Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
വാഴ്‌ത്തപ്പെട്ട എ‌വുപ്രാസ്യ‌
Readings: Genesis 12:1-4; Sirach 2:1-6; 1Thesselonians 4:1-8; Mark 10:35-45

കേരളസഭ കത്തോലിക്കാസഭയ്‌ക്ക്‌ നല്‌കുന്ന, വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെടുന്ന, അഞ്ചാമത്തെ വ്യക്തിയാണ്‌ വാഴ്‌്‌ത്തപ്പെട്ട എവുപ്രാസ്യാമ്മ. കേരളത്തിന്റ ഓരോ മക്കിലും മൂലയിലുമളളവര്‍ക്ക്‌ പരിചിതയല്ലായിരുന്നുവെങ്കിലും തൃശ്ശൂര്‍ അതിരൂപതയിലെ ഒല്ലുര്‍ നാട്ടിലേയും പരിസരങ്ങളിലേയും ഓരോ വ്യക്തിയ്‌ക്കും സുപരിചിതയായിരുന്നു 'ചേര്‍പ്പുക്കാരന്റെ പൂണ്യപ്പെട്ട കന്യാസ്‌ത്രി, പ്രാര്‍ത്ഥിക്കുന്ന അമ്മ, ചലിക്കുന്ന സക്രാരി' എന്നൊക്കെയുളള അപരനാമങ്ങളില്‍ അറിയപ്പെട്ടിരുന്ന വാ. എവുപ്രാസ്യാമ്മ. അവരുടെ ഹൃദയങ്ങളില്‍ അമ്മ ഇന്നും ജീവിക്കുന്നു.
1877 ഒക്ടോബര്‍ 17 ന്‌ കാട്ടൂര്‍ എന്ന ഗ്രാമത്തില്‍ എലുവത്തിങ്കല്‍ തറവാട്ടില്‍ അന്തോണിയ്‌ക്കും കുഞ്ഞേത്തിയ്‌ക്കും ആറ്റുനോറ്റ്‌ കാത്തിരുന്ന കടിഞ്ഞുല്‍ സന്താനത്തിന്‌ ജന്മം നല്‍കാന്‍ സാധിച്ചു, അതും കൊന്തമാതാവിന്റെ തിരുന്നാള്‍ ദിവസം. സമ്പന്നമായ കുടുംബമായിരുന്നതുകൊണ്ട്‌ അവരുടെ പൊന്നുംകുടമായ റോസയെ ആര്‍ഭാടതയില്‍ വളര്‍ത്തി. തന്റെ അന്തസ്സും, വിലയും നിലയും കാത്തുസംരക്ഷിക്കാന്‍ എന്തും ചെയ്യുവാന്‍ പിതാവ്‌ അന്തോണി മടിച്ചില്ല. എല്ലാം നിറകണ്ണുകളോടെ നോക്കിനില്‍ക്കാനെ അമ്മ കുഞ്ഞേത്തിക്കായുളളു. അമ്മയുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ കണ്ണുകളില്‍ നിന്ന്‌ അവള്‍ എല്ലാം മനസ്സിലാക്കി. അമ്മയുടെ മടിയിലിരുന്ന്‌ ഒത്തിരി പഠിച്ചു. ദൈവത്തെക്കുറിച്ചും, യേശുനാഥനെക്കുറിച്ചും, അവിടുത്തെ പരിശുദ്ധ അമ്മയെകുറിച്ചും. അങ്ങനെ ദൈവസ്‌നേഹത്തില്‍ അവള്‍ വളരുകയും ആ ദൈവത്തിന്‌ സ്വയം സമര്‍പ്പിക്കുകയും ചെയ്‌തു.
