Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
സകലമരിച്ചവരുടെയും ഓര്‍‌മ്മ
Readings: Ezekiel 37:1-14; Sirach 44:1-15; 1Corinthians 15:39-49; Matthew 25:31-46

സകല മരിച്ചവരുടെയും ഓര്‍മ്മ തിരുന്നാള്‍

സകല മരിച്ചവരുടെയും തിരുന്നാള്‍ പ്രഥമവും പ്രധാനവുമായി ഒരു കാര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നാം എല്ലാവരും മരിക്കണം. അതിനാല്‍ സുനിശ്ചിതമായ മരണത്തിനു ഒരുക്കമുള്ളവരായി നാം ജീവിക്കണം. ഈ ലോകത്തില്‍ ശാശ്വതമായ ഒരു ഭവനം നമുക്കില്ല. നാം ആരും ഈ ഭൂമിയുടെ ഭാഗമല്ല. മറ്റേതോ ലോകത്തിന്റെ അവകാശികളും ഉടമകളുമാണ്‌. വലിയൊരു സുവിശേഷ പ്രസംഗകനായിരുന്ന സി.എന്‍. മോഡി അനേകവര്‍ഷങ്ങള്‍ ആഫ്രിക്കയില്‍ സുവിശേഷം പ്രസംഗിച്ച ശേഷം നാട്ടിലേക്ക്‌ മടങ്ങുകയാണ്‌. കപ്പലില്‍ ആരും ഇയാളെ തിരിച്ചറിയുന്നില്ല. അയാള്‍ ആത്മഗതം ചെയ്‌തു, എന്റെ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ എനിക്കുവേണ്‌ടി കാത്തുനില്‍ക്കാന്‍ ആരെങ്കിലും ഉണ്‌ടാകും. കപ്പല്‍ തുറമുഖത്തെത്തി. എല്ലാവരെയും കാത്ത്‌ ആരെങ്കിലുമൊക്കെ ഉണ്‌ടായിരുന്നു. അയാള്‍ക്കുവേണ്‌ടി ഒരു കുഞ്ഞുപോലുമില്ല. അവസാനത്തെ ആളും തുറമുഖം വിട്ടുപോയപ്പോള്‍ അയാള്‍ ഉറക്കെ കരഞ്ഞു: `ദൈവമേ എന്റെ വീടണഞ്ഞപ്പോള്‍ എനിക്കുവേണ്‌ടി ആരുമില്ലാതെ പോയതെന്തേ? അപ്പോള്‍ അയാള്‍ ഇങ്ങനെ ഒരു ശബ്ദം വ്യക്തമായി കേട്ടു, `മോഡീ, നീ അതിന്‌ നിന്റെ വീടണഞ്ഞിട്ടില്ലല്ലോ. നീ വീടണയുമ്പോള്‍ നിനക്ക്‌ വേണ്‌ടി കാത്തു നില്‍ക്കാന്‍ എണ്ണിയാലൊടുങ്ങാത്ത മാലാഖമാരോടൊപ്പം ഞാനുമുണ്‌ടാകും.`

1992-ല്‍ പ്രസിദ്ധീകരിച്ച നവീന്‍ ചൗളയുടെ 'Mother Theresa' എന്ന എന്ന ഗ്രന്ഥത്തില്‍, എങ്ങനെയാണ്‌ മരണം സുന്ദരമാവുക എന്ന ചോദ്യത്തിന്‌ മദര്‍ കൊടുത്ത മറുപടിയിതാണ്‌, `വീട്ടിലേക്കുള്ള തിരിച്ചുപോക്കാണ്‌ മരണം.` അതെ, സ്വര്‍ഗ്ഗമാണ്‌ നമ്മുടെ ഭവനം, ദൈവമാണ്‌ നമ്മുടെ പിതാവ്‌, യേശുവാണ്‌ നമ്മുടെ ഉറ്റ സുഹൃത്ത്‌‌, വിശുദ്ധരാണ്‌ നമ്മുടെ സഹോദരങ്ങള്‍, പരിശുദ്ധാത്മാവാണ്‌ നമ്മെയെല്ലാം ഒന്നിപ്പിക്കുന്ന സ്‌നേഹചൈതന്യം. ഇവരെല്ലാവരുമുള്ള സ്‌നേഹഭവനത്തിലേക്കുള്ള തിരിച്ചുപോക്കാണ്‌‌ മരണം.

