Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
പള്ളിക്കൂദാശക്കാലം നാലാം ഞായര്‍
Readings: 1Kings 6:1-19; Ezekiel 43:1-7; Hebrew 9:15-28; Matthew 22:41-23:12

മത്തായിയുടെ സുവിശേഷം 21-ാം അധ്യായം 23-ാം വാക്യം യഹൂദജനതയിലെ നേതാക്കന്മാരുടെ ഗ്രൂപ്പുകള്‍ കര്‍ത്താവിനെ വാക്കില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്‌ കാണാം. അവരുടെ ഗ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തിയശേഷം അവരെ വാക്കില്‍ കുടുക്കാല്‍ കര്‍ത്താവ്‌ ചോദിക്കുന്ന ചോദ്യമാണ്‌ ഇന്നത്തെ സുവിശേഷത്തില്‍ ആദ്യഭാഗം. എന്തുകൊണ്‌ടാണ്‌ കര്‍ത്താവ്‌ ഇപ്രകാരം അവരെ വാക്കില്‍ കുടുക്കിയത്‌ എന്നതിനുത്തരം ഇന്നത്തെ സുവിശേഷം നമ്മുക്ക്‌ നല്‍കുന്നുണ്‌ട. യഹൂദ നേതാക്കമ്മാക്ക്‌ വചനത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാന്‍ സാധിക്കില്ലെന്നും അവര്‍ പ്രയോജനമ്മിലാത്ത ഗുരുക്കമ്മാരാണെന്നും സ്ഥാപിച്ചതിനു ശേഷം, കര്‍ത്താവ്‌ ദൈവഹിതം നിറവേറ്റുന്നതിനു വേണ്‌ടിയുള്ള നിശബ്ദതയിലേക്കും പീഡാനുഭവ മണിക്കൂറിലേക്കും പ്രവേശിക്കുകയാണ്‌. ആ നിശബ്ദനിമിഷങ്ങള്‍ക്ക്‌ മുമ്പ്‌ ആരാണ്‌ യഥാര്‍ത്ഥഗുരുവെന്ന്‌ ശിഷ്യസമൂഹം അറിയണം. അവന്‍ ഫരിസേയരോട്‌ ചോദിച്ചു, `നിങ്ങള്‍ ക്രിസ്‌തുവിനെപ്പറ്റി എന്തു വിചാരിക്കുന്നു... ദാവീദ്‌ അവനെ കര്‍ത്താവെന്ന്‌ വിളിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ പുത്രനാകുന്നതെങ്ങനെ` `കര്‍ത്താവ്‌ എന്റെ കര്‍ത്താവിനോട്‌ അരുള്‍ ചെയ്‌തു` എന്ന സങ്കീര്‍ണന വാക്യത്തില്‍ (110:1). ആദ്യത്തെ 'കര്‍ത്താവ്‌' ദൈവവും രണ്‌ടാമത്തെ 'കര്‍ത്താവ്‌' ദാവീദിന്റെ കുടുംബത്തില്‍ നിന്ന്‌ ജനിക്കാനിരിക്കുന്ന പുതിയ രാജാവുമാണ്‌ (2സാമു 7:12-16). തന്റെ കുടുംബത്തില്‍ എന്നോ ജനിക്കാനിരിക്കുന്ന തന്റെ കൊച്ചുമകനെയാണ്‌ ദാവീദ്‌ ആത്മാവില്‍ പ്രേരിതനായി കര്‍ത്താവ്‌ എന്ന്‌ വിളിക്കുന്നത്‌. ദൈവവചമനുസരിച്ച്‌ മിശിഹാ അനാദി മുതലേ ജീവിച്ചിരുന്നവനാണ്‌ എന്ന്‌ വ്യക്തം.
പിന്നെന്തുകൊണ്‌ടാണ്‌ യഹൂദര്‍ക്ക്‌ ക്രിസ്‌തുവിനെ ഉള്‍ക്കൊള്ളാനും അവന്റെ വചനം സ്വീകരിക്കാനും കഴിയാതെ പോയത്‌? അതിനുത്തരം അവരുടെ (`ഗുരു`) മനോഭാവമായിരുന്നു.

മിശിഹാ ദാവീദിന്റെ കുടുംബത്തില്‍ എന്നെങ്കിലും ജനിക്കുമെന്ന്‌ യഹൂദര്‍ക്കറിയാമായിരുന്നു. കാരണം അത്‌ ദൈവം വാഗ്‌ദാനം ചെയ്‌തിരുന്നതാണ്‌ അവന്‍ മോശയെപ്പോലെ ഒരു പ്രവാചകനായിരിക്കുമെന്ന്‌ യഹൂദര്‍ കരുതിയിരുന്നു (നിയ.18:15). അവന്‍ ലോകത്തിന്റെ അധികാരിയായിരിക്കും (ഏശ 9:1-7). മിശിഹാ വരുമ്പോള്‍ തന്റെ പിതാവായ ദാവീദിന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കയും, ശത്രുക്കളെയെല്ലാം പരാജയപ്പെടുത്തുകയും റോമാക്കാരെ തോല്‍പ്പിക്കുകയും ദാവീദിന്റെ നഷ്ട്‌മായ രാജ്യം പുനര്‍സ്ഥാപിക്കുകയും ചെയ്യുമെന്നവര്‍ കരുതിപ്പോന്നു. ആ അറിവ്‌ അവരെ അഹന്തയിലേക്ക്‌ നയിച്ചു എന്ന്‌ കരുതാം. തങ്ങള്‍ വചനവും പാരമ്പര്യവും പഠിച്ചവരാണെന്ന്‌ കരുതുകയും ആ അറിവ്‌ മാത്രമാണ്‌ ശരിയെന്ന്‌ വിലയിരുത്തുകയും ചെയ്‌ത അവര്‍ ക്രിസ്‌തുവില്‍ നിന്ന്‌ പുറപ്പെട്ട വചനം ശ്രവിക്കാന്‍ മാത്രം തുറവിലുള്ളവരായിരുന്നില്ല. ആ ഇടുങ്ങിയ മനോഭാവം ഉള്ളവര്‍ ഗുരുക്കന്മാരല്ല ജീവിക്കുന്ന ദൈവത്തിന്റെ വചനത്തോട്‌ തുറവിയില്ലാത്തവന്‍ എത്ര അറിവുള്ളവനായാലും ദൈവത്തിന്‌ സ്വീകാര്യനല്ല. പ്രഭാഷകന്റെ വചനങ്ങള്‍ ഇത്തരത്തില്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു (പ്രഭാ 39:1-4).

മനുഷ്യനായ മിശിഹായെയും ഭൗമീകമായ ദൈവരാജ്യവും കാത്തിരുന്ന യഹൂദര്‍ക്ക്‌ തെറ്റ്‌പറ്റി. മിശിഹാ വാസ്‌തവത്തില്‍ ജനിച്ചത്‌ മനുഷ്യനായി തന്നെയാണ്‌. അവന്‍ ദാവീദിന്റെ ഭവനത്തിലാണ്‌ പിറന്ന്‌ വീണത്‌. യഹൂദര്‍ക്ക്‌ പ്രതീക്ഷിക്കാവുന്നതിലധികമായി ഒരു മാനുഷിക രാജാവിനെക്കാള്‍ ശക്തനായിരുന്നു അവന്‍. അവന്‍ രോഗികളെ സുഖപ്പെടുത്തുകയും പിശാചുക്കളെ ബഹിഷ്‌ക്കരിക്കുകയും കടലിനെ ശാന്തമാക്കുകയും ചെയ്‌തുകൊണ്ട്‌ ഈ പ്രപഞ്ചം മുഴുവനിലും തന്റെ അധികാരസീമ വ്യാപിച്ചിരിക്കുന്നുവെന്ന്‌ തെളിയിക്കുകയുണ്‌ടായി. അവന്റെ രാജ്യം ദാവീദിന്റെ ചെറിയ ഭൗതീക രാജ്യത്തെക്കാള്‍ വലുതായിരുന്നു. തന്റെ വചനങ്ങളിലൂടെ താന്‍ അനാദി മുതല്‍ ഉണ്‌ടായിരുന്നവനാണെന്ന്‌ അവന്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തു (അബ്രഹത്തിന്‌ മുന്‍പ്‌ ഞാനുണ്‌ട്‌ (യോഹ.8:58), ആദിയില്‍ വചനമുണ്‌ടായിരുന്നു (യോഹ 1:1), അവന്‍ ദാവീദിന്റെ വംശത്തില്‍ പിറന്നവനാണ്‌ (റോമ 1:3:4). എങ്കിലും പ്രവാചകന്‍ സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുകയില്ല എന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കിക്കൊണ്‌ട്‌ അവന്റെ കാലഘട്ടത്തില്‍ അവനോടൊത്ത്‌ ജീവിച്ചിരുന്ന, വചനം പഠിച്ച, നേതാക്കന്‍മാര്‍ക്ക്‌ അവനെ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. അതിന്റെ കാരണം തങ്ങള്‍ക്കെല്ലാം അറിയാമെന്ന അവരുടെ (ഗുരു) മനോഭാവമായിരുന്നു. അതിനെയാണ്‌ കര്‍ത്താവ്‌ സുവിശേഷത്തിന്റെ രണ്‌ടാം ഭാഗത്ത്‌ ചോദ്യം ചെയ്യുന്നത്‌.

