Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
പെസഹാവ്യാഴം
Readings: Exodus 12:1-20; Zechariah 11:12-13+12:9-14; 1Corinthians 11:23-34; Matthew 26:1-5 + 14-20
ഈശോയില്‍ സ്‌നേഹമുള്ളവരെ,

യേശുനാഥന്‍, സ്‌നേഹത്തിന്റെ അടയാളമായി വി. കുര്‍ബാന സ്ഥാപിക്കുകയും, പാദങ്ങള്‍ കഴുകിക്കൊണ്‌ട്‌ എളിമയുടെ മാതൃക കാണിക്കുകയും ചെയ്‌ത പുണ്യദിനമാണിന്ന്‌.

പഴയ നിയമത്തിലെ പെസഹായുടെ പൂര്‍ത്തീകരണമാണ്‌ പുതിയ നിയമപെസഹാ. പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും പെസഹാ ഒരു കടന്നുപോകലിന്റെ കഥയാണ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌. അടിമകളുടെ അസ്വാതന്ത്ര്യത്തില്‍ നിന്നും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുപോകലാണ്‌ പഴയനിയമ പെസഹായെങ്കില്‍ പുതിയനിയമത്തില്‍ അത്‌ ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്കുള്ള മിശിഹായുടെ കടന്നുപോകലിന്റെ ഒരുക്കമാണ്‌. മരണത്തില്‍ നിന്നും മരണമില്ലായ്‌മയിലേക്കുള്ള ഒരുക്കം; ദൈവീക സമാനതയില്‍ നിന്നും മനുഷ്യന്റെ നിസ്സാരതകളിലേക്കുള്ള ഒരു കടന്നുപോകലിന്റെ ഒരുക്കം.

നമ്മുടെ ജീവിതത്തില്‍ ചില കടന്നുപോകലുകള്‍ ആവശ്യമാണ്‌. വ്യക്തിപരമായ ജീവിത തിന്മകളില്‍നിന്നും ക്രിസ്‌തുവിന്റെ ജീവിത നന്മകളിലേക്കു കടന്നുവന്ന്‌ മിശിഹായെ സ്വന്തമാക്കാന്‍ ഈ പെസഹ നമ്മെ ക്ഷണിക്കുന്നു. ചിന്തകളിലെ തിന്മ, ഞാനെന്ന ഭാവം, വിദ്വേഷം, ക്ഷമിക്കാനാവാത്ത ഹൃദയത്തിന്റെ ഭാവം, ഭോഗാസക്തി, അവിശ്വസ്‌തമായ ജീവിതം, വിശ്വാസ ജീവിതത്തിലെ വീഴ്‌ചകള്‍ തുടങ്ങിയവയില്‍ നിന്ന്‌ ഒരു കടന്നുപോകല്‍ ആവശ്യമാണ്‌. ദൈവത്തിനെതിരെ പിറുപിറുക്കുന്ന ഇസ്രായേല്‍ ജനത്തെപോലെ ഞാനും അനുഗ്രഹദായകമായ ജീവിത തിന്മകളിലേക്ക്‌ മടക്ക യാത്ര നടത്തുന്നു. ഇതിനു കാരണമെന്താണ്‌...? നമുക്ക്‌ ചിന്തിക്കാം.

പെസഹാ നമുക്ക്‌ നല്‍കിയ മറ്റൊരു സമ്മാനമാണ്‌ ദിവ്യകാരുണ്യം. സ്വര്‍ഗ്ഗത്തില്‍നിന്ന്‌ ജീവനുള്ള അപ്പമായി ഈശോ ഇറങ്ങിവന്ന ദിനമാണ്‌ പെസഹാ: പഴയ നിയമത്തില്‍ പെസഹാ നിരാശയുടെയും കഷ്ടതയുടെയും നാളുകള്‍ക്ക്‌ അറുതി കുറിച്ച യാത്രാ ഭക്ഷണമായിരുന്നു.... മനുഷ്യന്റെ സമസ്‌ത പാപങ്ങളിലേക്കും ദു:ഖങ്ങളിലേക്കുമുള്ള ദൈവത്തിന്റെ കടന്നുവരലാണ്‌ പുതിയ നിയമത്തിലെ പെസഹായായ വി. കുര്‍ബാന.

പല കുടുംബനാഥന്‍മാരും മരണ സമയത്ത്‌ തന്റെ മക്കളെ വിളിച്ചിരുത്തി ചില ഉപദേശങ്ങളും വരങ്ങളും നല്‍കാറുണ്‌ട.്‌ ഇതുപോലെ ഈശോനാഥന്‍ ശിഷ്യരെ അടുത്തിരുത്തി സ്‌്‌നേഹത്തിന്റെയും ഐക്യത്തിന്റെതുമായ ഉപദേശങ്ങള്‍ കൊടുത്തു. ഈശോനാഥന്‍ വി.കുര്‍ബാന സ്ഥാപനത്തിലൂടെയും, ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകുന്നതിലൂടെയും ശൂന്യവല്‍ക്കരണത്തിന്റെതായ വലിയ പാഠങ്ങള്‍ ലോകത്തിനു നല്‍കുകയായിരുന്നു. ബിഷപ്പ്‌ ഫുള്‍ട്ടന്‍ഷീന്‍ പ്രസ്‌താവിക്കുന്നതു പോലെ കാലുകഴുകല്‍ കര്‍മ്മത്തില്‍ ഏഴ്‌ വലിയ കാര്യങ്ങള്‍ അന്തര്‍ഭവിച്ചിട്ടുണ്‌ട്‌. എണീറ്റ്‌, മേലങ്കിമാറ്റി, തൂവാലയെടുത്ത്‌, അരയില്‍ ചുറ്റി, താലത്തില്‍ വെള്ളമെടുത്ത്‌, ശിഷ്യന്‍മാരുടെ കാല്‌പാദങ്ങള്‍ കഴുകി, തുവാല കൊണ്‌ടു തുടച്ചു. മനുഷ്യാവതാരമെന്ന മഹാരഹസ്യം ഇതുതന്നെയാണ്‌ വെളിപെടുത്തുക. പിതാവിനോടു സമാനത പുലര്‍ത്തിക്കൊണ്‌ടു പിതാവിന്റെ മടിയില്‍ കഴിയുന്ന പുത്രന്‍, 'അവിടെ നിന്നെണീറ്റ്‌ ലോകത്തിലേക്ക്‌ ്‌ കടന്നവന്നു; മറിയത്തില്‍ നിന്നു ശരീരം സ്വീകരിച്ച്‌, തന്റെ രക്തം കൊണ്‌ട്‌, മനുഷ്യരുടെ പാപക്കറകള്‍ കഴുകിത്തുടച്ചു. ഈ ആത്മ ദാനത്തിന്റെയും ശൂന്യവല്‍ക്കരണത്തിന്റെയും പാഠങ്ങളാണ്‌ യേശു ജനനം മുതല്‍ മരണം വരെ പഠിപ്പിച്ചത്‌. വി. പൗലോസ്‌ ഫിലിപ്പിയര്‍ക്ക്‌ എഴുതിയ ലേഖനം 2:6-ല്‍ പറഞ്ഞുവെക്കുന്നതും ഇത്‌ തന്നെയാണ്‌.

