Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
പന്തകുസ്താതിരുനാള്‍
Readings: Exodus 19:1-9; Acts 2:1-13; 1Corinthians 12:1-11; John 16:5-15

യഹൂദപാരമ്പര്യമനുസരിച്ച്‌ ഇസ്രായേല്‍ജനം ഈജിപ്‌തില്‍ നിന്ന്‌ പുറപ്പെട്ടതിന്റെ അമ്പതാം ദിവസം അവര്‍ സീനായില്‍ എത്തുകയും അവിടെവെച്ച്‌ ദൈവം മോശവഴി അവര്‍ക്ക്‌ നിയമം നല്‌കുകയും ചെയ്‌തു. അതിന്റെ അനുസ്‌മരണമാണ്‌ ഇസ്രായേല്‍കാരെ സംബന്ധിച്ചിടത്തോളം പെന്തകുസ്‌ത തിരുനാള്‍. അതുപോലെതന്നെ വിളവെടുപ്പിന്റെ തിരുനാളുമാണത്‌. ദൈവം മോശയ്‌ക്കു നല്‌കിയത്‌ ശിലമേല്‍ എഴുതിയ പ്രമാണഫലകങ്ങളായിരുന്നു. ഇതില്‍നിന്ന്‌ വ്യത്യസ്‌തമായി പുതിയ നിയമത്തിലെ പെന്തകുസ്‌താ അനുസ്‌മരിക്കുന്നത്‌ ദൈവം തന്റെ സ്‌നേഹത്തിന്റെയും അനുരജ്ഞനത്തിന്റെയും നിയമം മനുഷ്യഹൃദയങ്ങളിലെഴുതിയ ദിവസത്തെയാണ്‌.

കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം അവന്‍ വാഗ്‌ദാനം ചെയ്‌തിരുന്ന ദൈവാത്മാവിനെ കാത്തിരിക്കുകയായിരുന്നു സീയോന്‍ശാലയില്‍ ശിഷ്യന്മാര്‍ (ലൂക്കാ 24:40) എന്താണ്‌ ഈ വാഗ്‌ദാനം എന്നതിനെക്കുറിച്ച്‌ അവര്‍ക്ക്‌ കൃത്യമായ ധാരണകള്‍ ഉണ്‌ടായിരുന്നില്ല. കര്‍ത്താവിന്റെ വചനത്തില്‍ വിശ്വസിച്ച്‌, എന്തിനോവേണ്‌ടി അവര്‍ പ്രതീക്ഷയോടെ പ്രാര്‍ത്ഥനാനിരതരായി കാത്തിരുന്നു. പെട്ടെന്ന്‌ ആ ഭവനം മുഴുവനും വിറകൊള്ളിക്കുന്ന ഒരു കൊടുങ്കാറ്റടിച്ചു. ആ കൊടുങ്കാറ്റ്‌ ആ ഭവനത്തില്‍ നിറഞ്ഞു. ആ ഭവനത്തില്‍ മാത്രമല്ല അവരുടെ അന്തരാത്മാവും ദൈവീകശ്വാസത്താല്‍ നിറഞ്ഞു. ആ ഭവനത്തില്‍ തീനാവുകള്‍ പ്രത്യക്ഷമായി. അവ ആ ഭവനത്തെ മാത്രമല്ല അവരുടെ ഹൃദയങ്ങളെയും ദൈവസ്‌നേഹത്താല്‍ ജ്വലിപ്പിച്ചു. ദൈവത്തിന്റെ അനുരജ്ഞന സന്ദേശവുമായി അവര്‍ പുറത്തേക്കോടി. ആ സന്ദേശം അവര്‍ ലോകമെങ്ങുമുള്ള മനുഷ്യര്‍ക്ക്‌ പകര്‍ന്നു കൊടുത്തു.

