Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
മാര്‍‌ത്തോമ ശ്ലീഹായുടെ ദുക്റാന തിരുനാള്‍‌
Readings: Genesis 2:8-15; Proverbs 4:10-18; Ephesus 2:19-22; John 20:24-29

"വലിയൊരു ശൂലമെടുത്തൊരു ക്രൂരന്‍
ബലമായ്‌ നെഞ്ചില്‍ ശ്ലീഹായെ
കുത്തികൊണ്ടവരോടിയൊളിച്ചു
എമ്പ്രാന്മാരായവരെല്ലാം
മാര്‍ത്തോമ്മാ കടലോരക്കാട്ടില്‍
കല്ലില്‍വീണു പ്രാര്‍ത്ഥിച്ചു"
ഗുരുവിന്റെ മുറിവേറ്റ നെഞ്ചില്‍ തൊട്ടേലേ ഞാന്‍ വിശ്വസിക്കൂ എന്ന ശാഠ്യംപിടിച്ച തോമാ, ഗുരുവിനെപ്പോലെ കുന്തത്താല്‍ നെഞ്ചില്‍ മുറിവേറ്റുകൊണ്‌ട്‌ തന്റെ രക്തത്താല്‍ ഉത്ഥിതനിലുളള വിശ്വാസത്തിന്‌ പുതിയ സാക്ഷ്യം രചിച്ചതിന്റെ ഓര്‍മ്മയാണ്‌ ദുക്‌റാന.
ഒരുകാലത്ത്‌ കേരളക്കരയില്‍ പ്രസിദ്ധമായിരുന്ന റമ്പാന്‍ പാട്ടില്‍ ഭാരതത്തിന്റെ ശ്ലീഹായായ മാര്‍ത്തോമ്മ ശൂലത്താല്‍ നെഞ്ചില്‍ കുത്തേറ്റു രക്തസാക്ഷിത്വം വരിച്ചുവെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു. 'തോരാതെ മഴപെയ്യുന്ന തോറാന' എന്നു കാരണവന്മാരുടെ പഴമൊഴിയില്‍ പറയുന്ന ദുക്‌റാന, ലോകമെമ്പാടുമുളള മാര്‍ത്തോമാ നസ്രാണികളെ സംബന്ധിച്ചിടത്തോളം വെറുമൊരു ഓര്‍മ്മദിനമല്ല. മറിച്ച്‌ അത്‌ അവര്‍ക്ക്‌ സ്വന്തം അപ്പന്റെ ഓര്‍മ്മതിരുനാളാണ്‌. വിശ്വാസത്തില്‍ തങ്ങള്‍ക്ക്‌ ജന്മംനല്‌കിയ, അതിനായ്‌ ഈ ഭാരതമണ്ണില്‍ സ്വന്തം രക്തം ചിന്തി വിശ്വാസത്തിനു സാക്ഷ്യം നല്‌കിയ അപ്പന്റെ തിരുനാളാണ്‌ ദുക്‌റാന. പൗരസ്‌ത്യ സുറിയാനി യാമപ്രര്‍ത്ഥനയില്‍ തോമാശ്ലീഹയെ വിശ്വാതത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കാരുടെ പിതാവ്‌ എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌.
അപ്പന്റെ ഓര്‍മ്മദിനത്തില്‍ മക്കളെല്ലാവരും ഒരുമ്മിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും അപ്പനെകുറിച്ചുളള സ്‌നേഹസ്‌മരണകള്‍ പങ്കുവെയ്‌ക്കുകയും ചെയ്യുക എന്നത്‌ നല്ല കുടുംബങ്ങളില്‍ ഉണ്ടായിരുന്ന ഒരു പാരമ്പര്യമാണ്‌. ഇതുപോലെ ലോകമെമ്പാടുമുളള മാര്‍ത്തോമ്മാനസ്രാണികള്‍ ദേവാലയത്തില്‍ ഒരുമിച്ചുകൂടി, വിശ്വാസത്തില്‍ തങ്ങള്‍ക്കു പിതാവായ തോമാശ്ലീഹായുടെ ധീരമായ രക്തസാക്ഷിത്വത്തിന്റെ ദീപ്‌ത സ്‌മരണകള്‍ പുതുക്കുന്ന, ഒന്നിച്ച്‌ പ്രാര്‍ത്ഥിക്കുന്ന മാദ്ധ്യസ്ഥം യാചിക്കുന്ന, ആ നല്ല അപ്പന്‍ കാണിച്ചുതന്ന ധീരമായ മാതൃക പിന്‍തുടരുമെന്ന്‌ പ്രതിജ്ഞയെടുക്കുന്ന അവസരമാണ്‌ ദുക്‌റാനത്തിരുന്നാള്‍.
