Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്‍
Readings: Genesis 12:1-4; Isaiah 44:1-4; 1Peter 4:12-19; John 10:1-15

വാ. കുഞ്ഞച്ചന്‍

കര്‍ദ്ദിനാള്‍ മാനിംഗ്‌ അദ്ദേഹത്തിന്റെ വിഖ്യാത കൃതിയായ 'The Eternal Priesthood' എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നുണ്‌ട്‌. "വിശുദ്ധി എന്നത്‌ അസാധാരണ കാര്യങ്ങള്‍ ചെയ്യുന്നതല്ല, മറിച്ച്‌ സാധാരണ കാര്യങ്ങള്‍ അസാധാരണമായ ചൈതന്യത്തോടെ ചെയ്യുന്നതാണ്‌". വിശുദ്ധരുടെ ജീവിതങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക്‌ മനസ്സിലാവുന്ന ഒരു യാഥാര്‍ത്ഥ്യമാണ്‌ ഇത്‌ - അവരൊന്നും extra ordinary ആയിരുന്നില്ല. അവരുടെ പ്രവൃത്തികളാണ്‌ അവരെ വ്യത്യസ്‌തരാക്കിയത്‌. ഇന്ന്‌‌ നമ്മള്‍ തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വാഴ്‌ത്തപ്പെട്ട അഗസ്റ്റിന്‍ കുഴുമ്പിലച്ചന്റെ മരണദിവസം ആചരിക്കുമ്പോള്‍ (തിരുന്നാള്‍?) നമ്മുടെ മുമ്പില്‍ തെളിയുന്ന സത്യവുമിതാണ്‌. കുഞ്ഞച്ചന്‍ അസാധാരണക്കാരനായിരുന്നില്ല. എന്നാല്‍, അദ്ദേഹം സാധാരണമായവ, ഏതൊരു മനുഷ്യനും മനസ്സുവെച്ചാല്‍ ചെയ്യാവുന്നവ ചെയ്‌തുകൊണ്‌ട്‌‌, സ്വന്തം ജീവിതം കൊണ്‌ട്‌ നമുക്ക്‌ ഒരു മാതൃക നല്‍കുകയാണ്‌ - നമ്മുടെ എളിയ ജീവിതങ്ങള്‍ എങ്ങനെ അപരന്‌ ഉപകാരപ്പെടുന്നതാവണമെന്ന്‌.

രാമപുരം തേവര്‍പറമ്പില്‍ തറവാടിന്റെ ഒരു ശാഖയായ കുഴുമ്പില്‍ കുടുംബത്തില്‍ 1891 April 1-നു ജനിച്ച കുഞ്ഞച്ചന്റെ പ്രാഥമിക വിദ്യാഭ്യാസം കളരിയില്‍ ആയിരുന്നു. അതിനുശേഷം അദ്ദേഹം മാന്നാനം St.Ephrem School-ല്‍ high school പഠനം നടത്തുകയും തുടര്‍ന്ന്‌ സെമിനാരിയില്‍ ചേരുകയും ചെയ്‌തു. 1921 ഡിസംബര്‍ 17ന്‌ വൈദികപ്പട്ടം സ്വീകരിച്ച കുഞ്ഞച്ചന്‍ കടനാട്ടുപളളിയില്‍ അസി. വികാരയായി സേവനമനുഷ്‌ഠിക്കെ അസുഖബാധിതനായി തന്റെ മാതൃ ഇടവകയായ രാമപുരത്ത്‌ തിരിച്ചെത്തി. അവിടെ വിശ്രമിക്കുകയായിരുന്നു. അവിടെനിന്നാണ്‌ ഒരു വലിയ മിഷനറിയെ സഭയ്‌ക്ക്‌ ലഭിക്കുന്നത്‌.

