Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
മൈലപ്പൂരിലെ‌ അത്ഭുത‌ കുരിശ്‌
Exodus 17:4-6; Wisdom 7:7-9; Colossians 1:10-14; John 1:1-18
ഡിസംമ്പര്‍ 18, മൈലാപ്പൂരിലെ അത്ഭുതകുരിശ്‌

1547 മാര്‍ച്ച്‌ 23-നു മൈലാപ്പൂരിലെ സെന്റെ തോമസ്‌ മൗണ്ടില്‍ നിന്നും ഒരു സ്ലീവാകണ്ടെടുത്തു. പോര്‍ച്ചുഗീസ്‌കാരുടെ നേതൃത്വത്തില്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ ശക്തസാക്ഷിത്വത്തിന്റെ ഭൂഭാഗങ്ങളില്‍ മണ്ണുകുഴിച്ച്‌ പരിശോധനകള്‍ നടത്തുന്നതിനിടയിലാണ്‌ ഒറ്റക്കല്ലില്‍ കൊത്തിയ സ്ലീവാ കണ്ടെത്തിയത്‌. ഇപ്രകാരം മാര്‍ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വഭൂമിയില്‍ നിന്നും കണ്ടെടുത്തതായതിനാലാണ്‌ പ്രസ്‌തുത സ്ലീവായ്‌ക്ക്‌ മാര്‍ത്തോമ്മാസ്ലീവാ എന്ന പേരു ലഭിച്ചത്‌. 1547 ഡിസംമ്പര്‍ 18-ന്‌ പരിശുദ്ധ കുര്‍ബാനയ്‌ക്കിടയ്‌ക്ക്‌ പരിശുദ്ധ സുവിശേഷം വായിച്ച സമയത്ത്‌ മദ്‌ബാഹായില്‍ പ്രതിഷ്‌ഠിച്ചിരുന്ന പ്രസ്‌തുത സ്ലീവായില്‍ വിയര്‍പ്പുപോലെ രക്തകണങ്ങള്‍ കാണപ്പെട്ടു. ഈ അത്ഭുത സംഭവത്തിന്റെ അനുസ്‌മരണം ഡിസംമ്പര്‍ 18- ന്‌ ആചരിക്കണമെന്ന്‌ റോമില്‍നിന്നും ആവശ്യപ്പെടുകയുണ്ടായി. ഇങ്ങനെയാണ്‌ ഈ ദിവസം മൈലാപ്പൂരിലെ അത്ഭുതകുരിശിന്റെ തിരുന്നാള്‍ ദിനമായത്‌.
പുരാവസ്‌തു ഗവേഷണ പഠനങ്ങളുടെ വെളിച്ചത്തില്‍ സെന്റെ തോമസ്‌ മൗണ്ടില്‍ കണ്ടെടുത്ത സ്ലീവാ ഏ.ഡി.680-ല്‍ ഉണ്ടാക്കിയതാണ്‌. എന്നാല്‍ ഈ സ്ലീവായുടെ ആകൃതിയിലുളള സ്ലീവാകള്‍ മാര്‍ത്തോമ്മാ ക്രിസ്‌ത്യാനികള്‍ പരക്കെ ഉപയോഗിച്ചിരുന്നു. 16-ാം നൂറ്റാണ്ടിലെ മലബാര്‍ ചരിത്രം രേഖപ്പെടുത്തിയ പോര്‍ട്ടുഗീസ്‌ ചരിത്രകാരനായ അന്റോണിയോ ഗുവയോ ' ജൊര്‍താദാ' എന്ന ഗ്രന്ഥത്തില്‍ പറയുന്നതനുസരിച്ച്‌ നസ്രാണികളുടെ ദൈവാലയങ്ങളിലെല്ലാം മാര്‍ത്തോമ്മാ സ്ലീവാ ആദരപൂര്‍വ്വം പ്രതിഷ്‌ഠിച്ച്‌ വണങ്ങിയിരുന്നു. നസ്രാണികളുടെ പളളികള്‍ മാര്‍ത്തോമ്മാസ്ലീവായാല്‍ അലംകൃതമായിരുന്നുവെന്ന്‌ ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളില്‍ പരാമര്‍ശിക്കുന്നു. സ്ലീവായോടുളള വണക്കം മാര്‍ത്തോമ്മാക്രസ്‌ത്യാനികളുടെ പ്രത്യേകത തന്നെയാണ്‌. അവര്‍ സമ്മേളിക്കുന്ന നാല്‍ക്കവലകളിലും തെരുവിന്റെ വ്യത്യസ്‌തഭാഗങ്ങളിലും സ്ലീവാസ്ഥാപിച്ചു വണങ്ങുന്ന ശീലം അവരുടെ പ്രത്യേകതതന്നെ.
