Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
കര്‍ത്താവിന്റെ പിറവിത്തിരുനാള്‍
Isaiah 7:10-16 + 9:6-7; Micah 5:2-5, 8-9; Galatians 3:15-25; Luke 2:1-20

ക്രിസ്‌തുമസ്സ്‌ സന്തോഷത്തിന്റെ മഹാ സദ്വാര്‍ത്തയാണ്‌. മാലാഖമാര്‍ യേശുവിന്റെ പിറവിയില്‍ ആട്ടിടയന്മാരെ അറിയിച്ച സന്ദേശമതാണ്‌. എന്തുകൊണ്‌ടാണ്‌ തിരുപ്പിറവി സദ്വാര്‍ത്തയായി മാറുന്നത്‌.
1) ആദ്യമായി പിതാവായ ദൈവത്തിന്റെ മനുഷ്യവര്‍ഗ്ഗത്തോടുളള അനന്ത സ്‌നേഹത്തിന്റെ ആവിഷ്‌കാരമാണത്‌. യോഹന്നാന്‍ ശ്ലീഹാ തന്റെ ലേഖന ത്തില്‍ ഇപ്രകാരം എഴുതുന്നു. "ദൈവം സ്‌നേഹമാണ്‌. തന്റെ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്‌ടതിന്‌ ദൈവം അവനെ ലോകത്തിലേക്ക്‌ അയച്ചു. അങ്ങനെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു (1യോഹ 3: 9).
തന്റെ ഏകജാതനെ ദൈവം ലോകത്തിന്‌ നല്‍കിയ ദിവസമാണ്‌ ക്രിസ്‌തുമസ്സ്‌. ഉണ്ണിയേശുവിലൂടെ ദൈവത്തിന്റെ സ്‌നേഹം നാം അനുഭവിച്ചറിയുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും രോഗവും വേദനയും ദൗര്‍ബല്ല്യവും തിന്മയും നിറഞ്ഞ മനുഷ്യന്റെ ജീവിതാവസ്ഥയിലേക്ക്‌ ദൈവം ഇറങ്ങിവന്ന ദിവസം. അവന്‍ ഇമ്മാനുവല്‍ എന്നു വിളിക്കപ്പെടും എന്നു പറഞ്ഞ ദൈവദൂതന്റെ വാക്കുകളുടെ പൊരുള്‍ ഇതാണല്ലോ.
ആകാശമേഘങ്ങള്‍ക്കപ്പുറം വസിക്കുന്ന ദൈവമല്ല നമ്മുടെ ദൈവം. മനുഷ്യന്റെ ദു:ഖങ്ങളിലേക്കും വേദനകളിലേക്കും ഇറങ്ങിവന്ന്‌ അവയെ വിശുദ്ധികരിച്ച സ്വര്‍ഗ്ഗീയമായ പരിവേഷംകൊണ്‌ടു നിറയ്‌ക്കുന്ന ദൈവമാണ്‌. കാലിത്തൊഴുത്തിന്റെ അധ:സ്ഥിതിയേപ്പോലും സ്വര്‍ഗ്ഗീയ മഹത്വത്താല്‍ ഔന്നത്യമുളളതാക്കമാറ്റുന്നവനാണ്‌ അവിടുന്ന്‌. നമ്മുടെ ജീവിതത്തിലെ അസൗകര്യങ്ങള്‍, അസ്വസ്ഥതകള്‍, ശോചനീയമായ അവസ്ഥ എല്ലാം ഉണ്ണിയേശുവിന്റെ സാന്നിധ്യത്താല്‍ സ്വര്‍ഗ്ഗത്തിലേക്കുളള സോപാനമായി മാറുന്നു.