വാസ്‌തവത്തില്‍ പെന്തകുസ്‌താ നാളില്‍ സംഭവിച്ചത്‌ ദൈവ-മനുഷ്യ അനുരജ്ഞനമായിരുന്നു. ആദിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിക്കുകയും അവനെ ഏദനിലാക്കുകയും ചെയ്‌തു. ദൈവത്തോടും മനുഷ്യനോടുമൊപ്പം ആദം പറുദീസയില്‍ ജീവിച്ചുവന്നു. എന്നാല്‍ അനുസരണക്കേടുവഴി ദൈവത്തിനതിരെ പാപം ചെയ്‌ത മനുഷ്യന്‍, ദൈവത്തിന്റെ വാസസ്ഥാനമായ ഏദനില്‍നിന്നും മനുഷ്യനില്‍നിന്നും അകറ്റപ്പെട്ടു. തുടര്‍ന്നുവന്ന പാപങ്ങള്‍ മനുഷ്യനെ, ദൈവത്തെയും മനുഷ്യനെയും മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കു തരംതാഴ്‌ത്തി. മനുഷ്യന്റെ ഈ ദയനീയാവസ്ഥയ്‌ക്ക്‌ പരിഹാരം കാണാനാണ്‌ ദൈവം രക്ഷാകരപദ്ധതി ആവിഷ്‌കരിച്ചത്‌. അതിന്റെ ഫലമായിരുന്നു പുത്രന്റെ മനുഷ്യാവതാരം. സ്വര്‍ഗ്ഗവും ഭൂമിയും തമ്മിലും, ദൈവവും മനുഷ്യനും തമ്മിലും, മനുഷ്യനും മനുഷ്യനും തമ്മിലുമുള്ള അകലം കുറക്കുകയും ബന്ധം പുനസ്ഥാപിക്കുകയും ചെയ്യുക.

ക്രിസ്‌തുവിലൂടെ ദൈവം ലോകത്തില്‍ യഥാര്‍ത്ഥത്തില്‍ സന്നിഹിതനായിരുന്നു. മനുഷ്യാവതാരമെന്നത്‌ ദൈവത്തിന്റെ ഭൂമിയിലേക്കുള്ള ഒരു വിനോദയാത്രയല്ല. മറിച്ച്‌ ദൈവമനുഷ്യബന്ധം ശാശ്വതമായി സ്ഥാപിക്കാനുള്ള ദൈവീക പദ്ധതിയാണത്‌. പൂര്‍ണ്ണമനുഷ്യനായി പിറന്ന ദൈവപുത്രന്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെട്ട്‌ ദൈവഹിതമെന്തെന്നറിയുകയും അത്‌ പൂര്‍ണ്ണമായി നിറവേറ്റുന്നതിലൂടെ ആദിമനുഷ്യന്റെ പാപത്തിന്‌ പരിഹാരം ചെയ്യുകയും ചെയ്‌തു. തന്റെ പുനരുത്ഥാനത്തിനുശേഷം ഈ ആത്മാവിനെയാണ്‌ കര്‍ത്താവ്‌ ശിഷ്യന്മാരുടെമേല്‍ നിശ്വസിച്ചത്‌ (യോഹ 20:22). അത്‌ ഏദനില്‍ മനുഷ്യനെ രൂപപ്പെടുത്തിയ ദൈവത്തിന്റെ നിശ്വാസമായിരുന്നു. ആത്മാവ്‌ ശിഷ്യരില്‍ പ്രവേശിച്ചപ്പോള്‍ ആദി മനുഷ്യരിലെന്നപോലെ അവരിലും ദൈവീക ചൈതന്യം നിറഞ്ഞു. അവര്‍ ദൈവമക്കളായി ഉയര്‍ത്തപ്പെട്ടു. വി. പൗലോശ്ലീഹാ പറയുന്നത്‌ ദൈവാത്മാവിനെ സ്വീകരിക്കുക വഴി നാം ദൈവമക്കളായി തീരുന്നുവെന്നാണ്‌ (റോമ 8:15). ദൈവാത്മാവിനെ സ്വീകരിക്കുകവഴി ശിഷ്യന്മാര്‍ ശക്തിപ്രാപിച്ചു (അപ്പ 1:8). ദൈവാത്മാവിന്റെ പ്രവര്‍ത്തനഫലമായി ദൈവമക്കളായിത്തീര്‍ന്ന ഈ ശിഷ്യരിലൂടെയാണ്‌ ദൈവത്തിന്റെ അനുരജ്ഞന പദ്ധതി ലോകത്തില്‍ തുടരേണ്‌ടത്‌. അതാണ്‌ പെന്തകുസ്‌താനാളില്‍ സംഭവിച്ചത്‌. പരി. ആത്മാവിനെ സ്വീകരിച്ച ശിഷ്യര്‍ ശക്തി പ്രാപിക്കുകയും, അവര്‍ ദൈവഹിതമെന്തെന്ന്‌ തിരിച്ചറിയുകയും, അവര്‍ പുറത്തിറങ്ങി സംസാരിച്ചപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ വ്യത്യസ്‌ത ഭാഷകള്‍ സംസാരിക്കുന്നവരായ മനുഷ്യര്‍ക്കെല്ലാം അവര്‍ വിവരിച്ചു ദൈവത്തിന്റെ മഹനീയ കൃത്യങ്ങള്‍ മനസ്സിലാവുകയും ചെയ്‌തു.

ദൈവത്തിന്റെയും മനുഷ്യരുടെയും ഭാഷ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌ നാം നമ്മുടെ സ്വാര്‍ത്ഥ താത്‌പര്യങ്ങളുടെ മതില്‍കെട്ടിന്‌ പുറത്തുവരുമ്പോള്‍ മാത്രമാണ്‌. ആദത്തിന്‌ കഴിയാതെ പോയതും അതുതന്നെ. അതിന്‌ നമുക്ക്‌ ദൈവാത്മാവിന്റെ സഹായമാവശ്യമുണ്‌ട്‌. ദൈവാത്മാവാണ്‌ ദൈവത്തേയും മനുഷ്യനേയും മനുഷ്യരെ തമ്മില്‍ തമ്മിലും സ്‌നേഹത്തില്‍ ഒന്നുചേര്‍ക്കുന്ന ദൈവീകശക്തി.

ദൈവാത്മാവിനെ സ്വീകരിക്കുന്നതിലൂടെ ദൈവമക്കളായിത്തീര്‍ന്ന നാമാണ്‌ അപ്പസ്‌തോലന്മാരെപ്പോലെ ഇന്ന്‌ അനുരജ്ഞനത്തിന്റെ സന്ദേശവാഹകരാകേണ്‌ടവര്‍. ഈ സന്ദേശം മനസ്സിലാക്കിയ ആവിലായിലെ അമ്മ ത്രേസ്യാ പറയുന്നതിങ്ങനെയാണ്‌: "നിങ്ങളുടേതല്ലാതെ ക്രിസ്‌തുവിനു മറ്റു കൈകളില്ല, നിങ്ങളുടേതല്ലാതെ ....... കൈകളില്ല, നിങ്ങളുടേതല്ലാതെ ....... പാദങ്ങളില്ല; മനുഷ്യനെ ദയയോടെ നോക്കേണ്‌ട ക്രിസ്‌തുവിന്റെ കണ്ണുകള്‍ നിങ്ങളുടേതു മാത്രമാണ്‌; ക്രിസ്‌തുവിന്‌ നന്മ ചെയ്‌ത്‌ ചുറ്റി സഞ്ചരിക്കാനുള്ള പാദങ്ങള്‍ നിങ്ങളുടേതുമാത്രമാണ്‌; ക്രിസ്‌തുവിന്‌ മനുഷ്യരെ അനുഗ്രഹിക്കാനുള്ള കൈകള്‍ നിങ്ങളുടേതു മാത്രമാണ്‌."

