Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
പള്ളിക്കൂദാശക്കാലം മൂന്നാം ഞായര്‍
Readings: Numbers 7:1-11; Isaiah 54:1-15; Hebrews 9:1-15; John 2:13-22

സീനായ്‌ മലയില്‍ വച്ച്‌ ഇസ്രായേല്‍ ജനവുമായി ഉടമ്പടി ചെയ്‌ത ദൈവം അവരുടെ ഇടയില്‍ തന്റെ സാന്നിദ്ധ്യം വാഗ്‌ദാനം ചെയ്‌തു. ഈ സാന്നിദ്ധ്യം സാക്ഷാത്‌കരിക്കുന്നതിന്‌ ഒരു വിശുദ്ധ കൂടാരം നിര്‍മ്മിക്കാന്‍ ദൈവം മോശയോട്‌ അരുള്‍ ചെയ്‌തു. തുടര്‍ന്ന്‌ മോശ കൂടാരം നിര്‍മ്മിക്കുകയും ദൈവം കൂടാരത്തില്‍ തന്റെ സാന്നിദ്ധ്യം ജനത്തിന്‌ പ്രാപ്യമാക്കുകയും ചെയ്‌തു (പുറ 40). വിശുദ്ധ കൂടാരം നിര്‍മ്മിച്ചതിന്‌ ശേഷം ജനത്തിലെ നേതാക്കന്‍മാര്‍ എപ്രകാരം ദൈവത്തിന്‌ ബലിയര്‍പ്പിച്ചു എന്നും അവരുടെ കടമകള്‍ എന്തായിരുന്നു എന്നും വിവരിക്കുകയാണ്‌ സംഖ്യരുടെ പുസ്‌തകം. മരുഭൂമിയിലൂടെയുള്ള 40 വര്‍ഷത്തെ അലഞ്ഞുതിരിയലിനുശേഷം ജനം കാനാന്‍ ദേശത്ത്‌ പ്രവേശിച്ച്‌ അവിടെ സ്ഥിരതാമസമാക്കി. സോളമന്‍ ഇസ്രായേലിന്റെ ആദ്യ ദേവാലയം നിര്‍മ്മിച്ചു കഴിഞ്ഞപ്പോള്‍ അതുവരെ കൂടാരത്തില്‍ വസിച്ചിരുന്ന ദൈവസാന്നിദ്ധ്യം ദേവാലയത്തില്‍ പ്രതിഷ്‌ഠിക്കപ്പെടുകയും ദൈവം സിയോനില്‍ തന്റെ സാന്നിദ്ധ്യം ജനത്തിന്‌ നല്‌കുകയും ചെയ്‌തു. രാജാക്കന്മാരുടെ കാലത്തിന്റെ അവസാനം ബാബിലോണ ജറുസലെം നശിപ്പിക്കുകയും ദേവാലയം അഗ്നിക്കിരയാക്കുകയും ചെയ്‌തു. അവര്‍ ഇസ്രായേല്‍ ജനങ്ങളെ പ്രവാസത്തിലേക്ക്‌ അടിമകളായി കൊണ്‌ടുപോയി. നശിപ്പിക്കപ്പെട്ട തന്റെ ആലയം ദൈവം എങ്ങനെ മഹത്തരമായി പുനരുദ്ധരിക്കുമെന്ന്‌ പ്രഖ്യാപിക്കുകയാണ്‌ ഏശയ്യാ പ്രവാചകന്‍ (54 :1-15). അനന്തരം എസ്രാ-നെഹമിയയുടെ കാലത്ത്‌ ദേവാലയം പുനരുദ്ധരിക്കപ്പെട്ടു: അവിടെ ജനം ദൈവത്തെ സന്ദര്‍ശിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്‌തുപോന്നു. എങ്കിലും ക്രിസ്‌തുവിന്റെ ആഗമനത്തോടെ ബലികളെല്ലാം അതിന്റെ പൂര്‍ണ്ണതയിലേക്ക്‌ ഉയര്‍ത്തപ്പെടുകയും മനുഷ്യരുടെ ഇടയിലെ ദൈവസാന്നിദ്ധ്യം അതിന്റെ ഏറ്റവും ഉന്നതമായ നിലയിലെത്തുകയും ചെയ്‌തു. ഈ സത്യം പ്രസ്‌താവിക്കുകയാണ്‌ ഹെബ്രായര്‍ക്കുള്ള ലേഖനം. ക്രിസ്‌തുവിന്റെ ആഗമനത്തോടെ യഥാര്‍ത്ഥമായ ദൈവാലയം എങ്ങനെ ഭൂമിയില്‍ സ്ഥാപിക്കപ്പെടുന്നു എന്നും പഴയ നിയമ ബലികളെല്ലാം അപ്രസക്തമാകാന്‍ കാരണമെന്തെന്നും വിശദീകരിക്കുകയാണ്‌ സുവിശേഷകനായ യോഹന്നാന്‍.