`മനുഷ്യജീവിതം പുല്‍ക്കൊടിക്ക്‌ തുല്ല്യമാണ്‌. അത്‌ വയലിലെ പുഷ്‌പം പോലെ വിരിയുകയും ചുടുകാറ്റടിക്കുമ്പോള്‍ വാടിപ്പോവുകയും ചെയ്യുന്നു` എന്ന സങ്കീര്‍ത്തനവചനം മനുഷ്യജീവിതത്തിന്റെ പരിമിതിയെക്കുറിച്ചുള്ള ശക്തമായ താക്കീതാണെങ്കില്‍ `ഈശോ മരിക്കുകയും അനന്തരം ഉയിര്‍ക്കുകയും ചെയ്‌തതുപോലെ ഈശോയില്‍ നിദ്രപ്രാപിച്ചവരേയും ദൈവം അവിടുത്തോടുകൂടി ഉയിര്‍പ്പിക്കും` (1തെസ. 4:14) എന്ന ഉറപ്പും നമ്മുക്കു ലഭിക്കുന്നുണ്‌ട്‌. യേശുവിന്റെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്‌ ക്രൈസ്‌തവവിശ്വാസത്തിന്റെ മൂലക്കല്ല്‌‌. ക്രിസ്‌ത്യാനിയെ വ്യത്യസ്‌തനാക്കുന്നതും ഈ കാഴ്‌ചപ്പാടാണ്‌. ആറടിമണ്ണിനപ്പുറം ഒരു ജീവിതമുണ്‌ടെന്ന്‌‌ അവന്‍ വിശ്വസിക്കുന്നു. സിമിത്തേരികള്‍ക്ക്‌ മറവു ചെയ്യാനാവാത്ത ഒരു ആത്മാവ്‌ ദൈവം മനുഷ്യനില്‍ നിക്ഷേപിച്ചിട്ടുണ്‌ടെന്നും അവന്‍ ഉറച്ചു വിശ്വസിക്കുന്നു. Eat, Drink, and Make Merry എന്ന തത്വശാസ്‌ത്രത്തില്‍ അവന്‌ തെല്ലും വിശ്വാസമില്ല. കാരണം, പുനരുദ്ധാനത്തിലൂടെ മഹത്വീകൃതമായ ജീവിതമാണ്‌ അവന്റെ ലക്ഷ്യം. ആയതിനാല്‍ മരിച്ചവരും ജീവിച്ചിരിക്കുന്നവരും ആഹ്‌‌ളാദത്തോടെ ഒന്നുചേരുന്ന കര്‍ത്താവിന്റെ ദിനത്തെയോര്‍ത്ത്‌ പ്രത്യാശാപൂര്‍വ്വം `സ്വര്‍ഗ്ഗം ശരണം ഗച്ഛാമി` എന്ന ശരണം വിളിയുമായി പിതൃഭവനത്തെ ലക്ഷ്യമാക്കി യാത്രചെയ്യുന്ന ഒരു തീര്‍ത്ഥാടനമായി ഈ ലോകജീവിതത്തെ നമുക്ക്‌ കാണാനാവണം.

മരിച്ചവരുടെ ഈ ഓര്‍മ്മയാചരണം ഒരു കാര്യം കൂടി ചെയ്യാന്‍ നമ്മെ കടപ്പെടുത്തുന്നുണ്‌ട്‌. കള്ളനെപ്പോലെ കടന്നുവരുന്ന ഈ മരണം വഴി ആകസ്‌മികമായി പരലോകത്തില്‍ പ്രവേശിക്കുന്നവരില്‍ വലിയ പങ്കും സ്വര്‍ഗ്ഗത്തിലേക്ക്‌ സ്വീകരിക്കപ്പെടുവാന്‍ തക്കവിധം പരിശുദ്ധിയുള്ളവരാകണമെന്നില്ല. അവര്‍ക്കു ലഘുപാപമോ, പരിഹാരക്കടമോ ഉണ്ടാവുക സ്വാഭാവികമാണ്‌. എന്നാല്‍ ഇക്കാരണത്താല്‍ ഇവര്‍ക്കു നരകശിക്ഷ നല്‍കുന്നതും നീതിപൂര്‍വ്വകമല്ല. ഇവിടെ, മനുഷ്യസഹജമായ കുറവുകളില്‍ നിന്ന്‌‌ അവരെ ശുദ്ധീകരിക്കുക ആവശ്യമാണ്‌. കാരണം മലിനമായതൊന്നും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഇവിടെ ദൈവത്തിന്റെ കരുണയും നീതിയും പ്രവര്‍ത്തിക്കുന്ന ഒരവസ്ഥ മരണാനന്തരമുണ്‌ടായിരിക്കുക യുക്തിയുക്തം തന്നെ. ഈ സത്യം അനുസ്‌മരിപ്പിച്ചുകൊണ്‌ട്‌‌, പരേതരായ ആത്മാക്കളെ സഹായിക്കുവാന്‍ സഭാമാതാവ്‌ സ്വസന്താനങ്ങളെ ഉദ്‌ബോധിപ്പിക്കുകയാണ്‌, സകല മരിച്ചവരുടെയും ദിനത്തില്‍.

