Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
ഉയിര്‍പ്പുതിരുനള്‍
Readings: Isaiah 60:1-7: 1Samuel 2:1-10; Romans 6:1-14; John 20:1-18
മനുഷ്യവംശത്തിന്‌ രക്ഷ പകരുവാന്‍ വന്ന ഈശോ ഭൂമിയില്‍ അവതരിച്ചപ്പോള്‍ മാലാഖാ ആട്ടിടയന്‍മാരോട്‌ പറഞ്ഞു- ഇതാ സകല ജനത്തിനും വേണ്‌ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. (ഘഗ: 2:10). ഇതിന്‌ സമാനമായി ഈശോയുടെ ഉത്ഥാനത്തിന്‌ ശേഷവും ദൂതന്മാര്‍ പ്രത്യക്ഷപ്പെട്ട്‌ ആ വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ലോകത്തെ അറിയിച്ചു. ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്തിന്‌? അവന്‍ ഇവിടെയില്ല ഉയിര്‍പ്പിക്കപ്പെട്ടു. അപ്പ. പ്രവര്‍ത്തനം 5:30 ല്‍ നാം വായിക്കുന്നു. നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്‍മാരുടെ ദൈവം ഉയിര്‍പ്പിച്ചു. പ്രതീക്ഷയുടെ തിരുനാളാണ്‌ ഉയിര്‍പ്പ്‌ ഞായര്‍. ദു:ഖവെള്ളിയുടെ സഹനങ്ങള്‍ അര്‍ത്ഥ ശൂന്യമായി അവസാനിക്കേണ്‌ടതല്ലെന്നും ഉയിര്‍പ്പിനായി കാത്തിരിക്കണമെന്നുമുള്ള സന്ദേശം ഈ തിരുനാള്‍ നമുക്ക്‌ നല്‍കുന്നുണ്‌ട്‌.

ക്രൈസ്‌തവ വിശ്വാസത്തിന്റെ മൂലക്കല്ലായ സത്യമാണ്‌ ഈശോയുടെ ഉത്ഥാനം. കാരണം 1 തെസ : 4:14 ല്‍ നാം വായിക്കുന്നു- ഈശോ മരിക്കുകയും ഉയിര്‍പ്പിക്കപ്പെടുകയും ചെയ്‌തു എന്നു നാം വിശ്വസിക്കുന്നത്‌ പോലെ യേശുവില്‍ നിദ്ര പ്രാപിച്ചവരെ ദൈവം അവനോട്‌ കൂടെ ഉയിര്‍പ്പിക്കും. ക്രിസ്‌തുവിനെ ഉയിര്‍പ്പിച്ചവന്‍ നമ്മെയും ഉയിര്‍പ്പിക്കും എന്നതാണ്‌ ക്രൈസ്‌തവ വിശ്വാസം. അല്ലാത്ത പക്ഷം വി.പൗലോസ്‌ ശ്ലീഹാ പറയുന്നു. ക്രിസ്‌തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ത്ഥം ഞങ്ങളുടെ പ്രസംഗവും വ്യര്‍ത്ഥം. (1 കൊറി 15:14).

ഇന്നത്തെ സുവിശേഷത്തില്‍ മഗ്‌ദലന മറിയം ഉത്ഥിതന്റെ അനുവാദം സ്വന്തമാക്കിയ ശേഷം അത്‌ ശിഷ്യന്മാരുമായി പങ്കുവെക്കുവാന്‍ പുറപ്പെടുന്നതായി നാം കാണുന്നു. എമ്മാവൂസിലേക്ക്‌ പോയ ശിഷ്യന്മാരും ഈശോയെ തിരിച്ചറിഞ്ഞതിന്‌ ശേഷം അത്‌ മറ്റുള്ളവരുമായി പങ്കുവെയ്‌ക്കാന്‍ പുറപ്പെടുന്നു. വീണ്‌ടും സുവിശേഷത്തില്‍ നാം കാണുന്നു- ഏകദേശം 150 ഓളം പേര്‍ സമ്മേളിച്ചിരിക്കെ അവന്‍ അവര്‍ക്ക്‌ പ്രത്യക്ഷപ്പെട്ടു. ഇങ്ങനെ ഉത്ഥിതനെ ദര്‍ശിച്ചവരുടെ സമൂഹമായിരുന്നു ആദിമ ക്രൈസ്‌തവ സമൂഹം. ഈ അനുഭവമാണ്‌ ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ ഈശോയ്‌ക്ക്‌ സാക്ഷ്യം വഹിക്കുവാന്‍ ശിഷ്യന്മാരെ ശക്തിപ്പെടുത്തിയത്‌. അപ്പ: 2 :32 ല്‍ വി. പത്രോസ്‌ ശ്ലീഹാ പറയുന്നു; ഈശോയെ ദൈവം ഉയിര്‍പ്പിച്ചു, ഞങ്ങള്‍ അതിന്‌ സാക്ഷികളാണ്‌...... ഞങ്ങള്‍ കണ്‌ടകാര്യങ്ങള്‍ പറയാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല ഒരു പരിചാരികയുടെ മുന്‍പില്‍ ഈശോയെ തള്ളിപ്പറഞ്ഞ പത്രോസിനെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്‌ ഉത്ഥാനം ചെയ്‌ത ഈശോയുടെ ദര്‍ശനം ആണ്‌. ഇതേ അനുഭവം സ്വന്തമാക്കുവാനുള്ള അവസരമാണ്‌ ഓരോ ഉയിര്‍പ്പുഞായറും. ഈ ലോക ജീവിതത്തിനുമപ്പുറം മറ്റൊരു ജീവിതമുണ്‌ടെന്നും ഒരു ക്രൈസ്‌തവന്റെ ജീവിതം ഇവിടം കൊണ്‌ട്‌ അവസാനിക്കേണ്‌ടതല്ലെന്നും അവന്‍ ദൈവത്തിലെത്തിച്ചേരുവാന്‍ പരിശ്രമിക്കേണ്‌ടവനാണെന്നും ഈ തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ ഈ വിശ്വാസത്തിന്‌ ഒരു വിലങ്ങ്‌തടിയാണ്‌. മനുഷ്യന്‍ ശരീരത്തെ കുറിച്ച്‌ മാത്രം ചിന്തിക്കുന്നവനായി മാറിയിരിക്കുന്നു. ഭൗതിക ചിന്തകളുടെ അതിപ്രസരവും നാസ്‌തിക വാദവും മനുഷ്യന്റെ ഈ ചിന്തയെ പ്രബലപ്പെടുത്തുകയും ഉയിര്‍പ്പിലുള്ള പ്രത്യാശയില്‍ നിന്ന്‌ അകറ്റുകയും ചെയ്യുന്നു. ഇവിടെ വി. പൗലോസ്‌ ശ്ലീഹായുടെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നു. നാം പലപ്പോഴും ആത്മാവിലാരംഭിച്ചിട്ട്‌ ശരീരത്തില്‍ അവസാനിപ്പിക്കുന്നവരാകുന്നു. ഇതിനെ മറികടക്കാന്‍ നമുക്ക്‌ ഉത്ഥിതനിലുള്ള ആഴമായ വിശ്വാസം ആവശ്യമാണ്‌.