ഇന്നേദിവസം സഭാമാതാവ്‌ നമ്മുടെ മുമ്പില്‍ തുറന്നുവെയ്‌ക്കുന്ന വചനചിന്തകളിലൂടെ നമ്മുക്കൊന്നുകടന്നുപോകാം.
ഉല്‍പ്പ2.8-15
ദൈവം ഏദേന്‍തോട്ടം സൃഷ്ടിച്ചശേഷം അവിടെ മേല്‍നോട്ടക്കാരായി ആദത്തെയും ഹവ്വായെയുമാണ്‌ നിയമിക്കുന്നത്‌. പുതിയ നിയമത്തില്‍ ദൈവപുത്രനായ മിശിഹാ പുതിയൊരു ഭൗമിക പറുദീസാ സൃഷ്ടിച്ചു. അത്‌ സഭയാണ്‌. ഈ സഭയെ പരിപാലിക്കാനും ശുശ്രൂഷിക്കാനും ഈശോ ആദ്യം നിയോഗിച്ചത്‌ ശ്ലീഹന്മാരെയാണ്‌. ആദിമാതാപിതാക്കള്‍ ദൈവകല്‌പന ലംഘിച്ച്‌ ദൈവത്തോട്‌ അവിശ്വസ്ഥത കാണിച്ചതിന്റെ ഫലമായി അവര്‍ക്ക്‌ പറുദിസ നഷ്ടമായി. എന്നാല്‍ ശ്ലീഹന്മാരാകട്ടെ വിശ്വസ്ഥരായ കര്യസ്ഥന്മാരെപ്പോലെ സഭയെ ശുശ്രൂഷിച്ചു. നമ്മുടെ പിതാവായ മാര്‍ത്തോമ്മ ശ്ലീഹായും സഭയെ കെട്ടിപടുക്കാന്‍ ഈശോയാല്‍ തെരഞ്ഞടുക്കപ്പെട്ടു. തോമാശ്ലീഹാ സ്വന്തം ജീവരക്തം ബലിനല്‌കിപോലും വിശ്വസ്‌തതയോടെ നിറവേറ്റി. അതിന്റെ ഫലമായി ഇന്ന്‌ രാണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷവും തോമ്മാശ്ലീഹാ ജന്മം നല്‌കിയ സഭ ലോകംമുഴുവന്‍ വ്യാപിച്ച്‌ അനേകം മക്കളിലൂടെ സുവിശേഷം അറിക്കുന്നു.

സുഭാ 4.10-18

രണ്ടാം വായനയില്‍ അനുഗ്രഹങ്ങളും ദീര്‍ഘായുസും നല്‌കുന്ന ജ്ഞാനത്തെകുറിച്ചാണ്‌ പ്രതിപാദിക്കുന്നത്‌. ഒരു ക്രിസ്‌തയാനിയെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ ജ്ഞാനം ഈശോമിശിഹായെ അറിയുക എന്നതാണ്‌. ഇത്‌ രക്ഷാകരമായ ജ്ഞാനമാണ്‌. ഈശോമിശിഹായെകുറിച്ചുളള അറിവിന്റെ ശ്രേഷ്‌ഠത തിരിച്ചറിഞ്ഞ്‌ താന്‍നേടിയ ദൈവീക ജ്ഞാനം പങ്കുവെയ്‌ക്കുവാന്‍ ജീവിതം സമര്‍പ്പിച്ച പൗലോസ്‌ കോറിന്തോസിലെ സഭയ്‌ക്ക്‌ എഴുതി, ഈശോയെകുറിച്ചുളള ജ്ഞാനത്തിന്റെ സൗരഭ്യം ഞങ്ങള്‍വഴി എല്ലായിടത്തും പരത്തുന്ന ദൈവത്തിനു സ്‌തുതി (2കോറി 2.14). ഇന്ത്യയില്‍ ഈ ജ്ഞാനത്തിന്റെ സൗരഭ്യം പരത്തിയത്‌ തോമാശ്ലീഹയാണ്‌. തോമാശ്ലീഹായാണ്‌ ഈശോയെകുറിച്ചുളള