കുടുംബപാരമ്പര്യമനുസരിച്ച്‌ റോസയെ കെട്ടിച്ചയ്‌ക്കുവാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഒരു കന്യാസ്‌ത്രിയാകണം എന്ന തന്റെ ആഗ്രഹം അല്‌പം വിറയെലോടെയാണെങ്കിലും തന്റെ മാതാപിതാക്കളെ അവള്‍ അറിയിച്ചു. മാതാപിതാക്കള്‍ക്ക്‌ അത്‌ സമ്മതമല്ലായിരുന്നു. എങ്കിലും ദൈവഭയമുളളവരായിരുന്നതിനാല്‍ റോസയ്‌ക്ക്‌ പകരം അവളുടെ അനുജത്തി വലുതാകുമ്പോള്‍ മഠത്തില്‍ അയ്‌ക്കാമെന്ന്‌ നിശ്ചയിച്ചു. എന്നാല്‍ അനുജത്തി ജീവിതത്തില്‍ നിന്നും അനന്തതയിലേക്ക്‌ യാത്രയായി. അങ്ങനെ റോസയുടെ കന്യാമഠത്തിലേക്കുളള വഴി തുറന്നുകിട്ടി.
1888 ഒക്ടോബര്‍ 24ന്‌ മാതാപിതാക്കളുടെ ആശീര്‍വാദത്തോടെ കുനമ്മാവ്‌ ബോര്‍ഡിംഗിലേക്ക്‌ റോസ യാത്രയായി. ബാല്യം മുതലെ അനാരോഗ്യം അവളുടെ കൂടെപ്പിറപ്പായിരുന്നു. ബോര്‍ഡിംഗ്‌ ജീവിതം അവളുടെ ശരീരത്തെ കൂടുതല്‍ ബലഹീനമാക്കി. എങ്കിലും അതൊന്നും റോസയെ തളര്‍ത്തിയില്ല. കാരണം അവളുടെ ലക്ഷ്യം യേശുവായിരുന്നു. നീണ്ട ഒമ്പത്‌ വര്‍ഷം ആ ബോര്‍ഡിംഗില്‍ അവള്‍ പ്രത്യാശയോടെ കാത്തിരുന്നു. 1896 ല്‍ തൃശ്ശൂര്‍ വികാരിയാത്ത്‌ സ്ഥാപിതമായപ്പോള്‍, അവിടെ ഒരു കന്യാമഠസ്ഥാപിക്കാന്‍ മേനാച്ചേരി ബഹു. യോഹന്നാന്‍ മെത്രാന്‍ തീരുമാനിച്ചു. തമസിയ്‌ക്കാതെ അമ്പഴക്കാട്ട്‌ ഒരു കന്യകാമഠം സ്ഥാപിച്ച്‌ ആ വികാരിയാത്തില്‍പ്പെട്ട കന്യാസ്‌ത്രീകളെ അങ്ങോട്ട്‌ കൊണ്ടുവന്നു. 1897- മെയ്‌ 9 അമ്പഴക്കാട്ടുവെച്ച്‌ ശിരോവസ്‌ത്രം സ്ഥീകരിച്ചതോടെ റോസ കര്‍മ്മലസഭയിലെ സി. എവുപ്രാസ്യായായി.