വി. യോഹന്നാന്‍ 13:14-ല്‍ പറയുന്നു `നിങ്ങളും പരസ്‌പരം പാദങ്ങള്‍ കഴുകണം'. ഈശോ ശിഷ്യരോട്‌ പറഞ്ഞ അതേ വാക്കുകള്‍ നിങ്ങളോടും ആവര്‍ത്തിക്കുന്നു. വിവാഹ ജീവിതത്തിലുള്ള ഭാര്യാഭര്‍ത്താക്കന്‍മാരുടെ സഹകരണം ഒരു പാദം കഴുകലിന്റെയും ശൂന്യവല്‍കരണത്തിന്റെയും വേദിയാണൊരുക്കുന്നത്‌. കുട്ടികള്‍ മാതാപിതാക്കളെയും ഗുരുഭൂതരെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോള്‍ ഒരു എളിമപ്പെടലാണ്‌ സാദ്ധ്യമാകുന്നത്‌. വി. ലൂക്കാ 22:26-ല്‍ പറയുന്നു. `നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെ ആയിരിക്കണം'. ഇന്ന്‌ അധികാര സ്ഥാനത്ത്‌ ഇരിക്കുന്നവര്‍ക്ക്‌ പലപ്പോഴും ശുശ്രൂഷകരാകാന്‍ സാധിക്കുന്നില്ല. തങ്ങളുടെതായ സ്വാര്‍ത്ഥതയുടെയും, അഹങ്കാരത്തിന്റെയും കെട്ടുകളില്‍ കുരുങ്ങി കഴിയുകയാണ്‌ അവരില്‍ പലരും. ഇവിടെ ഈശോയുടെ ശുശ്രൂഷ മനോഭാവം അധികാരികള്‍ക്ക്‌ ഒരു വെല്ലുവിളിയായി മാറുന്നു.

പെസഹാതിരുനാളില്‍ ഈശോ സ്ഥാപിച്ച രണ്‌ട്‌ കൂദാശകളാണ്‌ പരി. കുര്‍ബാനയും, പൗരോഹിത്യവും. പെസഹായെക്കുറിച്ച്‌ ധ്യാനിക്കുമ്പോള്‍ ഈ രണ്‌ട്‌ കൂദാശകളെപ്പറ്റിയും വിചിന്തനം നടത്തേണ്‌ടിയിരിക്കുന്നു. വി. യോഹ 15:13-ല്‍ പറയുന്നു `സ്‌നേഹിതനു വേണ്‌ടി ജീവന്‍ ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹമില്ല'. യേശുവിന്റെ ഈ സ്‌നേഹം അതിന്റെ പരകോടിയിലെത്തുന്നത്‌ വി. കുര്‍ബാനയുടെ സ്ഥാപനത്തിലൂടെയാണ്‌. വി. കുര്‍ബാനയിലൂടെ `പരസ്‌പരം സ്‌നേഹിക്കുവിന്‍' (യോഹ 15:33) എന്ന വലിയ ആഹ്വാനം ഈശോ നമുക്ക്‌ തരുന്നു. നാം നമ്മുടെ സഹോദരങ്ങളെ എപ്രകാരമാണ്‌ സ്‌നേഹിക്കുന്നത്‌? കുടുംബ ജീവിതത്തില്‍ വി. കുര്‍ബാനയുടെ ചൈതന്യമായ സ്‌നേഹം നിലനിര്‍ത്താന്‍ സാധിക്കുന്നുണ്‌ടോ? ദൈവിക ദാനത്തിന്റെ ഏറ്റവും ഉന്നതവും ഉദാത്തവുമായ ഉദാഹരണമായി വി. കുര്‍ബാന നിലകൊള്ളുന്നു. വി. ലൂക്കാ 22:19-ല്‍ വായിക്കുന്നു. `ഇത്‌ നിങ്ങള്‍ക്കു വേണ്‌ടി നല്‍കപ്പെടുന്ന എന്റെ ശരീരമാകുന്നു'. ഈശോ സ്വന്തം ശരീരം നമ്മുടെ രക്ഷക്കായി നല്‌കിയിരിക്കുന്നു. അതുപോലെ നാമും അവശകര്‍ക്ക്‌ ആലംബമായി, വേദനിക്കുന്നവര്‍ക്ക്‌ സാന്ത്വനമായി, പാവപ്പെട്ടവര്‍ക്ക്‌ അത്താണിയായി മാറണം. എങ്കിലേ വി. കുര്‍ബാന എന്റെ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ മാറ്റത്തിനു കാരണമാകുകയുള്ളൂ.

വി.കുര്‍ബാനയിലൂടെ നാം യേശുവുമായി ഒന്നാകുന്നു. ഈ ഒന്നാകലിലൂടെ ക്രിസ്‌തുവാണ്‌ നമ്മില്‍ ജീവിക്കുന്നത്‌. നാം ക്രിസ്‌തുവിന്റെ ശരീരമായി മാറുന്നു. ക്രൂശിതനായ ക്രിസ്‌തുവിലേക്ക്‌ താന്‍ ലയിച്ചു ലയിച്ചുചേരുന്നതായി വി. പൗലോസ്‌ (ഗലാ. 2:20) പറയുന്നു ഞാന്‍ ക്രിസ്‌തുവിനെ സ്വീകരിക്കുകയല്ല, ക്രിസ്‌തു എന്നെ സ്വീകരിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതുപോലെയുള്ള ഒരു മാറ്റമാണ്‌ വി. കുര്‍ബാന സ്വീകരിക്കുന്നതിലൂടെ നമ്മില്‍ ഉണ്‌ടാകേണ്‌ടത്‌.

ക്രിസ്‌തുവിന്റെ പൗരോഹിത്യം സഭയില്‍ തുടര്‍ന്നുകൊണ്‌ട്‌ പോകാന്‍ നിയോഗിക്കപ്പെട്ട വൈദികരെ പ്രത്യേകമായി അനുസ്‌മരിക്കുകയും അവര്‍ക്കുവേണ്‌ടി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്‌ട സുദിനമാണിത്‌. പൗരോഹിത്യം എന്ന കൂദാശയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക്‌ പരിശ്രമിക്കാം.

ജീവിതത്തില്‍ നിന്നുള്ള ഒരു കടന്നുപോകലിലൂടെ, ക്രിസ്‌തുവിന്റെ ജീവിത നന്മകളോളം വളര്‍ന്ന്‌ അപരനോടുള്ള സ്‌നേഹത്താല്‍, തിക്കുമുട്ടനുഭവിക്കുന്ന ഒരു ഹൃദയം സ്വന്തമാക്കി, സ്വയം പകുത്തു നല്‍കുന്ന ദിവ്യകാരുണ്യമായി മാറാന്‍ ഈ പെസഹാ നമ്മെ അനുഗ്രഹിക്കട്ടെ.

