Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth Good Shepherd Major Seminary Kunnoth
I came that they may have life, and have it abundantly (Jn 10:10) Alumni1
Contact Us Home Alumni Contact Us Home Contact Us Home Alumni
Liturgical calendar and sermons <<Back    
 
 
Liturgical calendar and sermons
വര്‍‌ഷാവസാനം
Ephesus 1:3-14; Luke 1:46-55; 2:15-21

പുതുവര്‍ഷ സന്ദേശം 2010


ജീവിതവൃക്ഷത്തിന്റെ ഒരിലകൂടി കൊഴിയുകയാണ്‌, ഒപ്പം 2010 എന്ന വര്‍ഷവസന്തം വിരിയുകയാണ്‌. ഏവര്‍ക്കും ദൈവാനുഗ്രഹത്തിന്റെ പുതുവര്‍ഷം ആശംസിക്കുന്നു.

ഹൃദയം നന്ദികൊണ്ടു നിറയേണ്‌ട നിമിഷങ്ങളാണിത്‌. കഴിഞ്ഞുപോയ വര്‍ഷത്തില്‍ ദൈവം നമ്മിലേക്ക്‌ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ അപകടങ്ങളില്‍ നിന്നും കാത്ത അനുഭവങ്ങള്‍ ഒക്കെ നന്ദിയോടെ നമുക്ക്‌ ഓര്‍ക്കാം. ഓരോ നിമിഷവും നമ്മെ സംരക്ഷിക്കുന്ന ദൈവപരിപാലനയുടെ തണലിലാണ്‌ നാം ജീവിക്കുന്നത്‌ എന്ന സത്യം ഈ ഒരു വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നമ്മുടെ ഹൃദയങ്ങളില്‍ നമുക്ക്‌ കുറിച്ചിടാം. "നിന്റെ കാവല്‍ക്കാരന്‍ ഉറങ്ങുകയോ മയങ്ങുകയോ ചെയ്യുകയില്ലെ"ന്ന സങ്കീര്‍ത്തന വചനം മനസ്സിലുറപ്പിച്ചുകൊണ്‌ട്‌ നമ്മെ ദൈവത്തിന്റെ സംരക്ഷണത്തിന്‌ സമര്‍പ്പിക്കാം.

ആടിയും പാടിയും ആവോളം മദ്യപിച്ചും ഈ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവരുടെ ബഹളങ്ങള്‍ നാം കേള്‍ക്കുന്നുണ്‌ട്‌. എന്നാല്‍ ആഘോഷങ്ങളുടെ അന്ത്യത്തില്‍ നിരാശയോടെ പഴയ ജീവിതത്തിലേയ്‌ക്ക്‌ അവര്‍ മടങ്ങുന്നു. ആഘോഷിച്ചു വരവേല്‍ക്കുന്നതിനേക്കാള്‍ പുതുവര്‍ഷത്തെ ആത്മീയമായി വരവേല്‍ക്കാന്‍ നമുക്കാവണം. ആഘോഷങ്ങളൊക്കെ അല്‍പ്പായുസ്സുള്ളവ മാത്രമാണ്‌. എന്നാല്‍ ആത്മീയമായി ദൈവത്തോട്‌ ചേര്‍ന്ന്‌നിന്ന്‌ ദൈവം നല്‌കിയ വര്‍ഷമായി ഈ പുതുവര്‍ഷത്തെ സ്വീകരിച്ചാല്‍ ഈ വര്‍ഷം മുഴുവനും നമുക്ക്‌ അനുഗ്രഹദായകമായി മാറും.