രോഗങ്ങളും ക്ലേശങ്ങളും ഒന്നിനൊന്ന്‌ കൂടിവന്നു. 1900 മെയ്‌ 24ന്‌ ഒല്ലൂര്‍ മഠം സ്ഥാപിച്ചപ്പോള്‍ സി. എവുപ്രാസ്യ ഒല്ലൂര്‍ മഠാംഗമായി. താമസിയാതെതന്നെ നവസന്യാസ പരിശീലന ചുമതല അധികാരികള്‍ ആ മാതൃകാ സന്യാസിനിയെ എല്‌പിച്ചു. നീണ്ട 13 വര്‍ഷത്തോളും ഈ ജോലി ഏറ്റവും സ്‌തുത്യര്‍ഹമാംവിധം എവുപ്രാസ്യാമ്മ നിര്‍വ്വഹിച്ചു. തുടര്‍ന്ന്‌ മഠാധിപയായി. തന്നെ ഏല്‌പിച്ച ജോലികള്‍ നൂറുശതമാനം ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിച്ചു. ഒരു അമ്മയുടെ സ്‌നേഹം കൊടുത്ത്‌ കൊച്ചുസഹോദരിമാരെ പരിശീലിപ്പിച്ചു. താന്‍ ജീവിച്ചത്‌ മാത്രം ശീലിക്കുവാന്‍ അവരെ പഠിപ്പിച്ചു. ദൈവസ്‌നേഹത്തിലും പരസ്‌നേഹത്തിലും പ്രാര്‍ത്ഥനാചൈതന്യത്തിലും വളരാന്‍ അവരെ സ്വന്തം ജീവിതത്തിലൂടെ പ്രേരിപ്പിച്ചു. തന്നേക്കാളുപരിയായി തന്റെ സഹോദരങ്ങളെ സ്‌നേഹിച്ച ആ അമ്മ, വേദനയനുഭവിക്കുന്നവര്‍ക്കുവേണ്‌ടി രാവും പകലും ഊണും ഉറക്കവുമുപേക്ഷിച്ച്‌ ദിവ്യനാഥന്റെയടുക്കല്‍ തപസ്സിരുന്നു. അവരുടെ വേദന സ്വന്തം ഹൃദയത്തില്‍ ഏറ്റെടുത്ത്‌ തിരുസന്നിധിയിലര്‍പ്പിച്ചു. നല്ലവനായ ദൈവം അതിന്‌ നൂറുമേനി ഫലവും നല്‌കി.
എന്റെ ദൈവവിളി സ്‌നേഹമാണ്‌ എന്ന്‌ കൊച്ചുത്രേസ്യ പറഞ്ഞതുപോലെ, എന്റെ ദൈവവിളി സഹനമാണ്‌ എന്ന്‌ എവുപ്രാസിയാമ്മ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നു. നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന്‌ വി. പത്രോസിനോടുളള യേശുവിന്റെ ചോദ്യത്തിന്റെ ശരിയായ ധ്വനി, നീ എനിക്കുവേണ്ടി ത്യാഗം ഏറ്റെടുക്കുവാന്‍ സന്നദ്ധനാണോ എന്നാണ്‌. അത്‌ അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കിയ അമ്മ, സഹനങ്ങളും ത്യാഗങ്ങളും സ്വയം ഏറ്റെടുത്ത്‌ യേശുവിന്റെ മുമ്പില്‍ സമര്‍പ്പിച്ചു.
