Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
പരി.‌ ക.‌ മറിയത്തിന്റെ‌‌ അമലോത്ഭവത്തിരുനാള്‍‌
Readings: Sirach 24:1-14; Wisdom 8:1-10; Hebrews 1:1-3 + 2:16-18; Luke 1:46-55
രക്ഷകന്റെ ആഗമനത്തിനു നാമൊരുങ്ങുന്ന മംഗളവാര്‍ത്താക്കാലത്തിലാണല്ലോ പ. മാതാവിന്റെ അമലോത്ഭവതിരുന്നാള്‍ നാം ആഘോഷിക്കുന്നത്‌. ഉത്ഭവനിമിഷം മുതല്‍ തന്നെ പ. മറിയത്തെ ദൈവം സകല പാപങ്ങളില്‍ നിന്നും രക്ഷിച്ചു എന്ന സത്യമാണ്‌ ഈ തിരുന്നാളില്‍ നാം അനുസ്‌മരിക്കുന്നത്‌. മറിയത്തെ ഈശോയുടെ അമ്മയായി തിരഞ്ഞെടുത്തുകൊണ്ടുളള മംഗളവാര്‍ത്ത ഗബ്രിയേല്‍ ദൂതന്‍ അറിയിക്കുന്ന രംഗം ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്നത്‌ ഇപ്രകാരമാണ്‌: ` ആറാം മാസം ഗബ്രിയേല്‍ ദൂതന്‍ ഗലീലിയില്‍ നസറത്ത്‌ എന്ന പട്ടണത്തില്‍ ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ്‌ എന്നു പേരായ പരുഷനുമായി വിവാഹനിശ്ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേയ്‌ക്ക്‌ ദൈവത്താല്‍ അയ്‌ക്കപ്പെട്ടു ` (ലൂക്ക1.26-27).
   തന്റെ തിരുക്കുമാരന്റെ മാതാവിനെ ദൈവം തിരഞ്ഞടുത്തത്‌ പട്ടാള ശക്തിയില്‍ ഊറ്റംകൊണ്ട്‌ ലോകംമുഴുവന്‍ കാല്‌കീഴിലാക്കിയിരുന്ന റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാത്തുനിന്നായിരുന്നില്ല. അക്കാലത്ത്‌ അറിവിന്റെ കോവിലായി അറിയപ്പെട്ടിരുന്ന അലക്‌സാണ്ടിയായില്‍ നിന്നോ, യഹൂദവിശുദ്ധിയുടെ വിസ്‌മയസൗധമായിരുന്ന ജറുസലേം ദേവാലയം പണിയപ്പെട്ടിരുന്ന നഗരത്തില്‍നിന്നോ ആയിരുന്നില്ല. പ്രത്യുത നസറത്തില്‍ നിന്നായിരുന്നു. വലിയ മഹത്വമോ പ്രതാപമോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരുചെറുഗ്രാമം മാത്രമായ നസറത്ത്‌. എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നുമില്ലാത്ത ഗ്രാമങ്ങളിലും നാട്ടുപ്രമാണികള്‍ പിറക്കാത്ത വീടുകളിലുമൊക്കെ പിറക്കുകയും പേരില്ലാത്ത സ്‌കൂളുകളില്‍ പഠിക്കകയും ഗമയില്ലാത്ത ജോലികള്‍ ചെയ്യുകയും ചെയ്യുന്ന നമ്മില്‍ പലര്‍ക്കും ആശ്വാസമാണ്‌ ഈ സുവിശേഷഭാഗം.