ജ്ഞാനത്തിന്റെ പരമ്യത്തിലേത്തിയ ശ്ലീഹാ. ആ ദൈവീക ജ്ഞാനത്തിന്റെ ആവിഷ്‌കാരമാണ്‌ ഉത്ഥിതനെ കണ്ടപ്പോള്‍ തോമാ നടത്തിയ ഏറ്റവും ശ്രേഷ്‌ഠമായ വിശ്വാസ പ്രഖ്യാപനത്തില്‍ നാം കാണുന്നത്‌. ഞങ്ങള്‍ സ്വന്തമാക്കിയ ഈശോയെകുറിച്ചുളള ജ്ഞാനം പങ്കുവെയ്‌ക്കാന്‍ അങ്ങ്‌ പാലസ്‌തീനായില്‍ നിന്നും അറബികടലുംകടന്ന്‌ അപരിചിതമായ ഇന്ത്യയിലെത്തിയ തോമാശ്ലീഹായുടെ മക്കളായ നാം ഇന്ന്‌ ഭൗതിക വിജ്ഞാനം നേടാനായി ഞായറാഴ്‌ച ആചരണത്തില്‍പോലും വെളളം ചേര്‍ക്കുന്നില്ലേ? മക്കളെ മതപഠനത്തിനുവിടാതെ ട്യൂഷനു പറഞ്ഞുവിടുന്ന മാതാപിതാക്കള്‍ അവരെ ആത്മീയതയില്‍ നിന്നും ഭൗതികതയിലേക്ക്‌ തളളിവിടുകയാണ്‌.
എഫേസുസുകാര്‍ക്കുളള ലേഖനത്തില്‍ അപ്പസ്‌തോലന്‍മാരാകുന്ന അടിത്തറയിലാണ്‌ സഭ പണിയപ്പെട്ടിരിക്കുന്നത്‌ എന്നാണ്‌ വി. പൗലോസ്‌ വ്യക്തമാക്കുന്നത്‌. അപ്പസ്‌തോലര്‍ നേരിട്ട്‌ മിശിഹാ അനുഭവം സ്വന്തമാക്കിയവരാണ്‌ (1യോഹ1.1). അവര്‍ ഉത്ഥിതാനായ മിശിഹായെകണ്ടവരാണ്‌ (യോഹ 20.20). അത്‌ അപ്പസ്‌തോലന്‍മാരുടെ അവകാശമാണ്‌. നമ്മുടെ പിതാവായ തോമ്മാശ്ലീഹായും ഈശോ തന്റെ അപ്പസ്‌തോലനായി സഭയുടെ അടിത്തറയാകാന്‍ തിരഞ്ഞെടുത്ത വ്യക്തിയാണ്‌. അതുകൊണ്ട്‌ ഒരു അപ്പസ്‌തോലന്‌ ലഭിക്കേണ്ട അവകാശം തോമായ്‌ക്കും കിട്ടേണ്ടിയിരുന്നു. എന്നാല്‍ ഉത്ഥിതനെകാണാനുളള അവകാശം തോമായ്‌ക്ക്‌ ആദ്യം ലഭിച്ചില്ല എന്ന്‌ സുവിശേഷം സാക്ഷപ്പെടുത്തുന്നു. അതുകൊണ്‌ടാണ്‌ തോമാശ്ലീഹാ കര്‍ത്താവിനെ കാണണമെന്നും തിരുമുറുവുകളില്‍ സ്‌പര്‍ശിക്കണമെന്നും വാശിപിടിച്ചത്‌. അത്‌ ഒരിക്കലും അവിശ്വാസ പ്രകടനമല്ല. മറിച്ച്‌ ഒരു ശ്ലീഹാ എന്ന നിലയില്‍ തോമായുടെ അവകാശമാണ്‌. അപ്പസ്‌തോലര്‍ മിശിഹായെ കണ്ട്‌ വിശ്വസിച്ചവരാണ്‌. കാരണം ആ വിശ്വാസമാണ്‌ അവരാണ്‌ സഭയുടെ അടിസ്ഥാനമായി തിര്‍ന്നത്‌. അവരുടെ ഈ നേരിട്ടുളള ഈ വിശ്വാസ സ്വീകരണത്തിലൂടെയാണ്‌ അപ്പസ്‌തോലര്‍ സഭയുടെ അടിസ്ഥാന ശിലയാകുന്നത്‌.