ദൈവതിരുമനസ്സിനോടുളള വിധേയത്വം അധികാരികളെ അനുസരിക്കുന്നതിലും നിയമങ്ങള്‍ കൃത്യമായി അനുഷ്‌ഠിക്കുന്നതിലും അമ്മ പ്രകടമാക്കി. ദാരിദ്ര്യാരൂപിയോടുളള അമ്മയുടെ സ്‌നേഹം എളിമയുടെയും വിനയത്തിന്റെയും പ്രവര്‍ത്തകളില്‍ മുറ്റിനിന്നു. എളിമപ്പെടാനും കുറ്റപ്പെടുത്തപ്പെടാനും വളരെയധികം ആഗ്രഹിച്ചു. വ്രത-ത്രയങ്ങളിലൂടെ യേശുനാഥന്‌ സമ്പൂര്‍ണ്ണ സമര്‍പ്പണം ചെയ്‌തവളാണ്‌ ഈ സമര്‍പ്പിത. സമൃദ്ധമായ സ്‌നേഹത്തില്‍നിന്ന്‌ വരുന്ന വലിയ സമ്പത്താണ്‌ ബ്രഹ്മചര്യമെന്ന്‌ എവുപ്രാസ്യാമ്മ കണ്‌ടു. ഞാന്‍ എന്തായിരിക്കുന്നുവോ അത്‌ ദൈവകൃപയാലാണ്‌. തനിക്ക്‌ കിട്ടിയിരിക്കുന്നതെല്ലാം ദാനമാണ്‌. ദൈവം മാത്രംമതിയെന്ന ചിന്തയോടെ എവുപ്രാസ്യാമ്മ ജീവിച്ചു. ഈശോയാകുന്ന മരത്തില്‍ പടര്‍ന്നു കിടന്ന വളളിയായിരുന്നു എവുപ്രാസ്യാ. ഓരോ വ്യക്തിക്കും തന്റെ ജീവിതമാകുന്ന ചിത്രം നന്നാക്കണമെങ്കില്‍ അതിന്റെ ദാതാവിനെ അറിയണം, കാണണം, അനുഭവിക്കണം, സ്വന്തമാക്കണം. ദൈവത്തെ സ്‌നേഹിക്കാത്ത ഒരു വ്യക്തിക്കും തന്റെ ജീവിത ചിത്രം ഭംഗിയായി വരയ്‌ക്കുവാന്‍ സാധിക്കില്ല. നാലു ചുവരുകള്‍ക്കകത്തിരുന്ന്‌ നിശബ്ദമായ സ്‌നേഹ സേവന ത്യാഗത്തിലൂടെ എവുപ്രാസ്യയാമ്മ തന്റെ ജീവിതം ഏറ്റവും മികവുറ്റതാക്കി. ദൈവപിതാവിന്റെ കരതണലില്‍ വിരിഞ്ഞ്‌, ദൈവീക സൗരഭ്യത്തെ ചുറ്റും പരത്തി, ദൈവീക മഹിമക്കായി എടുത്തുവെയ്‌ക്കപ്പെട്ട ജീവിതം.
തന്റെ ജീവിതത്തിലെ ഓരോ നിമിഷവും കയ്‌പ്പുനിറഞ്ഞതെങ്കിലും ആ ഭക്ഷണത്തെ അവള്‍ രുചിച്ചിറക്കി. മണിക്കുറുകള്‍ പ്രാര്‍ത്ഥനയില്‍ മുഴുകി ''പ്രാര്‍ത്ഥിക്കുന്ന അമ്മ''യുടെ അടുത്ത്‌ ജനങ്ങള്‍ ഓടിക്കുടി. അങ്ങനെ മലയില്‍ ഉയിര്‍ത്തപ്പെട്ട പട്ടണംപോലെ, പീഠത്തിന്‍മേല്‍ ഉയര്‍ത്തിയ ദീപംപോലെ, സകലര്‍ക്കും പ്രകാശം ചൊരിഞ്ഞ്‌, അവള്‍ പ്രാര്‍ത്ഥനയുടെ പ്രേക്ഷിതയായി. കൂദാശകളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടു. സുകൃതജപങ്ങളുടെ ഏഴുകൊന്ത അനുദിനം ജപിച്ചു.സ്വന്തം മുറി പലപ്പോഴും ഒരു അള്‍ത്താരയായി മാറ്റപ്പെട്ടു. എപ്പോഴും മറ്റുളളവര്‍ക്കായിരിക്കണം പരിഗണനയും മുന്‍ഗണനയും എന്ന്‌ അമ്മയ്‌ക്ക്‌ നിര്‍ബന്ധമായിരുന്നു. കോളറ, ക്ഷയം, എന്നി മാരകമായ രോഗം പിടിപ്പെട്ടവരെ സ്വന്തം മക്കളെപ്പോലെ അടുത്തിരുന്ന്‌ ശുശ്രൂഷിച്ച വീരോചിത മനുഷ്യ സ്‌നേഹിയാണ്‌ എവുപ്രാസ്യയാമ്മ.