ദൈവത്തിന്റെ ' പദ്ധതി നാശത്തിനുളളതല്ല, മറിച്ച്‌ ക്ഷേമത്തിനുളളതാണ്‌'. അതായത്‌ ഒന്നും ഒന്നിന്റെയും അന്ത്യമല്ല. കുഞ്ഞച്ചന്റെ അസുഖത്തെയും അങ്ങനെ കാണാനേ നമ്മുക്കാവൂ. അദ്ദേഹം രോഗബാധിതനായി കഴിയവേയാണ്‌ ഇടവകയില്‍ വാര്‍ഷിക ധ്യാനം നടക്കുന്നത്‌. നല്ലവരായ ഇടവക ജനങ്ങളില്‍ ചിലര്‍ തങ്ങളുടെ പറമ്പില്‍ പണിയെടുക്കുന്ന താഴ്‌ന്ന ജാതിക്കാരേയും ദൈവവചനം ശ്രവിക്കാനും അതുവഴി മാനസാന്തരത്തിലേക്കും മാമോദീസ സ്വീകരിക്കുന്നതിലേക്കും കടന്നുവരാന്‍ അനുവദിച്ചത്‌ ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ഏകദേശം 200-ഓളംപേര്‍ മാമോദീസ സ്വീകരിക്കുകയും അവരുടെ ആത്മീയകാര്യങ്ങള്‍ അന്വേഷിക്കാനുളള ചുമതല വികാരിയച്ചന്‍ കുഞ്ഞച്ചനെ ഏല്‌പിക്കുകയുമായിരുന്നു. അതോടുകൂടി ഭാരതത്തില്‍ ഒരു 'വിജാതീയരുടെ അപ്പസ്‌തോലന്‍' ജനിക്കുകയായിരുന്നു. ഒരു വലിയ മിഷണറി ജന്മംകൊളളുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മഹത്വമറിയാന്‍ അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയറിയണം.

ജാതിവ്യവസ്ഥിതിയും അയിത്തവും തൊട്ടുകൂടായ്‌മയും അടിമത്തവും ചൂഷണവും അനുഭവിച്ചിരുന്ന 'ദൈവത്തിന്റെ മക്കള്‍' എന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്ന ഹരിജനങ്ങളുടെ ജീവിതാവസ്ഥ അചിന്തനീയമായിരുന്നു. താഴ്‌ന്ന ജാതിക്കാര്‍ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും വളരെയേറെ അധ:പതിച്ചിരുന്ന അക്കാലത്ത്‌ അവര്‍ സവര്‍ണ്ണരുടെ സ്വത്തിന്റെ ഭാഗം മാത്രമായിരുന്നു. വേണ്ടത്ര ആഹാരമോ നഗ്‌നത മറക്കാന്‍ ആവശ്യമായ വസ്‌ത്രമോ സ്വന്തമായി ഒരു തുണ്ടുഭൂമിപോലുമോ ഇല്ലാതിരുന്ന ഇത്തരക്കാരുടെ ഇടയിലേയ്‌ക്കാണ്‌ "ബന്ധിതര്‍ക്കു മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക്‌‌ സ്വാതന്ത്ര്യവും" നല്‍കുന്ന സുവിശേഷ ചൈതന്യവുമായി കുഞ്ഞച്ചന്‍ ഇറങ്ങിച്ചെന്നത്‌. വൈദീകവൃത്തിയില്‍ അദ്ദേഹത്തിന്റെ പൊക്കക്കുറവ്‌‌ ഒരു തടസ്സമാകുമോ എന്ന്‌ സംശയിച്ച്‌ കുഞ്ഞച്ചന്‌ തിരുപ്പട്ടം കൊടുക്കണമോ എന്ന ചര്‍ച്ച വന്നപ്പോള്‍ pepal delegate പറഞ്ഞതിപ്രകാരമാണ: "സഭ ഹൃദയത്തിലേക്കാണ്‌ ശരീരത്തിലേക്കല്ല നോക്കുന്നത്‌". ഈ വാക്കുകളുടെ ചൈതന്യം സ്വീകരിച്ച കുഞ്ഞച്ചനും ഹരിജനങ്ങളുടെ, താഴ്‌ന്ന ജാതിക്കാരുടെ, ബാഹ്യനിറത്തിലോ, ഭൗതിക കുറവുകളിലോ അല്ല ശ്രദ്ധിച്ചത്‌; മറിച്ച്‌ അവരുടെ ആന്തരീകതയിലാണ്‌. 5 അടിയിലധികം പൊക്കമില്ലാതിരുന്ന കുഞ്ഞച്ചന്‌ ദളിതരാണ്‌ ആദ്യം 'കുഞ്ഞച്ചന്‍' എന്ന്‌ വിളിച്ചത്‌‌.

അവിശ്വാസത്തിന്റെയോ ചഞ്ചലവിശ്വാസത്തിന്റെയോ മണല്‍പ്പുറത്തല്ല, മറിച്ച്‌ ഉറച്ച വിശ്വാസമാകുന്ന പാറമേല്‍ പണിതുയര്‍ത്തിയ ജീവിതമായിരുന്നു കുഞ്ഞച്ചന്റേത്‌. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ശക്തി അദ്ദേഹം നേടിയിരുന്നത്‌ മണിക്കൂറുകള്‍ ദിവ്യകാരുണ്യത്തിന്റെ മുമ്പിലിരുന്ന്‌ ജപമാല ചൊല്ലിയും വിശുദ്ധരുടെ മാധ്യസ്ഥം യാചിച്ചുമാണ്‌.