2009-ന്റെ പുതുവര്‍ഷ ലഹരിയില്‍ നമ്മോടൊപ്പമുണ്‌ടായിരുന്ന പലരും ഇന്നീ ഭൂമുഖത്തില്ല എന്നു നാം തിരിച്ചറിയേണ്‌ട ഒരു സത്യമുണ്‌ട്‌, ഈ വര്‍ഷം നമുക്കുള്ള ദൈവത്തിന്റെ ദാനമാണ്‌. ഈ വര്‍ഷവും ഈ വര്‍ഷത്തിന്റെ ഓരോ നിമിഷവും ദൈവം എനിക്കായി നല്‌കുന്ന ദാനമാണ്‌. എന്തിനു വേണ്‌ടിയാണു ദൈവം എനിക്ക്‌ ഈ വര്‍ഷം കൂടി ആയുസ്സ്‌ നീട്ടിത്തന്നതെന്ന ചോദ്യത്തിനു മുമ്പില്‍ വിശുദ്ധ ഗ്രന്ഥം ഒരു ഉത്തരം നല്‌കുന്നുണ്‌ട്‌. വി. ലൂക്കായുടെ സുവിശേഷം 13-ാം അദ്ധ്യായത്തില്‍ ഫലം തരാത്ത അത്തി വൃക്ഷത്തെ വെട്ടി കളയാന്‍ കല്‌പിക്കുന്ന യജമാനനോട്‌ കൃഷിക്കാരന്‍ പറയുന്ന മറുപടിയാണത്‌. "യജമാനനെ ഈ വര്‍ഷം കൂടെ അതു നില്‌ക്കട്ടെ ഞാന്‍ അതിന്റ ചുവട്‌ കിളച്ച്‌ വളമിടാം. മേലില്‍ അതു ഫലം നല്‌കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്കളഞ്ഞു കൊള്ളുക".

ഫലം പുറപ്പെടുവിക്കാനായി ദൈവം കനിവോടെ നീട്ടി നല്‌കിയ ഒരു വര്‍ഷമായി 2010-നെ കാണാന്‍ നമുക്ക്‌ കഴിയണം. ഈ വര്‍ഷത്തില്‍ ദൈവം നല്‌കുന്ന അനുഗ്രഹങ്ങളെല്ലാം അത്തി മരം ഫലം പുറപ്പെടുവിക്കാന്‍ കര്‍ഷകന്‍ ചെയ്‌ത വളങ്ങള്‍ പോലെ, നാമും ദൈവത്തിനിഷ്ടപ്പെട്ട ജീവിതം നയിക്കാനായി ദൈവം നല്‌കുന്ന വളങ്ങളായി കാണാന്‍ നമുക്കാവണം.

ഈ പുതുവര്‍ഷ പിറവിയില്‍ നമ്മുടെ പ്രാര്‍ത്ഥന മുഴുവന്‍ ദൈവമേ ഈ വര്‍ഷം മുഴുവന്‍ നന്മയായി തീരണേ എന്നാണല്ലോ. അതിനോട്‌ നമുക്ക്‌ അല്‌പം കൂട്ടിച്ചേര്‍ത്ത്‌ ഇന്നു മുതല്‍ പ്രാര്‍ത്ഥിക്കാം. ദൈവമേ ഈ വര്‍ഷം മുഴുവന്‍ മറ്റുള്ളവര്‍ക്ക്‌ നന്മയായി തീരാനും എന്നെ അനുഗ്രഹിക്കണമേ എന്ന്‌. മനുഷ്യന്റെ നന്മയ്‌ക്കു വേണ്‌ടി മനുഷ്യാവതാരം ചെയ്‌ത ഉണ്ണിയേശു നമ്മുടെ പുല്‍ക്കൂടുകളില്‍ നിന്നും ജീവിതങ്ങളിലേയ്‌ക്ക്‌ ഈ രാത്രിയില്‍ പ്രവേശിക്കട്ടെ. അപരന്റെ നന്മ ആഗ്രഹിക്കുന്ന ഒരു വര്‍ഷമായി ഈ വര്‍ഷം മാറട്ടെ. മനുഷ്യമഹത്വത്തിനുവേണ്‌ടി സ്വന്തം മഹത്വം വേണ്‌ടെന്നുവച്ച ദൈവപുത്രന്‍ നമ്മുടെ ജീവിതങ്ങളില്‍ ഇന്നു മുതല്‍ പ്രാകാശിക്കണം.