കുരിശിനെയും സഹനത്തെയും കുറിച്ച്‌ അവള്‍ക്ക്‌ ഒരു പ്രത്യേക കാഴ്‌ചപ്പാടുണ്‌ടായിരുന്നു. Suffering is a part of Vocation: നമ്മുടെ ഓരോരുത്തരുടെയും ദൈവവിളിയുടെ ഭാഗമാണ്‌ സഹനം. ശിഷ്യത്വത്തിലേക്കുളള വിളി കുരിശെടുക്കാനുളള വിളിയാണ്‌. സഹനത്തിലേക്കും മരണത്തിലേക്കും അതുവഴിയുളള ഉയര്‍പ്പിലേയ്‌ക്കുമാണ്‌ ഓരോരുത്തരേയും യേശുവിളിക്കുന്നത്‌. അമ്മയും സഹനത്തിലൂടെ മഹത്വത്തിലേയ്‌ക്കുയര്‍ന്നവളാണ്‌. കുരിശിലാണ്‌ ഓരോരുത്തരുടേയും രക്ഷ. എവുപ്രാസ്യാമ്മയുടെ ജീവിതത്തിലെ ഏറ്റവും ആശ്വാസകരമായ നിമിഷങ്ങള്‍ അവള്‍ ക്രൂശിതരൂപത്തെ നോക്കിനിന്നവയായിരുന്നു. അമ്മയ്‌ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സകൃതമാണ്‌ ''അങ്ങയുടെ പീഡാനുഭവത്തില്‍ എന്നെയും പങ്കുകാരിയാക്കണമെ'' എന്നത്‌. അതുപോലെ തന്റെ ജീവിതക്ലേശങ്ങളും അനുദിനവേദനകളും കര്‍ത്താവിന്റെ പീഡകളോട്‌ ചേര്‍ത്ത്‌ കാഴ്‌ചവെയ്‌ക്കുന്നതിലും ഈ അമ്മ സന്തോഷം കണ്ടു. കുരിശില്ലാതെ കിരിടമില്ലെന്ന്‌ വളരെ ആഴത്തില്‍ ഗ്രഹിച്ചിരുന്ന ഈ സഹനദാസി, താനുമായി ബന്ധപ്പെടുന്നവരിലേയ്‌ക്കും ഈ മഹത്‌സന്ദേശം പകര്‍ന്നുകൊടുത്തു.
വിഷാദിച്ചുനടന്നിരുന്ന ഒരു സഹോദരിയോട ്‌ അവള്‍ പറയുന്നത്‌ കേള്‍ക്കുക: ''മകളെ, ഒന്നുകൊണ്ടും നിരാശപ്പെടേണ്ട. വളരെ സന്തോഷവതിയായിരിക്കുക. ഇതില്‍നിന്നോക്കെ വലിയ നേട്ടങ്ങള്‍ ഉണ്‌ടാക്കാന്‍ പരിശ്രമിക്കണം. ഇതൊക്കെ തമ്പുരാന്‍ അറിഞ്ഞ്‌ തരുന്നതാണ്‌. നീ എപ്പോഴും ഈ കുരിശിലേയ്‌ക്ക്‌ നോക്കൂ. നിന്റെത്‌ എത്രനിസാരമാണ്‌''.
വാതം അടക്കമുളള അസുഖങ്ങള്‍ അവളുടെ അഗ്നിപരീക്ഷകളായിരുന്നു. കര്‍മ്മലാരാമത്തില്‍ സഹനങ്ങളും വേദനകളുമായിരുന്നു ആ പനിനീര്‍ പുഷ്‌പത്തിന്‌ ലഭിച്ച വെളളവും വളവും. മറ്റുളളവരെ കാണിക്കാന്‍ ചെയ്‌തുകുട്ടുന്ന പണ്യങ്ങള്‍ എന്ന വിധിവാചകകങ്ങള്‍, അസ്‌ത്രങ്ങളായി അവളുടെ കര്‍ണ്ണപുടങ്ങളില്‍ ആഞ്ഞുപതിച്ചപ്പോഴും അവള്‍ ചഞ്ചലിച്ചില്ല. കുറ്റാരോപണം നടത്തിയ സഹോദരിയെ ഏറ്റവും ഹൃദയസ്‌പര്‍ശിയായ വിധത്തില്‍ സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും അവര്‍ക്കു കഴിഞ്ഞു. തന്റെ ജീവിതം മുഴുവന്‍ അവിടുത്തെ മുമ്പില്‍ ഒരു കാണിക്കയായി സമര്‍പ്പിച്ച്‌ സ്വയം ഒരു ബലിവസ്‌തുവായി മാറി. ഇതാണ്‌ എവുപ്രാസ്യാമ്മയുടെ ജീവിത വിശുദ്ധിയുടെ രഹസ്യം.