കര്‍ത്താവിന്റെ വാക്കുകളില്‍ നിന്ന്‌ ഒരു കാര്യം വ്യക്തിമാണ്‌. ഫരിസേയര്‍ പഠിപ്പിക്കുന്നത്‌ പ്രാവര്‍ത്തികമാക്കിയിരുന്നില്ല. വചനത്തേക്കുറിച്ചും ദാവീദിനേക്കുറിച്ചും ദാവീദിനോടുള്ള ദൈവത്തിന്റെ വാഗ്‌ദാനത്തേക്കുറിച്ചും സങ്കീര്‍ത്തങ്ങളേക്കുറിച്ചുമെല്ലാം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌ത അവര്‍ വചനത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയിരുന്നില്ല. മാത്രമല്ല തങ്ങള്‍ക്കറിയാവുന്ന വചനവും പാരമ്പര്യവും അന്യര്‍ക്ക്‌ ഭാരമാകുന്ന വിധത്തില്‍ വ്യാഖ്യാനിക്കുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്‌തിരുന്നു. അവര്‍ കെട്ടിവയ്‌ക്കുന്ന ഭാരം അവരുടെ പാരമ്പര്യത്തേക്കുറിച്ചുള്ളതാണെന്ന്‌ മത്തായിയുടെ സുവിശേഷം 15-ാം ആധ്യായം വ്യക്തമാക്കുന്നു (അപ്പ 15:10, 28, കൊറി 7:28 കാണുക). ആന്തരികതയില്ലാത്ത വചനവ്യാഖ്യാനം ഭാരമേറിയ ചുമടായി അനുഭവപ്പെടുക സ്വാഭാവികം. നേരെമറിച്ച്‌ ദൈവത്തെ പിതാവായി കണ്‌ട ക്രിസ്‌തുവിന്റെ നുകം ലഘുവാണെന്ന്‌ അവിടുന്ന്‌ പഠിപ്പിക്കുന്നു (മത്താ 11:28-30). ഇത്‌ അവന്‍ വചനത്തെ ലാഘവബുദ്ധിയോടെ കണ്‌ടതുകൊണ്‌ടല്ല മറിച്ച്‌ ദൈവത്തെ പിതാവായി കണ്‌ടതുകൊണ്‌ടാണ്‌ (മത്താ 51:7-48). ദൈവത്തെ പിതാവായി കാണുന്നവന്‌ ദൈവത്തിന്റെ മനോഭാവം സ്വന്തമാക്കാന്‍ കഴിയുകയും. അവന്റെ വചനം മാധുര്യമുള്ളതായിത്തീരുകയും ചെയ്യും.