2) രണ്‌ടാമതായി രക്ഷയുടെ സദ്വാര്‍ത്തയാണ്‌ ക്രിസ്‌തുമസ്സ്‌. "ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ഇന്നു ജനിച്ചിരിക്കുന്നു" എന്നായിരുന്നു മാലാഖയുടെ സന്ദേശം. കര്‍ത്താ വ്‌ നല്‌കുന്ന രക്ഷയുടെ വിവിധ മാനങ്ങള്‍ 91-ം സങ്കീര്‍ത്തനത്തില്‍ വിവരിക്കുന്നുണ്‌ട്‌. 'യഹോവയാണ്‌ ജനത്തിന്റെ രക്ഷകന്‍', 'യഹ്‌വേ രക്ഷിക്കുന്നു'. ആശയങ്ങള്‍ നരവധി തവണ വി. ഗ്രന്ഥത്തില്‍ ഉപയോഗിക്കുന്നു. അങ്ങാണ്‌ എന്നെ രക്ഷിക്കുന്ന ദൈവം എന്ന്‌ സങ്കീ. 25.5 ല്‍ പറയുന്നു. പഴയ നിയമത്തില്‍ ഏറ്റവും വലിയ രക്ഷണീയ കര്‍മ്മം ഈജിപ്‌റ്റില്‍ നിന്ന്‌‌ ഇസ്രായേല്‍ക്കാരെ മോചിപ്പിച്ചതാണ്‌. ദൈവം രക്ഷകനാണ്‌ എന്ന ആശയം പുതിയ നിയമത്തില്‍ പലയിടത്തും കാണാം. ദൈവത്തിന്റെ കരുണയുടെയും കൃപാവരത്തിന്റെയും ക്ഷമയുടെയും ഫലമാണ്‌ രക്ഷ. ഈ രക്ഷ നമുക്ക്‌ ലഭിക്കുന്നത്‌ യേശുക്രസ്‌തുവിലൂടെയാണ്‌. ഞാനാണ്‌ വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷ പ്രാപിക്കും എന്ന്‌ യോഹ 10:9 ല്‍ യേശു അരുളിച്ചെയ്യുന്നു. "ഇസ്രായേലിന്‌ രക്ഷകനായി യേശുവിനെ ദൈവം ഉയര്‍ത്തിയിരിക്കുന്നു, എന്ന്‌ അപ്പസ്‌തോല പ്രവര്‍ത്തനം 13:23 ല്‍ പറയുന്നു.
യേശു നല്‌കുന്ന രക്ഷ പാപത്തില്‍ നിന്നുളള മോചനമാണ്‌. അത്‌ ന്യായ വിധിയില്‍ നിന്നും ദൈവകോപത്തില്‍ നിന്നുമുളള മോചനമാണ്‌. ശിശുവായ യേശുവിനെ സര്‍വ്വലോകത്തിന്റെയും രക്ഷകനായി ശിമയോന്‍ തിരിച്ചറിഞ്ഞു.
രക്ഷ പ്രാപിക്കുവാന്‍ വിശ്വാസം സ്വീകരിക്കുക അത്യാവശ്യമാണ്‌. റോമാക്കാര്‍ക്കുളള ലേഖനത്തില്‍ പൗലോസ്‌ ശ്ലീഹ എഴുതുന്നു. "മനുഷ്യന്‍ ഹൃദയംകൊണ്‌ട്‌ വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരം കൊണ്‌ട്‌ ഏറ്റുപറയുകയും തന്‍മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു... കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും. (റോമ 10: 10-13) വിശ്വാസം കൊണ്‌ട്‌ മാത്രം ആരും രക്ഷപ്രാപിക്കുകയില്ല. വിശ്വാസത്തിനനുസരിച്ചുളള പ്രവൃത്തികളും ആവശ്യമാണ്‌. പ്രവൃത്തിയില്ലാത്ത വിശ്വാസത്തിന്റെ ഫലശൂന്യതയെക്കുറിച്ച്‌ യാക്കോബ്‌ ശ്ലീഹാ പറയുന്നുണ്‌ടല്ലോ (യാക്കോബ്‌ 2:14).
അതിനാല്‍ തീക്ഷണമായ വിശ്വാസവും സ്‌നേഹപൂര്‍ണ്ണമായ പ്രവര്‍ത്തനവും സമന്വയിപ്പിക്കുമ്പോഴാണ്‌ നമ്മെ സംബന്ധിച്ചിടത്തോളം രക്ഷയുടെ സദ്‌വാര്‍ത്ത അര്‍ത്ഥപൂര്‍ണ്ണമാകുന്നത്‌.
3) ക്രിസ്‌മസ്‌ പ്രകാശത്തിന്റെ സദ്‌വാര്‍ത്തയാണ്‌. "ദൈവം എന്റെ പ്രകാശമാണ്‌ എന്ന്‌ സങ്കീര്‍ത്തകന്‍ ഉദ്‌ഘോഷിക്കുന്നു (സങ്കീ 27:1). യേശുവിന്റെ അവതാരത്തെക്കുറിച്ച്‌ യോഹന്നാന്‍ ശ്ലീഹാ പറയുന്നത." "എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേക്കു വന്നു." (യോഹ 1:9) എന്നാണ്‌. "അന്ധകാരത്തില്‍ സ്ഥിതി ചെയ്‌തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്‌ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്‌തി ഉദയം ചെയ്‌തു (മത്തായി 4:16) എന്നത്രേ മത്തായിയുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌.
ലോകത്തില്‍ എല്ലാ മതങ്ങളിലും തിന്മയെ അന്ധകാരമായും ദൈവീകതയെ പ്രകാശമായും കാണാറുണ്‌ട്‌. ശബരിമലയിലെ മകര ജ്യോതിസ്സും റംസാന്‍ നിലാവിന്റെ പ്രകാശവും എല്ലാം പ്രതീകാത്മകമാണ്‌. അന്ധകാരത്തില്‍ നിന്ന്‌ പ്രകാശത്തിലേക്ക്‌ നയിക്കണമേ (തമസോമ ജ്യോതിര്‍ഗമയ) എന്നാണല്ലോ ഭാരതീയ ഋഷിവര്യന്മാര്‍ പ്രാര്‍ത്ഥിച്ചത്‌.
ഇന്ന്‌ തിന്മയും അഴിമതിയും അനീതിയും ഭീകരവാദവും സ്വാര്‍ത്ഥതയും വിഭാഗീയ ചിന്തയും അത്യാര്‍ത്തിയും ജഡിക മോഹങ്ങളും കൊണ്‌ട്‌ അന്ധകാരപൂര്‍ണ്ണമാണ്‌ നമ്മുടെ അന്തരീക്ഷം. ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌ എന്ന്‌ അരുളി ചെയ്‌ത യേശുവിന്റെ ദിവ്യ പ്രകാശം സ്വന്തമാക്കുമ്പോള്‍ മാത്രമേ നമ്മുടെ സാമൂഹിക അന്തരീക്ഷത്തെ പ്രഭാപൂരിതമാക്കാന്‍ സാധിക്കുകയുള്ളൂ. ഉണ്ണിയേശുവിന്റെ പിറവിയില്‍ പ്രകാശിച്ച നക്ഷത്ര ദീപ്‌തി നാം സ്വന്തമാക്കണം. 'നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്‌' എന്ന്‌ ശിഷ്യരെ നോക്കി പറഞ്ഞ യേശുവിന്റെ വാക്കുകള്‍ നമ്മുടെ ജീവിതത്തില്‍ സ്‌ാക്ഷാത്‌ക്കരിക്കണം. അപ്പോള്‍ മാത്രമേ തിരു പിറവിയുടെ സന്ദേശമായ സമാധാനവും ശാന്തിയും നമ്മുടെ വ്യക്തി ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും സന്നിഹിതമാക്കാന്‍ നമുക്കു സാധിക്കൂ. അതിനുവേണ്‌ടി നമുക്ക്‌ പരിശ്രമിക്കാം. അതിനുള്ള കൃപ ഉണ്ണിയേശു നമുക്ക്‌ നല്‌കട്ടെ എന്ന്‌ ആശംസിക്കുന്നു.

ഫാ. ജിയോ പുളിക്കല്‍,
സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌ പുളിങ്ങോം.


Download sermon 209-10
 

 

ക്രിസ്‌മസ്‌ 2008-9

   മണ്ണില്‍ മെനഞ്ഞെടുത്ത്‌ തന്റെ ഛായയും സാദൃശ്യവും പകര്‍ന്ന്‌ തന്നോടൊപ്പം പറുദീസായുടെ പാവനമായ ഔന്ന്യത്യത്തിലേക്ക്‌ ദൈവം മനുഷ്യനെ വിളിച്ചു. എങ്കിലും അവന്‍ ദൈവിക സാന്നിധ്യത്തില്‍ നിന്നും ഓടിമറഞ്ഞു. തന്നില്‍ നിന്നും അകന്നുമാറി മനുഷ്യകുലത്തോടൊപ്പം താഴ്‌ന്നിറങ്ങി അവനോടൊപ്പം വസിക്കുവാന്‍ തിരുമനസ്സായ ദൈവം ഇമ്മാനവേലായതിന്റെ, നമ്മുടെ ദൈവം നമ്മോടുകുടെയായതിന്റെ ഓര്‍മ്മയാചരണമാണ്‌ ക്രിസ്‌മസ്‌.