അനുരജ്ഞനത്തിന്റെ സന്ദേശവാഹകരാകാന്‍ കഴിയണമെങ്കില്‍ നാം ദൈവാത്മാവിന്റെ കൊടുങ്കാറ്റിനാല്‍ ഇളക്കി മറിക്കപ്പെടുകയും ദൈവീകശക്തിയാല്‍ നിറയുകയും വേണം. അഗ്നിക്കുമാത്രമേ അഗ്നി കൊളുത്താന്‍ കഴിയൂ. നമുക്കാരെയെങ്കിലും ജ്വലിപ്പിക്കാന്‍ കഴിയണമെങ്കില്‍ നാം തന്നെ ജ്വലിച്ചേ പറ്റൂ; ജ്വലിച്ചുകൊണ്‌ടിരിക്കുന്ന തീനാവുകള്‍ അതിന്‌ ജ്വലിപ്പിക്കാന്‍ കഴിയുന്ന മറ്റൊരു വസ്‌തുവിനെ ഉടന്‍ കണ്‌ടെത്താറുണ്‌ട്‌. ദൈവാത്മാവിനാല്‍ ജ്വലിക്കുന്നവരാകുവാനുള്ള വിളിയാണ്‌ ഇന്ന്‌ നാഥന്‍ നമുക്ക്‌ നല്‌കുന്നത്‌.

യൂറോപ്പിലെവിടെയോ സംഭവിച്ചു എന്നു പറയുന്ന ഒരു കഥ: ഒരു മനുഷ്യന്‍ ദേവാലയത്തില്‍ പോകാതെയായി, കാരണം അച്ചന്റെ പ്രസംഗം അയാള്‍ക്ക്‌ അരോചകമായിരുന്നു. ആഴ്‌ചകള്‍ പിന്നിട്ടു കഴിഞ്ഞ്‌ ഒരു ദിവസം ഇടവകയിലെ അച്ചന്‍ അയാളെ അന്വേഷിച്ചിറങ്ങി. അച്ചന്‍ വരുന്നത്‌ ദൂരെവച്ചുതന്നെ അയാള്‍ കണ്‌ടു. അച്ചന്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അതിന്‌ താന്‍ കൊടുക്കാന്‍ പോകുന്ന വ്യക്തമായ ഉത്തരങ്ങളും അയാള്‍ മനസ്സില്‍ കരുതി. തന്റെ ഭവനത്തിലെത്തിയ വൈദികനെ അയാള്‍ സ്വാഗതം ചെയ്യുകയും കഠിനമായ തണുപ്പുണ്‌ടായിരുന്നതിനാല്‍ വീട്ടിനകത്തെ നെരിപ്പോടിനടുത്ത്‌ അച്ചന്‌ ഒരു ഇരിപ്പിടം നല്‌കുകയും ചെയ്‌തു. നെരിപ്പോടിനടുത്തിരുന്ന വൈദികന്‍ വളരെനേരം കഴിഞ്ഞിട്ടും ഒരക്ഷരംപോലും ഉരിയാടിയില്ല. പിന്നീട്‌ അദ്ദേഹം കൊടിലുകൊണ്‌ട്‌ കത്തിക്കൊണ്‌ടിരുന്ന ഒരു കൊള്ളിയെടുത്ത്‌ അവിടെനിന്ന്‌ മാറ്റി തറയില്‍ വച്ചു. നിശബ്ദമായ കുറേ സമയം പിന്നിട്ടപ്പോള്‍ ആ വിറകിലെ തീ അണഞ്ഞുപോകുന്നത്‌ വീട്ടുടമസ്ഥന്‍ കണ്‌ടു. അയാളതെടുത്ത്‌ വീണ്‌ടും നെരിപ്പോടിലേക്ക്‌ വച്ചു. അതുകണ്‌ടപ്പോള്‍ വൈദികന്‍ തിരിച്ചുപോകാനായി സാവധാനം എഴുന്നേറ്റു. താന്‍ പറയാന്‍ ഒരുങ്ങിയിരുന്ന വാദഗതികളെല്ലാം അപ്രസക്തമാണെന്നു കണ്‌ട വീട്ടുടമസ്ഥന്‍ വൈദീകനോട്‌ തനിക്കെല്ലാം മനസ്സിലായി എന്നും തന്റെ ജീവിതത്തിലെ ദൈവീകജ്വാല അണഞ്ഞുപോകാനോ ജീവിതം ഒരു കരികഷണമായി മാറ്റാനോ താന്‍ ആഗ്രഹിക്കുന്നില്ലെന്നു ഏറ്റുപറഞ്ഞു. ദൈവം ആത്മാവിനെ തന്നനുഗ്രഹിച്ച സഭയോട്‌ ചേര്‍ന്നുനിന്നുകൊണ്‌ട്‌ ദൈവസ്‌നേഹത്താല്‍ ജ്വലിക്കുന്നവരും അന്യരെ ജ്വലിപ്പിക്കുന്നവരുമായിതീരാന്‍ നമുക്കു സാധിക്കട്ടെ.

