാബത്താചരണത്തിന്‌ കല്‍പ്പന കൊടുക്കുകയായിരുന്നു (നിയ 5 : 12-15; പുറ 20 : 8-10). അങ്ങനെ ദരിദ്രരായിരുന്നവര്‍ക്ക്‌ ദൈവീക നിയമത്തിന്റെ ഫലമായി ആശ്വാസം ലഭിച്ചു. ദൈവത്തെ അംഗീകരിച്ചുകൊണ്‌ട്‌ പൂര്‍ണ്ണമായ സമര്‍പ്പണത്തോടെ സാബത്താചരിക്കണമെന്ന്‌ ആഗ്രഹിച്ച ജനത്തിന്‌ സഹായകമായി സാബത്തില്‍ അനുവദനീയവും അല്ലാത്തതുമായ കാര്യങ്ങളുടെ പട്ടികകള്‍ റബ്ബിമാര്‍ പിന്നീട്‌ കാലാകാലങ്ങലില്‍ നിജപ്പെടുത്തിപ്പോന്നു. അങ്ങനെ കാലക്രമത്തില്‍ സാബത്തുദിവസം എല്ലാ ജോലികളും നിഷിദ്ധമായി കരുതപ്പെടാന്‍ ഇടയായി. യുദ്ധകാലത്ത്‌ വിശ്വാസികളായ യഹൂദര്‍ സാബത്തു ദിവസം മരിക്കുന്നതിനുപോലും തയാറായിരുന്നു. ദൈവത്തിന്റെ സാബത്ത്‌ അശുദ്ധമാകാതിരിക്കാന്‍ ശത്രുവിന്റെ മുമ്പില്‍ നിരായുധരായി നിന്നുകൊടുത്ത്‌ ധീരമായി രക്തസാക്ഷിത്തം വരിച്ച ആയിരത്തോളം രക്തസാക്ഷികളെക്കുറിച്ച്‌ മക്കബായക്കാരുടെ ഒന്നാം പുസ്‌തകത്തില്‍ നാം വായിക്കുന്നുണ്ട്‌ (2 : 29-38). വിശ്വാസിയുടെ അടയാളമായി കര്‍ശനമായി ഇന്നും പാലിക്കപ്പെടുന്ന ഈ ദൈവീക നിയമത്തെ തിരസ്‌കരിക്കുകയാണോ കര്‍ത്താവ്‌ ചെയ്യുന്നത്‌?

സാബത്താചരണം എങ്ങനെ ആയിരിക്കണമെന്നും അന്ന്‌ അനുവദനീയമായത്‌ എന്തെന്നും ചര്‍ച്ച നടത്തിയിരുന്ന യഹൂദ പണ്ഡിതന്മാരില്‍ ഒരു വിഭാഗം, നന്മ ചെയ്യുന്നത്‌ സാബത്ത്‌ ദിവസം അനുവദനീയമാണ്‌ എന്ന്‌ വാദിച്ചിരുന്നു. മറ്റൊരു വിഭാഗമാകട്ടെ ദൈവീക കല്‍പ്പന അതിന്റെ പൂര്‍ണ്ണതയില്‍ കാത്തുസൂക്ഷിക്കണമെങ്കില്‍ യാതൊരു പ്രവൃത്തികളും അനുവദനീയമല്ല എന്ന്‌ വാദിച്ചു. ഭക്ഷണം കഴിക്കുക എന്നത്‌ ജീവന്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ടതാകയാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിഷിദ്ധമല്ല എന്ന്‌ ആദ്യത്തെക്കൂട്ടര്‍ ചിന്തിച്ചു. അതുപോലെത്തന്നെ, ഇടയന്‍മാരായ ഇസ്രായേല്യരുടെ അനുദിന ജീവിതം മുന്നോട്ട്‌ പോകുന്നതിന്‌ അത്യന്താപേക്ഷിതമായ അവരുടെ മൃഗങ്ങളിലൊന്ന്‌ സാബത്ത്‌ ദിവസം കിണറ്റില്‍ വീണാല്‍ ചത്തുപോകാതെ അതിനെ പിടിച്ചുകയറ്റുന്നത്‌ അനുവദനീയമാണെന്നും അവര്‍ പറഞ്ഞു. ഇപ്രകാരം ജീവന്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ സാബത്തു ദിവസത്തില്‍ അനുവദനീയമാണെന്ന്‌ വാദിച്ചവര്‍ ദാവീദ്‌രാജാവ്‌ ദേവാലയത്തില്‍ ചെന്നപ്പോള്‍ ഉണ്‌ടായ കഥയും തങ്ങളുടെ വാദം ശരിയാണെന്ന്‌ കാണിക്കാന്‍ ഉപയോഗിച്ചിരുന്നു. ദാവീദ്‌ സാബത്ത്‌ ദിവസമാണ്‌ ദേവാലയത്തില്‍ പ്രവേശച്ചതെന്ന്‌ സാമുവേലിന്റെ പുസ്‌തകം പറയുന്നില്ലെങ്കിലും ലേവാര്‍ 24:8 വായിച്ചാല്‍ അന്നാണ്‌ തിരുസാന്നിധ്യത്തിന്റെ അപ്പം നീക്കം ചെയ്‌തതെന്ന്‌ മനസ്സിലാകും. യഹൂദരുടെ ഏറ്റവും വലിയ രാജാവായ ദാവീദും, അന്നത്തെ പുരോഹിതനും മനുഷ്യസ്‌നേഹത്തെ പ്രതി, നിയമത്തിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനം തിരസ്‌കരിച്ചു. ഇപ്രകാരം മഹത്തായ ഒരു പാരമ്പര്യം ഉണ്ടായിരുന്നിട്ടും യഹൂദരിലെ ഒരു വീഭാഗം നിയമം അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുകയും അങ്ങനെ മനുഷ്യ ജീവിതം ക്ലേശകരമാക്കുകയും ചെയ്‌തുപോന്നു.