സമാന്തര സുവിശേഷങ്ങളില്‍ കര്‍ത്താവിന്റെ പീഢാനുഭവത്തിനും മരണത്തിനും തൊട്ടുമുമ്പാണ്‌ ദേവാലയ ശുദ്ധീകരണത്തെക്കുറിച്ച്‌ വിവരിക്കുന്നത്‌. അതാണ്‌ ചരിത്രപരമായി കൂടുതല്‍ സാധ്യതയുള്ളതും. യോഹന്നാനാകട്ടെ കര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളുടെ ആരംഭത്തിലാണ്‌ ദേവാലയ ശുദ്ധീകരണം അവതരിപ്പിക്കുന്നത്‌. കര്‍ത്താവ്‌ കാനായിലെ കല്യാണവിരുന്നില്‍ വച്ച്‌ വെള്ളം വീഞ്ഞാക്കി തന്റെ മഹത്വം പ്രദര്‍ശിപ്പിച്ചതിന്‌ തൊട്ടു പിന്നാലെയാണ്‌ ദേവാലയ ശുദ്ധീകരണം. ദേവാലയ ശുദ്ധീകരണത്തെക്കുറിച്ച്‌ വിവരിക്കുമ്പോള്‍ യോഹന്നാന്‌ ദൈവശാസ്‌ത്രപരമായ ലക്ഷ്യമുണ്‌ടെന്ന്‌ സ്‌പഷ്ടം. സമൂഹത്തില്‍ അറിയപ്പെടുകയും സ്വാധീനമുണ്‌ടാകുകയും ചെയ്യുന്നതിനുമുമ്പ്‌ കര്‍ത്താവിന‌ അപ്രകാരമൊരു പ്രവൃത്തിയ്‌ക്ക്‌ ജനം അനുമതി നല്‌കാന്‍ സാധ്യത കുറവാണ്‌. കര്‍ത്താവിന്റെ കാലത്തുണ്‌ടായിരുന്ന ദേവാലയത്തെക്കുറിച്ചും അതിന്റെ ചുറ്റുപാടുകളെക്കുറിച്ചുമുള്ള അറിവ്‌ ഇന്നത്തെ വചനഭാഗം മന:സ്സിലാക്കാന്‍ നമ്മെ സഹായിക്കും.