   ഉല്‍പത്തി 3.15 ല്‍ ദൈവം വാഗ്‌ദാനം ചെയ്‌തപ്രകാരം തിന്മയുടെ തലതകര്‍ക്കാന്‍ സ്‌ത്രീയില്‍ നിന്നും ജന്മമെടുത്ത രക്ഷകന്റെ ജനന സുമംഗള സംഭവത്തിന്റെ ആഘോഷമാണിത്‌. ക്രിസ്‌മസ്‌ ദിനത്തില്‍, സര്‍വ്വലോകത്തിനും വേണ്ടിയുളള മഹാസന്തോഷത്തിന്റെ സദ്വാര്‍ത്ത സഭ നമ്മെയും അറിക്കുന്നു. ഈ സന്ദേശം ആദ്യം ശ്രവിച്ചതും അനുഭവിച്ചതും ആട്ടിടയന്മാരാണെന്ന്‌ വിശുദ്ധ ഗ്രന്ഥപശ്ചാത്തലം പറയുന്നു. (1) അവരുടെ മുന്നില്‍ കര്‍ത്താവിന്റെ ദൂതന്‍ സന്ദേശവുമായി എത്തി. (2) കര്‍ത്താവിന്റെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു. (3)അവര്‍ വളരെ ഭയപ്പെട്ടു.
   എന്നാല്‍ ക്രിസ്‌മസിന്റെ സന്ദേശമെന്താണ്‌. (1) ദൂതന്‍ അവരോട്‌ പറഞ്ഞു ഭയപ്പെടേണ്ട ക്രിസ്‌മസ്‌ നല്‌കുന്ന വലിയ സന്ദേശം ഭയപ്പെടേണ്ട എന്നതാണ്‌. വിശുദ്ധ വചനത്തില്‍ ഏറ്റവും കുടുതല്‍ ആവര്‍ത്തിക്കപ്പെടുന്ന ഒരു സന്ദേശമാണിത്‌. ഇതിന്റെ ആന്തരികാര്‍ത്ഥം മനസ്സിലാക്കാന്‍ രക്ഷകനെ വാഗ്‌ദാനം ചെയ്‌ത പറുദീസായുടെ പശ്ചാത്തലം സഹായിക്കും. അവിടെ (1) കര്‍ത്താവ്‌ ആദിമനുഷ്യരെ അനേഷിച്ച്‌ എത്തി. ഇവിടെയാകട്ടെ ദൈവദൂതനും. അവിടെ അവര്‍ കര്‍ത്താവുനല്‌കിയ മഹത്ത്വം നഷ്ടപ്പെടുത്തി ഇവിടെ കര്‍ത്താവിന്റെ മഹത്ത്വം പാവപ്പെട്ട ആട്ടിടയന്മാരുടെമേല്‍ പ്രകാശിച്ചു. (3) അവിടെ അവര്‍ ഭയപ്പെട്ട്‌ ഓടിമറഞ്ഞു. ഇവിടെ ഇടയന്‍മാര്‍ ഭയപ്പെട്ടുവെങ്കിലും ദൈവദൂതന്റെ വാക്കുകേട്ട്‌ ഈശോയുടെ സവിധത്തിലണഞ്ഞു.