സന്ദേശങ്ങളും സമ്മാനങ്ങളും കൈമാറുന്ന ദിവസം കൂടിയാണിന്ന്‌. നല്ല സന്ദേശങ്ങളും ആകര്‍ഷകങ്ങളായ സമ്മാനങ്ങളും കൈമാറുമ്പോള്‍ ഹൃദയത്തില്‍ നമുക്ക്‌ ഒന്നുകൂടി കുറിച്ചിടാം: ഞാന്‍ ഈ വര്‍ഷം മറ്റുള്ളവര്‍ക്ക്‌ ഒരു നല്ല സന്ദേശമായിരിക്കും; ഞാന്‍ തന്നെയും ഈ വര്‍ഷം മുഴുവന്‍ ഒരു നല്ല സമ്മാനമായിരിക്കും. നമ്മുടെ ജീവിതവും പ്രവര്‍ത്തികളും ഈ വര്‍ഷം മുഴുവന്‍ മറ്റുള്ളവര്‍ക്കുള്ള നല്ല സന്ദേശമായിരിക്കട്ടെ. നമ്മുടെ ജീവിതം കണ്‌ട്‌ മറ്റുള്ളവര്‍ നന്മയിലേക്ക്‌ വളരട്ടെ. ഒപ്പം നമുക്ക്‌ ചുറ്റുമുള്ളവര്‍ക്ക്‌ ഏറ്റം പ്രയപ്പെട്ട സമ്മാനമായി തീരാനും നമുക്ക്‌ പരിശ്രമിക്കാം. ഈ പുതുവര്‍ഷത്തില്‍ ദൈവം കൊടുക്കുന്ന സമ്മാനമായി ഞാന്‍ എന്നെത്തന്നെ രൂപാന്തരപ്പെടുത്തണം. ഭാര്യയെ കൂടുതല്‍ സ്‌നേഹിച്ചും പരിഗണിച്ചും അവള്‍ക്കൊരു പുതുവര്‍ഷ സമ്മാനമായി ഭര്‍ത്താവ്‌ മാറണം. ഭര്‍ത്താവിനെ അംഗീകരിച്ചും ബഹുമാനിച്ചും ഭാര്യയും ഒരു പുതുവര്‍ഷ സമ്മാനമാകണം. മാതാപിതാക്കളെ അനുസരിച്ചും സ്‌നേഹിച്ചും അവര്‍ക്കുള്ള പുതുവര്‍ഷസമ്മാനമായി മക്കള്‍ മാറണം. മക്കളെ കൂടുതല്‍ സ്‌നേഹിച്ചും സഹായിച്ചും അവര്‍ക്കുള്ള സമ്മാനങ്ങളായി മാതാപിതാക്കളും മാറണം. ഈ പുതുവര്‍ഷത്തില്‍ മുറിക്കുന്ന മധുരിക്കുന്ന കേക്കുകള്‍ക്കൊപ്പം മറ്റുള്ളവരുടെ ജീവിതത്തില്‍ ആവുംവിധമെല്ലാം മധുരമായിത്തീരാനും നമുക്ക്‌ പരിശ്രമിക്കാം.