   നസറത്തിന്‌ മേന്മകളില്ലായിരുന്നുവെന്നു മാത്രമല്ല കുറവുകളുണ്ടായിരുന്നുതാനും ! സമൂഹത്തിലെ താഴെത്തട്ടിലുളള അന്നുമിന്നും ഏറ്റവുമധികം ചുഷണത്തിനു വിധേയരാകുന്ന കൃഷിക്കാരുടെ ഗ്രാമമായിരുന്നു അത്‌; വിദേശ പട്ടാളത്തിന്റെ കയ്യേറ്റങ്ങള്‍ക്കുമുന്നില്‍ വിറങ്ങലിച്ച്‌ നില്‍ക്കുന്ന ഒരു അധിനിവേശ ഗ്രാമം; സമുദായത്തിലെ ഉന്നതര്‍ വീടുവെച്ച്‌ താമസിക്കാന്‍ മടിക്കുന്ന ഒരു പിന്നോക്ക ഗ്രമം; വിജാതിയരുടെ നാട്‌ എന്നുപോലും പറയത്തക്ക രീതിയില്‍ വിജാതിയര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗലീലിയിലെ ഒരു ഗ്രാമം. എങ്കിലും അവിടെ പിറന്നു വളര്‍ന്ന മറിയമെന്ന പെണ്‍കുട്ടിയ്‌ക്ക്‌ ഒരു പ്രത്യേകതയുണ്ടായിരുന്നു. അവള്‍ കന്യകയായിരുന്നു (ലുക്ക1. 26-27). പഴയനിയമത്തില്‍ ഇസ്രായേല്‍ യഹോവയെ ഉപേക്ഷിച്ച്‌ അന്യദൈവങ്ങള്‍ക്കു പിന്നലെ പോകുമ്പോള്‍ അവളെ ` വേശ്യ ` എന്നാണു വിശേഷിപ്പിക്കുന്നതെങ്കില്‍ മറിയത്തെ `കന്യക` എന്നു ബൈബിള്‍ പ്രഖ്യാപിക്കുമ്പോള്‍ അതു സൂചിപ്പിക്കുന്നത്‌ യഹോവയായ ദൈവത്തോടുളള മറിയത്തിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണവും വിശ്വസ്‌തതയുമാണ്‌. തീര്‍ത്തും നിസ്സാരമായ ഒരു കാര്യത്തില്‍പ്പോലും ഒരു നിമിഷാര്‍ദ്ധത്തേതെയ്‌ക്കെങ്കിലും അവള്‍ അവിശ്വസ്‌ത ആയായിരുന്നില്ല എന്നു സാരം. വാനിലെ വെണ്‍മേഘക്കീറംപോലെ, വെണ്‍നിലാവുപോലെ, വെണ്‍മഞ്ഞുതുള്ളിപോലെ നിര്‍മ്മലയായിരുന്നു മറിയം. ഒരിത്തിരിനേരത്തേയ്‌ക്കല്ല, ഒരായുസിന്റെ ആരംഭംമുതല്‍ അവസാനംവരെ. അമലമനോഹരിയായ മറിയം മാനവകുലത്തിന്റെ അഭിമാനവും ആവേശവുമാണ്‌. പലതിനെയും പലരെയും പ്രണയിച്ചും പൂജിച്ചും മലീമസരായിത്തീര്‍ന്ന നമുക്ക്‌ അമലോത്ഭവയായ ഈ അമ്മ ഒരാവേശത്തേക്കാളുപരി വലിയൊരാവശ്യമാണ്‌.
   എല്ലാ കുറവുകളുടെയുമിടയില്‍ വാനോളം വളരാന്‍ നമുക്ക്‌ കഴിയുമെന്ന്‌ നമ്മെ പഠിപ്പിക്കുന്നു ഈ അമ്മ. പൊടിപടലങ്ങള്‍ക്കിടയിലെ പ്രകാശ കിരണങ്ങള്‍പോലെ അശുദ്ധിയുടെ അന്തരീക്ഷത്തിലും പാപസ്‌പര്‍ശനമേല്‌ക്കാതെ ജീവിക്കാന്‍ കഴിയുമെന്ന്‌ അമ്മ നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധിയുടെ തറവാട്ടിലെ അംഗങ്ങളാണ്‌ നമ്മളെന്ന്‌ അമ്മ നമ്മെ അനുസ്‌മരിപ്പിക്കുന്നു. ഒരു വെല്ലുവിളിയായി, മാതൃകയായി, അശ്വാസമായി താങ്ങും തണലുമായി ഈ അമ്മയെ ദൈവം നമുക്ക്‌ സ്വന്തമായി നല്‌യിരിക്കുന്നു.