കര്‍ത്താവിന്റെ കാലത്തുണ്‌ടായിരുന്ന, ഹേറോദേസ്‌ പണികഴിപ്പിച്ച, ദേവാലയം സ്ഥിതി ചെയ്‌തിരുന്ന അങ്കണത്തിന്‌ ഏതാണ്‌ട്‌ അര കിലോമീറ്റര്‍ നീളവും അതിനോടടുത്ത്‌ വീതിയുമുണ്‌ടായിരുന്നു. (466 മീറ്റര്‍ കിഴക്ക്‌ 488 മീറ്റര്‍ പടിഞ്ഞാറ്‌; 315 മീറ്റര്‍ വടക്ക്‌; 281 മീറ്റര്‍ തെക്ക്‌ = 144000 sq. km). ഈ വലിയ അങ്കണത്തിന്റെ മധ്യഭാഗത്തായി കിഴക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ - കിഴക്കോട്ട്‌ ദര്‍ശനമായി 20 മീറ്ററോളം ഉയരത്തില്‍ മതിലുകളാല്‍ ചുറ്റപ്പെട്ട കെട്ടിട സമുച്ചയമായിരുന്നു ദേവാലയം. ദേവാലയത്തിന്‌ ചുറ്റുമുണ്‌ടായിരുന്നത്‌ വിജാതീയരുടെ മണ്ഡപമാണ്‌. അവിടെ വിജാതീയര്‍ക്കും പ്രവേശനമുണ്‌ടായിരുന്നു. ദേവാലയ സമുച്ചയത്തില്‍ നിന്ന്‌ ആവശ്യത്തിനകലെ ദേവാലയാങ്കണത്തിന്റെ ഏറ്റവും തെക്കു ഭാഗത്തായി രാജാവിന്റെ പൂമുഖം എന്നറിയപ്പെടുന്ന 185 മീറ്റര്‍ നീളമുള്ള മേല്‍ക്കൂരയോടുകൂടിയ പൂമുഖമുണ്‌ടായിരുന്നു. അവിടെയാണ്‌ ബലിയ്‌ക്ക്‌ ആവശ്യമായ മൃഗങ്ങളെ വിറ്റിരുന്നതും ദേവാലയത്തില്‍ നിക്ഷേപിക്കാന്‍ അനുവദനീയമായിരുന്ന നാണയങ്ങള്‍ ലഭ്യമായിരുന്നതും. ദേവാലയത്തിനുചുറ്റും മതിലുണ്‌ടായിരുന്നതിനാലും ദേവാലയവും ചന്തസ്ഥലവും ആവശ്യത്തിന്‌ അകലെയായിരുന്നതിനാലും അവിടെയുള്ള ശബ്ദകോലാഹലങ്ങള്‍ ദേവാലയത്തെ ബാധിച്ചിരുന്നില്ല.
ദേവാലയം ബലിയര്‍പ്പിക്കാനുള്ള സ്ഥലമായിരുന്നു. അവിടെ ദൈവം തന്റെ സാന്നിദ്ധ്യം ജനത്തിന്‌ സംലഭ്യമാക്കി. നമ്മുടെ ദേവാലയങ്ങളുടേതില്‍ നിന്ന്‌ വ്യത്യസ്‌തമായി, ഏകാഗ്രമായി പ്രാര്‍ത്ഥിക്കാനുള്ള ഒരാലയമായല്ല യഹൂദര്‍ അതിനെ കണ്‌ടിരുന്നത്‌. ലേവ്യരുടെ പുസ്‌തകം 1-7 അദ്ധ്യായങ്ങളനുസരിച്ച്‌ മനുഷ്യന്‍ തന്റെ പാപങ്ങള്‍ക്കെല്ലാം പരിഹാരമായി വിവിധങ്ങളായ ബലിയര്‍പ്പിക്കണമെന്ന്‌ ദൈവം കല്‍പ്പിച്ചിരുന്നു. ബലിയര്‍പ്പിക്കുന്നതിലൂടെയാണ്‌ (നിയമാനുസൃതമായ) മനുഷ്യന്‍ ദൈവവുമായി രമ്യതപ്പെട്ടിരുന്നത്‌. ഇത്തരുണത്തില്‍ ചിന്തിക്കേണ്‌ട മറ്റൊരു കാര്യമിതാണ്‌. വിദൂരത്തില്‍ നിന്ന്‌ കാല്‍നടയായി വന്നിരുന്ന തീര്‍ത്ഥാടകര്‍ക്ക്‌ ബലിക്കാവശ്യമായ മൃഗങ്ങളെ കൂടെക്കൊണ്‌ടു വരിക അസാധ്യമായിരുന്നു എന്നതാണ്‌. കറയില്ലാത്ത മൃഗങ്ങളെക്കണ്‌ടെത്തുകയെന്നതും പ്രയാസമായിരുന്നു. ഈ സാഹചര്യത്തില്‍ ബലിക്കാവശ്യമായ കറയില്ലാത്ത മൃഗങ്ങളെ ദേവാലയത്തില്‍ സംലഭ്യമാക്കുകയാണ്‌ രാജാവിന്റെ പൂമുഖത്തുണ്‌ടായിരുന്ന കച്ചവടക്കാര്‍ ചെയ്‌തിരുന്നത്‌.