ഈ പുതുവര്‍ഷത്തില്‍ നീ ആയിരിക്കുന്ന ഇടങ്ങളിലേക്കെല്ലാം ദൈവത്തെ കൂട്ടിക്കൊണ്‌ടുപോകുക. നിന്റെ ജോലി സ്ഥലത്തേക്കും, പണിസ്ഥലത്തേക്കും കൃഷിയിടങ്ങളിലേക്കും, പഠനസ്ഥലത്തേക്കും എല്ലാം നിന്നോടൊപ്പം ദൈവത്തേയും കൊണ്‌ടുപോകുക. ദൈവത്തോട്‌ ആലോചന ചോദിച്ചു കൊണ്‌ട്‌ എല്ലാം ആരംഭിക്കുക. ദൈവത്തിന്‌ പ്രവര്‍ത്തിക്കാന്‍ അവസരം കൊടുക്കുക. ദൈവം കൂടെയില്ലാതെ ചെയ്യാന്‍ നീ ആഗ്രഹിക്കുന്നതൊക്കെ ഉപേക്ഷിക്കാന്‍ തയ്യാറാവുക. അപ്പോള്‍ ഈ പുതുവര്‍ഷം വിജയപ്രദമാകും. നിങ്ങളുടെ എല്ലാം നല്ല ആഗ്രഹങ്ങളേയും തമ്പുരാന്‍ അനുഗ്രഹിക്കട്ടെ.


പോള്‍ പീടിയേക്കല്‍
ഗുഡ്‌ഷെപ്പേര്‌ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌
 

Dwnload 2010

വര്‍ഷാവസാനം 2009

പല പ്രത്യേകതകള്‍കൊണ്ടും ശ്രദ്ധെയമായ ഒരു വര്‍ഷമാണ്‌ കടന്ന്‌പോകുന്നത്‌. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തൊളം ദൈവവചനത്തിനായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു 2008. 'ഞാന്‍ നിങ്ങളോട്‌ പറഞ്ഞവചനം ആത്മാവും ജീവനുമാണ്‌'. ലോകം കണ്ട ഏറ്റം വലിയ മിഷനറിയായ വി. പൗലോസ്‌ ശ്ലീഹായുടെ ജനനത്തിന്റെ രണ്ടായിരം വര്‍ഷം പ്രമാണിച്ച്‌ 2008- ജൂണ്‍ മുതല്‍ 2009-ജൂണ്‍ വരെ പൗലോസ്‌ ശ്ലീഹായുടെ വര്‍ഷമായും സഭ പ്രഖ്യാപിച്ചിരിക്കുന്നു. ജീവിതത്തില്‍ ഒരു വര്‍ഷം കൂടി പിന്നിട്ട്‌ പുതുവര്‍ഷത്തിലേക്ക്‌ കടക്കുമ്പോള്‍ കര്‍ത്താവിന്റെ വലിയ കൃപയ്‌ക്കുമുന്‍പില്‍ കൃതജ്ഞതയോടെയും പുത്തന്‍ പ്രതീക്ഷകളോടെയുമാണ്‌ നമുക്ക്‌ നില്‍ക്കാനാവുക. പരിശുദ്ധ അമ്മയുടെ സോത്രഗീതത്തിലുടെ, ഇന്നത്തെ സുവിശേഷവും ഈ സന്ദേശം തന്നെയാണ്‌ നമുക്ക്‌ നല്‍കുന്നത്‌ (ലുക്ക 1.46-55). മറ്റുവിധത്തില്‍ പറഞ്ഞാല്‍ ദൈവഭവനത്തെ ലക്ഷ്യമാക്കി തീര്‍ത്ഥാടനം ചെയ്യുന്ന ഓരോ ക്രൈസ്‌തവനും തന്റെ തീര്‍ത്ഥാടനത്തിന്റെ ഒരു ഘട്ടംകൂടി പൂര്‍ത്തിയാക്കിയതിന്‌ കര്‍ത്താവിന്‌ കൃതജ്ഞതയുടെ ബലി അര്‍പ്പിക്കുന്നു; അതോടൊപ്പം

`കര്‍ത്താവാണ്‌ എന്റെ ഇടയന്‍, എനിക്ക്‌ ഒന്നിനും കുറവുണ്ടാവുകയില്ല
മരണത്തിന്റെ നിഴല്‍വിണ താഴവരയിലുടെയാണ്‌
ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്ന്‌ കുടെയുളളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല` (23-ാം സങ്കിര്‍ത്തനം)