ഈശോയുടെ ജനനവേളയില്‍ മാലാഖമാര്‍ ആശംസിച്ചതും ഉത്ഥാനം ചെയ്‌ത ഈശോ ശിഷ്യന്മാരോട്‌ ആശംസിച്ചതും നിങ്ങള്‍ക്ക്‌ സമാധാനം എന്നാണ്‌. സമാധാനമില്ലാത്ത എല്ലാ സാഹചര്യങ്ങളിലേയ്‌ക്കും ഈശോയെ കൂട്ടിക്കൊണ്‌ട്‌ വരേണ്‌ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉയിര്‍പ്പുതിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അത്‌ ഇന്നത്തെ കാലഘട്ടത്തില്‍ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹജീവിതത്തിലും തുടങ്ങി രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വരെയും എത്തി നില്‍ക്കുന്നു.

അവസാന ശത്രുവായ മരണത്തെയും തോല്‌പിച്ച കര്‍ത്താവ്‌ പരാജയപ്പെട്ടത്‌ തന്റെ ശഷ്യന്മാരുടെ വിശ്വാസരാഹിത്യത്തിന്‌ മുമ്പില്‍ മാത്രമാണ്‌. മൂന്ന്‌ വര്‍ഷം തന്റെ കൂടെ നടത്തി എല്ലാകാര്യങ്ങളും പഠിപ്പിക്കുകയും ഉത്ഥാനാനന്തരം ശിഷ്യന്മാര്‍ക്ക്‌ പ്രത്യക്ഷപ്പെടുകയും ചെയ്‌തിട്ടും അവര്‍ വിശ്വാസരഹിതരായി തുടരുന്നു. തങ്ങളുടെ പ്രതീക്ഷകളെല്ലാം തകര്‍ന്ന്‌ നിരാശരായിരിക്കുന്ന ശിഷ്യന്മാരെ യോഹന്നാന്‍ ശ്ലീഹാ തന്റെ സുവിശേഷത്തിന്റെ 21-ാം അദ്ധ്യായത്തിലൂടെ നമുക്ക്‌ കാണിച്ചു തരുന്നുണ്‌ട്‌. ഈശോയുടെ പ്രമുഖരായ ശിഷ്യന്മാരാണ്‌ അവരെല്ലാം. ഉത്ഥാനം ചെയ്‌ത ഈശോയെ ദര്‍ശിച്ചെങ്കിലും അതിന്‌ തങ്ങളുടെ ജീവിതത്തിലുള്ള പ്രാധാന്യമെന്തെണ്‌ മനസ്സിലാക്കാത്ത അവര്‍ പഴയ ജീവിത സാഹചര്യങ്ങളിലേക്ക്‌ മടങ്ങുന്നു. സംഭവിച്ചതൊക്കെയും ഒരു നഷ്ടമായി കരുതി അവര്‍ തങ്ങളുപേക്ഷിച്ച വള്ളവും, വലയും, തൊഴിലും, വീടും, തിരിച്ചെടുക്കുന്നു. പ്രിയമുള്ളവരെ, ഉയിര്‍പ്പുതിരുനാളിന്റെ അനുഗ്രഹം സ്വന്തമാക്കുന്നതിനായി സമര്‍പ്പിച്ചവയൊക്കെ തിരിച്ചെടുക്കാനുള്ള ഒരു പ്രലോഭനം നമുക്കും ഉണ്‌ടാകാം. അന്‍പതുനാളത്തെ നോമ്പിലൂടെയും ഉപവാസത്തിലൂടെയും നാം ഈശോയുടെ ഉയിര്‍പ്പിനായി ഒരുങ്ങുകയായിരുന്നു. ഈ കാലയളവില്‍ പലതും ഉപേക്ഷിച്ചു. നമ്മുടെ പല ശീലങ്ങളും വേണ്‌ടെന്ന്‌ വെച്ചു. എന്നാല്‍ ഉയിര്‍പ്പിനുശേഷം പഴയ ജീവിതത്തിലേക്ക്‌ മടങ്ങിയ ശിഷ്യന്മാരെപ്പോലെ ഇത്രയും നാളത്തെ ഉപവാസവും പ്രാര്‍ത്ഥനയും പ്രായശ്ചിത്ത പ്രവര്‍ത്തികളും ഒരു നഷ്ടമായി കരുതി, നഷ്ടപ്പെട്ടതൊക്കെയും ഒറ്റയടിക്ക്‌ വീണ്‌ടെടുക്കുവാനുള്ള പ്രലോഭനം നമുക്കും ഉണ്‌ടാകാം. അതുകൊണ്‌ടാണ്‌ പ്രഭാ: 34:30-31-ല്‍ ഇങ്ങനെ ചോദിക്കുന്നത്‌, മൃതശരീരത്തില്‍ തൊട്ടിട്ട്‌ കൈ കഴുകിയവന്‍ വീണ്‌ടും അതിനെ സ്‌പര്‍ശിച്ചാല്‍ കഴുകല്‍ കൊണ്‌ട്‌ എന്ത്‌ പ്രയോജനം? പാപങ്ങളെ പ്രതി ഉപവസിച്ചിട്ട്‌ വീണ്‌ടും അത്‌ ചെയ്‌താല്‍ അവന്റെ പ്രാര്‍ത്ഥന ആരു ശ്രവിക്കും? എളിമപ്പെടല്‍ കൊണ്‌ട്‌ അവന്‍ എന്ത്‌ നേടി? ഇങ്ങനെ പഴയജീവിതത്തിലേക്ക്‌ തിരിച്ച്‌ പോകുന്നവരെ നോക്കിക്കൊണ്‌ട്‌ പത്രോസ്‌ശ്ലീഹാ തന്റെ 2-ാം ലേഖനം 2-ാം അദ്ധ്യായം 22-ാം വാക്യത്തില്‍ ഇങ്ങനെ പറയുന്നു: "നായ ഛര്‍ദ്ദിച്ചതു തന്നെ വീണ്‌ടും ഭക്ഷിക്കുന്നു, കുളിച്ച പന്നി ചെളിക്കുണ്‌ടില്‍ വീണ്‌ടും ഉരുളുന്നു എന്ന്‌ പറയുന്നത്‌ അവരെ സംബന്ധിച്ചു ശരിയാണ്‌." അതിനാല്‍ ഉയിര്‍പ്പ്‌ എന്നത്‌ പാപം നിറഞ്ഞ പഴയ മനുഷ്യനില്‍ നിന്നും ദൂശ്ശീലങ്ങളില്‍ നിന്നും പാപസാഹചര്യങ്ങളില്‍ നിന്നുമുള്ള ഒരു ഉയിര്‍ന്നെഴുന്നേല്‌പ്‌ കൂടിയാണ്‌.