ക്രിസ്‌തുവിലേക്ക്‌ നയിക്കാത്ത വചനവ്യാഖ്യാനത്തെ തിരസ്‌കരിച്ചതിനുശേഷം പിതാവിന്റെ ഹിതത്തിനു മുമ്പില്‍ സ്വയം വിനീതനാക്കുന്ന താനാണ്‌ യഥാര്‍ത്ഥ ഗുരുനെന്ന്‌ നിശബ്ദതയിലൂടെയും പീഡകളിലൂടെയും തെളിയിച്ചുകൊണ്‌ട്‌ തന്നെ സ്വീകരിക്കാത്ത ആരും ഗുരുക്കന്മാരല്ല എന്ന്‌ അവിടുന്ന്‌ പ്രഖ്യാപിക്കുന്നു. പറയുന്നത്‌ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവനാണ്‌ ഗുരു. പറയുന്നത്‌ പ്രവര്‍ത്തിക്കാത്ത ഫരിസേയരുടെ ജീവിതം അനുകരിക്കരുതെന്ന്‌ കര്‍ത്താവ്‌ അരുള്‍ ചെയ്യുന്നു. നിങ്ങള്‍ ആരെയും പിതാവെ എന്ന്‌ വിളിക്കരുതെന്ന്‌ പറയുന്നതിന്റെ അര്‍ത്ഥവും ഇതുതന്നെ. പഴയ നിയമകാലത്ത്‌ വചനം പഠിപ്പിച്ചിരുന്ന ഗൂരുക്കന്മാരെ പിതാക്കന്മാരായും ശിഷ്യന്മാരെ അവരുടെ മക്കളായും കരുതിയിരുന്നു (സുഭാ 1:9). അതുപോലെതന്നെ വലിയ പ്രവാചകന്‍മാരെ ശിഷ്യന്‍മാരുടെ പിതാക്കന്‍മാരായാണ്‌ കരുതിയിരുന്നത്‌ (2രാജ 2:12). പിതാവേ എന്ന്‌ ആരേയും വിളിക്കരുത്‌ എന്ന്‌ പറയുന്നതിന്‌ നമ്മുടെ ഭൗതീക പിതാക്കനാരെയോ ആത്മീയ പിതാക്കന്മാരെയോ അപ്രകാരം വിളിക്കരുതെന്നര്‍ത്ഥമില്ല. തങ്ങള്‍ക്ക്‌ ജന്മം നല്‍കിയവരെ പിതാക്കന്മാര്‍ എന്നുതന്നെയാണ്‌ വചനം വിശേഷിപ്പിക്കുന്നത്‌. തങ്ങള്‍ പഠിച്ചു വച്ച പാരമ്പര്യങ്ങള്‍ യാന്ത്രികമായി പഠിക്കുകയും ഈ ജീവിതം അസ്വസ്ഥമാക്കുകയും ചെയ്യുന്ന ഫരിസേയ ഗുരുക്കന്മാരെയാണ്‌ പിതാവ്‌ എന്ന്‌ വിളിക്കരുത്‌ എന്ന്‌ കര്‍ത്താവ്‌ അരുളിചെയ്‌തത്‌.