ജോസഫ്‌ കുരിശുമ്മൂട്ടില്‍

വിനയത്തിന്റെ പെസഹാ

സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ ഒരു വിരുന്നു നടത്തി. തന്റെ ശിഷ്യര്‍ക്കൊപ്പം മറ്റു പല ആദരണീയരായ വ്യക്തികളും പങ്കെടുത്ത ആ വിരുന്നിന്റെ തുടക്കം സ്വാമി മുന്നോട്ടുവന്ന്‌ അവര്‍ക്കായി ഭക്ഷണം വിളമ്പിതുടങ്ങി. ശിഷ്യര്‍ ആശ്ചര്യത്തോടെ പറഞ്ഞു: സ്വാമിജി അങ്ങ്‌ ഈ ദാസ്യവേല ചെയ്യരുത്‌. ഞങ്ങള്‍ അങ്ങേക്കു വിളമ്പിനല്‍കാം. സ്വാമിജി പറഞ്ഞു: നിങ്ങള്‍ യേശുക്രിസ്‌തുവിനെക്കുറിച്ച്‌ കേട്ടിട്ടുണ്‌ടോ? പീഡാനുഭവത്തിന്റെ തലേരാത്രിയില്‍ അവിടുന്ന്‌ അരയില്‍ കച്ചചുറ്റി ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചു. യേശു അത്‌ ചെയ്‌തെങ്കില്‍ നിസ്സാരനായ ഞാന്‍ ഇത്‌ ചെയ്യുന്നതില്‍ എന്ത്‌ അനൗചിത്യമാണുള്ളത്‌. മഗ്‌ദലന എന്ന സ്‌ത്രി തന്റെ കണ്ണീരു കൊണ്‌ട്‌ അവിടുത്തെ പാദങ്ങള്‍ തുടച്ചു. യേശുവിന്റെ കാലത്ത്‌ ഞാന്‍ ഉണ്‌ടായിരുന്നെങ്കില്‍ എന്റെ ഹൃദയരക്തം കൊണ്‌ട്‌ അവിടുത്തെ പാദം കഴുകുവാന്‍ മടിക്കുകയില്ലായിരുന്നു.

- ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കുവാനും അനേകര്‍ക്ക്‌ മോചനദ്രവ്യമായി സ്വജീവന്‍ പകര്‍ന്നു നല്‍കാനുമായി വന്ന യേശുവിന്റെ വിനയത്തിന്റെ മാതൃകയാണ്‌ പാദം കഴുകല്‍.

- വിനയമാര്‍ന്ന ഹൃദയമുള്ളതു കൊണ്‌ടാണ്‌ തന്റെ ശരീരരക്തങ്ങള്‍ മറ്റുള്ളവര്‍ക്കായി പകുത്തു നല്‍കാന്‍ അവിടുത്തേക്ക്‌ കഴിഞ്ഞത്‌.

- കേവലം നിസ്സാരമായ നമുക്ക്‌ എത്രത്തോളം വിനയപ്പെടാനും എളിമപ്പെടാനുമാകുന്നുണ്‌ട്‌്‌

- അഹങ്കാരത്തില്‍നിന്നും ഞാനെന്ന ഭാവത്തില്‍നിന്നും പൂണ്യങ്ങളിലേയ്‌ക്കുള്ള കടന്നുപോകലിന്‌ ക്രിസ്‌തുവിന്റെ ജീവിതത്തിലെ എളിമ - വിനയം - എന്നിവ നമുക്ക്‌ മാതൃകയാകട്ടെ.

ബ്ര. ജിന്‍സണ്‍ കൊട്ടിയാനിക്കല്‍.
Download Sermon 2011
Sermon 2010
കാലുകഴുകലിലെ കാതല്‍ (യോഹ 13:1-20)
ക്രിസ്‌തീയ ജീവിതചര്യയുടെ അടിസ്ഥാനമായ മൂന്ന്‌ ഭാഗങ്ങളാണ്‌ ഇന്നത്തെ ചിന്താവിഷയം. (1) വി. കുര്‍ബാന സ്ഥാപനവും പെസഹാ ആചരണവും. (2) പൗരോഹിത്യ സ്ഥാപനം. (3) കാലുകഴുകലിന്റെ ആവശ്യകത.

ഇതില്‍ കാലുകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ വി. യോഹന്നാന്‍ സുവിശേഷം 13:1-20 വിവരിക്കുന്ന ഭാഗത്തിന്റെ വിചിന്തനമാണിവിടെ നമ്മള്‍ കണ്‌ടുമുട്ടുക.

പാലസ്‌തീനായുടെ ചരിത്രത്തില്‍ യജമാനന്‍മാരുടെയും അതിഥികളുടെയും പാദങ്ങള്‍ കഴുകി അവരെ ശുദ്ധീകരിക്കുന്ന ഉത്തരവാദിത്വം ദാസന്‍മാരുടേയും അടിമകളുടേതുമായിരുന്നു. ഈ സാമൂഹിക നിലപാടിനെ തകിടം മറിച്ചുകൊണ്‌ടാണ്‌ ക്രിസ്‌തു ഒരു ദാസനായും അടിമയുമായി സ്വയം ശൂന്യവത്‌ക്കരിച്ച്‌ എളിമപ്പെട്ട്‌ വിനയത്തിന്റെ മാതൃക നല്‍കിയത്‌.

ഇതുവരെ നടത്തിയിരുന്ന കാലുകഴുകലുകളെല്ലാം തന്നെ ബാഹ്യമായ ചടങ്ങുകളായിരുന്നു എങ്കില്‍ ക്രിസ്‌തുവിന്റെ പാദക്ഷാളനം ബാഹ്യമെന്നതിനേക്കാളുപരി ആന്തരീക വിശുദ്ധീകരണമാണ്‌ നടത്തിയത്‌. ഒരമ്മ സ്വന്തം കുഞ്ഞിനെ കുളിപ്പിച്ച്‌ വൃത്തിയാക്കുന്ന സ്‌നേഹത്തിനപ്പുറം മനുഷ്യനെ വിണ്ണോളം ഉയിര്‍ത്താന്‍ വിണ്ണിന്റെ നാഥന്‍ മണ്ണോളം ഇറങ്ങുന്ന നിമിഷമാണിത്‌.

പ്രിയപ്പെട്ടവരേ, 'സ്വര്‍ഗമെന്തിനാണിങ്ങനെ വിണ്‌ടുകീറിയ പാപങ്ങളെ തൊട്ടത്‌? വചനം പറയുന്നു നിങ്ങള്‍ പരസ്‌പരം കാലുകള്‍ കഴുകാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കാനായിട്ടാണ്‌ എന്ന്‌.

പണ്ഡിതനായ ഫുള്‍ട്ടന്‍ ജെ. ഷീന്‍ (ലൈഫ്‌ ഓഫ്‌ ക്രൈസ്റ്റ്‌) പറയുന്നതിപ്രകാരമാണ്‌. ആറ്‌ ദിവസത്തിനിടയ്‌ക്ക്‌ രണ്‌ട്‌ കാലുകളുകലാണ്‌ നടന്നത്‌. 1. പാപിനിയായ മറിയം ഈശോയുടെ പാദങ്ങള്‍ കഴുകിയത്‌. 2. ഈശോ ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയത്‌. ഒന്നാമത്തെ പാദക്ഷളനം ഈശോയുടെ മരണത്തിന്‌ ഒരുക്കമായിരുന്നു എങ്കില്‍, രണ്‌ടാമത്തേത്‌ ഈശോയുടെ മരണം തന്നെയായിരുന്നു. അതായത്‌ സ്വയം ശൂന്യവത്‌ക്കരണമായിരുന്നു. ഈ ശൂന്യവത്‌ക്കരണത്തിന്റെ മൂര്‍ത്തീഭാവമാണ്‌ കുരിശില്‍ നാം ദര്‍ശിക്കുന്നതും.