   പറുദീസാ സംഭവത്തില്‍ മനുഷ്യര്‍ ഭയപ്പെട്ടു, കാരണം അവര്‍ നഗ്നരായി കാണപ്പെട്ടു. ദൈവം നല്‌കിയ മഹത്വത്തിന്റെ വസ്‌ത്രം നഷ്ടമാക്കിയവര്‍ സൃഷ്ടവസതുക്കളായ പച്ചിലകളും മരങ്ങളും കൊണ്ട്‌ മറയുണ്ടാക്കി നഗ്നതമാറ്റുവാന്‍ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല. അപ്പോള്‍ ദൈവം തോലുകൊണ്ടുളള ഉടയാടനല്‌കി. ഇതൊക്കെയായിട്ടും ദൈവസാന്നിധ്യത്തിന്റെ പറുദീസാക്ക്‌ പുറത്തായി അവര്‍. ഇവിടെയിതാ, നഗ്നരെന്നു കണ്ടു ലജ്ജിച്ച്‌ ഓടിയകലുന്ന മനുഷ്യരുടെയിടയില്‍ നഗ്നനായി ഒരു ശിശുവായി ദൈവം കടന്നുവരുന്നു. അവശ്യത്തിന്‌ ഇല്ല എന്ന ബോധ്യമാണല്ലേ,... ലജ്ജയിലേക്ക്‌ നയിക്കുക. ഇവിടെയിതാ, ആവശ്യത്തിന്‌ പാര്‍പ്പിടമോ, വസ്‌ത്രമോ, പരിചരണമോ ഇല്ലാതെ ദൈവം കടന്നുവരുന്നു. പാവപ്പെട്ടവനെപ്പോലെ പിളളകച്ചയാല്‍ സ്വയം ആവൃനാകുന്ന ദൈവം. മനുഷ്യന്‌ ഉടയാട നല്‌കാന്‍, കൃപാവരത്തിന്റെ അനശ്വര വസ്‌്രതം നല്‌കാന്‍ അവിടുന്ന്‌ സ്വയം ദരിദ്രനായി. വി. പൗലോസ്‌ശ്ലീഹാ പറയുന്നു. നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപ നിങ്ങള്‍ക്ക്‌ അറിയാമല്ലോ. തന്റെ ദാരിദ്രത്തില്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടി, സമ്പന്നനായിരുന്നിട്ടും അവന്‍ നിങ്ങളെ പ്രതി സ്വയം ദരിദ്രനായി (2കോറി 8.9). ആകയാല്‍ നമുക്കിനി ഭയപ്പെടേണ്ടതില്ല (യോഹ2.1).
   (2) ക്രിസ്‌മസ്‌ സന്ദേശം സകല ജനത്തിനും വേണ്ടിയുളളതാണ്‌. ക്രിസ്‌മസിന്റെ സംഭവത്തിലേക്ക്‌, പുല്‍ക്കുട്ടിലേക്ക്‌ നോക്കിയാല്‍ ഇതുവ്യക്തമാകും. അവിടെ വിജ്ഞാനികള്‍ ഉണ്ട്‌ പാവപ്പെട്ട ആട്ടിടയന്‍മാരും അവരോടൊപ്പം. പുല്‍കുട്ടില്‍ കൃപ നിറഞ്ഞവളും സ്‌ത്രീകളില്‍ അനുഗ്രഹീതയുമായ മറിയവും നീതിമാനായ യൗസേപ്പുമുണ്ട്‌. ഈ പ്രപഞ്ചത്തിലെ സസ്യജാലത്തെ പ്രതിനിതാനം ചെയ്യുന്ന മൃഗത്തിനുളള പുല്ലും മൃഗജാലത്തെ സൂചിപ്പിക്കുന്ന കന്നുകാലികളും മുണ്ട്‌. അവിടെ സ്വര്‍ഗ്ഗീയദൂതഗണം ഗാനമാലപിക്കുന്നു. ദൈവം മനുഷ്യനായി സന്നിഹിതനായിരിക്കുന്നു.
   പറുദീസായില്‍ നഷ്ടമായ കുട്ടായ്‌മ ഇവിടെ പുനഃപ്രതിഷ്ടിക്കുന്നു. അവിടെ സ്‌ത്രീയെ തളളിപറഞ്ഞ പുരുഷനെയും സൃഷ്ടിയെ തളളിയ സത്രീയെയും കാണുമ്പോള്‍ ഇവിടെ തളളികളയാന്‍ കാരണമുണ്ടായിട്ടും സ്വഹിതം തളളി ദൈവഹിതത്തിനു വിധേയനായി മറിയത്തെ ഭാര്യയായി സ്വികരിച്ച യൗസേപ്പിനെയും സ്വന്തം പുത്രന്‌ ജന്മം നല്‌കാന്‍ സൃഷ്ടജാലത്തിന്റെ ആധിഥേയത്വം സ്വീകരിക്കുന്ന മറിയത്തെയും കാണുന്നു. അവിടെ ദൈവത്തില്‍ നിന്നും മനുഷ്യന്‍ ഓടിയോളിച്ചപ്പോള്‍ ഇവിടെ ദൈവസാന്നിധ്യം മനുഷ്യനെ, പ്രവഞ്ചത്തെ ഒന്നാക്കുന്നു. ഇതാണ്‌ ക്രിസ്‌മസ്‌ നമുക്ക്‌ നല്‌കുന്ന സുപ്രധാന പാഠം. ദൈവത്തെ സ്വീകരിക്കാതെ, ദൈവത്തിങ്കലേക്ക്‌ വരാതെ മനുഷ്യകുലത്തിന്‌ സ്‌നേഹഭാവം ജനിക്കുകയില്ല. ഇന്നത്തെ കേരള സംസ്‌കാരിക, മാധ്യമ, രാഷ്ടിയ പശ്ചാത്തലം ഇക്കാര്യം സുതാര്യം വ്യക്തമാക്കുന്നു.