കര്‍ത്താവിന്റെ ഈ വചനങ്ങള്‍ സഭാ ശത്രുക്കള്‍ സഭയ്‌ക്കെതിരെ പ്രയോഗിക്കുന്നത്‌ കാണാം. എന്നാല്‍ സഭയിലെ ഹയരാര്‍ക്കിക്കല്‍ അധികാരം കര്‍ത്താവിന്റെ മനസ്സില്‍ തന്നെയുണ്‌ടായിരുന്നതാണ്‌ എന്ന്‌ കരുതുന്നതില്‍ തെറ്റില്ല. കര്‍ത്താവ്‌ പത്രോസിനെ തന്റെ സഭയെ ഭരണം ഏല്‍പ്പിക്കുന്നത്‌ കാണാം. ഗത്സമേനിയിലെ അവന്റെ ആകുലതയുടെ നേരത്ത്‌ തന്റെ ഏറ്റവും അടുത്തുള്ള മൂന്ന്‌ ശിഷ്യന്മാരെ കൂടെകൊണ്ടുപോകുന്നത്‌ കാണാം. തന്റെ അപ്പസ്‌തോലന്മാരായ 12 പേരെ തെരഞ്ഞെടുക്കുന്നത്‌ കാണാം. തനിക്ക്‌ മുമ്പേ സന്ദേശമറിയിക്കാന്‍ 12 ശിഷ്യന്മാരെ അറിയിക്കുന്നത്‌ കാണാം. സഭയിലുള്ള വ്യത്യത്ഥ സ്ഥാനങ്ങളെക്കുറിച്ച്‌ കര്‍ത്താവിന്‌ ചിന്തയുണ്‌ടായിരുന്നു എന്ന്‌ തന്നെ കരുതാം (ജോബ്‌ 17:14, റോമ 4:11, ഉല്‍പ്പ 4:18, ന്യായ 17:10, യോഹ 2:13). നമ്മുടെ ഭൗതീക പിതാക്കമ്മാരും ക്രിസ്‌തുവിനേക്കുറിച്ച്‌ നമ്മുക്ക്‌ അറിവ്‌ പകര്‍ന്നു നല്‍കുന്ന ആത്മീയ പിതാക്കമ്മാരും ദൈവത്തിന്റെ പിതൃത്വത്തിന്‌ എതിരല്ല. ദൈവത്തെ പിതാവായി കാണിച്ച്‌ തരാന്‍ വേണ്‌ടിവന്ന ക്രിസ്‌തുവിനെ തങ്ങളുടെ മാനസിക നിലപാടുകളുടെ പേരില്‍ സ്വീകരിക്കാന്‍ കഴിയാതെപോയ ഫരിസേയര്‍ ദൈവത്തിന്റെ പിതൃത്വം ഉള്‍ക്കെള്ളാന്‍ കഴിയാത്തവരായിതീര്‍ന്നു എന്നാണ്‌ വാസ്‌തവം.
- ആ ക്രിസ്‌തുവിനെപ്പോലെ തന്നത്താന്‍ എളിമപ്പെടുത്താന്‍ കഴിവുള്ളവനാണ്‌ ഗുരു.
- ക്രിസ്‌തുവിനെപ്പോലെ ദൈവത്തെ പിതാവായി സ്വീകരിക്കാന്‍ കഴിവുള്ളവനാണ്‌ ഗുരു.
- ക്രിസ്‌തുവിനെപ്പോലെ താന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിവുള്ളവനാണ്‌ ഗുരു.
- ദൈവപിതാവിന്റെ സ്‌നേഹത്തിലധിഷ്‌ഠിതമായ നിയമം പഠിപ്പിക്കുന്നവനാണ്‌ ഗുരു.
- ക്രിസ്‌തുവിലേക്ക്‌ അന്യരെ നയിക്കാന്‍ കഴിയുന്നവിധത്തില്‍ വചനം ഉള്‍ക്കൊള്ളുന്നവനാണ്‌ ഗുരു.
- സത്യത്തിനു മുന്നില്‍ മുന്‍വിധികളുമായി നില്‍ക്കുന്നവന്‍ ഗുരുവല്ല.

(ക്രിസ്‌തുവാകുന്ന വലിയ ഗുരുനാഥന്റെ യഥാര്‍ത്ഥ ശിഷ്യന്മാരാകാനും ദൈവീകജ്ഞാനത്തില്‍ ഗുരുവിനെപ്പോലെ വളരാനും നമുക്കിടയാകട്ടെ.

ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download Sermon 2010

Sermon 2009
ഇന്ന്‌ പള്ളിക്കൂദാശാക്കാലം 4- ഞായര്‍. വിശുദ്ധ കുരിശിലെ ബലിയിലൂടെ, സ്വരക്തം വിലയായി നല്‍കിക്കൊണ്‌ട്‌ ലോകരക്ഷ സാധിച്ച മിശിഹായെ അവന്റെ മണവാട്ടിയായ സഭ, നിരന്തര സ്‌തുതികളാലും ആത്മ വിശുദ്ധീകരണത്താലും, നേരിട്ടു ദര്‍ശിക്കാനൊരുങ്ങുന്ന കാലഘട്ടമാണ്‌പള്ളിക്കൂദാശക്കാലം. സഭയുടെ ഈ യുഗാന്ത്യോന്മുഖ ദര്‍ശനത്തിന്റെ പൂര്‍ണതയാണ്‌ മിശിഹായുടെ രാജത്വത്തില്‍ നാം ദര്‍ശിക്കുന്നത്‌. സ്വര്‍ഗ്ഗത്തില്‍ പിതാവിന്റെ വലതുഭാഗത്തിരിക്കുന്ന, അന്തിമ നാളില്‍ മഹിമയോടെ വാനമേഘങ്ങളില്‍ ആഗമനാകുന്ന നീതിയുടെ രാജാവിനെയാണ്‌ നാമിന്ന്‌ അനുസ്‌മരിക്കുന്നത്‌. ഈ ദിനത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു.