ദൈവശാസ്‌ത്രജ്ഞനായ ബുള്‍ട്ട്‌മാന്റെ വ്യാഖ്യാനത്തില്‍ രണ്‌ട്‌ ബന്ധങ്ങളെയാണ്‌ ഈ സുവിശേഷഭാഗം സൂചിപ്പിക്കുന്നത്‌. ഒന്നാമതായി യേശുവും ശിഷ്യന്‍മാരും തമ്മിലുള്ള ആത്മബന്ധത്തിന്റെ, പരസ്‌പര ബന്ധത്തിന്റെ ആഴത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. കര്‍ത്താവും ശിഷ്യരും തമ്മിലുള്ള ബന്ധം ഉറപ്പിച്ചു കഴിഞ്ഞു. ഇനി ശിഷ്യന്‍മാര്‍ അതായത്‌ സഹോദരന്‍മാര്‍ തമ്മിലുള്ള ബന്ധമാണ്‌ നടക്കേണ്‌ടത്‌.

ക്രിസ്‌തുവിന്റെ ശൂന്യവത്‌ക്കരണത്തേക്കുറിച്ച്‌ ഫിലി 2:6-11 -ല്‍ പൗലോസ്‌ശ്ലീഹാ പഠിപ്പിക്കുന്നുണ്‌ട്‌. ഇത്‌ തന്നെയാണ്‌ വി. കുര്‍ബാനയില്‍ മൂന്നാം പ്രണാമജപത്തില്‍ നാം പ്രാര്‍ത്ഥിക്കുന്നതും.

ദൈവവുമായി സമാനത നിലനിര്‍ത്തേണ്‌ട കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യനായി ദാസന്റെ രൂപം സ്വീകരിച്ചു. യാമ പ്രാര്‍ത്ഥനയില്‍ ഇക്കാലത്ത്‌ നാം പാടുന്നു.

ഈശനു സമനാണെന്നാലും
ശൂന്യതയില്‍ സ്വയമാഴ്‌ന്നു നീ
ദാസന്‌ സമനായ്‌ തീര്‍ന്നു നീ
അനുസരണത്തിന്‍ മൃതിയോളം
വിനയത്തിന്‍ വിളനിലമായ്‌ നീ

ഈ ശൂന്യവത്‌ക്കരണവും കഴുകലും പഴയ നിയമത്തിലും നമുക്ക്‌ ദര്‍ശിക്കാനാവും. ആബേലിന്റെ രക്തമുപയോഗിച്ച്‌ കോപം നീക്കാന്‍ കയേന്‍ ഒരു കഴുകല്‍ നടത്തി. ദൈവ ജനത്തെ തകര്‍ക്കാന്‍ പുറപ്പെട്ട ഈജിപ്‌തുകാരെ ചെങ്കടലുപയോഗിച്ച്‌ കഴുകി നീക്കി. ഒപ്പം പാപത്തെ നീക്കാന്‍ പല ക്ഷാളനങ്ങളും ദൈവാലയത്തിലും നിലനിന്നിരുന്നു.

പുതിയ നിയമത്തിലാകട്ടെ രക്ഷകനെ തുടച്ച്‌ നീക്കാന്‍ ശിശുക്കളുടെ രക്തമുപയോഗിച്ച ഹോറോദോസ്‌ ഒരു കഴുകല്‍ നടത്തി. കുരിശു മരണത്തിനേല്‍പ്പിച്ചിട്ട്‌ പീലാത്തോസ്‌ കൈകള്‍ കഴുകി തനിക്കിതില്‍ പങ്കിലെന്ന്‌ പ്രഖ്യാപിച്ചു. പക്ഷേ ഈ ക്ഷാളനങ്ങളെല്ലാം സഹ്യവും ആരേയും രക്ഷിക്കാനോ വിശുദ്ധീകരിക്കാനോ ആവാത്തതുമായിരുന്നു. മാത്രമല്ല പാപികളും ദുഷ്‌ക്കര്‍മ്മികളുമായി അവര്‍ മാറുകയും ചെയ്‌തു. എന്നാല്‍ ക്രിസ്‌തുവിന്റെ പാദക്ഷാളനം ലോകത്തിന്റെ തന്നെ വിശുദ്ധീകരണത്തിന്‌ കാരണമായിത്തീര്‍ന്നു. കൈകള്‍ കഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ അവരേപ്പോലും വിശുദ്ധീകരിക്കാനാണ്‌ യേശു പഠിപ്പിക്കുന്നത്‌.

പാദക്ഷാളനത്തിന്റെ പ്രത്യേകത

പാദക്ഷാളനം നടത്തണമെങ്കില്‍ ഒരു മനുഷ്യന്റെ മുമ്പില്‍ താഴുന്നതിന്റെ പരമാവധിയാണത്‌. ശരീരത്തെ മുഴുവന്‍ താങ്ങൂന്ന പാദങ്ങളെ ശ്രദ്ധിച്ചാല്‍ ജീവിതത്തിന്റെ ദുര്‍നടപ്പുകള്‍ മനസ്സിലാക്കാന്‍ കഴിയും. വിണ്‌ടുകീറിയ ചെളി പിടിച്ച പാദങ്ങള്‍ക്ക്‌ പിന്നില്‍ അശ്രദ്ധമായ ജീവിതത്തിന്റെ കഥയോ കഠിനപ്രയത്‌നത്തിന്റെ അനുഭവമോ കാണാന്‍ കഴിയും. മാത്രമല്ല പാദങ്ങളെ ശ്രദ്ധിച്ച്‌ പഠിക്കുന്നവന്‌ മുഖത്ത്‌ നോക്കി തിരിച്ചറിയുന്നതുപോലെ മനുഷ്യനെ തിരിച്ചറിയാനാവും. പാദചലനത്തിന്റെ ശബ്ദത്തില്‍ പലരേയും നാം തിരിച്ചറിയാറുണ്‌ടല്ലോ. ഇത്തരുണത്തില്‍ യേശു പാദങ്ങളെ തൊട്ടു എങ്കില്‍ യേശു സ്വന്തമാക്കിയത്‌ ഓരോ ശിഷ്യനും തമ്മിലുള്ള തിരിച്ചറിവാണ്‌ വിശുദ്ധീകരണത്തിലേയ്‌ക്ക്‌ നയിക്കുന്നതും.

യേശു കഴുകിയ പാദങ്ങളുടെ പ്രത്യേകത

യേശു കഴുകിയ ശിഷ്യന്‍മാരില്‍ ഒന്നും മനസ്സിലാകാത്തവര്‍ ഉണ്‌ടായിരുന്നു. തള്ളിപ്പറയുന്ന പത്രോസ്‌ ഉണ്‌ടായിരുന്നു. ഒറ്റിക്കൊടുക്കാനിരുന്ന യൂദാസുണ്‌ടായിരുന്നു. പക്ഷേ ഒരു പാദത്തേയും യേശു ഉപേക്ഷിച്ചില്ല. അവരുടെ കുറവുകളും ബലഹീനതകളും മനസ്സിലാക്കി അവരെ കഴുകി വിശുദ്ധീകരിക്കുകയാണ്‌ യേശു ചെയ്‌തത്‌. ഇത്‌ തന്നെയാണ്‌ നമുക്കും പാഠം. ഏവരുടേയും, തന്നെ വേദനിപ്പിക്കുന്നവരെയും അനുഗ്രഹിച്ച്‌ സേവനം ചെയ്യുക. അവരെ കുറവുകളോടു കൂടെ പരിപാലിക്കുക.