ഉപവി എന്ന പുണ്യം ആവോളം സ്വന്തമാക്കിയിരുന്ന കുഞ്ഞച്ചന്‍ അന്ത്യവിധിയുടെ മാനദണ്ഡങ്ങള്‍ ഹൃദയത്തിലേറിയവനായിരുന്നു - ഈ ചെറിയവരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തപ്പോള്‍ എനിക്കുതന്നെയാണ്‌ ചെയ്‌തത്‌ എന്ന ക്രിസ്‌തു വാക്യം. ഉപവിയാല്‍ പ്രേരിതനായാണ്‌ കുഞ്ഞച്ചന്‍ ദളിതരുടെ ആത്മീയ, ഭൗതീക ഉന്നമനത്തിനായി ഇറങ്ങിത്തിരിച്ചത്‌. ദിവസവും ദളിതരുടെ കുടിലുകളിലും പണിസ്ഥലങ്ങളിലും എത്തി അവര്‍ക്ക്‌ നല്ല കാര്യങ്ങള്‍ പറഞ്ഞുകൊടുത്തും തിരുത്തിയും ശാസിച്ചും പ്രോത്സാഹിപ്പിച്ചും കുഞ്ഞച്ചന്‍ സാവധാനം അവരെ മാറ്റിയെടുക്കുകയായിരുന്നു. ഇടവകയിലെ സേവനസന്നദ്ധരായവരുടെ സഹായത്തോടെ അവര്‍ക്ക്‌‌ ക്ലാസ്സുകളെടുത്തും സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ചും എല്ലാത്തിനുമുപരി തങ്ങളുടെ (മനുഷ്യജീവന്റെ) മഹത്വം അവര്‍ക്ക്‌‌ മനസ്സിലാക്കിക്കൊടുത്തും കുഞ്ഞച്ചന്‍ ദളിതരുടെ ജീവിതത്തിലേക്ക്‌‌ പ്രകാശംകൊണ്‌ടുവരികയായിരുന്നു.

സവര്‍ണ്ണരുടെ മനോഭാവം മാറ്റിയെടുക്കുന്നതിലും കുഞ്ഞച്ചന്‍ ശ്രദ്ധിച്ചിരുന്നു. താഴ്‌ന്ന ജാതിക്കാര്‍ വെറും അടിമകളല്ല, തങ്ങളുടെ സുഖത്തിനുള്ള ഉപകരണങ്ങല്ല, അവര്‍ക്കും മഹത്വമുണ്‌ട്‌ എന്ന്‌‌ സവര്‍ണ്ണരെ ബോധ്യപ്പെടുത്താനും കുഞ്ഞച്ചന്‍ ശ്രമിച്ചിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ നമ്മള്‍ കാണുന്നത്‌.

സ്‌ാമൂഹ്യനീതിക്കുവേണ്‌ടി, മനുഷ്യമഹത്വത്തിനുവേണ്‌ടി നിലകൊണ്‌ട ആ മനുഷ്യന്റെ വഴികള്‍ പൂക്കള്‍ വിരിച്ചതായിരുന്നു എന്ന്‌ നമ്മള്‍ വിചാരിക്കരുത്‌. അവിടെ അവഗണനയുടെയും നിന്ദയുടെയും പരിഹാസത്തിന്റെയും വിമര്‍ശനത്തിന്റെയുമൊക്കെ മുള്ളുകള്‍ ഉണ്‌ടായിരുന്നു. പക്ഷെ ക്രിസ്‌തുവിനോടുള്ള സ്‌നേഹത്തില്‍ നിന്നോ അതില്‍നിന്ന്‌ ഉരുത്തിരിയുന്ന സഹോദരസ്‌നേഹത്തില്‍നിന്നോ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ അവയ്‌ക്കൊന്നും കഴിയുമായിരുന്നില്ല. സത്യത്തില്‍ നിന്ദയും വിമര്‍ശനവും നന്മചെയ്യുന്ന ഏതൊരുവനും ഉണ്‌ടാകാറുള്ളതാണ്‌. വിവേകത്തിന്റെയും ആത്മധൈര്യത്തിന്റെയും പിന്‍ബലത്തിലാണ്‌ ഇവയെ കുഞ്ഞച്ചന്‍ നേരിട്ടത്‌.