രണ്‌ടാം വത്തിക്കാന്‍ സുനഹദോസ്‌ ഇതേ കാര്യം തന്നെയാണ്‌ നമ്മോട്‌‌ ആവശ്യപ്പെടുക, `തിരുസഭ ക്രിസ്‌തുമത സ്ഥാപനത്തിനു ശേഷമുള്ള ആദ്യനൂറ്റാണ്ടുകള്‍ മുതല്‍തന്നെ മരിച്ചവരുടെ ഓര്‍മ്മ ഭക്തിപൂര്‍വ്വം ആചരിച്ചുപോന്നിരുന്നു. മാത്രമല്ല, മരിച്ചവര്‍ അവരുടെ പപാപങ്ങളില്‍ നിന്ന്‌ മോചിതരാകുവാന്‍ വേണ്‌ടി പ്രാര്‍ത്ഥിക്കുന്നത്‌ പരിശുദ്ധവും രക്ഷാകരവുമായ ഒരു കാര്യമായതുകൊണ്‌ട്‌, തീര്‍ത്ഥാടക സഭ അവര്‍ക്കുവേണ്‌ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു`. പഴയ നിയമ കാലത്തുതന്നെ പരേതര്‍ക്കുവേണ്‌ടി പ്രാര്‍ത്ഥിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുന്ന പതിവ്‌ മക്കബായരുടെ പുസ്‌തകത്തിലും വളരെ പ്രകടമാണ്‌ (2മക്കബായര്‍ 12:43-46).

യഹൂദ മതാചാരങ്ങളെ നിശിദ്ധമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും തിരുത്തുകയും ചെയ്‌ത യേശു ഒരിക്കലും പരേതര്‍ക്ക്‌ വേണ്‌ടി പ്രാര്‍ത്ഥിക്കുന്ന അവരുടെ പതിവിനെ ഖണ്ഡിച്ചില്ല. മാത്രമല്ല, പരലോകത്തില്‍ പാപം ക്ഷമിക്കപ്പെടുന്ന ഒരവസ്ഥയുണ്‌ടെന്ന സൂചന കൂടി നല്‍കുന്നുണ്‌ട്‌ (മത്താ 12:32). `നിങ്ങള്‍ക്കുമുമ്പേ കടന്നുപോയ ഞങ്ങളെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണമേ` എന്ന്‌ പ്രാചീന ഭൂഗര്‍ഭാലയങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്‌ട്‌. വിവിധ റീത്തുകളില്‍പെട്ട വി. കുര്‍ബാനകളിലെല്ലാം പരേതര്‍ക്ക്‌ വേണ്‌ടിയുള്ള പ്രാര്‍ത്ഥനകള്‍ അടങ്ങിയിരിക്കുന്നു.

ലോകപാപങ്ങള്‍ക്ക്‌ പരിഹാരം അര്‍പ്പിക്കുവാന്‍ ക്രിസ്‌തു സഹിച്ച പീഢാനുഭവത്തിനും കുരിശുമരണത്തിനും കഴിഞ്ഞു. എങ്കില്‍ അവന്റെ ഭൗതീക ശരീരത്തിലെ അംഗങ്ങളായ നമുക്കോരോരുത്തര്‍ക്കും ഇത്‌ സാധിക്കും. അതുകൊണ്‌ടാണല്ലോ വി. പൗലോസ്‌ ശ്ലിഹാ പറഞ്ഞത്‌: എന്റെ ശരീരത്തിലെ വേദനകളില്‍ കൂടി ഞാന്‍ മിശിഹായുടെ പീഢാനുഭവത്തിന്റെ രക്ഷാകര വ്യാപാരത്തെ പൂര്‍ത്തിയാക്കുന്നു എന്ന്‌. കാലില്‍ ഒരു മുള്ളു കൊള്ളുമ്പോള്‍ ശരീരം മുഴുവന്‍ വേദനിക്കുന്നതുപോലെ ഒരു വ്യക്തിയുടെ പാപകര്‍മ്മങ്ങള്‍ മനുഷ്യകുലത്തെ മുഴുവന്‍ വ്രണിതമാക്കുന്നു. അതുപൊലെ ഒരു ശരീരത്തിന്റെ പരിഹാര സമര്‍പ്പണത്തില്‍കൂടി മനുഷ്യഗാത്രത്തെ മുഴുവന്‍ വിശുദ്ധീകരിക്കുവാനും കഴിയും.

അതുകൊണ്ടുതന്നെയാണ്‌ മരിച്ചവര്‍ക്കുവേണ്‌ടി പ്രാര്‍ത്ഥിക്കുവാന്‍ നാം കടപ്പെട്ടിരിക്കുന്നു എന്ന്‌ പറയുന്നത്‌. `മരിച്ചുപോയവരെപ്പറ്റി പ്രത്യാശയില്ലാത്തവരെപ്പോലെ വിലപിക്കരുതെന്ന്‌` പൗലോസ്‌ ശ്ലീഹായും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്‌ട്‌. (1 തെസ 4 /13) ഇപ്രകാരം മരിച്ചവര്‍്‌ക്ക്‌‌ വേണ്‌ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ പാപങ്ങളും പരിഹരിക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കാം. സുകൃതസമ്പന്നമായ ജീവിതം നയിച്ചും, പരേതര്‍ക്കുവേണ്‌ടി പ്രാര്‍ത്ഥിച്ചും നമ്മുടെ ജീവിതവും മരണവും ധന്യമാക്കാം.

Fr തോമസ്‌‌ പൊട്ടംപറമ്പില്‍
സനാതന

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home