കൂടാതെ നീ കഴുകേണ്‌്‌ട പാദങ്ങളേയും നിന്നെ കഴുകേണ്‌ട കൈകളേയും മനസ്സില്‍ ധ്യാനിച്ചിരിക്കണം. നീ കഴുകേണ്‌ടത്‌ ചുറ്റുമുള്ള നിന്റെ കുടുംബക്കാരുടെ, ഭാര്യയുടെ, മക്കളുടെ, സ്വന്തബന്ധക്കാരുടെ, അയല്‍ക്കാരുടെ കാലുകളാണെങ്കില്‍ നിന്നെ കഴുകേണ്‌ട കരങ്ങള്‍ ദൈവത്തിന്റേതായിരിക്കണം. അതായത്‌ കൂദാശയില്‍ നിരന്തരം നീ കഴുകി വെടിപ്പാക്കപ്പെട്ടിരിക്കണം.

പരസ്‌പരം കാലുകഴുകുക എന്ന കല്‍പ്പന ഉന്നതമാണ്‌. കാരണം പ്രായമായവരുടേയോ കുഞ്ഞുങ്ങളുടേയോ കാലുകള്‍ കഴുകുക എളുപ്പമാണ്‌ എന്നാല്‍ തന്റെ ഒപ്പം നില്‍ക്കുന്നവരെ സഹോദന്റെ മുമ്പില്‍ എളിമപ്പെടുക അവരെ സേവിക്കുക ബുദ്ധിമുട്ടേറിയ അനുഭവമാണ്‌. ഇവിടെയാണ്‌ യേശു പരസ്‌പരം ഏര്‍പ്പെടേണ്‌ടതിന്റെ ആവശ്യകത പഠിപ്പിക്കുന്നത്‌.

രണ്‌ട്‌ സംസ്‌ക്കാരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍

പുരോഗമനം മനുഷ്യനെ മൃഗമായി കാണുന്ന കാലഘട്ടത്തിലാണ്‌ നാം ഇപ്പോള്‍, അതായത്‌ 'കാലുവാരുന്ന' കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. ഇതിന്‌ തെളിവുകള്‍ പത്രത്തില്‍: സത്യമാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ സത്യം കമ്പ്യൂട്ടേഴ്‌സ്‌ അനേകരുടെ കാലുവാരി. കാവലായിരിക്കേണ്‌ട രാജ്യത്തെ തീവ്രവാദികള്‍ ഒറ്റിക്കൊടുക്കുന്നു. കാലുവാരുന്ന ബിസിനസ്സ്‌ അനുദിനം വളരുകയും ചെയ്യുന്നു.

ഈ കാലുവാരുന്ന കാലഘട്ടത്തിലാണ്‌ കാലുകഴുകലിന്റെ മഹിമ നാം മനസ്സിലാക്കേണ്‌ടത്‌. അപരന്റെ കുറവുകളെയും ബലഹീനതകളെയും മറന്ന്‌ അവനെ വിശുദ്ധീകരിക്കുക, സഹായിക്കുക, കൈപിടിച്ചുയര്‍ത്തുക, അല്ലാതെ അയല്‍ക്കാരനെ കാര്‍ന്നു തിന്നുന്ന മൃഗമായി നാം മാറരുത്‌. സ്വയം വിശുദ്ധി പ്രാപിക്കാനും അതുവഴി മറ്റുള്ളവരെ വിശുദ്ധിയിലേയ്‌ക്ക്‌ കൊണ്‌ടുവരാനും ഈ കാലഘട്ടത്തിലെ പെസഹായാചരണം ഇടയാക്കുന്നു. അതിന്‌ നമ്മെ വിശുദ്ധീകരിക്കുന്ന കൂദാശകളില്‍ നാം വിശ്വസ്‌തതയോടെ പങ്കുചേരുമ്പോഴാണ്‌ യേശുവിന്റെ കഴുകല്‍ ഇന്ന്‌ അര്‍ത്ഥവത്തായി എനിക്കനുഭവപ്പെടുക.

ജോസഫ്‌ കളമ്പുകാട്ട്‌
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി
കുന്നോത്ത്‌.