യോഹ 20.24-29

ഉത്ഥാനശേഷം രണ്‌ടാമത്‌ ഈശോ പ്രത്യക്ഷപ്പെടുന്ന രംഗമാണ്‌ സുവിശേഷത്തില്‍ നാം വായിച്ചുകേട്ടത്‌. ആദ്യം ഈശോ പ്രത്യക്ഷപ്പെട്ടപ്പോള്‍ ദിദിമോസ്‌ എന്നു വിളിക്കപ്പെടുന്ന തോമാ അവരുടെകൂടെ ഉണ്‌ടായിരുന്നില്ല. ദിദിമോസ്‌ എന്നത്‌ തോമാ എന്ന പേരിന്റെ ഗ്രീക്ക്‌ രൂപമാണ്‌. രണ്‌ടിന്റെയും അര്‍ത്ഥം ഇരട്ട എന്നാണ്‌. എങ്ങനെയാണ്‌ തോമാശ്ലീഹായ്‌ക്ക്‌ ഇരട്ട എന്ന പേരു ലഭിച്ചത്‌? കര്‍ത്താവിന്റെ (ഈശോയുടെ) ഇരട്ട എന്ന അര്‍ത്ഥത്തിലാണ്‌ തോമായ്‌ക്ക്‌ ആ പേര്‌ ലഭിച്ചു എന്നാണ്‌ പറയപ്പെടുന്നത്‌. തോമായ്‌ക്ക്‌ ഈശോയുമായി വളരെ അടുത്ത രൂപസാദൃശ്യമുണ്‌ടായിരുന്നുവെന്നാണ്‌ പരമ്പരാഗത വിശ്വാസം. തോമാശ്ലീഹായുടെ ഭാരത പ്രഷിതത്വം വിവരിക്കുന്ന തോമായുടെ നടപടികള്‍ എന്ന അപ്രമാണിക ഗ്രന്ഥത്തില്‍ ഇവരുടെ രൂപ സാദൃശ്യത്തെകുറിച്ച്‌ പ്രതിപാദിക്കുന്നുണ്‌ട്‌. ഹാബാന്‍ എന്ന വ്യാപാരിയുടെകൂടെ ഇന്ത്യയിലെത്തിയ ശ്ലീഹാ ഒരു രാജാവിന്റെ മകന്റെ വിവാഹവിരുന്നില്‍ പങ്കെടുത്തു. തോമായുടെ ദിവ്യത്വം മനസ്സിലാക്കിയ രാജാവ്‌ വധുവരന്‍മാരെ ആശീര്‍വദിക്കണമെന്നപേക്ഷിച്ചു. ആശീര്‍വാദം നല്‌കിയ ശേഷം തോമായും മറ്റുളളവരും വിവാഹമണ്ഡപത്തിന്‌ പുറത്തുപോയി. വാതിലുകള്‍ അടച്ചു. എന്നാല്‍ വരന്‍നോക്കുമ്പോള്‍ അതാ മുമ്പു പുറത്തുപോയ തോമാ വധുവുമായി സംസാരിക്കന്നു. വരന്‍ചോദിച്ചു അങ്ങല്ലേ കുറച്ച്‌മുമ്പ്‌ പുറത്തേക്ക്‌ പോയത്‌ വാതില്‍ ഉടനെ അടക്കുകയും ചെയ്‌തു. പിന്നെ അങ്ങ്‌ എങ്ങനെ അകത്തെത്തി? ഉടനെ വധുവുമായി സംസാരിച്ചുനിന്ന ഈശോ, വരനോടുപറഞ്ഞു ഞാന്‍തോമായല്ല തോമായുടെ സഹോദരനാണ്‌. തോമായ്‌ക്ക (യൂദാക്ക്‌) കര്‍ത്താവിനോട്‌ രൂപസാദൃശ്യം ഉണ്‌ ടായിരുന്നു എന്നാണ്‌ ഈ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്‌. രൂപസാദൃശത്തില്‍മാത്രമല്ല മറ്റ്‌ ശ്ലീഹന്മാരെക്കാള്‍ പലകാര്യങ്ങളിലും തോമാ മുമ്പപന്തിയിലായിരുന്നു. ഈശോ ബേഥാനിയായിലേക്ക്‌ പോകാന്‍ തുനിഞ്ഞപ്പോള്‍ മറ്റു ശ്ലീഹന്‍മാര്‍ പ്രാണഭയംമൂലം ഈശോയെ തടഞ്ഞു. എന്നാല്‍ അസാമാന്യ ധൈര്യത്തോടെ 'നമുക്കും അവനോടുകൂടിപോയി മരിക്കാം' എന്ന പറയുവാനുളള ധീരത തോമായ്‌ക്ക്‌ മത്രമേ ഉണ്‌ ടായിരുന്നുളളു. അതുപോലെ ഈശോ പിതാവിങ്കലേക്ക്‌ പോകുന്നതിനെപറ്റി സംസാരിക്കുന്നത്‌ കേട്ട്‌, ഈശോ പറയുന്നതെന്താണെന്ന്‌ മനസ്സിലാക്കാന്‍പറ്റാതെ മറ്റുശിഷ്യന്‍മാര്‍ മിണ്‌ ടാതിരുന്നപ്പോള്‍ കര്‍ത്താവേ നീ എവിടെ പോകുന്നുവെന്ന്‌ ഞങ്ങള്‍ക്കറിവില്ല, പിന്നെ വഴി എങ്ങനെ അറിയും? എന്ന്‌ ചോദിക്കാനുളള ആര്‍ജ്ജവത്വം കാട്ടിയത്‌ തോമായാണ്‌. അതുപോലെ സുവിശേഷത്തില്‍ കാണുന്ന ഏറ്റവും അര്‍ത്ഥപൂര്‍ണ്ണമായ, ആഴമായ വിശ്വാസപ്രഖ്യപനം നടത്തിയതും തോമാശ്ലീഹായാണ്‌. എന്റെ കര്‍ത്താവേ എന്റെ ദൈവമേ എന്ന്‌ ഒരു ക്രിസ്‌തു ശിഷ്യന്‍ എത്തിചേരേണ്‌ട വിശ്വാസത്തിന്റെ പൂര്‍ണ്ണതയാണീ വാക്കുകളില്‍ പ്രകടമാകുന്നത്‌. ഈ പൂര്‍ണ്ണതയില്‍ ആദ്യം എത്തിയത്‌ നമ്മുടെ പിതാവായ മാര്‍ത്തോമ്മാശ്ലീഹായാണ്‌. ഇങ്ങനെയുളള ഒരു ശ്ലീഹായെ നമുക്ക്‌ പിതാവായി ലഭിച്ചതില്‍ നമുക്ക്‌ തീര്‍ച്ചയായും അഭിമാനിക്കാം. കര്‍ത്താവിന്റെ ഇരട്ടയായ, ഏറ്റം ശ്രേഷ്‌ഠമായ വിശ്വാസ പ്രഖ്യാപനം നടത്തിയ, വിശ്വാസത്തിനുവേണ്‌ ടി രക്തം ചിന്തിയ ആ പൂണ്യപിതാവിന്റെ രക്തസാക്ഷിത്വം നമ്മെ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌. അതായത്‌, എത്രവലിയ വിശ്വാസ പരമ്പര്യമുണ്‌ ടെന്ന്‌ അവകാശപ്പെട്ടാലും നാം ആ വിശ്വാസം പാലിക്കുകയും കാത്തുസുക്ഷിക്കുകയും വരും തലമുറയ്‌ക്ക്‌ കൈമാറുകയും ചെയ്‌തില്ലെങ്കില്‍ നമ്മുടെ സഭയും വിശ്വാസവും ഈ ഭാരതത്തില്‍ നിന്നും തൂത്തെറിയപ്പെട്ടെക്കാം. അപ്പസ്‌തോലന്‍ സുവിശേഷം പ്രസംഗിച്ച പല സ്ഥലങ്ങളുടെയും ഇന്നത്തെ അവസ്ഥ നമുക്കിത്‌ പറഞ്ഞുതരുന്നുണ്‌ട്‌. ഇന്നത്തെ പ്രത്യക സാഹചര്യത്തില്‍, ദൈവവിശ്വാസത്തിനെതിരായ, നിരീശ്വര, ഭൗതിക ചിന്തകള്‍ പല മാര്‍ഗ്ഗങ്ങളിലൂടെ ഇന്നത്തെ തലമുറയിലേക്ക്‌ കുത്തിവെയ്‌ക്കാന്‍ പലരും ശ്രമിക്കുമ്പോള്‍ നാം ഉദാസീനരാകാന്‍ പാടില്ല. മറിച്ച്‌ നമുക്ക്‌ അമൂല്ല്യമായ വിശ്വാസം കാത്തുസുക്ഷിക്കാന്‍, അത്‌ വരും തലമുറക്ക്‌ പകരാന്‍ നമുക്ക്‌ ജാഗ്രതയുളളവരാകാം. അതിനായി സഭാമക്കെളന്ന നിലയില്‍ ഒന്നിച്ചുനിന്ന്‌ തീക്ഷണതയോടെ പ്രവര്‍ത്തിക്കാം.

റവ. ആന്റണി പുത്തന്‍കളം
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

Download 

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home