ഫാ. ആന്റണി തറേക്കടവില്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.
Download Sermon 2010
Sermon 2009
പന്തകുസ്‌താ തിരുന്നാള്‍ സഭയുടെ ഉദ്‌ഘാടനമായാണ്‌ വിശേഷിപ്പിക്കപ്പെടുക. ഉദ്‌ഘാടനം എന്നതിലുപരി സഭയുടെ അസ്‌തിത്വത്തെപറ്റിയുളള സാക്ഷ്യമാണ്‌ പ്രധാനം- സഭ എന്താണെന്നുളള തിരിച്ചറിവ്‌. ഇതൊരു ചരിത്രസംഭവം എന്നതിലുപരി അന്തരികമായ ഒരു പ്രകാശന (Spritual Realiztion) മായി മനസ്സിലാക്കുകയാണ്‌ പ്രധാനം. എന്തായിരിക്കാം ഈ തിരിച്ചറിവ്‌?
സഭയെന്നാല്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തന മണ്ഡലമായി മനസിലാക്കണം. ഉത്ഥിതനായ മിശിഹാ പരിശുദ്ധാത്മാവിലൂടെ പ്രവര്‍ത്തന നിരതമാക്കുന്ന മേഖല. മിശിഹായുടെ പ്രവര്‍ത്തനങ്ങള്‍ യുഗാന്ത്യത്തോളം നിലനില്‍ക്കണം, പരിശുദ്ധാത്മാവില്‍-സഭയുടെ സമയം (Time of the church) എന്നത്‌ പരിശുദ്ധാത്മാവിന്റെ സമയമാണ്‌. സഭ ഉളളിടത്തോളം കാലം സഭയില്‍ പ്രവര്‍ത്തന നിരതമാവുക പരിശുദ്ധാത്മാവാണ്‌.
പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമായി നിര്‍ണ്ണയിക്കപ്പെടുക വൈവിദ്ധ്യത്തിലെ ഏകത്വമാണ്‌. വിവിധരാജ്യക്കാരും ഭാഷക്കാരും ഇവിടെ സന്നിഹിതരാണ്‌. പക്ഷെ അവരെല്ലാം സ്വന്തം ഭാഷയില്‍ സുവിശേഷം ശ്രവിക്കുന്നു.
അരൂപിയുടെ ഭാഷക്ക്‌ അതിര്‍വരമ്പില്ല. ഭാഷകളെയും ദേശങ്ങളെയും വൈവിദ്ധ്യമാര്‍ന്ന ജനസമൂഹങ്ങളെയും ഉള്‍കൊളളുകയും അതേസമയം അതിശയിക്കുകയും ചെയ്യുന്ന അരൂപിയുടെ ഭാഷ.