ആദിമകാലം മുതലേ മിശിഹായുടെ സഭ സമരസഭയായിരുന്നു. അവള്‍ എന്നും പോരാടികൊണ്‌ടേയിരുന്നു. വിശ്വാസം സംരക്ഷിക്കാന്‍, പാഷണ്ഡതകളെയും ശീശ്‌മകളെയും പരാജയപ്പെടുത്താന്‍, പ്രതികൂല രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍, സര്‍വ്വോപരി കര്‍ത്താവിന്റെ തിരുവചനത്തെ മാനവഹൃദയങ്ങളിലേയ്‌ക്കെത്തിക്കാന്‍, സഭയും മാര്‍പ്പാപ്പമാരും നിരന്തരം ലോകത്തെ ഉദ്‌ബോധിപ്പിച്ചു. "ദൈവത്തിലേയ്‌ക്ക്‌ മടങ്ങുക, ക്രിസ്‌തുവിലേയ്‌ക്ക്‌ മടങ്ങുക". മാനവഹൃദയങ്ങളില്‍ അവിടുത്തെ സിംഹാസനം പുതുക്കി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 1925-ല്‍ പതിനൊന്നാം പീയൂസ്‌ പാപ്പാ മിശിഹായുടെ രാജത്വ തിരുനാള്‍ സ്ഥാപിച്ചു. മിശിഹായുടെ സര്‍വ്വാധിപത്യത്തെ പ്രഘോഷിക്കുന്ന ദിനമാണിത്‌. ഇവിടെ നാമനുസ്‌മരിക്കുന്നത്‌ രക്ഷാകര ചരിത്രത്തിലെ ഏതെങ്കിലുമൊരു സംഭവമല്ല, മറിച്ച്‌ ഒരു ആശയമാണ്‌. എല്ലാ വ്യക്തികളുടെയും കുടുംബങ്ങളുടെയും രാഷ്ട്രങ്ങളുടെയും ലോകം മുഴുവന്റെയുംമേല്‍ അവിടുത്തേയ്‌ക്ക്‌ അധികാരമുണ്‌ടെന്ന വസ്‌തുതയാണ്‌ നാമിവിടെ അനുസ്‌മരിക്കുന്നത്‌.

രാജത്വതിരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ഏതൊരു സാധാരണ വിശ്വാസിയുടെയും ഹൃദയത്തിലുയരാവുന്ന ചില ചോദ്യങ്ങളുണ്‌ട്‌. വെറുമൊരു കുറ്റവാളിയെപ്പോലെ കുരിശിലേറിയവന്‍ എങ്ങനെയാണ്‌ രാജാവാകുക? അവന്‍ ഏതു രാജ്യമാണ്‌ സ്ഥാപിച്ചത്‌? അവന്റെ രാജത്വത്തിന്റെ അടിസ്ഥാനമെന്ത്‌?

അവന്‍ രാജാവുതന്നെ, സംശയമില്ല. (1) സങ്കീര്‍ത്തനങ്ങളിലും പ്രവാചക ഗ്രന്ഥങ്ങളിലും ദൈവത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പ്രധാന വിശേഷണം 'രാജാവ്‌' എന്നായിരുന്നു. ഒരു രാജാവിന്റെ ഏക പുത്രന്‍ രാജാവാണ്‌ എന്നു പറയുന്നതില്‍ യുക്തിഹീനമായി ഒന്നും തന്നെയില്ല.