Sermon 2009

ഇന്നത്തെ വി. കര്‍മ്മങ്ങളില്‍ നാം ക്രിസ്‌തീയ സമൂഹത്തിന്റെ നിലനില്‍പ്പിന്‌ ആവശ്യമായ രണ്‌ട്‌ കാര്യങ്ങളാണ്‌ വിചിന്തന വിഷയമാക്കുന്നത്‌: കര്‍ത്താവ്‌ ശിഷ്യരുടെ പാദങ്ങള്‍ കഴുകുന്നു; വി. കുര്‍ബാന സ്ഥാപിക്കുന്നു.
പഴയനിയമ ജനത ഈജിപ്‌തില്‍ അടിമവേല ചെയ്‌ത്‌ കഷ്ടപ്പെട്ടപ്പോള്‍ ദൈവം അവരെ രക്ഷിക്കാനായി ഭൂമിയിലിറങ്ങി (പുറ 3. 7-8). ഫറവോയുടെ ശക്തിയേറിയ കരങ്ങളില്‍ നിന്ന്‌ അവരെ സ്വതന്ത്രരാക്കുകയും ആ രക്ഷാകര അനുഭവം അനുസ്‌മരിക്കാന്‍ ആണ്‌ടുതോറും പെസഹാ ആചരിക്കണമെന്ന്‌ കല്‌പിക്കുകയും ചെയ്‌തു. ഇസ്രയേലിനെ ദൈവം തന്റെ ആദ്യ ജാതനായി കണ്‌ ടതുകൊണ്‌ ടാണ്‌ (പുറ 4.22) ഈ രക്ഷകര കര്‍മ്മം നിര്‍വ്വഹിക്കാന്‍ തയ്യാറായത്‌. ദൈവവും ജനവുമായുളള പ്രത്യേക ബന്ധമാണ്‌ രക്ഷയുടെ അടിസ്ഥാനം. തുടര്‍ന്ന്‌ മരുഭൂമിയിലൂടെയുളള യാത്രമധ്യേ അവര്‍ക്ക്‌ തന്റെ പ്രമാണങ്ങള്‍ നല്‌കികൊണ്‌ ട്‌ സ്വന്തം ജനമാണെന്ന്‌ അവരോടുതന്നെ പ്രഖ്യാപിക്കുകയും ചെയ്‌തു (പുറ 19). വാഗ്‌ദത്ത ദേശത്തിലേയ്‌ക്കുളള അവരുടെ യാത്രയില്‍ മന്ന നല്‌കികൊണ്‌ട്‌ അവരെ പരിപാലിക്കുകയും ജീവനില്‍ നിലനിര്‍ത്തുകയും ചെയ്‌തു. ദൈവത്തിന്റെ ഈ രക്ഷാകര പ്രവര്‍ത്തികളെല്ലാം യഹൂദജനം തങ്ങളുടെ പെസഹാ ആചരണത്തിന്റെ അവസരത്തില്‍ അനുസ്‌മരിച്ചിരുന്നു. ഇപ്രകാരമുളള ഒരു പെസഹാ ആചരണത്തിനുളള ഒരുക്കങ്ങള്‍ ചെയ്യാനാണ്‌ കര്‍ത്താവ്‌ ശിഷ്യരോടാവശ്യപ്പെട്ടത്‌ (മത്ത 26.17-20).
പെസഹാ ആചരണം നടക്കുന്നത്‌ ഭക്ഷണത്തോടനുബന്ധിച്ചാണ്‌. കര്‍ത്താവ്‌ തന്റെ ശിഷ്യരോടൊപ്പം ഭക്ഷണത്തിനിരുന്നതിശേഷം, താന്‍ ആചരിക്കുന്ന ഈ അവസാന പെസഹായിക്ക്‌ മറ്റൊരര്‍ത്ഥം നല്‍കാന്‍ പോകുകയാണെന്ന്‌ കാണിക്കുന്നു. അവന്‍ ഭക്ഷണമേശയില്‍ നിന്ന്‌ എഴുന്നേറ്റതിനുശേഷം, തന്റെ ഗുരുവെന്ന ഉന്നതസ്ഥാം വിളിച്ചറിക്കുന്ന (1സാമു 18.4). മേലങ്കി ''മാറ്റിവെച്ചു''. 'മാറ്റിവെച്ചു' വെന്ന്‌ യോഹന്നാന്‍ പറയുമ്പോള്‍ 'ഉപേക്ഷിച്ചു,' 'പരിത്യജിച്ചു' എന്നൊക്കെ അതിനര്‍ത്ഥമുണ്‌ട്‌. അനന്തരം അവന്‍ ഒരടിമയെപ്പോലെ ഒരു തൂവാലയെടുത്ത്‌ തന്റെ അരയില്‍ ചുറ്റി; അവന്‍ ശിഷ്യരുടെ പാദങ്ങള്‍ കഴുകാന്‍ തുടങ്ങി. ഈ പ്രവര്‍ത്തി ചെയ്യേണ്‌ടത്‌ ഒരടിമയാണ്‌. അല്ലെങ്കില്‍ സ്‌ത്രീകളോ, കുട്ടികളോ ആകാം.
യഹൂദരുടെ ഇടയില്‍ കാലുകഴുകലിന്‌ മൂന്നര്‍ത്ഥങ്ങളുണ്‌ട്‌. 1) പാലസ്‌തീനമുഴുവന്‍ മരുഭൂമിയായതിനാല്‍ അതിലൂടെ നടക്കുന്നവരുടെ കാലുകളില്‍ പൊടിപിടിക്കുക സ്വഭാവികം. അതുകൊണ്‌ട്‌ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ അവര്‍ കാലുകള്‍ കഴുകിയിരുന്നു. കര്‍ത്താവ്‌ കാലുകഴുകുന്നത്‌ കാലിലെ പൊടി നിക്കാനല്ല. കാരണം അത്‌ സംഭവിക്കുന്നത്‌ ഭക്ഷണത്തിന്‌ ഇരുന്നതിന്‌ ശേഷമാണ്‌. 2) അതിഥികളെ വീട്ടില്‍ ആഘോഷമായി സ്വീകരിക്കുന്നതിന്റെ അടയാളമായി അവരുടെ കാലുകള്‍ ആതിഥേയര്‍ കഴുകാറുണ്‌ ടായിരുന്നു: ഉദാ., ലുക്ക7.44. ഇത്തരം ഒരു വിശദീകരണവും കര്‍ത്താവിന്റെ കാലുകഴുകല്‍ ശുശ്രൂഷയെ വിശദികരിക്കാന്‍ പര്യാപ്‌തമല്ല. 3) ഒരു മതാചാരമെന്ന നിലയില്‍ യഹൂദര്‍ പാദങ്ങള്‍ കഴുകിയിരുന്നു. യഹൂദരും പ്രത്യേകിച്ച്‌ എസ്സിനികളും ഇപ്രകാരം പല വിധത്തിലുളള ശുദ്ധീകരണ ശുശ്രൂഷകള്‍ നടത്തിയിരുന്നു (ലുക്ക 11.38; മത്തായി 15.2). നമ്മുടെ സമൂഹത്തില്‍ മുസ്ലിങ്ങള്‍ മോസ്‌ക്കില്‍ പ്രവേശിച്ച്‌ പ്രാര്‍ത്ഥിക്കുന്നതിന്‌ മുമ്പ്‌ ഇപ്രകാരമുളള കര്‍മ്മങ്ങള്‍ ചെയ്യുന്നത്‌ സുപരിചിതമാണല്ലോ. കര്‍ത്താവിന്റെ കാലുകഴുകല്‍ ശുശ്രൂഷ ഇത്തരത്തിലുളള ഒരാചാരവുമായിരുന്നില്ല.
അതിന്റെ അര്‍ത്ഥമെന്തന്ന്‌ കര്‍ത്താവിന്റെ പത്രോസിനോടുളള വാക്കുകളില്‍ നിന്ന്‌ വ്യക്തമാണ്‌. തന്റെ മുമ്പില്‍ ഒരു ദാസനെപ്പോലെ കടന്നുവരുന്ന ഗുരുവിനെ ആ വിധത്തില്‍ ഉള്‍കൊളളാന്‍ പത്രോസിന്‌ കഴിഞ്ഞില്ല: ''നീ ഒരിക്കലും എന്റെ പാദങ്ങല്‍ കഴുകരുത്‌'' (യോഹ 13.8). കര്‍ത്താവ്‌ അവനോട്‌ പറഞ്ഞു: '' ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക്‌ എന്നോടുകൂടി പങ്കില്ല''. കര്‍ത്താവ്‌ പാദം കഴുകിയത്‌ കാലിലെ പൊടിയകറ്റാനോ, ആതിഥ്യമര്യാദയുടെ ഭാഗമായോ, ഒരു മതാചാരമായോ അല്ല, മറിച്ച്‌ തന്റെ ശിഷ്യന്‍മാര്‍ക്ക്‌ തന്നോടുകുടി പങ്കുലഭിക്കുന്നതിനുവേണ്‌ ടിയാണ്‌. കാലുകഴുകല്‍ ശിഷ്യന്‌ കര്‍ത്താവുമായി ബന്ധം സ്ഥാപിക്കാനുളള മാര്‍ഗവും ക്ഷണവുമാണ്‌.