   മിശിഹായുടെ പിറവി ഒരു സാധാരണ സാഹചര്യത്തിലായിരുന്നതാണ്‌ ഈ കുട്ടായ്‌മക്കുളള ഒരു അടിസ്ഥാനം രാജകൊട്ടാരത്തിലേക്ക്‌ ആട്ടിടയര്‍ക്ക്‌ കടന്നുചെല്ലാന്‍ .അകുമായിരുന്നുല്ല. നമ്മുടെയും ജീവിതം ഇപ്രകാരം ശൂന്യവത്‌കരണമാകുമ്പോള്‍, സ്വയം ത്യജിച്ച്‌ അവിടുത്തെ പിന്നാലെയുളള യാത്രയാകുമ്പോള്‍ കുടുംബത്തിലും സമൂഹത്തിലുമെല്ലാം ഈകുട്ടായ്‌മ സംജാതമാകും.
   (3) ക്രിസ്‌മസ്‌ സന്ദേശം സന്തോഷത്തിന്റെ സദ്വാര്‍ത്തയാണ്‌. രക്ഷകന്റെ പിറവിയെ അറിക്കുന്നതാണ്‌. വാര്‍ത്ത സന്തോഷകരമാകുന്നത്‌ അത്‌ സദ്വാര്‍ത്ത. അഥവാ നല്ലവാര്‍ത്തയാകുമ്പോഴാണ്‌. നല്ലവാര്‍ത്ത നമ്മുടെ രക്ഷയെകുറിച്ചുളള വാര്‍ത്തയല്ലാതെ മറ്റൊന്നല്ല. ഇന്നത്തെ ലോകം പ്രതിക്ഷിക്കുന്നത്‌. ഈ രക്ഷാമാര്‍ഗ്ഗമാണ്‌. ഈ ലോകത്തില്‍ രക്ഷാമാര്‍ഗ്ഗം തേടി കണ്ടെത്താനാവാതെ വരുമ്പോള്‍ ജീവിതം തച്ചുടക്കുന്ന സംഭവങ്ങള്‍ ഏറിവരുന്നു. ഇതാ ഇവിടെ ഒരു രക്ഷകന്റെ സാന്നിധ്യം വിളിച്ചോതുന്ന വാര്‍ത്ത. ഈ രക്ഷക സവിധത്തിലേക്ക്‌ കടന്നുവരുന്നവര്‍ ആശ്വാസത്തിന്റെ, അനുഗ്രഹത്തിന്റെ, വിമോചനത്തിന്റെ പ്രത്യശയുടെ തീരങ്ങളില്‍ എത്തിചേരുന്നു.
   ക്രിസ്‌മസ്‌ നല്‌കുന്ന സന്തോഷത്തിന്റെ സദ്വാര്‍ത്ത ഏവരെയും അറിക്കുവാന്‍ ഇന്നത്തെ ലോകത്തില്‍ അയയ്‌ക്കപ്പെട്ടിരിക്കുന്ന ദൂതന്‍മരാണ്‌ നാമേവരും. ഈ സന്ദേശം ഉള്‍കൊളളുവാന്‍, അത്യുന്നതങ്ങളില്‍ ദൈവത്തിന്‌ സ്‌തുതുയര്‍പ്പിച്ച്‌ മനുഷ്യര്‍ക്ക്‌ ഭൂമിയില്‍ ശാന്തിയും സമാധാനവും ആശംസിക്കുവാന്‍ നമുക്ക്‌ ഏവര്‍ക്കും പുല്‍കൂട്‌ അനുഭവത്തിലേക്ക്‌ ഒരിക്കല്‍കൂടി കടന്നുവരുവാന്‍ ഈ ദിനം ഇടയാകട്ടെ.

തയാറാക്കിയത്‌
ഫാ. തോമസ്‌ പൂവത്താനികുന്നേല്‍
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home