ഈശോയുടെ മരണോത്ഥാനങ്ങളുടെ മിഴിവുറ്റ പ്രതീകമാണ്‌ മാര്‍ത്തോമ്മാസ്ലീവാ. കുരിശില്‍ മരിച്ച ഈശോയുടെ രൂപം സ്ലീവായിലില്ല. ശൂന്യമായ കല്ലറയും മിശിഹായുടെ രൂപമില്ലാത്തസ്ലീവായും ഉത്ഥാന വിശ്വാസതിന്റെ അടയാളങ്ങളാണ്‌. ഒന്‍പതാം നൂറ്റാണ്ടുവരെ പാശ്ചാത്യ-പൗരസ്‌ത്യ സഭകളില്‍ ഈശോയുടെ രൂപമില്ലാത്ത സ്ലീവാകളാണ്‌ വണങ്ങിയിരുന്നത്‌. പത്താം നൂറ്റാണ്ട്‌ മുതലാണ്‌ പശ്ചാത്യ സഭയില്‍ ചില സന്യാസികള്‍ പീഢാനുഭവ ഭക്തി പ്രചരിപ്പിക്കുവാന്‍ കുരിശുരൂപം ഉപയോഗിച്ചുതുടങ്ങിയത്‌. 12-ാം നൂറ്റാണ്ടില്‍ വി. ഫ്രന്‍സീസ്‌ അസ്സീസിയാണ്‌ ക്രൂശിതരൂപത്തിന്‌ വളരെയേറെ പ്രചാരം നല്‌കിയത്‌. കേരളത്തിലാകട്ടെ പോര്‍ട്ടുഗീസ്‌ ആദിപത്യകാലത്ത്‌ ഫ്രാന്‍സിസ്‌കന്‍ സന്യാസികളാണ്‌ കുരിശുരൂപം പ്രചരിപ്പിച്ചത്‌.
മാര്‍ത്തോമാസ്ലീവാ മാര്‍ത്തോമ്മാ നസ്രാണികളുടെ വിശ്വാസ പ്രതീകമാണ്‌. സ്ലീവാ എന്ന സുറിയാനി പദത്തിന്‌ ക്രൂശിക്കപ്പെട്ടവന്‍ എന്നണ്‌ അര്‍ത്ഥം. ക്രൂശിക്കപ്പെട്ടവന്‍ ഈശോമിശിഹായാണ്‌ (ഗാലാ 3.1). താമരയിലയിലാണ്‌ സ്ലീവായുടെ പ്രതിഷ്‌ഠ. ഭാരത സംസ്‌കാരത്തിനിണങ്ങുന്നതാണിത്‌. കാരണം ദേവന്‍മാരുടെ പ്രതിമകള്‍ താമരയിലയില്‍ പ്രതിഷ്‌ഠിച്ച്‌ വണങ്ങുന്നരീതി ബുദ്ധ, ഹിന്ദുമത വിശ്വാസികള്‍ക്ക്‌ ഉണ്ടായിരുന്നു. പ്രസ്‌തുത ദേവന്‍മാരുടെ സ്ഥാനത്ത്‌ ഈശോമിശിഹായുടെ പ്രതിരൂപമായ സ്ലീവാ പ്രതിഷ്‌ഠിച്ച്‌ വണങ്ങിയത്‌ സാംസ്‌കാരികാനുരൂപണമായി കരുതാം.
മാര്‍ത്തോമ്മാ സ്ലീവായുടെ അനന്യത എന്തെന്ന പരിശോധനയില്‍ സ്ലീവായുടെ നാലഗ്രങ്ങളിലെ വിടരുന്ന മൊട്ടുകള്‍ ശ്രദ്ധാര്‍ഹമാണ്‌. മിശിഹായുടെ ഉത്ഥാനത്തില്‍ മനുഷ്യകുലത്തിന്‌ സംലബ്ദമാകുന്ന പുതുജീവന്റെ പ്രതീകമാണ്‌ ഈ മൊട്ടുകള്‍. പറുദീസായിലെ മരം മനുഷ്യന്‌ മരണകാരണമായെങ്കില്‍ ഗാഗുല്‍ത്തായിലെ
മരമായ സ്‌ളീവാ മനുഷ്യകുലത്തിനു ജീവന്‍ പ്രദാനം ചെയ്‌തു എന്ന സത്യമാണ്‌ ഇവിടെ പ്രകാശിതമാകുന്നത്‌. പറന്നിറങ്ങുന്ന പ്രാവിന്റെ ചിത്രീകരണം വചനമാകുന്ന മിശിഹായെ (ക്രൂശിതനെ) ജീവദായകനാക്കുന്ന പരിശുദ്ധാത്മാവിനെ അവതരിപ്പിക്കുന്നു. ഉത്ഥാനത്തില്‍ പരിശുദ്ധ റൂഹാ ഈശോയുടെ ശരീരത്തെ അരൂപിക്കടുത്ത ശരീരമാക്കി മാറ്റുകയാണ്‌. തത്‌ഫലമായി അക്ഷയം, ദീപ്‌തി, ലഘുത്വം എന്നീ സവിശേഷതകള്‍ ഉത്ഥിതശരീരം കൈവരിച്ചു. ഈശോയുടെ മനുഷ്യാവതാരത്തിലും (ലൂക്ക 1.35) മാമ്മോദീസായിലും (മത്തായി 13.16) ഉത്ഥാനത്തിലും (റോമ 8.11) പരിശുദ്ധ റൂഹായ്‌ക്കു നിര്‍ണ്ണായക പങ്കുണ്ടല്ലോ.