ആകയാല്‍ പ്രിയമുള്ളവരേ, ഈ ഉയിര്‍പ്പുതിരുനാളില്‍ ഒരു മിശിഹാ അനുഭവത്തിനായ്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.ക്രൈസ്‌തവജീവിതം പ്രത്യാശയുടെ ജീവിതമാണെന്നും അത്‌ ഇവിടം കൊണ്‌ട്‌ അവസാനിക്കുന്നതല്ലെന്നും മരണത്തിനുമപ്പുറം ദൈവത്തോടൊപ്പം ആയിരിക്കുന്ന മറ്റൊരു ജീവിതം ഉണ്‌ടെന്നും നമുക്ക്‌ ഉറച്ചു വിശ്വസിക്കാം. ഉത്ഥാനം ചെയ്‌ത ഈശോയെ ആശ്രയിച്ചുകൊണ്‌ട്‌ ജീവിത നവീകരണത്തിനായി നമുക്ക്‌ പരിശ്രമിക്കാം. അങ്ങനെ ഒരു പുതിയ സൃഷ്ടിയായി മാറുവാന്‍ ഉത്ഥാനം ചെയ്‌ത ഈശോ നമ്മെ അനുഗ്രഹിക്കട്ടെ.
മാത്യു അരയത്തിനാല്‍
പ്രിയ കൂട്ടുകാരേ,
                                    പ്രത്യാശയുടെ ഉയിര്‍പ്പ്‌

ചരിത്രപ്രസിദ്ധമായ ഇംഗ്ലണ്‌ട്‌, ഫ്രാന്‍സ്‌ യുദ്ധം നടക്കുന്നു. ഇംഗ്ലീഷ്‌ ചാനല്‍ കടന്നുവന്ന യുദ്ധക്കപ്പല്‍ യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടു. കരയില്‍ നിന്നും വളരെ ദൂരെയുള്ള കപ്പലില്‍ നിന്നും ചില പ്രകാശസിഗ്നലുകള്‍ കരയിലേക്ക്‌ വിവരം നല്‍കുവാന്‍ ഉപയോഗിക്കുകയായിരുന്നു. ഒരിക്കല്‍ ംലഹഹശിഴീേി (ഋിഴഹമിറ റലളലമലേറ) ഇത്രയും വാര്‍ത്ത കരയില്‍ എത്തിയപ്പോഴെക്കും മൂടല്‍മഞ്ഞ്‌ കപ്പലിന്റെ സിഗ്നലുകളെ വിഴുങ്ങിക്കളഞ്ഞു. ംലഹഹശിഴീേി റലളലമലേറ സിഗ്നല്‍ വാര്‍ത്ത ഇംഗ്ലണ്‌ടില്‍ പരന്നു. രാജ്യം മുഴുവന്‍ ദു:ഖത്തിലാഴ്‌ന്നു. ഏതാനും മണിക്കുറുകള്‍ക്കുശേഷം മൂടല്‍മഞ്ഞ്‌ മാറി. കപ്പലില്‍ നിന്നും വീണ്‌ടും സിഗ്നലുകള്‍ അയക്കുവാന്‍ തുടങ്ങി ംശഹഹശിഴീേി റലളലമലേറ വേല ലിലാ്യ. എല്ലാവരുടെയും ദു:ഖം സന്തോഷമായി മാറി.

- കാല്‍വരിയിലെ കല്ലറയിലെ 3 നാളുകളിലെ മൂടല്‍ മഞ്ഞിനു ശേഷം ലോകത്തെ സന്തോഷിപ്പിച്ച ആവാര്‍ത്ത പരന്നു- അവന്‍ മരണത്തെ കീഴ്‌പ്പെടുത്തി ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.

- പ്രത്യാശയുടെ പുണ്യദിനമാണ്‌ ഉയിര്‍പ്പ്‌ തിരുന്നാള്‍

- ജീവിതം നൊമ്പരങ്ങളുടെ ഒരു ദു:ഖവെള്ളിയാണെങ്കില്‍ അറിയുക, എനിക്കായ്‌ രക്ഷകന്‍ ഒരു ഉയിര്‍പ്പു ഞായര്‍ ഒരുക്കി കാത്തിരിക്കുന്നു.

- അതിനാല്‍ ഉത്ഥിതന്റെ തിരുമുറിവുകളെ ധ്യാനിച്ച്‌ നമുക്ക്‌ വിശ്വാസജീവിതയാത്ര തുടരാം.


ബ്ര. ജിന്‍സണ്‍ കൊട്ടിയാനിക്കല്‍.

Sermon 2010
ആഴ്‌ചയുടെ ഒന്നാം ദിവസം അതിരാവിലെ നേരം പുലരുന്നതിനുമുമ്പ്‌ മഗ്‌ദലന മറിയം കല്ലറയിങ്കലേക്ക്‌ ഓടി. അവളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞത്‌ ഉറക്കമില്ലാത്ത 2 രാത്രികളായിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരം അരിമത്തിയാക്കാരന്‍ ജോസഫും നിക്കോദേമൂസും മറ്റുള്ളവരും കൂടി കര്‍ത്താവിന്റെ ശരീരം ആദരവോടുകൂടി കല്ലറയില്‍ സംസ്‌കരിച്ചു. തന്റെ ഗുരു രക്ഷകനാണെന്ന്‌ അവള്‍ വിശ്വസിച്ചിരുന്നു (മിശിഹ), എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്‌ച അവന്‍ ഒരു കള്ളനെപോലെ അവഹേളിക്കപ്പെടുകയും 2 കള്ളന്‍മാരുടെ മദ്ധ്യേ കുരിശിലേറ്റപ്പെടുകയും ചെയ്‌തു. അതോടുകൂടി മറിയത്തിന്റെ പ്രതീക്ഷകളും ജീവിതവും തകര്‍ന്നടിയുകയായിരുന്നു. ഇനി ബാക്കിയുള്ളത്‌ തന്റെ നാഥന്റെ ശരീരത്തിനടുത്ത്‌ ചിലവഴിക്കാന്‍ കഴിയുന്ന ചുരുക്കം സമയം മാത്രം. വെള്ളിയാഴ്‌ച വൈകിട്ട്‌ സാമ്പത്ത്‌ ആയിരുന്നതിനാല്‍ വീടു വിട്ട്‌ പോവാന്‍ കഴിയില്ല. ശനിയാഴ്‌ച വൈകുന്നേരം സാമ്പത്ത്‌ അവസാനിക്കുമ്പോഴേക്കും സന്ധ്യ ആയിക്കഴിഞ്ഞിരിക്കും. പിന്നീട്‌ അവള്‍ക്ക്‌ കല്ലറ സന്ദര്‍ശിക്കാന്‍ കഴിയില്ല. അതിനടുത്ത ദിവസം പുലരുന്നതിനു മുമ്പേ അവള്‍ പുറപ്പെട്ടു.