ക്രിസ്‌തുവിനാല്‍ കഴുകപ്പെട്ട്‌ അവനുമായി ബന്ധത്തിലാകുവാനാണ്‌ ശുദ്ധനാകുന്നത്‌. തന്റെ സ്ഥാനത്തിന്റെ അടയാളമായ അങ്കി മാറ്റിവെച്ച്‌ എളിമയുടെ പടികളിറങ്ങുന്ന കര്‍ത്താവിന്റെ കാലുകഴുകല്‍ അവന്റെ ശരിരത്തിലുളള മരണത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. അവന്റെ മരണമാണ്‌ ഗുരു ശിഷ്യ ബന്ധത്തിനാധാരം. ശരിരത്തിന്റെ പ്രവണതകളെ അതിജീവിക്കുന്നവന്‍ ശരിരത്തെയും ശാരീരിക താല്‌പര്യങ്ങളെയും സംബന്ധിച്ച്‌ മൃതനായിരിക്കുന്നു. തന്റെ മരണത്തിലൂടെയാണ്‌ ക്രിസ്‌തു തന്റെ ശിഷ്യരുമായി ഗാഢമായ ബന്ധം സ്ഥാപിക്കുന്നത്‌. കര്‍ത്താവ്‌ കഴുകിയതിനുശേഷവും ബന്ധത്തിനായുളള ആഹ്വാനം നിഷേധിക്കുന്നവന്‍ അശുദ്ധനായിതന്നെ തുടരും. അതുകൊണ്‌ ടാണ്‌ എന്റെ ഈ വചനംകേട്ട്‌ അതനുസരിച്ച്‌ പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ അനുഗ്രഹീതര്‍ എന്ന്‌ കര്‍ത്താവ്‌ പറയുന്നത്‌ (യോഹ 13.17). എന്തുകൊണ്‌ടാണ്‌ കര്‍ത്താവ്‌ ഈ ബന്ധം സ്ഥാപിക്കാന്‍ മരിക്കുന്നതെന്നും സുവിശേഷകന്‍ പറയുന്നു: ''ലോകത്തില്‍ തനിക്ക്‌ ഉണ്‌ ടായിരുന്നവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു'' (യോഹ 13.1).
കര്‍ത്താവ്‌ പാദം കഴുകി സ്വയം ഇല്ലാതാകുന്ന തന്റെ സ്‌നേഹം പ്രകടിപ്പിച്ചുവെങ്കിലും ശിഷ്യന്മാര്‍ ആ ബന്ധത്തിലേക്ക്‌ ഉടനെ കടന്നുവന്നില്ല. യൂദാസ്‌ അവനെ ഒറ്റികൊടുത്തു; പത്രോസ്‌ അവനെ നിഷേധിച്ചു പറഞ്ഞു, ശിഷ്യന്മാര്‍ അവനെവിട്ട്‌ ഓടിപോയി. ദൈവം സ്വയം ദാനം നല്‌കി ദൈവമനുഷ്യ ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴും ആ ബന്ധത്തിലേക്ക്‌ കടന്നുവരാന്‍ അശക്തനായ മനുഷ്യന്റെ ചിത്രമാണത്‌. ഇതായിരിക്കണം ഇന്നത്തെ നമ്മുടെ ആത്മശോധനയുടെ വിഷയവും. ഇക്കഴിഞ്ഞ നോമ്പുകാലം മുഴുവന്‍ നാം നമ്മുടെ ദൈവവുമായുളള ബന്ധത്തെകുറിച്ച്‌ പഠിക്കുകയും അതെന്തെന്ന്‌ വിലയിരുത്തുകയുമൊക്കെയായിരുന്നു.
കാല്‍ കഴുകലിനുശേഷം അതിന്റെ അര്‍ത്ഥമെന്തെന്ന്‌ കര്‍ത്താവ്‌ തന്നെ ശിഷ്യര്‍ക്ക്‌ പറഞ്ഞുകൊടുക്കുന്നുണ്‌ട്‌. മാറ്റിവച്ച മേലങ്കി വീണ്ടും ധരിച്ചുകൊണ്‌ട്‌, ഗുരുതന്നെയാണ്‌ താനെന്ന്‌ കാണിച്ചുകൊണ്‌ട്‌ അവന്‍ പറഞ്ഞതിങ്ങനെയാണ്‌: നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ എന്റെ ശിഷ്യരായ നിങ്ങളും പരസ്‌പരം പാദങ്ങള്‍ കഴുകണം. സ്വയം ഇല്ലാതായികൊണ്‌ട്‌ നിങ്ങളെ ദൈവവുമായുളള ബന്ധത്തിലേക്ക്‌ ഞാന്‍ കൈപിടിച്ചു നടത്തിയതുപോലെ എന്റെ ശിഷ്യരായ നിങ്ങളും പ്രവര്‍ത്തിക്കണം; മറ്റുളളവരുടെ മുമ്പില്‍ ലൗകിക സ്ഥാനമാനങ്ങളെല്ലാം മറന്നുകൊണ്‌ ടും മാറ്റിവെച്ചുകൊണ്ടും അവര്‍ക്ക്‌ ശുശ്രൂഷ ചെയ്‌തുകൊണ്‌ട്‌ അവരെ നിങ്ങളുമായുളള സ്‌നേഹബന്ധത്തിലേക്ക്‌ കൈപിടിച്ച്‌ നടത്തണം. സ്വന്തം സ്ഥാനമാനങ്ങളെകുറിച്ച്‌ ക്രിസ്‌തീയമല്ലാത്ത ബോധ്യങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക്‌ ക്രിസ്‌തുവിന്റെ ഈ മാതൃക ഉള്‍കൊളളാന്‍ സാധ്യമല്ല.
പഴയനിയമ പെസഹായുടെ ആഘോഷാവസരത്തിലാണ്‌ കര്‍ത്താവ്‌ തന്റെ പെസഹാ സ്ഥാപിച്ചത്‌. ദൈവം ഇസ്രയേലിനെ തന്റെ ആദ്യജാതനായും സ്വന്തം ജനമായും കരുതിയതിന്റെ ഓര്‍മ്മയായിരുന്നു ആ പഴയനിയമ പെസഹാ. ദൈവവുമായി ഇസ്രയേലിനുളള പ്രത്യേക ബന്ധത്തിന്റെ അനുസ്‌മരണം. പുതിയനിയമ പെസഹാ ഇതിനു സമാനമായതും കൂടുതല്‍ ആഴമേറിയതുമായ ദൈവമനുഷ്യ ബന്ധത്തെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌. താനുമായുളള ജനത്തിന്റെ ബന്ധത്തിന്റെ പേരില്‍ (ആദ്യജാതന്‍) ഈജിപ്‌തില്‍വച്ച്‌ തന്റെ ശക്തിയാണ്‌ ദൈവം പ്രകടമാക്കിയത്‌; പുതിയ നിയമ പെസഹായില്‍ അവന്‍ പ്രകടമാക്കിയതാകട്ടെ ദൈവത്തിന്‌ മനുഷ്യനോടുളള സ്വയം ഇല്ലാതാകുന്ന വിധത്തിലുളള സ്‌നേഹത്തിന്റെ ശക്തിയാണ്‌, പഴയനിയമ ജനതയ്‌ക്ക്‌ വാഗ്‌ദത്തദേശത്തേക്കുളള യാത്രയില്‍ ഭക്ഷണമായി മന്നാ കൊടുത്തെങ്കില്‍ പുതിയ നിയമത്തില്‍, സ്വര്‍ഗ്ഗരാജ്യത്തിലേക്കുളള യാത്രക്കുളള ഭക്ഷണമായി അവിടുന്ന്‌ നല്‌കുന്നത്‌ പരിശുദ്ധ കുര്‍ബാനയാണ്‌. പഴയനിയമ ജനതയ്‌ക്ക്‌ വാഗ്‌ദത്തദേശത്ത്‌ വസിക്കാന്‍ പത്തു പ്രമാണങ്ങള്‍ അനുസരിക്കേണ്‌ടതാവശ്യമാണെന്ന്‌ ദൈവം പറഞ്ഞു; പുതിയനിയമ പെസഹായില്‍ ദൈവരാജ്യത്ത്‌ പ്രവേശിക്കാന്‍ ആവശ്യമായ അടിസ്ഥാന പ്രമാണം നല്‌കുകയാണ്‌ കര്‍ത്താവ്‌ (യോഹ 13.34-35).