അല്‌പം ദീര്‍ഘമായിരുന്നെങ്കിലും നിശബ്ദജീവിതം നയിച്ച്‌ തന്റെ ഓട്ടം പൂര്‍ത്തിയാക്കി. വരും തലമുറയ്‌ക്ക്‌ കൂടുതല്‍ ദൈവീക ചൈതന്യവും ആദ്ധ്യാത്മിക സമ്പത്തും പ്രദാനംചെയത്‌ കര്‍മ്മലാരാമത്തിലെ ആ പുഷ്‌പം 1952 ആഗസ്റ്റ്‌ 29-ാം തിയതി രാത്രി 8.40 ന്‌ 'മരിച്ചാലും മറക്കില്ലാട്ടോ' എന്ന സ്‌നേഹമന്ത്രവുമായി ഈ ലോകം വെടിഞ്ഞു. മരണശേഷം ആ അമ്മയുടെ വിശുദ്ധി നാടെങ്ങും പരന്നു. അമ്മയുടെ മാദ്ധ്യസ്ഥ്യം തേടിയ അനേകര്‍ക്ക്‌ സൗഖ്യം ലഭിച്ചു. മാരകമായ രോഗങ്ങളില്‍ നിന്ന്‌ മുക്തി ലഭിച്ചു. അങ്ങനെ 1987 ആഗസ്‌റ്റ്‌ 29-ാം തിയതി ജോണ്‍പോള്‍ രണ്‌ടാമന്‍ മാര്‍പ്പാപ്പ അമ്മയെ ദൈവദാസിയായും 2002 ജൂലൈ 5-ന്‌ ധന്യയായും പ്രഖ്യാപിച്ചു. 2006 ഡിസംബര്‍ 3-ന്‌ ബെനഡിക്‌റ്റ്‌ 16-ാമന്‍ മാര്‍പാപ്പ അവളെ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തി. ഈ കനകദീപം ഇന്ന്‌ സ്വര്‍ഗ്ഗത്തില്‍ നിന്ന്‌ കൂടുതല്‍ പ്രഭയോടെ പ്രകാശിക്കുന്നു. അതിന്റെ പ്രഭ ഇന്നും ഒല്ലൂരിലുളള അമ്മയുടെ കല്ലറയില്‍ നിന്ന്‌ പ്രതിഫലിച്ചുകൊണ്‌ടിരിക്കുന്നു. അമ്മയുടെ മരണദിവസമായ ആഗസ്റ്റ്‌ 29ന്‌ അവളുടെ തിരുന്നാള്‍ കൊണ്‌ടാടുന്നു.
സ്വന്തം ജീവിതത്തെ ദൈവോന്മുഖവും പരോന്മുഖവുമാക്കിമാറ്റി വിശുദ്ധിയുടെ ഉന്നത സോപാനങ്ങളിലേക്കുയര്‍ന്ന ഈ വിനിത കന്യകയുടെ ജീവസുറ്റ മാതൃക നമുക്കും ഏറ്റുവാങ്ങാം. വിശുദ്ധിയുടെ ഗണത്തിലേക്ക്‌ എത്രയും വേഗം അമ്മ ഉയര്‍ത്തപ്പെടട്ടെ എന്ന്‌ നമുക്ക്‌ പ്രര്‍ത്ഥിക്കാം. കര്‍മ്മല സൂനമേ, എവുപ്രാസ്യാമ്മേ, ഞങ്ങള്‍ക്കായി പ്രര്‍ത്ഥിക്കണമേ.


തോമസ്‌ ചൂണ്‌ടല്‍
റോമാ

Download 

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home