വിശന്നു തളര്‍ന്ന തന്റെ ശിഷ്യരെ സംരക്ഷിച്ച്‌ സംസാരിക്കുന്നതിലൂടെ സാബത്തു ദിവസത്തെ തിരസ്‌കരിക്കുകയല്ല കര്‍ത്താവ്‌ ചെയ്യുന്നത്‌. സാബത്തു ദിവസം വിശുദ്ധമാണ്‌്‌്‌ അത്‌ ദൈവവചനവുമാണ്‌. അവന്‍ മനുഷ്യസ്‌നേഹത്തില്‍ ഊന്നി നിന്നുകൊണ്‌ട്‌ വചനം വ്യാഖ്യാനിച്ച പണ്ഡിതരെ അംഗീകരിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. നിയമാവര്‍ത്തന പുസ്‌തകമനുസരിച്ച്‌ വിശന്നു വലഞ്ഞ ഇസ്രായേല്‍ക്കാര്‍ക്ക്‌ അയല്‍ക്കാരന്റെ വയലിലൂടെ കടന്നുപോകുമ്പോള്‍ ആവശ്യത്തിന്‌ ഫലങ്ങള്‍ പറിച്ചു ഭക്ഷിക്കാന്‍ അനുവാദമുണ്‌ടായിരുന്നു (നിയ 23 :24-25). ഈ നിയമം നല്‍കുന്നതിലുടെ വ്യക്തിപരമായ സമ്പത്തിനെക്കാള്‍ വിശക്കുന്നവന്റെ സഹനത്തിനാണ്‌ ദൈവം പ്രാധാന്യം നല്‍കിയത്‌. നിയമത്തിന്റെ ഈ ആത്മീയ വശം കര്‍ത്താവ്‌ എടുത്തുകാണിക്കുന്നു.

ദൈവത്തിനു ബലിയര്‍പ്പിക്കുന്നതിനായി പുരോഹിതര്‍ക്ക്‌ സാബത്തു നിയമത്തില്‍ നിന്ന്‌ മോശ ഒഴിവു നല്‍കിയിരുന്നു (സംഖ്യ 28 :9-10). സാബത്തു ദിവസം മൃഗബലിയര്‍പ്പണത്തിനാവശ്യമായ എല്ലാ ജോലികളും ചെയ്യാന്‍ പുരോഹിതന്‌ അനുവാദമുണ്‌ട്‌. അങ്ങനെയെങ്കില്‍ ബലിയര്‍പ്പണം സാബത്തിനെക്കാള്‍ ശ്രേഷ്‌ഠമാണ്‌. എന്നാല്‍ പ്രവാചകനായ ഹോസിയായിലുടെ കര്‍ത്താവ്‌ അരുളിചെയ്‌തത്‌ "കരുണയാണ്‌ ബലിയര്‍പ്പണത്തെക്കാള്‍ ശ്രേഷ്‌ഠം" എന്നാണ്‌ (ഹോസിയ 6 :6). അങ്ങനെയെങ്കില്‍ കരുണയാണ്‌ അക്ഷരാര്‍ത്ഥത്തിലുള്ള സാബത്താചരണത്തെക്കാള്‍ ശ്രേഷ്‌ഠമെന്നത്‌ സ്‌പഷ്ടം.