കര്‍ത്താവ്‌ ഈ ലോകത്തില്‍ നിന്ന്‌ യാത്രയായപ്പോള്‍ തന്റെ ഓര്‍മ്മയ്‌ക്കായി ഭൗതികമായ ഒരു സ്‌മാരകവും സ്ഥാപിച്ചില്ല. തന്റെ ഓര്‍മ്മയ്‌ക്കായ്‌ നിലനില്‍ക്കണമെന്ന്‌ അവിടുന്ന്‌ ആഗ്രഹിച്ചത്‌ തന്നെ അനുസരിക്കുന്ന സ്‌നേഹത്തിലധിഷ്‌ഠിതമായ ഒരു സമൂഹം മാത്രമാണ്‌: ''നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കുവിന്‍; ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ....നിങ്ങള്‍ക്ക്‌ പരസ്‌പരം സ്‌നേഹമുണ്‌ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും'' (യോഹ 13.35).
നാമോരോരുത്തരും സ്വയം പരിത്യജിച്ചുകൊണ്ട്‌, സഹോദരനെ നമ്മുടെ സ്‌നേഹത്തിലേക്ക്‌ കടന്നുവരാന്‍ ആഹ്വാനം ചെയ്യുന്ന ഒരു സമൂഹം നിലനില്‍ക്കുമ്പോഴാണ്‌ കര്‍ത്താവിന്റെ സ്‌മാരകമായി എന്തെങ്കിലും ഭൂമിയിലുണ്‌ടാവുക. അപ്രകാരമുളള സ്‌നേഹസൂഹം ഒത്തുചേരുമ്പോള്‍ അവരുടെയിടയില്‍ സന്നിഹിതനാകുന്ന കര്‍ത്താവാണ്‌ വി. കുര്‍ബാനയിലേത്‌: ''നിങ്ങള്‍ എന്റെ നാമത്തില്‍ ഒരുമിച്ച്‌ കൂടുമ്പോള്‍ എന്റെ ഓര്‍മ്മയ്‌ക്കായി ചെയ്യുവിന്‍''.
സ്‌നേഹത്തില്‍ ഒന്നായിത്തിരുന്ന സമൂഹത്തെ ഒരുമിച്ച്‌ നിര്‍ത്തുന്ന ആന്തരികശക്തിയും ജീവരസവുമാണ്‌ വി. കുര്‍ബാന. തന്റെ നാമത്തില്‍ ഒരുമിച്ചുകുടുമ്പോള്‍ തന്റെ ഓര്‍മ്മയ്‌ക്കായി അപ്പം മുറിക്കണമെന്ന്‌ കര്‍ത്താവ്‌ ശിഷ്യരോട്‌ കല്‌പിച്ചു. ആ കല്‌പനയുടെ സാരമോ അനുസരിച്ചാലുണ്‌ ടാകുന്ന ഫലമോ ഒന്നും അന്ന്‌ അവര്‍ക്ക്‌ മനസ്സിലായിരുന്നില്ല. എന്നാല്‍ സാവധാനം തങ്ങള്‍ മുറിക്കുന്ന അപ്പത്തിലൂടെ ഗുരു തങ്ങളോടോത്ത്‌ വസിക്കുകയായിരുന്നുവെന്നവര്‍ക്ക്‌ മനസ്സിലായി (ലൂക്ക24.31). തന്റെ ശിഷ്യരെ അവസാനംവരെ സ്‌നേഹിച്ചവന്‌ അവരെ വിട്ടുപോകാന്‍ കഴിഞ്ഞില്ല. അവന്‍ കാലുകള്‍കഴുകി സ്‌നേഹത്തില്‍ സ്ഥിരപ്പെടുത്തിയ ബന്ധം ലോകാവസാനംവരെ വി.കുര്‍ബാനയില്‍ തുടരുകയാണ്‌. ഈ സ്‌നേഹബന്ധത്തെ വിലമതിക്കുകയും അവനെ ഗുരുവായി സ്വീകരിച്ച്‌ അവന്റെ വചനങ്ങള്‍ പാലിക്കുകയും ചെയ്യുന്നവനാണ്‌ ക്രിസ്‌തു ശിഷ്യന്‍.
യൂദാസ്‌ എന്തുകൊണ്‌ടാണ്‌ കര്‍ത്താവിനെ ഓറ്റികൊടുത്തത്‌ എന്ന്‌ നമുക്ക്‌ കൃത്യമായറിയില്ല. ദൈവം അതിന്റെ കാരണം വ്യക്തമായി വെളിപ്പെടുത്താനാഗ്രഹിക്കുന്നുമില്ല. കാരണം യൂദാസിന്റെ പ്രവര്‍ത്തിയുടെ കാരണമായി നിലകൊളളുന്നത്‌ നമ്മുടെതിനു സമാനമായ തത്വശാസ്‌ത്രങ്ങളാണ്‌. ഏതെങ്കിലും ഒരു തെറ്റാണതെന്ന്‌ നിര്‍വ്വചിച്ചുകൊണ്‌ട്‌ മറ്റു തെറ്റുകളുമായി സമാധാനത്തോടെ നാം കഴിയണമെന്ന്‌ ദൈവം ആഗ്രഹിക്കുന്നില്ല. കര്‍ത്താവില്‍ നിന്ന്‌ വി. അപ്പം സ്വീകരിച്ച യൂദാസ്‌ യഹൂദരുടെ കൈയ്യില്‍ നിന്ന്‌ ഒരു പണസഞ്ചികുടി വാങ്ങിയെന്ന്‌ നമുക്കറിയാം. വി. കുര്‍ബാന സ്വീകരിക്കുന്ന നമ്മില്‍ കര്‍ത്താവിന്റെ സ്‌നേഹത്തിന്റെ പ്രമാണമല്ലാതെ മറ്റൊരു തത്വശാസ്‌ത്രവും പ്രബലപ്പെടുന്നുണ്‌ ടെങ്കില്‍ നാം യൂദാസില്‍ നിന്ന്‌ അകലെയല്ല.
യോഹാന്നാന്‍ 13.1-20, 31.35 വിവരിക്കുന്നത്‌ ക്രിസ്‌തീയ സമൂഹം എങ്ങനെ ഉടലെടുത്തെന്നും അതിന്റെ അടിസ്ഥാന പ്രമാണമെന്തെന്നുമാണ്‌. സ്വയം ഇല്ലാതായി, ചെറിയവനായി, തന്റെ ശിഷ്യരുടെ പാദം കഴുകിക്കൊണ്‌ട്‌ ക്രിസ്‌തു ശിഷ്യരെ താനുമായുളള ഗാഢബന്ധത്തിലേക്ക്‌ ക്ഷണിക്കുന്നു. ആ ബന്ധത്തിന്റെ അര്‍ത്ഥമറിയുന്നവന്‍ ഗുരുവിനെ അനുകരിച്ച്‌, സ്വയം പരിത്യജിക്കുകയും അന്യരുടെ പാദങ്ങള്‍ കഴുകാന്‍ പ്രാപ്‌തനാകുകയും ചെയ്യുന്നു. അതുവഴി ആ ശിഷ്യന്‍ കര്‍ത്താവിനായി ഈ ലോകത്തില്‍ ജീവിക്കുന്ന ഒരു സ്‌മാരകം പണിയുകയാണ്‌. വി. കുര്‍ബാന സ്വീകരണത്തിലും ഈ സമൂഹം ക്രിസ്‌തുവുമായി ഒന്നായി തീരുകയും ആ മുന്തിരിചെടിയിലെ ഒരു ശാഖയായി മാറുകയും ചെയ്യുന്നു. ഈ സമൂഹത്തില്‍ സ്വയം ചെറുതാകാനും ദാസനാകാനും മടിക്കുന്നവന്‍ യൂദാസില്‍ നിന്ന്‌ വളരെ വ്യത്യസ്ഥനല്ല. താന്‍ ദൈവത്തില്‍ നിന്ന്‌ വരുകയും ദൈവത്തിലേക്ക്‌ പോവുകയും ചെയ്യുന്നു (13.3) എന്ന്‌ കരുതുന്നവനുമാത്രമേ ഗുരുവിനെപ്പോലെ ദാസന്റെ രൂപം ധരിക്കാന്‍ കഴിയുകയുളളു.

തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home