(2) 110-ാം സങ്കീര്‍ത്തനത്തില്‍ നാം ഇപ്രകാരം വായിക്കുന്നു, "ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തു ഭാഗത്തിരിക്കുക. കര്‍ത്താവ്‌ സിയോനില്‍ നിന്ന്‌ നിന്റെ അധികാരത്തിന്റെ ചെങ്കോല്‍ അയയ്‌ക്കും" (സങ്കീ 110, 1-2). ഇവിടെ 'വലതുഭാഗത്തിരിക്കുക' എന്നുപറയുന്നത്‌ മിശിഹായ്‌ക്കു സംലബ്ധമാകുന്ന രാജത്വത്തെക്കുറിച്ചുള്ള പ്രവചനമാണെന്നാണ്‌ വിശുദ്ധ ഗ്രന്ഥവ്യാഖ്യാതാക്കള്‍ പറയുന്നത്‌. അധികാരത്തിന്റെ ചെങ്കോല്‍ രാജത്വത്തിന്റെ പ്രതീകവും.

(3) ദൈവരാജ്യം ഭൂമിയില്‍ സംസ്ഥാപിക്കുക എന്നതായിരുന്നു അവിടുത്തെ മനുഷ്യാവതാരത്തിന്റെ ലക്ഷ്യം. പിതാവ്‌ ഏല്‌പിച്ച ഈ ദൗത്യം അവിടുന്ന്‌ ഏറെ വിശ്വസ്‌തതയോടെ നിറവേറ്റുകയും ചെയ്‌തു. അപ്പോള്‍ നമുക്ക്‌ തീര്‍ച്ചയായും പറയാനാകും, അവിടുന്ന്‌ സ്ഥാപിച്ച രാജ്യത്തിന്റെ അവകാശി അവിടുന്നു തന്നെ.

(4) ഈശോ ലോകത്തിലേയ്‌ക്ക്‌ വന്നത്‌ രാജത്വം നേടാന്‍ തന്നെയായിരുന്നു. തന്റെ സഹനത്തിലൂടെ, കുരിശു മരണത്തിലൂടെ ഐഹികമല്ലാത്ത ആ രാജ്യത്തിലെ രാജപദവി അവന്‍ നേടി (cf. ഫിലി 2, 8-10; ലൂക്കാ 24, 26).

ഈശോയുടെ രാജത്വത്തിലേയ്‌ക്ക്‌ വിരല്‍ചൂണ്‌ടുന്ന വിവിധ പരാമര്‍ശങ്ങള്‍ നമുക്ക്‌ പുതിയ നിയമത്തിലും പഴയ നിയമത്തിലും കാണാം. വാനമേഘത്തില്‍ ആഗതനാകുന്ന മനുഷ്യപുത്രനും (ദാനി 7, 13-14) സുസ്ഥിര രാജ്യം അവകാശമാക്കുന്ന ദാവീദിന്റെ പുത്രനും (2സാമു 7, 12-14) പഴയ നിയമത്തിലുള്ള രണ്‌ട്‌ ഉദാഹരണങ്ങളാണ്‌. 'കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവ്‌ അനുഗ്രഹീതന്‍' എന്ന ജനങ്ങളുടെ സാക്ഷ്യവും (ലൂക്കാ 19, 38) നീ 'ഇസ്രായേലിന്റെ രാജാവാണ്‌' എന്ന നഥാനയേലിന്റെ വാക്കുകളും (യോഹ 1, 49) പുതിയ നിയമ പരാമര്‍ശങ്ങള്‍. അവിടുത്തെ രാജത്വത്തെ ശത്രുക്കള്‍പോലും പരോക്ഷമായി അംഗീകരിക്കുന്നതിനാലാവാം മുള്‍ക്കിരീടം ധരിപ്പിച്ച്‌ അവിടുത്തെ പരിഹാസ രാജാവാക്കിയത്‌.

എന്താണ്‌ മിശിഹായുടെ രാജത്വത്തിന്റെ പ്രത്യേകതകള്‍?