എന്നാല്‍ ഈ ഐക്യം വൈവിധ്യങ്ങളെ ഇല്ലാതാക്കുന്നില്ല. അത്‌ എല്ലാ വൈവിധ്യങ്ങളെയും സമുന്വയിപ്പിക്കുന്ന പ്രവര്‍ത്തന ശൈലിയാണ്‌; എല്ലാ വൈവിധ്യങ്ങളും സ്വാംശികരിക്കുന്ന, പ്രവര്‍ത്തന നിരതമാക്കുന്ന ചലനാത്മകമായ ഐക്യം.
വൈവിദ്ധ്യം വിഭജനമല്ല, വ്യത്യസം അകലവുമല്ല.
അരൂപി നല്‍കപ്പെടുന്നത്‌ സഭയിലാണ്‌, അപ്പസ്‌തോല ഗണത്തോടൊപ്പം സന്നിഹിതമാകുന്ന ജനത്തിന്‌, ആദ്യം അപ്പസ്‌തോലന്‍മാര്‍ക്കും (യോഹ 20.22) പിന്നീട്‌ ആദിമഗണം മുഴുവനും.
ഒരു സ്ഥലത്ത്‌ ഒരേ മനസ്സോടെ സന്നിഹിതമാകുന്ന ജനം എല്ലാവരോടും പുലര്‍ത്തുന്ന മാനസിക ഐക്യമാണ്‌ അരൂപിയുടെ ദാനത്തിനുളള വ്യവസ്ഥ. പ്രാഥമികമായി ഉണ്ടാകേണ്‌ട ഈ ഐക്യം സാധിക്കുന്നതും പരിശുദ്ധാത്മാവുതന്നെ. ഒന്നിച്ച്‌ ആയിരിക്കാനും ഒരേ ദിശയില്‍ സഞ്ചരിക്കുവാനും ജനത്തെ ഒരുക്കുന്ന അദൃശ്യമായ ദാനം.
മിശിഹായുടെ ശരിരത്തില്‍ ആയിരുന്നാലെ മിശിഹായുടെ അരൂപി ലഭ്യമാവൂ. അതുപോലെ തന്നെ മിശിഹായുടെ അരൂപി ഉണ്‌ ടെങ്കിലെ ഒരുവന്‍ മിശിഹായുടെ ശരിരത്തിലാവൂ.
ഏകശരീരം ഉളളതുകൊണ്‌ടല്ല ഏകാത്മാവ്‌ ഉളളത്‌. മിശിഹായുടെ ആത്മാവ്‌ ഏകമായതുകൊണ്‌ടാണ്‌ ഏകശരിരം, അതായത്‌ മിശിഹായുടെ ശരീരമായ സഭ, ആ ശരിരത്തിലാകാന്‍ അരൂപി നമ്മെ സജ്ജമാക്കുന്നു. മിശിഹായുടെ അരൂപി സഭയ്‌ക്ക്‌ നല്‌കപ്പെടുന്നു. ആ ശരീരത്തിലാണ്‌ നാം ആരൂപിയെ സ്വീകരിക്കുക.
പരിശുദ്ധാത്മാവ്‌ സമൂഹത്തിലും, വ്യക്തിയിലും പ്രവര്‍ത്തന നിരതനാണ്‌. സമൂഹത്തില്‍ വ്യക്തികളുടെ പ്രസക്തി നഷ്ടമാകുന്നില്ല. വൈവിദ്ധ്യമാര്‍ന്ന വ്യക്തികളുടെ സാഹോദര്യത്തില്‍ രൂപപ്പെടുന്ന കൂട്ടായ്‌മയാണ്‌ സഭ. വ്യക്തികള്‍ സഭയുടെ സവിശേഷമായ സ്വത്താണ്‌. സഭ എന്നത്‌ അജഗണം ഒരുമിച്ച്‌കൂട്ടുന്ന ആല മാത്രമല്ല, അജപാലകന്‍ പേരുചൊല്ലി വിളിക്കുന്ന വൈവിദ്ധ്യമാര്‍ന്ന ആടുകളുടെ ഗണമാണ്‌. ഇടയന്‌ ഓരോന്നിനെയും അറിയാം, അവയുടെ സവിശേഷതകളും.