അതുപോലെ തന്നെ ദൈവത്തിന്റെ ഇസ്രായേലിനോടുള്ള കല്‌പനയായിരുന്നു വിഗ്രഹങ്ങള്‍ ഉണ്‌ടാക്കരുത്‌ എന്നത്‌. റോമന്‍ ആധിപത്യത്തിലിരുന്ന പാലസ്‌തീനായില്‍ അന്ന്‌ പ്രചാരത്തിലിരുന്നതാകട്ടെ ഗ്രീക്കുകാരുടെയും റോമാ ചക്രവര്‍ത്തിയുടേയും രൂപങ്ങളുള്ള നാണയങ്ങളാണ്‌. അവ ദേവാലയത്തില്‍ നിക്ഷേപിക്കുക അനുവദനീയമായിരുന്നില്ല. അതിന്‌ ദേവാലയത്തില്‍ സ്വീകാര്യമായ റ്റിറിയന്‍ നാണയങ്ങളാക്കി തങ്ങളുടെ പണം മാറ്റേണ്‌ടിയിരുന്നു. അതാണ്‌ നാണയ മാറ്റക്കാര്‍ ചെയ്‌തുകൊണ്‌ടിരുന്ന സേവനം. കച്ചവടവും നാണയ മാറ്റവും നടന്ന രാജാവിന്റെ പൂമുഖത്തിനും ദേവാലയത്തിനുമിടയില്‍ വിശാലമായ വിജാതീയരുടെ മണ്ഡപമുണ്‌ടായിരുന്ന സ്ഥിതിയ്‌ക്ക്‌ അവിടെ നടന്ന കച്ചവടം ദേവാലയത്തിലെ കര്‍മ്മങ്ങളെ ഏതെങ്കിലും വിധത്തില്‍ ശല്യപ്പെടുത്തിയെന്നു കരുതുക പ്രയാസമാണ്‌. പിന്നെ എന്തുകൊണ്‌ടാണ്‌ കര്‍ത്താവ്‌ അവരെയെല്ലാം പുറത്താക്കിയത്‌?

ഇവിടെയാണ്‌ യോഹന്നാന്റെ ദൈവശാസ്‌ത്ര വീക്ഷണം പ്രസക്തമാകുന്നത്‌. യോഹന്നാന്റെ വീക്ഷണത്തില്‍ ക്രിസ്‌തുവാണ്‌ പുതിയ ദേവാലയം ("നിങ്ങള്‍ ഈ ആലയം നശിപ്പിക്കുക..." യോഹ 2 :19-22). ക്രിസ്‌തു തന്നെയാണ്‌ പാപ പരിഹാരത്തിനുള്ള ബലിമൃഗവും (1 :29-32). ക്രിസ്‌തുവിലാണ്‌ ഇനിമുതല്‍ ജനം ദൈവസാന്നിദ്ധ്യം അനുഭവിക്കേണ്‌ടത്‌: "യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല അത്‌ ഇപ്പോള്‍ തന്നെയാണ്‌" (യോഹ 4 :21-24). അവന്റെ ആഗമനം കഴിഞ്ഞതിനെയെല്ലാം മാറ്റി മറിച്ചിരിക്കുന്നു. ഇനിമുതല്‍ പഴയ ബലികള്‍ക്കോ പഴയ ദേവാലയത്തെ താങ്ങിനിര്‍ത്തുന്ന സംവിധാനങ്ങള്‍ക്കോ അര്‍ത്ഥമില്ല. അങ്ങനെ പറയാന്‍ കാരണമെന്തെന്ന്‌ വിശദീകരിക്കുകയാണ്‌ ഹെബ്രായരുടെ ലേഖനം.