ശ്‌മശാനം ഭയം ജനിപ്പിക്കുന്ന സ്ഥലമാണ്‌. സ്‌ത്രീകള്‍ ഇരുട്ടില്‍ ഒറ്റയ്‌ക്ക്‌ സഞ്ചരിക്കുന്നതും ഭയം ഉളവാക്കുന്നതാണ്‌. എങ്കിലും മറിയം നാഥനോടുള്ള സ്‌നേഹത്തെ പ്രതി തന്റെ ഭയത്തെ അതിജീവിച്ചു. കല്ലറയിലെത്തിയപ്പോള്‍ അവള്‍ അത്ഭുതപ്പെട്ടു പോയി, കാരണം അത്‌ തുറന്നിരിക്കുകയായിരുന്നു. കല്ലറയിലേക്കു നോക്കിയ അവളുടെ അത്ഭുതവും ഭയവും വര്‍ദ്ധിച്ചു. നാഥന്റെ ശരീരം അതിന്റെ ഉള്ളില്‍ ഇല്ല എന്നവള്‍ക്ക്‌ ബോധ്യമായി. അതാരായിരിക്കാം എടുത്തുകൊണ്‌ടുപോയത്‌? കള്ളന്‍മാരോ ശത്രുക്കളോ? അവര്‍ തന്നെ വീക്ഷിച്ചുകൊണ്‌ട്‌ ഇവിടെ ഉണ്‌ടായിരിക്കുമോ? കൂടുതല്‍ ഭയപ്പെട്ട മറിയം തിരിഞ്ഞോടി പത്രോസിനേയും യോഹന്നാനേയും വിവരമറിയിച്ചു. അത്ഭുതകരമായ ഈ വാര്‍ത്ത കേട്ട ശിഷ്യന്‍മാര്‍ കല്ലറയിങ്കയിലേക്ക്‌ പോയി. അവര്‍ കല്ലറയില്‍ പ്രവേശിച്ച്‌ കര്‍ത്താവിന്റെ ശരീരം പൊതിഞ്ഞിരുന്ന കച്ച അവിടെക്കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടിയല്ലാതെ തനിച്ചൊരിടത്ത്‌ ചുരുട്ടിവച്ചിരിക്കുന്നതും കണ്‌ടു.

എന്തുകൊണ്‌ടാണ്‌ ഇങ്ങനെ സംഭവിച്ചത്‌. ആരെങ്കിലും കര്‍ത്താവിന്റെ ശരീരം എടുത്തു മാറ്റിയതാണെങ്കില്‍ ശരീരം പൊതിഞ്ഞിരുന്ന കച്ച അവര്‍ ശരീരത്തോടുകൂടി കൊണ്‌ടുപോവുമായിരുന്നു. മറിച്ച്‌ ആരെങ്കിലും കര്‍ത്താവിന്റെ ശരീരത്തെ അവഹേളിക്കുവാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ തലയില്‍ കെട്ടിവച്ചിരുന്ന കച്ച ശ്രദ്ധയോടുകൂടി ചുരുട്ടിവയ്‌ക്കുവാന്‍ മാത്രം ക്ഷമ അവര്‍ കാണിക്കുമായിരുന്നില്ല. അതുകൊണ്‌ടാണ്‌ കച്ച കണ്‌ട, (കര്‍ത്താവിനെ സ്‌നേഹിച്ച) ശിഷ്യന്‍ അവന്‍ ഉയിര്‍ത്തേഴുന്നേറ്റെന്ന്‌ വിശ്വസിച്ചത്‌. ലാസറിന്റെ ഉയിര്‍പ്പ്‌ മരണാനന്തര ജീവിതമല്ലായിരുന്നു. അതുകൊണ്‌ടാണ്‌ അവന്‍ കച്ചകളോടുകൂടി പുറത്തു വന്നത്‌. പുനരുദ്ധാനം ചെയ്‌ത കര്‍ത്താവിനെയാകട്ടെ ആരെങ്കിലും അഴിച്ചു വിടേണ്‌ട ആവശ്യമില്ല. ശൂന്യമായ കല്ലറ കണ്‌ടതിനുശേഷം 2 ശിഷ്യന്‍മാരും അത്ഭുതത്തോടുകൂടി തിരിച്ചുപോയി. പുലര്‍ച്ചയില്‍ മറിയം വീണ്‌ടും ഏകയായി. അവള്‍ ആ കല്ലറയ്‌ക്കു മുമ്പില്‍ കരഞ്ഞുകൊണ്‌ടിരുന്നു. അവളുടെ എല്ലാമായിരുന്ന നാഥന്‍ വിടപറഞ്ഞു എന്നു തോന്നിയപ്പോള്‍ എവിടേക്കെങ്കിലും പോകാന്‍ അവള്‍ക്ക്‌ മനസാന്നിദ്ധ്യമുണ്‌ടായിരുന്നില്ല. കരയുന്നതിനിടെ എന്തോ പ്രതീക്ഷിച്ചു എന്നതുപോലെ മറിയം കല്ലറയിങ്കലേക്കു നോക്കി. അവിടെ അതാ 2 പേര്‍ നില്‍ക്കുന്നു. നീ എന്തിനാണ്‌ കരയുന്നത്‌ എന്ന്‌ അവര്‍ ചോദിച്ചെങ്കിലും മറിയം ഉത്തരം പറഞ്ഞില്ല. തുടര്‍ന്ന്‌ തോട്ടത്തില്‍ കര്‍ത്താവ്‌ പ്രത്യക്ഷപ്പെട്ടെങ്കിലും കരഞ്ഞ്‌ കണ്ണു കലങ്ങിയ മറിയത്തിന്‌ അവനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അവളുടെ മനസ്സും ചിന്തകളും എല്ലാം ആ കല്ലറയില്‍ പൊതിഞ്ഞു വച്ചിരുന്ന നാഥന്റെ ശരീരത്തില്‍ കേന്ദ്രീകൃതമായിരുന്നു.

അപ്പോള്‍ കര്‍ത്താവ്‌ "മറിയം" എന്ന്‌ അവളുടെ പേര്‌ ചൊല്ലിവിളിച്ചു. അവള്‍ നാഥനെ തിരിച്ചറിഞ്ഞു. അവളുടെ ദു:ഖവും ഭയവും ഏല്ലാം അപ്രത്യക്ഷമായി. എന്റെ കര്‍ത്താവേ എന്ന്‌ വിളിച്ചവള്‍ സന്തോഷിച്ചു. എല്ലാം തനിക്ക്‌ തിരിച്ചുകിട്ടിയെന്ന്‌ അവള്‍ കരുതി. "നിങ്ങള്‍ ദു:ഖിതരാവും എന്നാല്‍ വീണ്‌ടും ഞാന്‍ നിങ്ങളുടെ പക്കലേക്കു വരും. അപ്പോള്‍ വീണ്‌ടും നിങ്ങള്‍ സന്തോഷിക്കും" എന്നും "ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല, ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വരും..... ഞാന്‍ ജീവിക്കുന്നു അതിനാല്‍ നിങ്ങളും ജീവിക്കും" എന്ന കര്‍ത്താവിന്റെ വാഗ്‌ദാനം (യോഹ 16:20-22, 14:18-20) ഇപ്രകാരം നിറവേറ്റുകയായിരുന്നു.