(1) മിശിഹായുടെ രാജത്വം സ്വാതന്ത്ര്യം നല്‍കുന്ന രാജത്വമാണ്‌. പരമമായ സ്വതന്ത്ര്യം നമുക്ക്‌ അനേകം രാജാക്കന്മാരെ ചരിത്രത്താളുകളില്‍ ദര്‍ശിക്കാനാകും, ഏറെ നന്മകള്‍ ചെയ്‌തു കടന്നുപോയ രാജാക്കന്മാര്‍. എന്നാല്‍ അവരിലാരും തന്നെ തനിക്കെതിരായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം പ്രജകള്‍ക്കു നല്‍കിയിരുന്നില്ല. എന്നാല്‍ ദുഷ്ടന്റെയും ശിഷ്ടന്റെയും മേല്‍ ഒരു പോലെ സൂര്യനെ ഉദിപ്പിക്കുകയും മഴ പെയ്യിക്കുകയും ചെയ്യുന്ന നമ്മുടെ മിശിഹാരാജന്‍ പാപം ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും നമുക്ക്‌ തരുന്നുണ്‌ട്‌. അനുതപിച്ച്‌ അവിടുത്തെ പക്കലണഞ്ഞാല്‍ വാരിപ്പുണരുന്ന സ്‌നേഹമാണ്‌ അവിടുന്ന്‌.

(2) ശിക്ഷ നല്‍കുന്നതിനേക്കാള്‍ ഏറ്റെടുക്കുന്ന രാജത്വം.

കുറ്റം ചെയ്യുന്നവനെ ശിക്ഷിക്കുക എന്നതാണ്‌ രാജധര്‍മ്മം. ഈ ധര്‍മ്മം അനുഷ്‌ഠിച്ചവരാണ്‌ ചരിത്രഗ്രന്ഥങ്ങളിലെ രാജാക്കന്മാരെല്ലാം. എന്നാല്‍ നമ്മുടെ രാജന്‍ പാപഭാരം മുഴുവന്‍ സ്വയം ഏറ്റെടുക്കുകയും സ്വന്തശരീരത്തില്‍ അവയ്‌ക്ക്‌ പരിഹാരമനുഷ്ടിക്കുകയും ചെയ്‌തവനാണ്‌.

(3) യുദ്ധക്കളത്തില്‍ ഒറ്റയ്‌ക്കു പോരാടുന്ന രാജാവ്‌.

ശത്രുക്കള്‍ക്കെതിരെ സൈന്യത്തെ അയച്ചിട്ട്‌ രഹസ്യ സങ്കേതത്തില്‍ ഒളിച്ചുപാര്‍ക്കുന്ന ഭീരുവല്ല, ശത്രുകള്‍ക്കെതിരെ സുസജ്ജമായ സൈന്യത്തോടെ പടനയിക്കുന്ന പോരാളിയുമല്ല, മറിച്ച്‌്‌, തള്ളക്കോഴി കുഞ്ഞുങ്ങളെയെന്നപോലെ നമ്മെയോരോരുത്തരെയും തന്റെ സംരക്ഷണയിലാക്കിയിട്ട്‌ ആദിമ ശത്രുവിനോട്‌ ഒറ്റയ്‌ക്കു പോരാടുന്ന ദൈവപുത്രനാണ്‌ നമ്മുടെ മിശിഹാ രാജന്‍.
ഈ രാജാവിന്റെ ഐഹികമല്ലാത്ത രാജ്യത്തിലേയ്‌ക്കാണ്‌ നാമോരുരുത്തരും ക്ഷണിക്കപ്പെട്ടിരിക്കുന്നത്‌. അവിടുത്തെ രാജ്യം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും? ബനഡിക്ട്‌ 16-ാമന്‍ പാപ്പാ നല്‍കുന്ന ഉത്തരമിതാണ്‌.

"സുവിശേഷ സന്ദേശത്തിനനുസൃതമായി നാം സഹോദര സ്‌നേഹം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ നാം ദൈവിക ആധിപത്യത്തിന്‌ ഇടം കൊടുക്കുകയാണ്‌, ദൈവരാജ്യം യാഥാര്‍ത്ഥ്യമാക്കുകയാണ്‌. ഈ ദൈവരാജ്യമെന്നു പറയുന്നത്‌ നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്‌ (റോമ 14, 17). ഈ കൂട്ടായ്‌മയിലേയ്‌ക്ക്‌ കപടനാട്യക്കാര്‍ക്ക്‌ പ്രവേശനമില്ല. അവിടുത്തെ വചനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അനുദിനം പരിശ്രമിക്കുന്നവര്‍ക്കു മാത്രമേ അവിടെ പ്രവേശനമുള്ളൂ.

റവ. മാത്യു ശൗര്യാംകുഴി
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download 2009

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home