എന്നു പ്രാര്‍ത്ഥിച്ച സങ്കീര്‍ത്തകനോട്‌ ചേര്‍ന്ന്‌ വിശ്വാസ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുവാന്‍ പുതിയ തീരുമാനങ്ങളെടുക്കുവാനുമുളള അവസരമാണിത്‌.
ക്രൈസ്‌തവ സമൂഹം തീര്‍ത്ഥാടക സമൂഹം
സഭ തീര്‍ത്ഥാടകയാണ്‌ എന്നുളളത്‌ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സഭാ ദൈവശാസ്‌ത്രത്തിന്റെ ഒരു മൗലിക ആശയമാണ്‌ (തിരുസഭ 46-51). വിശ്വസിക്കുകയും പ്രത്യാശിക്കുകയും പങ്കുവയ്‌ക്കുകയും ചെയ്യുന്നവരുടെ സമൂഹമാണ്‌ ക്രൈസ്‌തവ സൂഹം. ഈ പുണ്യങ്ങള്‍ ജീവിത പ്രമാണമാക്കി ദൈവോന്മുഖമായ തീര്‍ത്ഥാടനം നടത്തുന്ന സമൂഹം പഴയനിയമത്തില്‍ യഹൂദ ജനതയെ വ്യത്യസ്‌തരാക്കിയതും പുതിയ നിയമത്തില്‍ ക്രൈസ്‌തവരെ വ്യത്യസ്‌തരാക്കുന്നതും ദൈവത്തോടൊത്ത്‌ യാത്ര ചെയ്യുന്നവരും ദൈവം കൂടെ യാത്രചെയ്യുന്നവരും എന്ന യാഥാര്‍ത്ഥ്യമാണ്‌.
പഴയ നിയമത്തില്‍ പുറപ്പാടിന്റെ പുസ്‌തകം ഈ രണ്ട്‌ ആശയങ്ങള്‍ക്കും സാക്ഷ്യം നല്‌കുന്നുണ്ട്‌. മുപ്പത്തിമൂന്നാം അധ്യായം 14-ാം വാക്യത്തില്‍ നാമം വായിക്കുന്നു. കര്‍ത്താവ്‌ മോശയോടു പറഞ്ഞു; ` ഞാന്‍ തന്നെ നിന്നോടുകുടെ വരുകയും നിനക്ക്‌ ആശ്വാസം നല്‌കുകയും ചെയ്യും ` എന്നാല്‍ പതിനാറാം വാക്യം കുടുതല്‍ ശ്രദ്ധേയമാണ്‌. `അങ്ങ്‌ ഞങ്ങളോടൊത്ത്‌ യാത്ര ചെയ്യുമെങ്കില്‍ ഞാനും അങ്ങയുടെ ജനവും ഭൂമുഖത്തുളള എല്ലാ ജനതകളില്‍ നിന്നു വ്യത്യസ്‌തരായിരിക്കും ` (33.16 ). 34-ാം അധ്യായം 9-ാം വാക്യത്തില്‍ ജനം ഇത്‌ ഒരു പ്രാര്‍ത്ഥനയായി ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നു. ` ഞങ്ങള്‍ ദുശ്‌ശാഠ്യക്കാരാണെങ്കിലും അങ്ങ്‌ ഞങ്ങോടൊത്ത്‌ വരണമെ` (34.9). പഴയ നിയമത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരാശയമാണ്‌ പകല്‍ മേഘസ്‌തംഭത്തിലും രാത്രി അഗ്‌ധി സ്‌തംഭത്തിലും ദൈവം ഇസ്രായേലിനോടൊത്ത്‌ യാത്ര ചെയ്‌തിരുന്നു എന്നത്‌.