കര്‍ത്താവ്‌ അവളോട്‌ പറഞ്ഞു നീ എന്നെ തടഞ്ഞുനിര്‍ത്താതിരിക്കുക. മറിയം ആഗ്രഹിച്ചത്‌ കഴിഞ്ഞ വെള്ളിയാഴ്‌ച വരെയും തന്നോടൊപ്പമുണ്‌ടായിരുന്ന നാഥനെ തനിക്കു തിരിച്ചുകിട്ടുമെന്നായിരുന്നു. അത്‌ സാധ്യമല്ല എന്നാണ്‌ കര്‍ത്താവ്‌ അരുളി ചെയ്‌തത്‌.

ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ്‌ മറിയത്തിന്‌ നല്‍കുന്ന സന്ദേശം താന്‍ മരിച്ചവരില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന്‌ ലോകത്തോടു പറയണമെന്നല്ല, മറിച്ച്‌ "നീ എന്റെ സഹോദരന്‍മാരുടെ അടുത്ത്‌ ചെന്ന്‌ അവരോട്‌ ഞാന്‍ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക്‌ ആരോഹണം ചെയ്യുന്നു എന്നു പറയുക (യോഹ 20:17) എന്നാണ്‌. 2 കാര്യങ്ങളാണ്‌ ഇവിടെ ശ്രദ്ധേയമാടിരിക്കുന്നത്‌:
1. കര്‍ത്താവ്‌ തന്റെ സ്വര്‍ഗ്ഗാരോഹണത്തിന്‌ നല്‍കുന്ന പ്രാധാന്യം. യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നത്‌ ആദിയില്‍ ദൈവത്തോടു കൂടെ വസിക്കുകയും പിന്നീട്‌ കാലത്തിന്റെ പൂര്‍ണ്ണതയില്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ ഭൂമിയിലേക്കിറങ്ങി മാംസം ധരിച്ച്‌ മനുഷ്യനായിത്തീരുകയും ചെയ്‌ത ദൈവ വചനത്തെ വായനക്കാരുടെ മുമ്പില്‍ അവതരിപ്പിച്ചുകൊണ്‌ടാണ്‌ (യോഹ 1:1-5). ദൈവത്തില്‍ നിന്നകന്നുപോയ മനുഷ്യനെ ദൈവവുമായി അനുരജ്ഞിപ്പിക്കുകയായിരുന്നു ഈ മനുഷ്യതാരത്തിന്റെ ലക്ഷ്യം. സ്വര്‍ഗ്ഗാരോഹണം എന്നത്‌ മനുഷ്യാവതാര ചക്രം പൂര്‍ത്തീകരിക്കലാണ്‌. അവന്‍ പിതാവിങ്കലേക്ക്‌ തിരിച്ചുപോയി. ആ മടക്കയാത്രയില്‍ ദൈവമായ ക്രിസ്‌തു തന്റെ മനുഷ്യത്വവും അതിലൂടെ മാനവരാശിയെ മുഴുവനും ദൈവത്തിങ്കലേക്ക്‌ തിരിച്ചുകൊണ്‌ടുപോവുകയും അവരെ ദൈവവുമായി അനുരജ്ഞിപ്പിക്കുകയും ചെയ്‌തു.
2. സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച്‌ പറയുമ്പോള്‍ കര്‍ത്താവ്‌ ഉപയോഗിക്കുന്ന വാക്കുകള്‍ വളരെ പ്രധാനപ്പെട്ടവയാണ്‌. അവന്‍ തന്റെ ശിഷ്യന്‍മാരെ ആദ്യമായി 'സഹോദരര്‍' എന്നു വിളിക്കുകയും ദൈവം അവരുടെയും പിതാവാണെന്ന്‌ (എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും.....) പ്രഖ്യാപിക്കുകയും ചെയ്‌തു. കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണത്തിലൂടെയാണ്‌ മാനവരാശി ദൈവവുമായി അനുരജ്ഞിപ്പിക്കപ്പെടുകയും ദൈവമക്കളായിത്തീരുകയും ചെയ്‌തത്‌. "തന്റെ നാമത്തില്‍ വിശ്വസിച്ചവര്‍ക്കെല്ലാം ദൈവ മക്കളാകാന്‍ അവന്‍ കഴിവു നല്‌കി" (യോഹ 1:12) എന്ന വചനം അപ്രകാരം പൂര്‍ത്തിയായി.

ഉത്ഥിതനായ കര്‍ത്താവിന്റെ മറിയവുമായുള്ള കണ്‌ടുമുട്ടല്‍ ദൈവവും മനുഷ്യനുമായുള്ള അനുരജ്ഞനത്തിന്റെ അടയാളമായി മനസ്സിലാക്കാവുന്നതാണ്‌. ദൈവ മനുഷ്യ അനുരജ്ഞനത്തിന്റെ സന്ദേശവാഹകയായി തന്നെ സ്‌നേഹിച്ച മറിയത്തെയാണ്‌ കര്‍ത്താവ്‌ തിരഞ്ഞെടുത്തത്‌.

കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണമാണ്‌ നമ്മെ ദൈവമക്കളാക്കുന്നത്‌. അതാണ്‌ നമുക്ക്‌ പുതുജീവന്‍ നല്‌കുന്നത്‌. അത്‌ സൂചിപ്പിക്കുവാനാണ്‌ തുടര്‍ന്നു വരുന്ന സുവിശേഷ ഭാഗത്ത്‌ കര്‍ത്താവ്‌ ശിഷ്യന്‍മാരുടെ മേല്‍ നിശ്വസിച്ചുകൊണ്‌ട്‌ അവര്‍ക്ക്‌ ദൈവമക്കളായി ജീവന്‍ നല്‌കുന്ന ആത്മാവിനെ നല്‌കുന്നത്‌).