പാപം ചെയ്‌ത്‌ തന്നില്‍ നിന്നകന്നുപോയ മനുഷ്യനെ രക്ഷിക്കാന്‍ ദൈവം രക്ഷാകര പദ്ധതി തയ്യാറാക്കി. അതനനുസരിച്ച്‌ ദൈവം അബ്രഹാമിനെ വിളിച്ചു, അവനിലൂടെ ഒരു ജനതയ്‌ക്ക്‌ രൂപം നല്‌കി. ആ ജനതയിലൂടെ ലോകത്തിലുള്ള ജനതകളെയെല്ലാം അനുഗ്രഹിക്കാനായി അവരുടെ മദ്ധ്യേ തന്റെ കൂടാരം സ്ഥാപിച്ചു. പിന്നീടത്‌ ദേവാലമായി മാറി. ഈ കൂടാരത്തിലൂടെ - ദേവാലയത്തിലൂടെ - മനുഷ്യന്‌ ദൈവസാന്നിദ്ധ്യം സാധ്യമായി; അവിടെ പാപ പരിഹാരബലിയര്‍പ്പണത്തിനുള്ള അവസരങ്ങളുമുണ്‌ടായിരുന്നു (ദൈവവുമായി അനുരഞ്‌ജനപ്പെടാന്‍). ഈ ആലയം തകര്‍ക്കപ്പെട്ടപ്പോഴെല്ലാം ദൈവം അത്‌ പുനരുദ്ധരിച്ചു. എന്നാല്‍ കാലത്തിന്റെ പുരോഗതിയില്‍ ദേവാലയം ഒരു സംവിധാനമായി മാറുകയും ദൈവത്തിന്റെ പദ്ധതിയ്‌ക്ക്‌തന്നെ വിഘാതമാവുകയും ചെയ്‌തു. അപ്പോള്‍ ദൈവം മരുഭൂമിയില്‍ സ്‌നാപകയോഹന്നാനെ അയച്ച്‌ ജനത്തെ മാനസാന്തരത്തിന്‌ ആഹ്വാനം ചെയ്‌തു. മാനസാന്തരപ്പെട്ടവരെല്ലാം ദൈവസാന്നിദ്ധ്യത്തിന്റെ പൂര്‍ത്തീകരണമായ ഈശോയെ ദൈവപുത്രനായി തിരിച്ചറിഞ്ഞു. അവനെ പുതിയ ദേവാലമായി അംഗീകരിച്ചു. മാനസാന്തരത്തിന്‌ വിധേയരാകാന്‍ വിസമ്മതിച്ചവര്‍ സംവിധാനത്തിന്റെ തണലില്‍ കച്ചവടക്കാരായി മാറി. അവര്‍ ദേവാലയത്തിന്റെ ലക്ഷ്യമെന്തെന്നറിഞ്ഞില്ല. ഈ ആലയത്തിന്‌ ഇനി പ്രസക്തിയില്ല. ക്രിസ്‌തുവിന്റെ മാനസിക ഭാവങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സംവിധാനങ്ങള്‍ ദൈവത്താല്‍ തിരസ്‌കരിക്കപ്പെടും.
ക്രിസ്‌തുവാണ്‌ പുതിയ ബലിമൃഗവും ദേവാലയവും. ക്രിസ്‌തുവില്‍ മാത്രമാണ്‌ ഇന്ന്‌ ദൈവസാന്നിദ്ധ്യം സാധ്യമാവുന്നത്‌. നമുക്ക്‌ ഇന്ന്‌ ഇത്‌ കൈവരുന്നത്‌ ക്രിസ്‌തുവിന്റെ മൗതീകശരീരമായ സഭയിലൂടെയാണ്‌. മാനസാന്തരമില്ലാതെ, സ്വാര്‍ത്ഥതാല്‌പര്യങ്ങള്‍ക്കുവേണ്‌ടി നിലകൊള്ളുകയും വചനം കച്ചവടച്ചരക്കാക്കി മാറ്റുകയും ചെയുന്ന പലരേയും സഭയും ക്രിസ്‌തുവിനെ അനുകരിച്ച്‌ കാലാകാലങ്ങളില്‍ പുറത്താക്കാറുണ്‌ട്‌. നാം നമ്മോട്‌തന്നെ ചോദിക്കേണ്‌ട ചോദ്യമിതാണ്‌: ക്രിസ്‌തുവിന്റെ മൗതികശരീരമായ സഭയില്‍ ഞാന്‍ യഥാര്‍ത്ഥ്യത്തില്‍ ദൈവസാന്നിദ്ധ്യം കണ്‌ടെത്താറുണ്‌ടോ? അത്രമാത്രം എന്റെ മാനസാന്തരം ആഴമുള്ളതാണോ? കര്‍ത്താവിന്റെ ബലിയുടെ തത്വശാസ്‌ത്രത്തെ നീക്കം ചെയ്യുന്ന ഏതെങ്കിലും തത്വസംഹിതയോ ചിന്താഗതികളോ എന്നെ സ്വാധീനിക്കാറുണ്‌ടോ? ആത്മീയതയുടെ പേരില്‍ ഞാന്‍ ചെയ്‌തുകൂട്ടുന്ന പ്രവൃത്തികളില്‍ ദൈവസ്‌നേഹം അന്തര്‍ലീനമായിട്ടുണ്‌ടോ?

തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.

Download 2009 

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home