കുടുംബങ്ങളുടെ, കുടുംബബന്ധങ്ങളുടെ സംരക്ഷകനായിരുന്നു കുഞ്ഞച്ചന്‍. അകന്നുപോയ ബന്ധങ്ങളുടെ കണ്ണിയെ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും വിട്ടുവീഴ്‌ചയുടെയും കഥകള്‍ പറഞ്ഞ്‌‌, അടുപ്പിച്ചുകൊണ്‌ടും, കുടുംബബന്ധങ്ങളെയും സാമൂഹികബന്ധങ്ങളെയും ഉലച്ചുകളയുന്ന അസാന്മാര്‍ഗിക പ്രവൃത്തികളില്‍നിന്ന്‌ അവരെ പിന്തിരിപ്പിച്ചുകൊണ്‌ടും വിശുദ്ധിയുടെ, നൈര്‍മല്യത്തിന്റെ മൂല്യം കാണിച്ചുകൊടുത്ത കുഞ്ഞച്ചന്‍ കുടുംബങ്ങളുടെ സംരക്ഷകനായിരുന്നു. ഭര്‍ത്താവിനെ വിട്ടുപോയ സ്‌ത്രീയെ തിരികെക്കൊണ്‌ടുവരാന്‍ 25 കി.മീറ്ററോളം നടന്നുപോയ സംഭവം മാത്രംമതി ഇതിന്‌ സ്‌ാക്ഷ്യമായി.

"എനിക്ക്‌ ഭൂമിയായോ ബാങ്ക്‌ ബാലന്‍സായോ സ്വന്തമായി ഒന്നുമില്ല. ഞാന്‍ ആര്‍ക്കും ഒന്നും കടപ്പെട്ടിട്ടുമില്ല", എന്ന്‌ തന്റെ വില്‍പ്പത്രത്തിലെഴുതിയ കുഞ്ഞച്ചന്‍ "ഈ ഭൂമിയിലൊന്നും ശേഖരിക്കാതെ സ്വര്‍ഗ്ഗത്തില്‍ നിക്ഷേപമുണ്‌ടാക്കിയ" വിവേകമതിയാണ്‌.

നാല്‌്‌്‌പതിലധികം വര്‍ഷങ്ങള്‍ സമൂഹത്തിലെ താഴ്‌ന്ന വിഭാഗങ്ങള്‍ക്കായി മാറ്റിവെച്ച കുഞ്ഞച്ചന്‍, സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വലുതായിരുന്നു. നന്മ ചെയ്‌തുകൊണ്‌ട്‌ കടന്നുപോയ കുഞ്ഞച്ചന്‍ നമ്മെ വെല്ലുവിളിക്കുന്നുണ്‌ട്‌‌. അത്‌ നമ്മുടെ സമൂഹത്തിലുള്ള എളിയവരെ സഹായിക്കാനാണ്‌, ഒരു നേരത്തെ ആഹാരത്തിന്‌ കഷ്‌ടപ്പെടുന്നവന്റെ വിശപ്പകറ്റാനാണ്‌, നഗ്‌നനെ ഉടുപ്പിക്കാനാണ്‌, തടവുകാരെയും രോഗികളെയും സന്ദര്‍ശിക്കാനാണ്‌.... അപരന്‌ ഒരു കൈ സഹായമാകാനാണ്‌. "കാണാനുള്ള കാഴ്‌ച നിങ്ങള്‍ക്കുണെടങ്കില്‍ എവിടെ നോക്കിയാലും നിങ്ങള്‍ക്ക്‌ കല്‍ക്കട്ട കാണാം" എന്നു പറഞ്ഞ മദര്‍ തെരേസയുടെ വാക്കുകള്‍ നമ്മുടെ ചെവികളില്‍ മുഴങ്ങണം. "അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമല്ലോ വിവേകികള്‍" എന്നാണ്‌ കുമാരനാശാന്‍ പാടിയത്‌. അപരന്‌ നമ്മെ തന്നെ നല്‍കാന്‍ നമുക്ക്‌‌ കഴിയട്ടെ. "മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്‌ട്‌ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‌ മഹത്വപ്പെടുത്തേണ്‌ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ". കുഞ്ഞച്ചന്‍ നമ്മെ വെല്ലുവിളിക്കുകയാണ്‌ - "വിശുദ്ധി എന്നത്‌ അസാധാരണ കാര്യങ്ങള്‍ ചെയ്യുന്നതിലല്ല സാധാരണ കാര്യങ്ങള്‍ അസാധാരണ ചൈതന്യത്തോടെ ചെയ്യുന്നതിലാണ്‌".


റവ. മാത്യു ചേന്നാട്ട
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി,
കുന്നോത്ത്‌.

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home