സ്‌ളീവാ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌ താമരയിലാണ്‌. ഭാരതത്തില്‍ ക്രിസ്‌ത്വബ്ദം ഒന്നാം നൂറ്റാണ്ടില്‍ പ്രചാരത്തിലിരുന്ന പ്രമുഖ മതമായ ബുദ്ധമതത്തിന്റെ പ്രതീകവും ദേശീയപുഷ്‌പവുമാണല്ലോ താമര. താമരയില്‍ പ്രതിഷ്‌ഠിതമായ സ്‌ളീവാ ഭാരതജനതയില്‍ സ്വീകൃതനായ മിശിഹായുടെ പ്രതീകം തന്നെ. സ്‌ളീവായുടെ ചുവട്ടിലുള്ള മൂന്നു പടികള്‍ ഗാഗുല്‍ത്തായുടെ പ്രതീകമാണ്‌. മിശിഹാ രക്ഷാകര്‍മ്മം പൂര്‍ത്തിയാക്കിയത്‌ ഗാഗുല്‍ത്തായില്‍ ഉയര്‍ത്തപ്പെട്ട സ്‌ളീവായിലാണല്ലോ. ത്രിലോകങ്ങളുടെമേല്‍ മിശിഹാ കൈവരിച്ച വിജയവും സ്‌ളീവാ ഉറപ്പിച്ചിരിക്കുന്ന മൂന്നു പടികള്‍ പ്രഘോഷിക്കുന്നുണ്ട്‌.
മാര്‍ത്തോമ്മാനസ്രാണികളുടെ ഉത്ഥാനദൈവശാസ്‌ത്ര-ജീവിതശൈലി ഭാരതപശ്ചാത്തലത്തില്‍ മനോഹരമായി അവതരിപ്പിക്കുന്ന മാര്‍ത്തോമ്മാസ്‌ളീവാ നസ്രാണികളുടെ സര്‍വ്വശ്രേഷ്‌ഠമായ വിശ്വാസപ്രതീകമാണ്‌. ദാഹിച്ചുവലഞ്ഞ ഇസ്രായേലിനു കുടിക്കാന്‍ ജലം നല്‌കിയ മരുഭൂമിയിലെ പാറയോടു സ്‌ളീവായെ ഉപമിക്കാറുണ്ട്‌. സ്‌ളീവായാണ്‌ വിശ്വാസികള്‍ക്കു ജീവജലത്തിന്റെ അരുവികളായ കൂദാശകളിലൂടെ പരിശുദ്ധാത്മാവിനെ നല്‌കുന്നത്‌. ദൈവികജ്ഞാനത്തിന്റെ ഭണ്ഡാഗാരമാണ്‌ മാര്‍സ്‌ളീവാ. സ്‌ളീവായില്‍ യഹൂദനും വിജാതിയനും ഒന്നിക്കപ്പെട്ടിരിക്കുന്നു. പിതാവിന്റെ പക്കല്‍ എത്തുവാനുള്ള മാര്‍ഗ്ഗം മാര്‍സ്‌ളീവാ തന്നെ. ദൈവികവെളിപാടിന്റെ കലവറയായ സ്‌ളീവാ ജീവദായകനായ മിശിഹായാണല്ലോ. ഇന്നും ജീവിക്കുന്ന മിശിഹാ മാര്‍ സ്‌ളീവാ വഴി തന്റെ കൃപ ആരാധകരില്‍ ചൊരിയുന്ന ഈ പുണ്യദിനത്തിന്റെ ആശംസകള്‍.
തയാറാക്കിയത്‌
ഫാ. തോമസ്‌ ആനിക്കുഴിക്കാട്ടില്‍
ഗുഡ്‌ഷേപ്പര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌
 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home