പൗലോസിന്റെയും ലൂക്കായുടെയും സുവിശേഷങ്ങളില്‍ സഭയുടെ ഭൗമികവും ആത്മീയവുമായ വശങ്ങളെ വളരെ ശ്രദ്ധാപൂര്‍വ്വം സമന്വയിപ്പിക്കുന്നു. (സഭയുടെ) ശരീരം ആത്മാവില്‍ നിന്നൊ, ആത്മാവ്‌ ശരിരത്തില്‍ നിന്നൊ വേറിട്ടല്ല.
പല ഗ്രന്ഥങ്ങളും ലഭ്യമായിരുന്നിട്ടുകൂടി മറ്റൊന്ന്‌ രചിക്കുവാന്‍ ലൂക്കാ സന്നദ്ധമാകുന്നതിന്‌ കാരണം സഭയുടെ രൂപികരണത്തില്‍ ആരൂപിയുടെ അനിഷേധ്യമായ പങ്ക്‌ സ്ഥാപിക്കാനത്രെ (ലൂക്കാ 1.1).
പൗലോസും ലൂക്കായും പരിശുദ്ധാത്മാവിനെപറ്റിയുളള കാഴ്‌ചപ്പാടില്‍ വ്യത്യസ്ഥത പുലര്‍ത്തുന്നു. പൗലോസിന്റെ കാഴ്‌ചപ്പാട്‌ വിശാലവും സഭാ ജീവിതത്തെ മൊത്തം സ്‌പര്‍ശിക്കുന്നതുമാണ്‌ (എഫേ 5.18; 6.9). പൗലോസ്‌ ക്രൈസ്‌തവമായ അസ്‌തിത്വം സൂചിപ്പിക്കുന്നു. അതായത്‌ ക്രൈസ്‌തവനാകുക എന്നാല്‍ ആത്മാവ്‌ ഉളളവനാവുക എന്നര്‍ത്ഥം. ആരൂപിയിലുളള ജീവിതം (റോ8.2-8). ആരൂപി ഉളളവന്‍ (റോമ 8.9). അരൂപിയാല്‍ നയിക്കപ്പെടുന്നവന്‍ (റോമ 8.14)- ഇതൊക്കെ ക്രൈസ്‌തവ മാനസാന്തരവും ജീവിത ശൈലിയുമാണ്‌ സാക്ഷിക്കുന്നത്‌.
അരൂപി അനന്യമാണ്‌ എന്നാല്‍ എല്ലായിടത്തുമുണ്ട്‌.
അരൂപി അതീത സ്വഭാവിയാണ്‌ എന്നാല്‍ എല്ലാറ്റിലും സന്നിഹിതനാണ്‌.
അരൂപി സൂഷ്‌മമാണ്‌ എന്നാല്‍ എല്ലാറ്റിനെയും ഭരിക്കുന്നു.
അരൂപി സ്വാതന്ത്രത്തെ മാനിക്കുന്നു. അത്‌ നല്‍കുകയും ചെയ്യുന്നു.
അരൂപിയുടെ ലക്ഷ്യം കൂട്ടായ്‌മയാണ്‌- നാനത്വത്തിലൂടെ പ്രസ്‌പഷടമാകുന്ന ഐക്യം.
ദൈവത്തിന്റെ സമ്പൂര്‍ണ്ണമായ സംലഭ്യതയും സംവേദനവുമാണ്‌ അരൂപി. നമ്മില്‍ സ്ഥിതി ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ദൈവം. അങ്ങനെ നമ്മിലൂടെ ലോകത്തില്‍ സന്നിഹിനാകുന്ന ദൈവം.

തയറാക്കിയ്‌
ഫാ. തോമസ്‌ നീണ്‌ടുര്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home