പുതിയ നിയമത്തില്‍ ഈ ആശയം പൂര്‍ണ്ണത കൈവരിക്കുകയാണ്‌. ജനിക്കാനിരിക്കുന്നവന്‍ `ദൈവം നമ്മൊടുകുടെ` എന്നര്‍ത്ഥമുളള 'ഇമ്മാനുവേല്‍' എന്ന്‌ വിളിക്കപ്പെടും. ദൈവത്തൊടൊത്ത്‌ യാത്ര ചെയ്യുന്ന വിശ്വാസ സമൂഹം സഭയിലും സഭയോട്‌ ചേര്‍ന്നുമാണ്‌ ഈ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുന്നത്‌. അതുകൊണ്ട്‌തന്നെയാണ്‌ വിശ്വാസികളുടെ സമൂഹമായ സഭ തീര്‍ത്ഥാടക സഭയാകുന്നതും.
ഈ തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം ദൈവജനത്തിന്റെ വിശുദ്ധികരണമാണ്‌. കാരണം അതാണ്‌ ദൈവഹിതം (1 തെ 4.3). 'അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണ്‌ ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്‌ (1 തെസ 4.7). കാരണം 'വിശുദ്ധികൂടാതെ ആര്‍ക്കും ദൈവത്തെ ദര്‍ശിക്കുക സാധ്യമല്ല' (ഹെബ്ര12.14). ലോകത്തിലായിരുന്നുകൊണ്ട്‌ എന്നാല്‍ ലോകത്തോടൊത്തല്ലാത്ത ഈ തീര്‍ത്ഥാടനം അത്രസുഗമമായ ഒന്നല്ല. കാരണം യാക്കോബ്‌ ശ്ലീഹാ നമ്മെ ഒര്‍മ്മപ്പെടുത്തുന്നു. `ലോകത്തോടുളള മൈത്രി ദൈവത്തോടുളള ശത്രുതയാണ്‌. (4.4).
പൗലോസ്‌ ശ്ലീഹായുടെ വാക്കുകളില്‍ തീര്‍ത്ഥാടനം ചെയ്യുന്ന വിശ്വസ സമൂഹം ആത്മീയസമരത്തിലാണ്‌. റോമയിലെ സഭയ്‌ക്കുളള ലേഖനത്തിലും എഫേസുസിലെ സഭയ്‌ക്കുളള ലേഖനത്തിലും ശ്ലീഹാ ഈ ആശയം ഊന്നിപറയുന്നുണ്ട്‌. ഈ ആത്മീയ സമരത്തിന്റെ ഏറ്റവും പ്രകടമായ മുഖമാണ്‌ ശ്ലീഹായുടെ തന്നെ വാക്കുകളില്‍ നാം കാണുന്നത്‌. ഞാന്‍ ആഗ്രഹിക്കുന്ന നന്മയല്ല ആഗ്രഹിക്കാത്ത തിന്മയാണ്‌ ഞാന്‍ ചെയ്യുന്നത്‌ (റോമ 7.18-19). എന്നാല്‍ ഈ ആത്മീയ സമരത്തിലും മനുഷ്യപ്രകൃതിയുടെ വൈരുദ്ധ്യപരമായ ഈ ശൈലിയിലും നിരാശയല്ല പ്രത്യാശയാണ്‌ സ്വീകാര്യമായ മനോഭാവം. കാരണം ഈ ആത്മീയ സമരത്തില്‍ ഒരു വിശ്വാസിയും തനിച്ചല്ല. ഈ സമരത്തില്‍ ദൈവവും ആത്മാവിന്റെ ആയുധങ്ങളുമാണ്‌ വിശ്വാസിക്ക്‌ തുണ. അതുകൊണ്ടാണ്‌ പൗലോസ്‌ ശ്ലീഹാ പറയുന്നത്‌ ` അതിനാല്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍ സത്യംകൊണ്ട്‌ അരമുറുക്കി, നീതിയുടെ കവചംധരിച്ച്‌, ഉറച്ചു നില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുളള ഒരുക്കമാകുന്ന പദരക്ഷകള്‍ ധരിക്കുവിന്‍ രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍ ' (എഫേ 6.13-17). എന്നാല്‍ റോമയിലെ സഭയെ ഇതേകാര്യം ഓര്‍മ്മപ്പെടുത്തുന്ന ശ്ലീഹാ പറയും; `നിങ്ങള്‍ പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കുവിന്‍` തുടര്‍ന്ന്‌ അദ്ദേഹം കുട്ടി ചേര്‍ക്കുന്നു. 