   ഇത്രവലിയ പരിശുദ്ധിയിലേക്ക്‌ മറിയത്തെ ഉയര്‍ത്തിയത്‌ എന്തെന്ന്‌ ഗബ്രയേല്‍ ദൂതന്റെ വാക്കുകളില്‍ വ്യക്തമാണ്‌, ദൈവകൃപനിറഞ്ഞവളെ സ്വസ്‌തി! (ലുക്ക1. 28). അതേ, ദൈവത്തിന്റെ അളവറ്റ കൃപയാണ്‌ അവളെ വിശുദ്ധിയുടെ നിറകുടമായി മാറ്റിയത്‌. മറിയത്തിന്റെ അനന്യമായ പരിപാവനതയ്‌ക്കു മുന്നില്‍ നിസ്സാരരായി ഒരുവേള നിരാശരായി നില്‍ക്കുന്ന നമുക്ക്‌ വലിയ ആശ്വാസത്തിന്റെ സന്തേശമാണ്‌ നമുക്ക്‌ ദൂതന്റെ വാക്കുകള്‍. ദൈവകൃപ നിറയുമ്പോഴാണ്‌ നാം പരിശുദ്ധരാവുക. ദൈവകൃപ നമ്മിലേക്ക്‌ അനസ്യൂതം പ്രവഹിക്കുന്ന നിര്‍ച്ചാലുകളാണ്‌ പ. കൂദാശകള്‍. നമ്മിലേക്ക്‌ കൃപചൊരിഞ്ഞ്‌ വിശുദ്ധിയുടെ മട്ടുപ്പാവിലേക്ക്‌ നമ്മെ ആനയിക്കുന്ന ദൈവീക കരങ്ങളാണ്‌ കൂദാശകള്‍. മറിയത്തിന്റെ പരിശുദ്ധിയെ കുറിച്ചുളള ഓര്‍മ്മ നമ്മെ എത്തിക്കുന്നതും എത്തിക്കേണ്ടതും കൃപാവരത്തിന്റെ കൈവഴികളായ കൂദാശകളിലേയ്‌ക്കാണ്‌.
   ഇന്നത്തെ സുവിശേഷത്തില്‍ മറിയം നടത്തുന്ന സോത്രഗീതം നാം ശ്രവിച്ചു. അതില്‍ മറിയം പറഞ്ഞു ഇപ്പോള്‍ മുതല്‍ സകലതലമുറകളും എന്നെ ഭാഗ്യവതി എന്നു കീര്‍ത്തിക്കും (ലുക്ക1. 48). നന്മനിറഞ്ഞ മറിയമേ സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകുടെ, സ്‌ത്രീകളില്‍ നീ അനുഗ്രഹിതയാകുന്നു എന്ന്‌ ദിവസവും പലവുരു കൊന്തയില്‍ പ്രാര്‍ത്ഥിക്കുന്ന അനേകകോടികളിലുടെ മറിയം ഇന്നും അനവരതം ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ മറിയം ഈ പ്രവചനം നടത്തുന്നതിനുമുമ്പുതന്നെ അതിന്റെ പൂര്‍ത്തീകരണം ആരംഭിച്ചു എന്നതാണ്‌ വാസ്‌തവം, എലിസബത്തിന്റെ വാക്കുകളില്‍ മറിയത്തെ കണ്ട എലിസബത്ത്‌ പറഞ്ഞു കര്‍ത്താവു അരുളിചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ വിശ്വസിച്ചവള്‍ ഭാഗ്യവതി (ലുക്ക1.45). എലിസബത്തിനെ സംബന്ധിച്ചിടത്തോളം മറിയത്തിന്റെ ഭാഗ്യം അവള്‍ കര്‍ത്താവ്‌ അരുളിചെയ്‌ത കാര്യങ്ങള്‍ വിശ്വസിച്ചു എന്നതാണ്‌. പക്ഷേ, ദൈവം മറിയത്തോട്‌ അരുള്‍ചെയ്‌ത കാര്യങ്ങള്‍ വിശ്വസിക്കുക അത്ര എളുപ്പമായിരുന്നോ? ലുക്ക1.30 മുതല്‍ നാം അവ കാണുന്നുണ്ട്‌. ആര്‍ക്കും വിശ്വസിക്കാന്‍ വയ്യാത്തത്ര വന്‍ കാര്യങ്ങളാണ്‌ മറിയത്തോട്‌ ദൂതന്‍ പറഞ്ഞത്‌. അതുകൊണ്ട്‌തന്നെ അപ്പോള്‍തെന്ന മറിയം ചോദിക്കുന്നു, ഇതെങ്ങനെ സംഭവിക്കും? ദൂതന്‍പറഞ്ഞ കാര്യങ്ങള്‍ളൊക്കെ എങ്ങനെ സംഭവിക്കുമെന്ന്‌ മറിയത്തിന്‌ മനസ്സിലായില്ല. എങ്കിലും അതൊക്കെ സംഭവിക്കുകതന്നെ ചെയ്യുമെന്നു മറിയം വിശ്വസിച്ചു. പുല്‍കൂട്ടില്‍ പരമദരിദ്രനായി തണുത്തു വിറങ്ങലിച്ച്‌ കരയുന്ന തന്റെ കുഞ്ഞ്‌ വലിയവനാണെന്ന്‌ അവള്‍ വിശ്വസിച്ചു. നാട്ടുരാജാവിനെപ്പേടിച്ച്‌ നാടുവിട്ടോടി അന്യനാട്ടില്‍ അഭയാര്‍ത്ഥിയായി നടക്കുമ്പോള്‍ കൂടെയുളള കുട്ടി രാജാധി രാജാവാണെന്ന്‌ അവള്‍ വിശ്വസിച്ചു (ലുക്ക1.35). സമറിയാക്കാരന്‍, പിശാചുബാധിതന്‍, ഭ്രാന്തന്‍ എന്നൊക്കെ തന്റെ പുത്രനെപറ്റി നാട്ടുകാരും വീട്ടുകാരും പറയുന്നത്‌ കേട്ടിട്ടും അവന്‍ ദൈവപുത്രനാണെന്നവള്‍ വിശ്വസിച്ചു. ഒടുവില്‍ ശപിക്കപ്പെട്ടവനെപ്പോലെ അവന്‍ കുരിശില്‍ നാട്ടപ്പെട്ടപ്പോള്‍ അവന്‍ എന്നേയ്‌ക്കും ഭരണം നടത്തും (ലുക്ക1.33) എന്നവള്‍ വിശ്വസിച്ചു. ഇതെങ്ങനെ സംഭവിക്കുമെന്ന്‌ മനസ്സിലായില്ലങ്കിലും സംഭവിക്കുമെന്ന്‌ ഉറപ്പായി വിശ്വസിച്ചപ്പോള്‍ അവള്‍ ലോകമാതാവായി, സ്വര്‍ഗ്ഗറാണിയായി.
   നമ്മുടെ വിശ്വാസത്തെ ചോദ്യംചെയ്യുന്ന, പരിഹസിക്കുന്ന, വെല്ലുവിളിക്കുന്ന, പീഡിപ്പിക്കുന്ന സംഭവങ്ങളെയും അനുഭവങ്ങളെയും വിശ്വാസത്തിന്റെ ഉരകല്ലായി കാണാന്‍, നമ്മുടെ നിസാരതയുടെ സാക്ഷ്യപത്രങ്ങളായി മനസ്സിലാക്കാന്‍, ദൈവാശ്രയബോധത്തില്‍ നമ്മെ വളര്‍ത്തുന്ന പരിശീലനകളരികളായി കാണാന്‍, ദൈവകാരുണ്യത്തെകറിച്ചും പരിപാലനയെകുറിച്ചും നമ്മില്‍ അവബോധമുണര്‍ത്തുന്ന സ്വര്‍ഗ്ഗീയ നിമിഷങ്ങളായിക്കാണാന്‍ നമുക്ക്‌ സാധിക്കട്ടെ. പ്രതിസന്ധികളില്‍ പതറാത്ത വിശ്വാസമായിരുന്നു മറിയത്തിന്റെ ഭാഗ്യം; അതുതന്നെയായിരിക്കട്ടെ നമ്മുടെ ഭാഗ്യവും പരിശുദ്ധിയും.

ഫാ. ജേക്കബ്‌ ചാണിക്കുഴി
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി
കുന്നോത്ത്‌
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home