കര്‍ത്താവ്‌ മറിയത്തോടു പറയുന്നത്‌ എന്നെ തടഞ്ഞുനിറുത്താതിരിക്കുക എന്നാണ്‌. മറിയം ആഗ്രഹിക്കുന്നത്‌ വെള്ളിയാഴ്‌ച വരെ തന്നോടൊപ്പം ഉണ്‌ടായിരുന്ന നാഥന്‍ തന്റെ ദു:ഖത്തിന്റെ ഈ നിമിഷങ്ങളിലും തന്നോടൊപ്പം ഉണ്‌ടായിരിക്കണമെന്നാണ്‌. സഹനത്തിലൂടെ കടന്നുപോകുന്ന എതൊരു മനുഷ്യന്റെയും ചിന്ത ഇതുതന്നെയാണ്‌... ദൈവം നാമായിരിക്കുന്നിടത്ത്‌ ഉണ്‌ടാകണം. മറിയമായിരിക്കുന്നിടത്ത്‌ കര്‍ത്താവിനെ തടഞ്ഞു നിര്‍ത്താന്‍ അവളാഗ്രഹിക്കുന്നു. കര്‍ത്താവ്‌ ആഗ്രഹിക്കുന്നത്‌ മറ്റൊന്നാണ്‌. മറിയത്തെ മാത്രമല്ല മാനവരാശിയെ മുഴുവനും ദൈവമായിരിക്കുന്നിടത്തേക്ക്‌ കൊണ്‌ട്‌ പോകണമെന്നാണ്‌ അവന്റെ ഇഷ്ടം. ജീവിതത്തിലെ പ്രതിസന്ധികളില്‍ നമുക്ക്‌ ലഭിക്കുന്ന വിളിയും മറ്റൊന്നുമല്ല. സഹനങ്ങളിലൂടെ ദൈവം ആഗ്രഹിക്കുന്നിടത്തേക്ക്‌ നടന്നടുക്കാനാണ്‌ നാം പരിശ്രമിക്കേണ്‌ടത്‌. അവിടെ മാത്രമേ ശാശ്വതമായ സന്തോഷം കണ്‌ടെത്താന്‍ നമുക്ക്‌ കഴിയൂ. ജോബിന്റെ ജീവിതം ഇതിനുത്തമ ഉദാഹരണമാണ്‌. ദൈവീകമായ ഈ വളര്‍ച്ചയ്‌ക്കാവശ്യം മറിയത്തെപ്പോലെ ഉത്ഥിതനെ കാത്തിരിക്കുവാനുള്ള സ്‌നേഹവും അവനെ കണ്‌ടെത്തുമ്പോള്‍ അവന്റെ സ്വര്‍ഗ്ഗാരോഹണത്തിന്റെ സന്ദേശം (ദൈവമക്കളും സഹോദരരും) ജീവിതത്തിലൂടെ പ്രഘോഷിക്കുവാനുള്ള സന്നദ്ധതയുമാണ്‌.