'നിങ്ങള്‍ ക്രിസ്‌തുവിനെ ധരിക്കുവിന്‍' (റോമ 13.12-14). ക്രൈസ്‌തവ ആത്മീയ സമരത്തില്‍ ആയുധമായി നല്‌കപ്പെട്ടിരിക്കുന്നത്‌ ദൈവ വചനവും വിശ്വാസത്തിന്റെ തീര്‍ത്ഥയാത്രക്ക്‌ നല്‌കിയിരിക്കുന്ന ആത്മീയ ഭക്ഷണം വി. കുര്‍ബാനയുമാണ്‌. ചുരുക്കത്തില്‍ നമുക്കുളള ആയുധം കര്‍ത്താവുതന്നെ. കാരണം മനുഷ്യകുലത്തിന്റെ രക്ഷക്കായി വചനം മാംസം ധരിച്ചതും, മനുഷ്യകുലത്തിന്റെ ആത്മീയ ഭോജനമായി മുറിച്ച്‌ വിളമ്പപ്പെട്ട അപ്പവും മിശിഹാ തമ്പുരാന്‍ തന്നെ. ഈ രണ്ട്‌ രഹസ്യങ്ങളും ഓരോ ക്രിസ്‌ത്യാനിയും അനുഭവിക്കുന്നതും, ആഘോഷിക്കുന്നതും, സ്വന്തമാക്കുന്നതുമായ കൂദാശയും വി. കുര്‍ബാനയാണ്‌. അതുകൊണ്ട്‌ ക്രൈസ്‌തവന്റെ ആത്മീയ യാത്രയില്‍, വിശ്വാസത്തിന്റെ തീര്‍ത്ഥാടനത്തില്‍ അവന്‌ നോക്കികാണാനും, മാതൃക ആക്കാനും, എത്തിപ്പിടിക്കാനുമളള രഹസ്യം ക്രിസിതുനാഥന്‍ തന്നെ. മറ്റു വിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ ആദിരൂപവും അവസാനരൂപവും ആദര്‍ശരൂപവും അവന്‍ തന്നെ.
പുതുവര്‍ഷത്തില്‍ പുത്തന്‍ പ്രതീക്ഷകളോടെ, ആത്മീയവും ഭൗതികവുമായ സ്വപ്‌നങ്ങളോടെ, പുതിയ കാല്‍ വയ്‌പുകള്‍ നടത്തുന്ന എല്ലാവര്‍ക്കും പുതുപുലരിയുടെ ആശംസകള്‍ .



തയാറാക്കിയത്‌
ഫാ. തോമസ്‌ പാടിയത്ത്‌
ഗുഡ്‌ഷെപ്പേര്‍ഡ്‌ മേജര്‍ സെമിനാരി, കുന്നോത്ത്‌.

Download

 
crv1
Higher Academic Authority   |   Professors   |   History of the Seminary   |   List of Students   |   Publications   |   Support the Seminary   |  Alumni  |  Contact Us
crv2
KILIYANTHARA P.O., PIN-670 706, KANNUR DIST., KERALA, S. INDIA,
Tel. central: 0091-(0)490-2491095, Fax: 0091-(0)490-2494849, e-mail: gshepherdkunnoth@yahoo.com
 
Map Contact Us Home