പഴയ നിയമത്തിലെ എല്ലാ നിയമങ്ങളും സാമൂഹ്യനീതിയും ദൈവസ്‌നേഹവും ഉറപ്പുവരുത്തുന്നതിനുവേണ്‌ടി ദൈവം നല്‍കിയവയായിരുന്നു. എന്നാല്‍ ദൈവഹിതം അന്വഷിക്കാതെ ബുദ്ധിമാത്രം ഉപയോഗിച്ചുകൊണ്‌ട്‌ ഈ നിയമങ്ങളിലെ വാക്കുകളെ മാത്രം വികരിച്ച നേതാക്കള്‍ ദൈവഹിതം മനസ്സിലാക്കുന്നതിന്‌ കഴിവില്ലാത്തവരായി തീര്‍ന്നു. ഈ വലിയ സത്യമാണ്‌ ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലമായി കര്‍ത്താവ്‌ പ്രഖ്യാപിക്കുന്നത്‌ (മത്താ 11 :26-27, ശിശുക്കള്‍ക്ക്‌ സ്വയം വെളിപ്പെടുത്തുന്ന ദൈവം). ദൈവിക നിയമത്തിന്റെ അടിസ്‌ഥാനമായ സാമൂഹ്യ നീതിയും ദൈവഹിതവും മുന്നില്‍ നിര്‍ത്തിക്കൊണ്‌ട്‌ മാത്രമേ വചനം വിശദീകരിക്കാന്‍ പാടുള്ളൂ. ഈ ലോകത്തില്‍ മനുഷ്യജീവിതം ആശ്വാസപ്രദമാകുന്നതിനും ദൈവത്തിന്റെ പരിപാലനയില്‍ അനുസരണയോടുകൂടി ജീവിച്ച്‌ ദൈവസന്നിധിയില്‍ എത്തിപ്പെടാന്‍ മനുഷ്യനെ പ്രാപ്‌തനാക്കുന്നതിനും വേണ്‌ടിയാണ്‌ ദൈവം തന്റെ നിയമം നല്‍കിയത്‌.
ദൈവീക നിയമത്തിന്റെ ഈ അടിസ്ഥാന തത്വം മനസ്സിലാക്കാന്‍ കഴിയാതെ പോയ ഫാരിസേയര്‍ കര്‍ത്താവിനെ സ്വീകരിക്കാന്‍ അശക്തരായിത്തീര്‍ന്നു. തല്‍ഫലമായി അവര്‍ മതഭ്രാന്തന്മാരുമായി. കര്‍ത്താവ്‌ ഈ വിധത്തില്‍ മുമ്പോട്ടുപോയ തങ്ങള്‍ രൂപം നല്‍കിയ വലിയ സംവിധാനത്തിന്റെ മുഖ്യശത്രുവായവന്‍ മാറുമെന്ന്‌ അവര്‍ മനസ്സിലാക്കി. അതെത്തുടര്‍ന്ന്‌ അവര്‍ അവനെ ഇല്ലായ്‌മ ചെയ്യാനുള്ള പദ്ധതികള്‍ തയാറാക്കി. നിയമപാലകര്‍ നിയമത്തിന്റെ അന്തകരായി മാറുകയാണിവിടെ. സാമൂഹ്യനീതിയില്‍ നിന്നും, ദൈവഹിതത്തില്‍ നിന്നും മാറി നിന്നുകൊണ്‌ട്‌്‌്‌ുള്ള ഒരു വചന വ്യാഖ്യാനത്തിലൂടെ നാം നിയമപാലകര്‍ എന്നതിനെക്കാള്‍ നിയമത്തിന്റെ അന്തകരായി മാറുന്നു. ദൈവത്തിന്റെ നിയമം പ്രാവൃത്തികമാകുന്നിടത്ത്‌ അതിന്റെ കേന്ദ്രമായി കാരുണ്യവും, ദയയും ഉണ്‌ടായിരിക്കും, കാരണം ചരിത്രത്തിലെ എറ്റവും വലിയ നിയമ വ്യാഖ്യാതാവായ ക്രിസ്‌തുവിന്‌ സ്‌നേഹത്തിന്റെ ഒരു നിയമമേ ഉണ്ടായിരുന്നുള്ളൂ (യോഹ 13 :34-35). ദൈവ വചനം വായിക്കുകയും പഠിക്കുകയും ചെയ്യുന്നിടത്ത്‌ സ്വാര്‍ത്ഥപരമായ പരിഗണനകളല്ല മറിച്ച്‌ ദൈവപുത്രന്റെ പ്രമാണത്തിന്റെ അധികാരം അംഗീകരിക്കപ്പെടുന്നുണ്ടോ എന്നതാണ്‌ പ്രധാനം (മത്താ 9 :6, 11 :27, 12 :8, 28 :18).


തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.

Download 

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home