ഒരു വീട്ടില്‍ രണ്‌ടാമത്തെ കുഞ്ഞായി പിറന്ന ജോസഫിന്റെ ജനനം മാതാപിതാക്കള്‍ക്കും മൂത്ത സഹോദരിയായ മറിയത്തിനും ഒരാഘാതമായിരുന്നു. കാരണം അവനൊരു മന്ദബുദ്ധിയായിരുന്നു. അവനെ ഉള്‍ക്കൊള്ളാന്‍ മറിയം പാടുപെട്ടു. വളരെ നാള്‍ പരിശ്രമിച്ചുകഴിഞ്ഞപ്പോള്‍ തന്റെ പരിശ്രമത്തില്‍ അവള്‍ വിജയിച്ചു. ജോസഫ്‌ അവളുടെ ഏറ്റവും വലിയ സുഹൃത്തായി. അതിന്‌ അവളെ സഹായിച്ചത്‌ ക്രിസ്‌തു ഉത്ഥിതനാണ്‌, അവന്‍ തന്റെ കൂടെ എപ്പോഴും സന്നിഹിതനാണ്‌ എന്ന വിശ്വാസമാണ്‌. ജീവിത സാഹചര്യങ്ങളല്ല ക്രിസ്‌തുവിന്റെ സാന്നിദ്ധ്യവും നമ്മോടൊത്തുള്ള അവന്റെ വാസത്തെക്കുറിച്ചുള്ള തിരിച്ചറിവുമാണ്‌ നമ്മെ ദൈവമക്കളും പരസ്‌പര സ്‌നേഹമുള്ളവരുമാക്കുന്നത്‌.
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.
Sermon 2009 
ക്രിസ്‌തുശിഷ്യരുടെ ആദ്യത്തെ ഉയിര്‍പ്പു തിരുനാളാഘോഷത്തെകുറിച്ചാണ്‌ നാം വി. മത്തായിയുടെ സുവിശേഷത്തില്‍ വായിച്ചുകേട്ടത്‌. കര്‍ത്താവ്‌ മരിച്ചതിന്റെ മൂന്നാം ദിവസം അതായത്‌ അവന്‍ വെളളിയാഴ്‌ച മരിക്കുകയും അന്ന്‌ സൂര്യസ്‌തമനത്തിനുമുമ്പ്‌ സംസ്‌കരിക്കപ്പെടുകയും ചെയ്‌തു. സൂര്യസ്‌തമയത്തോടെ സാബത്താരംഭിക്കും. പന്നിട്‌ ഒരു ജോലിയും ചെയ്യാന്‍പാടില്ല. സാബത്ത്‌ അവസാനിക്കുമ്പോള്‍ സന്ധ്യയാകുന്നതുകൊണ്‌ട്‌ തൊട്ടടുത്ത പ്രഭാതത്തില്‍ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. അതുകൊണ്‌ട്‌ ഭക്തസ്‌ത്രീകള്‍ തങ്ങള്‍ സ്‌നേഹിക്കുന്ന കര്‍ത്താവിന്റെ കബറിടം സന്ദര്‍ശിക്കാന്‍ മൂന്നാം ദിവസമാണ്‌ പോയത്‌. കബറിടമെന്നത്‌ സാധാരണ കുറെ കല്ലറകളുടെ ഒരു സമുഛയമണ്‌. ഒരു മലയുടെ ഉളളിലോ വലിയ പാറതുരന്നോ ഉണ്‌ ടാകുന്ന കല്ലറകളുടെ സമുഛയമാണത്‌. പലപ്പോഴും ഒരു കുടുംബത്തിന്റെയോ ഒരു ദേശവാസികളുടെയോ പൊതു സ്വത്താണത്‌. ഈ കല്ലറകള്‍ക്കെല്ലാംകൂടി പ്രവേശന കവാടമായി ഒരു വാതില്‍ മാത്രമേ ഉണ്‌ടായിരുക്കുകയുളളു. ആ വാതില്‍ സാധാരണഗതിയില്‍ ചക്രംപോലെ ചെത്തിയെടുത്ത വലിയ ഒരു കല്ലുകൊണ്‌ട്‌ അടച്ചുവെയ്‌ക്കുയാണ്‌ ചെയ്യുക. ശക്തരായ മൂന്നു നാലുപേര്‍ ചേര്‍ന്നാല്‍ ഉരുട്ടിമാറ്റാവുന്നവയാണ്‌ ഈ കല്ലുകളില്‍ പലതും. ഈ കല്ല്‌ മാറ്റിയാല്‍ കല്ലറയുടെ ഏറ്റവും ആദ്യത്തെ സാമാന്യം വലുപ്പമുളള ഒരു മുറിയിലാണ്‌ എത്തുക. അവിടെയാണ്‌ ശവമഞ്ചം വെച്ച്‌ അവസാന കര്‍മ്മങ്ങളോ പിന്നിട്‌ അനുസ്‌മരണങ്ങളോ ഒക്കെ നടത്തുക. ഈ മുറിയില്‍ നിന്ന്‌ മൂന്ന്‌ ഭാഗത്തെക്കും ഗുഹകളും ഗുഹകളോടനുബന്ധിച്ച്‌ കല്ലില്‍ കൊത്തിയുണ്‌ടാക്കിയ അനേകം കല്ലറകളും ഉണ്‌ടായിരിക്കും (അലമാരിപോലെ). ശവമടക്കുക എന്നു പറഞ്ഞാല്‍ ഈ അറകളില്‍ മൃതദേഹം നിക്ഷേപിക്കുക എന്നാണ്‌ അര്‍ത്ഥം. ലോഭമില്ലാതെ, സുഗന്ധകൂട്ടുകളില്‍ പൊതിഞ്ഞാണ്‌ മൃതദേഹങ്ങള്‍ അടക്കം ചെയ്യുക (യോഹ 19.39 കാണുക). അതിന്‌ രണ്ട്‌ കാരണങ്ങളുണ്‌ട്‌. 1) ഒരു മൃതസംസ്‌കാരം കഴിഞ്ഞ്‌ അധികം ദിനങ്ങള്‍ കഴിയാതെ മറ്റോരു മൃതസംസ്‌കാരത്തിനായി ആ കല്ലറയില്‍ ആളുകള്‍ക്ക്‌ പ്രവേശിക്കേണ്‌ടിവന്നേക്കാം. അപ്പോള്‍ ദുര്‍ഗന്ധം അധികമാകരുതല്ലോ. 2) സുഗന്ധദ്രവ്യങ്ങള്‍ മൃതശരിരം പെട്ടെന്ന്‌ പൊടിഞ്ഞ്‌ പോകാന്‍ സാഹായിക്കും . മഴ കാര്യമായി പെയ്യാത്ത പാലസ്‌തീനായില്‍ സാധാരണയായി മൃതസംസ്‌കാരശേഷം രണ്‌ടു മൂന്ന്‌ മാസത്തിനുളളില്‍ മൃതദേഹം ഉണങ്ങി പൊടിഞ്ഞ്‌പോകാറുണ്‌ട്‌ അതിനുശേഷം അവശേഷിക്കുന്ന അസ്ഥികളും മറ്റും വാരിയെടുത്ത്‌ ബന്ധുക്കള്‍ ഒരു ചെറിയ കല്ലിന്റെയോ അലബാസറ്ററിന്റെയോ പെട്ടിയില്‍ (അസ്ഥികലശങ്ങള്‍-ഛൗൈമൃ്യ) നിക്ഷേപിക്കുകയും അത്‌ ശവസംസ്‌കാരം നടത്തിയ മുറിയില്‍ത്തന്നെ സൂക്ഷിക്കുകയും ചെയ്യാറുണ്‌ട്‌. കര്‍ത്താവിനെ സംസ്‌കരിച്ച കല്ലറ പുതിയതായിരുന്നവെന്ന്‌ സുവിശേഷകന്‍ പറയുമ്പോള്‍, ആ കല്ലറയില്‍ (അലമാരിയില്‍) അതിനുമുമ്പ്‌ ആരെയും വെച്ചിരുന്നില്ല എന്നുമാത്രമേ അര്‍ത്ഥമുളളു. ഇപ്രകാരമുളള ഒരു കല്ലറയുടെ സമുഛയമാണ്‌ ഭക്ത സ്‌ത്രീകള്‍ സന്ദര്‍ശിക്കുന്നത്‌.
മത്തായുടെ സുവിശേഷത്തില്‍ ഉത്ഥാനദിവസം നാലുവിധത്തിലുളള ആളുകളെ കണ്‌ ടെത്താനാകും 1) കര്‍ത്താവിനോടുളള സ്‌നേഹത്തെപ്രതി അവന്റെ കല്ലറ സന്ദര്‍ശിക്കുന്ന ഭക്തസ്‌ത്രീകള്‍. അവര്‍ക്ക്‌ ഉത്ഥാനത്തെക്കുറിച്ച്‌ സാക്ഷ്യം നല്‍കുന്ന ദൈവത്തിന്റെ അത്ഭുതം കാണാന്‍കഴിഞ്ഞു. തുടര്‍ന്ന്‌ കര്‍ത്താവുതന്നെ അവര്‍ക്ക്‌ പ്രത്യക്ഷനായി. 2) കര്‍ത്താവ്‌ ഉയിര്‍ത്തിട്ടില്ല എന്ന്‌ ഉറപ്പുവരുത്താന്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍. അവര്‍ പ്രധാനപുരോഹിതന്‍മാരുടെ ഉപകരണങ്ങളാണ്‌. അവര്‍ മരിച്ചവരെപ്പോലെയായി. 3) നിസ്സംഗത പാലിക്കുന്ന ക്രിസ്‌തു ശിഷ്യര്‍; കര്‍ത്താവ്‌ മരിച്ച്‌ അടക്കപ്പെട്ടു. പക്ഷേ സ്‌ത്രീകളുടെ സ്‌നേഹമോ തീക്ഷണതയോ ഒന്നും ശിഷ്യന്മാരില്‍ ദൃശ്യമല്ല. 4) കര്‍ത്താവിന്റെ ജീവിതകാലത്ത്‌ അവനെ എതിര്‍ക്കുകയും ക്രൂശിക്കുകയും പിന്നീട്‌ അവന്‍ ഉയിര്‍ത്തു എന്ന സത്യം മറച്ചുവെയ്‌ക്കുകയും ചെയ്യുന്ന യഹൂദ പ്രമാണിമാര്‍. അവരുടെ പിന്‍തുടര്‍ച്ചക്കാര്‍ ഭൗതികമായ ശക്തിയുപയോഗിച്ചുകൊണ്‌ട്‌ ഇന്നും സഭയ്‌ക്കെതിരെ ആഞ്ഞടിക്കുന്നത്‌ കാണാം.
കര്‍ത്താവിന്റെ ഉത്ഥാനത്തോടുകൂടി അവന്‍ തന്റെ പരിക്ഷണങ്ങളെയെല്ലാം (മത്ത 4.1-11). അതിജീവിച്ചുവെന്ന്‌ പറയാന്‍കഴിയും. ഒന്നാമത്തെ പരീക്ഷണം അപ്പമുണ്‌ടാക്കാന്‍വേണ്‌ ടിയുളളതായിരുന്നു. ഭക്ഷിച്ചില്ലെങ്കില്‍ നീ മരിച്ചുപോകും: കര്‍ത്താവ്‌ ദൈവഹിതത്തിനുവേണ്‌ ടി താന്‍ മരിക്കാന്‍ തയ്യാറാണെന്ന്‌ കാണിച്ചുകൊടുത്തു; അവന്‍ കുരിശില്‍ തറയ്‌ക്കപ്പെട്ടു. അങ്ങനെ അവന്‍ യഥാര്‍ത്ഥ ജീവന്‍നേടി. അത്ഭുതം പ്രവര്‍ത്തിച്ച്‌ ആളുകളെ ആകര്‍ഷിക്കാനായിരുന്നു മറ്റോരു പ്രലോഭനം. തന്റെ മരണവും ഉത്ഥാനവുമായിരുന്നു അവന്‍ പ്രവര്‍ത്തിച്ച ഏറ്റവും വലിയ അത്ഭുതം. അതിലൂടെ ലോകാവസാനംവരെ അവന്‍ തന്നിലേക്ക്‌ ജനപദങ്ങളെ ആകര്‍ഷിച്ചുകൊണ്‌ടിരിക്കും. ലോകത്തിലെ സകല രാജ്യങ്ങളും സ്വന്തമാക്കാന്‍ സാത്താനെ വണങ്ങുക എന്നതായിരുന്നു മൂന്നാമത്തെ പ്രലോഭനം. കര്‍ത്താവ്‌ സാത്താനെ വണങ്ങാതെ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുളള സകല അധികാരവും നേടിയെടുത്തു (28.18-19). ദൈവഹിതം നിര്‍വ്വഹിച്ചുകൊണ്‌ടു മാത്രമേ നമുക്ക്‌ പരീക്ഷകളെ അതിജീവിക്കാനും ദൈവസന്നിധിയില്‍ വലിയവരാകാനും കഴിയുകയുളളു.

ഉത്ഥാനത്തിനു തെളിവുകള്‍
ഭക്തസ്‌ത്രീകള്‍ കല്ലറ സന്ദര്‍ശിച്ചപ്പോള്‍ വലിയ ഒരു ഭൂമികുലുക്കമുണ്‌ടാവുകയും ദൈവദൂതന്‍ ഭൂമിയിലിറങ്ങി കല്ലറയുടെ വാതില്‍ ആ സ്‌ത്രീകള്‍ക്കുവേണ്‌ടി തുറക്കുകയും ശൂന്യമായ കല്ലറ ദര്‍ശിക്കാന്‍ അവരെ ആഹ്വാനം ചെയ്യുകയും ചെയ്‌തു. ശൂന്യമായ കല്ലറയാണ്‌ ഉത്ഥാനത്തിന്റെ ഒന്നാമത്തെ തെളിവ്‌. ആ സ്‌ത്രീകള്‍ സന്തോഷത്തോടെ തിരിച്ചുപോയപ്പോള്‍ കര്‍ത്താവ്‌ അവര്‍ക്ക്‌ പ്രത്യക്ഷനായി, അവര്‍ കണ്‌ട സത്യത്തിന്‌ സാക്ഷ്യം നല്‌കി. ഇന്നും ദൃശ്യമായ ഈ ശൂന്യമായ കല്ലറയാണ്‌ കര്‍ത്താവിന്റെ പുനരുത്ഥാനത്തിന്റെ തെളിവ്‌.
ഉത്ഥാനശേഷം ശിഷ്യന്മാര്‍ക്ക്‌ പ്രത്യക്ഷപ്പെട്ട കര്‍ത്താവ്‌ അവന്റെ വചനമെല്ലാം പഠിപ്പിക്കാനും പഠിപ്പിച്ച്‌ വിശ്വാസത്തിലേക്ക്‌ ആളുകളെ നയിക്കാനും അവര്‍ക്ക്‌ ജ്ഞാനസ്‌നാനം നല്‍കാനും ശിഷ്യരോട്‌ കല്‌പ്പിച്ചു. ശിഷ്യന്മാരുടെ സാക്ഷ്യം വിശ്വസിക്കുന്നവര്‍ക്ക്‌ രക്ഷയുണ്‌ടാകും. ഉത്ഥാനത്തിന്റെ രണ്‌ടാമത്തെ തെളിവ്‌ എന്നു പറയുന്നത്‌ അപ്പസ്‌തോലിക സഭയുടെ ഇടമുറിയാത്ത സാക്ഷ്യമാണ്‌. അത്‌ വിശ്വസിക്കാത്തവന്‍ കുഴപ്പത്തില്‍ ചാടുമെന്നത്‌ തീര്‍ച്ച.
ഉത്ഥാനത്തിന്റെ മൂന്നാമത്തെ തെളിവ്‌ വി. കുര്‍ബാനയാണ്‌. കര്‍ത്താവ്‌ ലോകാവസാനം വരെ ശിഷ്യരോടുകൂടിയുണ്‌ടായിരിക്കും. അതിന്റെ അടയാളമാണ്‌ വി. കുര്‍ബാനയില്‍ തന്റെ സാന്നിദ്ധ്യം. അതിന്റെ അര്‍ത്ഥമെന്തെന്ന്‌ ശിഷ്യന്മാര്‍ക്ക്‌ പിന്ന്‌ീട്‌ മനസ്സിലായി. സ്‌ത്രീകള്‍ക്ക്‌ പ്രത്യക്ഷപ്പെട്ട്‌ കര്‍ത്താവ്‌ ഈ സാന്നിദ്ധ്യാത്തിന്‌ ഉറപ്പുനല്‍കുകയായിരുന്നു. വി. കുര്‍ബാനയില്‍ ക്രിസ്‌തു സാന്നിദ്ധ്യം ഉള്‍കൊളളാത്തവര്‍ക്ക്‌ ഉത്ഥാനത്തിന്റെ അന്തഃസത്ത അറിയുക പ്രയാസമായിരിക്കും.
ഭക്തസ്‌ത്രീകള്‍ അന്വേഷിച്ചു ചെന്നത്‌ ക്രൂശിതനായവനെയാണ്‌ (28.5). ക്രൂശിതനെ അന്വേഷിക്കുകയും ക്രൂശിതന്റെ മുന്നിലിരുന്ന്‌ പ്രാര്‍ത്ഥിക്കുകയും, ക്രൂശിതന്റെ വേദനകളെകുറിച്ച്‌ മണിക്കുറുകളോളം ധ്യാനിക്കുകയുമെല്ലാം ചെയ്യുക എളുപ്പമാണ്‌. അത്‌ വൈകാരികമായ സംതൃപതിയും നമുക്ക്‌ നല്‍കും. എന്നാല്‍ ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിനെ കാണുകയും അവന്റെ നിരന്തര സാന്നിദ്ധ്യത്തില്‍ ജീവിക്കുകയും അവന്റെ സന്ദേശ വാഹകരായി തിരുകയും ചെയ്യുക ദുഷ്‌കരമാണ്‌. എത്രനന്നായി പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞാലും ക്രൂശിതന്‍ ഏല്‍പ്പിച്ച പ്രേക്ഷിത ദൗത്യം, അവന്റെ നിരന്തര സാന്നിദ്ധ്യത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ വിശ്വാസം ദുഃഖവെളളിയഴ്‌ച വരെയേ എത്തിയിട്ടുളളു. അത്‌ ഉയിര്‍പ്പു ഞായര്‍വരെ വളര്‍ച്ച പ്രാവിക്കാത്ത വിശ്വാസമാണ്‌.

തയാറാക്കിയത്‌
ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.
Download
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home